ഡിജിറ്റൽ യുഗവും സഭയുടെ സെൻസിബിലിറ്റിയും

സഭയുടെ ഡിജിറ്റലൈസ്ഡ് കാലത്ത് ‘Venite ad me’ ഉയർത്തുന്ന ആത്മപരിശോധന
The Digital Age and the Church’s Sensibility
Published on: 
ക്രിസ്തുവിനെക്കുറിച്ച് വാചാലമായി പ്രസംഗിക്കുന്നതിനേക്കാൾ, ക്രിസ്തുവിനെപ്പോലെ ജീവിക്കുന്ന മനുഷ്യരെ കാണുമ്പോഴാണ് ലോകം വിശ്വാസത്തിന്റെ യഥാർത്ഥ അർഥം അനുഭവിച്ചറിയുന്നത്.
  • ജോസ് വടക്കേത്തറ

​ലത്തീൻ ഭാഷയിലെ ‘Venite ad me’ (അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കലേക്ക് വരുവിൻ - മത്തായി 11:28) എന്ന പ്രയോഗം ക്രിസ്തുവിന്റെ സ്നേഹാർദ്രമായ ക്ഷണമാണ്. വത്തിക്കാൻ DICASTERY FOR THE DOCTRINE OF THE FAITH പുറത്തിറക്കിയ ഈ പുതിയ പ്രബോധന രേഖ, ഈ സുവിശേഷാഹ്വാനത്തെ ആസ്പദമാക്കി വിശ്വാസകൈമാറ്റത്തെ പുനർനിർവചിക്കുന്നു.

സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്ന ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, അടുത്ത തലമുറയിലേക്ക് വിശ്വാസം എങ്ങനെ കൈമാറണം എന്ന ഗൗരവമേറിയ ചോദ്യമാണ് ​‘Venite ad me’ മുന്നോട്ടുവയ്ക്കുന്നത്. വിശ്വാസം എന്നത് മതപരമായ അറിവുകളുടെയോ സിദ്ധാന്തങ്ങളുടെയോ യാന്ത്രികമായ കൈമാറ്റമല്ല; മറിച്ചു വ്യക്തിബന്ധങ്ങളിലൂടെയും കുടുംബജീവിതത്തിലൂടെയും സമൂഹസാക്ഷ്യത്തിലൂടെയും പകർന്നുനൽകേണ്ട ജീവസുള്ള അനുഭവമാണ്.

​എന്നാൽ, വിശ്വാസം എങ്ങനെ പ്രഘോഷിക്കണം എന്ന കേവല നിർദേശങ്ങളിൽ മാത്രമായി ഈ രേഖയെ ഒതുക്കാനാവില്ല. പ്രഘോഷിക്കുന്ന സുവിശേഷം സ്വന്തം ജീവിതത്തിലും ഘടനകളിലും എത്രത്തോളം ദൃശ്യമാണ് എന്ന് ആത്മപരിശോധന നടത്താനുള്ള ശക്തമായ അവസരമാണിത്. ഡിജിറ്റലൈസ്ഡ് ലോകത്ത് സഭ യുവജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നുവെന്ന യാഥാർഥ്യത്തെ ഈ രേഖയുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുമ്പോൾ, പ്രശ്നം സാങ്കേതികവിദ്യയുടേത് മാത്രമല്ലെന്നും വിശ്വാസപ്രഘോഷകരുടെ ജീവിതസാക്ഷ്യത്തിലെ വിടവുകൂടിയാണെന്നും വ്യക്തമാകും.

അനുഭവത്തിൽ പ്രകടമായ ക്രിസ്തുവിന്റെ മാതൃക

​യേശു മനുഷ്യരിൽ നിന്ന് ആദ്യം ആവശ്യപ്പെട്ടത് നിയമങ്ങൾ മനഃപാഠമാക്കാനോ സിദ്ധാന്തങ്ങൾ പഠിക്കാനോ അല്ല; മറിച്ച്, ഭാരങ്ങളുമായി കഴിയുന്നവർ തന്നിലേക്ക് വരാനുള്ള തുറന്ന ഇടം നൽകലാണ്. രേഖയുടെ ഒന്നാം അധ്യായം വ്യക്തമാക്കുന്നത് പോലെ, സുവിശേഷപ്രഘോഷണം മനുഷ്യഹൃദയങ്ങളെ സ്പർശിച്ച് ജീവിതത്തെ മാറ്റിമറിക്കുന്ന സ്നേഹാനുഭവമാകണം. ആർസിൽ ജോൺ മരിയ വിയാനി ദൈവം സ്നേഹമാണ് എന്നു പ്രസംഗിക്കുമ്പോൾ ആളുകൾ ദൈവാനുഭവത്തിൽ കുതിരുന്നു. ക്രിസ്തുവും തന്റെ ജീവിതത്തിലുടനീളം ഈ അനുഭവസാക്ഷ്യമാണ് നൽകിയത്.

വിധിക്കാതെ ചേർത്തുവയ്ക്കൽ (സക്കേവൂസ്): കുറ്റപ്പെടുത്തുകയോ പരസ്യമായി അപമാനിക്കുകയോ ചെയ്യുന്നതിന് മുൻപ് യേശു ചുങ്കക്കാരനായ സക്കേവൂസിന്റെ വീട്ടിൽ അതിഥിയായി. തന്നെ മനുഷ്യനായി അംഗീകരിക്കുന്നു എന്ന ആ അനുഭവം അയാളിൽ വലിയ മാനസാന്തരമുണ്ടാക്കി.

ചോദ്യങ്ങളെ ഭയപ്പെടാത്ത സംവാദം (സമരിയാക്കാരി): സാമൂഹികവും മതപരവുമായ അതിരുകളെയും വിലക്കുകളെയും മറികടന്ന് ഒരു സ്ത്രീയോട് സംസാരിക്കാനും അവളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും യേശു തയാറായി. അവളെ ഒരു നിശബ്ദ ശ്രോതാവായി കാണാതെ സംവാദത്തിലെ പങ്കാളിയാക്കി.

അധികാരമല്ല, വിനയം (പാദങ്ങൾ കഴുകൽ): ഗുരുവും കർത്താവുമായിരുന്നിട്ടും ശിഷ്യരുടെ പാദങ്ങൾ കഴുകി യേശു മാതൃകയായി. അധികാരം എന്നത് മറ്റുള്ളവരെക്കാൾ ഉയർന്നുനിൽക്കലല്ല, മറിച്ച് മറ്റുള്ളവർക്കുവേണ്ടി സ്വയം താഴ്ത്തലാണെന്ന് അവിടുന്ന് തെളിയിച്ചു.

മനുഷ്യവേദനയോടുള്ള പ്രതികരണം (നല്ല സമരിയാക്കാരൻ): മതപരമായ പദവികളേക്കാൾ വഴിയരികിൽ പരിക്കേറ്റുകിടക്കുന്ന മനുഷ്യന്റെ വേദനയോടുള്ള പ്രതികരണത്തിനാണ് ക്രിസ്തു പ്രാധാന്യം നൽകിയത്. മതനിയമങ്ങൾ മനുഷ്യനെ ഒഴിവാക്കാനുള്ളതല്ല, ചേർത്തുപിടിക്കാനുള്ള താണെന്ന് അവിടുന്ന് പഠിപ്പിച്ചു.

വാക്കും പ്രവൃത്തിയും ഒന്നാകൽ (ക്രൂശിതാനുഭവം): ശത്രുക്കളോട് ക്ഷമിക്കാനും സ്നേഹിക്കാനും പഠിപ്പിച്ച യേശു, ക്രൂശിൽ കിടന്ന് തന്നെ ക്രൂശിച്ചവർക്കായി പ്രാർത്ഥിച്ചുകൊണ്ട് തന്റെ സന്ദേശത്തിന് പരമാവധി വിശ്വാസ്യത നൽകി. മരണത്തിന് പോലും ആ സ്നേഹപ്രകാശത്തെ അണച്ചുകളയാനായില്ല.

സഭയിലെ വിരോധാഭാസവും സ്ഥാപനപരമായ വിടവും

വിദ്യാഭ്യാസം, ആതുരസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സഭ നടത്തുന്ന മഹത്തായ സേവനങ്ങളെ നിഷേധിക്കാനാവില്ല. എന്നാൽ, സഭയുടെ സ്ഥാപനപരമായ ദൈനംദിന ജീവിതത്തിൽ വൈരുധ്യങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് രേഖയുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്.

​സമൂഹത്തിൽ പ്രകാശമാകേണ്ട സഭ പലപ്പോഴും സ്വന്തം അധികാരത്തെയും സുരക്ഷിതത്വത്തെയും മാത്രം പ്രതിരോധിക്കുന്നതായി കാണാറുണ്ട്.

സുതാര്യത ആവശ്യപ്പെടുന്നവരോട് പ്രതിരോധാത്മകമായി പെരുമാറുന്നതും, അധികാരദുർവിനിയോഗ ആരോപണങ്ങളിൽ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം ഉറപ്പാക്കാൻ വൈകുന്നതും, തെറ്റുകൾ തിരുത്താനുള്ള മടിയും സുവിശേഷ സാക്ഷ്യത്തെ ദുർബലപ്പെടുത്തുന്നു. രേഖ ചൂണ്ടിക്കാണിക്കുന്നതുപോലെ, സ്വയംകേന്ദ്രീകൃതമായ പ്രഘോഷണം മനുഷ്യഹൃദയങ്ങളിൽ എത്തുന്നതിൽ പരാജയപ്പെടും. യഥാർഥ ക്രൈസ്തവസമൂഹം തിരിച്ചറിയപ്പെടുന്നത് പരസ്പരസ്നേഹത്തിലൂടെയും അവശരോടുള്ള അടുപ്പത്തിലൂടെയുമാണ്.

അതിനാൽ, ഇത്തരം വിമർശനങ്ങൾ സഭയെ തകർക്കാനുള്ളതല്ല, മറിച്ച് സ്വന്തം തനിമ വീണ്ടെടുക്കാനുള്ള കണ്ണാടിയായി കാണുകയാണ് വേണ്ടത്.

യുവതലമുറ അകലുന്നത് എന്തുകൊണ്ട്?

​യുവാക്കൾ ഡിജിറ്റൽ ലോകത്തും സോഷ്യൽ മീഡിയയിലും AI-യിലും കൂടുതൽ സമയം ചെലവഴിക്കുന്നതാണ് അവർ സഭയിൽ നിന്ന് അകലാൻ കാരണം എന്ന് ലളിതവൽക്കരിക്കുന്നത് ശരിയല്ല. ഇന്നത്തെ യുവത്വം അർഥവത്തായ ബന്ധങ്ങളും നീതിയും സംശയങ്ങൾ പരിഹസിക്കാതെ കേൾക്കുന്ന സമീപനവുമാണ് ആഗ്രഹിക്കുന്നത്.

​മതസ്ഥാപനങ്ങളിലെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള അന്തരം കാണുമ്പോൾ അവർ സ്വാഭാവികമായും ചോദ്യങ്ങൾ ചോദിക്കുന്നു. ആ ചോദ്യങ്ങളെ ഭയപ്പെടുകയോ അവഗണിക്കുകയോ ചെയ്യുമ്പോൾ അകലം കൂടുന്നു. വിശ്വാസകൈമാറ്റത്തിന് ആത്മാർഥമായ അടുപ്പത്തിന്റെയും പരസ്പരസംവാദത്തിന്റെയും ഭാഷയാണാവശ്യം. യുവാക്കളെ ഉപദേശിച്ചു നന്നാക്കാൻ നോക്കുന്നതിന് പകരം, അവർക്ക് വിശ്വാസ്യതയുള്ള ബന്ധങ്ങളും തുറന്ന സംവാദങ്ങൾക്കുള്ള ഇടങ്ങളും നൽകുകയാണ് സഭ ചെയ്യേണ്ടത്.

മതസ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ അവരുടെ തീരുമാനങ്ങളിലും ഭരണരീതികളിലും സാമ്പത്തിക ഇടപാടുകളിലും പ്രതിഫലിക്കുന്നുണ്ടോ എന്ന് ചോദിക്കാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. ഈ ചോദ്യങ്ങളെ ശത്രുതയായി കാണാതെ തിരുത്തലിനുള്ള അവസരമായി സ്വീകരിക്കുമ്പോഴാണ് സ്ഥാപനങ്ങൾക്ക് യഥാർത്ഥ വിശ്വാസ്യത കൈവരുന്നത്.

പൊതു സമൂഹത്തിന്റെ കടമയും സുവിശേഷ സാക്ഷ്യവും

​മതസ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ അവരുടെ തീരുമാനങ്ങളിലും ഭരണരീതികളിലും സാമ്പത്തിക ഇടപാടുകളിലും പ്രതിഫലിക്കുന്നുണ്ടോ എന്ന് ചോദിക്കാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. ഈ ചോദ്യങ്ങളെ ശത്രുതയായി കാണാതെ തിരുത്തലിനുള്ള അവസരമായി സ്വീകരിക്കുമ്പോഴാണ് സ്ഥാപനങ്ങൾക്ക് യഥാർത്ഥ വിശ്വാസ്യത കൈവരുന്നത്. ഡിജിറ്റൽ മാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യകളും സന്ദേശ പ്രചാരണത്തിന് ഉപകരിക്കുമെങ്കിലും, അവയ്ക്കപ്പുറം മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്ന ജീവനുള്ള സാക്ഷ്യമാണ് പ്രധാനം.

വിശ്വസിക്കാൻ ആവശ്യപ്പെടുന്നതല്ല വിശ്വാസം

​വത്തിക്കാന്റെ ‘Venite ad me’ രേഖ സഭയുടെ മുന്നിൽ വയ്ക്കുന്ന മാനദണ്ഡം പുറത്തുള്ളവരെ വിധിക്കാനുള്ളതല്ല, മറിച്ച് സഭ സ്വയം പരിശോധിക്കാനുള്ളതാണ്:

​ക്രിസ്തു മനുഷ്യരെ തേടിയിറങ്ങി; സഭ ഇന്നും അരികുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടോ?

​ക്രിസ്തു സംശയങ്ങളെയും ചോദ്യങ്ങളെയും സ്നേഹത്തോടെ കേട്ടു; സഭ കേൾക്കുന്നുണ്ടോ?

​ക്രിസ്തുവിന്റെ അധികാരം സേവനമായി മാറി; സഭയുടെ അധികാരം അധികാരപ്രയോഗമായി ഒതുങ്ങുന്നുണ്ടോ?

​വിശ്വാസം അടുത്ത തലമുറയ്ക്ക് പകരാൻ, അവരോട് വിശ്വസിക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് വിശ്വാസത്തിന് അർഹമായ ഒരു ജീവിതമാതൃക കാണിച്ചുകൊടുക്കാൻ നമുക്ക് കഴിയണം. ക്രിസ്തുവിനെക്കുറിച്ച് വാചാലമായി പ്രസംഗിക്കുന്നതിനേക്കാൾ, ക്രിസ്തുവിനെപ്പോലെ ജീവിക്കുന്ന മനുഷ്യരെ കാണുമ്പോഴാണ് ലോകം വിശ്വാസത്തിന്റെ യഥാർത്ഥ അർഥം അനുഭവിച്ചറിയുന്നത്.

ഇന്നത്തെ ലോകം സഭയോട് തിരിച്ചു ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്:

​“നിങ്ങൾ ഞങ്ങളോട് ക്രിസ്തുവിനെക്കുറിച്ച് പറയുന്നുണ്ട്; എന്നാൽ നിങ്ങളുടെ ജീവിതത്തിലൂടെയും സ്ഥാപനങ്ങളിലൂടെയും ഞങ്ങൾക്ക് ക്രിസ്തുവിനെ പകരാൻ കഴിയുന്നുണ്ടോ?”