യേശുനാഥന്‍ ചെയ്യാത്തത് സിനഡ് നിര്‍ബന്ധിക്കരുത്

യേശുനാഥന്‍ ചെയ്യാത്തത് സിനഡ് നിര്‍ബന്ധിക്കരുത്
സിനഡല്‍ സഭ മെത്രാന്മാരെ മാത്രം കേള്‍ക്കുന്ന ഒരു സഭയല്ല, അടിസ്ഥാന സമൂഹങ്ങളില്‍ സഹിക്കുന്ന മനുഷ്യരെ പ്രത്യേകിച്ച് പാവപ്പെട്ടവരെ, സ്ത്രീകളെ, യുവതീയുവാക്കന്മാരെ ശ്രവിക്കുന്ന, ശ്രദ്ധിക്കുന്ന, ഒരു സഭയാകണം എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കുന്നത്.

നിരവധി സംഘര്‍ഷങ്ങളിലൂടെയാണ് സഭ വളരുന്നത്. സംഘര്‍ഷങ്ങളുടെ നടുവില്‍നിന്നുകൊണ്ട് 'ദൈവാത്മാവ് സഭയോട് എന്തു പറയുന്നു' (വെളിപാട് 2:29) എന്നതു തിരിച്ചറിയാനുള്ള തുറവിയും ജാഗ്രതയുമാണ് സഭാ സമൂഹത്തിനുണ്ടാകേണ്ടത്. ഇതാണ് സിനഡാലിറ്റി എന്നതുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ത്ഥമാക്കുന്നത്്. 'നാളത്തെ സഭ ഒരു സിനഡല്‍ സഭയായിരിക്കും' എന്ന അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ കാതല്‍ സഭ ആഗോള തലത്തിലും പ്രാദേശിക തലത്തിലും എല്ലാവരെയും 'ചേര്‍ത്തുപിടിച്ച് മുന്നോട്ടു നീങ്ങുന്ന ഒരു വിശ്വാസിസമൂഹം' ആകണമെന്നതാണ്. സീറോ മലബാര്‍ സഭയില്‍ ഇപ്പോഴുള്ള സംഘര്‍ഷങ്ങളുടെ നടുവിലും ആത്മാവിന്റെ നിമന്ത്രണങ്ങള്‍ വിവേചിച്ചറിയാനുള്ള ഈ തുറവിയാണു വേണ്ടത്. സിനഡല്‍ സഭ മെത്രാന്മാരെ മാത്രം കേള്‍ക്കുന്ന ഒരു സഭയല്ല, അടിസ്ഥാന സമൂഹങ്ങളില്‍ സഹിക്കുന്ന മനുഷ്യരെ പ്രത്യേകിച്ച് പാവപ്പെട്ടവരെ, സ്ത്രീകളെ, യുവതീയുവാക്കന്മാരെ ശ്രവിക്കുന്ന, ശ്രദ്ധിക്കുന്ന, ഒരു സഭയാകണം എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ് ബോധിപ്പിക്കുന്നത്.

ഏതൊരു പ്രശ്‌നത്തിലും ദൈവാത്മാവിന്റെ പ്രചോദനങ്ങള്‍ വിവേചിച്ചറിയണമെങ്കിലും നാം യേശുവിലേക്കു തിരിയണം. യേശുനാഥന്റെ ആത്മാവാണല്ലോ സഭയെ മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ട് സുവിശേഷത്തിന്റെ വെളിച്ചത്തില്‍ വേണം നാം 'അരൂപികളെ വിവേച്ചറിയാന്‍.'

യേശുവിലൂടെ തെളിഞ്ഞ ദൈവചിത്രം

എന്താണു യേശുനാഥനിലൂടെ തെളിഞ്ഞു വന്ന ഈശ്വരചിത്രം? മനുഷ്യരില്‍ മിഴിതുറക്കുന്ന ദൈവം-അതാണു സുവിശേഷത്തിന്റെ കാതല്‍. ഏതാനും സുവിശേഷ ഭാഗങ്ങള്‍ നിരീക്ഷിക്കുക: സ്‌നാപകന്‍ ശിഷ്യന്മാരെ അയച്ച് 'വരാനിരിക്കുന്നവന്‍ നീ തന്നെയോ?' എന്നു ചോദിച്ചപ്പോള്‍ യേശു അവരോട് ചുറ്റും നോക്കാനാണ് പറഞ്ഞത്. ജനജീവിതത്തിലുള്ള ദൈവാത്മാവിന്റെ പ്രവര്‍ത്തനങ്ങളിലാണ് ദൈവിക സാന്നിദ്ധ്യം തെളിയുന്നത് (ലൂക്കാ 7:18-23). അധസ്ഥിതരൊത്ത് ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാണെന്നു വഴക്കമുള്ള സമുദായത്തില്‍ യേശു സമൂഹത്തിന്റെ പുറംപോക്കുകളില്‍ കിടന്നു നരകിച്ചവരൊത്തു ഭക്ഷണം പങ്കിടുമായിരുന്നു (ലൂക്കാ 15:1-3). ആഢ്യന്മാരുടെ കപടസംസ്‌കാരത്തെ അവഗണിച്ച യേശു ഒരു സാധുസ്ത്രീക്ക് ശാപമോക്ഷം നല്കി (യോഹ. 8:1-11) നഷ്ടപ്പെട്ട ആടിനെത്തേടിയലയുന്ന ഇടയന്റെയും കൈവിട്ടുപോയ നാണയം അന്വേഷിക്കുന്ന കുടുംബിനിയുടെയും സാദൃശ്യങ്ങളിലൂടെ ഓരോ മനുഷ്യനും ദൈവസന്നിധിയില്‍ വിലപ്പെട്ടതാണെന്ന് യേശു വ്യക്തമാക്കി (ലൂക്കാ 15:1-10). കുഷ്ഠരോഗിയെ തൊട്ടാല്‍ തൊടുന്നവനും അശുദ്ധനാകും എന്ന സങ്കല്പത്തെ കാറ്റില്‍പ്പറത്തി യേശു കരുണയോടെ കുഷ്ഠരോഗിയെ തൊടുന്നതിലൂടെ തെളിയുന്നത് അവനും ദൈവസന്നിധിയില്‍ വിലപ്പെട്ടവനാണെന്നല്ലേ? (ലൂക്കാ 5:12-14) മാന്യന്മാരുടെ മര്യാദനിഷ്ഠകളുടെ നേര്‍വരമ്പുകളെ അവഗണിച്ച് വിരുന്നു പന്തലിലേക്ക് തള്ളിക്കയറിവന്ന സ്ത്രീയെ ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ ഉദാത്തമായ പ്രതീകമായി ഉയര്‍ത്തിക്കാട്ടിയത് മനുഷ്യനില്‍ തെളിയുന്ന ദൈവത്തിന്റെ സാന്നിധ്യം വ്യക്തമാക്കാനാണ് (ലൂക്കാ 7:36-50).

മനുഷ്യനാണ് പ്രധാനം

ആര്‍ത്തനായ ഒരു മനുഷ്യന്‍ മുമ്പില്‍വന്നു നില്‍ക്കുമ്പോള്‍ യേശു എല്ലാം മറക്കും - സമുദായത്തിന്റെ പാരമ്പര്യങ്ങളും ആഡ്യസംസ്‌കാരത്തിന്റെ അതിര്‍വരമ്പുകളും മതത്തിന്റെ നിയമാവലികളും സമൂഹത്തിലെ ശുദ്ധാശുദ്ധി വിധി നിര്‍ണ്ണയങ്ങളും എല്ലാം മറക്കും. അവയെല്ലാം മനുഷ്യനു വഴിമാറികൊടുക്കേണ്ടതാണെന്ന് യേശു നിഷ്‌കര്‍ഷിച്ചിരുന്നു. ഈ മനുഷ്യസ്‌നേഹത്തിലാണ് അനേകം ജീവിതങ്ങള്‍ കൈമാറിയത്. മനുഷ്യാഭിമുഖ്യത്തിലാണ് യേശു ദൈവസാന്നിദ്ധ്യം വ്യക്തമാക്കിയത്. മനുഷ്യനെ മറന്നുള്ള മതപ്രബോധനങ്ങള്‍ക്കും അര്‍ച്ചനരൂപങ്ങള്‍ക്കും യേശു വിലകൊടുത്തില്ല. മനുഷ്യരെ പിന്നാമ്പുറത്താക്കുന്ന ആരാധനാനുഷ്ഠാനങ്ങള്‍ യേശുദര്‍ശനത്തിനു ചേരുന്നതല്ല. പഴയനിയമകാലത്ത് കിഴക്കോട്ടു തിരിഞ്ഞു ആരാധന നടത്തിയിരിക്കാം. പുതിയനിയമത്തില്‍ മനുഷ്യനില്‍ തെളിയുന്ന ദൈവിക സാന്നിധ്യത്തിലേക്ക് ഉണരുന്നതാണ് ആരാധന. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കുന്നതിന്റെ ഓര്‍മ്മയിലാണ് ആരാധന നടത്തേണ്ടത്. ഇസ്രായേല്‍ ജനത്തിന്റെ ആത്മീയതയെ ഒരു വാക്കില്‍ സംഗ്രഹിക്കാം: ''ദൈവം പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുക'' (ലേവ്യര്‍ 19:02). യേശുനാഥന്റെ ആത്മീയതയുടെ കാതല്‍ മറ്റൊന്നാണ്: ''നിങ്ങളുടെ പിതാവ് കരുണാര്‍ദ്രനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക'' (ലൂക്കാ 6:36). കരുണയാണ് ക്രൈസ്തവജീവിതത്തിന്റെ മുഖമുദ്ര. ആത്മാര്‍ത്ഥമായ മനുഷ്യാഭിമുഖ്യത്തിലേ കരുണ വിടരൂ.

മനുഷ്യന്റെ മുഖത്തു തെളിയുന്ന ഈശ്വരരൂപത്തിലേക്ക് ഉണരുന്നതാകണം സഭയുടെ ആരാധന. മനുഷ്യരുടെ സംഘര്‍ഷങ്ങളിലും സഹനങ്ങളിലും ''ദൈവം കൂടെയുണ്ട്'' എന്ന അനുഭൂതി പ കരുന്നതാകണം സഭയിലെ ആരാധനാനുഷ്ഠാനങ്ങള്‍. മനുഷ്യജീവിതത്തിലെ വേദനകള്‍ ഒപ്പിയെടുക്കാനുതകുന്നതാകണം സഭയിലെ ആരാധനക്രമം. ഇന്നിന്റെ മനുഷ്യനെ മറന്ന് ഗതകാല പാരമ്പര്യത്തില്‍മാത്രം തറച്ചുനിന്ന് ആരാധനാനുഷ്ഠാനങ്ങള്‍ നടത്തുന്നത് പഴയനിയമത്തിന്റെ സംസ്‌കാരത്തിലേക്കുള്ള തിരിച്ചുപോക്കാകും. ദൈവജനത്തെ പിന്നാമ്പുറത്താക്കി നടത്തുന്ന ആരാധനക്രമം പുതിയ നിയമത്തിനു ചേരുന്നതല്ല, യേശുവിന്റെ മനുഷ്യാഭിമുഖ്യത്തിനു കടകവിരുദ്ധമാണ്.

തിരുവത്താഴത്തിന്റെ ഓര്‍മ്മ

യേശുനാഥന്റെ തിരുവത്താഴത്തിന്റെ ഓര്‍മ്മയിലാണല്ലോ കുര്‍ബാന നടത്തുന്നത്. തിരുവത്താഴ സമയത്ത് യേശു അപ്പമെടുത്ത് 'വാങ്ങി ഭക്ഷിക്കുവിന്‍, ഇത് എന്റെ ശരീരമാണ്' എന്നു പറഞ്ഞത് ശിഷ്യന്മാര്‍ക്കു പുറംതിരിഞ്ഞിരുന്നുകൊണ്ടാണോ? പാനപാത്രമെടുത്ത് 'ഇതില്‍ നിന്നു പാനം ചെയ്യുവിന്‍' എന്ന് അവരോടു പറഞ്ഞതും ശിഷ്യന്മാരെ മുന്നിലിരുത്തിയാണ്. ജനജീവിതത്തില്‍ തെളിയുന്ന ദൈവികസാന്നിധ്യത്തിലേക്ക് ഉണരാനാണ് യേശു ആവശ്യപ്പെട്ടത്. അതു വ്യക്തമാക്കാനാണല്ലോ നാഥനും ഗുരുവുമായ യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത് (യോഹ. 13:5). മനുഷ്യരില്‍ നിന്ന് കണ്ണുമാറ്റി ഉന്നതങ്ങളിലെവിടെയോ സിംഹാസനസ്തനായി ഇരിക്കുന്ന ഒരു ദൈവത്തെ നിരൂപിക്കുക എളുപ്പമാണ്. എന്നാല്‍ ദാസനായി വന്ന, അടിമകള്‍ ചെയ്യുന്ന പണി ചെയ്യുന്ന, ഒരു ദൈവത്തെ അറിയണമെങ്കില്‍ യേശുവിലേക്കു നോക്കണം. അവിടെയാണ് ദൈവത്തിന്റെ 'സ്വയം ചോര്‍ത്തല്‍' നാം കാണുന്നത്. സീറോ മലബാര്‍ കുര്‍ബാനയില്‍ കൂദാശാവചനങ്ങള്‍ക്കുതൊട്ടുമുമ്പ് 'തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച' ദൈവത്തെ അനുസ്മരിക്കുന്നത് ശ്രദ്ധേയമാണ്. അപ്പം മുറിയുന്നതുപോലെ നമുക്കു വേണ്ടി മുറിയുന്ന ദൈവത്തെയാണ് കുര്‍ബാന കാട്ടിത്തരേണ്ടത്. 'ദൈവം നമ്മോടുകൂടെ' - ജനജീവിതത്തിലെ വേദനകളും യാതനകളും ആശകളും പ്രതീക്ഷകളും ഒപ്പിയെടുക്കുന്ന കുര്‍ബാനയര്‍പ്പണരീതിക്കു മാത്രമേ തിരുവത്താഴത്തിന്റെ അനുസ്മരണയാകാന്‍ കഴിയൂ. അതിനു കാര്‍മ്മികന്‍ ജനങ്ങളിലേക്കു തിരിയണം. അതാണ് യേശു ചെയ്തത്. യേശുനാഥന്‍ ചെയ്യാത്തത് സിനഡ് നിര്‍ബന്ധിക്കരുത്.

കാല്‍വരിയിലെ ബലിയുടെ കൂദാശ

കാല്‍വരിയിലെ ബലിയുടെ തുടര്‍ച്ചയാണല്ലോ കുര്‍ബാന. കാല്‍വരിയില്‍ യേശുനാഥന്‍ കുരിശില്‍ തൂങ്ങിക്കിടന്നത് ജനങ്ങളെ പിന്നാമ്പുറത്താക്കിയിട്ടാണോ? ക്രൂശിതനായ യേശുവിനെ നോക്കിയാണ് നിയമജ്ഞരും പുരോഹിതപ്രമാണികളും പരിഹാസവാക്കുകള്‍ പറഞ്ഞത്. ശതാധിപന്‍ 'ഇവന്‍ ദൈവപുത്രനായിരുന്നു' എന്നു പറഞ്ഞതും ക്രൂശിതന്റെ മുമ്പില്‍ നിന്നാണ്. മനുഷ്യരെ മറന്ന് ദൈവത്തെ തേടുന്നവരോട് ക്രൂശിതന്‍ പറയും, മനുഷ്യരുടെ, ആര്‍ത്തരായ മനുഷ്യരുടെ, കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി അവിടെ ദൈവത്തെ കാണാന്‍. ലോകത്തില്‍ യാതനയും വേദനയും ദാരിദ്ര്യവും ചൂഷണവും ഉള്ളിടത്തോളം കാലം ദൈവം 'സഹിക്കുന്നുണ്ട്.' ആ ദൈവമാണ് നമ്മോട് നിരന്തരം പറയുന്നത്, എനിക്കു വിശന്നു, എനിക്കു ദാഹിച്ചു, ഞാന്‍ പരദേശിയായിരുന്നു... (മത്താ. 25:35). മനുഷ്യന്റെ വേദനകളില്‍, പ്രകൃതിയിലെ ദുരന്തങ്ങളില്‍ വേണം ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍. ആ ദൈവസാന്നിധ്യത്തിന്റെ കൂദാശയാണ് കുര്‍ബാന. മനുഷ്യനെ മറന്നിട്ട് ദൈവത്തെ തേടരുത്. ദൈവജനത്തെ പിന്നാമ്പുറത്താക്കി കുര്‍ബാനയര്‍പ്പിക്കരുത്. യേശുനാഥന്‍ ചെയ്യാത്തത് സിനഡ് നിര്‍ബന്ധിക്കരുത്.

ദൈവത്തിന്റെ മനുഷ്യാഭിമുഖ്യം തിരിച്ചറിഞ്ഞതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കൃപ. ഈ അവബോധത്തിലാണ് ലോകമാസകലം - കല്‍ദായ സഭയിലുള്‍പ്പെടെ - കര്‍ബാനയര്‍പ്പണം ജനാഭിമുഖമാക്കിയത്. സാര്‍വ്വത്രിക സഭയിലുണ്ടായ ഈ വിവേകത്തിലാണ് അറുപതുകളില്‍ സീറോ മലബാര്‍ രൂപതകളില്‍ ജനാഭിമുഖ കുര്‍ബാന വ്യാപകമാക്കിയത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാരമ്പര്യസംരക്ഷണത്തിന്റെ പേരും പറഞ്ഞ് കൗണ്‍സിലിന്റെ ദര്‍ശനത്തിനെതിരെ കുറേപ്പേര്‍ നീങ്ങുന്നത് നിര്‍ഭാഗ്യവശാല്‍ സീറോ മലബാര്‍ സിനഡും ഈ പോക്കില്‍ ചേരുന്നത് വരുംതലമുറയോടു ചെയ്യുന്ന പാതകമാണെണ്, സുവിശേഷത്തിലെ മനുഷ്യാഭിമുഖ്യമുള്ള ദൈവത്തിന്റെ നിരാകരണമാണ്. യേശു നിരാകരിച്ചത് ചെയ്യാന്‍ സിനഡ് നിര്‍ബന്ധിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org