കുരിശ്...

കുരിശ്...
''മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിത പ്രമുഖന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. അവന്‍ എല്ലാവരോടുമായി പറഞ്ഞു: ''ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെ തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെ പ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും'' (ലൂക്കാ 9:22, മത്താ. 16:21, മര്‍ക്കോ. 8:31)

''കുരിശ്'' എന്ന വസ്തു ''അധിക ഛിന്ന'' രൂപത്തിലുള്ള ഒരു ഉപകരണം. എന്നാല്‍ കുരിശ് എന്താണ്, അതിന്റെ യഥാര്‍ത്ഥ അര്‍ഥ വ്യാപ്തി, ഇവയെല്ലാം എത്രത്തോളമുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കുരിശ് എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ വിശുദ്ധ ബൈബിളിനെ ആശ്രയിച്ചെ മതിയാകൂ.

കുരിശ് നിത്യജീവന്റെ ആയുധമാണ്, കുരിശ് നിത്യായസ്സിലേക്കുള്ള ആശ്രയമാണ്, കുരിശ് നമുക്കഭിമുഖീകരിക്കാനുള്ള ശക്തിയാണ്, കുരിശ് നമുക്കുഭിമാനിക്കാനുള്ള നിത്യരക്ഷയുടെ അടയാളമാണ്, കുരിശ് നമ്മള്‍ ജീവിതത്തില്‍ നേരിടേണ്ട യാഥാര്‍ത്ഥ്യമാണ്, കുരിശ് സഹനത്തിന്റെ പാത കൂടിയാണ് (ഗലാ. 6:14). യേശു തിരഞ്ഞെടുത്ത വഴിയാണു കുരിശിന്റെ വഴി. എന്തെന്നാല്‍ വിജാതിയര്‍ക്കാകട്ടെ കുരിശ് ഭോഷത്തമാണെന്നും പറയുന്നു (1 കോറി. 1:23).

നമ്മള്‍ ഓരോരുത്തരുടെയും ആത്മാവിനെയാണ് യേശു അഭിലഷിക്കുന്നത്. അതിനാലാണു ദൈവം നമുക്കു കുരിശു നല്‍കുന്നത് (യാക്കോ. 4:5). പരിശുദ്ധാത്മാവുള്ള ഒരാള്‍ക്കു മാത്രമെ കുരിശു വഹിക്കാന്‍ സാധിക്കു. പത്രോസ് ശ്ലീഹയ്ക്ക് പരിശുദ്ധാത്മാവ് ഇല്ലാതിരുന്ന അവസ്ഥയില്‍ യേശുവിനെ കുരിശു വഹിക്കാന്‍ തടസ്സപ്പെടുത്തുന്ന രംഗത്ത് ''സാത്താനെ'' എന്നു വിളിക്കുന്ന ഭാഗം ശ്രദ്ധയോടെ മനസ്സിലാക്കണം. നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവാണ് സകലതും നിവൃത്തിയാക്കുന്നത്. പരിശുദ്ധാത്മാവാണ് കുരിശ് എടുക്കാന്‍ നമ്മെ സഹായിക്കുന്നത്. പരിശുദ്ധാത്മാ വില്ലാതെ ആര്‍ക്കും കുരിശെടുക്കുവാന്‍ സാധിക്കുകയുമില്ല. പരിക്ഷീ ണത്തിന് ആശ്വാസം നല്‍കുന്ന തും, കുരിശിനെ അഭിമുഖീകരിക്കാന്‍ ശക്തി തരുന്നതും സഹായിക്കുന്നതും പരിശുദ്ധാത്മാവാണ്. യേശു പോയ അതേ വഴിയിലൂടെയാണ് ശിഷ്യരും പോയികൊണ്ടിരുന്നത്. ''എന്റെ കുഞ്ഞു മക്ക ളെ നിങ്ങള്‍ പാപം ചെയ്യാതിരി ക്കേണ്ടതിനാണ് ഞാന്‍ ഇവ നി ങ്ങള്‍ക്കെഴുതുന്നത്... എന്നാല്‍ അ വന്റെ വചനം പാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വിശ്വസിക്കുന്നുവെന്ന് ഇതില്‍ നിന്ന് നാം അറിയുന്നു. അവനില്‍ വസിക്കുന്നുവെന്ന് പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു'' (1 യോഹ. 2:1-6).

നമ്മള്‍ ആദ്യം പരിശീലിക്കേണ്ടത് ഈശോ നടന്ന അതേ വഴിയിലൂടെ നടക്കാനാണ്, എങ്കില്‍ മാ ത്രമേ നമ്മള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയുള്ളൂ. അല്ലാത്തപക്ഷം നമ്മളും നമ്മള്‍ നയിക്കുന്നവരും യേശുവിന്റെ എതിര്‍ദിശയിലൂടെ സഞ്ചരിച്ച് നാശത്തിന്റെ കുഴിയില്‍ നിപതിക്കും. അപ്രകാരം വരപ്രസാദം സ്വീകരിച്ച് സ്വര്‍ഗത്തില്‍ എത്തിച്ചേരുവാനായി യേശുവിനോടടുത്തായിരുന്ന് കുരിശുകള്‍ ക്ഷമയോടെ സ്വീകരിക്കണം. പുണ്യവനായ കുരിശിന്റെ യോഹന്നാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് ഇപ്രകാരമാണ് ''കുടുതല്‍ സഹ നം തരുക, കൂടുതല്‍ ശക്തിയും തരുക.'' വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകള്‍ ഇപ്രകാരമാണ്: ''ഈശോ പറഞ്ഞു നീ സന്തോഷത്തോടെ കുരിശുകള്‍ എടുക്കുന്നത് കാണുമ്പോള്‍, നീ എന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി.'' ദൈവം ശക്തി ത ന്നാല്‍ മാത്രമേ അവിടുന്ന് തരുന്ന കുരിശുകള്‍ സന്തോഷത്തോടെ വഹിക്കുവാന്‍ സാധിക്കുകയുള്ളൂ. ഏശയ്യാ പ്രവാചകന്റെ പുസ്തകം 50-ാം അദ്ധ്യായത്തില്‍ കര്‍ത്താവിന്റെ ദാസന്‍ എന്ന് തുടങ്ങുന്ന ഭാഗത്ത് 4 മുതല്‍ ''പരിക്ഷീണനും ആശ്വാസം നല്‍കുന്ന വാക്ക്... എന്ന് തുടങ്ങുന്ന വചനം'' ഇപ്രകാരം ദൈവത്തിന്റെ ശിക്ഷണം ലഭിച്ചവര്‍ക്ക് കുരിശിനെ നേരിടാന്‍ നിഷ്പ്രയാസം സാധിക്കും എന്ന് പ്രവാചകന്‍ സമര്‍ത്ഥിക്കുന്നു. ഏറ്റവുമധികം പരിഹാസകനായ ഒരു മനുഷ്യന്റെ അവസ്ഥ, അടിച്ചവര്‍ക്ക് പുറവും താടി മീശ പറിച്ചവര്‍ക്ക് കവിളുകളും കാണിച്ച് കൊടുക്കുന്ന, തിന്മയില്‍ നിന്നും തുപ്പലില്‍ നിന്നും മുഖം മറയ്ക്കാതെ, തിരിക്കാതെ നില്‍ക്കുന്ന ഏവനും; കര്‍ത്താവുമൊന്നിച്ചായിരിക്കുന്നതുകൊണ്ട് പതറാതെ തളരാതെ നില്‍ക്കും. എന്ന് പ്രവാചകന്‍ വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവ് നമ്മോടൊത്തുള്ളതുകൊണ്ട് നീതി നടത്തി കിട്ടുമെന്നുറപ്പാണ്.

യേശുവിന്റെ കുരിശാണല്ലൊ എല്ലാറ്റിനും മാതൃക, അതുതന്നെ നോക്കാം. യേശു കുരിശുമെടുത്ത് സകലവിധ വേദനകളും ഏറ്റെടുത്തനുഭവിച്ചതുകൊണ്ടല്ലേ കുരിശില്‍ യേശു മഹത്ത്വീകരിക്കപ്പെട്ടത്. യേശു ചുമന്ന കുരിശ്, യേശു ഉള്ള കുരിശ് അതാണു നമ്മളും എടുക്കേണ്ടത്. സാഹചര്യങ്ങള്‍ എപ്രകാരവുമാകട്ടെ യേശുവില്ലാത്ത കുരിശിനെപ്പറ്റി ചിന്തിക്കരുത്; വഴിയില്‍ നമ്മള്‍ വീണു പോകും. എപ്പോള്‍ സഹനങ്ങള്‍ എടുത്താലും യേശുവിനെ കൂടെ കൂട്ടണം. എന്നാലെ, സഹനങ്ങള്‍ മഹത്ത്വപ്പെടുകയുള്ളൂ. എപ്രകാരമുള്ള സഹനങ്ങളായാലും എല്ലായ്‌പ്പോഴും കാല്‍വരി മലമുകളിലേക്ക് ആയിരിക്കണം നമ്മളുടെ ദൃഷ്ടി. ആ കാല്‍വരി പിന്നിട്ടാല്‍ നമ്മള്‍ സന്തോഷത്തിലും സൗഭാഗ്യത്തിലും എത്തിച്ചേരും. ജീവിതത്തില്‍ സഹനങ്ങള്‍, കുരിശുകള്‍ നേരിടേണ്ടിവരുമെന്നുറപ്പാണ്, സഹനങ്ങള്‍ ഓര്‍ത്തുള്ള ഉത്ക്കണ്ഠകളും ഒരിക്കലും അഭികാമ്യമല്ല. നമ്മളില്‍ പലരും യേശുവില്ലാത്ത കുരിശും, കുരിശില്ലാത്ത യേശുവും വഹിക്കുന്നവരാണ്, ഇവ രണ്ടും നമ്മുക്കാര്‍ക്കും ചേരുന്നതുമല്ല. യേശുവും കുരിശും, മനുഷ്യരും സഹനവും ഒരു നാണയത്തിന്റെ ഇരുവശവും പോലെയാണ്. രണ്ടും ഒരിക്കലും വേര്‍പെടുത്താന്‍ പറ്റാത്തവിധം ബന്ധപ്പെട്ടുമിരിക്കുന്നു. ഈ അവബോധം നമ്മളില്‍ എപ്പോഴും ഉണ്ടാകണം. എന്നാല്‍ മാത്രമെ സഹനത്തിന്റെ മൂല്യം മനസ്സിലാവുകയുള്ളു, അപ്പോള്‍ അവ ഏറ്റെടുക്കുവാന്‍ മടിച്ചെന്നും വരില്ല. ഇതെല്ലാം നമ്മുടെ കുട്ടികള്‍ക്കു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അല്ലാത്ത പക്ഷം ദുഃഖം, സഹനം, കഷ്ടപ്പാട് എല്ലാം നേരിടുമ്പോള്‍ അവര്‍ തളര്‍ന്നു പോകും, ഒരുപക്ഷെ ജീവിതം തന്നെ അവര്‍ ഉപേക്ഷിച്ചെന്നും വരാം. യേശുവിന്റെ പരസ്യ ജീവിതം, സഹനം, മരണം, ഉത്ഥാനം എല്ലാം അവര്‍ മാതൃകയാക്കണം.

മനുഷ്യജീവിതം ഒരു തീര്‍ത്ഥാടനമാണ്, നമ്മളോരോരുത്തരും അതിലെ തീര്‍ത്ഥാടകരും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നമ്മളൊരു ജെറുസലെം യാത്രയിലാണ്. അതിന്റെ അര്‍ഥം നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു രക്ഷണീയ കര്‍മ്മമാണ്, അതിന്റെ പരിസമാപ്തി ഉത്ഥാനവും, ഒരു സംശയവും വേണ്ട. ഇതൊരു ദൈവിക ചിന്ത കൂടിയാണ്. പ്രസ്തുത യാത്രയില്‍ പലവിധ സാഹചര്യങ്ങളും നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരും. ആത്യന്തികമായി പറഞ്ഞാല്‍ ക്രിസ്തു സഹിച്ചതുപോലെ നമ്മളും സഹനങ്ങള്‍ നേരിടേണ്ടി വരും തീര്‍ച്ച. ഇതൊക്കെ ഒരു ശിക്ഷയോ, ശിക്ഷണമോ ആയിട്ടു കാണരുത്, മറിച്ച് ഇതാണു വിജയ വഴി. പലരും പറയുന്നതു കേള്‍ക്കാറുണ്ട് ഈശോയോട് അടുക്കും തോറും കുരിശു ഭാരമേറിയതായി വരുമെന്ന്. വളരെ ദയനീയമായ ചിന്ത. നമ്മള്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ ഒരു ചിന്തയ്ക്കും പ്രസക്തിയില്ല. ''യേശു ശിഷ്യന്മാരോട് അരുള്‍ ചെയ്തു; ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെ തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമികട്ടെ'' (മത്താ. 16:24). യേശു സൂചന നല്‍കുന്ന കുരിശിന്റെ മറ്റൊരു തലം. ''അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പി ക്കാം... എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്'' (മത്താ. 11:28-30). അദ്ധ്വാനിക്കുന്ന നമുക്കു പറഞ്ഞു തരുന്ന ആശ്വസ വചനങ്ങള്‍.

ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ കടന്നുകൂടിയിട്ടുള്ള വളരെ പരിതാപകരമായിട്ടുള്ള ഒരു തിന്മ പരിശോധിക്കാം. മാരകമായ രോഗങ്ങള്‍, ഒടുങ്ങാത്ത വ്യാധികള്‍, ഒരിക്കലും ഭേദമാവുകയില്ല എന്നു കരുതുന്ന അസുഖങ്ങള്‍, മാതാപിതാക്കളുടെയും മക്കളുടെയും ദുര്‍ നടപ്പുകള്‍, വഴിവിട്ട ബന്ധങ്ങള്‍, നിരന്തരം ശല്ല്യം ചെയ്യുന്ന കടബാദ്ധ്യതകള്‍, പരാജയങ്ങള്‍ എല്ലാം പല കുടുംബംങ്ങളിലും കണ്ടുവരുന്ന ഭയപ്പെടുത്തുന്ന കുരിശുകളാണ്. ഈ വിധമുള്ള സഹനങ്ങളുടെ ചൂളയിലൂടെ കടന്നുപോകുന്ന നമ്മള്‍ സാത്താന്റെ ശക്തമായ പ്രലോഭനങ്ങളില്‍ പെട്ടുപോകും. ആത്മഹത്യകള്‍, കൂട്ട ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, അക്രമങ്ങള്‍, തീവെയ്പു കേസുകള്‍ ഇത്യാതിയുള്ള സംഭവ പരമ്പരയുടെ പിന്നില്‍, നേരിടാന്‍ സാധിക്കാത്ത, ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സഹനങ്ങളുടെ സ്വാധീനമാണെന്നു വ്യക്തമായി മനസ്സിലാകും. സാത്താന്റെയും അവന്റെ പിണിയാളുകളുടെയും ആസൂത്രിതമായ ആക്രമണമാണ് ഈ തിന്മകളുടെയെല്ലാം പിന്നില്‍ എന്നു വ്യക്തമാണ്. ഒരു പക്ഷെ സാത്താന്‍ തന്നെ വരുത്തി തീര്‍ക്കുന്ന മാനസികവും ശാരീരികവുമായ ഭയപ്പെടുത്തലുകളുമാകാം. നമ്മള്‍ വിവേകമുള്ളവരും ജാകരൂകരുമായിരിക്കണം. ''പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍; ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്'' (മത്താ. 26:41, ലൂക്കാ 22:46, സങ്കീ. 112:7). ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ ഈശോയുടെ വചനത്തിനു നാം കാതോര്‍ക്കണം, ആശ്രയിക്കണം അതാണു സുരക്ഷിതം.

കുരിശു സഹനങ്ങളാണെന്നും, കഷ്ടപ്പാടുകളാണെന്നും, ദുര്‍വിധിയാണെന്നും, ദുഃഖത്തിന്റെ പരിസമാപ്തിയാണെന്നും വ്യാഖ്യാനിക്കുന്നതിനാണ് ഏവര്‍ക്കും താല്പര്യം. എന്നാല്‍ നമ്മുടെ ഈ കുരിശും വഹിച്ചുകൊണ്ടുള്ള യാത്ര ഒരു ശുഭപര്യവസായിയാണെന്ന് എന്തുകൊണ്ട് ചിന്തിച്ചുകൂടാ. പുറപ്പാടു പുസ്തക ത്തില്‍, ഇസ്രായേല്‍കാര്‍ റാമ് സേസില്‍ നിന്നു സുക്കോത്തിലേക്കു കാല്‍നടയായി യാത്ര തിരിച്ചു... (പുറ. 12:37). ഇസ്രായേല്‍ ജനം 40 വര്‍ഷം മരുഭൂമിയിലൂടെ യാത്ര ചെയ്തതും, ഫറവോയുടെ കരാള ഹസ്തത്തില്‍നിന്നും, ചാട്ടവാറില്‍ നിന്നും, മരണത്തില്‍നിന്നും രക്ഷ നേടാന്‍ ചെങ്കടല്‍ കടന്നതും ഒന്നിരുത്തി ചിന്തിച്ചെ. ലക്ഷക്കണക്കിനു വരുന്ന ഇസ്രായേല്‍ ജനം, മരുഭൂമിയില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞതും, വെള്ളം ലഭിക്കാതെ നെട്ടോട്ടമോടിയതും അവര്‍ കുരിശിനു തുല്യം കണ്ടപ്പോള്‍, ഇസ്രായേല്‍ ജനത്തിനു ഏറ്റവുമധികം സംരക്ഷണം ലഭിച്ചതും, അതനുഭവിച്ചതും, ആസ്വദിച്ചതും ആ യാത്രയിലായിരുന്നില്ലെ. സീനായ് മരുഭൂമിയിലൂടെയുള്ള ദീര്‍ഘമായതും ദുര്‍ഘടം പിടിച്ചതുമായ യാത്ര. കണ്ണെത്താത്ത ദുരമുള്ള വിജനമായ മരുഭൂമി, വഴി നിശ്ചയമില്ലാത്ത മലമ്പാതകള്‍, തണലോ നിഴലോ അന്യമായ വിജനപ്രദേശം, ചുട്ടുപൊള്ളുന്ന മണല്‍ കാടുകള്‍, മുകളില്‍ നിന്നും താഴെ നിന്നും വശങ്ങളില്‍ നിന്നും അനുഭവപ്പെടുന്ന പൊള്ളുന്ന ചൂട്, കണ്ണിലും കാതിലും മൂക്കിലും അടിച്ചു കയറുന്ന മണല്‍ തരികള്‍, ഇരിട്ടു വീണാല്‍ കൊടും തണുപ്പും കൂരാകൂരിരിട്ടും ഇതില്‍ കൂടുതല്‍ എന്തുവേണം ഒരു ജനം നിരാശപ്പെടാന്‍. ഇതൊരു ദുര്‍വിധിയായി ഒരുപക്ഷെ ഇസ്രായേല്‍ ജനം കണ്ടു കാണും. എന്നാല്‍ ആ യാത്രയുടെ പരിസമാപ്തി വാഗ്ദത്ത ഭൂമിയായിരുന്നില്ലെ. അവര്‍ ലക്ഷ്യമിട്ടിരുന്ന തേനും പാലും ഒഴുകുന്ന കാനാല്‍ ദേശത്തേക്കുള്ള പ്രയാണം ആയിരുന്നു അവര്‍ ഏറ്റെടുത്ത കുരിശ്. ഒന്നു ചോദിച്ചോട്ടെ അതൊരു കുരിശിന്റെ അനുഭവമായിരുന്നൊ, അതോ പ്രത്യാശയുടെ ചൂണ്ടു പലകയായിരുന്നോ? മറുപടി വായനക്കാര്‍ക്കു വിട്ടുതരുന്നു. യേശുവിന്റെ സ്വന്തം ജനം, നമ്മള്‍ ലക്ഷ്യമിടുന്ന തേനും പാലുമൊഴുകുന്ന കാനാല്‍ ദേശം, അഥവാ സ്വര്‍ഗരാജ്യം, ലക്ഷ്യമാക്കി പ്രയാണം ചെയ്യുമ്പോള്‍, അഭിമുഖീകരിക്കുന്ന, നേരിടുന്ന വിഷമസന്ധികളെ, തടസ്സങ്ങളെ കുരിശിന്റെ മാതൃകയില്‍ വീക്ഷിക്കാതെ ഒരു സ്വര്‍ഗീയ അനുഭവമാക്കി മാറ്റിയെടുക്കുമ്പോള്‍ യേശുവിന്റെ കുരിശിന്റെ സംരക്ഷണം നമുക്കു ലഭിക്കും ഒരു സംശയവും വേണ്ട.

തള്ള കഴുകന്‍ കുഞ്ഞിനെ പറക്കാന്‍ പഠിപ്പിക്കുന്ന ഒരു കഥ കേട്ടിട്ടുണ്ട്. കുട്ടിലിരുന്ന തന്റെ തള്ള കഴുകന്‍ കൊടിത്തിരുന്ന ഭക്ഷണം കഴിച്ച് തൂവല്‍ മുളച്ച കുഞ്ഞ് പറക്കാന്‍ അറിയാതെ ഭയന്നിരിക്കുമ്പോള്‍, ആ ഭയപ്പാടു മാറ്റി പറപ്പിക്കുന്ന രംഗം വളരെയേറെ ആശയ സംപുഷ്ടമാണ്. ആ തള്ള കൂടിന്റെ ഓരോ കമ്പുകളും സാവകാശം ഒന്നൊന്നായി വലിച്ചു നീക്കും. കുഞ്ഞു ചിന്തിക്കും ഈ തള്ള എന്താണു തന്നോടു കാട്ടുന്നതെന്ന്, ശരിയാണ് ആ തള്ളയുടെ പ്രവൃത്തി മനസ്സിലാക്കാന്‍ കുഞ്ഞിനു കഴിഞ്ഞെന്നു വരില്ല. കുഞ്ഞിന്റെ ഒടുക്കത്തെ ആശ്രയമായിരുന്ന കമ്പുകൂടി തള്ള കഴുകന്‍ വലിച്ചു പറിച്ചു മാറ്റുമ്പോള്‍ നിസ്സഹായനായ കുഞ്ഞ് താഴേക്കു പതിക്കും, കുഞ്ഞു ചിന്തിക്കും; ഇതെന്തൊരനീതി, ഇത്ര കണ്ണിച്ചോരയില്ലാത്ത തള്ള; അടുത്ത നിമിഷം, ഒരാശ്രയവുമില്ലാതെ താഴേക്കു വീഴുന്ന, എല്ലാം അവസാനിച്ചെന്നു കരുതുന്ന കുഞ്ഞിനെ താഴേക്കു ഊളിയിട്ടു ചെന്നു തള്ള തന്റെ വിരിച്ച ചിറകില്‍ താങ്ങിയെടുക്കും. വീണ്ടും താഴേക്കു തള്ളിയിടും, വീണ്ടും താങ്ങിയെടുക്കും. അങ്ങനെ ആ കുഞ്ഞ് തന്റെ കുഞ്ഞിച്ചിറകുകള്‍ വിരിച്ച് പറക്കാറാകും. അപ്പഴെ ആ കുഞ്ഞിനു മനസ്സിലാകു തന്റെ തള്ള കാട്ടികൂട്ടിയത് തന്നോടുള്ള ശത്രുത കൊണ്ടെല്ലന്നും, തന്റെ ഭാവി സുരക്ഷിതമാക്കുവാനുള്ള അഭ്യാസമായിരുന്നു എന്നും. ഇപ്രകാരമായിരുന്നില്ലെ ദൈവം ഇസ്രായേല്‍ ജനത്തോടു കാനാന്‍ ദേശത്തേക്കു പോയ യാത്രയിലും പെരുമാറിയത്. ഈ വക കുരിശുകള്‍ ഓരോ മനുഷ്യരുടെയും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ദൈവം ഇടപെടുന്നതിന്റെ രീതിയാണെന്നു മാത്രം മനസ്സിലാക്കിയിരിക്കുക.

കുരിശ് മനുഷ്യര്‍ നേരിടുന്ന കഷ്ടപ്പാടുകളുടെയും സഹനങ്ങളുടെയും മാത്രമല്ല പ്രലോഭനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഇടം കൂടിയാണ്. ഇസ്രായേല്‍ ജനം മരുഭൂമിയില്‍ നേരിട്ട ദുരനുഭവങ്ങളുടെയും വീഴ്ചകളുടെയും കൂടെ ശക്തമായ സാത്താന്റെ പ്രലോഭനങ്ങളും നേരിട്ടത് ശ്രദ്ധേയമാണ്. കുരിശെടുക്കുന്ന ജനം നേടിയെടുത്ത വിശ്വാസവും വിശ്വസ്തതയും ശക്തമായി ചോദ്യം ചെയ്യപ്പെടുമെന്നതിനു തര്‍ക്കമില്ല. അവയെല്ലാം നേരിട്ട് അതിനെ അതിജീവിച്ചു മുന്നേറുമ്പോഴാണ് കുരിശില്‍ വിജയവും രക്ഷയും കണ്ടെത്തുന്നത്. സീനായ് മരുഭൂമിയിലും സംഭവിച്ചത് അതു തന്നെയല്ലെ. വിശപ്പും ദാഹവും ചൂടും തണുപ്പും അനുഭവിച്ചു വലഞ്ഞ ഇസ്രായേല്‍ ജനം ദൈവത്തിനെതിരായി തിരിയുകയും പിറുപിറുക്കുകയും ചെയ്തില്ലെ. സത്യ ദൈവത്തെ മറന്ന് അന്യദേവന്മാരെ പോലും സ്വര്‍ണ്ണം കൊണ്ടുണ്ടാക്കി ആരാധിക്കുവാന്‍ മുതിര്‍ന്നില്ലെ. ഇതെല്ലാമാണ് അവര്‍ നേരിട്ട പരീക്ഷകളും പ്രലോഭനങ്ങളും. കുരിശു വഹിച്ചു കഷ്ടപ്പെടുമ്പോള്‍ ദൈവത്തിനു വിരുദ്ധമായി സംസാരിക്കുക, കാര്യങ്ങള്‍ സൊരുക്കുട്ടുക, പ്രവര്‍ത്തിക്കുക ദൈവത്തേയും അവിടുത്തെ പദ്ധതികളെയും ചോദ്യം ചെയ്യുക എല്ലാമാണു നമ്മുടെയും പരിപാടി. ഈജിപ്തില്‍ ഫറവോയുടെ ക്രൂരത നേരിട്ട് അലറിവിളിച്ച ജനത്തെ മോചിപ്പിച്ച് തേനും പാലുമൊഴുകുന്ന കാനാന്‍ ദേശത്തേക്കു കൊണ്ടുപോയപ്പോള്‍, ആ രക്ഷപെടലിനെ ചോദ്യം ചെയ്തവരെയും ദൈവത്തിനെതിരെ മുറുമറുത്തവരെപോലെയും പലപ്പോഴും നമ്മളും പെരുമാറാറില്ലേ? അവിടെ ദൈവത്തിന്റെ കോപത്തില്‍പെട്ട് കടുത്ത ശിക്ഷയും ഏറ്റുവാങ്ങിയിട്ടുണ്ട്, അതതിന്റെ മറുവശം. ഇതൊക്കെ ആരു മനസ്സിലാക്കാന്‍ ചിന്തിക്കാന്‍? നമ്മളെങ്കിലും ഇതിനൊരപവാദമായിരിക്കണം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ദൈവഹിതത്തിനു കാതോര്‍ക്കണം. ജീവിതത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ക്ലേശങ്ങളും, നഷ്ടങ്ങളും, സഹനങ്ങളും ഒരു പരീക്ഷണത്തിന്റെ വേദി കൂടിയാണെന്നും നമ്മള്‍ അറിഞ്ഞിരിക്കണം. അതുപോലുള്ള സന്ദര്‍ഭങ്ങളില്‍ സാത്താന്‍ നമ്മുടെ മനസ്സിനെയും ബുദ്ധിയേയും മൂഢ സ്വര്‍ഗത്തിലാക്കും, നമ്മെക്കൊണ്ട് വേണ്ടാത്തതു ചിന്തിപ്പിക്കും, സഭ്യമല്ലാത്തതു പ്രവര്‍ത്തിപ്പിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്; ഈ വക കുരിശുകള്‍ പ്രലോഭനങ്ങളാകാന്‍ അനുവദിച്ചുകൊടുക്കരുതെന്നു മാത്രം. അവ തിരിച്ചറിഞ്ഞ് തിരസ്‌കരിച്ച് ദൈവത്തോടു വിശ്വസ്തത പുലര്‍ത്തി മുന്നേറുവാനുള്ള മനക്കരുത്തു നേടിയെടുക്കുക, അതാണു വിജയവഴി.

പീഡാനുഭവവും ഉത്ഥാനവും ഒന്നാം പ്രവചനം എന്ന ഭാഗത്ത് യേശുവിനെ രക്ഷാകര ദൗത്യ ത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച ശിഷ്യന്മാരുടെ മുമ്പില്‍ വച്ച് താന്‍ കുരിശുകള്‍ സഹിക്കേണ്ടി വരുമെന്നും വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും പ്രവചിച്ചപ്പോള്‍ തടസ്സം പറയാന്‍ തുടങ്ങിയ പ്രിയ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞതിപ്രകാരമല്ലെ, ശാസിച്ചതിപ്രകാരമല്ലെ; ''സാത്താനെ, എന്റെ മുമ്പില്‍ നിന്നു പോവുക. നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്'' (മത്താ. 16:21-23, മര്‍ക്കോ. 8:31-33, ലൂക്കാ 9:22-27). മരുഭൂമിയിലെ പരീക്ഷ എന്ന സുവിശേഷ ഭാഗം (മത്താ. 4:2, ലൂക്കാ 4:1, മര്‍ക്കോ. 1:12), നാല്പതു രാവും നാല്പതു പകലും ഉപവസിച്ചു പ്രാര്‍ത്ഥിച്ചു ക്ഷീണിച്ച് അവശനായിരുന്ന യേശുവിനെ പോലും പിശാച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചില്ലെ. സഹനങ്ങള്‍ അതികഠിനമായി നേരിടുമ്പോള്‍ നമുക്കു നേരേയും പിശാച് സാധാരണ ഇറക്കുന്ന ചെപ്പടി വിദ്യ. നമ്മുടെ ഒക്കെ ജീവിത സാഹചര്യങ്ങളില്‍ നേരിടുന്ന കഷ്ടപ്പാടുകളില്‍, സഹനങ്ങളില്‍ പല സൂത്രപണികളും കാണിച്ച് പ്രാര്‍ത്ഥനയുടെയും മറ്റു പുണ്യ കര്‍മ്മങ്ങളുടെയും ചൈതന്യം നശിപ്പിക്കാന്‍ പ്രയോഗിക്കുന്ന അടവു നമ്മളെ നിരാശയിലേക്കും നാശത്തിലേക്കു പോലും തള്ളിയിടാറില്ലെ. അപ്പോഴുള്ള പഞ്ചസാരയില്‍ പൊതിഞ്ഞ വാക്കില്‍, തേനില്‍ ചാലിച്ച പ്രലോഭനങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതി തിരിച്ചറിഞ്ഞെ മതിയാകൂ. ഇങ്ങനെയാണു നമ്മുടെ കുരിശുകളെ പിശാച് നാശത്തിന്റെ വഴിയാക്കി മാറ്റുന്നത് അവിടെ നമ്മള്‍ തോറ്റു തുന്നം പാടും കരുതിയിരുന്നില്ലെങ്കില്‍; ഒരു പക്ഷെ നമ്മള്‍ നൈരാശ്യത്തിലേക്കും, മാരകമായ തിന്മകളിലേക്കും മരണത്തിലേക്കും പോലും നിപതിക്കും ഉണര്‍ന്നിരിക്കുന്നില്ലെങ്കില്‍!

ധനികരായ മനുഷ്യര്‍ക്കു പറ്റുന്ന അമളി. ''യേശു പറഞ്ഞു ഇനിയും നിനക്കൊരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക'' (ലൂക്കാ 18:18). നിങ്ങള്‍ക്ക് ആവശ്യത്തിലധികം സമ്പത്തുണ്ട്, ഇപ്പോള്‍ വരെ കുരിശിനെപ്പറ്റി ചിന്തിച്ചിട്ടേ ഇല്ല, ഇനി കുരിശെടുത്തേ മതിയാകൂ; ''അപ്പോള്‍ നിനക്കു സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാകും'' (ലൂക്കാ 18:22). യേശു വച്ചു നീട്ടുന്ന സ്വര്‍ഗീയ വാഗ്ദാനം തട്ടികളയുന്ന ഭോഷന്മാരുടെ പട്ടികയില്‍ പെടുമൊ നമ്മള്‍? കുരിശില്ലാതെ ഒരുയര്‍പ്പില്ലെന്നും, കുരിശുകള്‍ വഹിക്കാതെ രക്ഷയുമില്ലെന്നും ഓര്‍മ്മയില്‍ ഇരിക്കട്ടെ. ''എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും'' (മത്താ. 10:37-39). യേശുവിനെ പ്രതി സ്വന്തം കുരിശുമെടുത്ത് ജീവന്‍ നഷ്ടപ്പെടുത്തിയ ഒട്ടനവധി പുണ്യാത്മാക്കള്‍ നമുക്കു മദ്ധ്യേയുണ്ട്. ഇപ്പോള്‍ കാല്‍വരിയിലേക്കു യേശു കുരിശും വഹിച്ചുകൊണ്ടുപോയാല്‍ നമ്മളില്‍ എത്ര പേരുണ്ടാകും പിറകെ അനുഗമിക്കാന്‍? ഒന്നാലോചിച്ചു നോക്കൂ?

ക്രിസ്തുസന്ദേശം ഭാരതത്തിനു കൈമാറിയ ധീരരക്തസാക്ഷി വിശുദ്ധ മാര്‍ തോമാ ശ്ലീഹ. താന്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കുവാന്‍ യേശുവിന്റെ കുരിശും പേറി, പീഡകളും സഹനങ്ങളും കൈയ്യാളി അങ്ങ് 'ചിന്ന മലയില്‍ രക്തം ചിന്തി ജീവിതം ബലിയാക്കി മാറ്റിയ പ്രിയ ശിഷ്യന്‍. ഒരു പക്ഷെ ആ അപ്പസ്‌തോലന്റെ രക്തം ഭാരത മണ്ണില്‍ വീണില്ലായിരുന്നെങ്കില്‍ നമുക്ക് യേശുവിന്റെ സുവിശേഷം അന്യമാകുമായിരുന്നില്ലെ?

ജീവിതം യേശുവിന്റെ മുന്‍പില്‍ ഒരു കര്‍പ്പൂര ദീപമായി കത്തിച്ചു തീര്‍ത്ത വിശുദ്ധ അല്‍ഫോസ. തന്റെ ജീവിത വസന്തത്തില്‍, മരണം വരെ അസഹനീയമായ രോഗപീഡകള്‍ മൂലം കഠിനമായ സഹനം വാരി പുണര്‍ന്ന പ്രിയ പുണ്യവതി. താന്‍ അഭിമുഖീകരിച്ച കുരിശുകളും നേരിട്ട കഷ്ടപ്പാടുകളും സന്തോഷപൂര്‍വം ഏറ്റെടുത്ത നമ്മുടെ സ്വന്തം സഹനപുത്രി വിശുദ്ധ അല്‍ഫോന്‍സ.

ക്രിസ്തുമതം സ്വീകരിച്ച് യേശുവിന്റെ സുവിശേഷത്തിനു സാക്ഷിയായതുവഴി അകാലത്തില്‍ അതി കഠിനമായ ശാരീരിക പീഡകള്‍ സ്വയം ഏറ്റെടുത്ത് വീരമൃത്യു വരിച്ച ധീരപുത്രന്‍. താന്‍ നേരിടാന്‍ പോകുന്നത് അചിന്തനീയമായ ശിക്ഷകളാണെന്നറിഞ്ഞിട്ടും, ആ കുരിശുകളെയും, മുള്‍മുടിയേയും സന്തോഷപൂര്‍വം ആശ്ലേഷിച്ച ഭാരതത്തിന്റെ വീരപുത്രന്‍ വിശുദ്ധ ദൈവസഹായം പിള്ള.

യേശുവിനെ തന്റെ പ്രവര്‍ത്തി മണ്ഡലങ്ങളിലൂടെ പ്രഘോഷിക്കാന്‍ ഒരു മടിയും കൂടാതെ സധൈര്യം മുന്‍പോട്ടുവന്ന വിശുദ്ധ രക്തസാക്ഷി. തന്റെ ജീവിതം ഒരു രക്തബലിയായി യേശുവിനുമുമ്പില്‍ അര്‍പ്പിച്ച് സ്വര്‍ഗീയ മകുടം ചൂടിയ യേശുവിന്റെ പ്രിയ മണവാട്ടി വിശുദ്ധ സിസ്റ്റര്‍ റാണി മരിയ. കഷ്ടപാടുകളും, രോഗങ്ങളും, സഹനങ്ങളും, പീഡനങ്ങളും നേരിടുമ്പോള്‍ അവയെല്ലാം യേശുവിന്റെ കുരിശിനോടു ചേര്‍ത്തുവച്ച് ജീവിതം സമര്‍പ്പിച്ച ഇവരൊക്കെ നമുക്കു മാതൃകയും പ്രചോദനവുമാകട്ടെ!

സകല വിശുദ്ധരുടേതിനേക്കാളും സമുന്നതവും പരമ പരിശുദ്ധിയുമുള്ള സിംഹാസനത്തില്‍ മറിയത്തോടൊത്തു വസിക്കുന്ന വി.ജോസഫിന്റെ ജീവിതം ഒരു കുരി ശിന്റെ കൂടാരമല്ലെ? വിശുദ്ധ ജോസഫ് തന്റെ മാതാവിന്റെ തിരു ഉദരത്തില്‍ ഗര്‍ഭസ്ഥ ശിശുവായപ്പോള്‍ മുതല്‍, അറുപതാമത്തെ വയസ്സില്‍ മരണം വരിക്കുന്നതുവരെ ഏറ്റെടുത്ത കുരിശുകളുടെ, സഹനങ്ങളുടെ, കഷ്ടപ്പാടുകളുടെ ചരിത്രം എത്രയോ മഹത്തരമാണ്. പീലാത്തോസിന്റെ അരമന മുതല്‍ ഗാഗൂല്‍ത്താവരെ യേശുവിനൊപ്പം കുരിശു ചുമന്നില്ലെന്നു മാത്രം. പുണ്യവാന്‍ തന്റെ ജീവിതാന്തം വരെ കുരിശുകള്‍ സ്വീകരിച്ച് രക്തം ചിന്താതെ രക്ഷസാക്ഷിയായ ''നിരന്തര രക്തസാക്ഷി.'' ''ജ്ഞാനത്തിനെതിരെ തിന്മ ബലപ്പെടുകയില്ല'' (ജ്ഞാനം 7:22-30). ദൈവത്തിന്റെ ജ്ഞാനത്തിലേക്കു കൂടുതലായി കടന്നുവരാന്‍ വിശുദ്ധ ജോസഫിനും സാധിച്ചതുകൊണ്ടാണ് ഈ സഹനങ്ങളെല്ലാം ഏറ്റെടുക്കുവാനായത്. എല്ലാത്തരത്തിലുമുള്ള കുരിശുകളും എടുക്കാന്‍ ഏറ്റവും കഴിവുള്ളവനായിരുന്നു വിശുദ്ധ ജേസഫ്. നമ്മുടെ ജീവിതത്തില്‍ കുരിശുകള്‍ എടുക്കുവാന്‍ ബുദ്ധിമുട്ടു നേരിടുമ്പോള്‍ നമ്മളറിഞ്ഞിരിക്കേണ്ട കാര്യം ജ്ഞാനിയായ വിശുദ്ധ ജോസഫിന്റെ ക്ഷമയും സഹനശക്തിയുമാണ്. നമ്മുടെയും ജീവിതത്തില്‍ നേരിടുന്ന സകല കുരിശുകളും വഹിക്കാന്‍ വിശുദ്ധ ജോസഫ് നമ്മെ സഹായിക്കും തീര്‍ച്ച.

''നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെ യ്യും'' (ലൂക്കാ 2:35). നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനുമായ ശിമയോന്റെ പ്രവചനം. പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തിലൂടെ ഏഴ് വ്യാകുല വാളുകള്‍ തുളച്ചുകയറിയെന്നു തിരുവെഴുത്ത്, എന്നാല്‍ ഏഴല്ല എഴുന്നൂറു വാളുകളാണ് തുളച്ചു കയറിയതെന്നു വിശുദ്ധ ബൈബിള്‍ സാക്ഷിക്കുന്നു. തന്റെ പ്രിയ ഭര്‍ത്താവ് ജോസഫിനൊപ്പവും പുത്രന്‍ ഈശോയോടൊപ്പവും സഹനങ്ങളും അധിക്ഷേപങ്ങളും, കഷ്ടപ്പാടുകളും ഏറ്റെടുത്ത ദിവ്യജ്ഞാനത്തിന്റെ സിംഹാസനവും, ആത്മജ്ഞാനത്തിന്റെ പൂരിതവുമായ മറിയം. ഗബ്രിയേല്‍ ദൈവദൂതന്‍ അറിയിച്ച മംഗള വാര്‍ത്ത (ലൂക്കാ 1:26) മുതല്‍ യേശുവിന്റെ മരണം വരെ (മത്താ. 29:50, മര്‍ക്കോ. 15:37, ലൂക്കാ 23:46, യോഹ. 19:34) കണക്കില്ലാത്ത വിധം കുരിശുകള്‍ ഏറ്റെടുത്ത വാഗ്ദാനത്തിന്റെ പേടകമായ ദൈവവരപ്രസാദത്തിന്റെ അമ്മ. തന്റെ മുഖത്ത് ഭയപ്പാടിന്റെ യാതൊരു ലാജ്ഞനയും പ്രകടിപ്പിക്കാതെ അക്ഷോഭ്യയായി നിന്ന ദിവ്യരഹസ്യം നിറഞ്ഞു തുളമ്പുന്ന റോസാപുഷ്പം പരിശുദ്ധ മറിയം. കുരിശുകള്‍ എത്രത്താളമായാലും എപ്രകാരമായിരുന്നാലും എങ്ങനെ അതിനെ അഭിമുഖീകരിക്കണം, സഹിക്കണം എന്നു നമ്മെ പഠിപ്പിക്കുന്ന മഹാവല്ലഭയായ മറിയം രക്ഷകന്റെ അമ്മ.

''അവര്‍ അവനെ കൊണ്ടുപോയപ്പോള്‍ നാട്ടിന്‍ പുറത്തു നിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശു ചുമലില്‍ വച്ച് യേശുവിന്റെ പിറകെ ചുമന്നു കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു'' (മത്താ. 27:32, മര്‍ക്കോ. 15:21, ലൂക്കാ 23:26). അതികഠിനമായ പീഢകള്‍ സഹിച്ച യേശുവിന്റെ കുരിശു ചുമക്കാന്‍ സഹായിക്കാനായി എത്തിയ ശിമയോന്‍ എത്രയോ ഭാഗ്യവാന്‍. വിശുദ്ധ മദര്‍ തെരേസ പറയുന്നതുപോലെ, ഈ വഴിയോരത്തു കിടക്കുന്ന യേശുവിനെ വാരി എടുക്കാനും, പുണരാനും, ചുംബിക്കാനും, ശുശ്രൂഷിക്കാനും ഞാന്‍ എന്തിനു മടിക്കണം. കഷ്ടപ്പെടുന്നവരെ തക്ക സമയത്തു സഹായിക്കുന്ന ശിമയോന്മാരും, മദര്‍ തെരേസമാരും ആകണം നമ്മള്‍. അങ്ങനെയെങ്കില്‍ കുരിശ് ഏറ്റെടുക്കുന്നത് ഒരു ആയാസരഹിതമായ കാര്യമായി മാറും. നമ്മളെ സഹായിക്കാന്‍ ഈശോ ഉചിതമായ സമയത്ത് ആളെ അയയ്ക്കും. വളരെ കൃത്യമായി പറഞ്ഞാല്‍ വിശുദ്ധ ജോസഫും പരിശുദ്ധ അമ്മയും പോലെ ധാരാളം പുണ്യാത്മാക്കളുണ്ടാകും കുരിശെടുക്കാന്‍ നമ്മുടെ ഒപ്പം. അവരുടെയൊക്കെ മാധ്യസ്ഥം നമുക്കു കാര്യങ്ങള്‍ എളുപ്പമാക്കും. ക്രിസ്തു ശിഷ്യനുണ്ടായിരിക്കേണ്ട ഏറ്റവും വലിയ പുണ്യങ്ങളിലൊന്നു കുരിശെടുക്കുന്നവരോടൊപ്പം അവരെ സഹായിക്കാന്‍ മുന്നിട്ടറങ്ങുക എന്നതാണ്. വിശുദ്ധിയുടെ തിരുകുരിശില്‍ സ്‌നേഹത്തിന്റെ തിരുമുറിവുകളുമായി ഈശോ മനുഷ്യരാശിയെ ഏറ്റുവാങ്ങുമ്പോള്‍, പരി. മറിയത്തോടും യോഹന്നാനോടുമൊപ്പം അങ്ങ് ഗാഗുല്‍ത്താമലയിലേതുപോലെ കുരിശോടു ചേര്‍ന്ന്, കുരിശു വരച്ചും, കുരിശു വഹിച്ചും, കുരിശു സഹിച്ചും തിരു രക്തത്താല്‍ കഴുകപ്പെട്ട് രക്ഷയുടെ തുറന്ന വാതിലിലൂടെ നമുക്കു സ്വര്‍ഗീയ പ്രകാശത്തിലേക്കു യാത്ര ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org