ദളിത്ബന്ധു എന്‍ കെ ജോസ്: ചരിത്രത്തിനു മുമ്പിലെ ചോദ്യചിഹ്നം

ദളിത്ബന്ധു എന്‍ കെ ജോസ്: ചരിത്രത്തിനു മുമ്പിലെ ചോദ്യചിഹ്നം

എന്‍ കെ ജോസിനെ നമ്മള്‍ ഓര്‍മ്മിക്കേണ്ടത് അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളുടെ പേരിലാണ്, ഉത്തരങ്ങളുടെ പേരിലല്ല. ഈ ചോദ്യങ്ങള്‍ക്കുത്തരം പറയാതെ വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ക്ക് അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുമില്ല.

എനിക്കും ഭാര്യ സോഫി ജോസിനും വളരെയേറെ പ്രിയപ്പെട്ടവരായിരുന്നു ദളിത്ബന്ധു ശ്രീ. എന്‍ കെ ജോസും അദ്ദേഹത്തിന്റെ കുടുംബവും. എന്‍ കെ ജോസിന്റെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ചരിത്രസമ്മേളനം ഒരുവട്ടം എന്റെ വീട്ടില്‍ വച്ചു നടത്തിയിട്ടുണ്ട്. അന്നു എന്റെ ഭാര്യയും അതില്‍ പ്രസംഗിച്ചിരുന്നു. ജോസേട്ടനും പോയി, എന്റെ ഭാര്യയും പോയി. ആ ദുഃഖത്തിലിരിക്കുകയാണു ഞാന്‍.

എന്‍ കെ ജോസിനെക്കുറിച്ച് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. ചങ്ങനാശേരി എസ് ബി കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. കെ ടി സെബാസ്റ്റ്യന്റെ വാക്കുകളാണ് യഥാര്‍ത്ഥത്തിലവ. എന്‍ കെ ജോസിന്റെ എഴുത്തും ലേഖനങ്ങളുമെല്ലാം വ്യവസ്ഥാപിത ചരിത്രകാരന്മാരുടെ ഇടയില്‍ ഒരു കടിയീച്ചയുടെ അനുഭവമാണുണ്ടാക്കുന്നതെന്നാണ് പ്രൊഫ. സെബാസ്റ്റ്യന്‍ പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. സാധാരണയായി ആളുകള്‍ പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ശൈലിയില്‍ വിവരിച്ചു പോകുന്ന ഒരു ചരിത്രസംഭവത്തെ എന്‍ കെ ജോസ് വിമര്‍ശനാത്മകമായി കാണുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. എന്‍ കെ ജോസിനെ നമ്മള്‍ ഓര്‍മ്മിക്കേണ്ടത് അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളുടെ പേരിലാണ്, ഉത്തരങ്ങളുടെ പേരിലല്ല. ഈ ചോദ്യങ്ങള്‍ക്കുത്തരം പറയാതെ വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ക്ക് അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുമില്ല. പോത്തിന്റെ ദേഹത്തിരുന്നു കടിയീച്ച കടിക്കുമ്പോള്‍ പോത്തിനു അസ്വസ്ഥത തോന്നും. ഇതുപോലെ അസ്വസ്ഥമാക്കുന്നതായിരുന്നു എന്‍ കെ ജോസിന്റെ ചോദ്യങ്ങള്‍. ഇത് ശരിയാണെന്നു വിശ്വസിക്കുന്നയാളാണു ഞാനും.

എന്‍ കെ ജോസിന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ എനിക്കും സാധിച്ചിട്ടില്ല. എങ്കില്‍തന്നെയും അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ വളരെ പ്രസക്തങ്ങളായിരുന്നു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ചേര്‍ത്തല, മുട്ടം സെന്റ് മേരീസ് പള്ളിയുടെ സഹസ്രാബ്ദിയാഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ ഞാന്‍ പ്രസംഗിക്കുകയുണ്ടായി. ആ പ്രസംഗത്തിനു തയ്യാറെടുക്കാന്‍ പഴയ ചില ലേഖനങ്ങള്‍ വായിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ആ സമയത്ത് കേരള ചരിത്ര കോണ്‍ഗ്രസിന്റെ ഒരു സമ്മേളനം എനിക്കോര്‍മ്മ വന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്, തൊണ്ണൂറുകളിലായിരിക്കണം, ചരിത്രകോണ്‍ഗ്രസിന്റെ പതിവു വാര്‍ഷിക സമ്മേളനത്തില്‍ എന്‍ കെ ജോസും ഞാനും രണ്ടു പ്രബന്ധങ്ങളവതരിപ്പിച്ചു. എന്‍ കെ ജോസിന്റേത് മുട്ടം സെ.മേരീസ് പള്ളിയെ കുറിച്ചും എന്റേത് പള്ളിപ്പുറം സെ.മേരീസ് പള്ളിയെ കുറിച്ചും ഉള്ള പ്രബന്ധങ്ങളായിരുന്നു. രണ്ടും പുരാതനദേവാലയങ്ങളാണല്ലോ.

എന്‍ കെ ജോസിന്റെ പ്രബന്ധത്തില്‍ വളരെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളുണ്ടായിരുന്നു. മുട്ടം ഇടവകസമൂഹം, തുടക്കം മുതല്‍, അതായത് നമുക്കറിയാവുന്ന കാലം മുതല്‍, ക്രൈസ്തവസഭയില്‍ വലിയ അന്തഃഛിദ്രങ്ങളും വഴക്കുകളും ഉണ്ടാകുമ്പോള്‍ അനുരഞ്ജനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ അതിനുള്ള ശ്രമങ്ങള്‍ നടത്തുമായിരുന്നു എന്നാണദ്ദേഹം പറഞ്ഞത്. അതു സ്ഥാപിക്കാനായി അദ്ദേഹം അഞ്ചോ ആറോ ഉദാഹരണങ്ങളും അവതരിപ്പിച്ചു. ഏറ്റവുമാദ്യത്തെ ഉദാഹരണം പറയാം. 1560 കളില്‍ അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തായായിരുന്ന മാര്‍ അബ്രാഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചില സംശയങ്ങളും തെറ്റിദ്ധാരണകളുമെല്ലാമുണ്ടായിരുന്നതുകൊണ്ട് ഗോവന്‍ സഭാധികാരികള്‍ അദ്ദേഹത്തെ രണ്ടു വട്ടം അറസ്റ്റ് ചെയ്തു. അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടാണല്ലോ അദ്ദേഹം മുപ്പതില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ അങ്കമാലിയില്‍ ഭരണം നടത്തിയത്. അക്കാലത്ത് ഗോവന്‍ അധികാരികളില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിക്കാന്‍ മുന്‍കൈയെടുത്തതിന്റെ ചരിത്രം മുട്ടത്തു പള്ളിക്കുണ്ട്. കൂനന്‍കുരിശു സത്യത്തിലേക്കു നീങ്ങുമ്പോള്‍, പില്‍ക്കാലത്ത് ഓര്‍ത്തഡോക്‌സും കത്തോലിക്കരുമായി തിരിഞ്ഞ രണ്ടു വിഭാഗത്തില്‍ പെട്ടവരെ ഒരുമിപ്പിച്ചുകൂട്ടി ഏതാനും യോഗങ്ങളും മുട്ടം പള്ളിയില്‍ വച്ചു നടത്തി. ഇതായിരുന്നു രണ്ടാമത്തെ ഉദാഹരണം. ഇത്തരം ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട് വളരെ ശ്രദ്ധേയമായ ഒരു ലേഖനമാണ് എന്‍ കെ ജോസ് അന്ന് അവതരിപ്പിച്ചത്. പള്ളിപ്പുറം പള്ളിയിലെ വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള ശവകുടീര രേഖകളെ കുറിച്ചായിരുന്നു എന്റെ പ്രബന്ധം. തൊണ്ണൂറുകളിലായിരുന്നു ഈ പ്രബന്ധാവതരണങ്ങള്‍ എന്നോര്‍ക്കണം. ഇങ്ങനെ ചെറുതെന്നു നമുക്കു തോന്നുന്നതും എന്നാല്‍ വളരെ പ്രസക്തമായിട്ടുള്ളതുമായ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ചരിത്ര, ബൗദ്ധിക രംഗങ്ങളില്‍ തികച്ചും അഭിനന്ദനീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളെന്ന നിലയില്‍ നാമെപ്പോഴും ബഹുമാനിക്കേണ്ട ഒരാളാണ് എന്‍ കെ ജോസ്. ഇത്തരമാളുകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഒരു സമൂഹമോ സഭയോ സമുദായമോ ഒക്കെ വളരുകയും നിലനില്‍ക്കുകയും ചെയ്യുന്നത്.

അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും എനിക്കു യോജിപ്പില്ല. പക്ഷേ വിയോജിപ്പുകള്‍ തുറന്നു പറയുന്നതിനെ അദ്ദേഹം എപ്പോഴും സ്വാഗതം ചെയ്തിരുന്നു. ഞങ്ങളുടെ സൗഹൃദമൊന്നും അഭിപ്രായവ്യത്യാസങ്ങളെ മാറ്റിവച്ചുകൊണ്ടായിരുന്നില്ല. ഇതാണല്ലോ ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന പ്രമാണം തന്നെ. സ്വതന്ത്രമായി പരസ്പരം ആശയങ്ങളും അഭിപ്രായങ്ങളും കൈമാറുക. അതിനദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല. തന്റെ അഭിപ്രായങ്ങളെല്ലാം മുഖം നോക്കാതെ പറയാന്‍ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു. അതാണ് എനിക്കദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും. ആ അഭിപ്രായങ്ങളോടെല്ലാം യോജിപ്പില്ലെങ്കിലും അതു പറയാനദ്ദേഹം കാണിച്ച ആര്‍ജവത്തിനൊപ്പമായിരുന്നു എന്നും ഞാന്‍.

ദളിതരെ ചരിത്രരംഗത്തു നിന്നു മാറ്റിനിറുത്താന്‍ ശ്രമിക്കുന്നതിനെതിരെ എന്‍ കെ ജോസ് ശക്തിയായി സംസാരിച്ചിരുന്നു. 'ദളിത്ബന്ധു' എന്ന ബഹുമതി അദ്ദേഹം പേരിനോടൊപ്പം ചേര്‍ത്തു. അതിന്റെ യുക്തിയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. മുതലാളി എന്നു ചിലരെ വിളിക്കുന്നു. അവരാരും മുതലാളിമാരായി ജനിച്ചതല്ലല്ലോ. അവര്‍ക്കു മുതലാളി ആകാമെങ്കില്‍ തനിക്കു ദളിത്ബന്ധുവും ആകാമെന്നു അദ്ദേഹം പറഞ്ഞു. അതൊക്കെ വളരെ നല്ല വ്യക്തിത്വസവിശേഷതയുടെ ഒരു പ്രതിഫലനമായിട്ടാണു ഞാന്‍ കാണുന്നത്. അദ്ദേഹം ആരേയും ഭയപ്പെട്ടിരുന്നില്ല.

ഗാന്ധിയുടെ വാര്‍ധ ആശ്രമത്തില്‍ അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗാന്ധിയെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ഗാന്ധിയെ ആദ്യമായി വിമര്‍ശിക്കുന്നത് എന്‍ കെ ജോസ് അല്ലല്ലോ. പലരും ഗാന്ധിയെ വിമര്‍ശനാത്മകമായി സമീപിച്ചിട്ടുണ്ട്. അവരിലൊരാളായിരുന്നു എന്‍ കെ ജോസും. ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കല്‍പത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നവരായിരുന്നു നെഹ്രുവും അംബേദ്കറും. ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുവാന്‍ യോജിക്കുന്നതല്ല ഗാന്ധിയന്‍ ചിന്ത എന്നു അവര്‍ കരുതി. ഇന്ത്യന്‍ സമൂഹത്തിലുള്ള അവാന്തരവിഭാഗങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും കാണാതെയാണ് ഈ സമൂഹം ഒന്നിച്ചു നിന്നാല്‍ എല്ലാം നേടാന്‍ കഴിയും എന്ന ചിന്ത, ഗാന്ധി പുലര്‍ത്തിയതെന്ന് എന്‍ കെ ജോസും കരുതി. ഗ്രാമങ്ങള്‍ ഭരിക്കുന്നത് ജാതീയമായി ഉന്നതശ്രേണികളിലുള്ളവരായിരിക്കും, താഴ്ന്ന ജാതികളിലുള്ളവര്‍ക്ക് അധികാരമുണ്ടാകില്ല. ഇതായിരുന്നു വിമര്‍ശനത്തിന്റെ ഒരു അടിസ്ഥാനം. ഗ്രാമങ്ങളിലെ ജാതിവ്യവസ്ഥ ഇല്ലാതായാല്‍ മാത്രമേ ഗ്രാമസ്വരാജ് പ്രയോജനകരമാകുകയുള്ളൂ.

പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ ക്വാദ്രേ ജെസിമോ ആന്നോ എന്ന ചാക്രികലേഖനത്തില്‍ അധികാരവികേന്ദ്രീകരണം എന്ന സങ്കല്‍പം മുന്നോട്ടു വയ്ക്കുന്നുണ്ട്. റേരും നൊവാരും എന്ന ചാക്രികലേഖനത്തിന്റെ നാല്‍പതാം വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ചതാണ്.

മനുഷ്യജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഏറ്റവും നല്ലത് വികേന്ദ്രീകരണഭരണകൂടമാണെന്ന് പയസ് പതിനൊന്നാമന്‍ അതില്‍ പറയുന്നു. പക്ഷേ യൂറോപ്പിലെ സാഹചര്യമനുസരിച്ചാണ് അദ്ദേഹം അതു വിഭാവനം ചെയ്തത്. അതു മുകളില്‍ നിന്നു താഴോട്ടുള്ള വികേന്ദ്രീകരണമാണ്. ഗാന്ധിയുടേത് താഴെ നിന്നു മുകളിലോട്ടുള്ളതുമായിരുന്നു. ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് പയസ് പതിനൊന്നാമന്റെ സങ്കല്‍പമനുസരിച്ചുള്ള വികേന്ദ്രീകരണമാണെന്നു പറയാം.

എന്‍ കെ ജോസ് ഇക്കാര്യങ്ങളെല്ലാം ഗൗരവത്തിലെടുത്തിരുന്നു. തനിക്കേറെ പ്രിയപ്പെട്ട ദളിത് വിഭാഗത്തിനു പ്രാതിനിധ്യം കുറയുന്നു ഗാന്ധിയുടെ ഗ്രാമസ്വരാജിലെന്ന് അദ്ദേഹം കരുതിയിരുന്നു. ആ വിമര്‍ശനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതു ശരിയുമാണ്.

ഔദ്യോഗിക ചരിത്രരചയിതാക്കള്‍ക്കു പോലും വ്യക്തമായ ധാരണകള്‍ രൂപീകരിക്കാന്‍ സാധിക്കാത്ത ചില മേഖലകളുണ്ട്. കേട്ടറിവും കണ്ടറിവും ഒക്കെ കൂട്ടിയിട്ടുള്ള ചരിത്രമാണ് മിക്കവാറും നമുക്കു ലഭ്യമാകുന്നത്. ഗവേഷണം ചെയ്യുന്നവര്‍ അതു പ്രസിദ്ധീകരിച്ച്, അതിനു വരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്, തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകണം. കേരളത്തിലെ ചരിത്രരചനാരംഗത്ത് അതൊന്നും വേണ്ടത്ര ഇല്ല. അതുകൊണ്ടാണ് എന്‍ കെ ജോസ് നിരന്തരം പ്രതികരിച്ചുകൊണ്ടിരുന്നത്.

ചരിത്രസംബന്ധിയായ രചനകളുടെയും ഗവേഷണങ്ങളുടെയും രംഗത്ത് എന്‍ കെ ജോസ് കഠിനമായി അധ്വാനിച്ചിട്ടുണ്ട്. ചരിത്രപഠനത്തിനുവേണ്ടി കിട്ടാവുന്ന പുസ്തകങ്ങളും രേഖകളുമെല്ലാം അദ്ദേഹം സമ്പാദിച്ചുകൊണ്ടിരുന്നു. അദ്ദേഹമെഴുതിയ പുസ്തകങ്ങള്‍ തന്നെ നൂറിലേറെയുണ്ടല്ലോ. ഈ പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും മറ്റു രേഖകളും പുസ്തകങ്ങളും എല്ലാം കൂടി അദ്ദേഹം കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലക്ക് അദ്ദേഹം തന്റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പു നല്‍കുകയുണ്ടായി. അന്നത്തെ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ വന്ന് അതെല്ലാം ഏറ്റുവാങ്ങുകയും യൂണിവേഴ്‌സിറ്റിയില്‍ എന്‍ കെ ജോസ് കളക്ഷന്‍സ് എന്ന പേരില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലക്ക് അഭിനന്ദനങ്ങള്‍ നേരുകയും ചെയ്യുന്നു.

ദളിത്ബന്ധു എന്‍ കെ ജോസിന്റെ ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങളിലൂടെയും രചനകളിലൂടെയും അമര്‍ത്യമായി തുടരും.

  • (അഭിമുഖസംഭാഷണം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org