‘പുലര്‍വെട്ടം’

‘പുലര്‍വെട്ടം’

മരിയ റാന്‍സം

ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പാണ്, ചില ദിവസങ്ങളില്‍ ഒരേ മെസേജ് പലരില്‍ നിന്നായി വാട്ട്‌സാപ്പില്‍ കിട്ടുന്നു. തുറക്കാന്‍ പോലും മടിക്കുന്ന സ്ഥിരം ശുഭദിന സന്ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി കിട്ടിയാല്‍ ഉടന്‍ വായന ആരംഭിക്കാന്‍ തോന്നുന്ന തലക്കെട്ട് ആയിരുന്നു ഏറെ ആകര്‍ഷിച്ചത്.
'പുലര്‍വെട്ടം.' അര മിനിറ്റില്‍ താഴെ കൊണ്ട് വായന സാധ്യമായ ആ വരികള്‍ ചിരപരിചിതങ്ങളായിരുന്നു. എവിടെയോ കേട്ട -വായിച്ച- വരികളുടെ എടുത്തെഴുത്താണ ല്ലോ ഇതെന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു.
തോന്നലുകള്‍ ശരിയായിരുന്നു എന്ന് അധികം വൈകാതെ ബോധ്യപ്പെട്ടു. ബോബിയച്ചന്റെ വാക്കുകളെ ടോം മങ്ങാട്ടെന്ന എഡിറ്റര്‍ അതിസാമര്‍ത്ഥ്യ ത്തോടെ, കൂട്ടിച്ചേര്‍ത്ത് തെളിച്ചവയായിരുന്നു ഓരോ പുലര്‍വെട്ടവും.
ഒരൊറ്റ ഫോള്‍ഡറില്‍ മൊബൈലിലും, ഫെയ്‌സ് ബുക്കിലും പുലര്‍വെട്ടങ്ങളുടെ വായന സാധ്യമാണെങ്കിലും പുസ്തക രൂപത്തിലേക്കുള്ള ഭാവമാറ്റം ഇതിനെ പൂര്‍ണ്ണ രൂപത്തിലാക്കി എന്ന് പറയാം. കാരണം ലളിതമാണ്, കെട്ടിലും മട്ടിലും ഒന്നിനൊന്നു വ്യത്യസ്തമായ താളുകളോടെ "ഒരു പൂമ്പാറ്റയായതു മാറി." ജീവിതത്തില്‍ ഓണ്‍ലൈനില്‍ അല്ലാതെ പോകുന്ന ഓഫ് ലൈന്‍ സമയങ്ങളില്‍ ഈ താളുകള്‍ തുണയാകുന്നുണ്ട്.
ജനുവരി ഒന്ന് എന്ന് തീയതി എഴുതിയാണ് കുറിപ്പുകള്‍ തുടങ്ങുന്നത്. ജീവിതം ആവശ്യത്തിലധികം ഡെക്കറേറ്റു ചെയ്യപ്പെട്ട കാലത്ത് ക്രമീകരിച്ച വരികളാ ണെങ്കിലും വിരസമായ
ഈ കോവിഡ് കാലത്തും പ്രസക്തമായി തന്നെ അവയെല്ലാം നിലനില്‍ക്കുന്നു.
കാലചക്രത്തിനൊപ്പം ഈ വരികളും സഞ്ചരിക്കുന്നത് കൊണ്ടാവാം വര്‍ഷം കുറിച്ചിട്ടില്ല. 365 ദിനങ്ങളി ലേക്കും വേണ്ടത്രയും താളുകളില്‍ വേഗത്തില്‍ അച്ചടിമഷി പുരളട്ടെ എന്നാഗ്രഹിച്ചു പോകുന്നു.
പുസ്തകത്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തില്‍ ഒരു കുറിപ്പുണ്ട് – 'ഇന്ന്/ഇപ്പോള്‍' – ഈ അദ്ധ്യായം എത്രയാവര്‍ ത്തി വായിച്ചു എന്നോര്‍മ്മയില്ല. ഇന്നലെയും നാളെയും കൂടി വിഭജിച്ചെടുക്കുന്ന 'ഇന്നിനെ' കുറിച്ചാണ് പറഞ്ഞു പോകുന്നത്.
എന്നെ ഭാരപ്പെടുത്തുന്നവ നിങ്ങള്‍ക്ക് ലഘുവായിരിക്കാം എന്ന കാരണം കൊണ്ട്, എനിക്കായി എഴുതിയതെന്ന വിധം വായിച്ചു തീര്‍ത്ത ഈ വരികള്‍ നിങ്ങള്‍ക്ക് പ്രിയമാകണം എന്നില്ല. പക്ഷെ ഒന്നുറപ്പാണ്, എല്ലാവര്‍ക്കും വേണ്ടത് താളുകളിലെവിടെ യോ ഉണ്ട്.
ഓരോ പ്രഭാതവും പുതുതെന്ന് വ്യക്തമായി ഓര്‍മ്മിപ്പിച്ച്, പുലര്‍വെട്ടമായി കടന്നുവരുന്ന വരികളില്‍ ചിലത് കിടക്ക യോളം കൂട്ടു വരും, തീര്‍ച്ച.
ഇഷ്ടമുള്ളതിനോട് ഇഷ്ടമെന്ന് പ്രകടിപ്പിക്കാനും, പേടിപ്പെടാന്‍ മാത്രമുള്ളതൊന്നും ചുറ്റിലുമില്ല എന്ന് ധൈര്യപ്പെടാനും, കൂട്ടുകൂടാന്‍ വേണ്ടി വഴക്കിടാനും, 'സാരമില്ല ഇതും കടന്ന് പോകും' എന്ന് സ്വയം സമാധാനപ്പെടാനും സഹായിക്കുന്ന ഈ പച്ചപ്പ് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഒറ്റയിരുപ്പ് വായനക്കല്ലാ തെ, വെറുതെ, വെറുതെ, മറിച്ച് നോക്കാനും കൈയ്യെത്തും ദൂരത്ത് പുലര്‍വെട്ടം ഉണ്ടാവുന്നത് ഏറെ നല്ലതാകും.
മുഖവുരയിലെ വരികളെ ഇങ്ങനെ മാറ്റി എഴുതാം എന്ന് തോന്നുന്നു.
'ജാലകപ്പടിയിലെ ഈ വെളിച്ചം എല്ലാവര്‍ക്കും കാണാനും, ബോധ്യപ്പെടാനുമാവട്ടെ'
പുലര്‍വെട്ടം ഉദിച്ചുയര്‍ന്ന് പ്രകാശിക്കട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org