മുന്‍വിധികള്‍ തെറ്റിച്ച മഹത്വം

മുന്‍വിധികള്‍ തെറ്റിച്ച മഹത്വം
Published on
പുതിയ പാപ്പ ഫ്രാന്‍സിസുമായി ബെനഡിക്ട് പാപ്പ ഊഷ്മള ബന്ധം പുലര്‍ത്തി. ഭരണത്തില്‍ ഒരിക്കലും കൈ കടത്തിയിരുന്നില്ല. തന്റെ പാപ്പാവര്‍ഷങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്ത കത്തോലിക്കാ സഭയെ പുത്തന്‍ ഉണര്‍വോടുകൂടി അടുത്ത ആളെ ഏല്പിച്ചിട്ടാണ് അദ്ദേഹം ജീവിതത്തിന്റെ പവിത്ര വേദി വിട്ടൊഴിയുന്നത്.

2010-ല്‍ അന്നത്തെ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ (ജോസഫ് റാറ്റ്‌സിംഗര്‍) ബ്രിട്ടന്‍ സന്ദര്‍ശിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചു. അദ്ദേഹത്തിന്റെ വരവിനു തൊട്ടുമുമ്പുള്ള മാസങ്ങളില്‍, അത് ഒരു ദുരന്തമായിരിക്കുമെന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ പ്രവചിച്ചു. അദ്ദേഹം തങ്ങളെ കേള്‍ക്കില്ല, മറിച്ചു തങ്ങള്‍ക്ക് ധാര്‍മികതയെക്കുറിച്ച് ക്ലാസെടുക്കും എന്ന് കളിയാക്കി. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വെസ്റ്റ് മിന്‍സ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ അദ്ദേഹം കാണിച്ച ബൗദ്ധിക വീക്ഷണത്തിനും വിനയത്തിനും ഊഷ്മളതയ്ക്കും അദ്ദേഹം വ്യാപകമായ പ്രശംസ നേടി. ആഴത്തിലുള്ള ദൈവശാസ്ത്ര അവധാനതയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയുള്ള സഭാ സ്‌നേഹവും പ്രദര്‍ശിപ്പിച്ചിട്ടുള്ള ബെനഡിക്ട് പതിനാറാമന്‍ അതിശയങ്ങളുടെ തമ്പുരാന്‍ കൂടി ആയിരുന്നു. നമ്മുടെയും ലോക സമൂഹത്തിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു ആശ്ചര്യങ്ങള്‍ സമ്മാനിച്ച പാപ്പ കാലയവനികയില്‍ മറഞ്ഞു.

ഭൂമിശാസ്ത്രപരമായി ചെറുതെങ്കിലും ആഗോള രാഷ്ട്രീയത്തിലും, സാമ്പത്തികത്തിലും, ആത്മീയതയിലും, മൂല്യബോധത്തിലും ഏറ്റവും വലിയ സ്വാധീന ശക്തിയായ ഒരു രാജ്യത്തിന്റെയും സഭയുടെയും നേതൃസ്ഥാനം സ കല പാരമ്പര്യത്തെയും ലംഘിച്ചു ഒഴിയാന്‍ അദ്ദേഹം കാണിച്ച ധീരതയായിരിക്കും ലോകത്തെ അമ്പരപ്പിച്ച അദ്ദേഹത്തിന്റെ മറ്റൊരു തീരുമാനം. ഭരണ നൈപുണ്യത്തില്‍ തനിക്ക് കുറവുകളുണ്ട് എന്ന് തന്റെ അന്ത്യകാല ആത്മകഥയില്‍ പാപ്പ തുറന്നു സമ്മതിച്ചിട്ടുണ്ട് എങ്കിലും, വിവിധങ്ങളായ പ്രതിസന്ധികളില്‍ സഭ ഉലഞ്ഞപ്പോള്‍ യാതൊരു ബാഹ്യ സമ്മര്‍ദവും ഇല്ലാതെ പാപ്പാസ്ഥാനം ഉപേക്ഷിക്കാന്‍ അദ്ദേഹം എടുത്ത തീരുമാനം ലോകത്തെ അതിശയിപ്പിക്കുക തന്നെ ചെയ്തു. സഭയുടെ അവസാനത്തെ ആറു നൂറ്റാണ്ടുകളില്‍ ഇതുവരെ ഒരു പാപ്പായും ചെയ്തിട്ടില്ലാത്ത ആ തീരുമാനം, ഒരിക്കലും അദ്ദേഹത്തിന്റെ ഭരണകാലം ആവശ്യപ്പെടുന്നതായിരുന്നില്ല. എന്നാല്‍ സഭയെ നയിക്കാന്‍ കൂടുതല്‍ ധീരനും, ഭരണ നിപുണതയുള്ളതുമായ ഒരാള്‍ തിരഞ്ഞെടുക്കപ്പെടാന്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എടുത്ത തീരുമാനം ആയിരുന്നു അത്. ഒരേ സമയത്ത് രണ്ടു പാപ്പ എന്ന വലിയ പ്രതിസന്ധിക്കും സ്വയം പരിഹാരം കണ്ട പാപ്പ 'ഇനിയുള്ള കാലം ആരാലും അറിയപ്പെടാതെ കഴിയും' എന്നു തീരുമാനിച്ച് അരമനവിട്ട് ചെറിയൊരു ആശ്രമത്തിലേക്ക് ജീവിതം ചുരുക്കി.

'ഭരണ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എനിക്ക് ദൃഢത കുറവായിരുന്നു' എന്ന് യാഥാര്‍ഥ്യ ബോധത്തോടെ തന്റെ വലിയ ദൗര്‍ബല്യത്തെക്കുറിച്ച് 2017-ല്‍ ഇറങ്ങിയ ദി ലാസ്റ്റ് ടെസ്റ്റമെന്റ് (ഫൈനല്‍ കോണ്‍വെര്‍സേഷന്‍സ്) എന്ന ജീവചരിത്രത്തില്‍ ബെനഡിക്ട് പാപ്പ തുറന്നു സമ്മതിക്കുന്നുണ്ട്. 'അടിസ്ഥാനപരമായി, ഞാന്‍ ഒരു പ്രൊഫസറാണ്, ആത്മീയ സമസ്യകള്‍ അന്വേഷിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഒരാളാണ്. പ്രായോഗിക ഭരണം എന്റെ ശക്തിയായിരുന്നില്ല, ഇത് തീര്‍ച്ചയായും ഒരു ബലഹീനതയായിരുന്നു.' എന്നാണ് ആത്മകഥയില്‍ അദ്ദേഹം പറഞ്ഞത്. അദ്ദേഹം രചിച്ചിട്ടുള്ള നിരവധിയായ പുസ്തകങ്ങള്‍, ജോണ്‍ പോള്‍ പാപ്പയുടെ കാലത്ത് വിശ്വാസ തിരുസംഘത്തിന്റെ അധിപനായിരുന്നുകൊണ്ട് നടത്തിയ ബോധന ഇടപെടലുകള്‍, പാപ്പയായിരുന്ന കാലത്തു ലോകത്തിനു കൊടുത്തിട്ടുള്ള വിശ്വാസധാര്‍മ്മിക ആത്മിക പ്രബോധനങ്ങള്‍ ഒക്കെ അദ്ദേഹത്തിന്റെ ധിഷണയുടെയും, വിശ്വാസ ദൃഢതയുടെയും മകുടോദാഹരണമാണ്.

ചാക്രിക ലേഖനങ്ങളില്‍ അദ്ദേഹം വിശ്വാസത്തെക്കുറിച്ചും പ്ര ത്യാശയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും എഴുതി. അടിസ്ഥാനപരമായി ഒരു സംഗീതജ്ഞനും, കലാസ്വാദകനും, സത്യത്തിന്റെയും ആത്മീയതയുടെയും അന്വേഷകനുമായിരുന്ന അദ്ദേഹത്തിന്റെ എഴുത്തുകളില്‍ വിഷയം എന്തുമാകട്ടെ സത്യം, ശിവം, സുന്ദരം (truth, goodness, beatuy) പരാമര്‍ശിക്കാതിരുന്നിട്ടില്ല. ഡോസ്‌റ്റോയെവ്‌സ്‌കിയുടെ കഥാപാത്രങ്ങളും, പ്രശസ്തരായ കലാകാരന്മാരുടെ ചിത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ലേഖനങ്ങളിലും വെളിച്ചം കണ്ടു.

സത്യത്തില്‍ സ്‌നേഹം (Charity in truth) എന്ന സാമൂഹ്യ പ്രബോധനവും കത്തോലിക്കാസഭയെ പുതിയ കാലത്തിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നൂതനമായി പ്രതിഷ്ഠിച്ചു.

യൗവനത്തില്‍ ലിബറല്‍ ചിന്താധാര പുലര്‍ത്തിയിരുന്ന ജോസഫ് റാറ്റ്‌സിംഗര്‍ ട്യൂബിങ്ങന്‍ അധ്യാപന കാലം മുതല്‍ യാഥാസ്ഥിതിക സമീപനങ്ങളിലേക്ക് മാറി എന്നതാണ് പാപ്പ നല്‍കിയ അതിശയങ്ങളില്‍ മറ്റൊന്ന്. തന്റെ ആദ്യകാല ആത്മകഥയായ നാഴികക്കല്ലുകളില്‍ (മൈല്‍സ്റ്റോണ്‍സ്) തന്റെ ബാല്യകാലം, ജര്‍മ്മനിയിലെ നാസി ഭരണത്തിന്റെ കീഴിലുള്ള വര്‍ഷങ്ങള്‍, രണ്ടാം ലോക മഹായുദ്ധത്തിലെ അദ്ദേഹത്തിന്റെ പങ്ക് കൗമാരപ്രായത്തില്‍ 'ഹിറ്റ്‌ലര്‍ യൂത്ത്' എന്ന സംഘടനയുടെ ഭാഗമാകേണ്ടി വന്നതും ജര്‍മ്മന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ ബന്ധിതനായതെങ്ങനെയെന്നത് ഉള്‍പ്പെടെയുള്ള കൗതുകകരവും പ്രചോദനാത്മകവുമായി വിവരിക്കുന്നുണ്ട്. ഒടുക്കം അദ്ദേഹം ജീവന്‍ പണയപ്പെടുത്തി ജര്‍മ്മനിയില്‍നിന്ന് പലായനം ചെയ്യുകയായിരുന്നു. നാസികള്‍ മേല്‍നോട്ടം വഹിച്ച മനുഷ്യനിഷ്ഠൂരതയ്‌ക്കെതിരായ വിശ്വസനീയമായ ഏക സുരക്ഷ കത്തോലിക്കാ ധാര്‍മ്മിക ബോധനമാണെന്ന് റാറ്റ്‌സിംഗറിന് ബോധ്യമായിരുന്നു.

ട്യൂബിങ്ങന്‍ സര്‍വകലാശാല ലിബറല്‍ സമീപനം പുലര്‍ത്തിയിരുന്ന ഒരു യൂണിവേഴ്‌സിറ്റിയായിരുന്നു. അക്കാലത്തു ജോസഫ് റാറ്റ്‌സിംഗറും സ്വാഭാവികമായുംലിബറല്‍ ചിന്തകള്‍ കൊണ്ടു നടന്നിരുന്നു. സഭയെ നവീകരിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയായും ലോകത്തിലെ വിവിധ സമൂഹവുമായി സംവാദത്തിനായി സഭയെ തുറന്നുകൊടുക്കാന്‍ ആഗ്രഹിച്ച ഒരു വ്യക്തിയായും അദ്ദേഹം കരുതപ്പെട്ടിരുന്നു. എന്നാല്‍ 1960-കളുടെ അവസാനത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയ മൗലികവാദ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തില്‍ അദ്ദേഹം വെറുത്ത നാസി സമഗ്രാധിപത്യത്തിന്റെ ആവര്‍ത്തനം കണ്ടു. ആഴത്തിലുള്ള യാഥാ സ്ഥിതികതയിലേക്കും റോമിന്റെ അധികാരത്തോടുള്ള ചോദ്യം ചെയ്യപ്പെടാത്ത അനുസരണത്തിനുള്ള നിര്‍ബന്ധത്തിലേക്കും അത് അദ്ദേഹത്തെ നിര്‍ണ്ണായകമായി തള്ളിവിട്ടു.

വളരെ ആകര്‍ഷകമായ വ്യക്തിത്വവും, സുന്ദരനും ആയിരുന്നതിനാല്‍ യുവവിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു താനും. എന്നാല്‍ വൈവാഹിക ജീവിതം തിരഞ്ഞെടുക്കാതെ വൈദികനാകാന്‍ തീരുമാനിച്ചു.

ആരാധനാക്രമത്തെ (ലത്തീന്‍) നവീകരിക്കുന്നതിന് അദ്ദേഹം വലിയ സംഭാവന നല്‍കി. 'സ്പിരിറ്റ് ഓഫ് ലിറ്റര്‍ജി' എന്ന പുസ്തകത്തില്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. 2007-ലെ സാക്രമെന്തും കാരിത്താത്തിസ് എന്ന തന്റെ പ്രബോധനത്തില്‍ 'ആരാധനാക്രമം സൗന്ദര്യവുമായി അന്തര്‍ലീനമായി ബന്ധപ്പെട്ടിരിക്കുന്നു' എന്ന് ബെനഡിക്റ്റ് പാപ്പ എഴുതി. കാരണം, 'യേശുവില്‍ നാം സൗന്ദര്യത്തെയും മഹത്വത്തെയും അവയുടെ ഉറവിടത്തില്‍ വിചിന്തനം ചെയ്യുന്നു. ആരാധന ക്രമത്തിലെ സൗന്ദര്യബോധം സൗന്ദര്യാത്മകതയ്ക്കു വേണ്ടിയുള്ള കേവലമായ അഭിനിവേശം അല്ല. മറിച്ച് ക്രിസ്തുവിലുള്ള ദൈവസ്‌നേഹത്തിന്റെ സത്യം നമ്മെ കണ്ടുമുട്ടുകയും നമ്മെ ആകര്‍ഷിക്കുകയും നമ്മെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന മൂര്‍ത്തമായ വഴിയാണ്.' ആരാ ധനക്രമം യഥാര്‍ത്ഥ സൗന്ദര്യം നല്‍കണം. മുറിവേറ്റവന്റെ സൗന്ദര്യത്തെക്കുറിച്ച് ബെനഡിക്ട് പാപ്പയുടെ ധ്യാനങ്ങള്‍ സുന്ദരമാണ്. 'സൗന്ദര്യവുമായുള്ള ഏറ്റുമുട്ടല്‍ ഹൃദയത്തില്‍ പതിക്കുന്ന അമ്പിന്റെ മുറിവായി മാറും, അങ്ങനെ നമ്മുടെ കണ്ണുകള്‍ തുറക്കുന്നു.'

അതെ സമയം, ബ്രിട്ടനിലെ ആംഗ്ലിക്കന്‍ സഭയുമായി ഐക്യത്തില്‍ വരാന്‍ ബെനഡിക്ട് പാപ്പ ശ്രമിച്ചു. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാസഭയിലേക്കുവന്ന വൈദികര്‍ അടക്കമുള്ള വിശ്വാസികള്‍ക്കായി പ്രത്യേക ത നിമയുള്ള രൂപതകള്‍ സ്ഥാപിച്ചു. അവരുടെ പ്രാര്‍ത്ഥനകള്‍ സംരക്ഷിച്ചു. വിവാഹിതരായ വൈദികരെ സ്വീകരിച്ചു. ഇക്കാരണങ്ങളാല്‍ അദ്ദേഹം പൂര്‍ണ്ണമായും യാഥാസ്ഥിതികനായിരുന്നില്ല എന്നു കരുതുന്നവരും ഉണ്ട്. യഹൂദന്മാരുമായും മുസ്ലീങ്ങളുമായും അദ്ദേഹം സംവാദം നടത്തുകയും സൗ ഹൃദത്തിന്റെ പാലം നിര്‍മ്മിക്കുകയും ചെയ്തു.

സഭയുടെ പൂര്‍വകാല തെറ്റുകള്‍ ലോകസമക്ഷം ഏറ്റു പറയുന്നതില്‍ ജോണ്‍ പോള്‍ പാപ്പായെ പ്രേരിപ്പിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ആളാണ് റാറ്റ്‌സിംഗര്‍.

എന്നാല്‍ താന്‍ ഒരു പരാജയമായിരുന്നില്ല എന്ന് അദ്ദേഹം അവസാനത്തെ ആത്മകഥയില്‍ പറയുന്നു. എട്ട് വര്‍ഷങ്ങള്‍ ഞാന്‍ സഭയെ നയിക്കുന്ന ശുശ്രൂഷ ചെയ്തു. ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടതിനാലാണ് അദ്ദേഹം രാജി വച്ചത് എന്ന് ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഒരു തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കും വിധേയനായിരുന്നില്ല എന്ന് ബെനഡിക്ട് മനസ്സ് തുറക്കുന്നു. 'ആരും എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ അത് അനുവദിക്കുമായിരുന്നില്ല. അവര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഞാന്‍ പോവുകയും ഇല്ലായിരുന്നു കാരണം സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ പോകുന്നത് ശരിയല്ല. ഞാന്‍ നിരാശനായെന്നോ അതു പോലുള്ള മറ്റെന്തെങ്കിലുമോ ആണ് എന്നത് സത്യമല്ല.

പുതിയ പാപ്പ ഫ്രാന്‍സിസുമായി ബെനഡിക്ട് പാപ്പ ഊഷ്മള ബന്ധം പുലര്‍ത്തി. ഭരണത്തില്‍ ഒരിക്കലും കൈ കടത്തിയിരുന്നില്ല. തന്റെ പാപ്പാവര്‍ഷങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്ത കത്തോലിക്കാസഭയെ പുത്തന്‍ ഉണര്‍വോടുകൂടി അടുത്ത ആളെ ഏല്പിച്ചിട്ടാണ് അദ്ദേഹം ജീവിതത്തിന്റെ പവിത്ര വേദി വിട്ടൊഴിയുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് സഭയെ നയിക്കാനും പ്രതിഷ്ഠിക്കാനും യത്‌നിച്ച പ്രഗത്ഭരായ മനീഷികളില്‍ ബെനഡിക്ട് പാപ്പ സ്ഥാനം പിടിക്കും എന്നത് തീര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org