സത്യദീപം ഡിജിറ്റൽ ആർക്കൈവ് വരും തലമുറകൾക്കുള്ള അനുഗ്രഹം

Satyadeepam Digital Archive a blessing for future generations
Published on
  • റോജി എം ജോൺ, ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രി

സത്യദീപത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമാകാൻ സാധിച്ചതിൽ ചെറുതല്ലാത്ത സന്തോഷമുണ്ട്. 100 വർഷം ഒരു ചെറിയ കാലയളവല്ല. 100 വർഷങ്ങൾക്കു മുമ്പ് സത്യദീപം തുടക്കം കുറിച്ചപ്പോൾ ഇന്ന് നമ്മൾ കാണുന്ന ആധുനികമായ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നു. അന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ തുടക്കം കുറിച്ച സത്യദീപം വിജയകരമായി നൂറുവർഷം പൂർത്തിയാക്കി എന്നുള്ളത് നമുക്കെല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. സത്യദീപത്തിന്റെ പിന്നിൽ പ്രവർത്തിച്ച, തുടക്കം മുതൽ ഈ സമയം വരെ ഇതിനെ മുന്നോട്ടു നയിച്ച മുഴുവൻ വ്യക്തികളെയും പ്രത്യേകമായി ഓർക്കുകയാണ്.

ഇന്ന് സത്യം വായിക്കുവാനും സത്യം അറിയുവാനും വളരെ പ്രയാസമുള്ള ഒരു കാലഘട്ടം കൂടിയാണ്. നമ്മൾ എന്തു വായിക്കണം, എന്ന് ചിന്തിക്കണം, എന്ത് അറിയണം എന്നു നമ്മൾ പോലും അറിയാതെ, സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ നിയന്ത്രിക്കുന്ന കാലം. നമ്മുടെ മൊബൈൽ ഫോണിൽ നമ്മൾ എന്ത് വീഡിയോ ആണ് കാണുക, ഏതു റീൽ ആണു നമ്മുടെ സ്ക്രീനിൽ വരിക എന്ന് നമുക്കു പകരം, ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന അൽഗോരിതങ്ങൾ തീരുമാനിക്കുന്ന ഒരു കാലം. സത്യം എന്ന പേരിൽ എന്തും പ്രചരിപ്പിക്കുകയും അത് നിരവധി ആളുകളിലേക്ക് എത്തിക്കുവാനുള്ള മാധ്യമങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന കാലം. ഡിജിറ്റൽ മീഡിയയുടെയും സോഷ്യൽ മീഡിയയുടെയും കടന്നുവരവിൽ അർദ്ധസത്യങ്ങൾ സത്യമാണെന്ന നിലയിൽ പ്രചരിപ്പിക്കാനുള്ള സൗകര്യം നിലനിൽക്കുന്ന ഒരു കാലം. അത്തരമൊരു കാലഘട്ടത്തിൽ യഥാർത്ഥ വിവരങ്ങൾ അറിയുവാൻ, സത്യം കൃത്യമായി മനസ്സിലാക്കുവാൻ നമുക്ക് സത്യദീപം പോലുള്ള പ്രസിദ്ധീകരണങ്ങൾ തീർച്ചയായും അനിവാര്യമാണ്.

സഭയുടെ സന്ദേശം, ക്രിസ്തുസന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് സത്യദീപം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ പ്രസിദ്ധീകരണം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് സഭ എടുത്തിട്ടുള്ള പരിശ്രമം ഈ അവസരത്തിൽ വിസ്മരിക്കാൻ സാധിക്കില്ല. ഞാൻ വളരെ ചെറിയ പ്രായം തുടങ്ങി വീട്ടിൽ കാണുന്ന, ഞായറാഴ്ചകളിൽ പള്ളിയിൽ പോയിട്ട് വരുമ്പോൾ വീടുകളിൽ എത്തുന്ന ഒരു പ്രസിദ്ധീകരണമാണ് സത്യദീപം എന്നത് ഈ അവസരത്തിൽ ഓർക്കുകയാണ്. മറ്റ് പ്രസിദ്ധീകരണങ്ങൾ ഒന്നും എത്താത്ത കുടുംബങ്ങളിൽ പോലും സത്യദീപം എത്തിക്കുവാൻ സഭ പ്രത്യേകമായ താത്പര്യം എടുത്തിരുന്നു. ഒരു സമൂഹത്തെ നേരിന്റെ മാർഗത്തിലൂടെ, ശരിയായ പാതയിലൂടെ നയിക്കുവാൻ സത്യദീപവും അതിലെ എഴുത്തുകളും സഹായകരമാണ്.

100 വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ച പതിപ്പുകൾ ഉൾപ്പെടെ എല്ലാം, ഇന്നത്തെ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ക്കൊണ്ട് പൂർണമായി ആർക്കൈവ് ചെയ്യുക എന്നത് വലിയൊരു പരിശ്രമമാണ്. 100 വർഷക്കാലം പ്രസിദ്ധീകരിച്ചത് മുഴുവനും ഡിജിറ്റൈസ് ചെയ്യുക എന്നതിന്റെ പിന്നിൽ വലിയൊരു പരിശ്രമം ഉണ്ട്. ഗ്രന്ഥപ്പുരയുടെ സഹായത്തോടുകൂടി ഈ ഡിജിറ്റൽ ആർക്കൈവ് തയ്യാറാക്കാൻ പ്രവർത്തിച്ചവരെ ഞാൻ പ്രത്യേകം അനുമോദിക്കുന്നു. ഈ ആർക്കൈവ് സജ്ജമായാൽ കാലാകാലത്തോളം അത് നിലനിൽക്കുകയും വരും തലമുറകൾക്ക് ഓരോ കാലഘട്ടത്തെക്കുറിച്ചും ഓരോ കാലഘട്ടങ്ങളിലും സഭയും സത്യദീപവും കൈകൊണ്ട നിലപാടുകളെയും മുന്നോട്ടുവെച്ച ആശയങ്ങളെയും കുറിച്ചും കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കും. കൂടാതെ, ഗവേഷക വിദ്യാർഥികൾക്കും ഓരോ കാലഘട്ടത്തെ കുറിച്ചും മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും സഹായകരമാകുകയും ചെയ്യും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഒരിക്കൽ കൂടി അഭിനന്ദിച്ചു കൊണ്ട് സത്യദീപത്തിന് ശതാബ്ദിയുടെ എല്ലാ മംഗളങ്ങളും നേരുന്നു. ഇനിയും ദീർഘകാലം മുടക്കം കൂടാതെ ശക്തമായി സത്യദീപം മുന്നോട്ടു പോകട്ടെ.

logo
Sathyadeepam Online
www.sathyadeepam.org