അകറ്റിനിറുത്തപ്പെട്ടവര്‍ക്കൊരു സമുന്നതപദവി

ദളിത് കാര്‍ഡിനലിലൂടെ ഫ്രാന്‍സിസ് പാപ്പ പകരുന്ന സന്ദേശം
അകറ്റിനിറുത്തപ്പെട്ടവര്‍ക്കൊരു സമുന്നതപദവി
വാസ്തവത്തില്‍, ഒരു സാധാരണക്കാരനായ ദളിത് ആര്‍ച്ച്ബിഷപ്പ് പൂളയെ ഉന്നതപാണ്ഡിത്യ ബഹുമതികളുടെ അകമ്പടിയൊന്നും ഇല്ലാതിരുന്നിട്ടും കാര്‍ഡിനലായി ഉയര്‍ത്തിയതിലൂടെ 'ഉന്നതരായ' മനുഷ്യരെപ്പോലെ പെരുമാറുന്ന 'മേല്‍ജാതി' വൈദികര്‍ക്ക് മാര്‍പാപ്പ വ്യക്തമായ സന്ദേശം നല്‍കുകയാണു ചെയ്തിരിക്കുന്നത്.

ഹൈദരാബാദ് ആര്‍ച്ചുബിഷപ് ആന്റണി പൂളയെ മറ്റ് 20 പേര്‍ക്കൊപ്പം കാര്‍ഡിനല്‍ സംഘത്തിലേയ്ക്ക് ഉയര്‍ത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ വലിയൊരു വിസ്മയമാണു സൃഷ്ടിച്ചത്.

''എനിക്കിതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല, സ്വപ്നം പോലും കാണാത്ത കാര്യമാണ്. പ്രഖ്യാപനത്തിന് മുമ്പ് മുന്‍കൂര്‍ അറിയിപ്പോ കൂടിയാലോചനയോ ഉണ്ടായിട്ടില്ല.'' 60 കാരനായ നിയുക്ത കാര്‍ഡിനല്‍ ആര്‍ച്ച്ബിഷപ്പ് പൂള ഈ ലേഖകനോടു തുറന്നു പറഞ്ഞു. സഭയിലെ ദളിത് ക്രിസ്ത്യാനികളോടുള്ള വിവേചനമെന്ന പുകയുന്ന പ്രശ്‌നം പരിഹരിക്കാന്‍ പരിശുദ്ധ പിതാവ് എപ്രകാരമാണു തീരുമാനമെടുത്തതെന്ന് ഇതു വ്യക്തമാക്കുന്നു.

''ഇത് ഭാരത സഭയ്ക്കും രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദളിത് ക്രിസ്ത്യാനികള്‍ക്കുമുള്ള ഒരു ബഹുമതിയാണ്. എന്നെ തെരഞ്ഞെടുത്തതിനും പാവപ്പെട്ടവരെ സേവിക്കാന്‍ അവസരം നല്‍കിയതിനും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയോട് ഞാന്‍ നന്ദിയുള്ളവനാണ്.'' തെലങ്കാനയുടെ തല സ്ഥാനം ഹൈദരാബാദ് ആസ്ഥാനമായുള്ള അതിരൂപതയുടെ അദ്ധ്യക്ഷനായ നിയുക്ത കാര്‍ഡിനല്‍ പറഞ്ഞു.

ദശാബ്ദങ്ങള്‍ക്കുമുമ്പ് ദളിതര്‍ക്കു നേരെയുണ്ടായിട്ടുള്ള ക്രൂരവും തളര്‍ത്തുന്നതുമായ സാമൂഹിക ബഹിഷ്‌കരണവും വിവേചനവും കേരളീയര്‍ മറന്നിട്ടുണ്ടാകാം. എന്നാല്‍ വേദകാലം മുതല്‍ അനുവദിക്കപ്പെട്ടിരുന്ന ദളിതരോടുള്ള വിവേചനത്തിന്റെ ക്രൂരമായ പൈതൃകം മറക്കരുതാത്തതാണ്.

'ദളിത്' എന്നതിന്റെ അക്ഷരാര്‍ത്ഥം 'ചവിട്ടിമെതിക്കപ്പെട്ടത്' എന്നാണല്ലോ. ജാതീയത കൊടികുത്തി വാഴുന്ന ഇന്ത്യന്‍ സമൂഹത്തില്‍ 'അസ്പൃശ്യരായി' പരിഗണിക്കപ്പെടുന്ന താഴ്ന്ന ജാതികളില്‍ പെട്ടവരെയാണ് ഈ പദം കൊണ്ടുദ്ദേശിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരില്‍ നിന്ന് വേര്‍തിരിഞ്ഞു ജീവിക്കുന്ന ദളിതര്‍ തോട്ടിപ്പണി പോലെയുള്ള താഴ്ന്ന ജോലികളാണ് ഉപജീവനത്തിന് വേണ്ടി ചെയ്തിരുന്നത്. ''അയിത്തം ദൈവത്തിനും മനുഷ്യനുമെതിരായ കുറ്റമാണ്'' എന്ന മഹാത്മാഗാന്ധിയുടെ സന്ദേശം ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ പോലും തപാല്‍ കവറുകളില്‍ നല്‍കിയിരുന്നത് ഇതുകൊണ്ടാണ്.

ദളിതര്‍ക്കെതിരായ 'അയിത്തത്തിന്റെ' കാര്‍ക്കശ്യത്തില്‍ വര്‍ഷങ്ങള്‍ കൊണ്ടു മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, ഈ ഇന്ത്യന്‍ വംശീയതയുടെ ശേഷിപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. തമിഴ്നാട്ടില്‍ മേല്‍ജാതിക്കാരുടെ പ്രദേശങ്ങളിലൂടെ വഴിനടക്കാന്‍ അനുവദിക്കാതെ ദളിതരെ ഒറ്റപ്പെടുത്തിയിരിക്കുന്നു. കര്‍ണാടകയിലെ റോഡരികിലെ ധാബകളില്‍ പോലും ഉയര്‍ന്ന ജാതിക്കാര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ദലിതര്‍ക്ക് തറയില്‍ ഇരിക്കേണ്ടി വരും, പ്രത്യേക പാത്രങ്ങളും ഉണ്ട്. അടുത്തിടെ ഗുജറാത്തില്‍ മീശ വച്ചതിന്റെ പേരില്‍ ദളിതര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു, രാജസ്ഥാനില്‍ വധുവിന്റെ വീട്ടിലേക്കു വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയ ദളിത് വരനും ബന്ധുക്കളും മര്‍ദ്ദിക്കപ്പെട്ടു. വിശ്വസിച്ചാലും ഇല്ലെങ്കിലും, ഉത്തര്‍പ്രദേശില്‍ ഒരു ഹൈക്കോടതി ജഡ്ജി, തന്റെ മുന്‍ഗാമി ദളിതനായതിനാല്‍ ചാണകവെള്ളം ഉപയോഗിച്ച് ഓഫീസ് ശുദ്ധീകരിച്ച സംഭവവും ഉണ്ടായി!

ആകെയുള്ള 1.8 കോടി വിശ്വാസികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ദളിതരായിട്ടുള്ള ഇന്ത്യയിലെ കത്തോലിക്കാസഭയില്‍ പോലും ദളിതരോടുള്ള വിവേചനവും പക്ഷപാതവും തുടരുന്നതിനാല്‍, പലയിടത്തും സംഘര്‍ഷങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

''ഒരു ദളിത് ആര്‍ച്ച്ബിഷപ്പിനെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത് ചരിത്രപ്രധാനമായ നടപടിയാണ്,'' കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ദളിത് കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഫാ. ദേവസഹായരാജ് സക്കറിയാസ് തമിഴ്നാട്ടിലെ പോണ്ടിച്ചേരി അതിരൂപതയിലുള്ള തന്റെ ഇടവകയില്‍ നിന്ന് എന്നോട് പറഞ്ഞു.

''ഇന്ത്യയില്‍ ഉന്നതപദവികള്‍ ദളിതര്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നതിനാല്‍ അക്രൈസ്തവരായ ദളിതര്‍ പോലും ഈ സ്ഥാനാരോഹണത്തില്‍ ആവേശഭരിതരാണ്. ഒരു ദളിതനും കര്‍ദ്ദിനാള്‍ ആകാം എന്ന ഒരു മാതൃക മാര്‍പാപ്പ സൃഷ്ടിച്ചിരിക്കുകയാണ്. ഈ തീരുമാനം ദളിത് ക്രിസ്ത്യാനികള്‍ക്ക് പ്രത്യാശ പകരുന്നു. തീര്‍ച്ചയായും സഭയില്‍ അതു സമൂലമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും,'' 7 വര്‍ഷം സിബിസിഐ ദളിത് കമ്മീഷനെ നയിച്ച, ദളിതനായ ഫാ സക്കറിയാസ് അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ മാത്രമല്ല, സഭയില്‍ പോലും ദളിതര്‍ വിവേചനം നേരിടുന്നുണ്ടെന്നത് ദുഃഖകരമായ വസ്തുതയാണെന്ന് ഫാ. സക്കറിയാസ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ക്രൈസ്തവരില്‍ 65 ശതമാനം ദളിതരാണെങ്കിലും 200 ബിഷപ്പുമാരില്‍ ദളിത് ബിഷപ്പുമാര്‍ 11 പേര്‍ മാത്രമാണെന്നും അദ്ദേഹം ഖേദപൂര്‍വം ചൂണ്ടിക്കാട്ടി.

പല സ്ഥലങ്ങളിലും തലങ്ങളിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ദളിതര്‍ക്കെതിരെ സഭയില്‍ നിലനില്‍ക്കുന്ന ചില വിവേചനപരമായ നടപടികളെക്കുറിച്ച് മുന്‍ സിബിസിഐ ഭാരവാഹിയായ ഫാ. സക്കറിയാസ് വിശദീകരിച്ചു: ''ഉന്നത ജാതിക്കാര്‍ക്കും ദളിതര്‍ക്കും വെവ്വേറെ സെമിത്തേരികളും ശവകുടീരങ്ങളും ഉള്ള ഇടവകകള്‍ ഇപ്പോഴുമുണ്ട്; ദളിത് മൃതദേഹങ്ങള്‍ പള്ളിയില്‍ എത്തിക്കാന്‍ പ്രത്യേക വാതിലുകള്‍; ദളിതര്‍ക്ക് ഇടവക ഗായകസംഘത്തിലോ അള്‍ത്താര ശുശ്രൂഷകരിലോ അംഗത്വം നിഷേധിക്കുക, ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനു മേല്‍ ജാതിക്കാര്‍ക്കു മുന്‍ഗണന നല്‍കുക തുടങ്ങിയവ അവയില്‍ ചിലതാണ്.''

സഭാസംവിധാനത്തില്‍ നില നില്‍ക്കുന്ന ചില കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു: ''ചില സവര്‍ണ്ണ പുരോഹിതന്മാര്‍ ദളിതരില്‍ നിന്നുള്ള ദൈവവിളികള്‍ നിരുത്സാഹപ്പെടുത്തുന്ന തരത്തില്‍ അത്രയും ആഴത്തില്‍ വേരോടിയിരിക്കുന്നതാണ് സഭയിലെ ജാതിവിവേചനം. സന്യാസ സമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍ പോലെയുള്ള ഉന്നത പദവികളിലേയ്ക്ക് ദളിതരെ നിയമിക്കുന്നതില്‍ വിവേചനം പുലര്‍ത്തുകയും സഭയുടെ പ്രസിദ്ധ സ്ഥാപനങ്ങളില്‍ ദളിതര്‍ക്കു പ്രവേശനം നിഷേധിക്കുന്നതുമൊക്കെയായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.''

''ദലിതര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കാര്‍ഡിനല്‍ പൂളയ്ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. കാര്‍ഡിനലായി അദ്ദേഹത്തെ ഉയര്‍ത്തിയതിലൂടെ, സഭയില്‍ ദളിതരോട് വിവേചനം കാണിക്കുന്നവര്‍ക്ക് വ്യക്തമായ സന്ദേശമാണ് മാര്‍പാപ്പ നല്‍കിയത്. ഈ നിയമനം സഭയില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തും,'' ഫാ സക്കറിയാസ് അഭിപ്രായപ്പെട്ടു.

വാസ്തവത്തില്‍, ഒരു സാധാരണക്കാരനായ ദളിത് ആര്‍ച്ച്ബിഷപ്പ് പൂളയെ ഉന്നതപാണ്ഡിത്യ ബഹുമതികളുടെ അകമ്പടിയൊന്നും ഇല്ലാതിരുന്നിട്ടും കാര്‍ഡിനലായി ഉയര്‍ത്തിയതിലൂടെ 'ഉന്നതരായ' മനുഷ്യരെപ്പോലെ പെരുമാറുന്ന 'മേല്‍ജാതി' വൈദികര്‍ക്ക് മാര്‍ പാപ്പ വ്യക്തമായ സന്ദേശം നല്‍കുകയാണു ചെയ്തിരിക്കുന്നത്.

2000-ല്‍ ആര്‍ച്ചുബിഷപ് മരാംപുടി ജോജിയെ ഹൈദരാബാദ് ആര്‍ച്ചുബിഷപ്പാക്കിക്കൊണ്ട്, ഇന്ത്യയിലെ ആദ്യത്തെ ദളിത് ആര്‍ച്ചുബിഷപ്പായി അദ്ദേഹത്തെ ഉയര്‍ത്തിയപ്പോഴുണ്ടായ അപകീര്‍ത്തിപരമായ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളയാളാണ് ഈ ലേഖകന്‍. അന്ന് ആര്‍ച്ചുബിഷപ് ജോജിയുടെ മുന്‍ഗാമിയായ, വിരമിച്ച ആര്‍ച്ചുബിഷപ് സാമിനേനി അരുളപ്പ പറഞ്ഞു, ''റോം കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ റോമിനറിയില്ല.'' ആര്‍ച്ചുബിഷപ് അരുളപ്പയുടെ ഈ പരാമര്‍ശങ്ങള്‍ സഭയില്‍ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ഒരു പടികൂടി കടന്ന്, ഹൈദരാബാദ് അതിരൂപതയിലെ 95 ശതമാനം വൈദികര്‍ക്കും ആര്‍ച്ചുബിഷപ് ജോജിയെ ആര്‍ച്ചുബിഷപ്പാക്കുന്നതിനോടു എതിര്‍പ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതൊരുപക്ഷേ ശരിയായിരുന്നിരിക്കാം. കാരണം, സഭാകാര്യങ്ങള്‍ നിയന്ത്രിക്കുന്ന ന്യൂനപക്ഷമായ മേല്‍ജാതിക്കാരില്‍ പെട്ടവരായിരുന്നു പുരോഹിതരില്‍ ബഹുഭൂരിപക്ഷവും.

2000-ല്‍ ആ ആര്‍ച്ചുബിഷപ് സഭയ്ക്കുണ്ടാക്കിയ അവമതിപ്പിനു പരിഹാരം ചെയ്യുകയാണ് ഇപ്പോഴത്തെ ഹൈദരാബാദ് ആര്‍ച്ചുബിഷപ്പായ ദളിതനെ കാര്‍ഡിനലാക്കുന്ന വിസ്മയനീക്കത്തിലൂടെ ഫ്രാന്‍സിസ് പാപ്പ ചെയ്യുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

''കാര്‍ഡിനല്‍ എന്ന നിലയിലുള്ള എന്റെ സ്ഥാനാരോഹണം തീര്‍ച്ചയായും അരികുകളിലേക്ക് എത്താനുള്ള മാര്‍പ്പാപ്പയുടെ ആഹ്വാനത്തിന്റെ ആവര്‍ത്തനമാണ്. സഭയുടെ ചട്ടങ്ങളെയും പരിശുദ്ധ പിതാവിനെയും അനുസരിച്ചു കൊണ്ട്, ദരിദ്രര്‍ക്കും ദളിതര്‍ക്കും കാരുണ്യം പകരാനുള്ള അവസരമാണിത്.'' രാജ്യത്തെ ബഹുഭൂരി പക്ഷം വരുന്ന ദളിത് ക്രൈസ്തവരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ എപ്രകാരം പരിശ്രമിക്കുമെന്ന ചോദ്യത്തിനുത്തരമായി ആര്‍ച്ചുബിഷപ്പ് പൂള പറഞ്ഞു.

''ഇത് ഭാരത സഭയ്ക്കും രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദളിത് ക്രിസ്ത്യാനികള്‍ക്കുമുള്ള ഒരു ബഹുമതിയാണ്. എന്നെ തെരഞ്ഞെടുത്തതിനും പാവപ്പെട്ടവരെ സേവിക്കാന്‍ അവസരം നല്‍കിയതിനും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയോട് ഞാന്‍ നന്ദിയുള്ളവനാണ്,''

1961-ല്‍ ഒരു ദളിത് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ആര്‍ച്ചു ബിഷപ് പൂള, 1992-ല്‍ പുരോഹിതനായി അഭിഷിക്തനായി, 2008-ല്‍ കുര്‍ണൂല്‍ രൂപതയുടെ ബിഷപ്പും 2021-ല്‍ ഹൈദരാബാദ് ആര്‍ച്ചുബിഷപ്പുമായി. ഒരു ദളിത് ബിഷപ് വേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്കു കുര്‍ണൂല്‍ സാക്ഷ്യം വഹിച്ചിരുന്നു എന്നത് ഓര്‍ക്കേണ്ടതാണ്. ദല്‍ഹിയില്‍ നുണ്‍ഷ്യോയെ കാണാനെത്തിയ ആ പ്രക്ഷോഭകരുടെ പ്രതിനിധികളുമായി ഈ ലേഖകന്‍ സംസാരിച്ചിട്ടുണ്ട്.

''ഞാന്‍ ആവേശഭരിതനാണ്.'' ദളിത് ക്രിസ്ത്യാനികള്‍ക്കായുള്ള നാഷണല്‍ കൗണ്‍സിലിന്റെ സ്ഥാപകരില്‍ ഒരാളായ ഫ്രാങ്ക്‌ളിന്‍ സീസര്‍ പറഞ്ഞു. ഒരു ദളിത് കാര്‍ഡിനലിന്റെ നിയമനത്തില്‍ ദളിത് ക്രിസ്ത്യന്‍ സമൂഹത്തിനുള്ള അത്യാഹ്ലാദത്തെ ശരിവയ്ക്കുകയാണ് ഈ പ്രതികരണം.

''പരിശുദ്ധ പിതാവ് സഭയിലെ വംശീയതയെ അഭിസംബോധന ചെയ്യുന്നു. വിവേചനം നേരിടുന്ന സമൂഹത്തില്‍ നിന്നു കാര്‍ഡിനല്‍മാരെ നിയമിച്ചുകൊണ്ട് ആഫ്രിക്കയിലെയും യുഎസിലെയും കറുത്ത വര്‍ഗക്കാരോട് മാര്‍പാപ്പ ചെയ്തത് ഇപ്പോള്‍ ഇന്ത്യയോടും ചെയ്തതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,'' സീസര്‍ പറഞ്ഞു. ദളിത് ക്രൈസ്തവര്‍ക്കെതിരായ ഭരണഘടനാപരമായ വിവേചനത്തെ ചോദ്യം ചെയ്തു കൊണ്ട് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ രണ്ടു പതിറ്റാണ്ടായി നടത്തുന്ന നിയമപോരാട്ടത്തിലൂടെ പ്രസിദ്ധനാണ് അദ്ദേഹം.

(1950-ല്‍ കേന്ദ്ര ഗവണ്‍മെന്റ് 'ദളിത്' ക്രിസ്ത്യാനികള്‍ക്കെതിരായ ഭരണഘടനാപരമായ വിവേചനത്തിന് വഴിയൊരുക്കുന്ന പ്രത്യേക നിയമനിര്‍മ്മാണം നടത്തി. ഈ നിയമനിര്‍മ്മാണം ഹിന്ദു ദളിതരെ പട്ടികജാതി (എസ്‌സി) ആയി നിര്‍ണയിക്കുകയും അവരുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി സൗജന്യ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലികളിലും നിയമനിര്‍മ്മാണ സഭകളിലും 15 ശതമാനം സംവരണത്തിനും അവരെ യോഗ്യരാക്കുകയും ചെയ്തു.

1956-ല്‍ സിഖ് ദളിതര്‍ക്കും 1990-ല്‍ ബുദ്ധ ദളിതര്‍ക്കും പട്ടിക ജാതി പദവികള്‍ നല്‍കിയപ്പോള്‍, മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികളില്‍ മൂന്നില്‍ രണ്ടു വരുന്ന ക്രിസ്ത്യന്‍ ദളിതര്‍ക്കും ഇതു നിഷേധിക്കപ്പെട്ടു. ക്രിസ്ത്യന്‍ ദലിതുകളോടുള്ള ഈ നിയമപരമായ പക്ഷപാതത്തെ ചോദ്യം ചെയ്യാന്‍ സീസര്‍ റെയില്‍വേയിലെ തന്റെ എഞ്ചിനീയര്‍ ജോലി ഉപേക്ഷിക്കുകയും സുപ്രീം കോടതിയില്‍ ഇപ്പോഴും തീര്‍പ്പാകാതെ തുടരുന്ന അപ്പീല്‍ നടത്തുന്നതിനായി ന്യൂഡല്‍ഹിയിലേക്ക് താമസം മാറുകയും ചെയ്തു.)

'ഒരു ദളിത് കര്‍ദിനാളിന്റെ നിയമനം തീര്‍ച്ചയായും ഞങ്ങളുടെ പോരാട്ടത്തിനു ശക്തി പകരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' സീസര്‍ പറഞ്ഞു. ''2002-ല്‍ ഗോത്ര വര്‍ഗക്കാരനായ റാഞ്ചിയിലെ ആര്‍ച്ചുബിഷപ്പ് ടെലിസ്ഫോര്‍ ടോപ്പോ കര്‍ദ്ദിനാളായി സ്ഥാനമേറ്റതിന് ശേഷം രണ്ട് ഡസന്‍ രൂപതകളില്‍ ഇപ്പോള്‍ ഗോത്ര വര്‍ഗ ബിഷപ്പുമാരുണ്ട്. പക്ഷേ, എന്റെ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 18 രൂപതകളില്‍ ഒരു ദളിത് ബിഷപ്പ് മാത്രമേയുള്ളൂ,'' സീസര്‍ ചൂണ്ടിക്കാട്ടി.

''എന്റെ സംസ്ഥാനത്തോ എന്റെ ചുറ്റുപാടോ ഇങ്ങനെയൊന്നും ഇല്ല'' എന്നു പറഞ്ഞു കണ്ണടക്കാന്‍ ഭക്തരായ ചില ക്രിസ്ത്യാനികള്‍ ശ്രമിച്ചേക്കാമെങ്കിലും ജാതി വിവേചനം സഭയുടെ ശരീരത്തില്‍ ഒരു വ്രണമായി തുടരു ന്നു. ഇതിനു കത്തോലിക്കാ, അകത്തോലിക്കാ വിവേചനങ്ങളില്ല. 2008 മാര്‍ച്ചില്‍ പോണ്ടിച്ചേരിയില്‍ ദളിത് ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമാസക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് ക്രിസ്ത്യാനികള്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പട്ടു. ഇതിനെത്തുടര്‍ന്ന് ഒരു ദളിത് പുരോഹിതന്റെ മാതാവിന്റെ മൃതദേഹവുമായി ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ അഗസ്റ്റിന്‍ മുന്‍ വാതിലിലൂടെ പള്ളിയില്‍ പ്രവേശിക്കുന്നത് തടയാന്‍, പോണ്ടിച്ചേരി കത്തീഡ്രലിന്റെ മുന്‍വാതിലുകള്‍ വണ്ണിയാര്‍ ജാതിക്കാരായ പുരോഹിതന്മാരും ജനങ്ങളും ചേര്‍ന്ന് അടച്ചുപൂട്ടി.

10 വര്‍ഷത്തെ സെമിനാരി വിദ്യാഭ്യാസത്തിനും പുരോഹിതരിലെ ജാതിചിന്ത ഇല്ലാതാക്കാന്‍ കഴിയുന്നില്ലെന്ന തന്റെ മനോവേദന നിരാശനായ ആര്‍ച്ചുബിഷപ് പങ്കുവച്ചതോര്‍ക്കുന്നു. ഇതേ കുറിച്ചുള്ള ഫ്രണ്ട്‌ലൈന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സഭയിലെ ആഴമേറിയ ജാതി വേര്‍തിരിവുകള്‍ വ്യക്തമാകുന്നു: ''ചില ക്രൈസ്തവര്‍ക്ക് ക്രിസ്തുവിന്റെ രക്തത്തേക്കാള്‍ കട്ടി കൂടിയതാണ് ജാതിരക്തമെന്ന് മുതിര്‍ന്ന ഒരു മെത്രാന്‍ പറഞ്ഞു.''

സിബിസിഐയുടെയും എന്‍സിസിഐ പോലെയുള്ള അകത്തോലിക്കാ സഭാസംഘടനകളുടെയും പതിവു ഭക്തിനിര്‍ഭര പ്രഖ്യാപനങ്ങളായ 'ജാതീയത ഒരു പാപമാണ്, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഒരു കുറ്റകൃത്യമാണ്' എന്നിവയൊന്നും സഭാ സ്ഥാപനങ്ങളില്‍ പോലും ദളിത് ക്രിസ്ത്യാനികളോടുള്ള ജാതി മനോഭാവത്തിലോ വിവേചനത്തിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല.

ക്രിസ്തുവിന്റെ സന്ദേശത്തിന് വിരുദ്ധമായി, സഭയില്‍ ദളിതര്‍ക്കെതിരെ അപകീര്‍ത്തികരമായ വിവേചനം കാണിക്കുന്ന, സഭയില്‍ മേധാവിത്വം പുലര്‍ത്തുന്ന സവര്‍ണക്രൈസ്തവര്‍ക്കു ശക്തമായ സന്ദേശം നല്കുകയാണു ഫ്രാന്‍സിസ് മാര്‍പാപ്പ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org