അവസാനകാലം: ഒരുക്കവും അഭിഷേകവും

അവസാനകാലം: ഒരുക്കവും അഭിഷേകവും

ജോബി താരാമംഗലം ഒ.പി.

ഓരോ ദുരന്തകാലവും അവസാന നിമിഷങ്ങളാവണം. പരിചിതമായിത്തീര്‍ന്ന/സാധാരണമായിത്തീര്‍ന്ന തിന്മകളെ ഉപേക്ഷിക്കുവാന്‍ അനിഷ്ടസംഭവങ്ങള്‍ നമ്മെ നിര്‍ബന്ധിച്ചെന്ന് വരാം. ആ കടന്നു പോകല്‍ അനിവാര്യമാണ്. തുറക്കപ്പെടേണ്ടതായ വഴികളെ പ്രതിസന്ധിഘട്ടങ്ങള്‍ത്തന്നെ കാട്ടിത്തരും. ആ ഒരുക്കങ്ങളെ വിവേചിച്ചറിയാനും സ്വയം നവീകരിക്കുവാനുമാണ് അഭിഷേകം ആവശ്യമായുള്ളത്. മുമ്പുണ്ടായിട്ടുള്ള ദുരന്തങ്ങളില്‍ നിന്നും കരകയറിയവയുടെ വിവരണങ്ങളും അവയില്‍നിന്നുള്ള പാഠങ്ങളും ഓര്‍മ്മകളില്‍ ക്രോഡീകരിച്ചു പകര്‍ന്നു നല്കപ്പെട്ടവയാണ് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ളത്. ആകെയുലച്ചു കളയുന്ന ഓരോ ദുരന്തവും ഒരു അവസാന കാലമായിത്തന്നെ കാണേണ്ടതുണ്ട്. അവ ഒരേ സമയം വെളിപാടും പുതുസൃഷ്ടിക്കായുള്ള വഴിയുമാണ്. എങ്ങനെ അതിലൂടെ കടന്നുവന്നു നവീനതയില്‍ വീണ്ടും ജനിക്കുന്നു എന്നതാണ് വ്യക്തികളായും സമൂഹമായും ധ്യാനിക്കേണ്ടത്. അത്യന്താപേക്ഷിതമാക്കിത്തീര്‍ത്ത അപചയങ്ങളെ ഉപേക്ഷിക്കുവാന്‍ കഴിയാതെ സാമൂഹിക സംവിധാനങ്ങള്‍.
…ജീര്‍ണ്ണത സ്വയം അനുവദിച്ചു കൊടുക്കുമ്പോള്‍, ഒരു ദുരന്ത സമയം സമൂഹത്തെയൊന്നാകെ അത്തരം മാറ്റങ്ങള്‍ക്കായി നിര്‍ബന്ധിച്ചേക്കാം. യഥാര്‍ത്ഥത്തില്‍ എന്താവണമോ അത്തരം ജീവിതക്രമത്തിലേക്കു അതിരുകളില്ലാത്ത ഒരു സമൂഹമായി നടന്നടുക്കാനുള്ള അവസരം കൂടിയാണ് അന്ത്യകാല പ്രവചനശൈലി.

നവീകരണത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ദുരന്തപശ്ചാത്തലങ്ങള്‍ ഇതിവൃത്തമാക്കി പല കാവ്യാത്മക രചനകളും ഉണ്ടായിട്ടുണ്ട്. നവീകരണം തന്നെയാണ് താക്കീതിന്റെ രൂപത്തിലാണെങ്കിലും ലക്ഷ്യമിടുന്നത്. റോമിന്റെ പീഢന പശ്ചാത്തലമാണ് വെളിപാടിന്റെ പുസ്തകത്തിന്റേത്. Paradise Lost, Divine Comedy എന്നിവക്കും Nostradamus എഴുത്തുകള്‍ക്കും ഇത്തരം പശ്ചാത്തലങ്ങളുണ്ടായിരുന്നു. വിശ്വാസത്തകര്‍ച്ച, മൂല്യച്യുതികള്‍, രാഷ്ട്രീയമായ അട്ടിമറികള്‍, പ്രകൃതിദുരന്തങ്ങള്‍ പീഢനങ്ങള്‍ തുടങ്ങിയവയാണ് ഏത് അന്ത്യകാലപ്രവചന ശൈലിയുടെയും പശ്ചാത്തലം. പല വിധത്തിലുള്ള രൂപകങ്ങളും ഉപമകളും അതിന്റെ ഭാഷാശൈലിയില്‍ ഉപയോഗിക്കപ്പെടാറുണ്ട്. അവയെ അക്ഷരാര്‍ത്ഥത്തിലെടുക്കുകയല്ല അവയുടെ ഉപയോഗത്തിന്റെ ഉദ്ദേശ്യം. മാത്രമല്ല, ഇത്തരം ദര്‍ശനങ്ങള്‍ സ്വീകരിക്കുന്നവരോ പ്രവചനങ്ങള്‍ നടത്തുന്നതോ ആയ ആളുകളുടെ വ്യക്തിസ്വ ഭാവവും ചരിത്ര പശ്ചാത്തലവും കാഴ്ചപ്പാടുകളുംകൂടി കണക്കിലെടുത്തുകൊണ്ടുവേണം അവയെ മനസ്സിലാക്കാന്‍. യുഗാന്ത്യത്തെക്കുറിച്ച് മതപരമായ വര്‍ണ്ണനകള്‍ വിശ്വാസത്തിന്റെ കണ്ണുകളിലൂടെയും അവ അവതരിപ്പിക്കപ്പെട്ട ഉദ്ദേശ്യങ്ങളിലൂടെയും സമീപിക്കേണ്ടതുണ്ട്. അതില്ലാതെ പോകുമ്പോഴാണ് ഇടിമുഴങ്ങുമ്പോഴേ ലോകാവസാനമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് അത് വിശ്വസിക്കേണ്ടി വരുന്നത്.

യുഗാന്ത്യത്തെക്കുറിച്ച് മതപരമായ വര്‍ണ്ണനകള്‍ വിശ്വാസത്തിന്റെ കണ്ണുകളിലൂടെയും അവ അവതരിപ്പിക്കപ്പെട്ട ഉദ്ദേശ്യങ്ങളിലൂടെയും സമീപിക്കേണ്ടതുണ്ട്. അതില്ലാതെ പോകുമ്പോഴാണ് ഇടിമുഴങ്ങുമ്പോഴേ ലോകാവസാനമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് അത് വിശ്വസിക്കേണ്ടി വരുന്നത്.

വിശ്വാസത്തോടെയും പ്രാര്‍ത്ഥനയോടെയുമുള്ള സമീപനം നമുക്ക് കൂടുതല്‍ പ്രത്യാശ നല്‍കും, അതിജീവനത്തിനു കരുത്തേകും. എന്നാല്‍ എല്ലാറ്റിനും ആത്മീയകാരണങ്ങളും പരിഹാരങ്ങളും കാണുന്നത് ശരിയല്ല. സമൂഹത്തിലെ മാറ്റങ്ങള്‍, പ്ര സ്ഥാനങ്ങളുടെ കടന്നുവരവ് തുടങ്ങിയവയെ വിലയിരുത്തുന്നതിന്, സാമൂഹികരാഷ്ട്രീയ ഘടകങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് മതപരമായ വ്യാഖ്യാനങ്ങള്‍ മാത്രം നല്‍കപ്പെടുന്നത് വിവേക രഹിതമാണ്. അപക്വമായ വ്യാഖ്യാനങ്ങളിലേക്കു പോകുന്നതിനു മുമ്പ്, ആദ്യപടിയായി പ്രപഞ്ചം, സംസ്‌കാരം, മതം എന്നിവയിലെ ചരിത്രപരമായ പരിണാമവും വളര്‍ച്ചയും വിദഗ്ദ്ധമായി നിരീക്ഷിക്കുക എന്നതാണ് ഉചിതം.

നമ്മുടെ ഇന്നത്തെ സാഹചര്യത്തില്‍, ഗോളാന്തരതലത്തില്‍ പല സംസ്‌കാരങ്ങളുടെ സമാഗമം നമുക്ക് നേര്‍ക്കാഴ്ചയാണ്. അവിടെ വിശ്വാസങ്ങളും, സാംസ്‌കാരികമൂല്യങ്ങളും, മതപാരമ്പര്യങ്ങളും, സാമൂഹികഘടനകളും കണ്ടുമുട്ടുമ്പോള്‍, പരസ്പരം ഇഴചേരുന്നതുപോലെതന്നെ പല തലങ്ങളില്‍ വൈരുധ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. യാഥാസ്ഥിതികമായ ചട്ടക്കൂടുകള്‍ക്കു രൂപമാറ്റം ഉണ്ടാകുമ്പോള്‍ എല്ലാം തകരുന്നു എന്ന ചിന്ത വരുന്നത് സ്വാഭാവികം. സങ്കുചിതമായ വ്യാഖ്യാനങ്ങള്‍ അത്തരം വെല്ലുവിളികളെ സാമാന്യവല്കരിക്കുമ്പോള്‍ ആകസ്മികമായി സംഭവിക്കുന്നതിലെല്ലാം അവസാനത്തിന്റെ കൂടുതല്‍ 'അടയാളങ്ങള്‍' ലഭിച്ചുകൊണ്ടിരിക്കും, അന്ത്യം അടുത്തെത്തിയെന്ന് ഉറപ്പാക്കാനുമാകും. ഒരു സാംസ്‌കാരിക തകര്‍ച്ചയെക്കുറിച്ചുള്ള വിലാപവും ഭയവുമാണത്. 'കാത്തുസൂക്ഷിക്കുക' തുടങ്ങിയ മനോഭാവങ്ങളോടെ ഇരുളില്‍ ഘനീഭവിച്ചു നില്‍ക്കുന്ന രാഷ്ട്രീയ സമീപനങ്ങളാണ്, കാലം നല്‍കുന്ന വിളക്കുകള്‍ കൈയിലെടുത്തു നടക്കാതെ ആ വെളിച്ചത്തിനെതിരെ നില്‍ക്കുന്ന ശ്രമങ്ങള്‍. ജീവിത ക്രമങ്ങളില്‍നിന്നു ഓടിയൊളിക്കുന്നതല്ല ആത്മീയതയും, ഒരുക്കവും. ഭക്തിപാരവശ്യവുമല്ല ഈ ഒരുക്കം. വിളി, വിശ്വസ്തത, ദൗത്യം എന്നിവക്ക് ദൈവകൃപ നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന അര്‍ത്ഥം ഈ കാലഘട്ടത്തിനുള്ള മനഃ സാക്ഷിയായി നമ്മെ ഉറപ്പിച്ചു നിര്‍ത്തുന്നു.

ആവശ്യമായ നവീകരണവും മാനസാന്തരവും

നവീകരണം എന്നത് തിരിഞ്ഞു നടക്കലാണെന്നത് തെറ്റിദ്ധാരണയാണ്. പഴമയിലെവിടെയോ ഒളിച്ചുവച്ചിരിക്കുന്നതല്ല വിശ്വാസവും വചനവും പാരമ്പര്യവും. ഇന്നിന്റെ അടയാളങ്ങളില്‍ അവയെ തിരിച്ചറിയുകയും കൂടെ നടക്കുകയും ആണ് പ്രധാനം. പരമ്പരാഗത രീതികളില്‍നിന്ന് അവ മാറിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം അതിനു പിറകില്‍ പിശാചാണ് എന്നല്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും മൂല്യബോധവുമാണ് ഒരു സാംസ്‌കാരികശൈലിയായി പതിയെ രൂപപ്പെടുന്നത്. കാലത്തിന്റെ യഥാര്‍ത്ഥ സൂചകങ്ങള്‍ അവയാണ്. അവയില്‍ ചേര്‍ത്തുവയ്ക്കുന്ന വചനാംശം കാണാന്‍ നമുക്ക് കഴിയണം. ഇത്തരം വെളിപാടുകളിലേക്കുള്ള കടന്നുപോകലാണ് യഥാര്‍ത്ഥ നവീകരണം.

ഏതെങ്കിലും മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലേക്കു ചുരുക്കപ്പെടാവുന്ന ആത്മീയതയല്ല നവീകരണത്തിനായി നമുക്കാവശ്യമായുള്ളത്. നവീകരണത്തില്‍ മതവും വിശ്വാസവും വഴികാട്ടിയാകാം, എന്നാല്‍ ലക്ഷ്യമാവരുത്. ഓരോ ദുരന്തവും കടന്നു പോകുവാന്‍ ദൈവം തരുന്ന കൃപകൂടി നമ്മിലുണ്ട്. തകര്‍ച്ചകളെ സത്യസന്ധമായി മനസ്സിലാക്കാനും, കാരണങ്ങളും പരിഹാരങ്ങളും വിവേചിച്ചറിയാനും, അവയെ വേണ്ട വിധം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ കഴിയുന്നതുമാണ് സമഗ്രമായ ആത്മീയത ഇന്ന് ലക്ഷ്യം വയ്‌ക്കേണ്ടത്. അവിടെയാണ് യഥാര്‍ത്ഥ നവീകരണവും അഭിഷേക സ്പര്‍ശവും. മതത്തോടും വിശ്വാസത്തോടുമുള്ള സമീപനത്തിലെ നവീകരണയത്‌നങ്ങള്‍ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ സ്പര്‍ശിക്കുന്നില്ലെങ്കില്‍ അത് ഓടിയൊളിക്കല്‍ മാത്രമല്ല കപടത കൂടിയാണ്.

രണ്ടാം വരവ് എന്നൊക്കെ പറയുമ്പോള്‍ നോ ക്കേണ്ടത് മേഘങ്ങളിലേക്കല്ല, ഉള്ളിലേക്കാണ്. മുളപൊട്ടാന്‍ കഴിയുന്ന നന്മകള്‍ എത്രമാത്രം ഉള്ളിലുണ്ടെന്ന് പരിശോധിച്ചറിയാന്‍ സ്വന്തം ഹൃദയത്തിലേക്കും, സഭയിലേക്കും, സമൂഹമനഃസാക്ഷിയിലേക്കും ആത്മാര്‍ത്ഥതയോടെ നോക്കുകയെ വേണ്ടൂ, ക്രിസ്തുവിന്റെ ആഗമനം അടുത്തു കഴിഞ്ഞോ എന്ന് അറിയുവാന്‍ കഴിയും.

ഭയാനകവും ദയനീയവുമായ ഒരവസ്ഥ നമ്മള്‍ നേരില്‍ കാണുകയാണ്. ജൈവമണ്ഡലവും അതുള്‍ക്കൊള്ളുന്ന ജീവരൂപങ്ങളും നേരിടുന്ന ഭീഷണി അതിവിദഗ്ദ്ധരായവര്‍ക്കു പോലും മനസ്സിലാക്കാന്‍ കഴിയുന്നതിലും വലിയ തോതിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖലയിലും സാമ്പത്തിക സാമൂഹികരംഗത്തും ഈ അവസ്ഥ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. സാങ്കേതിക വിദ്യകളിലെ അധാര്‍മികത അന്തര്‍ദേശീയതലങ്ങളില്‍ത്തന്നെ അരക്ഷിതാവസ്ഥകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. ഭരണകൂടങ്ങളുടെ അസ്ഥിരതയും, അക്രമങ്ങളുടെയും കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വര്‍ദ്ധനയും, സാമൂഹികസാമ്പത്തിക രംഗങ്ങളിലുള്ള അനിശ്ചിതാവസ്ഥയും സാംസ്‌കാരികതനിമയും സമൂഹത്തിന്റെ നിലനില്പും ഇല്ലാതാക്കിയേക്കാം. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാവ്യതിയാനങ്ങള്‍, വളരുന്ന സംഘര്‍ഷങ്ങള്‍, വിരലിലെണ്ണാവുന്നത്ര ആളുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന സമ്പത്തും അധികാരവും തുടങ്ങിയവ നമ്മുടെ ജീവിതപശ്ചാത്തലമാകുമ്പോള്‍, ഇത്തരം അവസ്ഥകളോടുള്ള സമൂഹത്തിന്റെ പ്രതികരണം വീഴ്ചയ്‌ക്കോ അതി ജീവനത്തിനോ വഴിയൊരുക്കും. വീണ്ടുവിചാരത്തിനു തയ്യാറാകുന്നില്ലെങ്കില്‍ 2050 ഓടെ തിരിച്ചു വരാനാവാത്ത വിധം രാഷ്ട്രങ്ങളുടെയും അന്തര്‍ദേശീയ ലോക ക്രമങ്ങളുടെയും തകര്‍ച്ചയിലേക്ക് എത്തിച്ചേര്‍ന്നേക്കാം എന്ന് ഏതാനും പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു.

പ്രകൃതിയുടെ പ്രതിഭാസങ്ങളെ പ്രകൃതിയിലെ മാറ്റക്രമങ്ങളുടെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. ഭൂചലനങ്ങളും, പ്രളയങ്ങളും അഗ്‌നിപര്‍വ്വതസ്‌ഫോടനങ്ങളും കൊടുങ്കാറ്റും വെള്ളപ്പൊക്കവും, പ്രകൃതിയുടെ ഭാഗമാണ്. എത്രയോ ലക്ഷം വര്‍ഷങ്ങളായി ഭൂമിയുടെ രൂപഘടന മാറിക്കൊണ്ടിരിക്കുന്നു! ഭൂപ്രകൃതിയുടെ മാറ്റം, വിള്ളലുകള്‍, തെളിഞ്ഞുവരുന്ന കര, കടല്‍ വിഴുങ്ങുന്ന കരഭാഗങ്ങള്‍, ഒന്നും പുതുതല്ല. നമ്മുടെ കാലത്തു സംഭവിക്കുമ്പോള്‍ നമുക്ക് ആശങ്കയുണര്‍ത്തുമെന്നു തീര്‍ച്ച. കോടാനുകോടി വര്‍ഷങ്ങള്‍ക്കപ്പുറം പ്രപഞ്ചം അതിന്റെ ഊര്‍ജ്ജ ഭാവത്തിലേക്കോ അതിലും സ്ഥൂലമായ അവസ്ഥയിലേക്കോ പരിണമിക്കുമോ എന്ന് നമുക്കറിയില്ല. അത് എങ്ങനെ ആയിരുന്നാലും അതിന് കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പേ മനുഷ്യര്‍ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാവും എന്നാണ് നിഗമനം.

ഭൂകമ്പത്തെയും പ്രളയത്തെയും തടഞ്ഞു നിര്‍ത്താന്‍ നമുക്കാവുമോ എന്നല്ല ഇവിടെ ചിന്താര്‍ഹമായത്. മേല്പറഞ്ഞ പല സാഹചര്യങ്ങള്‍ നമ്മെ ഭാരപ്പെടുത്തുമ്പോള്‍ ഭൂമിയുടെ സന്താനങ്ങളായി എങ്ങനെ പരസ്പരം സംരക്ഷിക്കാം എന്നതാണ് പ്രഥമ പരിഗണന. കലഹങ്ങളും സംഘര്‍ഷങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ സുരക്ഷിതസ്ഥാനങ്ങള്‍ തേടിയുള്ള പലായനങ്ങളിലേക്കു മനുഷ്യര്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ പരസ്പരം സഹോദരങ്ങളാകുവാന്‍ തക്ക മാനസിക പരിവര്‍ത്തനം നമ്മില്‍ നടക്കുന്നുണ്ടോ എന്നത് വലിയ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. വെളിച്ചമാവേണ്ടവര്‍ പോലും മുറിവേല്‍പ്പിക്കുന്ന അവസ്ഥയിലൂടെയാണ് നിര്‍ഭാഗ്യവശാല്‍ നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

സകലമനുഷ്യരുടേയും ഹൃദയങ്ങളില്‍ നന്മയുടെ വിത്തുകളുണ്ട്. കഠിനതകളുടെ കാലത്ത് കൃപാവര്‍ഷവും ദൈവം ധാരാളം അനുവദിക്കും എന്നത് ഈ കാലഘട്ടത്തില്‍ നമ്മെത്തന്നെ ബോധ്യപ്പെടുത്തണം. നന്മയിലാണ് നമ്മള്‍ ഐക്യപ്പെടുന്നതും പരസ്പരമുള്ള പരിപോഷണത്തിന്റെയും സൗഖ്യത്തിന്റെയും ഉപകരണങ്ങളാകുന്നതും. അപ്പോഴേ നന്മ തേടാനും, സഹവര്‍ത്തിത്വം, സാഹോദര്യം, നന്മ, സഹാനുഭൂതി, മനുഷ്യത്വം മുതലായവയുടെ പൊതുദര്‍ശനം ജീവിതമാതൃകയാക്കാനും കഴിയൂ.

മാറ്റേണ്ട ഹൃദയകാഠിന്യം

നന്മകള്‍ക്ക് പകരം സ്വാര്‍ത്ഥതയും അത്യാഗ്രഹവും കലര്‍ത്തിയ വാണിജ്യതാല്പര്യങ്ങള്‍ ലോകത്തെ നിയന്ത്രിച്ചുപോന്നതിന്റെ ദുരന്തഫലങ്ങള്‍ ഇന്ന് നമുക്കെതിരെ നില്‍ക്കുന്നു. സാമ്പത്തികരംഗത്തെ നിയന്ത്രിക്കുന്ന വ്യവസായസംരംഭകരും നിയമ നിര്‍മാതാക്കളും രാഷ്ട്രീയസാമ്പത്തിക സംവിധാനങ്ങളും അവയെ നിയന്ത്രിക്കുന്നവരും ഇത്തരത്തിലുള്ള അവസ്ഥയെ നേരിടുവാന്‍ ഏതു തരത്തിലുള്ള ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്നും എന്താണ് അവര്‍ക്കു ചെയ്യുവാന്‍ കഴിയുന്നതെന്നും ആലോചിക്കേണ്ട സമയമായിരിക്കുന്നു. ആദര്‍ശങ്ങളെക്കാള്‍ യാഥാര്‍ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തികനയങ്ങള്‍ നമുക്കുണ്ടാവണം. ലാഭേച്ഛകള്‍ക്കു മുന്നില്‍ മതങ്ങള്‍ കീഴ്‌പ്പെട്ടിട്ടുണ്ടെങ്കില്‍ ആ ജീര്‍ണ്ണതകളെ ഉരിഞ്ഞു കളയുവാന്‍ മതവും അതിന്റെ വ്യാപാരതന്ത്രങ്ങളും തയ്യാറാവണം.

മനുഷ്യന്റെ ഓരോ തീരുമാനവും ഇന്ന് പ്രകൃതിയുടെ പുനഃസൃഷ്ടിക്കോ നാശത്തിനോ കാരണമാകുന്നവയാണ്. അതുകൊണ്ടാണ് പാരിസ്ഥിതികമായ ഒരു മാന സാന്തരം കൂടി ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. മനുഷ്യരുടെ മാത്രം ആരോഗ്യം സമ്പത്ത് ക്ഷേമം തുടങ്ങിയവയിലുള്ള വലിയ ഊന്നല്‍, ആവാസവ്യവസ്ഥിതിയെത്തന്നെ ക്ഷയിപ്പിക്കുന്ന വിധം വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇത്തരം പരിണത ഫലങ്ങളെക്കുറിച്ച് കൃത്യമായും സത്യസന്ധമായും ഭരണസംവിധാനങ്ങളോടും വ്യവസായപ്രമുഖരോടും പൊതുജനങ്ങളോടുംവേണ്ട സമ്പര്‍ക്കവൈദഗ്ദ്ധ്യത്തോടെ ശാസ്ത്രജ്ഞരും സംസാരിക്കേണ്ടതായുണ്ട്. ഇന്നാളുവരെ നമുക്ക് ലഭ്യമായ അറിവുകളും സാങ്കേതികവിദ്യകളും നന്മയെത്തന്നെ ലക്ഷ്യം വച്ച് മുമ്പോട്ട് പോയെങ്കിലേ ഇനിയങ്ങോട്ട് നടക്കാനാകൂ. പരസ്പരം ബലപ്പെടുത്താനും ആശയങ്ങള്‍ കൈമാറാനും, കൂട്ടായ പ്രയത്‌നത്തിനും സാങ്കേതികവിദ്യകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്.

ഒരു കടന്നുപോകലിന്റെ സമയം

ലോകാവസാനത്തെക്കുറിച്ച് വിഷമിക്കുന്നവരും, അതിനായി ഒരുങ്ങുന്നവരും ഉണ്ട്. ഒരുങ്ങുന്നത് നല്ലതാണ്, അന്ത്യം അടുത്ത നിമിഷത്തിലാണെങ്കില്‍ അങ്ങനെയാവട്ടെ. ആ ഒരുക്കത്തിനുണ്ടാവേണ്ട മാനങ്ങളെക്കുറിച്ചാണ് പറഞ്ഞുവന്നത്. കാരണം ജീവനിലേക്കുള്ള പ്രവേശനത്തെക്കുറിച്ചാണ് നമ്മള്‍ ധ്യാനിക്കുന്നത്. നമ്മുടെ മാനസാന്തരം, തുടര്‍ന്ന് ജീവിക്കാനാവശ്യമായ അഭിഷേകം, ഇവ രണ്ടിനുമായുള്ള ഒരുക്കം എന്നിവ മേല്പറഞ്ഞ ഇന്നത്തെ പശ്ചാത്തലങ്ങളെ കാര്യമായെടുത്തു കൊണ്ടേ സാധ്യമാകൂ. അവ മുന്നോട്ടു വയ്ക്കുന്ന വസ്തുതകളെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതാകുമ്പോഴേ ഈ കടന്നുപോകലിന്റെ യഥാര്‍ത്ഥ മാനത്തെ ഉള്‍ക്കൊള്ളുവാന്‍ നമുക്ക് കഴിയൂ. പ്രാര്‍ത്ഥനകളുടെ എണ്ണത്തിലും അളവിലും, അഖണ്ഡ സ്വഭാവത്തിലും, സമയദൈര്‍ഘ്യത്തിലും, അനുഷ്ഠാനങ്ങളുടെ നിഷ്ഠയിലും ഉള്ള ശ്രദ്ധ നമുക്ക് നല്‍കുന്ന ചെയ്തികളുടെ സംതൃപ്തിക്കപ്പുറംകാലം നല്‍കുന്ന വെല്ലുവിളികളില്‍ ദൈവരാജ്യത്തിന്റെ സമാധാനവും നീതിയും ഉറപ്പിക്കാന്‍ എന്തുചെയ്യണമെന്ന പ്രേരണ നമ്മില്‍ ജനിക്കേണ്ടതുണ്ട്.

ക്രിസ്തുവിന്റെ രണ്ടാം 'വരവ്' വെളിപാടിന്റെ ഭാഗം തന്നെയാണ്. സൃഷ്ടിയില്‍ സ്വയം വെളിപ്പെടുത്തിയ ദൈവം, ആ വെളിപാടിന്റെ പൂര്‍ത്തീകരണമാണ് 'രണ്ടാം വരവില്‍' നല്‍കുന്നത്. ആ വെളിപാടിന്റെ നിമിഷത്തേക്ക് സകല മനുഷ്യരും സൃഷ്ടികളും എത്തിച്ചേരുന്നതിനായിട്ടാണ് നമ്മള്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്. അതിനു വേണ്ടിയുള്ള ഒരുക്കം ആത്മാര്‍ത്ഥമാണെങ്കില്‍ അത് എന്നും, ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ടായിരിക്കുകയും ചെയ്യും. ദുരന്തങ്ങള്‍ കാണുന്നതുകൊണ്ടല്ല ഈ അവബോധമുണ്ടാകേണ്ടത്, ക്രിസ്തുവുമായി ബന്ധമുള്ള ആരുടേയും വ്യക്തിപരമായ ഉത്തരവാദിത്തമാണത്.

ഏതെങ്കിലും മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലേക്കു ചുരുക്കപ്പെടാവുന്ന ആത്മീയതയല്ല നവീകരണത്തിനായി നമുക്കാവശ്യമായുള്ളത്. നവീകരണത്തില്‍ മതവും വിശ്വാസവും വഴികാട്ടിയാകാം, എന്നാല്‍ ലക്ഷ്യമാവരുത്. ഓരോ ദുരന്ത വും കടന്നുപോകുവാന്‍ ദൈവം തരുന്ന കൃപകൂടി നമ്മിലുണ്ട്. തകര്‍ച്ചകളെ സത്യസന്ധമായി മനസ്സിലാക്കാനും, കാരണങ്ങളും പരിഹാരങ്ങളും വിവേചിച്ചറിയാനും, അവയെ വേണ്ട വിധം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ കഴിയുന്നതുമാണ് സമഗ്രമായ ആത്മീയത ഇന്ന് ലക്ഷ്യം വയ്‌ക്കേണ്ടത്.

വിശ്വാസപരമായി കാണുമ്പോള്‍, ക്രിസ്തു എല്ലാവരിലും എല്ലാറ്റിലും വെളിപ്പെടുമ്പോള്‍ സൃഷ്ടിയുടെ ലക്ഷ്യം പൂര്‍ത്തിയാകും. അതുകൊണ്ട് തീര്‍ച്ചയായും നമ്മിലെ ക്രിസ്തുരൂപത്തെക്കുറിച്ചും, സമൂഹത്തിന്റെ മൂല്യ ബോധത്തെക്കുറിച്ചും സാമൂഹിക സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും കൂടെക്കൂടെ വിലയിരുത്തലും കാലത്തിനൊത്ത നവീകരണവും ഉണ്ടാകണം. സ്വന്തം ഭാവനകളോ, സ്ഥാപിതതാല്പര്യങ്ങളോ, മതസംരക്ഷണം പോലുമോ ആകരുത് അത്തരം മാറ്റങ്ങളുടെ ലക്ഷ്യം. എത്രമാത്രം ക്രിസ്തു സ്വരൂപമായി മാറാന്‍ കഴിയുന്നു എന്നതാണ് യഥാര്‍ത്ഥ ഒരുക്കം. സുവിശേഷവാഹകര്‍ എന്ന നിലയില്‍ പ്രഘോഷകരും, മതമാധ്യമങ്ങളും എടുക്കുന്ന കാഴ്ചപ്പാടുകളും മുന്‍ഗണനകളും ക്രിസ്തു സമീപനങ്ങളെ അനുകരിക്കുന്നുണ്ടെങ്കില്‍ മാത്രമേ ക്രിസ്തുവിന്റെ വരവിനുവേണ്ടി സ്വയം ഒരുങ്ങുവാനും ആളുകളെ ഒരുക്കുവാനുമാകൂ.

അതുകൊണ്ട്, രണ്ടാം വരവ് എന്നൊക്കെ പറയുമ്പോള്‍ നോക്കേണ്ടത് മേഘങ്ങളിലേക്കല്ല, ഉള്ളിലേക്കാണ്. മുളപൊട്ടാന്‍ കഴിയുന്ന നന്മകള്‍ എത്രമാത്രം ഉള്ളിലുണ്ടെന്ന് പരിശോധിച്ചറിയാന്‍ സ്വന്തം ഹൃദയത്തിലേക്കും, സഭയിലേക്കും, സമൂഹമനഃസാക്ഷിയിലേക്കും ആത്മാര്‍ത്ഥതയോടെ നോക്കുകയെ വേണ്ടൂ, ക്രിസ്തുവിന്റെ ആഗമനം അടുത്തുകഴിഞ്ഞോ എന്ന് അറിയുവാന്‍ കഴിയും. ക്രിസ്തുവിലൂടെ ലഭ്യമായ കൃപയും സ്വാതന്ത്ര്യവും ഈ നന്മകള്‍ പുറപ്പെടുവിക്കുന്നില്ലെങ്കില്‍ സകലത്തിലും വെളിപ്പെടുന്ന നന്മകളെ തിരിച്ചറിയുവാനും വീണ്ടുമൊരു 'വരവിനെ' എതിരേല്‍ക്കുവാനും നമുക്ക് കഴിയില്ല. ഇനിയുള്ള ലോകം, നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന നന്മകളുടെ ആകെത്തുകയാണ്. അത് വലിയൊരു പ്രവൃത്തിയാണ്; ഒരു പുനഃസൃഷ്ടിയാണ്. ഇന്ന് ദുരന്തമാണെങ്കിലും നന്മയില്‍ കാലൂന്നുകയും നന്മയെ ലക്ഷ്യം വയ്ക്കുകയും ചെയ്യുമ്പോള്‍ നടന്നടുക്കുന്ന പ്രത്യാശാപൂര്‍ണമായ അവസ്ഥ നമ്മെ പ്രോത്സാഹിപ്പിക്കും.

(ഡൊമിനിക്കന്‍ സഭാംഗമായ ലേഖകന്‍ ഗോവയില്‍, വി. തോമസ് അക്വീനാസിന്റെ ആശ്രമത്തിലെ അംഗമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org