ദൈവം നൂണ്ട നൂളൽ

ക്രിസ്മസ് കുറിപ്പുകൾ [സ്നേഹം ശരീരമായി-1]
Christmas Notes [Love Made Flesh – 1] The Thread Spun by God
Published on: 

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന പ്രഖ്യാപനത്തോടെയാണ് വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ പലതും ഹീബ്രു ഭാഷയിലെ ആ സപ്താക്ഷരിയിലുണ്ട്. ദൈവം നിത്യനാണെന്നും സ്ഥലകാലങ്ങൾക്ക് അതീതനാണെന്നും ബൈബിളിന്റെ ഈ പ്രഥമവചനംതന്നെ വ്യക്തമാക്കുന്നുണ്ട്. ആകാശം എന്നത് ഇടം അഥവാ സ്പെയ്സിനെയും ഭൂമി പദാർത്ഥിക ലോകത്തെയും ആദി എന്നത് കാലത്തെയും സൂചിപ്പിക്കുന്നു എന്ന് പറയുന്നവരുണ്ട്. ചുരുക്കത്തിൽ കാലം ഉണ്ടാകുന്നത് സ്പേസിനോടും പദാർത്ഥിക പ്രപഞ്ചത്തോടും ഒപ്പമാണ്. (കാലം എന്നത് പദാത്ഥത്തിന്റെ മാറ്റത്തിന്റെ ഏകകമാണ് എന്നുവരികിൽ, പദാർത്ഥികലോകം ഉണ്ടാകുന്നതിനുമുമ്പ് കാലം ഉണ്ടായിരുന്നില്ല എന്ന വിശുദ്ധഗ്രന്ഥത്തിന്റെ നിരീക്ഷണം തികച്ചും സാധുവാണല്ലോ!) അവ മൂന്നിനെയും സൃഷ്ടിക്കുന്നത് ദൈവമാണ്. സ്രഷ്‌ടാവിന്റെ ആത്മപ്രകാശനമാണ് സൃഷ്ടിയെങ്കിലും, സ്രഷ്ടാവ് സൃഷ്ടിയിൽനിന്ന് വ്യത്യസ്തവും ഉപരിയുമാണ് എന്നതാണ് യാഹൂദിക-ക്രൈസ്തവ സങ്കല്പം. ഉല്പത്തി പുസ്തകത്തിനോട് സമാനമായി സുവിശേഷവും (യോഹന്നാൻ) ആരംഭിക്കുന്നത് “ആദിയിൽ വചനം ഉണ്ടായിരുന്നു” എന്നാണ്. കാലം ആരംഭിക്കുമ്പോൾ വചനം അതിനുമുമ്പുതന്നെ ഉണ്ടായിരുന്നു എന്നാണ് സൂചന.

നാലഞ്ച് തലമുറ അപ്പുറത്തേക്കുള്ള ആളുകളുടെ പേരുകൾ അറിയാവുന്നവർ നമ്മിൽ എത്രപേർ കാണും! എന്നാൽ, യഹൂദ ജനതയ്ക്ക് തങ്ങളുടെ പൂർവികപാരമ്പര്യത്തെക്കുറിച്ച് സാമാന്യം കൃത്യതയുണ്ടായിരുന്നു. ഒരുപക്ഷേ, ഇസ്രായേലിനോളം ചരിത്രത്തിന് ഇത്രയേറെ പ്രാധാന്യം കൽപ്പിക്കുന്ന മറ്റൊരു ജനവിഭാഗം വേറെയുണ്ടാകും എന്ന് തോന്നുന്നില്ല. അവർ ഉരുവായതിന്റെ ആദ്യനാൾ തൊട്ട് ദൈവം അവരോടൊപ്പം നടക്കുന്നു എന്നാണ്; തങ്ങളുടെ ചരിത്രം രക്ഷയുടെ ചരിത്രമാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നതുതന്നെ യേശുവിന്റെ വംശാവലി വിവരിച്ചുകൊണ്ടാണല്ലോ. മനുഷ്യാവതാരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യമായി നാം പരിഗണിക്കേണ്ടത് ദൈവം കാലപ്രവാഹത്തിലേക്ക് ഇറങ്ങിനിന്നു എന്നുള്ളതാണ്. കുറ്റിപ്പുറംപാലം പണിതകാലത്ത് ഇടശ്ശേരി അതേക്കുറിച്ച് എഴുതിയ കവിതയിൽ, ജീവിതവിസ്മയമായിരുന്ന പേരാർ ഇനിമേൽ മർത്ത്യൻ തീർത്ത ഒരു പാലത്തിനടിയിലൂടെ “നൂളും” എന്നൊരു സൂചനയുണ്ട്. മനുഷ്യന്റെ വളർച്ചയും ആധുനികതയുടെ മേന്മയുമാവാം മുഖ്യ പ്രതിപാദ്യമെങ്കിലും, കവിയുടെ പ്രപഞ്ചംതന്നെയായിരുന്ന ഭാരതപ്പുഴ ഒരു പാലത്തിനടിയിലേക്ക് ചുരുങ്ങുന്നതിലെ വിസ്മയം ആ വാക്കുകളിലുണ്ട്. പ്രപഞ്ചത്തിന്റെയും കാലത്തിന്റെയും സ്രഷ്ടാവും അതിനാഥനുമായവൻ കാലത്തിലേക്ക് നൂളുക എന്നത് നിള ഒരു പാലത്തിനടിയിലൂടെ നൂളുന്നു എന്നതിന്റെ പതിനായിരം മടങ്ങ് കൂടുതൽ നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്.

സമയത്തെക്കുറിക്കുന്ന രണ്ട് സമീപനങ്ങൾ കാണാനുണ്ട്. ദൈവം പ്രപഞ്ചമെന്നൊരു ഘടികാരം നിർമ്മിച്ച് അതിന്റെ പെൻഡുലം ആട്ടിവിട്ടിരിക്കുന്നു. അത് മാത്രകളും നിമിഷങ്ങളുമായി മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്നു. ഹിരോഷിമയിലെ ഘടികാരങ്ങളെപ്പോലെ ഒരുനാൾ അത് നിശ്ചലമാകും. അതാണ് ക്രോണോസ് (chronos). എന്നാൽ, പ്രവാചകരിലൂടെയും ഇടപെടലുകളിലൂടെയും ദൈവം അതിൽ ഇടയ്ക്കിടെ തൊട്ട് കൃത്യമാക്കി കൃത്യമാക്കി മുന്നോട്ടുപോകുന്നു. അതാണ് കൈറോസ് (Kairos). ക്രോണോസിനെ കൈറോസുകളിലൂടെ മുന്നോട്ടു നയിക്കുന്നതിനെയാണ് നാം രക്ഷാകരചരിത്രം എന്ന് വിളിക്കുന്നത്. രക്ഷാകരചരിത്രത്തിന്റെ സമ്പുഷ്ടതയാണ് മനുഷ്യാവതാരം. “കാലത്തിന്റെ സമ്പൂർണ്ണത” അഥവാ പ്ലെരോമ (Plaroma) എന്നാണ് (ഗലാ. 4:4) പൗലോസ് അതിനെ വിളിക്കുന്നത്. ഇടയ്ക്കിടെ ചരിത്രത്തിൽ ഇടപെട്ട് ഇടപെട്ട് പോവുകയല്ല ഇനിമേൽ ദൈവം. പ്ലെരോമയിൽ ദൈവം കാലത്തിലേക്ക് മാനവചരിത്രത്തിലേക്ക് നൂണ്ട് കയറിയിരിക്കുകയാണ്. സമയത്തെ / കാലത്തെത്തന്നെ രക്ഷാകരമാക്കിയിരിക്കുകയാണ് മനുഷ്യാവതാരത്തിലൂടെ ദൈവം.

ക്ഷണപ്രഭാചഞ്ചലമായിരുന്ന ക്രോണോസ് എന്ന കാലത്തിലേക്ക് നൂണ്ടുകയറുന്നതിലൂടെ ദൈവം അതിനെ നിത്യതയുമായി വിളക്കിച്ചേർത്തിരിക്കുന്നു! പഴയൊരു ക്രിസ്‌തീയഗാനം പറയുന്നതുപോലെ, നിമിഷങ്ങൾ ‘നിത്യത തീർക്കുന്ന നിമിഷങ്ങ’ളാവുകയാണ്.

ക്രിസ്തുമസ്സിന് ഒരുങ്ങുന്ന ഈ നാളുകളിൽ, ദൈവം നൂണ്ടുകയറി വന്ന് വിശുദ്ധവും രക്ഷാകരവുമാക്കിയ കാലത്തെക്കുറിച്ച് നാം അവബോധ പ്പെടണം. ചപ്പുചവറുകൾ നിറച്ചിരുന്ന നമ്മുടെ സമയത്തെ കുറച്ചെങ്കിലും ശുദ്ധീകരിക്കണം. മെല്ലെയൊന്ന് ‘സാവധാനം’ ആവണം. എന്നു വച്ചാൽ, അവധാനതയോടെ ആവണം. ചില നേരങ്ങളെങ്കിലും ധ്യാനാത്മകമാകണം. നമ്മുടെ കാലം പിന്നിലാക്കിക്കളഞ്ഞവരെ അന്വേഷിച്ചുപോകണം. അവരുമായി “ക്വാളിറ്റി ടൈം” പങ്കിടണം. അങ്ങനെ നിത്യതയുമായി കണക്ട് ആവണം. സ്വർഗ്ഗം തുറക്കപ്പെട്ട്, നിമിഷങ്ങളിലൂടെ മാലാഖമാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കാണണം!