![അവന്‍ നമ്മെ സ്‌നേഹിച്ചു [He Loved Us]](http://media.assettype.com/sathyadeepam%2F2024-11-29%2F5rn76bzg%2Fhe-loved-us-01.jpg?w=480&auto=format%2Ccompress&fit=max)
മോണ്‍. ആന്റണി നരികുളം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാമത്തെ ചാക്രികലേഖനമാണ് 'അവന്‍ നമ്മെ സ്‌നേഹിച്ചു' (Dilexit nos). 2024 ഒക്‌ടോബര്‍ 24-ാം തീയതിയാണ് അതു പ്രസിദ്ധീകരിച്ചത്. 5 അധ്യായങ്ങളും 220 ഖണ്ഡികകളുമുണ്ട്. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയാണ് അടിസ്ഥാന പ്രമേയമെങ്കിലും, മാര്‍പാപ്പ ഇതിനു മുമ്പു പുറപ്പെടുവിച്ച 'ദൈവത്തിനു സ്തുതി' (Laudato Si'), 'എല്ലാവരും സഹോദരര്‍' (Fratelli Tutti) എന്നീ സാമൂഹിക ചാക്രികലേഖനങ്ങളോടു ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു രേഖയാണിതെന്നു മാര്‍പാപ്പ തന്നെ സൂചിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ ദരിദ്രരോടും അരികുവല്‍ക്കരിക്കപ്പെട്ടവരോടും നാം പ്രദര്‍ശിപ്പിക്കേണ്ട കരുണയും അനുകമ്പയും ഊന്നിപ്പറയാനാണ് അദ്ദേഹം ഈ ചാക്രികലേഖനത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.
കേരളക്കരയില്‍ പ്രചുരപ്രചാരം ലഭിച്ചിട്ടുള്ളതാണല്ലോ ഈശോയുടെ തിരുഹൃദയ ഭക്തിക്ക്. കേരള കത്തോലിക്കരുടെ വീടുവെഞ്ചരിപ്പു കര്‍മ്മത്തില്‍ ഒരു പ്രധാന ഘടകമാണ് 'തിരുഹൃദയപ്രതിഷ്ഠ.' കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം എന്നിവയോടെ നടത്തപ്പെടുന്ന 'ആദ്യവെള്ളിയാചരണം' നമുക്കു സുപരിചിതമായ ഒരു ആത്മീയസ്രോതസ്സുമാണ്. വി. മേരി മാര്‍ഗരറ്റ് അലക്കോക്കിനു 1673-74 വര്‍ഷങ്ങളില്‍ ലഭിച്ച ദര്‍ശനങ്ങളാണ് ഈ ഭക്താനുഷ്ഠനം സാര്‍വത്രികമായി പ്രചരിക്കാന്‍ കാരണമായത്. ആ ദര്‍ശനത്തിന്റെ 350-ാം വാര്‍ഷികം അനുസ്മരിക്കുന്നതിനു വേണ്ടിക്കൂടിയാണ് മാര്‍പാപ്പ ഈ ചാക്രികലേഖനം എഴുതിയത്.
ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയാണ് അടിസ്ഥാന പ്രമേയമെങ്കിലും, 'ദൈവത്തിനു സ്തുതി', 'എല്ലാവരും സഹോദരര്‍' എന്നീ സാമൂഹിക ചാക്രികലേഖനങ്ങളോടു ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു രേഖയാണിത്
ആധുനികലോകത്തില്‍ ശാസ്ത്ര, സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്ന ചില വെല്ലുവിളികള്‍ക്കുള്ള മറുപടിയായിട്ടും ഈ പ്രബോധനരേഖയെ കണക്കാക്കാം. മനുഷ്യന്റെ ബുദ്ധിശക്തിയിലും യുക്തിവിചാരത്തിലും സ്വാതന്ത്ര്യബോധത്തിലും മാത്രം അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിലാണ് ഇന്നത്തെ സമൂഹം.
പക്ഷേ, സമൂഹത്തിലെ ഭിന്നിപ്പുകളെ പരിഹരിച്ച്, ശാന്തിയും സമാധാനവും കൈവരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം 'ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ' ശരിയായ അര്‍ഥത്തില്‍ പ്രയോജനപ്പെടുത്തുകയാണെന്ന സത്യം പൊതുവെ അവഗണിക്കപ്പെടുന്നു. ഈ വസ്തുത സ്പഷ്ടമാക്കാന്‍ മാര്‍പാപ്പ ദെസ്തയേവ്‌സ്‌ക്കിയുടെ 'ചെകുത്താന്മാര്‍' എന്ന നോവലിലെ നിക്കൊളായ് എന്ന കഥാപാത്രത്തെയാണ് പരാമര്‍ശിക്കുന്നത്. 'ഹൃദയമില്ലാത്ത' ഒരു ക്രൂരനും തിന്മയുടെ ആള്‍രൂപവുമാണ് അയാള്‍. ഹൃദയമില്ലാത്തവന് ഒരിക്കലും മനുഷ്യരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയില്ല. അതു സാധ്യമാകണമെങ്കില്‍, ഹൃദയൈക്യം ആവശ്യമാണ്. അതുകൊണ്ട്, മാര്‍പാപ്പ എഴുതി: 'ഞാന്‍ എന്റെ ഹൃദയമാണ്; എന്റെ ഹൃദയമാണ് എന്റെ ആത്മീയലക്ഷ്യം സാധ്യമാക്കുന്നതും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ എന്നെ സഹായിക്കുന്നതും.' അപരനെ അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറല്ലാത്തവര്‍ക്ക് ഒരിക്കലും അവരുമായി നല്ല ബന്ധങ്ങള്‍ പുലര്‍ത്താന്‍ കഴിയില്ല.
സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും
നാം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സൃഷ്ടിക്കപ്പെട്ടവരാണ്. സ്‌നേഹത്തിന്റെ ശ്രീകോവില്‍ ഹൃദയമാണ്. ആത്മീകവും മാനസികവും ശാരീരികവുമായ നമ്മുടെ യാത്രയുടെ അടിസ്ഥാനം മറ്റൊന്നല്ല. ഇന്നു നടമാടുന്ന അക്രമങ്ങളുടെയും അശാന്തിയുടെയും യുദ്ധങ്ങളുടെയുമെല്ലാം മൂലകാരണം ഹൃദയമില്ലായ്മയാണ്. അക്കാരണത്താല്‍ ഏറ്റവുമധികം ക്ലേശങ്ങള്‍ക്കും യാതനകള്‍ക്കും വിധേയരാകുന്നവര്‍ സ്ത്രീകളും കുട്ടികളും, ജീവിതസായാഹ്നം സമാധാനത്തോടും സന്തോഷത്തോടും കൂടി ചെലവഴിക്കാന്‍ അര്‍ഹതയും ആഗ്രഹവുമുള്ള വൃദ്ധജനങ്ങളുമാണ്. അതുകൊണ്ട്, ആധുനിക മനുഷ്യന്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: ''എനിക്ക് ഒരു ഹൃദയമുണ്ടോ?''
'ഞാന്‍ എന്റെ ഹൃദയമാണ്; എന്റെ ഹൃദയമാണ് എന്റെ ആത്മീയലക്ഷ്യം സാധ്യമാക്കുന്നതും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ എന്നെ സഹായിക്കുന്നതും.' അപരനെ അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറല്ലാത്തവര്‍ക്ക് ഒരിക്കലും അവരുമായി നല്ല ബന്ധങ്ങള്‍ പുലര്‍ത്താന്‍ കഴിയില്ല.
വി. ഹെന്റി ന്യൂമാന്റെ വിശ്രുത മുദ്രാവാക്യമായിരുന്നു, 'ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു.' വായനയിലൂടെയും ചിന്തയിലൂടെയുമല്ല അദ്ദേഹം തന്റെ ആത്മീയലോകം കെട്ടിപ്പടുത്തത്. മറിച്ച്, ഈശോയുടെ തിരുഹൃദയവുമായി നടത്തിയ സംഭാഷണത്തിലൂടെയാണ് എന്ന് മാര്‍പാപ്പ എഴുതുന്നു. ഈ സംഭാഷണത്തിന്റെ അഭാവമാണ് ആധുനികലോകത്തിലെ പ്രതിസന്ധി.
'സഭ ആധുനികലോകത്തില്‍' എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖയില്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: 'നമ്മുടെ സമൂഹം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍, ഹൃദയപരിവര്‍ത്തനം ആവശ്യമായിരിക്കുന്നു; ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലേ ക്കുള്ള തിരിച്ചുപോക്ക് ആവശ്യമായിരിക്കുന്നു. ഹൃദയങ്ങള്‍ അറിയുന്നവനാണു ദൈവം.' യുദ്ധങ്ങളുടെയും അശാന്തിയുടെയും ഈ യുഗത്തില്‍ ഈശോയുടെ തിരുഹൃദയത്തിലേക്കു ദൃഷ്ടികള്‍ തിരിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെടുന്നു. ചാക്രികലേഖനത്തിലെ ഒരു പ്രധാന പ്രമേയമാണ് ഈ ആഹ്വാനം.
സുവിശേഷങ്ങളിലെ യേശു
'ഈശോ തന്റെ സ്വന്തക്കാരിലേക്കു വന്നു' (യോഹ. 1:11). 'എമ്മാനുവേല്‍' - 'ദൈവം നമ്മോടുകൂടെ' - ആയിത്തീര്‍ന്ന് അവന്‍ നമുക്കു സമീപസ്ഥനും സ്‌നേഹിതനുമായി. ഈ വസ്തുത വെളിപ്പെടുത്തുന്ന പല സന്ദര്‍ഭങ്ങളും സുവിശേഷങ്ങളിലുണ്ട്. സമരിയാക്കാരിയുമായുള്ള സംഭാഷണം (യോഹ. 4:5-7); നിക്കൊദേമൂസിനെ കണ്ടുമുട്ടുന്നത് (യോഹ. 3:1-2); വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ വിധിക്കാതിരിക്കുന്നത് (യോഹ. 8:1); വഴിയരികില്‍ കണ്ടുമുട്ടിയ അന്ധനോട് എന്തു സഹായമാണു വേണ്ടതെന്നു ചോദിക്കുന്നത് (മര്‍ക്കോസ് 10:51).
യേശു രോഗികളോട് അനുകമ്പ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ശരീരികമായിപ്പോലും അവരുടെ സമീപത്ത് ഉണ്ടായിരുന്നു. വാസ്തവത്തില്‍, സുഖപ്പെടുത്തുന്നതിനും സമുദ്ധരിക്കുന്നതിനും അവസരം പാര്‍ത്തിരിക്കുന്നവനെപ്പോലെയാണ് യേശു പെരുമാറിയത്.
ജനത്തെ കണ്ടപ്പോള്‍ യേശുവിന് അവരോട് അനുകമ്പ തോന്നി (മത്താ. 9:36). അത്തിമരത്തിന്റെ അടിയില്‍ നിന്നിരുന്ന നത്തനായേലിനെ അവന്‍ കണ്ടു (യോഹ. 1:48). ദേവാലയ ഭണ്ഡാരത്തില്‍ ചില്ലിത്തുട്ടുകള്‍ നിക്ഷേപിച്ച പാവപ്പെട്ട വിധവയെപ്പോലും യേശു ശ്രദ്ധിച്ചു (ലൂക്കാ 21:2). ഈ സംഭവങ്ങളൊക്കെ എന്താണു നമ്മോടു പറയുന്നത്? നമ്മുടെ ഹൃദയത്തിന്റെ ഓരോ പ്രവൃത്തിയും - അവ ചെറുതോ വലുതോ ആയിക്കൊള്ളട്ടെ - യേശുവിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു. എന്തിനേറെ, ചിലപ്പോഴൊക്കെ കണ്ണുനീര്‍ ചിന്താന്‍ പോലും ഇടവരത്തക്കവിധം ഈശോയുടെ ഹൃദയം തുടിച്ചു. 'അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ ആശ്വസിപ്പിക്കാം' (മത്താ. 11:28). ആഹാരമില്ലാതെ വിശക്കുന്നവരെ കണ്ടപ്പോള്‍ അവന് അനുകമ്പ തോന്നി (മര്‍ക്കോസ് 8:2-3). ജറുസലെമിനെ ഓര്‍ത്ത് യേശു കരഞ്ഞു (ലൂക്കാ 19:41). ലാസറിന്റെ കല്ലറയിങ്കല്‍ അവന്റെ കണ്ണുനീര്‍ വീണു (യോഹ 11:35). കുരിശില്‍ അവന്‍ കരഞ്ഞു പറഞ്ഞു: 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?' (മര്‍ക്കോസ് 14:33-34; 15:34).
യേശുവിന്റെ മനുഷ്യത്വത്തിന്റെയും ദൈവത്വത്തിന്റെയും ആഴം
യേശുവിന്റെ ദൈവ, മനുഷ്യസ്വഭാവങ്ങളുടെ ആഴത്തെപ്പറ്റി പരാമര്‍ശിക്കവേ മാര്‍പാപ്പ സൂചിപ്പിച്ചവ അത്യന്തം ശ്രദ്ധാര്‍ഹങ്ങളാണ്. ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രം ചുംബിക്കുകയും അതിന്റെ മുമ്പില്‍ മുട്ടുകുത്തുകയും ചെയ്യുമ്പോള്‍, ദൈവവും മനുഷ്യനുമായ അവനില്‍ അന്ധമായി ആശ്രയിക്കുന്ന മനോഭാവമല്ല നമുക്കുണ്ടാകേണ്ടത്. അങ്ങനെ ചെയ്യുന്നത് ഒരു യഥാര്‍ഥ വിശ്വാസിയുടെ ലക്ഷണവുമല്ല. മറിച്ച്, നമ്മുടെ ഹൃദയങ്ങള്‍ യേശുവിലേക്കുയര്‍ത്തി, ജീവിക്കുന്ന ക്രിസ്തുവുമായി ഒന്നായിത്തീരുമ്പോഴാണ് യഥാര്‍ഥ തിരുഹൃദയഭക്തരായി നാം രൂപാന്തരപ്പെടുന്നത്. മനുഷ്യനായ യേശുവിന്റെ സ്വഭാവവും സ്വര്‍ഗസ്ഥനായ ക്രിസ്തുവിന്റെ ദൈവത്വവും സമഞ്ജസമായി സമ്മേളിപ്പിക്കാന്‍ സാധിക്കണം. യേശുവുമായി ബന്ധപ്പെട്ട പല ഭക്താനുഷ്ഠാനങ്ങളെയും - കുരിശിന്റെ വഴി, തിരുഹൃദയഭക്തി, വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ദിവ്യകാരുണ്യഭക്തി തുടങ്ങിയ - ദൈവശാസ്ത്രത്തിന്റെ വീക്ഷണകോണില്‍ നിന്നുമാത്രം വിലയിരുത്താതെ, പൊതുജനഭക്തിയുടെ പശ്ചാത്തലത്തിലും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയണം. അതുകൊണ്ടു മാര്‍പാപ്പ എഴുതി: 'ദൈവശാസ്ത്രത്തിന് താത്ത്വികമായി പരിഹരിക്കാന്‍ സാധിക്കാത്തത് ആത്മീയതയ്ക്ക് പ്രയോഗത്തില്‍ പരിഹരിക്കാന്‍ കഴിയും.'
യേശു രോഗികളോട് അനുകമ്പ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ശരീരികമായിപ്പോലും അവരുടെ സമീപത്ത് ഉണ്ടായിരുന്നു. വാസ്തവത്തില്‍, സുഖപ്പെടുത്തുന്നതിനും സമുദ്ധരിക്കുന്നതിനും അവസരം പാര്‍ത്തിരിക്കുന്നവനെപ്പോലെയാണ് യേശു പെരുമാറിയത്.
തിരുഹൃദയഭക്തി ക്രിസ്‌തോന്മുഖമാണെന്നതില്‍ സംശയമില്ല. അതേസമയം, യേശു പിതാവിങ്കലേക്കുള്ള വഴികാട്ടിയാണെന്ന വസ്തുത മറക്കരുത് (യോഹ. 14:6). ഒടുവിലത്തെ അത്താഴവേളയില്‍ യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്ത കാര്യം ഇതോടു ചേര്‍ത്തുവയ്ക്കണം. തിരുഹൃദയഭക്തിയെ പരിശുദ്ധ ത്രിത്വത്തില്‍ നിന്നു വേറിട്ടു കാണരുത്. യേശു, തന്നെത്തന്നെ പിതാവിനു സമര്‍പ്പിച്ചത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെയാണ്.
ക്രൈസ്തവ ആധ്യാത്മികതയും തിരുഹൃദയഭക്തിയും
തിരുഹൃദയഭക്തിയെപ്പറ്റി സഭ ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന ആദ്യത്തെ രേഖയല്ല 'അവന്‍ നമ്മെ സ്‌നേഹിച്ചു' എന്ന ചാക്രികലേഖനം. തിരുഹൃദയഭക്തിക്ക് ക്രൈസ്തവ ആധ്യാത്മിക പാരമ്പര്യത്തിലുള്ള സ്ഥാനത്തെപ്പറ്റി ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചിട്ടുണ്ട്. ഈശോയുടെ തിരുഹൃദയത്തിന് നമ്മെ പ്രതിഷ്ഠിക്കേണ്ടതിനെപ്പറ്റി അദ്ദേഹം നല്കിയ പ്രബോധനത്തോടൊപ്പം, പതിനൊന്നാം പിയൂസ് മാര്‍പാപ്പയുടെ ഒരു പ്രബോധനവും ശ്രദ്ധാര്‍ഹമാണ്. ഈ ഭക്തി ക്രൈസ്തവ വിശ്വാസപ്രകടനത്തിന്റെ അത്യുച്ചസ്ഥാനത്താണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കര്‍ത്താവിന്റെ കാരുണ്യത്തെ വിലമതിക്കാത്തവര്‍ക്കുള്ള ഒരു മറുപടിയായി ഈ ഭക്തിയെ കാണാമെന്നാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പ്രസ്താവിച്ചത്. യേശുവിന്റെ തിരുഹൃദയത്തിന് നമ്മുടെ ജീവിതത്തിലുള്ള ശ്രേഷ്ഠമായ സാന്നിധ്യത്തിന്റെ പ്രതിഫലനമായി ഈ ഭക്തിയെ മനസ്സിലാക്കണമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അഭിപ്രായപ്പെടുകയുണ്ടായി.
തിരുഹൃദയഭക്തിയെ 'സുവിശേഷത്തിന്റെ സമന്വയ'മായി കാണാമെന്ന് ഫ്രാന്‍സിസ് പാപ്പ എഴുതുന്നു. ശരിയാണ്, ഏതെങ്കിലും വിശുദ്ധര്‍ക്കോ മിസ്റ്റിക്കുകള്‍ക്കോ ലഭിക്കുന്ന ദര്‍ശനങ്ങളെ വിശ്വസിക്കാന്‍ നമുക്കു കടമയില്ല. അവയെ ദൈവവചനമായി സ്വീകരിക്കേണ്ടതുമില്ല, പാപ്പ എഴുതി. എന്നാല്‍ വിശ്വാസികളുടെ ആത്മീയയാത്രയില്‍ അവ പ്രചോദനാത്മകമാണെന്ന കാര്യം വിസ്മരിക്കുകയുമരുത്. മറ്റൊന്നുകൂടി അദ്ദേഹം വ്യക്തമാക്കി. ഈ ദര്‍ശനങ്ങളാണ് തിരുഹൃദയഭക്തിയുടെ ഉത്ഭവകേന്ദ്രമെന്ന ധാരണ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.
തിരുഹൃദയഭക്തിയെ അടിസ്ഥാനമാക്കി ജന്മമെടുത്ത മാസാദ്യവെള്ളിയാചരണത്തെയും ദിവ്യകാരുണ്യ സ്വീകരണത്തെയുംപ്പറ്റി ഈ രേഖ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ദൈവത്തിന്റെ കാരുണ്യത്തിലും പാപമോചനത്തിലും പ്രത്യാശയില്ലാത, അവയൊക്കെ പുണ്യജീവിതം നയിക്കുന്നവര്‍ക്കുമാത്രം ലഭിക്കുന്ന പ്രതിഫലമാണെന്നു കരുതിയിരുന്ന വിശ്വാസികള്‍ക്ക് വലിയ ആശ്വാസം നല്‍കിയ ഒരു ആചരണമാണത്. ഈ ആധുനികയുഗത്തിലും അതിനു പ്രസക്തിയുണ്ടെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ, മറ്റൊരു കാരണത്താലാണെന്നു മാത്രം. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീന വലയത്തില്‍പ്പെട്ടുഴലുന്ന മനുഷ്യര്‍ക്ക് ഒരു മറുമരുന്നായി ഈ ആചരണത്തെ കാണണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. തിരുഹൃദയഭക്തിയിലൂടെ വളരുന്ന യേശുസ്‌നേഹം, സഹോദരസ്‌നേഹത്തിലേക്കു നയിക്കപ്പെടാന്‍ കാരണമാകുമെന്നതിനാല്‍ ഈ ഭക്തി വലിയ രീതിയില്‍ ഇന്നും ശുപാര്‍ശ ചെയ്യപ്പെടേണ്ടതുതന്നെയാണ്.
പക്ഷേ, ഇതിനു തടസ്സമായി നില്‍ക്കുന്ന അനേകം ഘടകങ്ങളുണ്ട്. അവയിലൊന്നാണ് വിശ്വാസജീവിതത്തെ ചോദ്യം ചെയ്യുന്ന ചില വാദങ്ങള്‍. സഭയുടെ ഉള്ളില്‍ത്തന്നെ വളര്‍ന്നു വരുന്ന ചില മതാത്മകശൈലികളാണ് മറ്റൊന്ന്. ഈ വെല്ലുവിളികള്‍ നേരിടാന്‍ തിരുഹൃദയഭക്തി ഒരു നിമിത്തമാകുമെന്ന് മാര്‍പാപ്പ പ്രത്യാശിക്കുന്നു.
തിരുഹൃദയഭക്തിയുടെ വ്യാപനം
സന്യാസസമൂഹങ്ങളിലാണ് ഈ ഭക്തി ആരംഭിച്ചതെങ്കിലും, സാവകാശം മറ്റിടങ്ങളിലേക്കും വ്യാപിച്ചു, ഒരേ രീതിയിലല്ലെങ്കിലും, പല വിശുദ്ധരും യേശുവുമായുള്ള തങ്ങളുടെ അഗാധബന്ധത്തിന്റെ ശക്തിസ്രോതസ്സായി ഈ ഭക്തിയെ പരിഗണിച്ചു. അവരില്‍ മൂന്നു പ്രധാനികളാണ് വി. ജെര്‍ത്രൂദ്, വി. മെറ്റില്‍ഡ, സിയന്നയിലെ വി. കത്രീന എന്നിവര്‍.
തിരുഹൃദയഭക്തിയുടെ വ്യാപനത്തില്‍ മുഖ്യപങ്കുവഹിച്ചവരാണ് സന്യാസസഭകളുടെ സ്ഥാപകരും വിശ്വാസപ്രഘോഷകരായ മറ്റു ചിലരും. വി. ജോണ്‍ യൂഡ്‌സാണ് (1601-1680) തിരുഹൃദയത്തിന്റെ തിരുനാള്‍ ആദ്യമായും ഔദ്യോഗികമായും സഭയില്‍ ആഘോഷിക്കപ്പെടാന്‍ കാരണക്കാരനായത്. ഈ ഭക്തിയുടെ വലിയ ഒരു ഉപാസകനായിരുന്നു വി. ഫ്രാന്‍സിസ് സാലസ്.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍
വി. മേരി മാര്‍ഗരറ്റ് അലക്കോക്കിന് കര്‍ത്താവിന്റെ 'തിരുഹൃദയ രഹസ്യങ്ങള്‍' ദര്‍ശനങ്ങളിലൂടെ വെളിവാക്കപ്പെട്ടപ്പോഴാണ് ഈ ഭക്തി ആഗോളതലത്തില്‍ കൂടുതല്‍ അറിയപ്പെടാന്‍ ഇടയായത്. അവ സംശയത്തിന് ഇടയില്ലാത്ത വിധം വിശ്വാസയോഗ്യമാണെന്നു പറയുമ്പോഴും, അവയെ സ്വീകരിക്കന്‍ നമുക്ക് കടമയില്ലെന്ന കാര്യം മാര്‍പാപ്പ സൂചിപ്പിക്കുന്നുണ്ട്. അവയെ സഭയുടെ ആധ്യാത്മിക പാരമ്പര്യത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല. ആ ദര്‍ശനങ്ങളുടെ വിശദാംശങ്ങളല്ല, മറിച്ച് അവ നല്കുന്ന സന്ദേശമാണ് പ്രധാനപ്പെട്ടത്. മറ്റു വാക്കുകളില്‍, ഇത്തരം ദര്‍ശനങ്ങള്‍ ക്രിസ്തുവുമായുള്ള ബന്ധത്തില്‍ ആഴപ്പെടാന്‍ നമ്മെ സഹായിക്കുന്നു.
തിരുഹൃദയവും ഈശോസഭയും
ഫ്രാന്‍സിസ് മാര്‍പാപ്പ ഈശോസഭാംഗമാണല്ലോ. അതുകൊണ്ടുതന്നെ, ഈ ചാക്രികലേഖനത്തില്‍, ഈശോയുടെ തിരുഹൃദയവും താന്‍ അംഗമായിരിക്കുന്ന ഈശോസഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചില പരാര്‍ശങ്ങളുണ്ട്. ഈശോസഭാ സ്ഥാപകനായ വി. ഇഗ്നേഷ്യസ് ലെയോള തന്റെ പ്രസിദ്ധമായ 'ആത്മീയാഭ്യാസങ്ങളില്‍' (Spiritual Exercises), ഈശോയുടെ കുത്തിത്തുറക്കപ്പെട്ട പാര്‍ശ്വത്തെ ധ്യാനിച്ച്, അവനിലേക്കു നയിക്കപ്പെടുന്നതിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയില്‍ വളരുകയും, ആ ഭക്തി പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ ഈശോസഭാംഗങ്ങള്‍ക്കു സവിശേഷമായ കടമയുണ്ടെന്ന് അവരുടെ ഒരു പൊതുസമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി. 1871 ലും 1972 ലും ഈശോസഭയെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുകയും ചെയ്തു. ഈശോയുടെ തിരുഹൃദയവും ഈശോസഭയും തമ്മിലുള്ള സവിശേഷബന്ധം പരിഗണിച്ച്, ഈ ഭക്തി പ്രചരിപ്പിക്കുന്നതില്‍ ഈശോസഭാംഗങ്ങള്‍ക്കു പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ അവരെ ആഹ്വാനം ചെയ്യുകയുണ്ടായി.
യേശുവുമായി ബന്ധപ്പെട്ട പല ഭക്താനുഷ്ഠാനങ്ങളെയും - കുരിശിന്റെ വഴി, തിരുഹൃദയഭക്തി, വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ദിവ്യകാരുണ്യഭക്തി തുടങ്ങിയ - ദൈവശാസ്ത്രത്തിന്റെ വീക്ഷണകോണില്‍ നിന്നുമാത്രം വിലയിരുത്താതെ, പൊതുജനഭക്തിയുടെ പശ്ചാത്തലത്തിലും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയണം. അതുകൊണ്ടു മാര്‍പാപ്പ എഴുതി: 'ദൈവശാസ്ത്രത്തിന് താത്ത്വികമായി പരിഹരിക്കാന്‍ സാധിക്കാത്തത് ആത്മീയതയ്ക്ക് പ്രയോഗത്തില്‍ പരിഹരിക്കാന്‍ കഴിയും.'
ഈ ഭക്തിയുടെ ഉപാസകരായി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ രേഖയില്‍ പേരെടുത്തു പരാമര്‍ശിക്കുന്നവര്‍ വി. വിന്‍സെന്റ് ഡി പോള്‍, പിയെത്രച്ചീനയിലെ വി. പീയൂസ്, കല്‍ക്കട്ടയിലെ വി. തെരേസ, വി. ഫൗസ്തീന, വി. ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരാണ്.
തിരുഹൃദയഭക്തിക്ക് ദൈവ ശാസ്ത്രാടിസ്ഥാനമുണ്ടോ?
വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഭക്താനുഷ്ഠാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കുന്നത് ശരിയല്ലെന്നു കരുതുന്ന ഒരു വിഭാഗം സഭയിലുണ്ട്, പ്രത്യേകിച്ച് ആരാധനക്രമാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം കുറയാന്‍ ഭക്തിപ്രസ്ഥാനങ്ങള്‍ കാരണമാകുന്നുവെന്നു കരുതുന്നവര്‍. ഭക്താനുഷ്ഠാനങ്ങള്‍ക്ക് ദൈവശാസ്ത്ര അടിത്തറയില്ലെന്ന വാദമാണ് അക്കൂട്ടര്‍ ഉയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് തിരുഹൃദയഭക്തിക്ക് ദൈവശാസ്ത്രാടിസ്ഥാനമുണ്ടോ എന്ന മാര്‍പാപ്പയുടെ ചോദ്യം പ്രസക്തമാകുന്നത്. ഉയിര്‍ത്തെഴുന്നേറ്റ യേശു സ്വര്‍ഗസ്ഥനായിരിക്കെ, എങ്ങനെയാണ് ഈശോയുടെ തിരുഹൃദയഭക്തി പ്രചരിപ്പിക്കാന്‍ സാധിക്കുക എന്നതാണ് ചില സംശയാലുക്കള്‍ ഉയര്‍ത്തുന്ന ചോദ്യം.
ഈ ചോദ്യത്തിനു മാര്‍പാപ്പ നല്‍കുന്ന ഉത്തരം ഇപ്രകാരം സംഗ്രഹിക്കാം. 'സാധാരണക്കാരായ വിശ്വാസികളുടെ വിശ്വാസപരമായ കാര്യങ്ങള്‍ ചലിക്കുന്നത് മനുഷ്യബുദ്ധിക്ക് അതീതമായ രീതിയിലാണ്. യേശുവിന്റെ പീഡാനുഭവം ഭൂതകാലത്തിലെ വെറും ഒരു സംഭവമല്ല. മറിച്ച്, ഇന്നും മനുഷ്യമനസ്സുകളില്‍ രൂഢമൂലമായിരിക്കുന്ന വിശ്വാസബോധ്യമാണ്. ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്റെ മുറിവേറ്റ ഹൃദയത്തിന്റെ തുടിക്കുന്ന ഓര്‍മ്മ ഇന്നും അവരിലുണ്ട്. ഈ സന്ദര്‍ഭത്തില്‍ മാര്‍പാപ്പ ഉദ്ധരിക്കുന്നത് വി. അഗസ്റ്റിനെയാണ്. ''ഞാന്‍ പറയുന്നത് സ്‌നേഹമുള്ളവനു മനസ്സിലാകും.'' അതുകൊണ്ട്, വിശുദ്ധ ദൈവജനത്തിന്റെ ഭക്തിതീക്ഷ്ണതയെ ആരും നിസ്സാരവല്‍ക്കരിക്കാതിരിക്കട്ടെ.
ചാക്രികലേഖനത്തിലെ ഈ വരികളിലൂടെ കടന്നുപോകുമ്പോള്‍, ദേവാലയത്തിലെ മദ്ബഹയില്‍ പ്രതിഷ്ഠിക്കേണ്ടത് പാര്‍ശ്വം പിളര്‍ക്കപ്പെട്ട ക്രൂശിതന്റെ രൂപമുള്ള കുരിശാണോ ക്രൂശിതനില്ലാത്ത കുരിശാണോ എന്ന കാര്യം ആലോചനാമൃതമാണ്.
തിരുഹൃദയഭക്തി പ്രായോഗികജീവിതത്തില്‍
തിരുഹൃദയത്തോടുള്ള ഭക്തി സഹോദരങ്ങളോടുള്ള സ്‌നേഹത്തിലൂടെ എങ്ങനെ പ്രായോഗികമാക്കാമെന്ന വിഷയമാണ് ചാക്രികലേഖനത്തിലെ മറ്റൊരു പ്രമേയം. ''എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തു തന്നത്'' (മത്താ. 25:40). എന്ന വാക്യത്തിന്റെ ചുവടുപിടിച്ചാണ് അദ്ദേഹം ഈ വിഷയം അവതിപ്പിച്ചിരിക്കുന്നത്. ഇതു യാഥാര്‍ഥ്യമാകണമെങ്കില്‍, വി. ജോണ്‍ പോള്‍ രണ്ടാമന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതുപോലെ സമൂഹത്തില്‍ 'സ്‌നേഹസംസ്‌കാരം' (Civilization of love) വളര്‍ത്തിയെടുക്കണം. ഇതിന് അവശ്യം വേണ്ടത്, നമ്മുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തോട് അനുരൂപപ്പെടുത്തുക എന്നതാണ്. നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ അവ എത്രതന്നെ നല്ലതും അഭിനന്ദനാര്‍ഹവും ആയിക്കൊള്ളട്ടെ - തിരുഹൃദയത്തോടു ചേര്‍ത്തുവയ്ക്കുമ്പോഴേ അവ ജീവസ്സുറ്റവയും പ്രകാശം പരത്തുന്നവയുമാകൂ. മറിച്ചായാല്‍, അവ സാമൂഹികപ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമായിത്തീരും.
ക്രൈസ്തവവീക്ഷണത്തില്‍, നീതിയുടെ പ്രവര്‍ത്തനം അര്‍ഥപൂര്‍ണ്ണമാകുന്നത് രണ്ടു കാര്യങ്ങള്‍ നിവൃത്തിതമാകുമ്പോഴാണ്. നമ്മുടെ തെറ്റുകള്‍ സമ്മതിക്കുക എന്നതാണ് ആദ്യത്തേത്. തെറ്റിനു മാപ്പുചോദിക്കുക എന്നത് രണ്ടാമത്തേതും. തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കുന്നത് വ്യക്തിയുടെ മഹത്വത്തെ ഉയര്‍ത്തിക്കാണിക്കുന്നു. അത് ദൈവത്തിനു പ്രീതികരമായ ക്രൈസ്തവ പുണ്യമാണ്. കാരണം, അനുതപിക്കുന്ന ഹൃദയത്തെ സ്വീകരിക്കുന്നവനാണ് ദൈവം. മുറിവുകള്‍ സുഖപ്പെടുത്തുന്നതിനും ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിനും അത് അത്യന്താപേക്ഷിതമാണ്.
സാമൂഹിക മാധ്യമങ്ങളുടെ സ്വാധീന വലയത്തില്‍ പ്പെട്ടുഴലുന്ന മനുഷ്യര്‍ക്ക് ഒരു മറുമരുന്നായി ഈ ആചരണത്തെ കാണണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. തിരുഹൃദയ ഭക്തിയിലൂടെ വളരുന്ന യേശുസ്‌നേഹം, സഹോദര സ്‌നേഹത്തിലേക്കു നയിക്കപ്പെടാന്‍ കാരണമാകുമെന്നതിനാല്‍ ഈ ഭക്തി വലിയ രീതിയില്‍ ഇന്നും ശുപാര്‍ശ ചെയ്യപ്പെടേണ്ടതു തന്നെയാണ്.
തിരുഹൃദയഭക്തിയുടെ പ്രേഷിത മാനം
ഈശോയുടെ തിരുഹൃദയത്തോടുള്ള വ്യക്തിപരമായ ഭക്തി എത്രതന്നെ ഉന്നതമായിരുന്നാലും സഹോദരങ്ങളോടുള്ള ബന്ധത്തില്‍ അതു പ്രകടിപ്പിക്കുന്നില്ലെങ്കില്‍, യഥാര്‍ഥ ക്രൈസ്തവ ഭക്തിയായി കരുതാനാവില്ല. അതുകൊണ്ട് മനുഷ്യസമൂഹത്തോടു ബന്ധമില്ലാത്ത മതാനുഭൂതികള്‍ വീണ്ടുവിചാരത്തിനു വിധേയമാക്കണം. അതേസമയം, സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശ്വാസജീവിതത്തെ തള്ളിപ്പറയുന്നതുമാകരുത്. തിരുഹൃദയഭക്തിയുടെ പ്രേഷിതമാനമെന്നു പറയുന്നത്,
വി. ജോണ്‍ പോള്‍ രണ്ടാമന്‍ പറയുന്നതുപോലെ, 'ആ ഭക്തിയില്‍ നിന്ന് ഉത്ഭൂതമാകുന്ന സാമൂഹിക പ്രതിബദ്ധതയാണ്.' ഈശോയുടെ തിരുഹൃദയത്തോടു ചേര്‍ന്നനിന്നുള്ള പ്രേഷിത പ്രവര്‍ത്തനത്തിന്റെ ശക്തിയെപ്പറ്റി വി. പോള്‍ ആറാമന്‍ പറഞ്ഞിട്ടുള്ള ഒരു വാക്യം ഫ്രാന്‍സിസ് പാപ്പ ഉദ്ധരിക്കുന്നുമുണ്ട്.
ക്രിസ്ത്യാനികളായ നമുക്ക് സഹോദരങ്ങളോടും സഭയോടും ബന്ധപ്പെട്ടു മാത്രമേ ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ വളരാന്‍ കഴിയൂ. ഇത് ആദ്യം പ്രതിഫലിക്കേണ്ടത് നാം ജീവിക്കുന്ന, നമുക്കു ചുറ്റുമുള്ള സമൂഹത്തിലാണ്. എന്നിട്ടുവേണം പുറത്തേക്കു വ്യാപിപ്പിക്കാന്‍. മറിച്ചായാല്‍, നാം ലക്ഷ്യത്തില്‍ എത്തിച്ചേരില്ല.
സമ്പത്തില്‍ അമിതമായി ആശ്രയിക്കുകയും ഉപഭോഗതൃഷ്ണയാല്‍ ജ്വലിക്കുകയും ചെയ്യുന്ന ആധുനിക സമൂഹത്തില്‍, സഹോദര്യത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹനിര്‍മ്മിതിക്കു മാത്രമേ നമ്മെ കരകയറ്റാന്‍ കഴിയൂ. സഭയ്ക്കുള്ളിലും ഈ ചിന്തയുടെ പ്രതിഫലനങ്ങള്‍ ഉണ്ടാകണം. സ്വാര്‍ഥതയെയും വിഭാഗീയതയെയും കാലോചിതമല്ലാത്ത ഘടനാസംവിധാനങ്ങളെയും താല്‍പര്യങ്ങളെയും അതിജീവിക്കാതെ ദൈവം ആഗ്രഹിക്കുന്ന ഈ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയില്ല.