

2026 മെയ് 15 ന് പ്രസിദ്ധീകരിച്ച ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം, “മഹത്തായ മാനവികത” (Magnifica Humanitas), ഈ കാലഘട്ടത്തിൽ നിർമ്മിതബുദ്ധി (Artificial Intelligence) ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പ്രബോധനമാണ്. വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ, ‘റേരും നൊവാരും’ (Rerum Novarum) എന്ന ചരിത്രപ്രധാനമായ ചാക്രികലേഖന ത്തിലൂടെ കത്തോലിക്കാസഭയുടെ സാമൂഹ്യാവബോധത്തിന് ദിശാനിർണ്ണയം നടത്തിയതുപോലെ, നിർമ്മിതബുദ്ധിയുടെ കാലത്തെ പ്രതിസന്ധികൾ തരണം ചെയ്യാൻ ആഗോളസമൂഹത്തിനുള്ള മാർഗരേഖയായി ഈ പ്രബോധനം മാറുന്നു.
നിർമ്മിതബുദ്ധിയുടെയും സാങ്കേതികവിദ്യയുടെയും അതിരു കടന്ന ഉപയോഗത്തിന്റെ പശ്ചാത്തല ത്തിലാണ് ഈ പ്രബോധനം രചിക്കപ്പെട്ടിരിക്കുന്നതെങ്കിലും, മനുഷ്യവ്യക്തി യുടെ സവിശേഷമായ മഹത്വമാണ് അഞ്ച് അധ്യായങ്ങളും 245 ഖണ്ഡിക കളുമുള്ള ഇതിന്റെ മുഖ്യപ്രമേയം. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യ കുലത്തിന്റെ വ്യതിരക്തതയെയും അനന്യതയെയും ആവർത്തിച്ചുറപ്പി ക്കുന്ന ഈ പഠനം, നിർമ്മിതബുദ്ധി ഉയർത്തുന്ന വെല്ലുവിളികൾ ധാർമ്മികമോ സാങ്കേതികമോ മാത്രമല്ല, മറിച്ച് അടിസ്ഥാനപരമായി ദൈവശാസ്ത്രപരവും (theological) നരവംശശാസ്ത്രപരവുമാണെന്ന് (anthropological) ഊന്നിപ്പറയുന്നു; ഇത് മനുഷ്യന്റെ യഥാർത്ഥ സത്തയെയും അർഥത്തെയും ദൗത്യത്തെയുമാണ് സ്പർശിക്കുന്നത്.
മാനവികതയുടെ മഹത്വം നിലകൊള്ളുന്നത് ബന്ധങ്ങൾ സ്ഥാപിക്കാനും, സ്നേഹിക്കാനും, സ്വന്തം ബലഹീനതകളെ ഉൾക്കൊള്ളാനും, ദൈവകൃപയ്ക്കായി തുറന്ന മനസ്സ് പുലർത്താനുമുള്ള അതിന്റെ ശേഷിയിലാണ്.
ബാബേലും ജെറുസലേമും
നിർമ്മിതബുദ്ധിയുടെ സാധ്യതകളും അപകടങ്ങളും വിശദീകരിക്കുവാൻ പഴയ നിയമത്തിലെ രണ്ട് ബിംബ ങ്ങളാണ് ലിയോ പതിനാലാമൻ പാപ്പ ഉപയോഗിക്കുന്നത്. ബാബേൽ ഗോപുര നിർമ്മാണവും (ഉല്പ. 11:1-9) ജെറുസലേമിന്റെ പുനർനിർമ്മാണവും (നെഹെ 2:6). മനുഷ്യസമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള രണ്ട് വ്യത്യസ്ത വഴികളെയും രണ്ട് മത്സരബുദ്ധിയുള്ള സംസ്കാരങ്ങളെയുമാണ് ഈ ബിംബങ്ങൾ പ്രതിനിധീകരിക്കുന്നത്; മനുഷ്യന്റെ അഹങ്കാരത്തിന്റെ നഗരവും ദൈവത്തിന്റെ നഗരവും.
അഹങ്കാരം, ആത്മവിശ്വാസം, അധികാരത്തോടുള്ള ആർത്തി എന്നിവയാൽ നയിക്കപ്പെടുന്ന ഒരു സാങ്കേതിക സംസ്കാരത്തിന്റെ പ്രതീകമായാണ് ബാബേലിനെ ഈ പ്രബോധനം അവതരിപ്പിക്കുന്നത്. ബാബേൽ കെട്ടിപ്പടുത്തവർ തങ്ങളുടെ സ്വന്തം കഴിവുകളിൽ മാത്രം ആശ്രയിച്ച് സുരക്ഷിതത്വവും സ്ഥിരതയും പ്രശസ്തിയും തേടി. അവർക്ക് ഒരേ ഭാഷയും ഒരേ സാങ്കേതികവിദ്യയും ഒരേ ലക്ഷ്യവുമുണ്ടായിരുന്നു, എങ്കിലും അവരുടെ പദ്ധതി അടിസ്ഥാനപരമായി തെറ്റായിരുന്നു; കാരണം അത് ദൈവത്തെ ഒഴിവാക്കുകയും വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകീകൃത രൂപത്തിലേക്ക് (uniformity) ഒതുക്കുകയും ചെയ്യുന്ന ഒന്നായിരുന്നു. ലിയോ മാർപാപ്പ നിരീക്ഷിക്കുന്നതു പോലെ, സ്വന്തം കഴിവുകളിൽ മാത്രമുള്ള മിഥ്യാധാരണയുടെ പുറത്താണ് സമൂഹം കെട്ടിപ്പടുക്കുന്ന തെങ്കിൽ, അത് ആശയവിനിമയം തകരുന്നതിലേക്കും വൈവിധ്യങ്ങൾ അടിച്ചമർത്തപ്പെടുന്നതിലേക്കും യഥാർത്ഥ മനുഷ്യബന്ധങ്ങളുടെ തകർച്ചയിലേക്കും നയിക്കും. അതിന്റെ ഫലം യഥാർത്ഥ ഐക്യമല്ല, മറിച്ച് ചിതറിപ്പോകലും ആശയക്കുഴപ്പവും മനുഷ്യത്വരാഹിത്യവുമാണ്. സമൂഹത്തിൽ പടരുന്ന ഇത്തരം ചിന്താരീതികളെ “ബാബേൽ സിൻഡ്രോം” (Babel syndrome) എന്നാണ് മാർപാപ്പ വിളിക്കുന്നത്.
സാങ്കേതികവിദ്യകൾ വ്യക്തികളെയും ജനസമൂഹങ്ങളെയും കൂടുതൽ മാനവികതയുള്ളവരും സാഹോദര്യമുള്ളവരുമാക്കാൻ യഥാർത്ഥത്തിൽ സഹായിക്കുന്നുണ്ടോ?
ഇതിന് വിപരീതമായി, നെഹെമ്യാ യുടെ നേതൃത്വത്തിൽ ജറുസലേം പുനർനിർമ്മിക്കുന്നത് സാങ്കേതികവിദ്യ യുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗത്തിനും സാമൂഹിക സംഘടനയ്ക്കും ഒരു നല്ല മാതൃക നൽകുന്നു. ജെറുസലേമിന്റെ നാശത്തി നുശേഷം നെഹെമ്യാ മടങ്ങിയെത്തിയത് ഒരു സ്വേച്ഛാധിപതിയായോ ഭരണാധികാരിയായോ അല്ല, മറിച്ച് എല്ലാവരുടെയും സേവകനായ ഒരു നേതാവായാണ്. പ്രാർഥിക്കുന്ന, അപരരെ ശ്രദ്ധിക്കുന്ന, കാര്യങ്ങൾ ചിട്ടപ്പെടുത്തുകയും ഉത്തരവാദിത്ത ങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അദ്ദേഹം, കൂട്ടായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഹകരണം, പങ്കുവയ്ക്കപ്പെട്ട ഉത്തരവാദിത്തം, ദൈവത്തിലുള്ള വിശ്വാസം എന്നിവയിലൂടെയാണ് ആ നഗരം പുനർനിർമ്മിക്കപ്പെട്ടത്.
ധാർമ്മികതയിൽ നങ്കൂരമിടേണ്ട സാങ്കേതികവിദ്യ
സാങ്കേതികവിദ്യയെക്കുറിച്ച് വളരെ സൂക്ഷ്മവും വ്യക്തവുമായ ഒരു ധാർമ്മിക വീക്ഷണമാണ് ലിയോ മാർപാപ്പ മുന്നോട്ടു വയ്ക്കുന്നത്. സാങ്കേതികവിദ്യ സ്വയം എല്ലാ മനുഷ്യപ്രശ്നങ്ങൾക്കുമുള്ള ഒരു പരിഹാരമല്ലെന്നും, അത് അടിസ്ഥാനപരമായി തിന്മയായ ശക്തിയല്ലെന്നും അദ്ദേഹം പഠിപ്പിക്കുന്നു. അത് ഒരു “വിലപ്പെട്ട ഉപകരണം” ആയേക്കാം, എന്നാൽ അത് ധാർമ്മികമായി നിഷ്പക്ഷമല്ല; കാരണം അത് രൂപകല്പന ചെയ്യു ന്നവരുടെയും, പണം മുടക്കുന്നവരു ടെയും, നിയന്ത്രിക്കുന്നവരുടെയും, ഉപയോഗിക്കുന്നവരുടെയും മൂല്യങ്ങളെയും താല്പര്യങ്ങളെയും ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്.
നിർമ്മിതബുദ്ധി ഉയർത്തുന്ന വെല്ലുവിളികൾ ധാർമ്മികമോ സാങ്കേതികമോ മാത്രമല്ല, മറിച്ച് അടിസ്ഥാനപരമായി ദൈവശാസ്ത്രപരവും നരവംശശാസ്ത്രപരവു (anthropological)മാണ്.
അതുകൊണ്ട്, സമൂഹം സാങ്കേതികവിദ്യയെ സ്വീകരിക്ക ണമോ അതോ നിരസിക്കണമോ എന്നതല്ല പ്രധാന ചോദ്യം; മറിച്ച് സാങ്കേതികവിദ്യയുടെ വികാസം, ബാബേൽ പ്രതീകവൽക്കരിക്കുന്നതു പോലെ, ദൈവത്തെ ഒഴിവാക്കിക്കൊ ണ്ടുള്ള ആധിപത്യത്തിന്റെ ഭാവിയെ യാണോ ലക്ഷ്യമാക്കുന്നത്, അതോ, ജെറുസലേം പ്രതീകവൽക്കരിക്കു ന്നതു പോലെ, ദൈവസന്നിധിയിൽ സാഹോദര്യവും ഐക്യദാർഢ്യവും പുനർനിർമ്മിക്കാൻ മനുഷ്യൻ ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു ഭാവിയെ യാണോ ലക്ഷ്യമിടുന്നത് എന്നതാണ്. മനുഷ്യന്റെ അന്തസ്സ്, നീതി, യഥാർത്ഥ മനുഷ്യവികാസം എന്നിവയെ അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നതായിരിക്കണം ഇതിന്റെ ഉപയോഗത്തിനുള്ള പരമപ്രധാനമായ മാനദണ്ഡം.
ഇവിടെ നമ്മുടെ സവിശേഷ ശ്രദ്ധ പതിയേണ്ട ഒരു ഘടകമുണ്ട്. മാർപാപ്പ നിർമ്മിതബുദ്ധിയെ പൂർണ്ണമായി കുറ്റപ്പെടുത്തുന്നില്ല; അതേസമയം വിമർശനരഹിതമായി പുകഴ്ത്തുന്നുമില്ല. മറിച്ച്, നിർമ്മിതബുദ്ധിയും മറ്റ് വളർന്നുവരുന്ന സാങ്കേതികവിദ്യകളും നൽകുന്ന സാധ്യതകളെയും അവയുണ്ടാക്കുന്ന അപകടങ്ങളെയും അദ്ദേഹം ഒരുപോലെ തിരിച്ചറിയുന്നു. നവീകരണം, ഉത്പാദനക്ഷമത, സാമ്പത്തിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവയുടെ കഴിവിനെ അംഗീകരിക്കു മ്പോൾത്തന്നെ, സാങ്കേതിക പുരോഗതി എപ്പോഴും മനുഷ്യന്റെ അന്തസ്സിനും പൊതുനന്മയ്ക്കും വിധേയമായിരിക്കണ മെന്ന് അദ്ദേഹം നിർബന്ധം പിടിക്കുന്നു. അതുപോലെതന്നെ, സാങ്കേതികവിദ്യയ്ക്ക് “നമ്മുടെ പൊതുഭവനത്തെ സുഖപ്പെടുത്താനും ബന്ധിപ്പിക്കാനും വിദ്യാഭ്യാസം നൽകാനും സംരക്ഷിക്കാനും” കഴിയുമെന്ന് മാർപാപ്പ വ്യക്തമാക്കുന്നു; എങ്കിലും അതിന് “വിഭജിക്കാനും ഒഴിവാക്കാനും പുതിയ തരത്തിലുള്ള അനീതികൾ സൃഷ്ടിക്കാനും” സാധിക്കും. നമ്മുടെ പൊതുഭവനത്തെ ബഹുമാനിക്കുകയും ഭാവി തലമുറ കളുടെ ക്ഷേമം സംരക്ഷിക്കുകയും ചെയ്തുകൊണ്ട്, വ്യക്തികളെയും ജനസമൂഹങ്ങളെയും കൂടുതൽ മാനവികതയുള്ളവരും സാഹോദര്യമുള്ളവരുമാക്കാൻ ഇത് യഥാർത്ഥത്തിൽ സഹായിക്കുന്നുണ്ടോ? എന്ന ചോദ്യം അദ്ദേഹം ലോകമനസ്സാക്ഷിക്ക് നൽകുന്നു.
സാങ്കേതികവിദ്യ ധാർമ്മികമായി നിഷ്പക്ഷമല്ല; കാരണം അത് രൂപകല്പന ചെയ്യുന്നവരുടെയും, പണം മുടക്കുന്നവരു ടെയും, നിയന്ത്രിക്കുന്നവരുടെയും, ഉപയോഗിക്കുന്നവരുടെയും മൂല്യങ്ങളെയും താല്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്.
ചുരുക്കത്തിൽ സാങ്കേതികവിദ്യയുടെ മൂല്യം നിലകൊള്ളുന്നത് അത് എത്രത്തോളം മനുഷ്യന്റെ അന്തസ്സിനെ മാനിക്കുന്നു, എത്രകണ്ട് പൊതുനന്മയ്ക്ക് ഉപകാരപ്രദമാകുന്നു എന്നിവയെ ആധാരമാക്കിയാണ്. മനുഷ്യജീവിത ത്തിന്റെ ധാർമ്മികവും ആത്മീയവും പരസ്പരബന്ധിതവുമായ തലങ്ങളെ അവഗണിച്ചുകൊണ്ട്, സാങ്കേതികവിദ്യ യാണ് മനുഷ്യപുരോഗതിയുടെ പരമമായ ഉറവിടമെന്ന് കരുതുന്ന സാങ്കേതിക-മേധാവിത്വ മനോഭാവ ത്തിനെതിരെയാണ് മാർപാപ്പ മുന്നറിയിപ്പ് നൽകുന്നത്. യഥാർത്ഥ മനുഷ്യവികാസം എന്നത് വ്യക്തിപര മായ ക്ഷേമം, സദ്ഗുണപൂർണ്ണമായ ജീവിതം, അർഥവത്തായ ജോലി, വിശ്രമം, കൂട്ടായ്മ, ദൈവത്തോടും സഹജീവിയോടുമുള്ള സൗഹൃദം എന്നിവയിലാണ് അടങ്ങിയിരിക്കുന്ന തെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
നിർമ്മിതബുദ്ധിയുടെ അപാരമായ സാധ്യതകളെ അംഗീകരിക്കുമ്പോൾ തന്നെ, ജനാധിപത്യം, സത്യം, സാമൂഹിക ബന്ധങ്ങൾ, മനുഷ്യന്റെ സമഗ്രത എന്നിവയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ അത് ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ഈ പ്രബോധനം മുന്നറിയിപ്പ് നൽകുന്നു. സാങ്കേതിക നവീകരണങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നതിന് പകരം, ജ്ഞാനം, ഐക്യദാർഢ്യം, നീതി, പാർശ്വവൽക്കരിക്കപ്പെട്ടവരോ ടുള്ള കരുതൽ എന്നിവയാൽ നയിക്കപ്പെടുന്ന നിർമ്മിതബുദ്ധിയുടെ ഉത്തരവാദിത്തപൂർണ്ണമായ വികാസ ത്തിനും ഭരണക്രമത്തിനുമായി ലിയോ മാർപാപ്പ ആഹ്വാനം ചെയ്യുന്നു.
മനുഷ്യാന്തര യുഗത്തിലെ മാനവികത
സാങ്കേതികവിദ്യ അതിദ്രുതഗതിയിൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒരു കാലഘട്ടത്തിൽ എങ്ങനെ ഒരു യഥാർത്ഥ മനുഷ്യനായി നിലകൊള്ളാം എന്ന അന്വേഷണമാണ് ഈ ചാക്രിക ലേഖനം. ഈ കാലഘട്ടത്തിലെ മാറ്റത്തെ യുഗമാറ്റം (epochal change) എന്നാണ് ലിയോ മാർപാപ്പ വിശേഷിപ്പി ക്കുന്നത്. നാനാതരത്തിലുള്ള മാറ്റങ്ങൾ അതിവേഗം സംഭവിക്കുന്ന ഈ ലോകത്ത് പ്രത്യാശയോടെയും ജ്ഞാന ത്തോടെയും ധാർമ്മിക ധീരതയോടെയും ഭാവിയെ നേരിടാൻ അദ്ദേഹം ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു.
മനുഷ്യത്വത്തോടും മാനവികത യോടുമുള്ള ശക്തമായ പ്രതിബദ്ധത യാണ് ഈ ചാക്രികലേഖനത്തെ കാലികപ്രസക്തമാക്കുന്ന ഒരു പ്രധാന ഘടകം. സാങ്കേതികവിദ്യയുടെ അടിസ്ഥാന ലക്ഷ്യം മനുഷ്യവ്യക്തി യുടെയും മാനവ സമൂഹത്തിന്റെയും നന്മയായിരിക്കണം. സാങ്കേതികവിദ്യ സ്വയം ഒരു ലക്ഷ്യമല്ല; അത് ഒരു ഉപകരണം മാത്രമാണ്, തന്മൂലം, മനുഷ്യരെ ഒരിക്കലും വെറും ഡാറ്റയായോ ഉത്പാദനക്ഷമതയുടെ അളവു കോലായോ സാമ്പത്തിക മൂല്യമായോ ചുരുക്കാൻ പാടില്ല. സാങ്കേതികവിദ്യയുടെ പരീക്ഷണ വസ്തുക്കളായോ നിർമ്മിതബുദ്ധിയുടെ വികസനത്തിനായുള്ള ഉപഭോഗവസ്തുവായോ അല്ലെങ്കിൽ മെച്ചപ്പെടുത്തേണ്ട (optimize ചെയ്യേണ്ട) വിഭവങ്ങളായോ മാത്രം കാണുന്ന സാങ്കേതിക-മേധാവിത്വപരത്തെ (technocracy) അദ്ദേഹം വിമർശിക്കുന്നുണ്ട്.
സാങ്കേതികവിദ്യ സ്വയം ഒരു ലക്ഷ്യമല്ല; അത് ഒരു ഉപകരണം മാത്രമാണ്, തന്മൂലം, മനുഷ്യരെ ഒരിക്കലും വെറും ഡാറ്റയായോ ഉത്പാദനക്ഷമതയുടെ അളവുകോലായോ സാമ്പത്തിക മൂല്യമായോ ചുരുക്കാൻ പാടില്ല.
സാങ്കേതികമായി മെച്ചപ്പെടുത്തപ്പെട്ട ഒരു ഉന്നതവിഭാഗവും (enhanced elites), മൂല്യം കുറഞ്ഞവരായി കരുതപ്പെടുന്ന ‘രണ്ടാം തരം’ മനുഷ്യരും തമ്മിൽ സമൂഹം വിഭജിക്കപ്പെടുന്ന ഒരു ഭാവിയെക്കുറിച്ച് ചില പോസ്റ്റ്ഹ്യൂമനിസ്റ്റ് ചിന്താഗതിക്കാർ വിഭാവനം ചെയ്യുന്നതി നെതിരെ മാർപാപ്പ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ചിന്തകൾ പുതിയ തരത്തിലുള്ള ഒഴിവാക്കലുകൾക്കും അസമത്വങ്ങൾക്കും ആധിപത്യങ്ങൾക്കും നിയമസാധുത നൽകാൻ ഇടയാക്കും. ഇതേ മനോഭാവം തന്നെയാണ് സമകാലിക ഘടനാപരമായ കടക്കെണികളിലും സാമ്പത്തിക ആശ്രയത്വങ്ങളിലും പ്രതിഫലിക്കുന്നത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു; ഇത് ജനസമൂഹങ്ങളെ ആശ്രിതാവസ്ഥയിൽ നിലനിർത്തുകയും അടിമത്തത്തിന്റെ പുതിയ രൂപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഓരോ വ്യക്തിക്കും സഹജമായ അന്തസ്സും സ്വാതന്ത്ര്യവും മനസ്സാക്ഷിയും ദൈവവിളിയുമുണ്ട്; ഇത് നിർമ്മിച്ചെടു ക്കാനോ പകർത്തിയെഴുതാനോ പകരം വയ്ക്കാനോ ഒരു യന്ത്രത്തിനും സാധ്യമല്ല. ഡിജിറ്റൽ വിപ്ലവം മനുഷ്യസ്വാതന്ത്ര്യത്തിൽ കടന്നു കയറുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന ലിയോ മാർപാപ്പ ഒരാളുടെ വ്യക്തിപരമായ സ്വയംഭരണത്തെയും (autonomy) ധാർമ്മിക ഉത്തരവാദിത്ത ത്തെയും ബാധിക്കുന്ന രീതിയിൽ മനുഷ്യന്റെ പെരുമാറ്റങ്ങളെ നിരീക്ഷിക്കു കയോ, പ്രവചിക്കുകയോ, കൃത്രിമമായി സ്വാധീനിക്കുകയോ ചെയ്യുന്ന സാങ്കേതിക സംവിധാനങ്ങൾക്കെതിരേ ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. നിർമ്മിത ബുദ്ധിക്ക് മനുഷ്യന്റെ തീരുമാനങ്ങളെ സഹായിക്കാൻ കഴിയുമെങ്കിലും, അതിന് ഒരിക്കലും മനുഷ്യന്റെ വിധിനിർണ്ണയ ത്തിനോ (judgement) മനസ്സാക്ഷിക്കോ (conscience) പകരമാകാൻ കഴിയില്ല. ഈ കാലഘട്ടത്തിൽ രൂപപ്പെട്ടുവരുന്ന “ഡിജിറ്റൽ ശ്രദ്ധാ സമ്പദ്‌വ്യവസ്ഥ” (digital attention economy) യെ വിമർശനാത്മക മായി സമീപിക്കണമെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. പല ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും മനഃപൂർവം രൂപകല്പന ചെയ്തിരിക്കുന്നത് മനുഷ്യവ്യക്തിയുടെ മാനസികമായ ബലഹീനതകളെ ചൂഷണം ചെയ്ത് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചെടുക്കാനും നിലനിർത്താനു മാണ്. ഇത്തരം സംവിധാനങ്ങൾ പലപ്പോഴും മനുഷ്യന്റെ ക്ഷേമത്തേക്കാളുപരിയായി ഉപയോക്താക്കളുടെ സാമ്പത്തിക താൽപര്യങ്ങൾക്കും ലാഭത്തിനു മാണ് മുൻഗണന നൽകുന്നത്. ഇത് മനുഷ്യന്റെ ആന്തരിക സ്വാതന്ത്ര്യ ത്തെയും മനസ്സാക്ഷിയുടെ തീരുമാനത്തെയും ദുർബലപ്പെടുത്തുന്നു.
മനുഷ്യപരിമിതിയെക്കുറിച്ചുള്ള ദൈവശാസ്ത്രപരവും ദാർശനികവും ആധ്യാത്മികവുമായ ഉൾക്കാഴ്ച കളാണ് ഈ പ്രബോധനത്തെ ആധികാരികമാക്കുന്നതും ഇതിന് കൂടുതൽ മിഴിവ് നൽകുന്നതും. മനുഷ്യർ സാങ്കേതിക പൂർണ്ണത യ്ക്കായി മാത്രം ശ്രമിക്കുന്ന ഒറ്റപ്പെട്ട വ്യക്തികളല്ല, മറിച്ച് ദൈവത്തോടും പരസ്പരവും കൂട്ടായ്മയിലാകാൻ വിളിക്കപ്പെട്ട സാമൂഹിക ജീവികളാണ്. മനുഷ്യവികാസം ഉണ്ടാകുന്നത് നമ്മുടെ പരിമിതികളെ അവഗണിച്ചുകൊണ്ടല്ല, മറിച്ച്, പലപ്പോഴും അവയിലൂടെ തന്നെ യാണ്. ബലഹീനത, ആശ്രയത്വം, ക്ഷമ, ത്യാഗം, കാരുണ്യം, പരിചരണം എന്നിവയുടെ അനുഭവ ങ്ങളാണ് മനുഷ്യജീവിതത്തിന്റെ ആഴത്തിലുള്ള പരസ്പരബന്ധിതമായ സ്വഭാവത്തെ വെളിപ്പെടുത്തുന്നത്. ഡോക്ടർമാർ രോഗികളെ പരിചരിക്കുന്നു, മാതാപിതാക്കൾ മക്കളെ വളർത്തുന്നു, സമൂഹങ്ങൾ ദുർബലരായവർക്ക് പിന്തുണ നൽകുന്നു, വ്യക്തികൾ സ്നേഹം നൽകിയും സ്വീകരിച്ചും വളരുന്നു. ഇത്തരം പരസ്പര പരിചരണങ്ങൾ ബലഹീനതയുടെ ലക്ഷണങ്ങളല്ല, മറിച്ച് യഥാർത്ഥ മനുഷ്യവികാസ ത്തിന്റെ പ്രകടനങ്ങളാണ്. മാർപാപ്പ എഴുതുന്നതുപോലെ: “ദൈവകൃപ യിലൂടെ നമ്മെത്തന്നെ അതിജീവി ക്കാനുള്ള (transcend) സാധ്യതയെ നമ്മൾ സ്വീകരിക്കുമ്പോൾ, നമ്മൾ നമ്മുടെ സ്വഭാവത്തെ നിഷേധിക്കു കയോ മനുഷ്യത്വം കുറഞ്ഞവരായി മാറുകയോ ചെയ്യുന്നില്ല.” മനുഷ്യന്റെ പൂർണ്ണത അടങ്ങിയിരി ക്കുന്നത് നമ്മുടെ മനുഷ്യത്വത്തിൽ നിന്ന് രക്ഷപ്പെടുന്നതിലല്ല, മറിച്ച് ദൈവത്തോടും മറ്റുള്ളവരോടുമുള്ള ആഴത്തിലുള്ള കൂട്ടായ്മയിലേക്ക് നമ്മെത്തന്നെ സമർപ്പിക്കുന്ന തിലാണ്.
ക്രിസ്തുവിൽ പൂർണ്ണത കണ്ടെത്തുന്ന മാനവികത
മാനവികത അതിന്റെ പൂർണ്ണമായ അർഥം കണ്ടെത്തുന്നത് ക്രിസ്തുവിലാണ് എന്ന ക്രിസ്തു വിജ്ഞാനീയത്തിന്റെ ദൈവശാസ്ത്ര അടരുകളിലാണ് ഈ പ്രബോധന ത്തിന്റെ സമാപനദർശനങ്ങൾ പൂർണ്ണത കണ്ടെത്തുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സഭ ആധുനിക ലോകത്തിൽ എന്ന പ്രമാണരേഖയിലെ പ്രശസ്തമായ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടാണ് ക്രിസ്തുവിജ്ഞാനീയത്തിന്റെ മനോ ഹാരിത അദ്ദേഹം വിവരിക്കുന്നത്. “മനുഷ്യാവതാരം ചെയ്ത ദൈവവചനത്തിന്റെ രഹസ്യത്തിൽ മാത്രമേ മനുഷ്യത്വത്തിന്റെ രഹസ്യം യഥാർത്ഥത്തിൽ വ്യക്തമാകൂ.” ക്രിസ്തുവിജ്ഞാനീയത്തിന്റെ ഈ അടിസ്ഥാനദർശനമാണ് ഈ ചാക്രിക ലേഖനത്തിന്റെ വ്യാഖ്യാനത്തിനുള്ള താക്കോലായി വർത്തിക്കുന്നത്. മനുഷ്യരാശിക്ക് എപ്പോഴൊക്കെ തങ്ങളുടെ യഥാർത്ഥ സ്വത്വത്തെക്കുറിച്ച് (identity) കാഴ്ചപ്പാട് നഷ്ടപ്പെടാൻ സാധ്യതയുണ്ടോ, അപ്പോഴൊക്കെ യഥാർത്ഥ മനുഷ്യവിശുദ്ധി പൂർണ്ണ മായി വെളിപ്പെടുത്തപ്പെട്ട മനുഷ്യാവ താരം ചെയ്ത ദൈവവചനമായ യേശുക്രിസ്തുവിലേക്ക് നോക്കാൻ ക്രൈസ്തവർ ക്ഷണിക്കപ്പെടുന്നു. സാങ്കേതിക ദൈവത്വത്തിന് പകരം മനുഷ്യരാശിക്ക് ആവശ്യം ദൈവകൃപയാണെന്നാണ് ലിയോ മാർപാപ്പയുടെ പ്രബോധനം.
നിർമ്മിത ബുദ്ധിക്ക് മനുഷ്യന്റെ തീരുമാനങ്ങളെ സഹായിക്കാൻ കഴിയുമെങ്കിലും, അതിന് ഒരിക്കലും മനുഷ്യന്റെ വിധിനിർണ്ണയ ത്തിനോ മനസ്സാക്ഷിക്കോ പകരമാകാൻ കഴിയില്ല.
ആത്യന്തികമായി, ഈ പ്രബോധനം ആത്മീയ ഉന്നതിയെ ക്കുറിച്ചുള്ള (transcendence) രണ്ട് വ്യത്യസ്ത വീക്ഷണങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നു. സാങ്കേതിക മായ മെച്ചപ്പെടുത്തലുകളിലൂടെ പൂർണ്ണത തേടുകയും കൂടുതൽ ശക്തമായ സാങ്കേതികവിദ്യകളി ലൂടെ മനുഷ്യന് സ്വയം ഒരുതരം ദൈവത്വം (self-divinization) കൈവരിക്കാൻ കഴിയുമെന്ന് ഭാവനയിൽ കാണുകയും ചെയ്യുന്ന കാഴ്ചപ്പാടാണ് ഒന്നാമത്തേത്. മറ്റേ വീക്ഷണമാകട്ടെ, പൂർണ്ണതയ്ക്കും അമരത്വത്തിനും ആത്മീയ ഉന്നതി ക്കും വേണ്ടിയുള്ള മനുഷ്യന്റെ ഏറ്റവും ആഴമേറിയ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ദൈവകൃപയ്ക്ക് (God’s grace) മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവും. അതുകൊണ്ട്, മനുഷ്യാന്തര ജീവി (posthuman) ആകുന്നതിലല്ല മനുഷ്യരാശിയുടെ ഭാവി അടങ്ങിയിരിക്കുന്നത്, മറിച്ച് ദൈവത്തോടും മറ്റുള്ളവരോടുമുള്ള കൂട്ടായ്മയിലൂടെ പൂർണ്ണമായി മനുഷ്യനായി ജീവിക്കുന്നതിലാണ് എന്ന് ഈ ചാക്രികലേഖനം ഉപസംഹരിക്കുന്നു.
മാനവികതയുടെ മഹത്വം നിലകൊള്ളുന്നത് ബന്ധങ്ങൾ സ്ഥാപിക്കാനും, സ്നേഹിക്കാനും, സ്വന്തം ബലഹീനതകളെ ഉൾക്കൊള്ളാനും, ദൈവകൃപയ്ക്കായി തുറന്ന മനസ്സ് പുലർത്താനുമുള്ള അതിന്റെ ശേഷിയിലാണ്. മനുഷ്യർ തങ്ങളുടെ ആത്യന്തികമായ പൂർണ്ണത കണ്ടെത്തുന്നത് സാങ്കേതികമായ മെച്ചപ്പെടുത്ത ലുകൾ (optimization) വഴിയല്ല, മറിച്ച് യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ ജീവനിൽ പങ്കുകാരാകുന്നതിലൂടെയാണ്.