ദുഃഖവെള്ളി സൃഷ്ടിച്ചവര്‍; സൃഷ്ടിക്കുന്നവര്‍

ഒരു സമകാലിക വായന
ദുഃഖവെള്ളി സൃഷ്ടിച്ചവര്‍; സൃഷ്ടിക്കുന്നവര്‍
Published on

1. നീതിയില്ലാത്ത എല്ലാ വിധികളും ദൈവപുത്ര ഹത്യകളാണ്

ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ വിഖ്യാതമായ ആക്ഷേപ ഹാസ്യനാടകമാണ് 'അന്ദേര്‍ നഗര്‍ ചൗപട് രാജാ.' മലയാള സാഹിത്യകാരനായ ആനന്ദ് തന്റെ 'ഗോവര്‍ധന്റെ യാത്രകളില്‍' ഈ കഥ ഉപയോഗിക്കുന്നുണ്ട്. കഥ ഇങ്ങനെയാണ്. ഒരാളുടെ മതില്‍ ഇടിഞ്ഞുവീണ് പരാതിക്കാരന്റെ ആട് ചത്തു. ആടിന്റെ ഉടമ പരാതി കൊടുത്തപ്പോള്‍ വിഡ്ഢിയായ രാജാവ് മതില്‍ പണിത കല്ലാശാരിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ആടിനും പശുവിനും പകരം മനുഷ്യനെ കൊല്ലുന്ന വിഡ്ഢികളായ രാജാക്കന്മാര്‍ എന്നുമുണ്ടല്ലോ! മതില്‍ പണിത കല്ലാശാരി പറഞ്ഞു: തൂക്ക് കട്ട പിടിച്ച മൈക്കാട് പണിക്കാരന്റെ അശ്രദ്ധ കൊണ്ടാണ് മതില്‍ ചരിഞ്ഞ് പോയതെന്ന്! വിഡ്ഢിയായ രാജാവ് മൈക്കാട് പണിക്കാരനെ തൂക്കിലേറ്റാന്‍ വിധിച്ചു. അയാളെ കൊലമരത്തിനു അടുത്തെത്തിച്ചപ്പോള്‍ കൊലക്കയര്‍ അയാളുടെ കഴുത്തിന് പാകമാകുന്നില്ല. അപ്പോള്‍ രാജാവ് പറഞ്ഞു: 'കുരുക്കിന് പാകമായ കഴുത്ത് അന്വേഷിക്കുവിന്‍' ഉടനെ തന്നെ പടയാളികള്‍ അതിലെ പോയ വഴിയാത്രക്കാരനായ ഗോവര്‍ദ്ധനെ പിടിച്ച് കൊലക്കയര്‍ കഴുത്തില്‍ അണിയിച്ചു നോക്കി. പാകമാണെന്ന് കണ്ടപ്പോള്‍ ആശാരിക്ക് പകരം ഗോവര്‍ദ്ധനെ തൂക്കിലേറ്റി. കുരുക്കിന് പറ്റിയ കഴുത്ത് അന്വേഷിക്കുന്ന ലോകം!

ജനം മുഴുവന്‍ നശിക്കാതിരിക്കാന്‍ ഒരുവന്‍ മരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ കയ്യാഫാസും കുരുക്കിന് പറ്റിയ കഴുത്ത് തിരഞ്ഞ അന്ദേര്‍ നഗരിയിലെ രാജാവും തമ്മില്‍ എന്താണ് വ്യത്യാസം? 1500 കിലോ മീറ്റര്‍ അകലെയുള്ള കലാപത്തിന്റെ കാരണക്കാരനാണെന്ന് പറഞ്ഞ് സ്റ്റാന്‍ സ്വാമിയെ ജയിലില്‍ ഇല്ലാതാക്കിയവരും മണിപ്പൂരിന്റെ കണ്ണീരും കുരുക്കിന് പറ്റിയ കഴുത്ത് തിരഞ്ഞ വിഡ്ഢിയായ രാജാക്കാന്‍മാരുടെ നീതിയില്ലായ്മയുടെ സാക്ഷ്യപത്രങ്ങളല്ലേ? നീതിയില്ലാത്ത എല്ലാ വിധികളും ദൈവപുത്ര ഹത്യകളാണ് എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ഈ ദുഃഖവെള്ളിയും.

2. പീലാത്തോസ് ഒരു റോമന്‍ ഗവര്‍ണറുടെ മാത്രം പേരല്ല, ചിരഞ്ജീവിയാണ് !

ചെയ്ത തിന്മകളെക്കാള്‍, ചെയ്യാത്ത നന്മകള്‍ നമ്മെ അസ്വസ്ഥപ്പെടുത്തേണ്ട ഒരു കാലത്തിന്റെ പ്രതിനിധിയാണ് പീലാത്തോസ്. ആര്‍ജവത്തോടെയും ഉള്‍ബലത്തോടെയും ചെയ്യേണ്ട ചില ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള നമ്മുടെ നിസ്സംഗവും അവസരവാദപരവുമായ ഒഴിഞ്ഞുമാറലുകള്‍ നിഷ്‌കളങ്കരായ നീതിമാന്മാരുടെ മരണത്തില്‍ കലാശിച്ചേക്കാം എന്ന ചരിത്രത്തിന്റെ മുറിവോര്‍മ്മയാണ് പീലാത്തോസ്! അതെ, പീലാത്തോസ് ചരിത്രത്തിലവസാനിച്ച ഒരാളല്ല, തുടര്‍ച്ചകള്‍ ഉള്ള ആള്‍ക്കൂട്ടമാണ്.

പീലാത്തോസ് ചെയ്ത തെറ്റെന്താണ്? ഉപേക്ഷയുടെ പാപം ചെയ്തവനാണ് പീലാത്തോസ്. അവന്റെ മനസ്സാക്ഷിക്ക് ശരിയെന്നു തോന്നിയ കാര്യം ചെയ്യാതെ തന്റെ ചുറ്റുമുള്ള ചിന്തയില്ലാത്ത ആള്‍ക്കൂട്ടത്തിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിര്‍ബന്ധമായും ചെയ്യേണ്ട നന്മ ചെയ്യാതിരുന്ന ഒരാള്‍! യേശു നിരപരാധിയാണ് എന്നയാള്‍ക്കറിയാം. വേണമെങ്കില്‍ ആ നിരപരാധിയെ രക്ഷപെടുത്താനുള്ള അധികാരവും ബലവുമുണ്ട്. ഒരു വേള, യേശുവിനെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ടയാള്‍. പക്ഷെ ഗവര്‍ണര്‍ കസേര, ജനപ്രിയത, സീസറിന്റെ പ്രീതി എന്നിവയുമായി താരതമ്യം ചെയ്തപ്പോള്‍ രക്ഷിക്കപ്പെടാനുള്ള മൂല്യം നിശബ്ദനായ നസ്രായനുണ്ടെന്നു അയാള്‍ക്ക് തോന്നിയില്ല. അങ്ങനെ തോന്നിയാല്‍ തന്നെ ശരിയെന്നു തോന്നുന്ന കാര്യത്തിന് വേണ്ടി മനസ്സാക്ഷിയുടെ സ്വരത്തിനനുസരിച്ചു കരുണയെ കര്‍മ്മപഥത്തിലെത്തിക്കാനുള്ള ആര്‍ജവമോ ഉള്‍ബലമൊ അയാള്‍ കാണിച്ചില്ല. കണക്കു കൂട്ടലുകളില്‍ ശിഷ്ടം നഷ്ടമാണെന്ന് കണ്ടപ്പോള്‍ അയാള്‍ ബോധപൂര്‍വം നിസ്സംഗതയുടെ കലക്ക വെള്ളത്തില്‍ കൈ കഴുകിക്കളഞ്ഞു. ഇത്തരം ഉപേക്ഷകള്‍, നിസ്സംഗതകള്‍ എന്നും നിസ്സഹായരുടെ മരണത്തില്‍ തന്നെയാണ് കലാശിക്കാറ്.

മറുവശത്ത് നിഷ്പക്ഷരായ പീലാത്തോസ് മാന്യന്മാരുണ്ട്. നിഷ്പക്ഷതയുടെ മൂടുപടമിട്ട നിസ്സംഗതയുടെ ആള്‍രൂപമായി അഭിനവ പീലാത്തോസുമാര്‍ നവയുഗ പ്രത്തോറിയങ്ങളില്‍ നിന്നും എഴുന്നള്ളി വര്‍ ത്തമാനകാലത്തെ നീതിമാന്മാര്‍ക്കായി ഇന്നും കുരിശുകള്‍ പണിയുന്നുണ്ട്. അരുതുകള്‍ കണ്ടപ്പോള്‍ ബോധപൂര്‍വം കണ്ണടച്ചുകളഞ്ഞപ്പോഴും അനീതി കണ്ടപ്പോള്‍ ശബ്ദമുയര്‍ത്താതിരുന്നപ്പോഴും എന്നിലൊരു പന്തിയോസ് പീലാത്തോസ് രൂപപ്പെട്ടത് ഞാന്‍ തിരിച്ചറിഞ്ഞില്ലെന്നുണ്ടോ? കണ്ണാടിയിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കു; നീതിമാന്മാരുടെ രക്തത്തില്‍ കൈ കഴുകുന്ന റോമന്‍ ഗവര്‍ണറുടെ മുഖത്തിന്റെ ഛായ ഉണ്ടോ എനിക്ക്? സത്യമെന്താണെന്ന് എനിക്കും നിനക്കും അറിയാം; കുറ്റം ആരോപിക്കപ്പെടുന്ന നീതിമാന്മാര്‍ തെറ്റുകാരല്ലെന്നു നമുക്കെല്ലാവര്‍ക്കും അറിയാം. എന്നിട്ടും നിഷ്പക്ഷനെന്ന വ്യാജേന ഞാന്‍ കൈ കഴുകിത്തുടക്കുന്നു. ഞാനും നീയും കൈ കഴുകിയൊഴുക്കുന്ന പ്രളയജലത്തില്‍ കഴുത്തറ്റം മുങ്ങിത്താഴുന്നത് സത്യത്തിനു സാക്ഷ്യം വഹിക്കാനെത്തിയ പാവപ്പെട്ടവര്‍! അവന്‍ പറഞ്ഞത് സത്യമാണെന്ന് ഒരു കൂട്ടര്‍ പറഞ്ഞപ്പോള്‍ ഞാനും നീയും കുറച്ചു മുന്‍പ് അവന് ഓശാന പാടിയതാണ്. അവന്‍ പറയുന്നതാണ് ശരിയെന്ന് പറഞ്ഞ് അംഗീകാരത്തിന്റെ വസ്ത്രങ്ങള്‍ അവന്‍ പോയ വഴിയില്‍ ഞാനും നീയും വിരിച്ചതല്ലേ? ഒലിവില വീശി അവന്‍ പറഞ്ഞ സത്യത്തോട് നമ്മള്‍ യോജിച്ചതുമാണ്. പക്ഷെ ഇന്ന് കയ്യാഫാസിലെ കൌടില്യനുണര്‍ന്നപ്പോള്‍ ജനം ഒലിവിലയ്ക്കു പകരം മുള്‍മുടിയെടുത്തു; ഭൂരിപക്ഷാഭിപ്രായമാണ് സത്യത്തിന്റെ മാനദണ്ഡമെന്ന് കരുതുന്നവരുടെ കൂടെ ഞാനും നീയും കൂടി. കാരണം ഞാനും നീയും നിഷ്പക്ഷരാണ്; എനിക്കും നിനക്കും ഈ സമൂഹത്തില്‍ തുടര്‍ന്നും നിഷ്പക്ഷരായി ജീവിക്കണം. ജിബ്രാന്റെ കഥയിലെ പ്രവാചകനെപ്പോലെ വിവേകത്തിന്റെ ജലം ഒഴുക്കിക്കളഞ്ഞു പ്രളയജലം കുടിച്ച് ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തിനൊപ്പം ചേരുന്നു പീലാത്തോസ്. 'നിഷ്പക്ഷത' എന്ന കവിതയില്‍ സച്ചിദാനന്ദന്‍ കുറിച്ചതെത്രയോ സത്യം!

'നിഷ്പക്ഷത പറക്കാനറയ്ക്കുന്ന

ഒരു പക്ഷിയാണെങ്കില്‍

ഞാന്‍ അതിനെ തീറ്റിപ്പോറ്റിയിട്ടില്ല.

ചെന്നായ്ക്കും ആട്ടിന്‍കുട്ടിക്കും

ഒരേ നീതികൊടുക്കുന്ന

കാട്ടുദൈവമാണു നിഷ്പക്ഷതയെങ്കില്‍

നിയമസഭയിലും നീതിപീഠങ്ങളിലും

അതിന്റെ ഒറ്റകൊമ്പ് ഞാന്‍ കണ്ടിട്ടുണ്ട്.

നിഷ്പക്ഷത ന്യായാധിപന്‍

കഴുകുന്ന കയ്യാണെങ്കില്‍

കുരിശില്‍ ഏറുന്നവന്റെ രക്തമിറ്റുന്ന

വെള്ളിയാഴ്ച്ചയാണെനിക്കിഷ്ടം.'

ഇന്ന് പീലാത്തോസ് സിന്‍ഡ്രോം പല രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നമ്മള്‍ ചെയ്യാതെ പോകുന്ന നന്മകള്‍, ബോധപൂര്‍വമൊ അല്ലാതെയോ ഒഴിഞ്ഞു മാറുന്ന ഉത്തരവാദിത്വങ്ങള്‍ എന്നിവ പ്രത്യക്ഷമായും പരോക്ഷമായും ചുറ്റുമുള്ള നീതിമാന്മാരുടെ മരണങ്ങള്‍ക്ക് കാരണമാകുന്നില്ലെ? പോകുന്ന വഴികളില്‍ അപകടത്തില്‍ പെട്ട് കിടക്കുന്നവനെ തിരിഞ്ഞു നോക്കാത്ത പീലാത്തോസുമാര്‍ അവരുടെ മരണത്തിനുത്തരവാദികളാവുന്നില്ലേ? 'ഞാന്‍ എന്റെ സഹോദരന്റെ കാവല്ക്കാരനല്ല' എന്ന കായേന്‍വചനം നവയുഗ പീലാത്തോസുമാരുടെ ആപ്തവാക്യമായിക്കഴിഞ്ഞു. ന്യൂ ജനറേഷന്‍ പീലാത്തോസുമാര്‍ മൊബൈല്‍ ഫോണില്‍ വഴിയില്‍ വീണുകിടക്കുന്നവന്റെ പല ആങ്കിളില്‍ നിന്നുള്ള ഫോട്ടോ എടുത്തു കൈ കഴുകിക്കളയും. അവരെ സംബന്ധിച്ച് ഷെയറിംഗ് ഫെസ്ബുക്കിലും വാട്‌സ്ആപ്പിലും മാത്രം ചെയ്യേണ്ട കാര്യമാണ്. പീലാത്തോസ് ചിന്തിച്ച രീതിയില്‍ തന്നെയാണ് അവരും ചിന്തിക്കുന്നത്: ആശുപത്രി, പൊലീസ്, കേസ്, സാക്ഷിപറച്ചില്‍; എന്തിനാ മാരണം വലിച്ചു തലയില്‍ വയ്ക്കുന്നത്. കൂട്ടി നോക്കുമ്പോള്‍ ശിഷ്ടം നഷ്ടം! കൈ കഴുകാന്‍ നിസ്സംഗതയുടെ മഹാസമുദ്രങ്ങള്‍ തന്നെയുണ്ട് നമുക്ക്!

പീലാത്തോസ് മരിച്ചുപോയെന്ന് ആരാണു പറഞ്ഞത്? മാരകരോഗം വന്ന അയല്ക്കാരന് മരുന്നിനും നിത്യചെലവിനും വകയില്ലെന്നറിഞ്ഞിട്ടും ബാങ്കിലെ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ പലിശ നോക്കിയിരിക്കുന്നവന്‍ പീലാത്തോസിനേക്കാള്‍ ഭീകരനല്ലേ? സമയത്തുള്ള ചികിത്സയും പോഷകാഹാരവും കിട്ടാതെ മരിക്കുന്ന ഓരോരുത്തരുടെയും മരണം ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകിയൊഴിയുന്ന അഭിനവ പീലാത്തോസുമാരുടെ കരുണാരാഹിത്യമല്ലേ വെളിപ്പെടുത്തുന്നത്? അയല്ക്കാരനെ സൗഖ്യത്തിന്റെ ബെത്‌സയ്ദാക്കുളത്തിലേക്ക് നയിക്കുന്ന സമരിയാക്കാരാകുന്നതിനു പകരം പുരോഹിത ലേവായ വേഷം കെട്ടുന്നവര്‍ കുളത്തില്‍ കൈകഴുകി കുളം കലക്കുന്നവരായി മാറുന്നു. പീലാത്തോസ് മരിച്ചു പോയെന്ന് ആരാണു പറഞ്ഞത്?

അടുത്ത വീട്ടിലെ കുട്ടി പഠിക്കാന്‍ മിടുക്കനാണെന്നറിയാം. തുടര്‍ന്ന് പഠിപ്പിക്കാന്‍ നിത്യചെലവിനു ബുദ്ധിമുട്ടുന്ന കുടുംബനാഥനു വകയില്ലെന്നുമറിയാം. ചെറിയൊരു കൈ താങ്ങ് നല്‍കിയാല്‍ ആ കുടുംബം രക്ഷപ്പെട്ടേക്കാം. സഹായിക്കാന്‍ വകയുമുണ്ട്. എന്നിട്ടും ഏതെങ്കിലുമൊരു വിധത്തില്‍ അവരെ സഹായിക്കാതെ നൂറ്റൊന്നു പവന്‍ നല്കി മകളുടെ വിവാഹം ആര്‍ഭാടപൂര്‍വം നടത്തുന്നവനും കണക്കിനു മൊട്ട കിട്ടിയ സ്വന്തം മകനെ ലക്ഷങ്ങള്‍ നല്കി സ്വാശ്രയ എഞ്ചിനീയറിംഗ് കോളജില്‍ ചേര്‍ക്കുന്നവനുമൊക്കെ പീലാത്തോസിന്റെ ക്ലോണ്‍ പതിപ്പുകള്‍ തന്നെയല്ലേ? അതെ, പീലാത്തോസ് ചിരഞ്ജീവിയാ ണ്.

2. ജനസ്വരം ദൈവസ്വരം ആകണമെന്നില്ല.

ജനസ്വരം ദൈവസ്വരമാണെന്നു (Vox Populi, Vox Dei) പറഞ്ഞ മധ്യകാല ചിന്തകന്‍ കജറ്റന് തെറ്റു പറ്റിയോ? കാരണം ഇന്ന് ആള്‍ക്കൂട്ടത്തിന്റെ ആക്രോശം ദൈവസ്വരമായി തെറ്റിദ്ധരിക്കപ്പെടുന്നു. കാരണം 'അവനെ ക്രൂശിക്കുക' എന്ന് സ്വരമുയര്‍ത്തിയവരെക്കാള്‍ കൂടുതല്‍ ആളുകള്‍ ഓശാന വിളിക്കാനുണ്ടായിരുന്നു. ബറാബാസിനെ വിട്ടുതരിക എന്ന് പറഞ്ഞവരെക്കാള്‍ കൂടുതല്‍ പേര്‍ അവനെ ഓര്‍ത്ത് കരഞ്ഞ ജറുസലേം പുത്രിമാരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവന്‍ ഞങ്ങളുടെ രാജാവല്ല എന്ന് പീലാത്തോസിനോട് പറഞ്ഞവരെക്കാള്‍ കൂടുതല്‍ പേര്‍ അവനില്‍ നിന്ന് സൗഖ്യം സ്വീകരിച്ചവരും അവന്റെ വചനം സന്തോഷത്തോടെ കേട്ടവരുമായിരുന്നു. 40 ചമ്മട്ടിയടിയേറ്റ് നിശബ്ദനായി നില്ക്കുന്ന അവന്റെ മുഖത്തു തുപ്പിയവര്‍ ഒരുകാലത്ത് അവന്റെ കൂടെയുള്ള ജനക്കൂട്ടത്തെ ഭയന്ന് അവനെ പിടിക്കാന്‍ മടിച്ചവരായിരുന്നു. എന്നിട്ടുമെന്തേ സത്യം ക്രൂശിക്കപ്പെടുന്നു? കാരണം ഒന്നേയുള്ളൂ. നല്ലവരുടെ നിശബ്ദത! നീതിമാന്മാരെന്നു കരുതപ്പെടുന്നവരുടെ മൗനം! ഇന്നും ലോകത്ത് ദുഃഖവെള്ളികള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ കാരണം ഈ കുറ്റകരമായ മൗനം തന്നെ.

സംഘടിത ആരവങ്ങളിലും ആക്രോശങ്ങളിലും വിയോജിപ്പിന്റെ ചെറുസ്വരങ്ങള്‍ മുങ്ങിപ്പോകുന്നു. ചരിത്രത്തിലെന്നും ഇത്തരം സംഘടിത ആക്രോശങ്ങളുണ്ട്. ഒപ്പം കുറ്റകരമായ മൗനങ്ങളും! സോദോമില്‍ ആസക്തി പൂണ്ട ജനക്കൂട്ടം ലോത്തിന്റെ വിവേകസ്വരത്തെ തള്ളിയതുപോലെ, റോമിലെ കൊളൊസിയത്തില്‍ മല്ലയുദ്ധത്തില്‍ രസം പിടിച്ച ജനക്കൂട്ടം രസംകൊല്ലിയായ റ്റെലെമാക്കസിന്റെ സ്വരത്തെ ഉന്മൂലനം ചെയ്ത പോലെ, ഹിറ്റ്‌ലറിന്റെ വികാരാവേശഭ്രാന്തമായ സ്വരത്തില്‍ ഔഷ് വിറ്റ്‌സില്‍ വംശീയതയുടെ അരക്കില്ലങ്ങളൊരുങ്ങിയതു പോലെ, മണിപ്പൂരില്‍ വംശഹത്യയുടെ പത്മവ്യൂഹങ്ങള്‍ നിരപരാധികളെ കൂട്ടത്തോടെ കത്തിക്കുന്നതില്‍ എത്തി നില്ക്കുന്നു ഈ മുഖമില്ലാത്ത ആള്‍ക്കൂട്ട ആക്രോശങ്ങള്‍!

പറയുന്നതിലെ ശരിയെക്കാളും കാര്യകാരണ യുക്തിയെക്കാളും കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്ന ശബ്ദം വിജയിക്കുന്നു. അത്തരമിടങ്ങളില്‍ ദൈവപുത്രന്മാര്‍ കഴുവിലേറ്റപ്പെടും; ബറാബാസുമാര്‍ വാഴ്ത്തപ്പെട്ടവരാകും. വാസ്തവത്തില്‍ നമ്മുടെ ചാനല്‍ ചര്‍ച്ചകളിലും നിയമസഭകളിലും നടക്കുന്നത് ഇതു തന്നെയല്ലേ? സമകാലിക ഇന്ത്യയില്‍ മതേതരജനാധിപത്യവാദികള്‍ അസ്ത്രം തീര്‍ന്ന പാര്‍ത്ഥനെപ്പോലെ പതറിനില്ക്കുന്നത് ഈ സംഘടിത യുക്തിയുടെ കാട്ടുനീതി മൂലമല്ലേ? എല്ലാ ഹര്‍ത്താലും ബന്ദും വിജയിക്കപ്പെടുന്നതും ഈ ആള്‍ക്കൂട്ട ഫോബിയ കാരണമാണ്.

ഇറ്റാലിയന്‍ നോവലിസ്റ്റായ ഉംബെര്‍തൊ എക്കോ ചോദിച്ചു: എന്താണ് സത്യം? ക്രിസ്തു പോലും മൗനം ഭജിച്ച ചോദ്യത്തിന്റെ ഉത്തരം രസകരമാണ് 'Truth is a lucky lie' (ഭാഗ്യപ്പെട്ട നുണയാണ് സത്യം) വിജയിക്കുന്ന നുണയാണ് സത്യം. താനാഗ്രഹിക്കുന്ന ഉത്തരങ്ങള്‍ ആള്‍ക്കൂട്ടത്തെക്കൊണ്ട് പറയിക്കുന്ന തന്ത്രശാലികളായ നേതാക്കന്മാരുള്ളിടത്ത് ആരെ വേണമെങ്കിലും വാഴ്ത്തപ്പെട്ടവനാക്കാം, ഏതു നിരപരാധിയെ വേണമെങ്കിലും വീഴ്ത്തപ്പെട്ടവനുമാക്കാം. അങ്ങനെ ജനങ്ങള്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത് നല്ലതാണെന്ന കയ്യഫാസിന്റെ നുണ സത്യമാകുമ്പോള്‍ ദൈവപുത്രന്‍ ദൈവദൂഷകനാകും. ബറാബാസ് വിട്ടയക്കപ്പെടേണ്ട സ്വാതന്ത്ര്യ പോരാളിയാകും; അധികാരത്തിലുള്ളവര്‍ ദൈവദാസന്മാരാകും; സ്റ്റാന്‍സ്വാമിമാര്‍ രാജ്യദ്രോഹിയായ മാവൊയിസ്റ്റാകും. 'സത്യം ആദ്യ ചുവടുവയ്ക്കുന്നതിനു മുമ്പു തന്നെ നുണ സത്യത്തിന്റെ ചെരുപ്പ് ധരിച്ചു ലോകം ചുറ്റി വരു'മെന്ന് പഴമൊഴി.

ഇപ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നു: പൊതുജനാഭിപ്രായം, വികസനം എന്നൊക്കെപ്പറഞ്ഞു ഇവിടത്തെ പല നേതാക്കളും സര്‍ക്കാരുകളും അവതരിപ്പിച്ചവ നമ്മുടെ ആവശ്യങ്ങളായിരുന്നില്ല എന്ന്. ജനങ്ങളുടെ ദേശസ്‌നേഹം, മതവികാരം, ദാരിദ്ര്യം, അജ്ഞത എന്നിവ ചൂഷണം ചെയ്ത് പാവങ്ങളെ വെറും ആള്‍ക്കൂട്ടങ്ങളാക്കുന്ന നേതാക്കളുടെ തന്ത്രത്തിന്റെ ആദ്യത്തെ ഇരയാണോ ക്രിസ്തു? കയ്യഫാസുമാര്‍ സൃഷ്ടിക്കുന്ന ഇരകളെ കുരിശില്‍ തറച്ചുകൊന്നാല്‍ രാജ്യം സുരക്ഷിതം. സംഘടിത യുക്തിക്കൊപ്പം അവനെ ക്രൂശിക്കാനും തീയറ്റര്‍ കത്തിക്കാനും സംസ്‌കാരസംരക്ഷകരായ സദാചാര പൊലീസാകാനും തയ്യാറാകുന്നവര്‍ രാജ്യസ്‌നേഹികള്‍! വിയോജിപ്പിന്റെ വ്യാകരണങ്ങളെഴുതുന്നവര്‍ ദൈവദൂഷകര്‍, രാജ്യദ്രോഹികള്‍, വികസനവിരോധികള്‍, മാവോയിസ്റ്റുകള്‍! അവര്‍ക്ക് കുരിശു പണിയുന്ന പെരുന്തച്ചന്മാരുടെ വീതുളികള്‍ക്ക് വിശ്രമമില്ല. എന്നാലും കുരിശിന്റെ താഴെ നില്ക്കാന്‍ അവരില്‍ ചിലര്‍ ബാക്കിയാണ് കുരിശിലെ സത്യംകണ്ട് ഇവര്‍ ദൈവപുത്രരാണെന്നു വിളിച്ചു പറയാന്‍ ഏതാനും വിജാതീയ ശതാധിപന്‍മാര്‍ ബാക്കിയുണ്ട്. അവന്റെ ശിഷ്യനാണെന്ന് പറയാന്‍ കൂടെ നടക്കുന്നവര്‍ പോലും മടിക്കുന്ന ഒരു കാലത്ത് അവനെ കുരിശില്‍ നിന്നിറക്കി മാന്യമായൊരു യാത്രാമൊഴി നല്കാന്‍ ഏതാനും ജോസഫുമാര്‍ ഇപ്പോഴും അരിമത്തിയായില്‍ ജീവിച്ചിരിപ്പുണ്ട്. ബാലിന്റെ മുന്‍പില്‍ മുട്ട് മടക്കാത്ത 7000 പേരെ എക്കാലത്തും മാറ്റി നിറുത്തുന്ന ദൈവത്തിനു സ്തുതി!

  • 'അറ്റുപോം കൊമ്പില്‍ കളിക്കും കിളികളുണ്ട

  • സ്ഥിത്തറകളില്‍ ജീവിതസ്പന്ദമുണ്ട്.'

3. തിരഞ്ഞെടുപ്പ് കാലത്തെ ദുഃഖവെള്ളിയിലെ തിരഞ്ഞെടുപ്പുകള്‍

ദുഃഖവെള്ളി തിരഞ്ഞെടുപ്പുകളുടെ ദിവസമാണ്. തിരഞ്ഞെടുപ്പാണ് ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്; മരണത്തെയും. ദുഃഖവെള്ളിയുടെ തുടക്കം തന്നെ യൂദാസിന്റെ പാളിപ്പോയ തിരഞ്ഞെടുപ്പില്‍ നിന്നാണ്. ദൈവപുത്രനും വെള്ളിക്കാശിനുമിടയില്‍ മാമോനെ തിരഞ്ഞെടുത്ത യൂദാസിന്റെ വെള്ളിക്കാശുകള്‍ കുശവന്റെ ചുടലപറമ്പിന്റെ മൂലധനമായെന്നത് വെറുമൊരു യാദൃശ്ചികത മാത്രമല്ല. സൗഹൃദങ്ങളിലും ബന്ധങ്ങളിലും വഞ്ചനയും ചതിയും പുലര്‍ത്തുന്നവരുടെ ദാരുണ അന്ത്യം മരക്കൊമ്പുകളിലും ചുടലപറമ്പുകളിലും ആകുന്നതു സ്വാഭാവികം മാത്രം. അധാര്‍മ്മിക വഴികളിലുടെ അര്‍ഹതയില്ലാത്ത സ്വത്ത് സ്വരുക്കൂട്ടുന്നവര്‍ക്കും ബന്ധങ്ങളെ ലാഭനഷ്ട തുലാസിലിട്ടു തൂക്കുന്നവര്‍ക്കും ഒരു താക്കീതാണ് യൂദാസിന്റെ മരണം.

ദുഃഖവെള്ളിയില്‍ തെറ്റിപ്പോയ രണ്ടാമത്തെ തിരഞ്ഞെടുപ്പ് ബറാബാസിനും ക്രിസ്തുവിനുമിടയില്‍ ആള്‍ക്കൂട്ടം നടത്തിയ തിരഞ്ഞെടുപ്പാണ്. ബാറാബാസ് എന്ന പദം പിരിച്ചെഴുതിയാല്‍ 'ബാര്‍ അബാസ്' എന്നാകും. ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് ബറാബാസ് എന്ന പേരിന്റെ അര്‍ത്ഥം 'അപ്പന്റെ മകന്‍' എന്നതാണ്. സ്വര്‍ഗസ്ഥനായ അപ്പന്റെ മകന്‍ നിഷ്‌കളങ്കനായി മുന്നില്‍ നില്‍ക്കുമ്പോള്‍ ചോരക്കറ പുരണ്ട മനുഷ്യന്റെ മകനെ ജനം തിരഞ്ഞെടുക്കുന്ന വൈരുധ്യം. ലൂസിഫറിനും ദൈവത്തിനുമിടയില്‍ ലൂസിഫറിനെ തിരഞ്ഞെടുത്ത ആദത്തിന്റെ ക്രോമോസോമുകള്‍ പേറുന്നവര്‍ പറുദീസാ നഷ്ടത്തിന്റെ രണ്ടാം ഖണ്ഡം ആടുന്ന കാഴ്ച! ഇന്നും ദൈവത്തെ തള്ളി പാപത്തെ തിരഞ്ഞെടുക്കുന്ന മനുഷ്യര്‍ പേറുന്നത് ഈ ആദത്തിന്റെ ജീനുകള്‍ തന്നെ! ദുഃഖവെള്ളി ഇലക്ഷന്‍ ദിവസമാണ്. ദൈവം വേണോ പാപജീവിതം വേണോ എന്ന തിരഞ്ഞെടുപ്പ് നടത്തുന്ന ദിവസം.

ദുഃഖവെള്ളിയില്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തുന്നത് നല്ല കള്ളനാണ്. അമേരിക്കന്‍ മെത്രാനും റേഡിയോ പ്രഭാഷകനുമായ ഫുള്‍ട്ടന്‍ ജെ. ഷീന്‍ അവനെക്കുറിച്ച് ഇപ്രകാരം എഴുതി. 'അവന്‍ ജീവിത കാലം മുഴുവന്‍ മോഷ്ടിച്ചു. അവസാനം അനുതാപം വഴി പറുദീസയും മോഷ്ടിച്ചു.' വേദനയാല്‍ പിടയുമ്പോഴും രക്ഷ ആഗ്രഹിച്ച മനുഷ്യന് തന്റെ വേദന മറന്ന് പറുദീസയുടെ ഗേറ്റ് തുറന്നു കൊടുക്കുന്ന ദൈവം. ഇതല്ലേ ദുഃഖവെള്ളിയുടെ സന്ദേശം? മുറിവേറ്റവര്‍ അപരനെ മുറിപ്പെടുത്താന്‍ പാഞ്ഞു നടക്കുന്ന ഒരു ലോകത്ത് സ്വയം മുറിവേറ്റു സൗഖ്യം നല്കുന്ന ദൈവം!

കുറച്ചുനാള്‍ മുമ്പ് വാഹനാപകടത്തില്‍ മരിച്ച ബിനോയ് എന്ന ചെറുപ്പക്കാരന്റെ വരാപ്പുഴയിലുള്ള മാതാപിതാക്കളെ ഓര്‍ക്കുന്നു. സങ്കടക്കടലിന്റെ മധ്യത്തിലാണവര്‍. അതിനിടയിലും മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ വൃക്കയും കരളും ഹൃദയവും കൈപ്പത്തിയും വരെ ദാനം ചെയ്യാനുള്ള ദയാവായ്പ്പ് അവര്‍ക്കുണ്ടായി. പ്രത്യാശയറ്റ നാല് പുതിയ ജീവിതങ്ങള്‍ക്ക് മുന്‍പില്‍ പറുദീസയുടെ വാതില്‍ തുറന്നു കൊടുത്തവര്‍. നല്ല കള്ളനു പറുദീസയുടെ വാതില്‍ തുറന്നു കൊടുത്ത ക്രിസ്തുവിനെ കണ്ടപ്പോള്‍ വിജാതീയ ശതാധിപന്‍ പറഞ്ഞു. 'ഈ മനുഷ്യന്‍ ദൈവപുത്രനാണ്.' മനുഷ്യന് ദൈവികനാകാനുള്ള വഴിയും ഇതു തന്നെ. ഏദന്‍തോട്ടം അന്യമായവര്‍ക്ക് അതിലേക്കുള്ള വഴി കാണിച്ചു കൊടുക്കുക. കവി പാടുന്നതും ഇതുതന്നെ.

  • 'അന്യ ജീവനുതകി സ്വജീവിതം

  • ധന്യമാക്കുമമലേ വിവേകികള്‍.'

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org