കോറല്‍ സിംഗിങ് മാത്രമല്ല ആരാധനക്രമ സംഗീതം

കോറല്‍ സിംഗിങ് മാത്രമല്ല ആരാധനക്രമ സംഗീതം
Summary

ദേവാലയഗായകസംഘത്തില്‍ അംഗമായിരിക്കെയാണ് ഫാ. ജാക്‌സണ്‍ കിഴവന സെമിനാരിയില്‍ ചേരുന്നത്. വൈദികപഠനത്തിനിടെയും പൗരോഹിത്യസ്വീകരണത്തിനുശേഷവും സംഗീതപഠനത്തിനു സവിശേഷ ശ്രദ്ധ നല്‍കി. നൂറിലധികം ഗായകരെ ചേര്‍ത്തുള്ള നിരവധി ദേവാലയ സംഗീത ശുശ്രൂഷകള്‍ കണ്ടക്ട് ചെയ്തു. ഇപ്പോള്‍ ഓസ്ട്രിയയിലെ വിയന്ന കണ്‍സര്‍വേറ്ററിയില്‍ ചര്‍ച്ച് മ്യൂസിക്കില്‍ മാസ്റ്റര്‍ പഠനത്തിനുശേഷം വിയന്ന യൂണിവേഴ്‌സിറ്റിയില്‍ ഓര്‍ക്കസ്ട്ര കമ്പോസിംഗില്‍ മാസ്റ്റര്‍ ചെയ്യുന്നു. ഈ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ ആരാധനക്രമ സംഗീതത്തെ വിലയിരുത്തുകയാണ് ഈ അഭിമുഖത്തില്‍ ഫാ. ജാക്‌സണ്‍ കിഴവന.

  • ആരാധനാക്രമസംഗീതത്തെ പരിപോഷിപ്പിക്കണമെന്ന് സഭ പറയുമ്പോള്‍ സംഘമായുള്ള ആലാപനം (കോറല്‍ സിംഗിങ്) വളര്‍ത്തണം എന്നാണോ ലക്ഷ്യം വയ്ക്കുന്നത്?

ആരാധനക്രമ സംഗീതത്തിന്റെ ഏറ്റവും മഹത്തായ ചൈതന്യവും പാരമ്യവും കോറല്‍ സിംഗിങ് തന്നെയാണ്. അതില്‍ സംശയമില്ല. കാരണം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളിലും, ആരാധനക്രമ സംഗീതത്തെക്കുറിച്ചുള്ള മറ്റേതൊരു രേഖയിലും ദൈവജനത്തിന് ഒരുമിച്ച് പാടാവുന്ന വിധത്തില്‍ ആയിരിക്കണം ലിറ്റര്‍ജിക്കല്‍ മ്യൂസിക് സജ്ജീകരിക്കേണ്ടതെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.

പക്ഷേ കോറല്‍ സിംഗിങ് മാത്രമല്ല ആരാധനക്രമ സംഗീത ശൈലി. സോളോ സോംഗ് പാടുന്നതിനും, സോളോ ഇന്‍സ്ട്രുമെന്റ്‌സ് വായിക്കുന്നതിനും ലിറ്റര്‍ജിയില്‍ വളരെ പ്രാധാന്യമുണ്ടെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇത് എങ്ങനെ എന്നുള്ളതാണ് പ്രധാനം. ഉപയോഗരീതിയാണ് അതിന് അര്‍ത്ഥം പകരുന്നത്. ഉദാഹരണം പറയാം, കുര്‍ബാനയിലെ ഗാനങ്ങള്‍ സംഘഗാനമായി തന്നെ പാടുന്നുവെങ്കിലും കുര്‍ബാന സ്വീകരിച്ച് ധ്യാനിച്ചിരിക്കുന്ന ദൈവജനത്തിനു മുമ്പിലേക്ക് ഒരു ഗായകന്‍ അല്ലെങ്കില്‍ ഗായിക ഒറ്റയ്ക്ക് ഒരു കുര്‍ബാനസ്വീകരണഗാനം വളരെ മനോഹരമായി, ധ്യാനാത്മകമായി പാടുമ്പോള്‍ അതു ശ്രവിക്കുന്ന ദൈവജനം ദൈവത്തിങ്കലേക്ക് അടുക്കുകയാണ്. സംഘഗാനം അല്ലെങ്കിലും ആ ഗാനം അതിന്റെ ദൗത്യം കൃത്യമായി നിര്‍വഹിക്കുന്നു.

ആരാധനക്രമ സംഗീതത്തില്‍ വത്തിക്കാന്‍ രൂപപ്പെടുത്തിയിരിക്കുന്ന രേഖകള്‍ കൂടുതലും ലാറ്റിന്‍ റീത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. അവിടെ പ്രതിവചന സങ്കീര്‍ത്തനം, അല്ലെങ്കില്‍ ഹല്ലേലൂയ സോളോ ആയിട്ടാണ് പാടുന്നത്. അതിനുശേഷം ദൈവജനം ഏറ്റുപാടുന്നു. ഇതു ലാറ്റിന്‍ റീത്തിന്റെ ശൈലിയാണ്. അത് മറ്റു റീത്തുകളിലേക്കു മാറ്റുമ്പോള്‍, ഒരു കുര്‍ബാനയ്ക്കിടയിലെ രണ്ടോ മൂന്നോ ഗാനങ്ങള്‍ സോളോ പാടുന്നതില്‍ ഒരിക്കലും തെറ്റുണ്ട് എന്ന് പറയാനാവില്ല. പലപ്പോഴും യൂറോപ്യന്‍ ആരാധനക്രമ സംഗീതത്തില്‍, കുര്‍ബാന മധ്യേ വലിയൊരു ഗായകസംഘവും ധാരാളം വാദ്യോപകരണങ്ങളും ഉണ്ടാകും. കുര്‍ബാനയിലെ ഏതെങ്കിലും ഒരു ഗാനം അവര്‍ വാദ്യസംഗീതമായി വായിക്കും. ദൈവജനത്തിന് സുപരിചിതമായ ഗാനമായിരിക്കും അത്. ആ ഒരു ഗാനം വാദ്യസംഗീതമായി അവതരിപ്പിക്കുമ്പോള്‍ ദൈവജനം വളരെ ധ്യാനാത്മകമായി ഇരിക്കുന്നത് കാണാന്‍ സാധിക്കും. അതുകൊണ്ട് ലിറ്റര്‍ജിക്കല്‍ മ്യൂസിക് പരിപോഷിപ്പിക്കണം എന്നു പറയുമ്പോള്‍ കോറല്‍ സിംഗിങ് മാത്രമല്ല നമ്മുടെ മുമ്പിലുള്ള സാധ്യത. അവിടെ ഒറ്റയ്ക്കു പാടാം, വാദ്യസംഗീതമായി അവതരിപ്പിക്കാം. ഇത്തരം കാര്യങ്ങള്‍ സഭയുടെ ഡിക്രികളില്‍ വ്യക്തമായി പറയുന്നുണ്ട്.

പക്ഷേ ലിറ്റര്‍ജിയുടെ മധ്യത്തില്‍ ഒരാള്‍ തനിയെ ഗാനമാലപിക്കുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍ കൂടി സഭ വളരെ കൃത്യമായി പഠിപ്പിക്കുന്നു.

1) ലിറ്റര്‍ജിക്കല്‍ സ്റ്റെബിലിറ്റി: തിരഞ്ഞെടുക്കുന്ന ഗാനം, പ്രത്യേകിച്ചു വരികള്‍ വളരെ ലളിതമായിരിക്കണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനാക്രമ സംഗീതത്തെക്കുറിച്ചുള്ള ഡിക്രിയായ musicam sacram 42-ാം ഭാഗത്തില്‍ വളരെ കൃത്യമായി പറയുന്നുണ്ട് 'the liturgical text should be simple.' ഏതൊരു മനുഷ്യനും മനസ്സിലാവുന്നതായിരിക്കണം.

2) ലിറ്റര്‍ജിക്കല്‍ സ്യൂട്ടബിലിറ്റി: ലിറ്റര്‍ജിയുടേതായ ഔചിത്യം പാലിക്കുക എന്നത് ഗായകന്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്.

3) ഗായകന്‍ തിരഞ്ഞെടുക്കുന്ന ഗാനം ദൈവജനത്തിന് പ്രാര്‍ത്ഥിക്കുവാന്‍ ഉതകുന്ന തരത്തിലുള്ളതായിരിക്കണം. ആരാധനാസമൂഹത്തിനു പ്രോത്സാഹനം നല്‍കുകയാണു ലക്ഷ്യം. ഗായകന്റെയോ ഗായികയുടെയോ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് പെര്‍ഫോം ചെയ്യാനുള്ള അവസരമല്ല.

ഈ മൂന്നു കാര്യങ്ങള്‍ സോളോ പാടുന്നവരും വാദ്യസംഗീതം വായിക്കുന്നവരും സംഘമായി ഗാനമാലപിക്കുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതുമാണ്.

തിയോളജിയും ഫിലോസഫിയും മാത്രമല്ല സഭയുടെ ലോകവും ജീവിതവും. സംഗീതത്തിനും പ്രാധാന്യമുണ്ട് എന്നു നാം തിരിച്ചറിയണം.

  • സഭാതലത്തില്‍ ആരാധനക്രമസംഗീതം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണ്?

ആരാധനക്രമം എന്താണെന്ന് അറിയാമെങ്കിലും ആരാധനക്രമ സംഗീതം എന്താണെന്ന് കൃത്യമായ ധാരണയില്ലാത്ത സഭാധികാരികള്‍ ആരാധനക്രമ സംഗീതത്തിന്റെ ചട്ടങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‌നം. അത്തരം ലിറ്റര്‍ജിസ്റ്റിന് എപ്പോഴും ഗായകസംഘത്തെക്കുറിച്ച് നെഗറ്റീവായ കാര്യങ്ങള്‍ എന്നിവ മാത്രമേ പറയാനുണ്ടാകുകയുള്ളൂ. ഗാനമേളയാണ്, കഴിവു കാണിക്കലാണ്, ക്വയറിന്റെ വോയ്‌സ് വൈദികന്റെ മുകളിലാണ്, എന്നിങ്ങനെയുള്ള പരാതികള്‍ മാത്രം.

പക്ഷേ ഗായകസംഘങ്ങള്‍ എന്താണു ചെയ്യേണ്ടതെന്ന് ഈ പണ്ഡിതര്‍ കൃത്യമായി പഠിപ്പിച്ചിട്ടുണ്ടോ? രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ക്രിസ്തുസ് ഡോമിനൂസ് (The decree concerning about the pastoral office of the Bishop) എന്ന ഡിക്രിയില്‍ വളരെ കൃത്യമായി പറയുന്നുണ്ട്, ഒരു രൂപതയിലെ ലിറ്റര്‍ജിയുടെ പരിശീലനം നയിക്കുന്നതും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കേണ്ടതും ബിഷപ്പ് ആയിരിക്കണം എന്ന്. ഈ ലിറ്റര്‍ജിയുടെ ഉള്ളില്‍ വരുന്ന ലിറ്റര്‍ജിക്കല്‍ മ്യൂസിക് പഠിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ഒരു കാര്യാലയം ഏതെങ്കിലും രൂപതകളിലുണ്ടോ?

സംഘമായി പാടുന്നില്ല എന്നത് ഒരു സ്ഥിരം പരാതിയാണ്. സംഘമായി പാടാന്‍ പരിശീലനം ആവശ്യമാണ്. ആര് അവര്‍ക്ക് പരിശീലനം കൊടുക്കും? രൂപതകള്‍ കേന്ദ്രീകരിച്ച് ഇത്തരം ഓഫീസുകള്‍ ഉണ്ടാക്കി ഗായക സംഘത്തെ പഠിപ്പിക്കുവാന്‍ സഭയ്ക്ക് സാധിച്ചിട്ടുണ്ടോ? അതിനെക്കുറിച്ച് ലിറ്റര്‍ജിസ്റ്റുകള്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ആരാധനക്രമ സംഗീതത്തെക്കുറിച്ചുള്ള രേഖയില്‍ വ്യക്തമായി പറയുന്നുണ്ട് 'It is the duty of a bishop to give the proper formation and training and establishment of commissions for the richness of liturgical music.' പക്ഷേ ഇത് വേണ്ടത്ര പ്രായോഗികമായിട്ടില്ല. ശരിയായ പരിശീലനം ഗായകസംഘങ്ങള്‍ക്കു ലഭിച്ചിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് അവരെ വിമര്‍ശിക്കുക? ലിറ്റര്‍ജിയെക്കുറിച്ച് പഠിച്ചിട്ടുള്ളവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇതൊരിക്കലും അവരെ ലിറ്റര്‍ജിസ്റ്റ് മ്യൂസിഷ്യന്മാര്‍ ആക്കുന്നില്ല. അതിനാല്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന് ഒരു രൂപം ഉണ്ടാക്കുമ്പോള്‍ ഒരു ലിറ്റര്‍ജിക്കല്‍ മ്യൂസിഷ്യനെ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

  • പാശ്ചാത്യരാജ്യങ്ങളിലെ ഗായകസംഘങ്ങള്‍ പാടുന്നത് മൈക്ക് പോലും ഇല്ലാതെയാണ്. വളരെ ഹൃദ്യവുമാണത്. നമ്മുടെ ആരാധനാ സംഗീതത്തില്‍ മൈക്രോഫോണിന് എന്തിനാണ് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്?

അടിസ്ഥാനപരമായി കേരളത്തിലെയും യൂറോപ്പിലെയും സാഹചര്യങ്ങള്‍ തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് യൂറോപ്പിലെ 99% പള്ളികളും അക്വിസ്റ്റിക് പള്ളികളാണെന്നത്. അവിടെ ഒരാള്‍ അള്‍ത്താരയില്‍ നിന്ന് സംസാരിച്ചാല്‍ ആ ദേവാലയത്തിലെ എല്ലാവര്‍ക്കും തന്നെ വളരെ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. ഞാന്‍ വര്‍ഷത്തില്‍ കുറഞ്ഞത് 12 ക്വയര്‍ കണ്‍സര്‍ട്ടുകളെങ്കിലും പല പള്ളികളിലുമായി നടത്താറുണ്ട്. അതുപോലെതന്നെ യൂറോപ്പില്‍ ദിനവും ദേവാലയത്തില്‍ ബലിയര്‍പ്പിക്കുന്നവനാണ് ഞാന്‍. അതുകൊണ്ട് എനിക്കു പറയാന്‍ സാധിക്കും, ഇവിടെ ഒരു മൈക്കിന്റെ ആവശ്യമിെല്ലന്ന്.

എന്നാല്‍ കേരളത്തിലെ പള്ളികളൊന്നും അക്വിസ്റ്റിക് അല്ല. നമ്മുടെ അള്‍ത്താരയില്‍ നിന്ന് മൈക്ക് ഇല്ലാതെ പറഞ്ഞാല്‍ ആര്‍ക്കും കേള്‍ക്കാന്‍ സാധിക്കില്ല. രണ്ടാമത്തെ പ്രധാന കാരണം കേരളത്തിലെ ശബ്ദമലിനീകരണമാണ്. ഇത്രമാത്രം ശബ്ദത്തിന്റെ ഉള്ളില്‍ ജീവിക്കുന്നതു കൊണ്ട് നാം പെട്ടെന്ന് അക്കാര്യം ശ്രദ്ധിക്കില്ല. പക്ഷേ യൂറോപ്പിലെ അന്തരീക്ഷം വളരെ നിശബ്ദവും ശാന്തവുമാണ്. ആവശ്യമില്ലാതെ ഒരു ഹോണ്‍ പോലും കേള്‍ക്കില്ല. പുറത്തിറങ്ങി നിന്നാല്‍ കാറ്റിന്റെ ശബ്ദമല്ലാതെ വേറെ ഒന്നും കേള്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ 30 പേരോളം ഒരുമിച്ചു നിന്ന് ഒരു ദേവാലയത്തില്‍ പാടുമ്പോള്‍ വളരെ നല്ല ശബ്ദമായിരിക്കും. വലിയ അന്തരമാണിത്. അതിനാല്‍ തന്നെ യൂറോപ്പിനെയും കേരളത്തെയും തമ്മില്‍ മൈക്കിന്റെ ഉപയോഗത്തിന്റെ പേരില്‍ താരതമ്യം ചെയ്യാനാവില്ല.

കേരളത്തില്‍ ഒരിക്കല്‍ ഞാന്‍ ഒരു തിരുനാള്‍ കുര്‍ബാന ചൊല്ലിയപ്പോള്‍ അവിടെ 21 ഗായകരും അവര്‍ക്കായി 21 മൈക്കുകളും ഉണ്ടായിരുന്നു. അതിനു പുറമെ ശബ്ദം മിക്‌സ് ചെയ്യുവാനായി നല്ലൊരു മിക്‌സര്‍മാന്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം വളരെ ഭംഗിയായി നല്ലൊരു കോറല്‍ എഫക്റ്റില്‍ തന്നെ ഔട്ട് കൊടുത്തു. ഇതുതന്നെയാണ് നമുക്കും വേണ്ടത്. ക്വയറിനെ കുറ്റം പറയാതെ നല്ല ശബ്ദസംവിധാനവും സാങ്കേതികമികവും അതു കൈകാര്യം ചെയ്യാനുള്ള വിദഗ്ധനും പള്ളിയില്‍ ഉണ്ടാകുക എന്നതാണാവശ്യം. ക്വയറിനെ വെറുതെ കുറ്റം പറയാതെ ഇതിലെല്ലാം എങ്ങനെ ശ്രദ്ധിക്കണമെന്ന് അവരെ പഠിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്.

ലിറ്റര്‍ജിക്കല്‍ മ്യൂസിക് പരിപോഷിപ്പിക്കണം എന്നു പറയുമ്പോള്‍ കോറല്‍ സിംഗിങ് മാത്രമല്ല നമ്മുടെ മുമ്പിലുള്ള സാധ്യത. അവിടെ ഒറ്റയ്ക്കു പാടാം, വാദ്യസംഗീതമായി അവതരിപ്പിക്കാം. ഇത്തരം കാര്യങ്ങള്‍ സഭയുടെ ഡിക്രികളില്‍ വ്യക്തമായി പറയുന്നുണ്ട്.

  • സഭ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെ തോന്നിയിട്ടില്ല. ഇന്ന് ഞാന്‍ ഇവിടെ ഓസട്രിയയില്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക് പഠിച്ചു കൊണ്ടിരിക്കുന്നതും, എന്നോടൊപ്പം പല വൈദികര്‍ക്കും ഇതിനുള്ള അവസരം ഉണ്ടായതും അതിരൂപതയിലെ പല മെത്രാന്മാരും വൈദികരും കാണിച്ച താല്‍പര്യത്തിന്റെ ഭാഗമായിട്ടാണ്. സഭ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സഭാനേതൃത്വമല്ല പല പ്രശ്‌നങ്ങള്‍ക്കും കാരണം, മറിച്ച്, ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിനെയും ക്വയറിനെയും കുറിച്ച് വ്യക്തമായ അറിവില്ലാത്ത ലിറ്റര്‍ജിയുടെ ചട്ടങ്ങള്‍ മാത്രം അറിയാവുന്ന ചില ലിറ്റര്‍ജിസ്റ്റുകളാണ്.

രൂപതയിലെ ക്വയറിനെ നയിക്കുവാന്‍ അല്‍മായരായ നല്ല ക്വയര്‍ മാസ്റ്റര്‍മാര്‍ ഇല്ല എന്നതും ഒരു പ്രശ്‌നമായി തോന്നിയിട്ടുണ്ട്. മറ്റു സംഘടനാ തലങ്ങളില്‍ നമ്മള്‍ ഒത്തിരി അല്‍മായരെ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാല്‍ ക്വയറിന്റെ തലത്തില്‍ എപ്പോഴെങ്കിലും ഒരല്‍മായനെ മുന്നോട്ടു കൊണ്ടുവന്നിട്ടുണ്ടോ എന്നതു സഭ ആലോചിക്കേണ്ട ഒരു കാര്യമാണ്. തിയോളജിയും ഫിലോസഫിയും മാത്രമല്ല സഭയുടെ ലോകവും ജീവിതവും. സംഗീതത്തിനും വലിയ പ്രാധാന്യമുണ്ട് എന്ന് സഭയിലെ വൈദികരും ഗായകസംഘാംഗങ്ങളും തിരിച്ചറിയേണ്ടത് ആവശ്യമാണ്.

  • സെമിനാരി പരിശീലനത്തില്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ സ്ഥാനം?

സെമിനാരി ഫോര്‍മേഷനില്‍ തീര്‍ച്ചയായും ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഉള്‍പ്പെടുത്തണം. സെമിനാരികളിലെല്ലാം പൊതുവായ ലിറ്റര്‍ജിക്കല്‍ ഗാനാലാപന പരിശീലനം നടക്കാറുണ്ട്. എന്നാല്‍ അത് ആണ്ടില്‍ ഒരിക്കല്‍ എന്ന രീതിയിലാണ്. സെമിനാരി പരിശീലന കാലത്തില്‍ പ്രസംഗപരിശീലനത്തിന് ധാരാളം അവസരങ്ങളുണ്ട്. എന്നാല്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഒരു പ്രത്യേക വിഷയമായി കണ്ടിട്ടില്ല. ഓരോ പുരോഹിതന്റെയും ഒരാഴ്ചയിലെ ആരാധനാക്രമ കാര്‍മ്മികത്വമെടുത്തു പ്രസംഗമെത്ര പാട്ടുകളെത്ര എന്നു നോക്കിയാല്‍ പ്രസംഗത്തേക്കാള്‍ പാട്ടുകളുമായാണ് അവര്‍ക്കു കൂടുതല്‍ ഇടപഴകേണ്ടി വരുന്നത് എന്നു വ്യക്തമാകും. ഞായറാഴ്ചകളില്‍ മാത്രമാണ് ദീര്‍ഘമായ പ്രസംഗം പറയുക. എന്നാല്‍ ബാക്കിയുള്ള ദിവസങ്ങളില്‍ എല്ലാം തന്നെ കുര്‍ബാനയിലെ ഗാനങ്ങള്‍ ആലപിക്കേണ്ടി വരുന്നുണ്ട്. പ്രസംഗത്തേക്കാള്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നത് സംഗീതമാണ്. എന്നിട്ടും സെമിനാരികളില്‍ സംഗീതത്തിന് എത്രമാത്രം പരിശീലനം കൊടുക്കുന്നു എന്നത് സംശയമാണ്. തിയോളജി പഠനകാലത്ത് പ്രസംഗം എന്നത് ഒരു വിഷയമായി തന്നെ പഠിപ്പിക്കുമ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ കൈകാര്യം ചെയ്യേണ്ട കുര്‍ബാനയിലെ പാട്ടുകള്‍ ഒരിക്കലും ഒരു സെമിനാരിയില്‍ സബ്ജക്ടായി പഠിപ്പിക്കുന്നില്ല എന്നുള്ളത് വളരെ സങ്കടകരമാണ്.

എല്ലാവര്‍ക്കും പാട്ടുപാടാനുള്ള കഴിവ് ഉണ്ടാകില്ലല്ലോ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. എന്നാല്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക് എന്നു പറയുമ്പോള്‍ പാട്ടു പാടാനുള്ള പഠനം മാത്രമല്ല. അള്‍ത്താരയില്‍ പാടാനുള്ള പരിശീലനം ഒരു 30% എന്നു കണക്കാക്കിയാല്‍, ബാക്കി 70% പരിശീലനം ഗായകസംഘങ്ങളെക്കുറിച്ചായിരിക്കണം. എന്താണ് ഒരു ക്വയര്‍, എങ്ങനെ അതു സംഘടിപ്പിക്കാം, എങ്ങനെ അതിനെ നയിക്കാം, ഏതൊക്കെ തരത്തിലുള്ള ക്വയറുകള്‍ ആകാം തുടങ്ങിയ കാര്യങ്ങള്‍. ഈ പരിശീലനം ലഭിച്ചാല്‍, ഒരു വൈദികന് ഇടവകയില്‍ വരുമ്പോള്‍ സ്വയം പാട്ടുപാടി ക്വയറിനെ പഠിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും പാട്ടുപാടുന്ന ആളുകളെ കൂട്ടിയോജിപ്പിച്ച് ഒരു ഗായകസംഘത്തെ സജ്ജമാക്കി, ആരാധനക്രമ സംഗീതത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കും. ഇതിനായി സെമിനാരി വിദ്യാര്‍ത്ഥികളെ കൃത്യമായി ക്വയറുകളുടെ അടിസ്ഥാനതല യാഥാര്‍ത്ഥ്യങ്ങള്‍ അറിയാവുന്നവരെ കൊണ്ടു പഠിപ്പിക്കുകയും വേണം. ഒരു വൈദികന്‍ തന്നെ കുട്ടികളെ പഠിപ്പിക്കണമെന്നില്ലതാനും. നമ്മുടെ രൂപതകളില്‍ ക്വയറിനുവേണ്ടി ജീവിതം തന്നെ മാറ്റിവച്ചിരിക്കുന്ന ഒത്തിരി നല്ല അല്‍മായര്‍ ഉണ്ട്. അവരെക്കൊണ്ടു നല്ല ക്ലാസുകള്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് എടുപ്പിക്കണം.

മറ്റു സംഘടനാ തലങ്ങളില്‍ നമ്മള്‍ ഒത്തിരി അല്‍മായരെ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാല്‍ ക്വയറിന്റെ തലത്തില്‍ എപ്പോഴെങ്കിലും ഒരു അല്‍മായനെ മുന്നോട്ടു കൊണ്ടുവന്നിട്ടുണ്ടോ എന്നതു സഭ ആലോചിക്കേണ്ട ഒരു കാര്യമാണ്.

  • മൈനസ് ട്രാക്കിന്റെയും കരോക്കെയുടെയും ഉപയോഗത്തെക്കുറിച്ചുള്ള അച്ചന്റെ കാഴ്ചപ്പാടുകള്‍?

ആരാധനക്രമ സംഗീതത്തില്‍ മൈനസ് ട്രാക്ക് അല്ലെങ്കില്‍ കരോക്കെ പ്ലേ ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് വ്യക്തിപരമായി തീര്‍ത്തും പാടില്ല എന്ന അഭിപ്രായമാണുള്ളത്. ഇതു പറയുമ്പോള്‍ തന്നെ ഒത്തിരിയേറെ മറുപുറങ്ങളും ഉണ്ട്. കാരണം പലപ്പോഴും ചില ദേവാലയങ്ങളിലെങ്കിലും കീബോര്‍ഡും മറ്റുപകരണങ്ങളും വായിക്കാന്‍ ആരുമില്ലാത്ത സാഹചര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. ദൈവത്തിനു മുന്‍പില്‍ നമ്മുടെ ആരാധന നടത്തുമ്പോള്‍ സ്വന്തം കയ്യിലുള്ള കുഞ്ഞു പൂക്കള്‍ തമ്പുരാന് കൊടുത്താല്‍ പോരെ? ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ നമ്മുടെ പള്ളിയില്‍ നമുക്കറിയാവുന്നത് നമ്മള്‍ ചെയ്താല്‍ മതി എന്നാണ് എന്റെ അഭിപ്രായം.

  • സിനിമാ ഗാനങ്ങള്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്?

വളരെ ആശയക്കുഴപ്പം ഉണ്ടാക്കാവുന്ന ചോദ്യമാണിത്. ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിനെ സേക്രട്ട് മ്യൂസിക് (musicam sacram) എന്നും പറയാറുണ്ട്. ലിറ്റര്‍ജിയില്‍ മ്യൂസിക് ഒരു ടൂള്‍ ആണോ അതോ ഒരു സേക്രട്ട് തിങ് ആണോ എന്നത് ഒരു ചര്‍ച്ചാവിഷയമാണ്. മ്യൂസിക് ഒരു പവിത്രമായ സംഗതിയാണെന്നു ഞാന്‍ കരുതുന്നു. സംഗീതത്തിനു ദൈവാത്മകതയുണ്ട്. പക്ഷേ അപ്പോഴും അത് ഒരുപാധി തന്നെയാണ്. ദേവാലയത്തിലേക്ക് വന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ആത്യന്തിക ലക്ഷ്യം ദൈവമാണ്. ദൈവത്തിലേക്കു നമ്മെ അടുപ്പിക്കുന്ന ഒരുപാധിയാണു സംഗീതം.

ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വന്നിരിക്കുന്ന ഒരു വിശ്വാസി 'മ്യൂസിക്' എന്ന ടൂള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥനയുടെ വേറൊരു വൈകാരിക തലത്തിലേക്ക് കടന്നുപോകുന്നു. അങ്ങനെ നോക്കുമ്പോള്‍, സാഹചര്യത്തിന് അനുസരിച്ച്, ലിറ്റര്‍ജിയുടെ അന്തസ്സിനെ നശിപ്പിക്കാത്ത ചില ചലച്ചിത്രഗാനങ്ങള്‍ ആലപിക്കുന്നതില്‍ തെറ്റില്ല.

സിനിമ പാട്ടുകള്‍ ദേവാലത്തില്‍ പാടുമ്പോള്‍, അതു കേള്‍ക്കുന്ന ദൈവജനത്തിന്റെ മനസ്സിലേക്ക് സിനിമയെക്കുറിച്ചുള്ള ഇമേജ് കടന്നുവരുന്നു എന്നുള്ളതാണ് പലപ്പോഴും ഇതിനെതിരെ ഉന്നയിക്കാറുള്ള ഒരു വാദം. അങ്ങനെയാണെങ്കില്‍ ഒരുപാടു ഗാനങ്ങള്‍ പള്ളിയില്‍ നിന്നും മാറ്റേണ്ടിവരും. നന്മ നേരും അമ്മ, നിത്യ വിശുദ്ധയാം കന്യാമറിയമേ, ആകാശങ്ങളിലിരിക്കും തുടങ്ങിയവ ഉദാഹരണങ്ങള്‍. പക്ഷേ ഈ പാട്ടുകള്‍ ആര്‍ക്കും സിനിമയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കാറില്ല.

സിനിമാഗാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ആരാധനക്രമ ഔചിത്യം ഉള്ളതായിരിക്കണം എന്നേയുള്ളൂ. നാമിപ്പോള്‍ തന്നെ മലയാളം സിനിമയിലെ പാട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്.

  • വാദ്യോപകരണങ്ങളുടെ അതിപ്രസരം ലിറ്റര്‍ജിയുടെ മാന്യത നശിപ്പിക്കുന്നുണ്ടോ?

ഏതൊക്കെ ഉപകരണങ്ങള്‍ ഉപയോഗിക്കാം, കുര്‍ബാന എങ്ങനെ ഭംഗിയാക്കാം എന്ന ധാരണ നമുക്കുണ്ടാകണം. അതു ക്വയര്‍ അംഗങ്ങളോടു പറഞ്ഞു കൊടുക്കണം. ഇവിടെയാണ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ നല്ലൊരു പരിശീലനകേന്ദ്രം ഉണ്ടാകേണ്ടതിന്റെ പ്രസക്തി. നല്ല ലിറ്റര്‍ജിക്കല്‍ സംഗീതജ്ഞരെ കൊണ്ടു രൂപതാതലത്തില്‍ സെമിനാറുകള്‍ നടത്തി ആളുകളെ അതില്‍ പ്രബുദ്ധരാക്കണം. ഇതൊന്നും ചെയ്യാതെ ഉപകരണങ്ങളുടെ അതിപ്രസരമാണ് എന്നു ചുമ്മാ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

മറ്റൊരു വശം പറയാം. യൂറോപ്പിലെ കുര്‍ബാനകള്‍ ഒത്തിരിയേറെ കാറ്റഗറൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഉദാഹരണത്തിന്, പള്ളിയില്‍ വിളിച്ചുപറയും, ഞായറാഴ്ച 'ഹെയ്ഡന്‍ മാസ്സ്' ആണ്. അപ്പോള്‍ ആളുകള്‍ക്കു മനസ്സിലാകും, ഇതു ക്ലാസിക്കല്‍ ഗാനങ്ങളോടു ചേര്‍ന്നതായിരിക്കും. 'യൂത്ത് മാസ്സ്' ആണ് എന്നു പറഞ്ഞാല്‍ ക്ലാസിക്കല്‍ ആയിരിക്കില്ല റോക്ക് ആന്റ് പോപ്പ് മ്യൂസിക് ആയിരിക്കും. ആദ്യത്തേതില്‍ വയലിന്‍, പിയാനോ ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കില്‍ യുവജനങ്ങളുടേതില്‍ ഡ്രംസ്, ജാസ്സ്, ബേസ് ഗിത്താര്‍ ഒക്കെ ഉണ്ടാവാം. അതിനു വരുന്ന യുവജനങ്ങള്‍ അത് ഇഷ്ടപ്പെടുന്നു. അത്തരത്തില്‍ ഒരു കുര്‍ബാനയാണ് ബ്രാസ് ഓര്‍ക്കസ്ട്ര മാസ്സ്. നമ്മുടെ നാട്ടിലെ ട്രമ്പറ്റ്, ഫ്രഞ്ച് ഹോണ്‍സ് ഒക്കെ കുര്‍ബാനയില്‍ അവര്‍ പ്ലേ ചെയ്യും. ഒരുപക്ഷെ അത്രയധികം ക്യാറ്റഗറൈസ് ചെയ്തില്ലെങ്കിലും കുറച്ചൊക്കെ മാറ്റങ്ങള്‍ ഉപകരണങ്ങളുടെ കാര്യത്തില്‍ നാം ചിന്തിക്കേണ്ടതാണ്. പ്രത്യേകിച്ച് യുവജനങ്ങളുടെയും കുട്ടികളുടെയും കുര്‍ബാനകള്‍.

  • കുര്‍ബാനയില്‍ പങ്കെടുക്കുന്നത് വിവിധ തരത്തിലുള്ള ആളുകളാണെങ്കിലോ?

പാട്ടുകള്‍ മിക്‌സഡ് ആയി സെലക്ട് ചെയ്യുകയാണ് ആവശ്യം. ഇടവകയെ മനസ്സിലാക്കണം. ചില ഇടവകയില്‍ അവിടുത്തുകാര്‍ക്ക് ഇഷ്ടമുള്ള ചില പാട്ടുകള്‍ ഉണ്ടാവാം, അവര്‍ വര്‍ഷങ്ങളായിട്ടു പാടുന്നത്. അത്തരം പാട്ടുകള്‍ ചേര്‍ക്കണം. യുവജനങ്ങള്‍ പുതുതായി കൊണ്ടുവരുന്ന ചില പാട്ടുകള്‍ ഉണ്ടായിരിക്കും. അതും ചേര്‍ക്കണം.

ഒരു മിക്‌സഡ് കമ്മ്യൂണിറ്റി വരുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഗാനങ്ങള്‍, ഉപകരണങ്ങള്‍, അതിനു കൊടുക്കുന്ന ഓര്‍ക്കസ്‌ട്രേഷന്‍ എന്നിവയെല്ലാം ആ സമൂഹത്തിലെ എല്ലാവരേയും ദൈവത്തിലേക്ക് അടുപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളവയാകാന്‍ ശ്രദ്ധിക്കണം. ഇതിനായി നമുക്കു നല്ലൊരു ക്വയര്‍ മാസ്റ്ററും ക്വയര്‍ അറേഞ്ച്‌മെന്റ് സിനെക്കുറിച്ച് സെമിനാരിയില്‍ പരിശീലനം കിട്ടിയ ഒരു വൈദികനും വേണം.

  • നമ്മുടെ ആരാധനക്രമ സംഗീതം തികഞ്ഞ ഭാരതീയ സംഗീതമാണോ? അല്ലെങ്കില്‍ ഏത് വിഭാഗത്തില്‍ വരും?

വളരെ പ്രയാസം നിറഞ്ഞ ചോദ്യമാണിത്. ഇന്ത്യന്‍ സംഗീതമല്ല എന്നത് ഉറപ്പാണ്. കര്‍ണ്ണാടിക് മ്യൂസിക് പഠിച്ച അച്ചന്മാരെല്ലാം നമ്മുടെ ഗാനങ്ങള്‍ കര്‍ണ്ണാടിക് മ്യൂസിക്കിന്റെ ശൈലിയിലേക്കു മാറ്റി കര്‍ണ്ണാടിക് ഉപകരണങ്ങളടക്കം ഉപയോഗിച്ചു പാടുന്നത് കണ്ടിട്ടുണ്ട്. അതൊരു പരമ്പരാഗത കര്‍ണ്ണാടിക് മ്യൂസിക് ആയി മാറുന്നു. അതുപോലെ നോര്‍ത്ത് ഇന്ത്യയില്‍ ചില അച്ചന്മാര്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ നമ്മുടെ കുര്‍ബാന ഗീതങ്ങള്‍ ചിട്ടപ്പെടുത്തുന്നതു കാണാം. അത് ഒരു ഹിന്ദുസ്ഥാനി ശൈലി എന്നു പറയാം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ശൈലി ഏത് ഇനം സംഗീതം എന്നു പറയാന്‍ വളരെ പ്രയാസമാണ്.

നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ മലയാളമാണ്. കമ്പോസ് ചെയ്യപ്പെട്ടിരിക്കുന്നത് ഓറിയന്റലും വെസ്റ്റേണും ചേര്‍ത്തു കൊണ്ടാണ്. നമ്മള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വെസ്റ്റേണ്‍ ആണ്. അതിനോടു ചേര്‍ത്ത് ഫ്‌ളൂട്ടും തബലയും വരുമ്പോള്‍ വീണ്ടും മിക്‌സ് ആകുന്നു. നമ്മള്‍ ഉപയോഗിക്കുന്ന നോട്‌സും കോര്‍ഡ്‌സും വെസ്റ്റേണാണ്. പാടുന്ന ശൈലിയും മാറിവരാറുണ്ട്. അതുകൊണ്ടു ഏത് ജോണര്‍ ആണ് ഉപയോഗിക്കുന്നതെന്ന് പറയാന്‍ പ്രയാസമാണ്. ഇത്തരം മിക്‌സഡ് മ്യൂസിക്കല്‍ ട്രെഡിഷന്‍സ് വരുമ്പോള്‍ പാശ്ചാത്യ നാടുകളില്‍ അവയെ newly inspirated liturgical music എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി അവര്‍ പഠനശാഖകള്‍ ക്രമീകരിക്കുന്നു. ഇക്കാര്യം നമ്മുടെ നാട്ടില്‍ വളരെ പ്രസക്തവും കേരള സഭയുടെ സംഗീതവിഭാഗം കൃത്യമായി പഠിക്കേണ്ട വിഷയവുമാണ്.

ഏതൊക്കെ ഉപകരണങ്ങള്‍ ഉപയോഗിക്കാം, കുര്‍ബാന എങ്ങിനെ ഭംഗിയാക്കാം എന്ന ധാരണ നമുക്കുണ്ടാകണം. അതു ക്വയര്‍ അംഗങ്ങളോടു പറഞ്ഞു കൊടുക്കണം. ഇവിടെയാണ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ നല്ലൊരു പരിശീലനകേന്ദ്രം ഉണ്ടാകേണ്ടതിന്റെ പ്രസക്തി.

  • ലിറ്റര്‍ജിക്കല്‍ മ്യൂസിക് സഭയുടെ സവിശേഷപാരമ്പര്യത്തെ പിന്തുണക്കുന്നതാവണ്ടേ?

ഇന്ത്യന്‍ സാഹചര്യത്തില്‍ എല്ലാ റീത്തുകള്‍ക്കും അവരവരുടേതായ പരമ്പരാഗത ഭാഷകളുണ്ട്. ലത്തീന്‍ ഭാഷയും സുറിയാനി ഭാഷയും. നമ്മുടെ ആരാധനക്രമ സംഗീതത്തില്‍ സുറിയാനി ഗാനങ്ങള്‍ ആലപിക്കുമ്പോള്‍, ഒരുപക്ഷെ അതിന്റെ അര്‍ത്ഥവും ഘടനയും മനസ്സിലായില്ലെങ്കിലും സംഗീതം ആസ്വദിക്കാനുള്ള മനുഷ്യന്റെ സ്വാഭാവിക കഴിവ് അല്ലെങ്കില്‍ വാസന അവനെ പ്രാര്‍ത്ഥിക്കാന്‍ സഹായിച്ചേക്കാം. ഒരു സുറിയാനിപാട്ട് ആളുകളെ പ്രാര്‍ത്ഥിക്കാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ അതു പാടുന്നതില്‍ തെറ്റില്ല. ലാറ്റിന്‍ റീത്തിലെ കുര്‍ബാനകളില്‍ പരമ്പരാഗത ലത്തീന്‍ ഭാഷാഗാനങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പാടാറുണ്ട്. അതിലും എന്തെങ്കിലും തെറ്റുള്ളതായി ലിറ്റര്‍ജിക്കല്‍ മ്യൂസിക് പഠിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് തോന്നാറില്ല.

പക്ഷെ നമ്മുടെ ആരാധനക്രമത്തിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്താന്‍ എല്ലാ ഗാനങ്ങളും പരമ്പരാഗത ഭാഷയില്‍ പാടേണ്ടതല്ലേ എന്ന ചോദ്യത്തില്‍ അപകടമുണ്ട്. ഒരു ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ പരിപോഷണത്തിനുള്ള സ്ഥലം ലിറ്റര്‍ജി അല്ല. അതിനാവശ്യം ഭാഷയെ പരിപോഷിപ്പിക്കുന്ന ലാംഗ്വേജ് ലാബുകളും സെന്ററുകളും ഉണ്ടാക്കുകയാണ്.

പ്രാര്‍ത്ഥിക്കുമ്പോളും ഗാനം ആലപിക്കുമ്പോളും ഉപയോഗിക്കുന്ന ഭാഷ ആളുകള്‍ക്കു മനസ്സിലായില്ലെങ്കില്‍ പിന്നെ അതുകൊണ്ട് കാര്യമില്ല. സവിശേഷ ദിവസങ്ങളില്‍ ഈ ഗാനങ്ങള്‍ പാടുന്നതില്‍ പ്രശ്‌നമുണ്ടെന്നു കരുതുന്നില്ല. എന്നാല്‍ എന്നും ഇതേ പാടുകയുള്ളു എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല.

എന്തു പാടുമ്പോഴും ദേവാലയത്തില്‍ വന്നിരിക്കുന്ന വിശ്വാസികളുടെ മനസ്സില്‍ എന്തു രൂപപ്പെടുന്നു എന്നു ചിന്തിക്കുക ഗായകസംഘങ്ങളുടെ അടിസ്ഥാനപരമായ കടമയാണ്.

  • ഗായകസംഘം പള്ളിയില്‍ ഗാനമേള നടത്തുന്നു, അവര്‍ പെര്‍ഫോമെന്‍സ് നടത്താനാണ് വരുന്നത് തുടങ്ങിയവ പലപ്പോഴും വൈദികരുടെയും ജനങ്ങളുടെയും പരാതിയാണ്. താങ്കളുടെ അഭിപ്രായം എന്ത്?

എപ്പോഴും ക്വയര്‍ അംഗങ്ങള്‍ക്കു കിട്ടുന്ന വലിയ വിമര്‍ശനമാണ് അള്‍ത്താരയില്‍ ആരാധന സംഗീതം ആലപിക്കുന്നതിനു പകരം അവര്‍ വ്യക്തിപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നു എന്നത്. ചില സമയത്തെങ്കിലും എനിക്കും അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെ ഒരു മനോഭാവത്തോടുകൂടി ആരാധനക്രമ സംഗീതത്തെയും പാട്ടുകുര്‍ബാനയെയും സമീപിക്കുന്ന ഗായകരും വൈദികരുമുണ്ട്. ഇതു ഗായകസംഘങ്ങളും വൈദികരും മനസ്സിലാക്കിയിരിക്കണം. ആരാധനാസമൂഹത്തെ പ്രാര്‍ത്ഥിക്കാന്‍ സഹായിക്കുക എന്ന പ്രാഥമികദൗത്യം മറന്നു പോകരുത്.

രൂപത തലത്തില്‍ സെമിനാറുകളും പരിശീലന പരിപാടികളും നടത്തി അവരെ ഇക്കാര്യത്തില്‍ ബോധവാന്മാരാക്കുക എന്ന കടമ സഭയും നിറവേറ്റണം. അതിനായി രൂപതയിലെ മെത്രാനും, ലിറ്റര്‍ജിസ്റ്റും, ലിറ്റര്‍ജിക്കല്‍ മ്യൂസിക്കല്‍ ഡിപ്പാര്‍ട്‌മെന്റും തയാറാകുക എന്നതാണ് ഞാന്‍ കാണുന്ന ഏക പരിഹാരം. എന്ത് പ്ലേ ചെയ്യുമ്പോഴും എന്തു പാടുമ്പോഴും ദേവാലയത്തില്‍ വന്നിരിക്കുന്ന വിശ്വാസികളുടെ മനസ്സില്‍ എന്തു രൂപപ്പെടുന്നു എന്നു ചിന്തിക്കുക ഗായകസംഘങ്ങളുടെ അടിസ്ഥാനപരമായ കടമയാണ്. വേദനയോടെ വരുന്ന മനുഷ്യന് ഒരു ആശ്വാസം കൊടുക്കാന്‍ എന്റെ പാട്ടിനു സാധിക്കുന്നുണ്ടെങ്കില്‍, അവന്റെ ഉള്ളില്‍ ക്രിസ്തുവിനെ രൂപപ്പെടുത്താന്‍ എന്റെ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കിനു പറ്റുന്നുണ്ടെങ്കില്‍ എല്ലാ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അപ്പുറത്ത്, എന്റെ ആരാധനക്രമ സംഗീതത്തിന് മൂല്യമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org