ഡിജിറ്റല്‍ മിനിമലിസം: ദാര്‍ശനികതയും പ്രയോഗികമാനങ്ങളും

ഡിജിറ്റല്‍ മിനിമലിസം: ദാര്‍ശനികതയും പ്രയോഗികമാനങ്ങളും
Published on

"I Used to Be a Human Being' എന്ന തലക്കെട്ടില്‍ 2016 ല്‍ 'ആന്‍ഡ്രൂ സള്ളിവന്‍' ന്യൂയോര്‍ക്ക് മാഗസിനില്‍ ഒരു ലേഖനം എഴുതിയിരുന്നു. അനിയന്ത്രിത മായും ആപല്‍ക്കരമായും വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങള്‍, ആധുനികലോകത്തെയും മനുഷ്യനെയും എപ്രകാരം സ്വാധീനിക്കുന്നു എന്നതായിരുന്നു ഈ ലേഖനത്തിന്റെ കാതല്‍. ഏതാണ്ട് രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് ഈ ലോകത്തില്‍ നിന്നും വിടപറഞ്ഞ ഒരാള്‍ തിരികെ വന്നാല്‍ ഈ ലോകം അയാള്‍ക്ക് തീര്‍ത്തും അന്യമായി അനുഭവ പ്പെടും എന്ന മുഖവുരയോടു കൂടിയാണ് സള്ളിവന്‍ ഈ ലേഖനം ആരംഭിക്കുന്നത് കേവലം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഭൂമിയില്‍ ജീവിച്ചിരുന്ന താന്‍ കണ്ടിട്ടില്ലാത്തതും, തന്റെ തലമുറയ്ക്ക് കേട്ടുകേള്‍വി പോലും ഇല്ലാത്തത്തതുമായ ചില സ്വഭാവസവിശേഷതകള്‍ ആധുനിക മനുഷ്യന്‍ കൈവരിച്ചിരിക്കുന്നു എന്ന തോന്നല്‍ ആ മനുഷ്യനില്‍ ഉളവാക്കുന്ന അന്യതാബോധം നമുക്ക് ഊഹിക്കാവുന്നതിലും ഭീകരമായിരിക്കും. സാങ്കേതിക വിദ്യകള്‍ മനുഷ്യജീവിതത്തിന്റെ എല്ലാ കോണുകളിലേക്കും പടര്‍ന്നുകയറുകയും, ആധിപത്യം സ്ഥാപിക്കുകയും ചെയ്തു എന്നതാണ് ഈ നൂറ്റാണ്ടിന്റെ ആരംഭം കണ്ട ഏറ്റവും വലിയ വിപ്ലവം.

ഇന്റര്‍നെറ്റും, സ്മാര്‍ട്ട്‌ഫോണു കളും, സമൂഹ്യമാധ്യമങ്ങളും മനുഷ്യന്റെ ദിനചര്യയെ സ്വാധീനി ക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തികളായി മാറി. 2004 ല്‍ thefacebook.com എന്ന പേരില്‍ ആരംഭിച്ച സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ഇന്ന് ഇന്‍സ്റ്റഗ്രാമും ടിക്‌ടോകും സ്‌നാപ്ചാറ്റു മൊക്കെയായി വളര്‍ന്നിരിക്കുന്നു. 2007 ല്‍ ആദ്യത്തെ ഐഫോണ്‍ വിപണിയില്‍ അവതരിപ്പിക്കു മ്പോള്‍, സ്റ്റീവ് ജോബ്‌സ് പറഞ്ഞത് ഐ പോടും, ഫോണും ഒരുമിച്ച് കൊണ്ടു നടക്കുന്നതിന് പകരമായി ഒരു ഒറ്റ ഉപകരണത്തിലേക്ക് നാം മാറുന്നു എന്നാണ്. ഈ രണ്ട് സാധ്യത കളല്ലാതെ മൂന്നാമതൊന്ന് ഈ ഫോണില്‍ ചേര്‍ക്കപ്പെടുന്നു ണ്ടെങ്കില്‍ അത് അടിയന്തര സഹായത്തിനുള്ള ആപ്ലിക്കേഷ നുകള്‍ മാത്രമായിരിക്കും എന്ന് പറഞ്ഞയിടത്തുനിന്നും കാര്യങ്ങള്‍ പ്രകാശവേഗത്തില്‍ മാറിമറിയുന്ന കാഴ്ചയാണ് നാം കണ്ടത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് സത്യമാണെങ്കില്‍, ഒരു വ്യക്തി യുടെ ദൈനംദിന ജീവിതത്തില്‍ നിന്നും ശരാശരി 2 മുതല്‍ 3 മണിക്കൂര്‍ സമയം വരെയാണ് സ്മാര്‍ട്ട്‌ഫോണുകളും ആപ്ലിക്കേഷനുകളും ചേര്‍ന്ന് കവര്‍ന്നെടുക്കുന്നത്. ഒരാള്‍ ഒരു ദിവസം ഏറ്റവും കുറഞ്ഞത് 85 ഓളം തവണ വിവിധ ആപ്ലിക്കേഷനുകള്‍ക്കായി ഫോണില്‍ തിരയുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തില്‍ നിന്നും ശരാശരി 2 മുതല്‍ 3 മണിക്കൂര്‍ സമയം വരെയാണ് സ്മാര്‍ട്ട്‌ഫോണുകളും ആപ്ലിക്കേഷനുകളും ചേര്‍ന്ന് കവര്‍ന്നെടുക്കുന്നത്. ഒരാള്‍ ഒരു ദിവസം, ഏറ്റവും കുറഞ്ഞത് 85 ഓളം തവണ വിവിധ ആപ്ലിക്കേഷനുകള്‍ക്കായി ഫോണില്‍ തിരയുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

2023 ല്‍, സ്റ്റാറ്റിസ്റ്റ ലോക വ്യാപകമായി നടത്തിയ പഠന ത്തില്‍ കണ്ടെത്തിയത് ഇന്നത്തെ യുവജനങ്ങളില്‍ 60% പേര്‍ ദിവസത്തില്‍ മൂന്നോ അതിലധികമോ മണിക്കൂറുകള്‍ സമൂഹ്യമാധ്യമങ്ങളില്‍ ചെലവഴിക്കുന്നവരാണെന്നാണ്. യുവജനങ്ങള്‍ക്കിടയിലെ ഡിജിറ്റല്‍ ലഹരി 50 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്. ആധുനിക മനഃശാസ്ത്രരംഗം അതിസൂക്ഷമത യോടുകൂടി കൈകാര്യം ചെയ്യുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളായി ഡിജിറ്റല്‍ ലഹരിയും, ഡിജിറ്റല്‍ ആസക്തിയും മാറികഴിഞ്ഞു. മനുഷ്യന്റെ വ്യക്തിജീവിതവും, സാമൂഹികബന്ധങ്ങളും ഒരുപോലെ തിരുത്തി എഴുതപ്പെട്ടി രിക്കുന്നു എന്ന് പറയാതെ വയ്യ. ഇത്തരമൊരു കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം വളര്‍ന്നുവന്ന തീര്‍ത്തും നൂതന മായ ഒരു ദാര്‍ശനികതയാണ് ഡിജിറ്റല്‍ മിനിമലിസം (Digital Minimalism).

ഡിജിറ്റല്‍ മിനിമലിസത്തിന്റെ പ്രചാരകരില്‍ മുന്‍പന്തിയിലാണ് കാല്‍ ന്യൂപോര്‍ട്ട് (Cal Newport). 2019 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹ ത്തിന്റെ "Digital Minimalism: Choosing a Focused Life in a Nosiy World' എന്ന പുസ്തകം ഡിജിറ്റല്‍ ലഹരിയില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗങ്ങളെ ക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. "Technology is not inherently bad, but its overuse can lead to an overwhelmed, stressed existence. The key is deliberate, intentional use of technology.' എന്ന ന്യൂപോര്‍ട്ടിന്റെ വാക്കുകള്‍, ഡിജിറ്റല്‍ മിനിമലിസത്തിന്റെ അടിത്തറയായിട്ടാണ് അതിന്റെ ഉപയോക്താക്കള്‍ കണക്കാക്കു ന്നത്. സാങ്കേതികവിദ്യ തീര്‍ത്തും അപകടകരമാണെന്നോ, ഒഴിവാക്കേണ്ടതാണെന്നോ ഉള്ള ചിന്ത ഈ ദാര്‍ശനികതയ്ക്കില്ല. മറിച്ച്, സാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ ആധിക്യവും, അവയോടുള്ള അന്ധമായ അടിമത്തവും ഒഴിവാക്കി, അവ വച്ചു നീട്ടുന്ന പ്രയോജനങ്ങളെ പരമാവധി ഉപയോഗപ്പെടുത്താ നാണ് ഡിജിറ്റല്‍ മിനിമലിസം ഉദ്‌ബോധിപ്പിക്കുന്നത്. ഈ വിഷയം പ്രതിപാദിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും പരാമര്‍ശിക്ക പ്പെടേണ്ട മറ്റൊരു പേരാണ് ജോഷ്വ ബേക്കര്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്റേത്. മിനിമലിസ്റ്റ് ദാര്‍ശനികതയെയും അതിന്റെ പ്രായോഗികതയെക്കുറിച്ചും ബേക്കര്‍ എഴുതിയിട്ടുള്ള പുസ്തക ങ്ങള്‍ ദാര്‍ശനിക ലോകത്ത് ഇതിനകംതന്നെ അനുവാചക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. അത്യാവശ്യത്തിന് മാത്രമായ ഡിജിറ്റല്‍ ഉപകരണങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതു വഴി, മനുഷ്യന്‍ കൂടുതല്‍ ഉല്പാദനശേഷിയുള്ളവനും, അവളുടെയും, അവന്റെയും ദൈനംദിനജീവിതം കൂടുതല്‍ സമാധാനപരമായി മാറുമെന്നു മാണ് ബേക്കറിന്റെ നിഗമനം.

Is Silicon Valley programming apps or people? എന്ന ചോദ്യത്തിന് Tristan Harris എന്ന ഗൂഗിള്‍ എന്‍ജിനീയര്‍ പറയുന്ന മറുപടി ഇങ്ങനെയാണ്. അവര്‍ പ്രോഗ്രാം ചെയ്യുന്നത് ആപ്പുകളല്ല, മറിച്ച് മനുഷ്യരെയാണ്. ഇനിയും ടെക്‌നോളജി നിഷ്പക്ഷമാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്ളവര്‍ മാത്രമായിരിക്കും എന്നാണ് ഹാരിസിന്റെ വാദം. ആയിരകണക്കിന് സാധ്യതകള്‍ക്കിടയില്‍, സ്വന്തം ഉപയോക്താ ക്കളെ തങ്ങളുടെ തന്നെ ഇടങ്ങളില്‍ ഇടതടവില്ലാതെ, ദീര്‍ഘനേരം പിടിച്ചിരിത്തുക എന്നത് അവരുടെ ആഗ്രഹവും തീരുമാനവു മാണ്. അങ്ങനെ പിടിച്ചിരുത്താനുള്ള അവരുടെ കഴിവിന്റെ ഏറ്റകുറച്ചിലുകളിലാണ് വിപണിയുടെ ലാഭനഷ്ടങ്ങള്‍ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഉപയോക്താക്കളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ അവര്‍ എന്തും ചെയ്യും, ഏത് വഴിയും സ്വീകരിക്കും. അത്തരമൊരു സാധ്യതയുടെ ഉത്തമോദാഹരണ മാണ് 2009 ല്‍ facebook ആദ്യമായി അവതരിപ്പിച്ച "Like' ബട്ടണ്‍. തന്റെ ചിത്രത്തോട്, തന്റെ എഴുത്തിനോട്, താന്‍ പങ്കുവച്ച വിശേഷങ്ങളോട് മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള മനുഷ്യന്റെ തീര്‍ത്തും സഹജമായ വാസനയെ ചൂഷണം ചെയ്യുകയാണ് ഈ "Like' ബട്ടണ്‍ (Leah Pearlman, Product Manager on the team that developed the "Like" button for Facebook). പുതിയ notification നുകള്‍ക്കുവേണ്ടി മനുഷ്യന്‍ കാത്തിരിക്കാന്‍ തുടങ്ങി, ഒരു മണിയടി ശബ്ദം കേട്ടാല്‍, ഏത് തിരക്കിനിടയിലും ഫോണ്‍ എടുക്കാന്‍ നമ്മുടെ കൈകള്‍ സജ്ജമായി.

സാങ്കേതികതയുടെ അതിപ്രസരവും, അതിനോടുള്ള ആധുനിക മനുഷ്യന്റെ അതിരു കടന്ന പ്രതിപത്തിയും ഡെമോക്ലിസിന്റെ വാളുപോലെ നമ്മുടെ കാലഘട്ടത്തിന് മുകളില്‍ നില്ക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തി ലാണ് ഡിജിറ്റല്‍ മിനിമലിസത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. തീര്‍ത്തും ലളിതവും വ്യക്തവുമായ മൂന്ന് പ്രായോഗിക നിര്‍ദേശങ്ങ ളാണ് ഈ ദാര്‍ശനികത മുന്നോട്ടു വയ്ക്കുന്നത്. i) അനാവശ്യമായ സാങ്കേതിക ഉപകരണ ങ്ങളെയും സേവനങ്ങളെയും ഒഴിവാക്കുക, ii) ഏറ്റവും ആവശ്യമായവയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക, iii) അതിലൂടെ ഉല്‍പാദന പരവും സ്വസ്ഥവുമായ ഒരു ജീവിതരീതി സാധ്യ മാക്കുക എന്നതാണ് ഡിജിറ്റല്‍ മിനിമലിസ ത്തിന്റെ ഉള്ളടക്കം.

ആയിരകണക്കിന് സാധ്യതകള്‍ക്കിടയില്‍, ടെക്‌നോളജി സ്വന്തം ഉപയോക്താക്കളെ തങ്ങളുടെ തന്നെ ഇടങ്ങളില്‍ ഇടതടവില്ലാതെ, ദീര്‍ഘനേരം പിടിച്ചിരിത്തുക എന്നത് അവരുടെ ആഗ്രഹവും തീരുമാനവുമാണ്. അതിനാല്‍ തന്നെ അവ നിഷ്പക്ഷമല്ല.

1. സാങ്കേതിക ഉപകരണങ്ങളുടെ ശ്രദ്ധാപൂര്‍വമായ ഉപയോഗം:

സാങ്കേതികവിദ്യകളുടെ ഉപയോഗം ബോധപൂര്‍വമായ ഒരു പ്രവൃത്തിയായി മാറണം എന്നതാണ് ഡിജിറ്റല്‍ മിനിമലിസം നിര്‍ദേശി ക്കുന്ന പരമപ്രധാനമായ കാര്യം. പലപ്പോഴും മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റിലും നാം ചെലവഴിക്കുന്ന സമയം നമ്മുടെ നിയന്ത്രണത്തിലല്ല എന്ന വസ്തുത നാം മറന്നു പോകുന്നു. വ്യക്തമായ ആവശ്യങ്ങള്‍ക്കായിട്ടാണ് പലരും പലപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങുന്ന തെങ്കിലും, പിന്നീടങ്ങോട്ടുള്ള നിയന്ത്രണം നമ്മുടെ കൈയ്യില്‍ നിന്നും നഷ്ടമാകുന്നു എന്നതാണ് സത്യം. ഈ തിരിച്ചറിവ് ഉണ്ടാവുക എന്നതാണ് ആദ്യപടി. യാതൊരു അന്ത്യവുമില്ലാതെ ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കാന്‍ വിധിക്കപ്പെട്ട ജീവിവര്‍ഗമല്ല നമ്മുടേത്. ഒരു ദിവസം എത്ര സമയം ഞാന്‍ അതില്‍ ചെലവഴിക്കണം എന്നത്, എപ്പോള്‍ ചെലവഴിക്കണം എന്നത്, എവിടെ ചെലവഴിക്കണം എന്നതൊക്കെ എന്റെ തീരുമാനം ആവുന്നിടത്താണ് ഡിജിറ്റല്‍ മിനിമലിസം എന്ന ആശയം പ്രയോഗത്തില്‍ വരുന്നത്. നമ്മുടെ വ്യക്തവും കൃത്യവുമായ ആവശ്യങ്ങളില്‍ നമുക്ക് സഹായമാവുക എന്നത് മാത്രമാണ് സാങ്കേതിക വിദ്യകളുടെ ധര്‍മ്മം. ഈ ബോധ്യത്തില്‍നിന്നുമാണ് ഡിജിറ്റല്‍ മിനിമലിസത്തിന്റെ അടുത്ത പടിയിലേക്ക് നാം കടക്കുന്നത്.

2. ആവശ്യകതയുടെ അടിസ്ഥാനത്തിലുള്ള ഉപഭോഗം സാധ്യമാക്കുക:

എനിക്കും ഞാനുമായി ബന്ധപ്പെട്ടു നില്ക്കുന്നവര്‍ക്കും ആവശ്യമായത് എന്താണെന്ന വ്യക്തമായ ബോധ്യത്തില്‍ നിന്നും വേണം സാങ്കേതിക ഉപകരണങ്ങളുടേയും വിദ്യകളുടെയും തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ആവശ്യമുള്ളതും ഇല്ലാത്തതുമായ ഉപകരണങ്ങളെയും സേവനങ്ങളെയും വേര്‍തിരിക്കുക, ആവശ്യമുള്ളവയെ തെരഞ്ഞെടുക്കുക, ആവശ്യമില്ലാത്തവയെ അകറ്റിനിറുത്തുക എന്നിവയാണ് ഡിജിറ്റല്‍ മിനിമലിസം ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. ഡിജിറ്റല്‍ ഡിടോക്‌സിഫിക്കേഷന്‍ (Detoxification) എന്നാണ് ഈ ആശയം വിളിക്കപ്പെടുന്നത്. ഉപകാരപ്രദമല്ലാത്തതും, അനാവശ്യവുമായ ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി, സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവഴിക്കുന്ന സമയം നിജപ്പെടുത്തി, യഥാര്‍ത്ഥ ലോകത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയാണ് ഡിടോക്‌സിന്റെ ഉദ്ദേശ്യം.

3. സ്വസ്ഥവും ഉല്പാദനപരവുമായ ഒരു ജീവിതരീതി സ്വായത്തമാക്കുക:

സാങ്കേതിക ഉപകരണങ്ങളുടേയും, സാമൂഹ്യ മാധ്യമങ്ങളുടെയും നിരന്തരമായ ഉപയോഗം മനുഷ്യന്റെ മാനസികാരോഗ്യത്തിന് ചെറുതല്ലാത്ത ക്ഷതം ഏല്പിച്ചിട്ടുണ്ട് എന്നത് കാലം തെളിയിച്ചു കഴിഞ്ഞ സത്യമാണ്. സാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ ഉപയോഗം മാനസികാരോഗ്യത്തെ ദുര്‍ബലമാക്കുകയും, മനുഷ്യന്റെ ക്രിയാത്മകതയെയും, ഉല്പാദനക്ഷമതയെയും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികതയുടെ ബാഹുല്യം നിമിത്തം, സമയത്തിന്റെ ഉത്തരവാദിത്ത ത്തോടെയുള്ള വിനിയോഗം സാധ്യമല്ലതായി എന്നതാണ് ആധുനിക മനുഷ്യന് സംഭവിച്ച ഏറ്റവും വലിയ അപചയം. വേണ്ടുന്നതും വേണ്ടാത്തതുമായ ആപ്ലിക്കേഷനുകളും ഡിജിറ്റല്‍ സേവനങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ചേര്‍ന്ന് അവന്റെ സമയവും ശ്രദ്ധയും ഏകാഗ്രതയും കവര്‍ന്നെടുത്തു. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കൈമോശം വന്ന ശാന്തതയും ഏകാഗ്രതയും തിരികെ പിടിക്കാന്‍ ഇന്ന് അവന്‍ നെട്ടോട്ടം ഓടുകയാണ്. അങ്ങനെ ഓടുന്നവരെ സഹായിക്കാന്‍ കൂണുപോലെ പരിശീലകരും മുളച്ചുപൊങ്ങുന്നു. സ്വസ്ഥതയും സമാധാനവും ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍, എന്ത് വില കൊടുക്കാനും എത്ര ദൂരം യാത്രചെയ്യാനും അവനും അവളും തയ്യാറാണ്. ഇവിടെയാണ് ഡിജിറ്റല്‍ മിനിമലിസം എന്ന ആശയത്തിന്റെ പ്രസക്തി വ്യക്തമാവുന്നത്. സാങ്കേതിക വിദ്യയുടെ ബോധപൂര്‍വമായ ഉപയോഗം മാനസിക സമ്മര്‍ദം കുറയ്ക്കുന്നു എന്ന പഠനങ്ങള്‍ ഇതിന് തെളിവാണ്. ആത്മവിശ്വാസം കുറഞ്ഞുപോകുന്ന, വിഷാദത്തിലേക്ക് എളുപ്പത്തില്‍ വഴുതി വീഴുന്ന ഒരു തലമുറയ്ക്ക്, സമയത്തിന്റെ ഉത്തരവാദിത്ത പൂര്‍ണ്ണമായ ഉപയോഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഒരു മരുന്നാണ്. അലസവും അനാവശ്യവുമായ ഇന്റ്റര്‍നെറ്റ് ഉപയോഗ ത്തില്‍നിന്നും പിന്തിരിയുന്നതും, കാര്യക്ഷമമായി സമയം വിനിയോഗം ചെയ്യുന്നതും വ്യക്തിത്വ വികാസ ത്തിനും ആത്മവിശ്വാസത്തിന്റെ വര്‍ധനയ്ക്കും കാരണമാകും.

മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റിലും നാം ചെലവഴിക്കുന്ന സമയം നമ്മുടെ നിയന്ത്രണത്തിലല്ല എന്ന വസ്തുത നാം മറന്നുപോകുന്നു. വ്യക്തമായ ആവശ്യങ്ങള്‍ക്കായി ട്ടാണ് പലരും പലപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങുന്നതെങ്കിലും, പിന്നീടങ്ങോട്ടുള്ള നിയന്ത്രണം നമ്മുടെ കൈയ്യില്‍നിന്നും നഷ്ടമാകുന്നു എന്നതാണ് സത്യം.

4. ഡിജിറ്റല്‍ മിനിമലിസത്തിലൂടെ ആത്മീയതയിലേക്ക് ഒരു തിരികെ പോക്ക് സാധ്യമാണ് എന്നതും ആധുനികലോകത്തിന് ആശാവഹമായ ഒരു വാര്‍ത്തയാണ്. സാങ്കേതികതയുടെ ഏറ്റവും ആപല്‍ക്കരമായ പരിണിതഫലം, യാഥാര്‍ത്ഥ്യത്തില്‍ നിന്നും അത് മനുഷ്യനെ വല്ലാതെ അകറ്റി എന്നതാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നുപോയ മനുഷ്യനെ കൈപിടിച്ച് തിരികെ കൊണ്ടുവരാനും, വ്യക്തമായ ദിശാബോധം അവന് നല്കാനും ഡിജിറ്റല്‍ മിനിമലിസം മുന്നോട്ടു വയ്ക്കുന്ന ദാര്‍ശനികതയ്ക്ക് സാധിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യബോധം നഷ്ടമായ മനുഷ്യന്‍ പറുദീസ നഷ്ടപ്പെട്ട ആദാമിന് സമനാണ്. അസന്തുലിതമായ സാങ്കേതികലോകം മനുഷ്യനെ സാമൂഹ്യബന്ധങ്ങളില്‍ നിന്നും, പ്രകൃതിയില്‍ നിന്നും, ദൈവത്തില്‍ നിന്നും ഒരുപോലെ അകറ്റുന്നു. ആ അകല്‍ച്ചയില്‍ അവന് നഷ്ടമാകുന്നത് അവനെ തന്നെയാണ്. സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്ത പൂര്‍ണ്ണമായ ഉപയോഗം വഴി, കാര്യക്ഷമമായ നിയന്ത്രണം വഴി അവന് തിരികെ ലഭിക്കുന്നത് നഷ്ടമായ അവന്റെതന്നെ സ്വത്വബോധ ത്തെയാണ്. അത്തരമൊരു തിരിച്ചുവരവില്‍ അവനെ കാത്തിരിക്കുന്നത് സഹജരും, പ്രകൃതിയും, ദൈവവുമാണ്.

ഡിജിറ്റല്‍ മിനിമലിസത്തിന്റെ ആവശ്യകതയെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതിയോഗികളാകുന്നവര്‍ നിരന്തരം ഉന്നയിക്കുന്ന വാദം ടെക്‌നോളജിയുടെ ഉപയോഗ സാധ്യതയാണ് (ടെക്‌നോ അപോളജി). ആംഗലേയത്തില്‍ എഴുതുമ്പോള്‍ അതിന് അല്പംകൂടി വ്യക്തത ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു: Technology and Techno(apo)logy. മനുഷ്യന്റെ ദൈനംദിന ജീവിത ത്തിലേക്കുള്ള സാങ്കേതികതയുടെ കടന്നുകയറ്റമോ, മനുഷ്യമനസ്സിനെ ദുര്‍ബലപ്പെടുത്തുന്ന അവയുടെ സമഗ്രാധിപത്യമോ അല്ല, അനന്തമായ അവയുടെ ഉപയോഗ സാധ്യത മാത്രമാണ് അവര്‍ക്ക് പ്രധാനം. ഡിജിറ്റല്‍ ഇടപാടുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങളുടെയും വ്യാപനം വഴി ലോകവും പ്രത്യേകിച്ച്, നമ്മുടെ രാജ്യവും ഒരു പുതിയ ദിശയിലേക്ക് നീങ്ങുക യാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ യുടെ അതിവ്യപാനം കൊണ്ട് ലോകം കൈവിരല്‍ത്തുമ്പിലേക്ക് ചെറുതാവുകയും, വേഗതയാര്‍ജി ക്കുകയും, മനുഷ്യര്‍ മറ്റൊരു കാലത്തും അനുഭവിക്കാത്ത തരത്തില്‍ അടുത്തിടപഴകുകയും ചെയ്യുന്നു. ഇതിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന വിചാരങ്ങളാണ് നമ്മുടെ നാട്ടില്‍ നിരന്തരം നാം കേള്‍ക്കുന്ന സാങ്കേതികതയുടെ പ്രതിരോധ സമവാക്യങ്ങള്‍, പ്രകൃതിദുരന്ത ത്തില്‍ ഉപകാരമാകുന്നു. ദരിദ്രരേയും രോഗികളെയും സഹായിക്കാന്‍ പണം സ്വരൂപി ക്കാനാകുന്നു. പഴയ സുഹൃത്തു ക്കളെ കണ്ടെത്താന്‍ സഹായ മാകുന്നു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് ഉപകരണ മാവുന്നു. ആരോഗ്യപരിരക്ഷണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നു. വ്യക്തികളുടെ ക്രിയാത്മകതയും കഴിവും പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നു. എന്നുവേണ്ട എണ്ണിയാല്‍ ഒടുങ്ങാത്ത ഉപയോഗ സാധ്യതകളാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്. അതുകൊണ്ടുതന്നെ, ടെക്‌നോളജിയെ വിമാര്‍ശനാത്മക മായി സമീപിക്കാന്‍ അവര്‍ തയ്യാറാവില്ല. എന്നു മാത്രമല്ല, അത്തരം വിമര്‍ശനങ്ങളെ ഉപയോഗ(pragmatic)സാധ്യത എന്ന ഒറ്റവാദം കൊണ്ട് അവര്‍ പ്രതിരോധിക്കുന്നു. ഇവിടെ ചര്‍ച്ചകള്‍ ഉപരിപ്ലവമാവുകയും, യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നു പോവുകയും ചെയ്യുന്നു.

digital apologists മുന്നോട്ടു വയ്ക്കുന്ന സാങ്കേതികതയുടെ ഉപയോഗസാധ്യതയുടെ വാദങ്ങളെ നിരാകരിക്കുകയോ തള്ളിപ്പറയുക യോ അല്ല ഡിജിറ്റല്‍ മിനിമലിസം ചെയ്യുന്നത്. ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചതു പോലെ, സാങ്കേതികവിദ്യയെ മാറ്റിനിര്‍ത്തിയുള്ള ഒരു ജീവിതത്തെയല്ല ഈ ദാര്‍ശനികത വിഭാവനം ചെയ്യുന്നത്. മറിച്ച്, ഈ സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തികൊണ്ട്, ബോധപൂര്‍വമായ ഡിജിറ്റല്‍ ഉപയോഗം സാധ്യമാവണം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഡിജിറ്റല്‍ മിനിമലിസം ചെയ്യുന്നത്. ഡിജിറ്റല്‍ ലോകത്തെ അനാവശ്യമായ അലഞ്ഞുതിരിയല്‍ ഒഴിവാക്കുക, ദിവസത്തില്‍ കൃത്യമായ ഇടവേളകള്‍ ക്രമീകരിച്ച് ഫോണും സമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുക, കായികക്ഷമത വികസിപ്പിക്കുന്ന ശാരീരികവ്യായാമങ്ങള്‍ക്ക് പതിവായി സമയം കണ്ടെത്തുക, പരസ്പരമുള്ള ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയ തീര്‍ത്തും ലളിതവും ആരോഗ്യകരവുമായ നിര്‍ദേശങ്ങളാണ് ഡിജിറ്റല്‍ മിനിമലിസം മുന്നോട്ടു വയ്ക്കുന്നത്. കേള്‍ക്കാന്‍ എളുപ്പമെന്ന് തോന്നുമെങ്കിലും, പ്രാവര്‍ത്തികമാക്കാന്‍ അത്ര എളുപ്പമല്ല എന്ന നിസഹായാവസ്ഥയിലാണ് നാമെല്ലാം എന്നതാണ് ഈ ദര്‍ശനികതയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org