ഭയപ്പെടേണ്ട!

യുവജനങ്ങള്‍ ഈശ്വരോന്മുഖരാകണം
ഭയപ്പെടേണ്ട!

ലോകമഹായുദ്ധങ്ങള്‍ക്കു ശേഷം ധനനഷ്ടം, ആള്‍ നഷ്ടം, കൃഷി നഷ്ടം എന്നിവ മൂലം ലോക ജനസംഖ്യ മനസ്സിടിഞ്ഞു കൂട്ട ആത്മഹത്യയുടെ തീരത്തേക്ക് കുതിക്കുന്ന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രതിവിധിക്കായി പൗരന്മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഹ്രസ്വവും ഹൃദ്യവും ഫലപ്രദവുമായ നിര്‍ദേശത്തിന് സമ്മാനവും പ്രഖ്യാപിച്ചു.

പലരും അര്‍ത്ഥവത്തായ നിര്‍ദേശങ്ങള്‍ നല്‍കി. വിദഗ്ധ സമിതി പരിശോധിച്ചു. ഒരു യുവാവിന്റെ ഒരൊറ്റ പരിഹാരമാണ് സ്വീകാര്യമായത് ''ട്രൈ ജീസസ്.'' യേശുവില്‍ ആശ്രയം വയ്ക്കുക. അമേരിക്കന്‍ ജനത ദൈവത്തില്‍ നിന്ന് അതിവേഗം പിന്‍വലിഞ്ഞു കൊണ്ടിരുന്ന കാലയളവില്‍ ഇവിടെ 'ജീസസ്' എന്നാല്‍ ദൈവം/ ഈശ്വരന്‍ എന്നിങ്ങനെയാണ് ഉദ്ദേശിക്കപ്പെട്ടത്

അവര്‍ണ്ണങ്ങളായ പീഡാസഹനം ഏറ്റ യേശു അനുഭവിച്ചതിനേക്കാള്‍ വേദന, ഒറ്റപ്പെടല്‍, സ്വന്തം മാതാവില്‍ നിന്ന് വേര്‍പിരിയല്‍ തുടങ്ങിയ സംഭവങ്ങളോളം വലുതല്ല യുദ്ധാനന്തര പ്രശ്‌നങ്ങള്‍. അതുകൊണ്ട് ഈ ചിന്ത ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയത് വലിയതോതില്‍ തന്നെയായിരുന്നു. ജനങ്ങളില്‍ നിരാശയ്ക്കു ബദല്‍ പ്രത്യാശ ഉണര്‍ന്നു. ജപ്പാന്‍ പോലുള്ള രാജ്യങ്ങളൊക്കെ ഫീനിക്‌സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്നു.

ഈശ്വരോന്മുഖതയില്‍ ഇന്നത്തെ അവസ്ഥ ഏതാണ്ട് ഇതുപോലെ തന്നെയാണ്. ഈശ്വരന്റെ ആകൃതിയില്‍ മനുഷ്യഹൃദയങ്ങളില്‍ വ്യക്തമാക്കി വച്ചിരിക്കുന്ന സ്ഥലം നികത്തുന്നതിന് ഈശ്വരനു മാത്രമേ കഴിയൂ. ഇന്ന് കൂടുതല്‍ പേര്‍ ഈശ്വരനിഷേധികള്‍ അല്ല; പക്ഷേ ഉപരിപ്ലവം മാത്രം. അതിനാല്‍ ഫലസിദ്ധി ലഭിക്കുന്നില്ല. ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുള്ള അതിരറ്റ ഉത്ക്കണ്ഠ മൂലം പലരും രോഗികളായി മാറി.

2023 ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെട്ട ബൈബിള്‍ തിരുവചനം ഏതാണെന്ന് അമേരിക്കയിലെ ഏറ്റവും സ്വീകാര്യമായ 'യുവേര്‍ഷന്‍' പ്രഖ്യാപിച്ചു: ഏശയ്യ 41:10. ''ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്. ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും.''

കൊറോണ മനുഷ്യകുലത്തിനെ കശക്കി എറിഞ്ഞതു മുതല്‍ ഈ തിരുവചനം നാളിതുവരെ വായിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും ഈ ആശയം തന്നെയാണ്. വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാനും ധ്യാനിക്കാനും വികസിത രാഷ്ട്രങ്ങളില്‍ പോലും കൂടുതല്‍ ആവേശം കാണുന്നതായി 'യുവേര്‍ഷന്‍' പ്രഖ്യാപിക്കുന്നു. ഈശ്വര നിരാസം നാശോന്മുഖമാണെന്നല്ലോ ഗുരുക്കന്മാരും അച്ഛനമ്മമാരും നമ്മെ പഠിപ്പിച്ചിട്ടുള്ളത്. മുന്‍കാലങ്ങളില്‍ വീടുകളുടെ സമീപം പോകുമ്പോള്‍ നാമജപം കേള്‍ക്കാമായിരുന്നു. ഇന്ന്!!!

  • ഈശ്വര ചിന്തയിതൊന്നേ മനുജന്

  • ശാശ്വതമീ ഉലകം.

ബാക്കിയെല്ലാം കടന്നുപോകുന്ന ഇയ്യല്‍പാറ്റകള്‍. ''ഉണരാം, ഉത്തേജിതരാകാം'' - സ്വാമി വിവേകാനന്ദ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org