വിശ്വാസത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപം: ഡോ. കെ.വി. പീറ്റര്‍ വിടവാങ്ങി

വിശ്വാസത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപം: ഡോ. കെ.വി. പീറ്റര്‍ വിടവാങ്ങി
കാര്‍ഷിക ഭാരതത്തിന്റെ മൊത്തം ചരിത്രം പരിശോധിച്ചാല്‍ ഉന്നതശ്രേണിയിലുള്ള അഞ്ചുശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരിക്കും ഈയിടെ അന്തരിച്ച കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ ചാന്‍സിലര്‍ പ്രൊഫ. ഡോ. കെ.വി. പീറ്റര്‍. ലൈബ്രറി, ഗവേഷണ ലാബുകള്‍, കൃഷിസ്ഥലം എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലോകം.

കാര്‍ഷിക ഭാരതത്തിന്റെ മൊത്തം ചരിത്രം പരിശോധിച്ചാല്‍ ഉന്നതശ്രേണിയിലുള്ള അഞ്ചുശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരിക്കും ഈയിടെ അന്തരിച്ച കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ ചാന്‍സിലര്‍ പ്രൊഫ. ഡോ. കെ.വി. പീറ്റര്‍. ലൈബ്രറി, ഗവേഷണ ലാബുകള്‍, കൃഷിസ്ഥലം എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലോകം. വൈസ് ചാന്‍സിലര്‍ സ്ഥാനമടക്കം ഒരു പദവിക്കു വേണ്ടിയും ചരടുവലി നടത്താത്ത തികഞ്ഞ കര്‍ഷകമനസ്സുള്ള സാധാരണ ക്കാരന്‍. ഏത് ഉന്നതപദവിയിലാണെങ്കിലും ജീവിതപ്രതിഷ്ഠ യേശുക്രിസ്തുവിനും സഭയ്ക്കും. വൈദികരോടും സന്യസ്തരോടും ഇത്രയധികം ആദരവും പരിഗണനയും നല്‍കുന്ന ഒരു ഉദ്യോഗസ്ഥനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഔദ്യോഗിക കാറും പോലീസ് അകമ്പടിയുമെല്ലാം ഉണ്ടായിരു ന്നെങ്കിലും കാമ്പസില്‍ ജോലി ചെയ്യുന്നവരെ സ്വന്തക്കാരായിക്കണ്ട് അവരോട് കുശലം പറഞ്ഞു ഓഫീസിലേക്ക് പോകുന്ന പീറ്റര്‍ സാര്‍ ദിവസക്കൂലിക്കാര്‍ മുതല്‍ ഉന്നതസ്ഥാനം വഹിക്കുന്ന പ്രൊഫസര്‍മാരുടെ വരെ വ്യക്തിപരമായ സുഹൃത്താണ്. സാറിന്റെ വിശ്വാസജീവിതവും മാതൃകാ പരമായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയാണെങ്കിലും പ്രദേശം, മതം, സഭയിലെ റീത്തുകള്‍ എന്നിവയ്ക്ക് മേല്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വിനീതദാസന്‍! ലത്തീന്‍ സഭാംഗമാണെങ്കിലും തൃശ്ശൂര്‍ മുല്ലക്കര സീറോ-മലബാര്‍ പള്ളിയുമായും സ്വന്തം ഇടവക പോലെയുള്ള ബന്ധമായിരുന്നു. അടുത്തുള്ള മുസ്ലിം പള്ളിയിലെ ആഘോഷങ്ങള്‍ക്കും അദ്ദേഹം സംഭാവന നല്‍കുമായിരുന്നു. മനസ്സില്‍ കൃഷിയും ഹരിത ചിന്തയുമായിരുന്നതിനാല്‍ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന്റെ തൊട്ടു മുന്‍പില്‍ ചെറിയൊരു വീട്ടിലായിരുന്നു താമസം. ഉള്ള സ്ഥലത്തു മുഴുവന്‍ ചെടികളും പച്ചക്കറികളും വളര്‍ത്തുന്നു. പര്‍ണ്ണശാലയിലെ താപസന് സമാനം ദൃശ്യ മാധ്യമങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ഇഷ്ടമില്ലാത്ത ഗവേഷകനായി ജീവിച്ച അദ്ദേഹത്തിന്റെ പണ്ഡിതലോകവുമായുള്ള ബന്ധങ്ങള്‍ അത്ഭുതകരമായിരുന്നു. മുന്‍പ്രസിഡണ്ടായിരുന്ന എ.പി.ജെ. അബ്ദുള്‍കലാം, ഡോ. സ്വാമിനാഥന്‍, കസ്തൂരി രംഗന്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. രാഷ്ട്രീയക്കാര്‍ക്കു വേണ്ടി അദ്ദേഹം സമയം മാറ്റിവെക്കാറില്ല. എഴുപത്തി നാല് വയസ്സിനുള്ളില്‍ എഴുപത്തിനാല് പ്രശസ്ത ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. കാര്‍ഷിക പഠനം നടത്തുന്ന ബിരുദ, പി.ജി., ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്ള റഫറന്‍സ് ഗ്രന്ഥങ്ങളാണ് അവ. രാജ്യാന്തര തലത്തിലെ റഫറന്‍സ് ഗ്രന്ഥങ്ങളാണവ. അദ്ദേഹത്തിന്റെ ഗവേഷണം സാധാരണക്കാര്‍ക്ക് ആവശ്യ മുള്ള തക്കാളി, മുളക്, വഴുതന തുടങ്ങിയ ഇനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഹരിതവിപ്ലവത്തിന്റെ നെടുനായകനായ നോര്‍മല്‍ ബൊര്‍ലോയുടെ തൊട്ടടുത്താണ് ഡോ. കെ.വി. പീറ്ററിന്റെ സ്ഥാനം. തണ്ണിമത്തന്‍, ചീര, പയര്‍ തുടങ്ങിയ കൃഷികളിലെ വിളവ് വര്‍ദ്ധിപ്പിക്കാനും രോഗങ്ങള്‍ തടയാനും അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര കാര്‍ഷിക ഭൂപടത്തില്‍ പീറ്റര്‍ സാറിന്റെ വ്യക്തി മുദ്രകളാണ്. ഭാരതത്തിലും വിദേശത്തുമായി ഡോ. പീറ്റര്‍ നടത്തിയ ഫലമണിഞ്ഞ ഗവേഷണങ്ങള്‍ക്ക് അദ്ദേഹത്തിന് നിരവധി പ്രശസ്ത അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ കത്തോലിക്കാസഭ പ്രതിഭാ സമ്പന്നനെങ്കിലും വിനയത്തിന്റെ മാതൃകയായ സ്വന്തം മകനെ തിരിച്ചറിയാതെ പോയി എന്നത് സഭയ്ക്കു തന്നെ തിരുത്താനാവാത്ത ഒരു തെറ്റായി അവശേഷിക്കുന്നു. സ്വന്തം മഹത്വം വര്‍ണ്ണശബളമായി അവതരിപ്പിച്ച് അവാര്‍ഡുകളും സ്ഥാനങ്ങളും സ്വന്തമാക്കാനുള്ള വിദ്യ അദ്ദേഹം പഠിച്ചിരുന്നില്ല.

അവസാനം വരെ അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ നോനി സയന്‍സിന്റെ ജന. സെക്രട്ടറിയാണദ്ദേഹം. അര്‍ബുദ ചികിത്സയില്‍ നോനിപ്പഴത്തിന്റെ പങ്ക് സാധാരണക്കാര്‍ക്ക് മനസ്സിലായതുതന്നെ ഈ ഗവേഷണങ്ങ ളില്‍നിന്നാണ്. ആഗോള ആരോഗ്യരംഗത്ത് തന്നെ 'ഡിവൈന്‍ നോനി' പതിനായിരങ്ങള്‍ വെല്‍നെസ്സ് ടോണിക്കായി ഉപയോഗിക്കുന്നുണ്ട്.

അനുദിന കുടുംബപ്രാര്‍ത്ഥന മുടക്കാത്ത ഒരു സാക്ഷ്യ ജീവിതമാണ് പീറ്റര്‍ സര്‍ നയിച്ചത്. കണ്ടുമുട്ടുന്ന എല്ലാവരേക്കാള്‍ എളിയവനാണ് താന്‍ എന്ന മട്ടിലായിരുന്നു ജീവിതം. ഔദ്യോഗിക തലത്തിലെ സത്യസന്ധത ഇന്നത്തെ ഉദ്യോഗസ്ഥ വൃന്ദത്തിന് മാതൃകയാണ്. സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തില്‍ ഒരു ആരോപണം പോലും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്നില്ല. സഭയോട് ആദരവും വിശ്വസ്തതയും കാണിച്ച പീറ്റര്‍ സാര്‍ വിടവാങ്ങുമ്പോള്‍ പകരം വക്കാന്‍ അധികം പേരില്ല.

ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍ ദൈവം ഏഴുദിവസമെടു ത്ത് സര്‍വ്വജീവജാലങ്ങളും സൃഷ്ടിച്ചു. പിന്നെ വിശ്രമിച്ചു. തുടര്‍ന്നുള്ള വളര്‍ച്ചയും വികസ നവും വിശ്വസ്തരായ മനുഷ്യരെ ഏല്പിച്ച് അവരുടെ സര്‍ഗ്ഗാത്മ കതയ്ക്ക് വിട്ടുകൊടുത്തു. ആധുനികകാലത്ത് ദൈവം അത് ഏല്പിച്ചുകൊടുത്ത വിശ്വസ്തദാസനായിരുന്നു പ്രൊഫ. ഡോ. കെ.വി. പീറ്റര്‍ കുറുപ്പച്ചേരി. മുപ്പതും അറുപതും അല്ല, നൂറു മേനി അദ്ദേഹം വിളയിച്ചെടുത്തു. പക്ഷെ യഥാര്‍ത്ഥ ഉടമസ്ഥന്റേതാണ് എല്ലാ അവകാശവും എന്ന് ബോധ്യമുള്ള അദ്ദേഹം പ്രതിഫലത്തി ന്നായി യഥാര്‍ത്ഥ ഉടമയുടെ പക്കലേക്ക് പറന്നുയര്‍ന്നു. ആ വിശിഷ്ട മാതൃകയ്ക്കു മുമ്പില്‍ ശിരസ്സുനമിക്കട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org