ദിലെക്‌സി തേ: ദരിദ്രര്‍ക്കുവേണ്ടി, ദരിദ്രരുടെ, ദരിദ്രമായ സഭ

ദിലെക്‌സി തേ: ദരിദ്രര്‍ക്കുവേണ്ടി, ദരിദ്രരുടെ, ദരിദ്രമായ സഭ
Published on
  • ഷിജു ആച്ചാണ്ടി

'മനുഷ്യരോടുള്ള സ്‌നേഹത്തെ മറന്നുകൊണ്ട് ഒരു ദൈവസ്‌നേഹമില്ല' എന്ന് അടിവരയിടുകയാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രഖ്യാപനം. കൃത്യമായി പറഞ്ഞാല്‍, പാവപ്പെട്ട മനുഷ്യരോടുള്ള പ്രത്യേക സ്‌നേഹം. ദരിദ്രര്‍ക്കു ധര്‍മ്മം നല്‍കുന്നത് ഔട്ട് ഓഫ് ഫാഷന്‍ ആയിട്ടില്ല, ആകരുത്. ആതുരാലയങ്ങളും രോഗീസേവനവും നിറുത്തിക്കൂടാ.

പാവങ്ങളുടെ കാര്യത്തിലുള്ള ഉദാസീനത പ്രബോധനത്തില്‍ നിശിത മായി വിമര്‍ശിക്കപ്പെടുന്നു. പാവങ്ങളെ ഒരു സാമൂഹ്യ പ്രശ്‌നം മാത്രമായി പരിഗണിക്കാന്‍ ക്രൈസ്തവര്‍ക്ക് ഒരിക്കലും സാധിക്കില്ല, അവര്‍ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്, നമ്മില്‍ പെട്ടവരാണ്.

പാവങ്ങളുടെ കാര്യത്തിലുള്ള ഉദാസീനത പ്രബോധനത്തില്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നു. പാവങ്ങളെ ഒരു സാമൂഹ്യപ്രശ്‌നം മാത്രമായി പരിഗണിക്കാന്‍ ക്രൈസ്തവര്‍ക്ക് ഒരിക്കലും സാധിക്കില്ല, അവര്‍ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്, നമ്മില്‍ പെട്ടവരാണ്. പാവങ്ങളോടുള്ള ബന്ധത്തെ ഒരു ചടങ്ങായോ സഭാ പ്രവര്‍ത്തനം മാത്രമായോ ചുരുക്കി കാണാനും കഴിയില്ല - 'അവന്‍ നിന്നെ സ്‌നേഹിച്ചു' എന്ന പുതിയ പ്രബോധനത്തില്‍ മാര്‍പാപ്പ അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. സഭ ദരിദ്രരുടേതാണ് എന്നും സഭ തന്നെ ദരിദ്രയാണ് എന്നും പറഞ്ഞ ഫ്രാന്‍സിസ് പാപ്പയുടെ പൈതൃകം ലിയോ മാര്‍പാപ്പയും തുടരുന്നു.

പാവങ്ങളോടുള്ള പ്രത്യേക പരിഗണന ദൈവത്തിന്റെ തന്നെ ഒരു തീരുമാനമാണ്, സഭയുടേതല്ല എന്നു പ്രഖ്യാപനം വ്യക്തമാക്കുന്നു. മറ്റ് വിഭാഗങ്ങളെ ഒഴിവാക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യുക എന്നതല്ല പാവങ്ങളോടുള്ള പ്രത്യേക പരിഗണനയുടെ അര്‍ഥം. അങ്ങനെയൊരു അവഗണന ദൈവത്തെ സംബന്ധിച്ച് അസാധ്യമാണല്ലോ. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ക്ക് നല്‍കേണ്ട ഊന്നലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യവംശം നേരിടുന്ന ദാരിദ്ര്യത്തോടും ബലഹീനതയോടുമുള്ള അനുകമ്പയാല്‍ നയിക്കപ്പെടുന്നതാണ് ദൈവിക കര്‍മ്മങ്ങള്‍ എന്നതാണ് നമ്മള്‍ ഇതില്‍നിന്ന് അര്‍ഥമാക്കേണ്ടത്. നീതിയുടെയും സാഹോദര്യത്തിന്റെയും ഐകമത്യത്തിന്റെയും രാജ്യം ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തില്‍, വിവേചനം നേരിടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഏറ്റവും ബലഹീനരായവര്‍ക്ക് അനുകൂലമായ വിപ്ലവാത്മകവും നിര്‍ണ്ണായകവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവിടുന്ന് സഭയോട് ആവശ്യപ്പെടുന്നു.

പാവങ്ങളോടുള്ള സ്‌നേഹത്തെക്കുറിച്ച് ദൈവവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നു ണ്ടെങ്കിലും അതിനെ അനേകര്‍ അവഗണിക്കു ന്നത് എന്തുകൊണ്ടെന്നു താന്‍ അദ്ഭുതപ്പെടാറുണ്ട് എന്ന് പാപ്പാ എഴുതുന്നു. ദൈവവചനം, പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നും, ഉദ്ധരിച്ചുകൊണ്ടാണ് ദരിദ്രരോട് കാണിക്കേണ്ട നീതിയെയും കരുണയെയും കുറിച്ച് വിശ്വാസികളെ ഈ പ്രഖ്യാപനം ആവര്‍ത്തിച്ചു ഓര്‍മ്മിപ്പിക്കുന്നത്.

സമൂഹത്തിന്റെ പൊതുനന്മയിലും, ബലഹീനരും പിന്നാക്കക്കാരുമായ വിശ്വാസികളുടെ സംരക്ഷണത്തിലും യാതൊരു താല്‍പര്യവും ഇല്ലാത്ത ക്രൈസ്തവസംഘടനകളും പ്രസ്ഥാനങ്ങളും ഇടയ്ക്കിടെ ഉയര്‍ന്നു വരാറുണ്ടെന്നു പ്രഖ്യാപനം നിരീക്ഷിക്കുന്നു. ദരിദ്രരോടുള്ള കരുതല്‍ കത്തോലിക്കരുടെ അവശ്യദൗത്യങ്ങളില്‍ ഒന്നാണ്. ദരിദ്രരോടും തിരസ്‌കൃതരോടും പാര്‍ശ്വവല്‍കൃതരോടുമുള്ള ഐകമത്യം സഭയുടെ പ്രകൃതത്തിന്റെ തന്നെ ഭാഗമാണ്.

പാവങ്ങളോടുള്ള സ്‌നേഹത്തെക്കുറിച്ച് ദൈവവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ടെങ്കിലും അതിനെ അനേകര്‍ അവഗണിക്കുന്നത് എന്തുകൊണ്ടെന്നു താന്‍ അദ്ഭുതപ്പെടാറുണ്ട് എന്ന് പാപ്പാ എഴുതുന്നു. ദൈവവചനം, പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നും, ഉദ്ധരിച്ചുകൊണ്ടാണ് ദരിദ്രരോട് കാണിക്കേണ്ട നീതിയെയും കരുണയെയും കുറിച്ച് വിശ്വാസികളെ ഈ പ്രഖ്യാപനം ആവര്‍ത്തിച്ചു ഓര്‍മ്മിപ്പിക്കുന്നത്. ബൈബിളിനോടൊപ്പം ചരിത്രത്തിലൂടെ ഉരുവപ്പെട്ട സമ്പന്നമായ സഭാപ്രബോധനവും ലിയോ മാര്‍പാപ്പ ഉപയോഗിക്കുന്നു. റേരും നൊവാരും, മാതാവും ഗുരുനാഥയും, ജനതകളുടെ പുരോഗതി, സാമൂഹ്യ ഔത്സുക്യം, തൊഴിലിന്റെ മഹാത്മ്യം, സത്യത്തിലെ സ്‌നേഹം തുടങ്ങിയ ചാക്രിക ലേഖനങ്ങളും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളും ഈ പ്രഖ്യാപനത്തില്‍ വിപുലമായി ഉദ്ധരിക്കപ്പെടുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നിരാകരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പ്രവണത ക്രൈസ്തവര്‍ക്കു പോലും ഉണ്ട്. കുറച്ചുപേരെ അലട്ടുന്ന ഏതോ ഒരു ബാധ മാത്രമാണ് അതെന്നും സഭയുടെ ദൗത്യത്തിന്റെ ജ്വലിക്കുന്ന ഹൃദയം അല്ലെന്നും ക്രൈസ്തവര്‍ പോലും കരുതുന്നു.

അസ്സീസിയിലെ ഫ്രാന്‍സീസ് മുതല്‍ കല്‍ക്കത്തയിലെ മദര്‍ തെരേസ വരെ ചുരുങ്ങിയത് 33 വിശുദ്ധരുടെ ജീവിതമാതൃകകള്‍ പ്രഖ്യാപനത്തില്‍ അവതരിപ്പിക്കപ്പെടുന്നു. രോഗികളോടും തടവുകാരോടും നിരക്ഷരരോടും കുടിയേറ്റക്കാരോടും ഉള്ള സ്‌നേഹത്തന്റെ മാതൃകകളായി നാം കാണേണ്ട ചരിത്രത്തിലെ വിശുദ്ധജീവിതങ്ങള്‍. ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫനും പാവങ്ങളെ റോമന്‍ അധികാരികള്‍ക്കു മുമ്പില്‍ ഹാജരാക്കി സഭയുടെ നിധിയാണിത് എന്ന് പ്രഖ്യാപിച്ച വിശുദ്ധ ലോറന്‍സും ഇവരില്‍ ഉള്‍പ്പെടുന്നു. ആദിമ സഭാപിതാക്കന്മാരായ അന്ത്യോഖ്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, വി. പോളികാര്‍പ്പ് രക്തസാക്ഷിയായ ജസ്റ്റിന്‍ എന്നിവരുടെയെല്ലാം ജീവിതങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു. വിശുദ്ധ ജോണ്‍ ക്രിസോസ്തം മുതല്‍ വിശുദ്ധ അഗസ്റ്റിന്‍ വരെയുള്ളവരുടെ ഉദ്ധരണികള്‍ ഓര്‍മ്മപ്പെടുത്തുന്നു. രോഗികള്‍ക്കും നിരക്ഷരര്‍ക്കും തടവുപുള്ളികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള സേവനം കഴിഞ്ഞ രണ്ടായിരം കൊല്ലമായി സഭ തുടര്‍ന്നുവരുന്നതാണെന്നും പാപ്പ ചൂണ്ടിക്കാട്ടുന്നു.

ദരിദ്രരെ സേവിക്കുന്നത്, അവര്‍ക്കുള്ള പ്രയോജനത്തിന്റെ മാത്രം കാര്യമല്ലെന്നു പാപ്പ സൂചിപ്പിക്കുന്നു. ദരിദ്രസേവനം സഭയ്ക്കും സമൂഹത്തിനും അസാധാരണ നവീകരണത്തിന്റെ ഉറവിടമാണ്. സ്വയംകേന്ദ്രീകത്വത്തില്‍ നിന്ന് നമ്മെത്തന്നെ മോചിപ്പിക്കുകയും നമ്മുടെ കാതുകള്‍ അവരുടെ കരച്ചിലുകള്‍ കേള്‍ക്കാനായി തുറന്നു കൊടുക്കുകയും ചെയ്യുന്നത് നമ്മെത്തന്നെ നവീകരിക്കും.

ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും തൊഴില്‍പരമായ അനീതികളുടെയും ദരിദ്രരെ ബാധിക്കുന്ന മറ്റു സാമൂഹ്യവിഷയങ്ങളുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായ പ്രസ്ഥാനങ്ങള്‍ പലപ്പോഴും സംശയത്തോടെ വീക്ഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുക പോലും ചെയ്യുന്നുണ്ടെന്ന് പ്രബോധനം ചൂണ്ടിക്കാണിക്കുന്നു.

തുര്‍ക്കിയുടെ തീരത്ത് മരിച്ചുകിടക്കുകയായിരുന്ന രണ്ടു വയസ്സുള്ള സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടെ ചിത്രം ലോക മനഃസാക്ഷിയെ ഞെട്ടിച്ച കാര്യം പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ നാം അതിനോട് പൊരുത്തപ്പെട്ടു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും വാര്‍ത്താപ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. ദാരിദ്ര്യത്തിനെതിരായ ആഗോള പോരാട്ടത്തിന്റെ പുരോഗതി പലപ്പോഴും അതിശയോക്തിവല്‍ക്കരിച്ച് പറയുകയാണ് നാം. കാരണം പഴയ കാലത്തിന്റെ മാനദണ്ഡങ്ങള്‍ വച്ചാണ് ഇപ്പോഴും ദാരിദ്ര്യത്തെ അളക്കുന്നത്. അത് ഇന്നത്തെ യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നു പോകുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നിരാകരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പ്രവണത ക്രൈസ്തവര്‍ക്കുപോലും ഉണ്ട്. കുറച്ചുപേരെ അലട്ടുന്ന ഏതോ ഒരു ബാധ മാത്രമാണ് അതെന്നും സഭയുടെ ദൗത്യത്തിന്റെ ജ്വലിക്കുന്ന ഹൃദയം അല്ലെന്നും ക്രൈസ്തവര്‍ പോലും കരുതുന്നു. സുവിശേഷത്തെ പുനരാവാഹിക്കുകയും പാവങ്ങളെ പരിചരിക്കുന്നതിന് അത് നല്‍കുന്ന ഊന്നലിനെ സ്വാംശീകരിക്കുകയും ചെയ്യേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തിന് ഇതെല്ലാം അടിവരയിടുന്നു.

കഴിഞ്ഞ 150 വര്‍ഷത്തിനിടെ സഭാപ്രബോധനത്തില്‍ ദരിദ്രര്‍ക്ക് വേണ്ടിയുള്ള സേവനം പ്രത്യേകമായി സ്ഥാനം പിടിച്ചു. ലിയോ പതിമൂന്നാമന്റെ 'റേരും നൊവാരും' എന്ന ചാക്രിക ലേഖനവും ജോണ്‍ 23-ാമന്റെ 'മാതാവും ഗുരുനാഥയും' എന്ന ചാക്രിക ലേഖനവും ഇതിന് ഉദാഹരണങ്ങളാണ്. ബെനഡിക്ട് പതിനാറാമന്റെ 'കാരിത്താസ് ഇന്‍ വേരിത്താത്തെ' രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന ഒന്നായിരുന്നു. സഭയും ദരിദ്രരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലാറ്റിനമേരിക്കന്‍ കത്തോലിക്കാസഭയില്‍ ഉണ്ടായ പുനഃരാലോചനകള്‍ സഭാപ്രബോധനത്തിന്റെ ഭാഗമാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറായി. തിന്മയുടെ ഘടനകള്‍, അതായത് ആഴത്തില്‍ വേരുപിടിച്ച അനീതിപരമായ സംവിധാനങ്ങള്‍ ഉണ്ട് എന്നും ദരിദ്രരെ കേവലം ചാരിറ്റിയുടെ സ്വീകര്‍ത്താക്കള്‍ എന്നതിലുപരി കര്‍തൃത്വമുള്ളവരായി പരിഗണിക്കണമെന്ന ചിന്തയും സഭാപ്രബോധനത്തിലേക്കുള്ള ലാറ്റിനമേരിക്കന്‍ സംഭാവനകളാണ്. 'കൊല്ലുന്ന സമ്പദ്‌വ്യവസ്ഥയുടെ സ്വേച്ഛാധികാരം' എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രയോഗം പാപത്തിന്റെ ഘടനകളെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ലിയോ മാര്‍പാപ്പ ഉപയോഗിക്കുന്നു.

ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും തൊഴില്‍പരമായ അനീതികളുടെയും ദരിദ്രരെ ബാധിക്കുന്ന മറ്റു സാമൂഹ്യവിഷയങ്ങളുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായ പ്രസ്ഥാനങ്ങള്‍ പലപ്പോഴും സംശയത്തോടെ വീക്ഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുക പോലും ചെയ്യുന്നുണ്ടെന്ന് പ്രബോധനം ചൂണ്ടിക്കാണിക്കുന്നു

കാര്യങ്ങളുടെ ഇപ്പോഴത്തെ കിടപ്പിനെ ന്യായീകരിക്കുന്നതും സകലതും പരിഹരിക്കുന്ന വിപണിയുടെ അദൃശ്യശക്തികള്‍ക്കായി കാത്തിരിക്കുവാന്‍ പറയുന്ന സാമ്പത്തികതത്വത്തെ വിശദീകരിക്കുന്നതുമായ സിദ്ധാന്തങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഓരോ മനുഷ്യരുടെയും അന്തസ്സ് മാനിക്കപ്പെടേണ്ടത് ഇന്നാണ്, നാളെ അല്ല. ഈ അന്തസ്സ് നിഷേധിക്കപ്പെടുന്നവരെല്ലാം അനുഭവിക്കുന്ന പരമ ദാരിദ്ര്യം നമ്മുടെ മനഃസാക്ഷിയെ നിരന്തരം ഭാരപ്പെടുത്തികൊണ്ടിരിക്കും. വിഡ്ഢികളോ ശുദ്ധരോ ആയി കാണപ്പെട്ടാല്‍ പോലും ഈ ഘടനാപരമായ അനീതികളെ തിരിച്ചറിയുകയും തള്ളിപ്പറയുകയും ചെയ്യുന്നത് കത്തോലിക്കര്‍ അവിരാമം തുടരണം.

ദാനധര്‍മ്മങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും എന്ന കടമയെക്കുറിച്ച് മാര്‍പാപ്പ പ്രബോധനത്തില്‍ ഊന്നി പറയുന്നു. ഇക്കാലത്ത് ഇത് അപൂര്‍വമായി മാത്രമേ അനുഷ്ഠിക്കപ്പെടുന്നുള്ളൂ. അല്ലെങ്കില്‍ നിരുത്സാഹപ്പെടുത്തപ്പെടുന്നു. വിശ്വാസികള്‍ പോലും ഇതിനെ അനുകൂലമായി കാണുന്നില്ല. പ്രതികൂലാവസ്ഥയിലുള്ള ഒരു വ്യക്തിയെ സഹായിക്കാനുള്ള ഏറ്റവും നല്ല വഴി ഒരു നല്ല ജോലി കണ്ടെത്താന്‍ അയാളെ സഹായിക്കുക എന്നുള്ളതാണ്. പക്ഷേ അത് സാധിക്കുന്നില്ലെങ്കില്‍ ദാനം കൊടുക്കുക എന്നത് ഒരു അത്യാവശ്യമാണ്. അധികാരികള്‍ക്ക് ദരിദ്രരോടുള്ള ചുമതലയെ ഇത് ഇല്ലാതാക്കുന്നില്ല. എങ്കിലും ദരിദ്രരുടെ മുമ്പില്‍ ഒരു നിമിഷം നില്‍ക്കാനും അവരുടെ കണ്ണുകളിലേക്ക് നോക്കാനും അവരെ സ്പര്‍ശിക്കാനും നമ്മുടേതായ എന്തെങ്കിലും അവരുമായി പങ്കുവയ്ക്കാനും നമ്മെ സഹായിക്കുന്നത് ദാനധര്‍മ്മങ്ങളാണ്. സ്‌നേഹത്തിന് സഭ പരിധി കല്പിക്കാന്‍ പാടില്ല. പോരാടേണ്ട ശത്രുക്കള്‍ സഭയ്ക്കില്ല, സ്‌നേഹിക്കേണ്ട സ്ത്രീപുരുഷന്മാര്‍ മാത്രമേയുള്ളൂ. അങ്ങനെ ഒരു സഭയെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യമായിരിക്കുന്നത്. –പ്രബോധനം വിശദീകരിക്കുന്നു.

വിവാദപരമായേക്കാവുന്ന ചില ഘടകങ്ങള്‍ പ്രബോധനത്തില്‍ ഉള്‍പ്പെടുത്താന്‍ മാര്‍പാപ്പ മടിച്ചിട്ടില്ല. ഉദാഹരണത്തിന് ഈജിപ്തിലെ മാലിന്യ ശേഖരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ ഇമ്മാനുവേലെ ക്ലിന്‍ക്വിന്‍. പാവങ്ങളില്‍ പാവപ്പെട്ടവര്‍ക്കിടയിലെ പ്രവര്‍ത്തനത്തിന്റെ ഒരു മാതൃകയായി പ്രബോധനത്തില്‍ ഇവര്‍ പരാമര്‍ശിക്കപ്പെടുന്നു. സിസ്റ്റര്‍ ഇമ്മാനുവേല പക്ഷേ ഗര്‍ഭനിരോധനത്തെക്കുറിച്ചും വൈദികബ്രഹ്മചര്യത്തെക്കുറിച്ചും യാഥാസ്ഥിതികമല്ലാത്ത അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ള ആളാണ്. ആ അഭിപ്രായങ്ങള്‍, പാവങ്ങളോടുള്ള അവരുടെ സമര്‍പ്പണത്തെ ഉയര്‍ത്തിക്കാണിക്കുന്നതിനു പാപ്പ ഒരു തടസ്സമായി കണ്ടില്ല. വിമോചന ദൈവശാസ്ത്രത്തിന്റെ വിമര്‍ശനമായി വിശ്വാസകാര്യാലയം 1984-ല്‍ പ്രസിദ്ധീകരിച്ച 'വിമോചന ദൈവശാസ്ത്രത്തിന്റെ ചില വശങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍' എന്ന രേഖയും ഇതില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. വിശ്വാസത്തിന്റെ ശുദ്ധിക്കുവേണ്ടി വാദിക്കുന്നവര്‍ പാവങ്ങളെ സ്‌നേഹിക്കുന്നതിലും ഈ താല്‍പര്യം കാണിക്കണമെന്ന സൂചനയാണിതിലുള്ളത്. അനീതിയുടെ അസഹനീയ അവസ്ഥകള്‍ സംബന്ധിച്ചും അതിനെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന രാഷ്ട്രീയ ഭരണകൂടങ്ങളെ സംബന്ധിച്ചും നിഷ്‌ക്രിയത്വവും ഉദാസീനതയും കുറ്റകരമായ മൗനവും പാലിക്കുന്ന യാഥാസ്ഥിതികതയുടെ സംരക്ഷകര്‍, അയല്‍ക്കാരോടും ദരിദ്രരോടും അടിച്ചമര്‍ത്തപ്പെടുന്നവരോടുള്ള സേവനത്തിന്റെ ഫലപ്രദമായ സാക്ഷ്യം നല്‍കണം.

ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും തൊഴില്‍പരമായ അനീതികളുടെയും ദരിദ്രരെ ബാധിക്കുന്ന മറ്റു സാമൂഹ്യവിഷയങ്ങളുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായ പ്രസ്ഥാനങ്ങള്‍ പലപ്പോഴും സംശയത്തോടെ വീക്ഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുക പോലും ചെയ്യുന്നുണ്ടെന്ന് പ്രബോധനം ചൂണ്ടിക്കാണിക്കുന്നു. ദരിദ്രരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങളില്‍ ഇത്തരം പ്രസ്ഥാനങ്ങളെ കൂടി സര്‍ക്കാരുകളും സ്ഥാപനങ്ങളും ഉള്‍പ്പെടുത്തണമെന്നും പ്രബോധനം ആവശ്യപ്പെടുന്നു.

5 അധ്യായങ്ങളും 121 ഖണ്ഡികകളും ഇരുപതിനായിരത്തോളം വാക്കുകളുമുള്ള ഈ രേഖ, ഞാന്‍ നിന്നെ സ്‌നേഹിച്ചു എന്ന വെളിപാട് വാക്യവുമായി (3:9) ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ദരിദ്രര്‍ക്കുവേണ്ടി, ദരിദ്രരാല്‍ നടത്തപ്പെടുന്ന ദരിദ്രരുടെ സഭയാണ് കത്തോലിക്കാസഭ, അഥവാ അങ്ങനെയാകണം എന്ന സുവിശേഷാത്മകമായ നിലപാട് അവിതര്‍ക്കിതമായി പ്രഖ്യാപിക്കുകയാണ് 'ദിലെക്‌സി തേ'.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org