ദളിത്ബന്ധു: അഭിപ്രായഭേദങ്ങള്‍ക്കപ്പുറത്തെ ആത്മാര്‍ത്ഥത

ദളിത്ബന്ധു: അഭിപ്രായഭേദങ്ങള്‍ക്കപ്പുറത്തെ ആത്മാര്‍ത്ഥത

മാര്‍ച്ച് 5-ന് 95-ാം വയസ്സില്‍ നിര്യാതനായ ദളിത്ബന്ധു എന്‍ കെ ജോസ് ഏഴ് പതിറ്റാണ്ടിലധികമായി കേരളത്തിലെ സാംസ്‌കാരിക, സാമൂഹിക ജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. ചരിത്ര ഗവേഷകന്‍, സോഷ്യലിസ്റ്റ്, സാമുദായ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ്, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളില്‍ ആഴമേറിയ സംഭാവനകള്‍ അദ്ദേഹം സമൂഹത്തിന് നല്‍കി. കുടവച്ചൂരില്‍ ജനിച്ച എന്‍ കെ ജോസ് തേവര എസ് എച്ച് കോളജിലും എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജിലുമായി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗാന്ധിജിയുടെ വാര്‍ധയിലെ ആശ്രമത്തില്‍ ഉപരിപഠനവും നടത്തി. ഡോ. ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും ആശയങ്ങളില്‍ ആകൃഷ്ടനായി സോഷ്യലിസ്റ്റ് രാഷ്ട്രീയം സ്വീകരിച്ചു.

കേരളത്തിലെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല സംസ്ഥാന സെക്രട്ടറി ആയിരുന്നു ജോസ്. പി എസ് പി മന്ത്രിസഭയുടെ കാലത്ത് നടന്ന വെടിവയ്പ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി പട്ടം താണുപിള്ളയുമായി തെറ്റുകയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സാമുദായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഫാ. വടക്കന്റെ മലനാട് കര്‍ഷകസമരത്തിലും പങ്കെടുത്തിരുന്നു. എല്ലായിടത്തും സ്വന്തം അഭിപ്രായവും വ്യക്തിത്വവും നിലനിര്‍ത്തി.

എ കെ സി സി യുടെ സംസ്ഥാന ട്രഷറര്‍ ആയും ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡണ്ടായും 9 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 1974 ല്‍ കേരള ഹിസ്റ്ററി കോണ്‍ഗ്രസ് എന്ന സംഘടനയുടെ സ്ഥാപക സെക്രട്ടറിയായി.

150 ലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇവയെ പ്രധാനമായും നാലു വിഭാഗങ്ങളായി തിരിക്കാം. ആദ്യകാല ഗ്രന്ഥങ്ങള്‍, എന്‍ കെ ജോസിനെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍, നസ്രാണി വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍, ദളിത് വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ എന്നിവയാണ് ഇവ. ഇതില്‍ ദളിത് ഗ്രന്ഥങ്ങളാണ് നൂറിലധികവും. ഇന്ത്യയില്‍ ഏറ്റവും അധികം ദളിത് ചരിത്രഗ്രന്ഥങ്ങള്‍ രചിച്ച ചരിത്രകാരന്‍ എന്ന ബഹുമതിയും എന്‍ കെ ജോസിനുണ്ട്. ഗാന്ധി, ഗാന്ധിസം, ദളിതര്‍, ആരാണ് വിദേശികള്‍?, ശിപ്പായി ലഹള: ഒരു ദളിത് മുന്നേറ്റം, കേരള പരശുരാമന്‍: ഒരു പുലയശത്രു. വിവേകാനന്ദന്റെ ഭ്രാന്താലയം, പുലയരുടെ സമ്പൂര്‍ണ്ണ ചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയിട്ടുള്ളവയാണ്.

ഇരുപതോളം വിവിധ അംഗീകാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം കഴിഞ്ഞവര്‍ഷം നേടിയത് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയൊരു അംഗീകാരം ആയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org