ഫാ. ജോര്‍ജ് മംഗലന്‍
പൗരോഹിത്യത്തിന്റെ കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ 21 ഇടവകകളില്‍ ജോലി ചെയ്തു. ഇടവകവികാരിയായി മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. അതു ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുവരെ സ്വന്തമായി വാഹനം വാങ്ങിയില്ല. സ്വന്തമായി വാഹനമില്ലാത്തത് ജനസമ്പര്‍ക്കത്തിനു സഹായിക്കും എന്നാണ് എന്റെ അനുഭവം. ഓടുകയും പറക്കുകയും ചെയ്യുന്ന വൈദികരേക്കാള്‍ നടക്കുന്ന വൈദികര്‍ക്ക് ജനങ്ങളുമായി ബന്ധമുണ്ടാകും എന്നു തമാശയായി ഞാന്‍ പറയാറുണ്ട്. ദിവസവും അഞ്ചാറു കിലോമീറ്റര്‍ ഇന്നും കാല്‍നടയായി സഞ്ചരിക്കുന്ന ശീലമുണ്ട്. ജനസമ്പര്‍ക്കം ഒരു ഇടവകവികാരിക്ക് ഒഴിച്ചുകുടാനാകാത്തതാണ്. ജനങ്ങളുമായി ഇടപെട്ടു ജീവിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതുപോലെ ഇടയന്മാര്‍ ആടുകളുടെ മണമുള്ളവരാകുക.
വാടകയ്ക്ക് താമസിക്കുന്ന കൂലിപ്പണിക്കാര്‍ പലപ്പോഴും വിഷമിപ്പിച്ചിട്ടുള്ള ഒരു കാഴ്ചയാണ്. വരുമാനത്തിന്റെ നല്ലൊരു ഭാഗം വാടകയായി പോകും. മാസാവസാനം വാടകയ്ക്കുവേണ്ടിയുള്ള അവരുടെ നെട്ടോട്ടം കാണുന്നതു വേദനാജനകമാണ്.
അവഗണിക്കപ്പെട്ടവരോട് പ്രത്യേക പരിഗണന കാണിക്കുവാന്‍ എല്ലാ ഇടവകകളിലും പരിശ്രമിച്ചിട്ടുണ്ട്. പൗരോഹിത്യ ജീവിതത്തിന്റെ തുടക്കത്തില്‍ തൃശ്ശൂര്‍ അതിരൂപതയിലെ മങ്ങാട് വികാരിയായിരിക്കുമ്പോള്‍ പരിചയപ്പെട്ട സഖറിയാസ് ഞാവള്ളില്‍ എന്ന അല്‍മായന്‍ പാവങ്ങളോട് പ്രത്യേക കരുണ കാണിക്കുന്ന കാര്യത്തില്‍ എനിക്ക് മാതൃക നല്‍കിയ വ്യക്തിത്വമാണ്. വാടകയ്ക്ക് താമസിക്കുന്ന കൂലിപ്പണിക്കാര്‍ പലപ്പോഴും വിഷമിപ്പിച്ചിട്ടുള്ള ഒരു കാഴ്ചയാണ്. വരുമാനത്തിന്റെ നല്ലൊരു ഭാഗം വാടകയായി പോകും. മാസാവസാനം വാടകയ്ക്കുവേണ്ടിയുള്ള അവരുടെ നെട്ടോട്ടം കാണുന്നതു വേദനാജനകമാണ്. അത്തരക്കാര്‍ക്ക് വാടകയില്ലാത്ത വാസസൗകര്യം ഒരുക്കാന്‍ പ്രത്യേക പരിശ്രമം നടത്തിയിട്ടുണ്ട്. 50 ലേറെ വീടുകള്‍ ഇത്തരം ആളുകള്‍ക്കായി പണിതു. സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോള്‍ വിറ്റുകളഞ്ഞാലോ എന്നു പേടിച്ച് ഇത് അവരുടെ പേരിലേക്ക് കൊടുത്തിട്ടില്ല. പക്ഷേ അവിടെ സൗജന്യമായി താമസിക്കാം. പൈതൃകസ്വത്തായി ലഭിച്ച ഭൂമിയും ഇതിനുവേണ്ടി ഉപയോഗിച്ചു. കഴിഞ്ഞ 46 വര്‍ഷവും വരുമാനത്തിന്റെ ദശാംശം ദരിദ്രര്‍ക്കായി നല്‍കിയിട്ടുണ്ട്.
സഭാ നിയമപ്രകാരമുള്ള കാനോന നമസ്‌കാരവും വ്യക്തിപരമായ പ്രാര്‍ത്ഥനകളും ജപമാലയും ഒരിക്കലും മുടക്കാറില്ല. മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ ദേവാലയത്തിനുള്ളില്‍ നിന്ന് ഉറക്കെ ജപമാല ചൊല്ലുന്നതാണ് എന്റെ ശീലം.
(ഇരിങ്ങാലക്കുട രൂപതയിലെ കുഴിക്കാട്ടുശ്ശേരി ഇടവക വികാരി)