മനുഷ്യരാണ്, മറക്കാതിരിക്കുക

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി, എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യസേവന വിഭാഗമായ സഹൃദയയും സിഎംസി എറണാകുളം പ്രോവിന്‍സും നടത്തുന്ന സേവന സംരംഭങ്ങളെക്കുറിച്ച്...
മനുഷ്യരാണ്, മറക്കാതിരിക്കുക
സിസ്റ്റര്‍ ടെസ്‌ലിനും സിസ്റ്റര്‍ അമല്‍റോസും ജ്യോതിസ്ഭവനു മുമ്പില്‍

മനസ്സും ശരീരവും പരമ്പരാഗതമട്ടില്‍ പരസ്പരം ചേരുന്നില്ല എന്നത് ഒരു കുറ്റകൃത്യമല്ല, മറിച്ച് ഒരു വ്യത്യസ്തത മാത്രം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാതെ സമൂഹം അരികുവല്‍ക്കരിച്ചിരുന്ന മനുഷ്യരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അഥവാ ഭിന്നലൈംഗിക വ്യക്തികള്‍. ഈ മനുഷ്യരെ മുഖ്യധാരയിലേയ്ക്കു ചേര്‍ത്തു പിടിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകുകയാണ് ഇന്നു സഭയും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇതിനുള്ള സംരംഭങ്ങളാരംഭിച്ചിരിക്കുകയാണ് സി എം സി സന്യാസിനീസമൂഹവും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയും. കൊച്ചി മെട്രോ നഗരത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന നൂറു കണക്കിനു പേരുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ഈ ശുശ്രൂഷകള്‍ സ്‌നേഹഹസ്തം നീട്ടുന്നു. സി എം സി സമൂഹം ജ്യോതിസ് ഭവന്‍ എന്ന പേരില്‍ ഇവര്‍ക്കായി ഒരു വീട് സജ്ജമാക്കിയിരിക്കുന്നു. സഹൃദയ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു 'സമേതം' എന്ന പേരില്‍ ഒരു സേവനപദ്ധതി ഇവര്‍ക്കായി ആരംഭിച്ചിരിക്കുന്നു.

അഞ്ചു വര്‍ഷം മുമ്പാണ് സി എം സി എറണാകുളം പ്രോവിന്‍സ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനു വേണ്ടി തങ്ങളുടെ ഒരു ഭവനം നീക്കി വച്ചത്. മഹാരാഷ്ട്രയില്‍ ഏറെ കാലം സേവനം ചെയ്തിട്ടുള്ള സിസ്റ്റര്‍ ടെസ്ലിന്‍ ആണ് അതിനു മുന്‍കൈയെടുത്തത്. മഹാരാഷ്ട്രയില്‍ ഈ സമൂഹത്തിലെ വ്യക്തികളെ കാണുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് സിസ്റ്റര്‍ ടെസ്ലിന്‍. അങ്ങനെയാണ് അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതാണെന്ന അവബോധമുണ്ടാകുന്നത്.

തങ്ങളുടെ ലൈംഗികസ്വത്വം തുറന്നു പറയുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അവരുടെ സമൂഹമോ കുടുംബമോ അംഗീകരിക്കാറില്ല. പലരും പഠിക്കാനും ജോലി ചെയ്യാനുമായി നഗരത്തിലേയ്ക്കു വരുന്നു. പക്ഷേ അവിടെയും അവര്‍ക്കു വാടകയ്ക്കു വീടു ലഭിക്കാനോ മനസ്സമാധാനത്തോടെ താമസിക്കാനോ സാധിക്കാത്ത സ്ഥിതി. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നറിഞ്ഞാല്‍ വീട്ടുടമകള്‍ ഇറക്കിവിടുന്നതാണു പതിവ്. സിസ്റ്റര്‍ ടെസ്ലിന്‍ ഇവരിലൊരാളെ നഗരത്തില്‍ വച്ചു കാണുകയും ഈ പരാധീനതയെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് സി എം സി അധികാരികളെ വിവരമറിയിക്കുകയും സഭയുടെ ഒരു കെട്ടിടം അവര്‍ക്കായി വിട്ടു കൊടുക്കുകയും സിസ്റ്റര്‍ ടെസ്ലിനും കൂടെ ഒരു സിസ്റ്ററും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. അതാണു ജ്യോതിസ് ഭവന്‍. അഞ്ചു വര്‍ഷത്തിനിടെ അനേകം പേര്‍ ഈ ഭവനത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തി. ഇപ്പോള്‍ എട്ടു പേര്‍ ഇവിടെ താമസിക്കുന്നു, ചിലര്‍ പഠിക്കുകയും ചിലര്‍ ജോലി ചെയ്യുകയും ചെയ്യുന്നു.

ഇത്തരം വ്യക്തികളെ കണ്ടുമുട്ടുമ്പോള്‍ എന്തു സമീപനമാണു സ്വീകരിക്കേണ്ടതെന്ന കാര്യം പോലും പലര്‍ക്കും അറിയില്ലെന്നു സിസ്റ്റര്‍ പറഞ്ഞു. ഇവരും മനുഷ്യരാണെന്നും ഇവര്‍ക്കും സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയും അവകാശവുമുണ്ടെന്നു മുള്ള വസ്തുത പലരും മറന്നു പോകുകയാണ്. സര്‍ക്കാര്‍ ഇപ്പോള്‍ ഈ വിഭാഗത്തെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സഭയും ഇതിനോടു ചേര്‍ന്നു നില്‍ക്കണം.

ജനിച്ചു വളര്‍ന്ന കുടുംബങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതാണ് ഇവര്‍ നേരിടുന്ന ഒരു പ്രധാനപ്രതിസന്ധിയെന്നു സിസ്റ്റര്‍ ടെസ്ലിന്‍ പറഞ്ഞു. കുടുംബം അംഗീകരിക്കാത്തത് സമൂഹം അംഗീകരിക്കാത്തതു കൊണ്ടാണ്. അതുകൊണ്ട് സമൂഹത്തെ ബോധവത്കരിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. സഭ ഇതിനു മുന്‍കൈയെടുക്കണമെന്നു സിസ്റ്റര്‍ പറഞ്ഞു. രൂപത കളുടെയും സന്യാസസഭകളുടെയും അധികാരികള്‍ ഇതേ കുറിച്ച് അവബോധം നേടണം. ഇടവകവികാരിമാരെയും മതാദ്ധ്യാപകരെയുമൊക്കെ ഇങ്ങനെയൊരു വിഭാഗമുണ്ടെന്നു ബോദ്ധ്യപ്പെടുത്തണം. ഇടവകകളില്‍ ഇങ്ങനെയുള്ള വ്യക്തികള്‍ ഉണ്ടായെന്നു വരാം. അവരെ മനസ്സിലാക്കാനും അംഗീകരിക്കാനും ഇടവകസമൂഹം തയ്യാറായാല്‍ ആ കുടുംബത്തിനും വലിയ ആശ്വാസമാകും. അവര്‍ ക്കാവശ്യമായ ആത്മീയസേവനവും ലഭ്യമാക്കണം. അങ്ങനയെങ്കില്‍ പഠിക്കാനും ജോലി ചെയ്യാനും സമൂഹത്തിനു സംഭാവനകളര്‍പ്പിക്കാനും അനുയോജ്യരായ പങ്കാളികള്‍ക്കൊപ്പം ജീവിതം കെട്ടിപ്പടുക്കാനും ഇവര്‍ക്കും സാധിക്കും.- സിസ്റ്റര്‍ വിശദീകരിച്ചു. ഡോക്ടറായ ഒരു ട്രാന്‍സ്‌ജെന്‍ഡറുടെ ജീവിതകഥ സിസ്റ്റര്‍ പറഞ്ഞു. എം ബി ബി എസ് പാസ്സായി ഡോക്ടറായി ജോലി ചെയ്യാന്‍ യോഗ്യത നേടിയെങ്കിലും ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന വസ്തുത വെളിപ്പെടുത്തിയതോടെ വീട്ടുകാര്‍ പുറത്താക്കുകയായിരുന്നു. ആ വ്യക്തിയ്ക്ക് അഭയം കൊടുത്തത് സിസ്റ്റര്‍മാരാണ്. അവരിപ്പോള്‍ തമിഴ്‌നാട്ടിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയും ജ്യോതിസ് ഭവനെ സ്വന്തം വീടായും സിസ്റ്റര്‍മാരെ ബന്ധുക്കളായും കരുതുകയും ചെയ്യുന്നു. വീട്ടുകാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്ത് കുടുംബവുമായി കഴിയേണ്ട ഒരു ഡോക്ടറായിരുന്നു ആ വ്യക്തിയെന്നു സിസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം വ്യക്തികളെ കണ്ടുമുട്ടുമ്പോള്‍ എന്തു സമീപനമാണു സ്വീകരിക്കേണ്ടതെന്ന കാര്യം പോലും പലര്‍ക്കും അറിയില്ലെന്നു സിസ്റ്റര്‍ പറഞ്ഞു. ഇവരും മനുഷ്യരാണെന്നും ഇവര്‍ക്കും സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയും അവകാശവുമുണ്ടെന്നു മുള്ള വസ്തുത പലരും മറന്നു പോകുകയാണ്. സര്‍ക്കാര്‍ ഇപ്പോള്‍ ഈ വിഭാഗത്തെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സഭയും ഇതിനോടു ചേര്‍ന്നു നില്‍ക്കണം. - സിസ്റ്റര്‍ വിശദീകരിച്ചു.

താമസം, ഭക്ഷണം എന്നിവയ്‌ക്കൊപ്പം മറ്റു സേവനങ്ങളും ജ്യോതിസ് ഭവന്‍ ലഭ്യമാക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്‍ഡിനു പുറമെ വ്യക്തികളുടെ സംഭാവനകളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. വിനോദയാത്രകളും വിരുന്നുകളുമൊക്കെ സന്മനസ്സുള്ളവരുടെ സഹായത്തോടെ ഇവര്‍ക്കു വേണ്ടി നടത്താറുണ്ട്. വീട്ടുകാര്‍ ഒരിക്കലും പുറത്തു കൊണ്ടുപോകുകയോ നല്ല ഭക്ഷണം വാങ്ങിക്കൊടുക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ഈ യാത്രകളും വിരുന്നുകളും സ്വന്തം ജന്മദിനാഘോഷങ്ങളുമെല്ലാം വലിയ ആശ്വാസവും ആഹ്ലാദവും പകരുകയും മനസ്സിന്റെ മുറിവുകളുണക്കുകയും ചെയ്യുന്നു.

ഇവര്‍ക്കു വേണ്ടിയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളും ജ്യോതിസ് ഭവന്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സിസ്റ്റര്‍ ടെസ്ലിനോടൊപ്പം സിസ്റ്റര്‍ അമല്‍ റോസാണ് ഇപ്പോള്‍ ജ്യോതിസ് ഭവനില്‍ ഇവര്‍ക്കു വേണ്ടി സേവനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇരുവരും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദധാരികളാണ്.

സഭ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി രംഗത്തിറങ്ങുന്നു എന്നു കേട്ടപ്പോള്‍ നിങ്ങള്‍ക്കിവരെയേ കിട്ടിയുള്ളൂ എന്ന പ്രതികരിച്ചവര്‍ ഇല്ലാതിരുന്നില്ല. എങ്കിലും സഭാധികാരികള്‍ ഈ സംരംഭത്തെ പിന്തുണച്ചു. ഇവര്‍ക്കായി കൂടുതല്‍ സേവനങ്ങളും പിന്തുണയും സഭയുടെ എല്ലാ തലങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതാണ്‌.
സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കിടയിലുണ്ടായ കുറെ ആത്മഹത്യകളാണ് സഹൃദയയെ ഈ രംഗത്തേയ്ക്കു ശ്രദ്ധിക്കാന്‍ ഇടയാക്കിയതെന്നു ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും ഇവര്‍ ഒറ്റപ്പെട്ടുപോകുന്നു എന്നതാണ് ആത്മഹത്യകളുടെയും ഇവരനുഭവിക്കുന്ന ദുരിതങ്ങളുടെയും പ്രധാനകാരണം. അങ്ങനെയാണ് സര്‍ക്കാരുമായി ചേര്‍ന്നു ''സമേതം'' എന്ന സംരംഭം ഇവര്‍ക്കായി ആരംഭിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ രണ്ടു വ്യക്തികള്‍ക്ക് സഹൃദയ ജോലി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായി മെഡിക്കല്‍ പരിശോധനകള്‍ ക്രമമായി നടത്താനുള്ള സൗകര്യമൊരുക്കുകയും മരുന്നുകളും ചികിത്സയും സൗജന്യമായി കൊടുക്കുകയും ചെയ്യുന്നു. കൗണ്‍സലിംഗ്, പൊതുസമൂഹത്തിലെ ബോധവത്കരണം, ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ബോധവത്കരണം, ഇവര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുക, ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക തുടങ്ങിയവയാണ് സഹൃദയ ഇപ്പോള്‍ ചെയ്യുന്നത്. ഇവര്‍ക്കായി പ്രത്യേകമായ ഓഫീസും മറ്റു സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഈ സമൂഹത്തില്‍ പെട്ട ഇരുനൂറോളം പേരെ സമേതം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു മേല്‍പറഞ്ഞ സഹായങ്ങളെത്തിച്ചു തുടങ്ങി. അവശേഷിക്കുന്നവരെയും കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നു.

സഭ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി രംഗത്തിറങ്ങുന്നു എന്നു കേട്ടപ്പോള്‍ നിങ്ങള്‍ക്കിവരെയേ കിട്ടിയുള്ളൂ എന്ന പ്രതികരിച്ചവര്‍ ഇല്ലാതിരുന്നില്ല. എങ്കിലും സഭാധികാരികള്‍ ഈ സംരംഭത്തെ പിന്തുണച്ചു. ഇവര്‍ക്കായി കൂടുതല്‍ സേവനങ്ങളും പിന്തുണയും സഭയുടെ എല്ലാ തലങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതാണെന്നു ഫാ. കൊളുത്തുവെള്ളില്‍ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org