വീട്ടിലെ വേദപാഠക്കൂട്ട്

വീട്ടിലെ വേദപാഠക്കൂട്ട്
അപ്പന്‍... അമ്മ... എന്ന് ചൊല്ലിക്കൊടുത്ത് മാതൃഭാഷയും, ഒന്ന്... രണ്ട്... എന്ന് ഓതി കൊടുത്തു കണക്കും, കാക്ക... പൂച്ച... പാടിപ്പറഞ്ഞു 'സുവോളജിയും', എന്തിന് അമ്പിളിമാമ്മന്‍... നക്ഷത്രം... എന്ന് കൗതുകത്തോടെ ചൂണ്ടി 'ആസ്‌ട്രോണമി'വരെ പഠിപ്പിക്കാന്‍ തുടക്കമിടുന്നത് മാതാപിതാക്കളാണ്. ഇതുപോലെ തന്നെ വിശ്വാസ പരിശീലനത്തിന്റെ ആദ്യപാഠങ്ങളും.
ചൊല്ലിക്കൊടുക്കുന്ന പ്രാര്‍ത്ഥനകളും നെറ്റിയില്‍ വരച്ചു കൊടുക്കുന്ന കുരിശടയാളവും കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്ന ബൈബിള്‍ കഥകളും അവരുടെ വിശ്വാസത്തിലുള്ള വളര്‍ച്ചയില്‍ അനിതര സാധാരണമായപങ്കുവഹിക്കുന്നുണ്ട്. കുട്ടികളില്‍ വിശ്വാസം കുറയുന്നുണ്ടെങ്കില്‍ അത് മാതാപിതാക്കളില്‍ നേരത്തെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും.

മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളില്‍ കാറ്റിക്കിസം ക്ലാസിനോടുള്ള താല്‍പര്യം വളര്‍ത്തുവാനും അവരെ വിശ്വാസത്തില്‍ ആഴപ്പെടുത്തുവാനും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ 20 ഓളം ഇടവകകളില്‍ നിന്നുള്ള മാതാപിതാക്കള്‍ വ്യത്യസ്തങ്ങളായ ഉത്തരങ്ങളാണ് പറഞ്ഞത്.

  • എല്ലാദിവസും വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുക. അല്ലെങ്കില്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ പോകുവാന്‍ നിഷ്‌കര്‍ഷിക്കുക.

  • മാസത്തിലൊന്നു കുമ്പസാരിക്കുന്നുണ്ടോ, എല്ലാ ഞായറാഴ്ചകളിലും കുര്‍ബാന സ്വീകരിക്കുന്നുണ്ടോ എന്നിവയൊക്കെ ചോദിച്ചു ഉറപ്പുവരുത്തുക. ഒപ്പം മക്കള്‍ക്ക് അക്കാര്യത്തില്‍ മാതൃകയാവുക.

  • ശനിയാഴ്ച ഒത്തിരി വൈകിയുള്ള പ്രോഗ്രാമുകള്‍, ഞായറാഴ്ച ദിവസം കാറ്റിക്കിസം സമയത്തുള്ള പ്രോഗ്രാമുകള്‍ കഴിവതും ഒഴിവാക്കുക.

  • സെക്കുലര്‍ ക്ലാസുകളെ പോലെ വിശ്വാസ പരിശീലന ക്ലാസുകള്‍ക്കും പ്രാധാന്യം കൊടുത്ത് വീട്ടില്‍ സംസാരിക്കുക.

  • കാറ്റിക്കിസം ടെക്സ്റ്റ് ബുക്കുകള്‍ പഠിക്കുന്ന സമയം കുട്ടികളുടെ കൂടെ ഇരിക്കുക.

  • വല്ലപ്പോഴും വിശ്വാസ പരിശീലകരുടെ വീട്ടില്‍ കുട്ടികളുമായി പോവുക.

  • എല്ലാ ഞായറാഴ്ചയും കുര്‍ബാനമധ്യേ സമര്‍പ്പിക്കാനുള്ള കുഞ്ഞു തുക നല്‍കി വിടുക. വര്‍ഷത്തിലൊരിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ഒരു മണി ബോക്‌സ് ശീലിപ്പിക്കുക.

ശനിയാഴ്ച ഒത്തിരി വൈകിയുള്ള പ്രോഗ്രാമുകള്‍, ഞായറാഴ്ച ദിവസം കാറ്റിക്കിസം സമയത്തുള്ള പ്രോഗ്രാമുകള്‍ കഴിവതും ഒഴിവാക്കുക.

  • എത്ര തിരക്കിലും കുടുംബ പ്രാര്‍ത്ഥന മുടക്കാതിരിക്കുക.

  • സന്ധ്യാപ്രാര്‍ത്ഥനയില്‍ നേതൃത്വം എടുക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.

  • * വെള്ളിയാഴ്ച മാംസം ഉപേക്ഷിക്കല്‍, ചെറുതും വലുതുമായ നോമ്പു എടുക്കല്‍, എളിയ പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ഇവ കൃത്യമായി വീട്ടില്‍ അനുഷ്ഠിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് പാഠമാകും.

  • സി എല്‍ സി, സി എം എല്‍, തിരുബാലസഖ്യം, അള്‍ത്താരസംഘം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ കുട്ടികളെ അംഗമാക്കുക.

  • അറിവിലോ പരിചയത്തിലോ ഉള്ള വ്യക്തികളുടെ / കുട്ടികളുടെ സന്മാര്‍ഗപരമോ വിശ്വാസപരമോ ആയ വീഴ്ചകള്‍ കുട്ടികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വീട്ടില്‍ ചര്‍ച്ചയാക്കുക.

ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ മാത്രമുള്ള ഒരു ക്ലാസിന് കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ അവരുടെ ജീവിതത്തില്‍ ഉടനീളം ഒരു പക്ഷേ, തങ്ങളുടെ മരണശേഷവും മക്കളെ സ്വാധീനിക്കുവാന്‍ മാതാപിതാക്കളുടെ ജീവിതങ്ങള്‍ക്ക് സാധിക്കും. ഈ ഒരു ചിന്തയില്‍ അവരുടെ ജീവിതത്തെ ആത്മീയമായും വിശ്വാസപരമായും സ്വാധീനിക്കുന്ന ആത്മീയ സുഹൃത്തുക്കള്‍ കൂടി ആയി ജീവിക്കുവാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കടമയുണ്ട്. അതായിരിക്കും കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ വിശ്വാസ പരിശീലന പാഠം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org