സ്നേഹത്തിനു ശബ്ദമേകിയ പുണ്യജന്മം : ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി

സ്നേഹത്തിനു ശബ്ദമേകിയ പുണ്യജന്മം : ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി

സി. ലിസി ആക്കനത്ത് എസ്എബിഎസ്

സകല കാര്യങ്ങളും സ്നേഹത്തോടെ നിര്‍വഹിക്കുന്നതില്‍ അത്യുത്സാഹിയായിരുന്നു സ്നേഹത്തിന്‍റെ ആചാര്യശ്രേഷ്ഠന്‍ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി. എല്ലാ നിയമങ്ങളെയും പൂര്‍ത്തീകരിക്കുന്നതു സ്നേഹമെന്ന നിയമമാണെന്ന ഉള്‍ബോധ്യത്തോടെ അതിര്‍വരമ്പുകളില്ലാതെ, ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്കു തഴയപ്പെട്ടവരുടെ മാത്രമല്ല, നിയമത്തിന്‍റെ കൂച്ചുവിലങ്ങില്‍പ്പെട്ട് അസമത്വത്തിന്‍റെ, അനീതിയുടെ ബലിയാടുകളായിത്തീര്‍ന്ന താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനായും സ്വരമുയര്‍ത്തിയ പുണ്യശ്ലോകന്‍ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി.

ദിവ്യകാരുണ്യ ഈശോയോടുള്ള ഗാഢപ്രണയത്തില്‍നിന്ന് ജന്മംകൊണ്ടതാണ് അദ്ദേഹം സ്ഥാപിച്ച ദിവ്യകാരുണ്യ ആരാധനാ സന്ന്യാസിനി സമൂഹം. ഇന്ന് ഈ സന്ന്യാസിനീസമൂഹം അദ്ദേഹം തുടങ്ങിവച്ച സ്നേഹസംരംഭങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകുന്നു. 1908 ഡിസംബര്‍ 8-ന് ആരംഭം കുറിച്ച ഈ സന്ന്യാസിനീസമൂഹത്തിലെ ആയിരക്കണക്കിനു കന്യകകള്‍ ഇന്നു ദിവ്യകാരുണ്യ ഈശോയുടെ പാദാന്തികത്തിലിരുന്നു നിരന്തരമായ ആരാധന അര്‍പ്പിക്കുന്നതോടൊപ്പം ഇന്ത്യയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളില്‍ സേവനമനുഷ്ഠിച്ചുകൊണ്ട് അവിടുത്തെ സ്നേഹദൗത്യത്തില്‍ പങ്കുചേരുന്നു. പാഠപുസ്തകങ്ങളും മറ്റും അപൂര്‍വമായിരുന്ന ആ കാലഘട്ടത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ സഹപാഠികള്‍ക്കു പുസ്തകങ്ങളും മറ്റും നല്കി സഹായിച്ചു തോമാച്ചന്‍ സ്നേഹത്തിന്‍റെ ഒരു കുഞ്ഞുപ്രവാചകനായി മാറി.

ദേവീക്ഷേത്രത്തിനു സമീപം ക്രൈസ്തവ ദേവാലയം പണിയുവാന്‍ കുര്യാളശ്ശേരിയച്ചനെ സഹായിച്ചവരുണ്ടായിരുന്നെങ്കിലും എതിരാളികളും ഉണ്ടായിരുന്നു. ഏറ്റവും എതിര്‍ക്കുന്ന ഒരു എതിരാളി രോഗിയാണെന്നറിഞ്ഞ് അച്ചന്‍ ഒരു വള്ളത്തില്‍ കയറി യാത്രയായി വേഗം വീട്ടിലെത്തി രോഗീലേപനം നല്കി. സ്നേഹം സകലതും സഹിക്കുന്നു, സ്നേഹം അനുചിതമായി പെരുമാറുന്നില്ല എന്ന വചനങ്ങള്‍ മാംസം ധരിക്കാന്‍ തന്‍റെ ജീവിതത്തെ മെരുക്കിയെടുത്തു.

1922-ല്‍ ചമ്പക്കുളത്ത് ഓര്‍ശ്ലേം പള്ളിയില്‍ ഏതാനും മാസക്കാലം വാതരോഗചികിത്സയ്ക്കായി വിശ്രമജീവിതം നയിക്കുന്ന കാലയളവില്‍ സ്വന്തം മകനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു വൃദ്ധന്‍ പൊട്ടിക്കരഞ്ഞുകൊണ്ടു തന്‍റെ സങ്കടങ്ങള്‍ പങ്കുവച്ചപ്പോള്‍ പിതാവിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഈ സംഭവത്തിന്‍റെ പരിണിതഫലമാണു പുന്നപ്രയിലെ വൃദ്ധമന്ദിരം.

എടത്വായില്‍ കോളറ സംഹാരതാണ്ഡവം ആരംഭിച്ചപ്പോള്‍ പ്രിയപ്പെട്ടവരുടെ വിയോഗവും രോഗയാതനകളും മൂലം ക്ലേശിച്ചിരുന്ന തന്‍റെ മക്കളുടെ അരികിലേയ്ക്കു സ്നേഹത്തേരില്‍ ഒരു മാലാഖയെപ്പോലെ പറന്നെത്തി. ആസന്നമരണരായ രോഗികള്‍ക്ക് അന്ത്യകൂദാശകള്‍ കൊടുക്കുക, മരിച്ചവരെ സംസ്കരിക്കുക, സ്വന്തം പണംകൊണ്ടു മരുന്നും സാധനങ്ങളും വാങ്ങി പാവപ്പെട്ടവരെ സഹായിക്കുക ഇത്യാദി പരസ്നേഹകൃത്യങ്ങളില്‍ വ്യാപൃതനായ അദ്ദേഹം രാത്രിയുടെ നീണ്ട യാമങ്ങളില്‍ ദിവ്യകാരുണ്യനാഥന്‍റെ സന്നിധിയിലേക്ക് ഇമവെട്ടാതെ ഉറ്റുനോക്കി ആ പവര്‍ഹൗസില്‍ നിന്നു ശക്തിയാര്‍ജ്ജിച്ചിരുന്നു.

മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുന്ന സകല മതിലും ഇടിച്ചു തകര്‍ത്തു സ്നേഹവാതായനങ്ങള്‍ പണികഴിപ്പിച്ച പുണ്യചരിതന്‍. ജാതി, മത, ഭാഷ, വേഷാദികള്‍ വിശ്വസാഹോദര്യത്തിന്‍റെ ക്രൈസ്തവദര്‍ശനത്തിനു വഴിമാറുന്നുവെന്നറിഞ്ഞ അദ്ദേഹം പുലയരുടെയും പറയരുടെയും സമുദായത്തിലെ ദരിദ്രരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും സ്വന്തമായി കരുതി പ്രവര്‍ത്തിച്ചു.

തൊഴിലില്ലാതെ നിസ്സഹായരായി നിന്ന ഹരിജന്‍ തൊഴിലാളികള്‍ക്ക് ഇടം നല്കമെന്നുള്ള പിതാവിന്‍റെ ആഹ്വാനത്തോടു വിസമ്മതം പ്രകടിപ്പിച്ചവര്‍ക്കു കാര്‍ക്കശ്യത്തോടെയുള്ള ഒരു മുന്നറിയിപ്പ് നല്കി: "ഈ സാധുക്കള്‍ക്കു മഴ മാറുന്നതുവരെ അഭയം കൊടുത്തില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ ഞാന്‍ ഒരിക്കലും പ്രവേശിക്കുകയില്ല." ഉറച്ച തീരുമാനത്തോടെയുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനത്തിനു കീഴ്വഴങ്ങി ആ സാധുമക്കള്‍ക്ക് അവര്‍ ഇടം നല്കി. ഒരു ഹരിജന്‍ ക്രൈസ്തവന്‍ കോളറ ബാധിച്ചു കിടക്കുന്നതായി അറിഞ്ഞ് അങ്ങോട്ടു പോകാനൊരുങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തി: "അച്ചാ, ളോവയില്‍ ചെമ്പാട പറ്റും. അങ്ങോട്ടു പോകാന്‍ ബുദ്ധിമുട്ടാണ്. അവിടെയെല്ലാം ചെളിയും വെള്ളവുമാണ്." എന്നാല്‍ അദ്ദേഹമാകട്ടെ "ഒരാത്മാവു നഷ്ടപ്പെടുന്നതില്‍ വലുതാണോ ഇത്?" എന്നു ചോദിച്ചുകൊണ്ട് ഉടന്‍തന്നെ അങ്ങോട്ടു യാത്രയായി.

ഒരിക്കല്‍ കാഞ്ഞിരമറ്റം പള്ളിയില്‍ വിസീത്ത നടത്തുവാന്‍ പല്ലക്കില്‍ യാത്ര ചെയ്യവേ പിതാവ് ഒരു രോഗിയുടെ രോദനം കേട്ടു. സ്നേഹത്തിന്‍റെ റാന്തല്‍വിളക്കുമായി ആ പുലയക്കുടിലിലേക്കു കയറിച്ചെന്നു സ്നേഹശുശ്രൂഷകള്‍ നല്കിയപ്പോള്‍ ആ തപ്തഹൃദയന്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. എല്ലാ മതവിഭാഗങ്ങളോടുമുള്ള പിതാവിന്‍റെ സഹിഷ്ണുത അനുകരണാര്‍ഹമാണ്. പിതാവിന്‍റെ ജൂബിലിയാഘോഷത്തിനുവേണ്ടി മുസ്ലീംങ്ങളുടെ ചന്ദനക്കുടമഹോത്സവം ക്രിസ്ത്യാനികള്‍ തടസ്സപ്പെടുത്തിയപ്പോള്‍, അവരുടെ ആഘോഷങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കുന്നില്ലെങ്കില്‍ മാത്രം എന്‍റെ ജൂബിലി ആഘോഷിച്ചാല്‍ മതിയെന്നു പറഞ്ഞു പ്രതികരിച്ച അദ്ദേഹത്തിന്‍റെ വിശാലമനസ്കത അനുകരണാര്‍ഹംതന്നെ. 52 വര്‍ഷങ്ങള്‍ മാത്രം ഈ ഭൂമിയില്‍ ജീവിച്ച പിതാവ് ചെയ്തുതീര്‍ത്ത വന്‍കാര്യങ്ങള്‍ നമ്മെ വിസ്മയഭരിതരാക്കും.

ദിവ്യകാരുണ്യ സ്നേഹസംസ്കാരങ്ങളുടെ ഒരു നീണ്ട പ്രദക്ഷിണം പിതാവിന്‍റെ ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നവര്‍ക്കു കാണാനാകും. ഗോതമ്പുമണി തിരുവോസ്തിയാകാന്‍, കുര്‍ബാനയാകാന്‍ എത്രമാത്രം ത്യാഗവഴികളിലൂടെ സഞ്ചരിക്കുന്നു! കുര്യാളശ്ശേരി പിതാവ് പ്രതിസന്ധികളില്‍ തളരാത്ത ദൈവികസാഹസികതയോടെ വെല്ലുവിളികളെ അവിടുത്തെ സ്നേഹവിളിയായി കണ്ടു കുര്‍ബാനസംസ്കാരത്തിലൂടെ സഞ്ചരിച്ച് കുര്‍ബാനയുടെ പ്രേഷിതനായി മാറി.

പിതാവിന്‍റെ ഓരോ തുടിപ്പും ക്രിസ്തുവിനെ സ്നേഹിക്കാന്‍ മാത്രമുള്ളതായിരുന്നു. പിതാവിനു നമുക്കു കൈമാറാനുള്ളതു സ്നേഹത്തിന്‍റെ വിശുദ്ധ ജീവിതനിമിഷങ്ങള്‍ മാത്രമാണ്. ക്രിസ്തുവില്‍ എല്ലാം നവീകരിക്കുക എന്ന ജീവിതാദര്‍ശത്തെ മുറുകെപ്പിടിച്ച് അവിടുത്തേയ്ക്കു വേണ്ട ധീരപ്രവൃത്തികള്‍ ചെയ്ത ഈ വിശുദ്ധ ജന്മത്തെ പ്രതി നമുക്കു കൃതജ്ഞതാഭരിതരാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org