

സമരങ്ങൾക്കായി ഫണ്ട് പിരിച്ചിരുന്ന സിപിഎം ഇപ്പോൾ സമരം നടത്താൻ കോടികൾ ഒഴുക്കുന്നതായി നവമാധ്യമങ്ങൾ പറയുന്നു. ജനങ്ങളിൽ നിന്ന് പിടുങ്ങിയ പണവും അഴിമതിയിലൂടെ അടിച്ചുമാറ്റിയ പണവും സമരവേദികളിൽ എത്തി കൈമാറുക യാണത്രെ പുതിയ തന്ത്രം.
ദുൽഖർ സൽമാന്റെ ഒരു തെലുങ്കുസിനിമയുടെ മലയാളം ഡബ്ബ് ഇപ്പോൾ തിയേറ്ററുകളിലുണ്ട്. തെലുങ്കു നാട്ടിലെ ഒരു കൊച്ചുഗ്രാമത്തിന്റെ പരമ്പരാഗത പരിമിതികളെ അതിജീവിച്ചുകൊണ്ട് ഒരു പെൺകുട്ടി തന്റെ ജീവിതാഭിലാഷം നിറവേറ്റുന്ന കഥയാണ് ഈ സിനിമ പറയുന്നത്. ഏ ഒ ടി എന്നാണ് ഈ തെലുങ്ക് സിനിമയുടെ ചുരുക്കപ്പേര്. ദുൽഖറിന്റെ കഥാപാത്രമാണ് ഈ പെൺകുട്ടിക്ക് ആത്മവിശ്വാസം നല്കി ജീവിതവിജയം നേടാൻ അവളെ പ്രാപ്തയാക്കുന്നത്.
ഒരർത്ഥത്തിൽ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്ത്രീശക്തീകരണത്തിനായി പരമ്പരാഗത രീതികളിൽ നിന്ന് വഴിമാറി ചിന്തിക്കേണ്ട നാളുകളാണിത്. നിർഭാഗ്യകരമെന്നു പറയട്ടെ, ഇന്നും സ്ത്രീകളെ രാഷ്ട്രീയ പാർട്ടികൾ, അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ചൂഷണം ചെയ്യുന്ന കാഴ്ച നമുക്ക് ചുറ്റുമുണ്ട്.
എന്താണ് വളർമതിയുടെ പ്രശ്നം?
ലോവർ പ്രൈമറി സ്കൂളുകളിലേക്കുള്ള അധ്യാപക നിയമനങ്ങൾക്കായി കഴിഞ്ഞ സർക്കാരിന്റെ ഭരണകാലയളവിൽ ഒരു റാങ്ക് ലിസ്റ്റുണ്ടാക്കി. 2008 വരെയുണ്ടായിരുന്ന അധ്യാപകനിയമനങ്ങളിൽ കാതലായ മാറ്റം വന്നതുകൊണ്ടാണ് എൽ.പി. സ്കൂൾ അധ്യാപകർക്ക് മാത്രമായി ഒരു ലിസ്റ്റ് തയ്യാറാക്കപ്പെട്ടത്. പുതിയ മാറ്റമനുസരിച്ച് ബി.എഡ്. പാസ്സായവർക്ക് എൽ.പി. സ്കൂൾ അധ്യാപകരായി നിയമനം ലഭിക്കില്ല. ടി.ടി.സി. പാസ്സായാൽ മാത്രമേ എൽ.പി. സ്കൂളിൽ അവർക്ക് നിയമനം ലഭിക്കൂ. യു.പി. സ്കൂളിലെ നിയമനങ്ങൾക്കാകട്ടെ ബി.എഡ്. കൂടിയേ തീരൂ.
എൽ.പി. സ്കൂളുകളിൽ തസ്തികകൾ ഒഴിവില്ലാതിരുന്നിട്ടും രണ്ടാം പിണറായി സർക്കാർ എൽ.പി. സ്കൂൾ അധ്യാപക നിയമനങ്ങൾക്കായി 2024 മെയ് 31-ന് ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ഇനിയും ഒന്നരവർഷം കൂടിയുണ്ട്. കാലാവധി കഴിയുന്ന വിവിധ റാങ്ക് ലിസ്റ്റുകൾ യു.ഡി.എഫ്. സർക്കാർ ഇതിനകം നീട്ടി നല്കിയിട്ടുണ്ട്. ഇല്ലാത്ത തസ്തികകളിൽ നിയമനം വേണമെന്നാണ് എൽ.പി. എസ്.ടി.യുടെ ജനറൽ സെക്രട്ടറിയായ വളർമതിയുടെ ആവശ്യം. വളർമതിയുടെ പത്രസമ്മേളനങ്ങളിൽ പിണറായിയുടെ വാഴ്ത്തുപാട്ടുകൾ ജനം കേട്ടുകഴിഞ്ഞു. ലിസ്റ്റിലെ 168-ാമത്തെ റാങ്കുകാരിയാണ് വളർമതി. 266 ദിവസം സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം നടത്തിയ ആശാവർക്കർമാരോട് കടുകിട പോലും കരുണ കാണിക്കാത്ത പിണറായി ഇപ്പോൾ വളർമതിക്കുവേണ്ടി ശബ്ദമുയർത്തുന്നതിലെ രാഷ്ട്രീയരഹസ്യം പരസ്യമാണിപ്പോൾ. പ്രതിപക്ഷം ഇങ്ങനെയാണോ സ്ത്രീകളെ ശക്തീകരിക്കേണ്ടത്? പ്രതിപക്ഷത്തിന് കരുത്തു പകരാൻ ഒരു രക്തസാക്ഷിയെ വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ?
അവഗണിച്ചില്ല, ചർച്ചയും നടത്തി
സെക്രട്ടറിയേറ്റിനു മുമ്പിൽ ഈ ഓണക്കാലത്ത് സമരപ്പന്തലുകൾ ഒന്നുമുണ്ടായിരുന്നില്ല. വളർമതിയുടെ സംഘടന എന്തുകൊണ്ട് പിണറായിയുടെ ഭരണകാലത്ത് കഴിഞ്ഞ ഓണത്തിന് സമരത്തിനെത്തിയില്ല? സമരക്കാർ മുന്നോട്ടുവച്ച 5 ആവശ്യങ്ങളിൽ നാലെണ്ണവും സർക്കാർ അംഗീകരിച്ചു. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഒമ്പതുതവണ സമരക്കാരെ കണ്ട് ചർച്ച നടത്തി. സമരം ചെയ്യുന്നവർ ശത്രുക്കളല്ലെന്നു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയും രണ്ടുതവണ സമരക്കാരെ കണ്ടു. ഇതൊന്നും വളർമതിയേയും കൂട്ടരേയും തൃപ്തിപ്പെടുത്തിയിട്ടില്ല.
28 കോടിയോളം ബാദ്ധ്യത വരുന്ന സർക്കാർ തീരുമാനങ്ങൾ സമരക്കാരെ അറിയിച്ചിട്ടും അവർ ഏറ്റവും പ്രായോഗികമല്ലാത്ത അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്നും അതുവഴി പുതിയ തസ്തികകൾ ഉണ്ടാകുമല്ലോ എന്നും ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ തന്നെ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതുമൂലം സർക്കാർ സ്കൂളുകളിൽ ഡിവിഷനുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുന്നു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഇപ്പോൾതന്നെ 24,525 വിദ്യാർത്ഥികൾ അതിഥിത്തൊഴിലാളികളുടെ മക്കളാണ്. ഏറ്റവും കൂടുതൽ അന്യസംസ്ഥാന കുട്ടികൾ പഠിക്കുന്ന ജില്ല എറണാകുളമാണ് - 6,506 പേർ. ഇത്തരമൊരു സാഹചര്യം നിലനില്ക്കേ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യം നടപ്പാക്കിയാൽ അതിനുവേണ്ടി മാത്രം നാലായിരം കോടി രൂപയുടെ ബാദ്ധ്യത സർക്കാർ ചുമക്കേണ്ടി വരും. സി.എം. കിഡ്സ് എന്ന പേരിൽ ഇടതുസർക്കാർ നടപ്പാക്കിയ സ്കോളർഷിപ്പ് തുക പോലും കഴിഞ്ഞ രണ്ട് വർഷമായി കുടിശ്ശിക വരുത്തിയവരാണ് രണ്ടാം പിണറായി സർക്കാർ. ഇതിനായി 20.52 കോടി രൂപ പുതിയ സർക്കാർ അനുവദിച്ചു കഴിഞ്ഞു. സർക്കാർ സ്കൂളുകളുടെ കെട്ടിടങ്ങൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പഴയ സർക്കാർ പുനർനിർമ്മിച്ചുവെങ്കിലും, ആ നവനിർമ്മിതികളിൽ പലതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊളിഞ്ഞു വീഴുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഗുരുതരമാണ്. പ്ലസ് ടു പാസാകുന്നവർ പോലും ഉന്നത പഠനത്തിനായി കേരളം വിടുകയാണിപ്പോൾ. 2023-ൽ മാത്രം പഠനത്തിനായി കേരളം വിട്ടവർ രണ്ടരലക്ഷം വിദ്യാർത്ഥികളാണ്. ഇവരിലൂടെ കേരളത്തിലെ ബാങ്കുകളിൽ നിന്ന് വായ്പയായി നല്കിയിട്ടുള്ളത് 43,378 കോടി രൂപയും!
‘പിടി’വിട്ട് നില്ക്കുകയാണ് പൊതുജനം
പുതിയ സർക്കാർ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. ദീർഘകാലാടിസ്ഥാനത്തിൽ 5 ലക്ഷം കോടി രൂപയും ഹ്രസ്വകാലാടിസ്ഥാനത്തിൽ 87,900 കോടി രൂപയും ഈ സർക്കാർ തിരിച്ചടയ്ക്കാനുള്ള ബാധ്യതകളാണ്. ധനകാര്യ മാനേജ്മെന്റ് പിണറായി സർക്കാരന്റെ കാലത്ത് വട്ടപ്പൂജ്യമായിരുന്നു. ധനവകുപ്പ് എതിർത്തിട്ടും കിഫ്ബിയുടെ സമാന്തരഭരണം നടന്ന സംസ്ഥാനമാണിത്. പക്ഷെ, ജനം ഇതെല്ലാം വളരെ വേഗം മറക്കും. അവരുടെ ജീവിതം സ്വസ്ഥമാക്കാനും സുരക്ഷിതമാക്കാനുമാണ് അവർ പുതിയ സർക്കാരിനെ അധികാരത്തിലേറ്റിയത്. എന്നാൽ മലയോര, തീരദേശ ജനതകളുടെ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഈ സർക്കാരിന് വീഴ്ച പറ്റുന്നുണ്ട്.
വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ ജനങ്ങൾക്ക് ദ്രോഹം ചെയ്യുന്നതിൽ ഇപ്പോഴും മുൻപന്തിയിലാണ്. കേരളത്തെക്കാൾ വനവിസ്തൃതി കൂടുതലുള്ള കർണ്ണാടകത്തിലെ വനംവകുപ്പിൽ 7,000 ജോലിക്കാരാണുള്ളത്. കേരളത്തിലാകട്ടെ 14,000 ജീവനക്കാരും. കഴിഞ്ഞയാഴ്ച വടശ്ശേരിക്കര (പത്തനംതിട്ട ജില്ല) എന്ന ചെറുപട്ടണത്തിൽ കാട്ടാനക്കൂട്ടമെത്തിയത് വാർത്തയായി. വയനാട്ടിലെ പല സ്ഥലങ്ങളിലും ‘വാനരഭരണ’മാണ്. സ്ത്രീകളെ പേടിക്കാത്ത കുരങ്ങന്മാരെ ആട്ടിയോടിക്കാൻ കുടുംബനാഥന്മാർക്ക് വീട് വിട്ടുപോകാനാവാത്ത സ്ഥിതിയാണുള്ളത്. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ പഴയ ഇടതുപ്രേതബാധയുള്ള വരാണ്. ആ ഇടതുയാത്രികർ മലയോരജനതയുടെ ജീവിതം ദുസ്സഹമാക്കാൻ പരമാവധി ശ്രമിക്കുകയാണ്. സെക്രട്ടറിയേറ്റിലുമുണ്ട് ഇത്തരം രാഷ്ട്രീയതിമിരം ബാധിച്ചവർ. കഴിഞ്ഞ ഭരണകാലത്ത് സർക്കാർ ജീവനക്കാർക്ക് ഇടതുസർക്കാർ ലീവ് സറണ്ടർ ആനുകൂല്യം വെട്ടിക്കുറച്ചിരുന്നു. ഇപ്പോൾ പിണറായിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കാൻ ഡിസംബർ 1 മുതൽ മാർച്ച് നടത്താൻ പോകുകയാണ്. ഇത്തരം രാഷ്ട്രീയനാടകങ്ങൾ, ഇടതുപാർട്ടികളെ അപഹാസ്യരാക്കുകയില്ലേ?
എവിടെ ജനങ്ങളുടെ ഗ്രൂപ്പ്
ഭരണം കിട്ടിയ കോൺഗ്രസിലെ ഗ്രൂപ്പ് പോര് ഇപ്പോൾ നടക്കുന്നത് ജനങ്ങളുടെ നെഞ്ചത്താണെന്ന് സങ്കടത്തോടെ പറയേണ്ടി വരുന്നു. ദീർഘകാലം പാർട്ടി നല്കിയ പദവികളിലിരുന്ന് അർമാദിച്ചവർ അവരുടെ ഗ്രൂപ്പുകൾക്കുവേണ്ടി വാളുമെടുത്ത് ഓടിയിറങ്ങുന്നത് അരോചകമാണ്. കൊടിവച്ച കാറും കനത്ത ശമ്പളവുമെല്ലാം പ്രതീക്ഷിച്ചുള്ള കോൺഗ്രസിലെ പടപ്പുറപ്പാടുകൾക്ക് അന്ത്യമുണ്ടാവണം. കൂടിയാലോചനകൾ ഇല്ലാത്തതിലല്ല, തങ്ങളുടെ ഗ്രൂപ്പുകാരെ ഭരണത്തിന്റെ തണലിൽ നിന്ന് മാറ്റിനിർത്തുന്നതിലാണ് പല സീനിയർ നേതാക്കളുടെയും എതിർപ്പ്. ഗ്രൂപ്പും കോപ്പുമെല്ലാം ഇനി ജനങ്ങളുടെ പുതിയ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ഭരണമുന്നണിയിലെ തർക്കങ്ങൾ മാധ്യമങ്ങൾക്കു മുമ്പിൽ വിളമ്പുന്ന ശീലമെങ്കിലും ഒന്ന് നിർത്തിക്കൂടേ? ഇനി ഓടിരക്ഷപ്പെടാൻ വഴിയൊന്നും ശേഷിക്കാത്ത അവസ്ഥയിലാണ് പൊതുജനമെന്ന കാര്യം മറക്കരുത്.