നട കൊണ്ട ദൂരങ്ങള്‍, കൈവന്ന കൃപകള്‍...

നട കൊണ്ട ദൂരങ്ങള്‍, കൈവന്ന കൃപകള്‍...

വിന്‍സെന്റ് മാഷും സ്റ്റീഫനും ജോയിയും തൃശ്ശൂര്‍ കൈപ്പറമ്പില്‍നിന്ന് കൊല്‍ക്കത്തിയിലേക്കു കാല്‍നടയായിപോയി മദര്‍ തെരേസയുടെ കബറിടത്തിലെത്തി. ആ യാത്ര-ജീവിതാനുഭവങ്ങളിലൂടെ...

അറുപത്തിരണ്ടു ദിവസങ്ങള്‍ കൊണ്ട് 2267 കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി കേരളത്തില്‍ നിന്നുള്ള മൂവര്‍ സംഘം കൊല്‍ക്കത്തയില്‍ മദര്‍ തെരേസയുടെ കബറിടത്തിലെത്തിയപ്പോള്‍, കിഴക്കന്‍ യൂറോപ്പില്‍ നിന്നെത്തി ഇന്ത്യയുടെ മണ്ണില്‍ വച്ച് അള്‍ത്താരയിലേക്കുയര്‍ന്ന മദര്‍ തെരേസയ്ക്കുള്ള മലയാളികളുടെയാകെ ആദരവായി അതു മാറി. തൃശ്ശൂര്‍ അതിരൂപതയിലെ പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ നിന്നു പ്രധാനാദ്ധ്യാപകനായി വിരമിച്ച പി. ഡി. വിന്‍സെന്റ്, വടക്കാഞ്ചേരി പാര്‍ളിക്കാട് സ്വദേശി സി.കെ. ജോയി, കുണ്ടന്നൂര്‍ സ്വദേശി എം.പി. സ്റ്റീഫന്‍ എന്നിവരായിരുന്നു സംഘാംഗങ്ങള്‍.

തൃശ്ശൂര്‍ അതിരൂപതയില്‍ വിശുദ്ധ മദര്‍ തെരേസയുടെ നാമത്തില്‍ പണിയുന്ന കൈപ്പറമ്പ് ദേവാലയത്തില്‍ നിന്നായിരുന്നു പദയാത്രയുടെ തുടക്കം. തടസ്സങ്ങളെല്ലാം മാറി ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കുക എ ന്ന നിയോഗവും തീര്‍ത്ഥാടകര്‍ക്കുണ്ടായിരുന്നു, ഇവര്‍ ഈ ഇടവകാംഗങ്ങളല്ലെങ്കിലും. കാല്‍നട യാത്ര പാതിവഴിയെത്തുന്നതിനു മുമ്പു തന്നെ കൈപ്പറമ്പ് പള്ളിയുടെ വികാരിയുടെയും ഭാരവാഹികളുടെയും പക്കല്‍നിന്ന് യാത്രികര്‍ക്ക് സന്ദേശങ്ങളെത്താന്‍ തുടങ്ങി. പള്ളി പണി വിജയകരമായി പുരോഗമിക്കുന്നതിനെക്കുറിച്ചായിരുന്നു ആ സന്ദേശങ്ങള്‍. ആഗസ്റ്റ് 14-ന് ആരംഭിച്ച യാത്ര ഒക്‌ടോബര്‍ 15 ന് സമാപിക്കുമ്പോഴേക്കും കൈപ്പറമ്പ് പള്ളിയുടെ കൂദാശ ഡിസംബറില്‍ എന്ന തീരുമാനവുമെത്തി.

കേരളത്തില്‍ നിന്നു തമിഴ്‌നാട് പിന്നിട്ട് ആന്ധ്രായും ഒഡിഷയും കടന്നാണ് സംഘം പശ്ചിമ ബംഗാളിലെത്തിയത്. ആന്ധ്രായിലൂ ടെ ആയിരത്തിലേറെ കിലോമീറ്റര്‍ ഒരു മാസം കൊണ്ടു നടന്നു തീര്‍ ത്തു. കൂടുതലും പ്രധാനപാതകളിലൂടെയായിരുന്നു നടപ്പ്. അപകടങ്ങളോ രോഗങ്ങളോ ഇല്ലാതെ സുരക്ഷിതമായി രണ്ടായിരത്തിലേറെ കിലോമീറ്ററുകള്‍ നടന്ന് കൊല്‍ക്കത്തയിലെത്തിച്ചേരാന്‍ കഴിഞ്ഞത് ദൈവത്തിന്റെ വലിയ കൃപയായി കാണുകയാണ് വിന്‍ സെന്റ് മാഷും സഹയാത്രികരും.

പുലര്‍ച്ചെ മൂന്നു മണിക്കുണര്‍ന്ന് പത്തു മണി വരെ നടക്കും. ശേഷം ഏതെങ്കിലും കടത്തിണ്ണകളിലോ മരത്തണലുകളിലോ വി ശ്രമിക്കും. വൈകീട്ട് മൂന്നു മണിക്കു വെയില്‍ ചായുമ്പോള്‍ പുനരാരംഭിക്കുന്ന നടത്തം അവസാനിപ്പിക്കുന്നത് രാത്രി പതിനൊന്നോടെ. എവിടെ എത്തുമോ അവിടെ കിടക്കുക എന്നതായിരുന്ന രീതി. യാത്രയെ കുറിച്ചറിഞ്ഞ സിസ്റ്റര്‍മാരും മറ്റും ഇടപെട്ട് ഇരുപതോളം ദിവസങ്ങളില്‍ വിവിധ മഠങ്ങളും പള്ളികളും ആതിഥ്യമരുളി. ബാക്കി ദിവസങ്ങളില്‍ പെരുവഴികള്‍ തന്നെയായിരുന്നു അഭയം. ഒരിക്കലും ഹോട്ടല്‍ മുറികള്‍ ഉറങ്ങാനായി തിരഞ്ഞെടുത്തില്ല. രാത്രി പതിനൊന്നിനെത്തി, വെളുപ്പിനു മൂന്നു മണിക്കു പുറപ്പെടുന്ന യാത്രയ്ക്ക് ഹോട്ടല്‍ മുറികളെടുക്കുക പ്രായോഗികവുമല്ല.

വെയിറ്റിംഗ് ഷെഡുകളിലും കടത്തിണ്ണകളിലും ചിലപ്പോള്‍ ഭിക്ഷാടകരും നാടോടികളുമായിരുന്നു പാര്‍പ്പിടം പങ്കുവച്ചിരുന്നത്. ചില കടത്തിണ്ണകളിലെ സ്ഥിരതാമസക്കാര്‍ രാത്രി വൈകി എത്തുമ്പോള്‍ വിളിക്കാതെ വന്ന ഈ വിരുന്നുകാര്‍ക്ക് എണീറ്റു മാറിക്കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഹൈവേകളിലെ മീഡിയനുകളിലെ കിടപ്പായിരുന്നു ഏറ്റവും സുഖപ്രദമെന്ന് വിന്‍സെന്റ് മാഷ് ഒരു ചിരിയോടെ ഓര്‍ക്കുന്നു. കാരണം, കൊതുകുണ്ടാകില്ല, ഇരുവശങ്ങളിലൂടെയും വണ്ടികള്‍ പാഞ്ഞുപോകുമ്പോള്‍ കാറ്റും കിട്ടും!

ഒരു രാത്രി ഒഡിഷയിലെ വിജനമായ ഒരു വനപ്രദേശത്ത് അപകടകരമായ ഒരു ഭാഗത്തേക്ക് അറിയാതെ നടന്നെത്തി. വഴിയറിയാതെ, പിന്നോട്ടോ മുന്നോട്ടോ പോകാന്‍ കഴിയാതെ അവിടെ കുടുങ്ങിയ നിലയിലായി. താമസിക്കാന്‍ പറ്റുന്ന സ്ഥലമല്ല. അവിടെയിരുന്നു ജപമാല ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍, ഇംഗ്ലീഷ് അറിയാവുന്ന കോളേജ് വിദ്യാര്‍ത്ഥിയായ ഒരു യുവാവ് അതുവഴി ബൈക്കില്‍ വരികയും അവിടെ നിന്നു പുറത്തു കടക്കാനുള്ള വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. പിറ്റേന്നു നടന്നുകൊണ്ടിരിക്കെ, നാട്ടില്‍ നിന്നൊരു സന്ദേശമെത്തി. തലേന്നു രാത്രി, നാട്ടിലെ പള്ളിയില്‍ ഈ പദയാത്രികര്‍ക്കു വേണ്ടി പേരുകള്‍ പറഞ്ഞു പ്രത്യേകമായ പ്രാര്‍ത്ഥന നടത്തി എന്നതായിരുന്നു അറിയിപ്പ്. ആ പ്രാര്‍ത്ഥന നടക്കുമ്പോഴാണ് അപകടസാദ്ധ്യത വഴിയൊഴിഞ്ഞുപോയത് എന്നത് വെറുമൊരു യാദൃച്ഛികതയായിട്ടല്ല, ദൈവത്തിന്റെ ഇടപെടലായിട്ടാണ് യാത്രാസംഘം ഇന്നു കാണുന്നത്.

ജീവിതയാത്രയിലുടനീളം പ്രചോദനമേകുന്ന പാഠങ്ങളും ഓര്‍മ്മകളും സമ്മാനിച്ചുകൊണ്ടാണ് ഓരോ യാത്രയും അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ ഒരിടത്തേക്കാണു നടക്കുന്നതെങ്കിലും പല ലക്ഷ്യങ്ങളിലേക്ക് എത്തിക്കുകയാണ് കാല്‍ നടയാത്രകള്‍.

കൊല്‍ക്കത്തയിലെത്തിയ സംഘത്തെ മദര്‍ തെരേസയുടെ പിന്‍ഗാമിയും മലയാളിയുമായ സിസ്റ്റര്‍ മേരി ജോസഫ് സ്വീകരിച്ചു. കൈപ്പറമ്പ് പള്ളിയില്‍ പ്രതിഷ്ഠിക്കാനുള്ള മദര്‍ തെരേസയുടെ തിരുശേഷിപ്പ് ഇവര്‍ക്കു സമ്മാനിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ മാതൃഭവനവും സ്ഥാപനങ്ങളും സന്ദര്‍ശിച്ച ശേഷമായിരുന്നു ട്രെയിനില്‍ മടക്കം.

മദര്‍ തെരേസയുടെ സിസ്റ്റേഴ്‌സും ബ്രദേഴ്‌സും ചെയ്യുന്ന സേവനങ്ങളുടെ മഹത്വവും കാഠിന്യവും കണ്ടറിഞ്ഞ സംഘം ഏതാനും മലയാളി പുരുഷസന്യസ്തരേയും അവിടെ കണ്ടു. മാധ്യമങ്ങളുടെയൊന്നും കാര്യമായ ശ്രദ്ധയില്‍ വരാത്ത വിധത്തില്‍ വളരെ സമര്‍പ്പിതരായി സേവനം ചെയ്യുകയാണ് ഇവരെല്ലാമെന്ന് വിന്‍ സെന്റ് മാഷ് പറയുന്നു. നാല്‍പതും അമ്പതും വര്‍ഷങ്ങളായി മദര്‍ തെരേസയുടെ സമൂഹത്തില്‍ നിശ്ശബ്ദമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന മലയാളികളായ ബ്രദര്‍മാര്‍ സമര്‍പ്പിത ജീവിതത്തിന്റെ മഹനീയത യാത്രികരെ നേരിട്ടു ബോധ്യപ്പെടുത്തി. പത്തു വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് അവര്‍ നാട്ടിലേക്കു വരുന്നത്. 46 വര്‍ഷമായി കൊല്‍ക്കത്തയില്‍ രോഗീ ശുശ്രൂഷ നടത്തുന്ന ബ്രദര്‍ കേരളത്തില്‍ വന്നിട്ടുള്ളത് നാലോ അഞ്ചോ തവണ മാത്രം. എന്നാല്‍, കേരളത്തില്‍നിന്ന് ദൈവവിളികള്‍ കുറയുകയാണെന്ന വസ്തുതയും കണ്ടറിഞ്ഞു. ഒഡിഷ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നു യുവാക്കള്‍ സമര്‍പ്പിതജീവിതത്തിലേക്കു കടന്നുവരുന്നുമുണ്ട്. ലോകമെങ്ങുമുള്ള എം.സി. സിസ്റ്റേഴ്‌സിനു വേണ്ട കൈത്തറിസാരികള്‍ നിര്‍മ്മിക്കുന്നത് കുഷ്ഠരോഗികളായിരുന്നവര്‍ നടത്തുന്ന ഒരു നെയ്ത്തുശാലയിലാണ്. അവിടെയും സംഘം സന്ദര്‍ശനം നടത്തി.

രണ്ടായിരം കിലോമീറ്റര്‍ പിന്നിട്ട യാത്ര ആദ്യമാണെങ്കിലും ദീര്‍ഘദൂര കാല്‍നടതീര്‍ത്ഥയാത്രകള്‍ ഇവര്‍ക്കു പുതിയതല്ല. 2010ലാണ് വിന്‍സെന്റ് മാഷും സുഹൃത്തായ ജോര്‍ജും ആദ്യമായി വേളാങ്കണ്ണിയിലേക്കു നടന്നു പോയത്. എല്ലാ വര്‍ഷവും തൃശ്ശൂരില്‍ നിന്നു പാലയൂരിലേക്ക് തൃശ്ശൂര്‍ അതിരൂപത നടത്തുന്ന കാല്‍നട തീര്‍ത്ഥയാത്രകളാണ് ഈ കാല്‍ നടയാത്രകളുടെയെല്ലാം പ്രചോദനകേന്ദ്രമായത്. വേളാങ്കണ്ണി പദയാത്ര നല്‍കിയ അനുഭവങ്ങളും അനുഗ്രഹങ്ങളും അവിസ്മരണീയമായിരുന്നു. അന്ന് വിന്‍സെന്റ് മാഷിന്റെ സ്വന്തം ഇടവകയായ പറപ്പൂരില്‍ ഒരു പ്ലസ് ടു സ്‌കൂള്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ഇടവകക്കാര്‍. കണ്‍വീനറെന്ന നിലയിലുള്ള ഉത്തരവാദിത്വവും മാഷിനുണ്ട്. വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിയുമ്പോഴേക്കും സ്‌കൂള്‍ അനുവദിക്കപ്പെട്ടു. ഏതാണ്ടെല്ലാ യാത്രകളും ഇങ്ങനെ അനുഗ്രഹങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

എന്നാല്‍, കാര്യം നേടാന്‍ കാല്‍നടയായി പോയി എന്ന മട്ടില്‍ ഈ യാത്രകളെ കുറച്ചു കാണുകയല്ല തങ്ങള്‍ ചെയ്യുന്നതെന്നു മാഷ് പറഞ്ഞു. കാല്‍നടയായി ഒരു ദീര്‍ഘയാത്ര പോകുന്നത് വലിയൊരു ധ്യാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും അനുഭവം സമ്മാനിക്കുന്നുണ്ട് എന്നതു കാണാതിരിക്കാനും വയ്യ. കൃപകളും അനുഗ്രഹങ്ങളും ചൊരിഞ്ഞുകൊണ്ടാണ് ഓരോ യാത്രകളും ലക്ഷ്യത്തിലെത്തിയിട്ടുള്ളത്.

ഇന്നു ധാരാളം പേര്‍ യാത്രകളും തീര്‍ത്ഥയാത്രകളും നടത്തുന്നുണ്ട്. വാഹനസൗകര്യങ്ങള്‍ യഥേഷ്ടം ലഭ്യമായിരിക്കെ എന്തിനു നടന്നു പോകണം, ധാരാളം ദിവസങ്ങള്‍ ചെലവാക്കണം, ശരീരത്തിനു കഷ്ടപ്പാടു സമ്മാനിക്കണം, വീട്ടുകാര്‍ക്കു ആശങ്കയുണ്ടാക്കണം എന്നിങ്ങനെ പല ചോദ്യങ്ങള്‍ കാല്‍നടയാത്രികര്‍ നേരിടുന്നുണ്ട്. എന്തിനു നടക്കണം, എന്തുകൊണ്ടു നടക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരം, അതൊന്നും പറഞ്ഞറിയിക്കാന്‍ പറ്റില്ല, നടന്നു പോയാല്‍ മാത്രമേ മനസ്സിലാകൂ എന്നതാണ്. വിമാനത്തില്‍ പോകുന്ന അനുഭവമല്ല, തീവണ്ടിയില്‍ പോയാല്‍ കിട്ടുക, തീവണ്ടിയാത്രയുടെ അനുഭവമല്ല റോഡ് യാത്ര സമ്മാനിക്കുക, കാറില്‍ പോകുന്നതുപോലെയല്ല ബൈക്കില്‍ പോകുമ്പോള്‍ കാണുന്ന പരിസരം, സൈക്കിള്‍ യാത്രക്കാര്‍ തനതായ മറ്റുതരം അനുഭവങ്ങളിലൂടെ കടന്നുപോകും. ചുരുക്കത്തില്‍, കാല്‍നടയാത്രകള്‍ക്കു പകരമാകാന്‍ മറ്റു യാതൊരു തരം യാത്രകള്‍ക്കും സാധിക്കില്ലെന്നു വിന്‍സെന്റ് മാഷ് വിശദീകരിച്ചു. ഒരു ലക്ഷ്യസ്ഥാനം നിശ്ചയിച്ച്, അവിടെയെത്തുമെന്നുറപ്പിച്ചാണു വാഹനങ്ങളിലെ യാത്രകള്‍ പൊതുവെ. ഈ സംഘം നടത്തിയ കൊല്‍ക്കത്തയാത്രയില്‍ അങ്ങനെ ഓരോ ദിവസത്തെയും ലക്ഷ്യസ്ഥാനം നിശ്ചയിക്കുന്ന രീതിയുണ്ടായിരുന്നില്ല. എത്തുന്നിടത്തെത്തുക, അവിടെ കിടക്കുക എന്നതായിരുന്നു രീതി. അത്തരം യാത്രകള്‍ സമ്മാനിക്കുന്ന അവബോധങ്ങളും വ്യത്യസ്തമായിരിക്കും.

വേളാങ്കണ്ണി കൂടാതെ മലയാറ്റൂരിലേക്കും മൈലാപ്പൂരിലേക്കും മദര്‍ മറിയം ത്രേസ്യയുടെ കുഴിക്കാട്ടുശ്ശേരിയിലേക്കും അല്‍ഫോന്‍സാമ്മയുടെ ഭരണങ്ങാനത്തേക്കും ദേവസഹായത്തിന്റെ നാഗര്‍കോവിലിലേക്കും മാത്രമല്ല, വി.ഫ്രാന്‍സിസ് സേവ്യറിന്റെ ഗോവയിലേക്കും വിന്‍സെന്റ് മാഷും സുഹൃത്തുക്കളും നടന്നു പോയിട്ടുണ്ട്.

ഈ യാത്രകളില്‍ നിന്നെല്ലാം ലഭിച്ച പാഠങ്ങള്‍ കൊല്‍ക്കത്തയിലേക്കുള്ള രണ്ടു മാസത്തെ യാത്രയില്‍ ഉപയോഗപ്പെടുത്താനായി. ദൂരം വളരെയേറെയായിരുന്നെങ്കിലും മുന്നനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ പ്രയോഗപ്പെടുത്തിയതുമൂലം മുന്‍യാത്രകളെക്കാള്‍ താരതമ്യേന സുഗമമായിരുന്നു കൊല്‍ക്കത്ത യാത്ര.

തങ്ങള്‍ക്കറിയാത്തതെങ്കിലും, ഏതോ തരം ആത്മീയതയുടെ ഉപാസകരാണ് ഈ നടന്നുപോകുന്നതെന്നു മനസ്സിലാക്കുന്ന ആന്ധ്രായിലെയും ഒഡിഷയിലെയുമെല്ലാം സാധാരണക്കാര്‍ പലപ്പോഴും സ്‌നേഹാദരങ്ങളും ഒപ്പം പലതരം സഹായങ്ങളുമായി വന്നെത്തിയിരുന്നു എന്നു യാത്രികര്‍ ഓര്‍ക്കുന്നു. ഭക്ഷണം നിര്‍ബന്ധിച്ചു നല്‍കിയവരുണ്ട്. ഭക്ഷണം ഏല്‍പിക്കാനായി പിന്നാലെ തേടിപ്പിടിച്ചു വന്നവരുണ്ട്. വീടുകളിലേക്കു വിളിച്ചവരുണ്ട്. പ്രാര്‍ത്ഥനാസഹായം തേടിയവരും ഉണ്ട്. ഭാഷയുടെയും മതത്തിന്റെയും ദേശത്തിന്റെയുമെല്ലാം അതിരുകള്‍ക്കതീതമായ മനുഷ്യസ്‌നേഹത്തിന്റെയും ഈശ്വരവിചാരത്തിന്റെയും പങ്കുവയ്ക്കലുകളാണ് അവിടെയെല്ലാം നടന്നത്. ജീവിതയാത്രയിലുടനീളം പ്രചോദനമേകുന്ന പാഠങ്ങളും ഓര്‍മ്മകളും സമ്മാനിച്ചുകൊണ്ടാണ് ഓരോ യാത്രയും അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ ഒരിടത്തേക്കാണു നടക്കുന്നതെങ്കിലും പല ലക്ഷ്യങ്ങളിലേക്ക് എത്തിക്കുകയാണ് കാല്‍നടയാത്രകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org