ആഗോളസഭയിലെ ആരാധനക്രമ വൈവിധ്യങ്ങള്‍

ആഗോളസഭയിലെ ആരാധനക്രമ വൈവിധ്യങ്ങള്‍

2021- ലെ പന്തക്കുസ്താ ദിനസന്ദേശത്തില്‍ പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ, വൈവിധ്യങ്ങളെ (diversity) സ്വീകരിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കിയത് ഇപ്രകാരമാണ്: ''പരിശുദ്ധാത്മാവ് നമ്മോടു പറയുന്നത് 'സമഗ്രത അന്വേഷിക്കാനാണ്' (Cerca L'insieme). ഭാഗങ്ങള്‍ അല്ല സമഗ്രത അന്വേഷിക്കുക. പരിശുദ്ധാത്മാവ് നമ്മെ ഒറ്റപ്പെട്ട വ്യക്തികള്‍ ആയല്ല, വൈവിധ്യമാര്‍ന്ന സിദ്ധികള്‍ ഉള്ള ഒരു സഭയായി രൂപപ്പെടുത്തുന്നു. ഐകരൂപ്യത്തിലേക്കല്ല, 'ഐക്യ'ത്തിലേക്കാണു ആത്മാവ് നമ്മെ നയിക്കുന്നത്.'' പരി. പിതാവ് കൂട്ടിച്ചേര്‍ക്കുന്നു: ''പരിശുദ്ധാത്മാവ് നമ്മെ പ്രേരിപ്പിക്കുന്നത് ഐക്യത്തിലേക്കും നാനാത്വത്തിന്റെ ഏകത്വത്തിലേക്കുമാണ്. എന്നാല്‍ 'ശത്രു' ആഗ്രഹിക്കുന്നത് 'വൈവിധ്യം' പ്രതിപക്ഷമാകാനാണ് (opposition). അതിനാല്‍ ശത്രു വൈവിധ്യങ്ങളെ പ്രത്യയശാസ്ത്രങ്ങളാക്കി മാറ്റുന്നു. അത്തരം പ്രത്യയശാസ്ത്രങ്ങളോട് No പറയുക. സമഗ്രത അന്വേഷിക്കുന്നവരോട് Yes പറയുക.''

പരമ്പരാഗത ലത്തീന്‍ കുര്‍ബാന വാദികള്‍ ആഗോ ളസഭയില്‍ സൃഷ്ടിക്കുന്ന സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ ഈ പ്രസ്താവന എന്നാണ് പല ഔദ്യോഗിക കേന്ദ്രങ്ങളും നിരീക്ഷിക്കുന്നത്.

ആരാധനക്രമത്തെ ഇത്തരത്തില്‍ ''പ്രത്യയശാസ്ത്രമാക്കുന്നതിനെ'' ''ആരാധനക്രമത്തിന്റെ ദുരുപയോഗം'' (the misuse of liturgy) എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. 2021 ആഗസ്റ്റ് 21-ന് CLACR അസംബ്ലിക്ക് (Con-federation of Latin American and Caribbean Religious) അയച്ച വീഡിയോ സന്ദേശത്തിലാണ് ഈ പ്രഖ്യാപനം.

ആരാധനക്രമത്തെ 'ശത്രു'വിനെപ്പോലെ ''പ്രത്യയശാസ്ത്രമാക്കി'' ''ദുരുപയോഗിച്ച'' സീറോ മലബാര്‍ സിനഡ്, സഭയില്‍ സൃഷ്ടിച്ചിരിക്കുന്നത് സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയാണ്. വ്യത്യസ്തതകളിലേക്കുള്ള തുറവിയില്ലായ്മയാണ് ഇന്നത്തെ സിനഡിനെ ബാധിച്ചിരിക്കുന്ന രോഗം. അതിനാലാണ് 'അടിച്ചേല്പിക്കലിന്റെ' ഫാസിസ്റ്റ് സര്‍ക്കുലറുകള്‍ അച്ചടിച്ചു വരുന്നത്. ഐക്യത്തിന് ഐകരൂപ്യം അനിവാര്യമാണ് എന്ന തെറ്റിദ്ധാരണയുടെ വിഷമാണ് സമൂഹത്തിലേക്ക് പകര്‍ന്നിരിക്കുന്നത്. എന്നാല്‍ സഭ എന്നത് 'വൈവിധ്യങ്ങളുടെ' വിളനിലമാണ്. വര്‍ണ്ണ വൈവിധ്യങ്ങള്‍ ഇല്ലെങ്കില്‍ മഴവില്ലിന് പ്രസക്തിയില്ലാതാകും പോലെ സഭയുടെ സൗന്ദര്യവും പ്രസക്തിയും ഈ വൈവിധ്യങ്ങളുടെ സമൃദ്ധിയിലാണ്.

സീറോ മലബാര്‍ സഭ തങ്ങളുടെ ആരാധനക്രമ പാരമ്പര്യം സ്വീകരിച്ചിരിക്കുന്ന കല്‍ദായ കത്തോലിക്കാ സഭയില്‍ - ജനാഭിമുഖ കുര്‍ബാനയും അള്‍ത്താരാഭിമുഖ കുര്‍ബാനയും നിയമപരമായി പ്രാബല്യത്തിലുണ്ട്. ഒരു സഭയില്‍ തന്നെ രണ്ടു ശൈലികളും അനുവദനീയമാണ് എന്നതിനു ഏറ്റവും നല്ല ഉദാഹരണം ഇതല്ലാതെ മറ്റെന്താണ്? സീറോ മലബാര്‍ സഭ തങ്ങളുടെ ആരാധനക്രമ പൈതൃകം പേറുന്ന കല്‍ദായ സഭ തന്നെ മാതൃകയായി ഇക്കാര്യത്തില്‍ മുമ്പിലുള്ളപ്പോള്‍ 'ഐകരൂപ്യ'ത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ഈ കലഹങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ് എന്നുതന്നെ പറയേണ്ടി വരും.

സാംസ്‌കാരികാനുരൂപണവും ആരാധനക്രമവൈവിധ്യങ്ങളും

ഓരോ കാലത്തിനും ദേശത്തിനും അനുരൂപപ്പെട്ടുകൊണ്ടാണ് സഭ വളര്‍ന്നു വന്നത്. സഭയുടെ ആരംഭം മുതലെ അതതു സംസ്‌കാരങ്ങളുടെ സ്വാധീനം സഭാജീവിതത്തിലും പ്രത്യേകിച്ച് ആരാധനാക്രമത്തിലും പ്രകടമായിരുന്നു. യഹൂദ സംസ്‌കാരവും ഗ്രീക്ക്-റോമന്‍ തത്ത്വചിന്തകളും സംസ്‌കാരങ്ങളും തുടങ്ങി ഓരോ ദേശത്തിന്റെയും കാലത്തിന്റെയും പ്രത്യേകതകള്‍ ആരാധനക്രമത്തിന്റെ ഭാഗമായിട്ടുണ്ട് എന്നതു ചരിത്രമാണ്. സഭയില്‍, പ്രത്യേകിച്ചും, പാശ്ചാത്യ സഭയില്‍ സാംസ്‌കാരിക അനുരൂപണത്തിനു വിലക്കു കല്പിക്കപ്പെടുന്നതിനും സഭാചരിത്രം സാക്ഷിയാണ്. കേന്ദ്രീകരണത്തിന്റെയും (centralisation) ക്രമവല്‍ക്കരണത്തിന്റെയും (standardization) മദ്ധ്യകാലഘട്ടത്തിലാണ് (middle ages) ഇതു സംഭവിക്കുന്നത്. ട്രെന്റ് കൗണ്‍സിലോടു കൂടിയിട്ടാണ് (1540-1563) പാശ്ചാത്യ സഭയില്‍ ഏകീകരണത്തിന്റെ (consolidation) മുന്നേറ്റം വ്യാപകമാകുന്നത്. തത്ഫലമായി ആരാധനക്രമത്തില്‍ 'ഐകരൂപ്യ'ത്തി നു (uniformity) പ്രാധാന്യം നല്കപ്പെട്ടു. മുന്‍കാലങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെട്ട 'സാംസ്‌കാരിക അ നുരൂപണം' നിശ്ചലമായി. തുടര്‍ ന്നു മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേ ഷം സംഭവിച്ച ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ (1869-70), സഭയും സംസ്‌കാരങ്ങളും തമ്മില്‍ സംഭവിക്കേണ്ട അനുരൂപണത്തെക്കുറിച്ചു പറഞ്ഞില്ലെന്നു മാത്രമല്ല, അത്ത രം പ്രേരണകളില്‍ നിന്നു അകലം പാലിക്കാനാണ് പ്രേരിപ്പിച്ചത്.

എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഈ സാംസ്‌കാരിക അനുരൂപണത്തെ തുറവിയോടെ സമീപിച്ചത് സഭയിലെ ആരാധനക്രമ ജീവിതത്തിലേക്ക് വലിയ പ്രകാശം വീശുന്ന അനുഭവമായി മാറി. സൂനഹദോസിന്റെ ആരാധനക്രമത്തെക്കുറിച്ചുള്ള ഡിക്രിയുടെ 37 മുതല്‍ 40 വരെയുള്ള ഖണ്ഡികകളിലാണ് ഈ വിഷ യം സംബന്ധിച്ച ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ ഉള്ളത്. ഈ രേഖയിലെ 37-ാം ഖണ്ഡിക ഇപ്രകാരമാണ്. ''ആരാധനക്രമത്തിലായാ ലും വിശ്വാസമോ പൊതുനന്മയോ ഉള്‍പ്പെടാത്ത കാര്യങ്ങളില്‍ കര്‍ക്കശമായ ഐകരൂപ്യം അടിച്ചേല്പിക്കാന്‍ സഭയ്ക്കാഗ്രഹമില്ല. മറിച്ച്, വിവിധ വര്‍ഗ്ഗക്കാര്‍ക്കും ജനവിഭാഗങ്ങള്‍ക്കുമുള്ള ആദ്ധ്യാത്മിക സമ്പത്തുകളെയും വൈഭവങ്ങളെ യും അവള്‍ മാനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവിതരീതികളില്‍ അന്ധവിശ്വാസത്തോടും അനുബന്ധാചാരങ്ങളോടും അവിച്ഛിന്നമാ യി കെട്ടുപിണയാത്ത ഘടകങ്ങള്‍ അവള്‍ താത്പര്യപൂര്‍വ്വം പഠിപ്പിക്കുകയും സാധ്യമെങ്കില്‍ അന്യോ ന്യം പരിപോഷിപ്പിക്കുകയും ചെ യ്യുന്നു. മാത്രമല്ല, ചിലപ്പോള്‍ ആരാധനക്രമത്തിന്റെ യഥാര്‍ത്ഥ വും അകൃത്രിമവുമായ ചൈതന്യത്തോടു പൊരുത്തപ്പെടുന്ന ഘടകങ്ങള്‍ ആരാധനാക്രമത്തില്‍ അ വള്‍ ഉള്‍ച്ചേര്‍ക്കുകകൂടി ചെയ്യുന്നു.'' (SC 37).

''സാംസ്‌കാരിക അനുരൂപണം സംഭവിക്കാത്ത വിശ്വാസം ആധികാരികമല്ലെന്നും (authentic), അത്തരത്തിലുള്ള ക്രിസ്തീയജീവി തം വിചിത്രവും പരിഹാസ്യവുമാ യ ജ്ഞാനവാദ പ്രവണതകളില്‍ (gnostic tendencies) അവസാനിക്കുമെന്നും'' ഫ്രാന്‍സിസ് പാപ്പ CLACR അസംബ്ലിയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സഭ സാംസ്‌കാരിക അനുരൂപണത്തിന്റെ പാത സ്വീകരിച്ചതിന് നിരവധി പ്രതിഫലനങ്ങള്‍ 'ആരാധനക്രമത്തില്‍' കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍തന്നെ, ഈ സാംസ്‌കാരിക അനുരൂപണം, 'ആരാധനക്രമ വൈവിധ്യങ്ങളുടെ' സൗന്ദര്യത്തി നു അടിസ്ഥാനമായി മാറി.

ആചാരങ്ങളും (Customs ആരാധനക്രമ വൈവിധ്യങ്ങളും

കത്തോലിക്കാ സഭയില്‍ നിലവിലിരിക്കുന്ന ആരാധനക്രമ വൈ വിധ്യങ്ങള്‍ക്കു കാരണമായിട്ടുള്ള മറ്റൊരു പ്രധാന ഘടകം 'ആചാരങ്ങള്‍' (customs) ആണ്. ''നിയമം സ്വീകരിക്കുന്നതിനു പ്രാപ്തിയു ള്ള ഒരു സമൂഹം, തുടര്‍ച്ചയായും എതിര്‍പ്പില്ലാതെയും നിയമം നി ശ്ചയിച്ച കാലത്തേക്ക് പാലിച്ചുപോന്ന ന്യായമായ ശീലങ്ങളാണ് ആചാരങ്ങള്‍'' (CCEO 1507.1). ആചാരങ്ങള്‍ ആണ് നിയമത്തി ന്റെ ഏറ്റവും നല്ല വ്യാഖ്യാതാവ് എന്നാണ് കാനന്‍ നിയമം വിവ ക്ഷിക്കുന്നത് (CCEO 1508). 'നിയമാനുസൃതമുള്ള നിയമദാതാവി ന്റെ സമ്മതത്തോടെ, വിശ്വാസി സമൂഹത്തിന്റെ തുടര്‍ച്ചയായ പ്ര വര്‍ത്തികള്‍ വഴി നിലവില്‍ വരുന്ന അലിഖിത നിയമങ്ങളാണ് ആചാരങ്ങള്‍. ആചാരം ഒരു വസ്തുതയായും നിയമമായും കണക്കാക്കാം (catholic encyclopedia). ''നി യമാനുസൃതം തുടര്‍ച്ചയായി പൂര്‍ ണ്ണമായ മുപ്പതു വര്‍ഷക്കാലം പാ ലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ ആചാരങ്ങള്‍ക്കു നിയമപ്രാബ ല്യം നേടുകയുള്ളൂ'' (CIC 26, CCEO 1507.3)

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിലവിലിരുന്ന പല ആചാരങ്ങളും 'ആരാധനക്രമ വൈവിധ്യങ്ങള്‍ക്കു' വഴി തെളിച്ചിട്ടുണ്ട് എന്നു നിസംശയം പറയാനാകും. എറണാകുളം അങ്കമാലി അതിരൂപത ഉള്‍പ്പെടെ സീറോ മലബാര്‍ സഭയിലെ പല രൂപതകളി ലും ''നിയമാനുസൃതമുള്ള അധികാരികളാല്‍'' ''നിയമപരമായി തന്നെ'' കഴിഞ്ഞ 'അമ്പതിലേറെ' വര്‍ഷങ്ങള്‍ ജനാഭിമുഖമായി ബ ലിയര്‍പ്പിച്ചു എന്നതുകൊണ്ടുത ന്നെ ''നിയമം പോലെ വ്യാഖ്യാനിക്കപ്പെടേണ്ട'' ഒരു ആചാരമായി ജനാഭിമുഖ കുര്‍ബാന മാറിയിട്ടുണ്ട്. ഈ സത്യത്തെ എത്രകാലം മൂടിവയ്ക്കാന്‍ സാധിക്കും?

സഭകളും റീത്തുകളും

'സഭ'യെയും 'റീത്തി'നെയും ഒരേ അര്‍ത്ഥത്തിലാണ് പലരും മനസ്സിലാക്കിയിരിക്കുന്നതും വിശദീകരിക്കുന്നതും. അത് പൂര്‍ണ്ണമായും ശരിയല്ല. തത്വത്തില്‍ 'സഭ' യെന്നത് ശ്ലീഹന്മാരിലൂടെ കൈമാറിക്കിട്ടിയ വിശ്വാസപാരമ്പര്യം കാ ത്തുസൂക്ഷിക്കുകയും ജീവിക്കുകയും പിന്‍തലമുറയ്ക്കു കൈമാറുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹമാണ്.

ഇത്തരം വിശ്വാസസമൂഹങ്ങള്‍ 'വിശ്വാസം' ജീവിതത്തില്‍ പ്രകടിപ്പിക്കുന്നത് ആരാധനക്രമം, ആ ദ്ധ്യാത്മികത, നിയമങ്ങള്‍ തുടങ്ങിയവയിലൂടെയാണ്. ഇതിനു സാ ധ്യമായ അടയാളങ്ങളും പ്രതീക ങ്ങളും മറ്റും ആവശ്യമായി വരും. ഒരു സഭാ സമൂഹം തങ്ങളുടെ വി ശ്വാസം ബാഹ്യമായി പ്രകടിപ്പിക്കുന്ന രീതിയെ 'റീത്ത്' (rite) എന്നു വിളിക്കുന്നു. ചുരുക്കത്തില്‍ 'സഭ'യെ നിര്‍ണ്ണയിക്കുന്നത് വി ശ്വാസപാരമ്പര്യമാണെങ്കില്‍, റീത്തിന് അടിസ്ഥാനമായിരിക്കുന്നത് 'വിശ്വാസത്തിന്റെ ജീവിതശൈലിയാണ്.' അതിനാല്‍തന്നെ, ഒരു 'സഭ'യില്‍ തന്നെ വിവിധ 'റീത്തു'കള്‍ ഉണ്ടാകാം.

സഭയില്‍ ഐക്യം സംജാതമാകണമെങ്കില്‍ ഒരു റീത്തു മാത്രമേ പാടുള്ളൂ എന്നില്ല. ഒരേ ആരാധനക്രമമേ അനുഷ്ഠിക്കാവൂ എന്നു മില്ല. ഒരു സഭയില്‍ പല റീത്തുകളും സാധ്യമാണെന്നിരിക്കെ, ഇന്ന് 'ഐകരൂപ്യ'ത്തിന്റെ പേരു പറഞ്ഞ് സീറോ മലബാര്‍ സഭയില്‍ സംജാതമായിരിക്കുന്ന കലഹങ്ങള്‍, ആരാധനക്രമത്തെ വിഭാഗീയത സൃഷ്ടിക്കാന്‍ 'ദുരുപയോഗിച്ചു' എന്നതിനു തെളിവാണ്.

വൈവിധ്യങ്ങള്‍ ആരാധനക്രമത്തിന്റെ നന്മയാണെന്ന് അറിവില്ലാതിരുന്നിട്ടോ, 'സജീവപങ്കാളിത്ത'ത്തിന് ഉതകുന്ന ആരാധനക്രമ ശീലങ്ങള്‍ രൂപപ്പെടുത്തണമെന്ന ധാരണ ഇല്ലാതിരുന്നിട്ടോ ഒന്നുമല്ല കലഹങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. 'ശത്രു'വിനെപ്പോലെ ആരാധനക്രമത്തെ 'പ്രത്യയശാസ്ത്ര'മാക്കി വൈവിധ്യത്തെ 'പ്രതിപക്ഷ' സ്ഥാനത്തു നിറുത്തി 'ദുരുപയോഗിക്കുന്ന' അപകടകരമായ പ്രവണതയാണ് കലഹങ്ങള്‍ക്കു കാരണം.

കത്തോലിക്കാ സഭയും റീത്തുകളും

മാര്‍പാപ്പയെ പരമാധികാരിയായി അംഗീകരിക്കുന്ന 24 വ്യക്തിസഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാ സഭ. ഇവ ആറു സഭാകുടുംബങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഒരു പാശ്ചാത്യ കുടുംബവും അഞ്ച് പൗരസ്ത്യ കുടുംബങ്ങളുമാണവ. (ലത്തീന്‍ (പാശ്ചാത്യം), അലക്‌സാണ്ഡ്രിയന്‍, അന്ത്യോക്യന്‍, ബൈസന്റൈന്‍, പൗരസ്ത്യ സുറിയാനി, അര്‍മേനിയന്‍ എന്നിവയാണവ.)

പാശ്ചാത്യ സഭ ഒന്നേയുള്ളൂ. എന്നാല്‍ ആ സഭയില്‍ വിവിധ റീ ത്തുകളുണ്ട്. ഇറ്റലിയിലെ മിലാന്‍ അതിരൂപതയിലെ 'അംബ്രോസിയന്‍ റീത്ത്', സ്‌പെയിനിലെ ടൊളെദൊ നഗരത്തിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ ഉപയോഗിക്കുന്ന സ്പാനിഷ് റീത്ത്. ഇതിനെ 'വിസിഗോത്തിക്' (visigotic) റീത്ത് അ ല്ലെങ്കില്‍ 'മൊസാറാബിക്' (mozarabic) റീത്ത് എന്നും വിളിക്കുന്നു. പോര്‍ച്ചുഗലിലെ ബ്രാഗാ അതിരൂപതയില്‍ നിലവിലിരിക്കുന്ന 'ബ്രാഗാ റീത്ത്' (Rite of Braga), ഇവ കൂടാതെ, ഡൊമിനിക്കന്‍ (dominican), കര്‍ത്തൂസിയന്‍ (carthusi-ans), ബെനഡിക്‌ടൈന്‍ (benedictine) ആരാധനക്രമ രീതികളും സഭയില്‍ ഉണ്ട്. ഇവയ്‌ക്കെല്ലാം പുറമെ, സാംസ്‌കാരിക അനുരൂപണത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപംകൊണ്ടിട്ടുള്ള ആരാധനക്രമ വൈ വിധ്യങ്ങളും നിരവധിയാണ്. (ഉദാ: ഫിലിപ്പീനോ ലിറ്റര്‍ജി, ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ സയര്‍ (zaire) രൂപതയില്‍ രൂപംകൊണ്ട 'സയര്‍ റീത്ത്' അഥവാ കോംഗോളീസ് ലിറ്റര്‍ജി.) ഇവയെല്ലാം സഭയിലെ അനൈക്യമായിട്ടല്ല മറിച്ച്, ഫ്രാന്‍സിസ് മാര്‍പാപ്പ അടിവരയിടുന്നതുപോലെ ''സഭ പല മുഖങ്ങള്‍ ഉള്ള ഒരു ജനതയാണ്'' (The Church is a people of many faces) എന്ന സത്യമാണ് വിളിച്ചോതുന്നത്.

ഇവ കൂടാതെ നിരവധി പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും ആരാധനക്രമങ്ങളുടെ ആഘോഷങ്ങളില്‍ നല്കപ്പെട്ടിട്ടുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചുര പ്രചാരമുള്ള ''നെ യൊകാറ്റക്യൂമെനല്‍ മാര്‍ഗ്ഗം'' (Neocatechumenal way). 1964-ല്‍ കിക്കോ ആര്‍ഗ്വെല്ലോയും (Kiko Arguello), കാര്‍മ്മെന്‍ ഹെര്‍ണാണ്ടസും (Carmen Hernandez) ചേര്‍ന്ന് മാഡ്രിഡില്‍ രൂപംകൊടു ത്ത ഈ മുന്നേറ്റം യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ഇന്ത്യയിലും ഉള്‍പ്പെടെ ലോകത്തി ന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ആത്മീയ ഉണര്‍വ്വ് പകരുന്ന ഒന്നാ യി മാറിയിട്ടുണ്ട്. 30-40 പേര്‍ അടങ്ങുന്ന വിവിധ കൂട്ടായ്മകളായി സമ്മേളിക്കുന്ന ഇവര്‍ എല്ലാ ശനിയാഴ്ചകളിലും അതതു കൂട്ടായ്മകളില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ അര്‍പ്പിക്കപ്പെടുന്ന കുര്‍ബാനകള്‍ക്ക് പല ഒഴിവുകളും ആനുകൂല്യങ്ങളും മാര്‍പാപ്പമാര്‍ അനുവദിച്ചു നല്കിയിട്ടുണ്ട്. ആദിമസഭയുടെ ചൈതന്യത്തില്‍ ചെറിയ സമൂഹങ്ങളായി ഒരു ബലിപീഠത്തിനു ചുറ്റും ഒരുമിച്ചുകൂടുന്ന അവര്‍ അര്‍പ്പിക്കുന്ന വി. ബലി ഔദ്യോഗികഗ്ര ന്ഥം തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും അതിന്റെ ആചരണത്തില്‍ പ്രകടമായ ചില വ്യത്യാസങ്ങള്‍ ഉണ്ട്. വചനഭാഗങ്ങളുടെ വായനയിലും വിചിന്തനങ്ങളിലും, സമാധാനാശംസ നല്കുന്നതി ലും, വി. കുര്‍ബാനയ്ക്കുപയോഗിക്കുന്ന അപ്പത്തിലും അവ സ്വീ കരിക്കുന്ന രീതിയിലും ഒക്കെ ഈ 'മാര്‍ഗ്ഗത്തില്‍' ഉള്ളവര്‍ക്ക് നല്കപ്പെട്ട പ്രത്യേക ആനുകൂല്യങ്ങള്‍ സഭയുടെ 'അച്ചടക്കമില്ലായ്മ' അ ല്ല, അതിന്റെ 'തുറവി'യുടെ ആത്മീയതയാണ് പ്രഘോഷിക്കുന്നത്.

പാശ്ചാത്യസഭയില്‍ വത്തിക്കാന്റെ നിര്‍ദ്ദേശത്തോടെ പല രാജ്യങ്ങളിലെയും ബിഷപ്പ്‌സ് കോണ്‍ഫറന്‍സുകള്‍ കുട്ടികള്‍ ക്കുവേണ്ടിയുള്ള പ്രത്യേക കുര്‍ ബാനയും തയ്യാറാക്കി നടപ്പിലാ ക്കുന്നുണ്ട് എന്നത് വി. കുര്‍ബാനയിലെ 'സജീവപങ്കാളിത്തം' ഉറപ്പാക്കുക എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ആഹ്വാനത്തെ സ്വീകരിച്ചതിന്റെ തെളിവാണ്. 1976 മുതല്‍ ഇറ്റലിയില്‍, La messa dei fanciulli (കുട്ടികളുടെ കുര്‍ബാന) നിലവിലുണ്ട്.

പാശ്ചാത്യസഭയില്‍ മാത്രമല്ല പൗരസ്ത്യ സഭകളിലും ഇത്തരത്തിലുള്ള ആരാധനക്രമ വൈവിധ്യങ്ങള്‍ കാണാം. ഏറ്റവും ഒടുവിലായി രൂപംകൊണ്ട് അലക്‌സാണ്ട്രിയന്‍ സഭാ കുടുംബത്തിലെ കോപ്റ്റിക് (coptic) ആരാധനാക്രമം അനുഷ്ഠിക്കുന്ന എത്യോപ്യയിലെ എറിത്രിയന്‍ സഭ (eritrean) ഉള്‍പ്പെടെ, മുകളില്‍ സൂചിപ്പിച്ച അഞ്ച് സഭാ കുടുംബങ്ങളിലായി 23 പൗരസ്ത്യസഭകള്‍ ലോകത്തിന്റെ നാനാഭാഗത്തുണ്ട്. ഇതില്‍ സീറോ മലബാര്‍ സഭ തങ്ങളുടെ ആരാധനക്രമ പാരമ്പര്യം സ്വീകരിച്ചിരിക്കുന്ന കല്‍ദായ കത്തോലിക്കാ സഭയില്‍ - ജനാഭിമുഖ കുര്‍ബാനയും അള്‍ത്താരാഭിമുഖ കുര്‍ബാനയും നിയമപരമായി പ്രാബല്യത്തിലുണ്ട്. ഒരു സഭയില്‍ തന്നെ രണ്ടു ശൈലികളും അനുവദനീയമാണ് എന്നതിനു ഏറ്റവും നല്ല ഉദാഹരണം ഇതല്ലാതെ മറ്റെന്താണ്? സീറോ മലബാര്‍ സഭ തങ്ങളുടെ ആരാധനക്രമ പൈതൃകം പേറുന്ന കല്‍ ദായ സഭ തന്നെ മാതൃകയായി ഇക്കാര്യത്തില്‍ മുമ്പിലുള്ളപ്പോള്‍ 'ഐകരൂപ്യ'ത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ഈ കലഹങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ് എന്നുതന്നെ പറയേണ്ടി വരും. മാത്രവുമല്ല, സീറോ മലബാര്‍ സഭയുടെ കുര്‍ബാനക്രമ ത്തെ സംബന്ധിക്കുന്ന പൊതു നിര്‍ദ്ദേശങ്ങളില്‍ ചില വ്യതിയാനങ്ങള്‍ (variations) നിലവില്‍ നല്കിയിട്ടുമുണ്ട്. ഉദാഹരണ ത്തിന് അള്‍ത്താരവിരിയുടെ ഉപയോഗം. അള്‍ത്താരവിരി ഉപയോഗിക്കണോ വേണ്ടയോ എന്നു തീ രുമാനിക്കാനുള്ള സ്വാതന്ത്ര്യം രൂപതാദ്ധ്യക്ഷനു നല്കുന്നവര്‍, എന്തുകൊണ്ട് 'ജനാഭിമുഖം' വേണോ, 'അള്‍ത്താരാഭിമുഖം' വേ ണോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രൂപതാദ്ധ്യക്ഷനു ന ല്കുന്നില്ല എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അതിനാല്‍തന്നെ 'ഐകരൂപ്യം' എന്നതു കൃത്യസമയത്തു പ്രയോഗിക്കപ്പെട്ട ഒരു 'ആയുധം' മാത്രമാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. കൂടാതെ അന്ത്യോക്യന്‍ ആരാധനക്രമ പാരമ്പര്യമുള്ള 'മാറോനിത്ത സഭ'യി ലും ജനാഭിമുഖ കുര്‍ബാനയാണു കൂടുതല്‍ പ്രാബല്യത്തിലുള്ളത്. കൂനന്‍ കുരിശു സത്യത്തിനു ശേഷം രൂപംകൊണ്ട 'മാര്‍തോമ ക്രിസ്ത്യന്‍' സഭാ സമൂഹങ്ങളായ സീറോ മലങ്കര കത്തോലിക്കാ സഭയും, ജാക്കോബൈറ്റ്-ഓര്‍ത്തഡോക്‌സ് സഭകളെല്ലാം ഈ അ ന്ത്യോക്യന്‍ പാരമ്പര്യം ആണല്ലോ സ്വീകരിച്ചിരിക്കുന്നത്. ഇതെല്ലാം തരുന്ന സൂചനകള്‍ ആരാധനക്രമ വൈവിധ്യങ്ങള്‍ സഭയെ അനൈക്യത്തിലേക്കല്ല, എന്നാല്‍ ഉപരി നന്മയിലേക്കും 'സ്വീകാര്യത'യിലേക്കുമാണ് നയിക്കുന്നത്.

ഉപസംഹാരം

വൈവിധ്യങ്ങള്‍ ആരാധനക്രമത്തിന്റെ നന്മയാണെന്ന് അറിവില്ലാതിരുന്നിട്ടോ, 'സജീവ പങ്കാളിത്ത'ത്തിന് ഉതകുന്ന ആരാധനക്രമ ശീലങ്ങള്‍ രൂപപ്പെടുത്തണമെന്നു ധാരണ ഇല്ലാതിരുന്നിട്ടോ ഒന്നുമല്ല കലഹങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. 'ശത്രു'വിനെപ്പോലെ ആരാധനക്രമത്തെ 'പ്രത്യയശാ സ്ത്ര'മാക്കി വൈവിധ്യത്തെ 'പ്രതിപക്ഷ' സ്ഥാനത്തു നിറുത്തി 'ദുരുപയോഗിക്കുന്ന' അപകടകരമായ പ്രവണതയാണ് കലഹങ്ങള്‍ ക്കു കാരണം. തങ്ങളുടെ തെറ്റുകള്‍ മൂടിവെക്കാനും വിശ്വാസി സമൂഹത്തിനു മുമ്പില്‍ തെറ്റിദ്ധാരണയുടെ കരിനിഴല്‍ വീഴ്ത്താനുള്ള പരിശ്രമങ്ങളുടെ അനന്തരഫലമാണ് സീറോ മലബാര്‍ സഭയിലെ ഇപ്പോഴത്തെ ആരാധനക്രമ വിവാദം.

'കത്തോലിക്ക സഭ' എന്ന 'ഏക'സഭയില്‍ വിവിധ 'സഭാ സമൂഹങ്ങള്‍' ഉണ്ടെന്നിരിക്കെ, ഒരു സഭയില്‍ തന്നെ വിവിധ 'റീ ത്തു'കള്‍ നിലവിലിരിക്കെ, ഒരു 'റീത്തു'തന്നെ വിവിധ സഭകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ, ഒരു റീത്തില്‍ തന്നെ പല ഇടങ്ങളിലും, പല സമൂഹങ്ങള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും നല്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ മുന്നിലിരിക്കെ 'ഐകരൂപ്യ'ത്തി ന്റെ മറപിടിച്ച് ഒളിച്ചുകടത്തുന്നത്, സഭാ ചരിത്രത്തിലെ ഈ ഇരുണ്ട കാലഘട്ടത്തിന്റെ കള്ളത്തരങ്ങളുടെ വിഴുപ്പുകളാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്?

ആരാധന എന്നതു മനുഷ്യന്റെ ഹൃദയത്തില്‍നിന്നും ഉയരുന്നതാണ്. അതിനാല്‍ തന്നെ വിശ്വാസിസമൂഹത്തിന്റെ ഹൃദയത്തിനിണങ്ങിയതും സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്നതുമായ ആരാധനക്രമ സംസ്‌കാരം നമ്മുടെ സഭയില്‍ പുലരാന്‍ ഇടയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org