ദൈവത്തെ അറിയുക എന്ന 'വിലയേറിയ കൃപ'

ദൈവത്തെ അറിയുക എന്ന 'വിലയേറിയ കൃപ'
'ദൈവത്തെ അറിയുക' എന്നത് ഒരു മനുഷ്യഹൃദയത്തിന്റെ അഭിവാഞ്ഛയാണ്. മനുഷ്യന്റെ ഓരോ യാത്രയും ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ഈ യാത്രയില്‍, 'ദൈവത്തെ അറിയുക' എന്ന അഭിവാഞ്ഛ ഒരുവനെ, കേവലം ഭൗതിക ധാരണകളെ മറികടന്ന്, തന്റെ തന്നെ അസ്തിത്വത്തിന്റെ സത്തയിലേക്ക് ആഴ്ന്നിറങ്ങുവാന്‍ സഹായിക്കുന്നു. ക്രൈസ്തവജീവിതത്തില്‍ വിശ്വസിക്കുന്ന ഒരുവന്, ഈ യാത്ര ക്രിസ്തുവിന്റെ പെസഹാ രഹസ്യത്തോടുള്ള അനുരൂപപെടലാണ്. ക്രിസ്തുവിന്റെ ജീവിതവും മരണവും പുനരുത്ഥാനവും മാതൃകയായി യാത്ര ചെയ്യുന്ന, ഒരു ക്രിസ്തുശിഷ്യനെ ലോകം ഭോഷനായി കാണുന്നുണ്ടെങ്കിലും, 'ദൈവത്തെ അറിയുക' എന്ന അഭിവാഞ്ഛ ഈ ഭോഷത്തരത്തെയും, മരണവും ഉത്ഥാനവുമെന്ന വിരോധാഭാസത്തെയും, മറികടക്കുന്നതും, ക്രിസ്തുവിന്റെ ഹിതത്തോടുള്ള ക്രിസ്തുശിഷ്യന്റെ പൂര്‍ണ്ണ അറിവോടെയും, സമ്മതത്തോടുമുള്ള ആശ്ലേഷിക്കലുമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 'ദൈവത്തെ അറിയുക' എന്നത് ജീവിക്കുക എന്നര്‍ത്ഥം, സ്വയം മരിക്കുക എന്നര്‍ത്ഥം. ഈ ലേഖനത്തില്‍ ഈ വിരോധാഭാസത്തെ പര്യവേഷണം ചെയ്യുകയാണ്.
  • ക്രിസ്തുവുമായുള്ള ഐക്യം: മാനവന്റെ അസ്തിത്വവും ദൈവിക അറിവിന്റെ അന്തസ്സും സ്‌നേഹത്തിന്റെ പവിത്രതയും

തന്റെ ജീവിതത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന ദൈവിക അറിവിനായുള്ള അഭിവാഞ്ഛയുടെ അര്‍ത്ഥത്തിനും ലക്ഷ്യത്തിനും വേണ്ടിയുള്ള പരിശ്രമമാണ് 'ക്രിസ്തുവുമായുള്ള ഐക്യം.' ഈ ലോകത്തില്‍ ജീവിക്കുക എന്നു പറയുന്നത് കേവലം ഭൂമിയില്‍ നിലനില്‍ക്കല്‍ മാത്രമല്ല, മറിച്ച് ഈ ലോകത്തില്‍ ക്രിസ്തുശിഷ്യന്‍ സജീവമായി ഇടപെട്ടുകൊണ്ടും, ക്രിസ്തുവിന്റെ ദൈവരാജ്യ പൂര്‍ത്തീകരണത്തിനായും, എല്ലാ മനുഷ്യരിലും ദൈവികപ്രകാശം സംജാതമാകുന്നതിനായി കഠിനമായി പ്രയത്‌നിച്ചുകൊണ്ടും, അതുവഴി ദൈവഹിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണക്കായി ലോകം മുഴുവനെയും ജാതിമത വര്‍ഗഭേദമെന്യേ, ആനയിക്കുന്നതിനുമുള്ള പരിശ്രമമാണ് 'ക്രിസ്തുവുമായുള്ള ഐക്യം' എന്നത്. ക്രിസ്തുശിഷ്യന്റെ ജീവിതം ദൈവത്തില്‍ നിന്നുള്ള ഒരു ദാനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ജീവിതം ദൈവികസ്‌നേഹത്തിന്റെ അന്തര്‍ലീനമായ അന്തസ്സും പവിത്രതയും നിറഞ്ഞതാണ്. ഈ ലോകത്തില്‍ ക്രിസ്തുവിനോടു കൂടെയുള്ള ജീവിതമാണ് 'ക്രിസ്തുവുമായുള്ള ഐക്യം.'

ക്രിസ്തുശിഷ്യന്‍ മുന്നോട്ടുവയ്ക്കുന്നത് ഈ ലോക ജീവിതമാണെങ്കിലും ക്രിസ്തുവിനോട് കൂടെയുള്ള ജീവിതമാണത്, അത് കുരിശുമരണം തന്നെയാണ്. പൗലോസ് അപ്പോസ്തലന്റെ ഈ പ്രഖ്യാപനം ഒരു ക്രിസ്തുശിഷ്യന്റെ വികാരത്തെ എടുത്തു കാട്ടുകയും അതിനെ വാചാലമായി പ്രഖ്യാപിക്കുകയും ചെയ്യുകയാണ്. ക്രിസ്തുവുമായുള്ള ഐക്യത്തിലാണ് യഥാര്‍ത്ഥ ജീവിതം കണ്ടെത്തുന്നത് എന്ന അഗാധമായ സത്യത്തിലേക്ക് പൗലോസ് നമ്മെ ആനയിക്കുന്നു. ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ 'ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്' (ഗലാ. 2:20). ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെടുന്നത് കൊണ്ടര്‍ത്ഥമാകുന്നത് അവന്റെ സാന്നിധ്യത്തില്‍ ആയിരിക്കുകയും അവന്റെ പഠിപ്പിക്കലുകള്‍ മനസ്സിലാക്കുകയും അവന്റെ മാര്‍ഗനിര്‍ദേശം പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുകയും നിത്യമായ ദൈവികചൈതന്യം അപരന് നല്‍കുകയും ചെയ്യുന്നതാണ്. കുരിശില്ലാത്ത ജീവിതം ക്രൈസ്തവ ജീവിതമല്ല. ക്രിസ്തുവിന്റെ പടയാളി എന്നു പറയുന്നത്, വാളെടുക്കുന്നവനല്ല, മറിച്ചു 'നീ നിന്റെ വാള്‍ എടുത്ത് ഉറയിലിടുക' എന്നു പറഞ്ഞ് അവനു നഷ്ടപ്പെട്ട സമാധാനത്തിന്റെ ജീവിതം ഒട്ടിച്ചു കൊടുക്കുന്നതാണ്. ഈ പ്രക്രിയയില്‍ ക്രിസ്തുശിഷ്യന് ജീവന്‍ നഷ്ടപ്പെട്ടേക്കാം, അതിനെയാണ് രക്തസാക്ഷിത്വം എന്നു നാം ആഘോഷിക്കുന്നത്. ഇന്ന് കേരളത്തില്‍ വാളെടുക്കാന്‍ പറയുന്ന ഇടയന്മാരും അല്മായരും, കൂണുപോലെ പൊങ്ങി വരുന്നുണ്ട്, ഇവര്‍ തങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ ക്രിസ്തുവില്‍ നിന്ന് അകറ്റുകയാണ്. ഇവരുടെ ഭാഷകള്‍പോലും ഇപ്പോള്‍ കൊലവിളിയുടെയും ഭീഷണിയുടെയും ആയിമാറിയിരിക്കുകയാണ്.

'ക്രിസ്തുമായുള്ള ഐക്യം' എന്നത് ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ക്രിസ്തുവിനെ കണ്ടുമുട്ടുക എന്നതാണ്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്‌തോല പ്രബോധനമായ ഇവാഞ്ചലി ഗൗദിയത്തില്‍ ഈ വികാരം വളരെ അര്‍ത്ഥവത്തായി ഉദ്ധരിക്കുന്നുണ്ട്. 'യേശുവിനെ കണ്ടുമുട്ടുന്ന എല്ലാ വ്യക്തികളുടെ ഹൃദയങ്ങളിലും ജീവിതത്തിലും സുവിശേഷത്തിന്റെ സന്തോഷം നിറയുന്നു. അവന്റെ രക്ഷാവാഗ്ദാനം സ്വീകരിക്കുന്നവര്‍ പാപത്തില്‍ നിന്നും ദുഃഖത്തില്‍ നിന്നും ആന്തരിക ക്ഷീണത്തില്‍ നിന്നും ഏകാന്തതയില്‍ നിന്നും സ്വതന്ത്രമാകുന്നു' എന്നതാണ് അദ്ദേഹം പറയുന്നത്. ഈ വികാരം യോഹന്നാന്റെ സുവിശേഷത്തില്‍ പ്രതിധ്വനിക്കുന്നു. യേശു പ്രഖ്യാപിക്കുന്നു, 'ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്' (യോഹ. 10:10). ക്രിസ്തുവിനെ കണ്ടെത്തുന്ന ഏതൊരുവനും അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സമൃദ്ധിയെക്കുറിച്ച് ഇവിടെ എടുത്തുകാട്ടുന്നു, ആ സമൃദ്ധി കുരിശിന്റെ വഴിയിലുള്ള ജീവനാണ്. കുരിശിനെ മാറ്റിനിര്‍ത്തിയുള്ള ഒരു ജീവിതവും ഉത്ഥാനത്തിലേക്കു നയിക്കില്ല.

'ദൈവത്തെ അറിയുക' എന്നാല്‍ ജീവിതത്തിന്റെയും മരണത്തിന്റെയും പരിവര്‍ത്തനാത്മകമായ ഒരു യാത്ര ആരംഭിക്കുക എന്നതാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും വിരോധാഭാസമായ പരസ്പരബന്ധം, സ്വയം നിഷേധിക്കലും സ്വയം കണ്ടെത്തലും, കഷ്ടപ്പാടുകളും വീണ്ടെടുപ്പും നിറഞ്ഞ ഒരു യാത്ര.

  • സ്വയം മരിക്കുക: ക്രിസ്തുവിനെ ആസകലം അനുസരിക്കുന്ന ജീവിതപഥത്തിലേക്ക്

ക്രിസ്തുവുമായുള്ള ഒരുവന്റെ ഈ സമൃദ്ധമായ ജീവിതത്തിലേക്കുള്ള പാത ഒരു വിരോധാഭാസമായി ലോകത്തിനു തോന്നിയേക്കാം. അതുകൊണ്ടു തന്നെയാണ് ഈ കാലഘട്ടത്തില്‍ ക്രിസ്തുശിഷ്യരെന്ന പേരില്‍ വാളെടുക്കുവാനും ഭീഷണിപ്പെടുത്തുവാനുമുള്ള മുറവിളിയുമായി ചില ക്രൈസ്തവ നാമധാരികളുടെയും അത്തരം പ്രസ്ഥാനങ്ങളുടെയും എണ്ണം കൂടിവരുന്നത്. ഇവരുടെയിടയിലുള്ള ഇടയന്മാരും അല്മായരുമൊക്കെ ക്രിസ്തുവചനം മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഈ ലോകത്തിന്റെ ചിന്തയില്‍ ദൈനംദിനം ജീവിക്കുന്ന ഒരു കൂട്ടരായി മാറുകയാണ്. ക്രിസ്തുശിഷ്യന് ഒരു സമൂലമായ പരിവര്‍ത്തനം ഓരോ നിമിഷവും ആവശ്യമാണ്. 'സ്വയം മരിക്കുക' യേശു പഠിപ്പിക്കുന്നു, 'ആ രെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ' (ലൂക്കാ 9:23). സ്വയം മരിക്കുക എന്ന ഈ ആശയം ക്രിസ്തീയ ശിഷ്യത്വത്തിന്റെ ഹൃദയഭാഗത്തു ആഴ്ന്നിറങ്ങണം. ദൈവഹിതം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതിനായി വിശ്വാസികള്‍ സ്വന്തം ആഗ്രഹങ്ങളും അഭിലാഷങ്ങളും സ്വാര്‍ത്ഥ ചായ്‌വുകളും ഉപേക്ഷിക്കണമെന്ന് ക്രിസ്തു ആവശ്യപ്പെടുന്നു.

വിഖ്യാത ദൈവശാസ്ത്രജ്ഞനായ ഡിട്രിച്ച് ബോണ്‍ഹോഫര്‍ ഈ പ്രക്രിയയെ 'വിലയേറിയ കൃപ' (costly grace) എന്ന് വിശേഷിപ്പിക്കുന്നു, ആധികാരിക ക്രിസ്ത്യന്‍ ജീവിതത്തിന്റെ നിരന്തരമായ ത്യാഗപരമായ ക്രിസ്തു സ്വഭാവത്തെ ഇത് ഊന്നിപ്പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ചാക്രിയ ലേഖനമായ ലൗദാത്തോ സിയില്‍ സ്വയം ശൂന്യമായ സ്‌നേഹത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു, 'ആളുകള്‍ സ്വയം കേന്ദ്രീകൃതമാവുകയും അവരുടെ ബോധത്തില്‍ ഒറ്റപ്പെടുകയും ചെയ്യുമ്പോള്‍, അവര്‍ അവരുടെ അത്യാഗ്രഹം വര്‍ധിപ്പിക്കുന്നു. ഒരു വ്യക്തിയുടെ ഹൃദയം ശൂന്യമാകുമ്പോള്‍, അവര്‍ക്ക് വാങ്ങാനും കൈവശം വയ്ക്കാനും ഉപഭോഗം ചെയ്യാനുമുള്ള വസ്തുക്കള്‍ ആവശ്യമാണ്' (Laudato Si, 204). ഇവിടെ, സ്വയം കേന്ദ്രീകൃതമായ അസ്തിത്വത്തിന്റെ ഫലമായ ആത്മീയ ദാരിദ്ര്യത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിക്കാട്ടുന്നു, ക്രിസ്തുവിനെ ഈ ശൂന്യതയിലേക്കു സ്വീകരിച്ചാല്‍ മാത്രമേ ക്രൈസ്തവനാകുകയുള്ളൂ.

  • കുരിശിന്റെ പ്രധാനത്വം: ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ആത്മവിശ്വാസത്തിന്റെ പ്രതിനിധീകരണം

ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ കേന്ദ്രത്തില്‍ കുരിശിനു വളരെയേറെ പ്രാധാന്യമുണ്ട്. കഷ്ടപ്പാടുകളുടെയും വീണ്ടെടുപ്പിന്റെയും ആത്യന്തിക വിജയത്തിന്റെയും പ്രതീകമാണ് കുരിശ്. യേശുവിന്റെ കുരിശിലെ മരണം മനുഷ്യരാശിക്കുവേണ്ടിയുള്ള ദൈവത്തിന്റെ വീണ്ടെടുപ്പു പദ്ധതിയുടെ പാരമ്യത്തെ പ്രതിനിധീകരിക്കുന്നു. യേശു മനുഷ്യന്റെ പാപപൂര്‍ണ്ണമായ മനുഷ്യത്വത്തെ തന്റെ കുരിശുമരണത്തിലെ ത്യാഗത്തിന്റെ മാതൃകയിലൂടെയും അവസാന അത്താഴത്തില്‍ നല്‍കിയ സ്‌നേഹത്തിന്റെ മാതൃകയിലൂടെയും ദൈവികവുമായി എല്ലാ മനുഷ്യരെയും അനുരഞ്ജിപ്പിക്കുന്നു. തത്ത്വചിന്തകനായ സോറന്‍ കീര്‍ക്കെഗാഡ് തന്റെ 'വിശ്വാസത്തിന്റെ കുതിച്ചുചാട്ടം' എന്ന ആശയത്തില്‍ കുരിശിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു, അതില്‍ യഥാര്‍ത്ഥ വിശ്വാസത്തിനു വിരോധാഭാസത്തിന്റെ ആലിംഗനവും ദൈവത്തിന്റെ അസംബന്ധമെന്നു തോന്നുന്ന വാഗ്ദാനങ്ങളില്‍ വിശ്വസിക്കാനുള്ള സന്നദ്ധതയും ആവശ്യമാണ്. അപ്പസ്‌തോലനായ പൗലോസ് കൊറിന്ത്യര്‍ക്കുള്ള തന്റെ കത്തില്‍ കുരിശിന്റെ പ്രാധാന്യത്തെക്കുറിച്ച് വാചാലമായി വിവരിക്കുന്നു, 'നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ' (1 കോറി. 1:18).

കുരിശ് ആശ്ലേഷിക്കുന്നതിലൂ ടെ, വിശ്വാസികള്‍ ക്രിസ്തുവിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുകയും അവന്റെ പുനരുത്ഥാനത്തിന്റെ പ്രത്യാശയില്‍ പങ്കുചേരുകയും ചെയ്യുന്നു. 'ക്രിസ്തുവിന്റെ കുരിശില്‍ ദൈവത്തിന്റെ എല്ലാ സ്‌നേഹവും അടങ്ങിയിരിക്കുന്നു; അവിടെ നാം അവന്റെ അളവറ്റ കാരുണ്യം കണ്ടെത്തുന്നു' (Pope Francis, Homily, September 14, 2014) എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ കുരിശിന്റെ പരിവര്‍ത്തന ശക്തിയെ അടിവരയിടുന്നു. കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്റെയും പാത്രത്തില്‍, ക്രിസ്ത്യാനിയുടെ ഹൃദയം അതിന്റെ യഥാര്‍ത്ഥ വിശ്രമം കണ്ടെത്തുന്നു, ജീവിതപോരാട്ടങ്ങളുടെയും സന്തോഷങ്ങളുടെയും നടുവില്‍ ദൈവിക സാന്നിധ്യം അവന്‍ കാണുന്നു.

ക്രിസ്തുവിന്റെ പടയാളി എന്നു പറയുന്നത്, വാളെടുക്കുന്നവനല്ല, മറിച്ചു 'നീ നിന്റെ വാള്‍ എടുത്ത് ഉറയിലിടുക' എന്നു പറഞ്ഞ് അവനു നഷ്ടപ്പെട്ട സമാധാനത്തിന്റെ ജീവിതം ഒട്ടിച്ചു കൊടുക്കുന്നതാണ്.

  • ദൈവത്തെ അറിയുക പുനരുത്ഥാനത്തില്‍ അവനോടൊപ്പം പുനര്‍ജന്മം

ദൈവത്തെ യഥാര്‍ത്ഥമായി അറിയുക എന്നത് അവനോടൊപ്പം പുനരുത്ഥാനം അനുഭവിക്കുക എന്നതാണ്, ഭൗമിക പരിമിതികളെ മറികടക്കുന്ന ഒരു ആത്മീയ പുനര്‍ജന്മം, ജീവിതത്തിന്റെ പുതുമയിലേക്ക് വിശ്വാസികളെ എത്തിക്കുന്നു. 'ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മുടെ പ്രത്യാശയാണ്. അത് നിരാശപ്പെടുത്താത്ത പ്രത്യാശയാണ്' (Pope Francis, Homily, Easter Vigil, April 20, 2019) ദൈവത്തെ അറിയുന്നതിന് ഈ പരിവര്‍ത്തന വശത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ എപ്പോഴും പറയുണ്ട്. ഇവിടെ, ക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ നിന്നുള്ള അഗാധമായ പ്രത്യാശയെ ഫ്രാന്‍സിസ് മാര്‍പാപ്പ അടിവരയിടുന്നു, ഇത് പ്രതികൂല സാഹചര്യങ്ങളിലും വെല്ലുവിളികളിലും വിശ്വാസികളെ താങ്ങി നിര്‍ത്തുന്നു. ഇതു കുരിശു വഹിക്കാന്‍ പ്രാപ്തനാക്കുന്നു. കുരിശു വഹിക്കുവാന്‍ താല്‍പര്യമില്ലാത്ത ക്രൈസ്തവന്‍ പുനരുത്ഥാനത്തില്‍ പ്രവേശിക്കുന്നില്ല. പരിശുദ്ധ പിതാവ് മറ്റൊരവസരത്തില്‍ പറഞ്ഞു 'യേശുക്രിസ്തുവാണെന്നു അവകാശപ്പെട്ട അതേ പത്രോസ് ഇപ്പോള്‍ അവനോട് ഇങ്ങനെ പറയുന്നു: 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു.' ഞാന്‍ നിന്നെ അനുഗമിക്കും, പക്ഷേ നമുക്ക് കുരിശിനെക്കുറിച്ച് സംസാരിക്കണ്ട. അതുമായി ഒരു ബന്ധവുമില്ല. പക്ഷേ കുരിശില്ലാതെ മറ്റ് നിബന്ധനകളില്‍ ഞാന്‍ നിന്നെ പിന്തുടരും. നമ്മള്‍ കുരിശില്ലാതെ യാത്ര ചെയ്യുമ്പോള്‍, കുരിശില്ലാതെ നിര്‍മ്മിക്കുമ്പോള്‍, കുരിശില്ലാതെ ക്രിസ്തുവിനെ പ്രഖ്യാപിക്കുമ്പോള്‍, നമ്മള്‍ കര്‍ത്താവിന്റെ ശിഷ്യന്മാരല്ല, ലൗകികരാണ്. നമ്മള്‍ ബിഷപ്പുമാരാകാം, പുരോഹിതന്മാരാകാം, കര്‍ദിനാള്‍മാരാകാം, പോപ്പാകാം, പക്ഷേ കര്‍ത്താവിന്റെ ശിഷ്യന്മാരല്ല.'

യോഹന്നാന്റെ സുവിശേഷത്തില്‍ യേശു പ്രഖ്യാപിക്കുന്നു: 'ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?' (യോഹ. 11:25-26). യേശുവിന്റെ ഈ വാക്കുകള്‍ ക്രിസ്തീയ വിശ്വാസത്തില്‍ പുനരുത്ഥാനത്തിന്റെ കേന്ദ്ര പങ്ക് സ്ഥിരീകരിക്കുന്നു, അവനില്‍ ആശ്രയിക്കുന്ന എല്ലാവര്‍ക്കും നിത്യജീവന്റെ ഉറപ്പ് നല്‍കുന്നു. അങ്ങനെ, ദൈവത്തെ അറിയുക എന്നത് അവന്റെ പുനരുത്ഥാനത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ പങ്കുചേരുക, ആത്മീയ മരണത്തില്‍ നിന്ന് അവനിലെ ജീവിതത്തിന്റെ പുതുമയിലേക്ക് ഉയര്‍ത്തുക എന്നതാണ്.

ഇന്ന് കേരളത്തില്‍ വാളെടുക്കാന്‍ പറയുന്ന ഇടയന്മാരും അല്മായരും, കൂണുപോലെ പൊങ്ങി വരുന്നുണ്ട്, ഇവര്‍ തങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ ക്രിസ്തുവില്‍ നിന്ന് അകറ്റുകയാണ്. ഇവരുടെ ഭാഷകള്‍ പോലും ഇപ്പോള്‍ കൊലവിളിയുടെയും ഭീക്ഷണിയുടെയും ആയിമാറിയിരിക്കുകയാണ്.

'ദൈവത്തെ അറിയുക' എന്നാല്‍ ജീവിതത്തിന്റെയും മരണത്തിന്റെയും പരിവര്‍ത്തനാത്മകമായ ഒരു യാത്ര ആരംഭിക്കുക എന്നതാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും വിരോധാഭാസമായ പരസ്പരബന്ധവും, സ്വയം നിഷേധിക്കലും സ്വയം കണ്ടെത്തലും, കഷ്ടപ്പാടുകളും വീണ്ടെടുപ്പും നിറഞ്ഞ ഒരു യാത്ര. പ്രത്യാശയുടെയും അനുരഞ്ജനത്തിന്റെയും ആത്യന്തിക പ്രതീകമായി കുരിശിനെ സ്വീകരിക്കാന്‍ ക്രിസ്തുമതം വിശ്വാസികളെ ക്ഷണിക്കുന്നു. പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിലും നിത്യജീവന്റെ ഉറപ്പിലും വിശ്വസിക്കുന്നു. അപ്പസ്‌തോലനായ പൗലോസ് പ്രഖ്യാപിക്കുന്നതു പോലെ, 'അത്, അവനെയും അവന്റെ പുനരുത്ഥാനത്തി ന്റെ ശക്തിയെയും ഞാന്‍ അറിയുന്നതിനും അവന്റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്റെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടിയാണ്' (ഫിലി. 3:10). കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്റെയും പാത്രത്തില്‍, ക്രിസ്ത്യാനിയുടെ ഹൃദയം അതിന്റെ യഥാര്‍ത്ഥ വിശ്രമം കണ്ടെത്തുന്നു, ജീവിത പോരാട്ടങ്ങളുടെയും സന്തോഷങ്ങളുടെയും നടുവില്‍ ദൈവിക സാന്നിധ്യം അവന്‍ കാണുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org