ഭരണകൂടങ്ങളുടെ യഥാര്‍ത്ഥ ശേഷി കോവിഡ്-19 വെളിച്ചത്താക്കി

ഭരണകൂടങ്ങളുടെ യഥാര്‍ത്ഥ ശേഷി കോവിഡ്-19 വെളിച്ചത്താക്കി

സ്വപ്ന പാട്രോണിസ്

ആസൂത്രിതമായും നയപരമായും ദീര്‍ഘവീക്ഷണത്തോടെയും
പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ചാതുരിയാണ് ഭരണാധികാരികളെ
ചിരപ്രതിഷ്ഠിതരാക്കുന്നത്. കോവിഡുകാലം ആറുമാസം പിന്നിടുമ്പോള്‍
ഭരണകൂടങ്ങളുടെ കര്‍മ്മശേഷിയെ ബൗദ്ധികമായി വിശകലനം ചെയ്യുന്നു
ഈ ലേഖനം…

കോവിഡിനെ അതിജീവിച്ചവര്‍

കോവിഡ്-19 പകര്‍ച്ചവ്യാധി പടര്‍ന്നപ്പോള്‍ വ്യാപനം കുറയ്ക്കുന്നതിന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന ആശയം കൊണ്ടുദ്ദേശിച്ചത്, പരസ്പരം ഇടപഴകുന്നതില്‍നിന്നു ജനങ്ങളെ തടയുകയും ശാരീരിക അകലം പാലിക്കുകയും ചെയ്തുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കുക – flatten the curve – എന്നതായിരു ന്നു. ലോക്ക്ഡൗണ്‍ ഉപയോഗിച്ച് ഈ ലക്ഷ്യം നേടിയെടുത്ത നിരവധി രാജ്യങ്ങള്‍ ലോകത്തുണ്ട്. ഡെന്‍മാര്‍ക്, സ്ലോവാക്യ, ഗ്രീസ്, ഓസ്ട്രിയ, ആസ്‌ത്രേലിയ എന്നിവ ഇതിലുള്‍പ്പെടുന്നു. ന്യൂസിലന്റ് പോലെയുള്ള ചില രാജ്യങ്ങള്‍ സ മ്പൂര്‍ണ കോവിഡ് മുക്തമാകുന്നതിനു വേണ്ടി ലോക്ക്ഡൗണിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. ഐസ്‌ലന്‍ഡ് പോലെയുള്ള ചുരുക്കം ചില രാജ്യങ്ങള്‍ക്കു ലോക്ക്ഡൗണ്‍ ഇല്ലാതെ പോലും കോവിഡിനെ കീഴടക്കാനായി. മാര്‍ച്ചില്‍ കോവിഡ് ഗുരുതരമായി പടര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ ഉപയോഗിച്ചു വ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞു. കോവിഡ് രൂപംകൊണ്ട ചൈനയില്‍ പോലും കര്‍ക്കശമായ ലോക്ക്ഡൗണിലൂടെ 'വളവു നികത്തി.'

ഇന്ത്യയ്ക്കതിജീവിക്കാനായോ?

ദ. കൊറിയ മുതല്‍ ഐസ്‌ലന്‍ ഡ് വരെയുള്ള രാജ്യങ്ങള്‍ വിജയകരമായി ചെയ്ത കാര്യങ്ങള്‍ ചെ യ്യുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടപ്പെട്ടപ്പോള്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവ സ്ഥ, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ, 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവ സ്ഥ തുടങ്ങിയ വാചാടോപങ്ങളെ ല്ലാം വൃഥാവിലായി. രാജ്യത്തെ കോവിഡ് കൈകാര്യരീതിയെ സം ബന്ധിച്ചിടത്തോളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കബളിപ്പിക്കുകയായിരുന്നു. കൊറോണാ വൈറസ് സാഹചര്യം നിയന്ത്രി ക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണ് സംഭവിച്ചത്. മഹാഭാരതയുദ്ധം ജയിക്കാന്‍ വേണ്ടി വന്നതിനേക്കാള്‍ മൂന്നു ദിവസം മാ ത്രം അധികമെടുത്ത് 21 ദിവസം കൊണ്ട് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തുമെന്നാണ് 2020 മാര്‍ ച്ചില്‍ ദേശീയ ലോക്ക്ഡൗണ്‍ പ്ര ഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. താന്‍ പരസ്യമായി പ്ര ഖ്യാപിച്ച ലക്ഷ്യത്തിന്റെ അടി സ്ഥാനത്തില്‍ തന്നെ പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ പരാജയമായിരുന്നു. 500 പേര്‍ക്കു മാത്രം വൈറസ് ബാധ ഉണ്ടായിരുന്ന ഘ ട്ടത്തിലാണ് മോദി ഭരണകൂടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്ന് ലക്ഷകണക്കിനാളുകളാണ് രോഗബാധിതര്‍. ലോക്ക്ഡൗണി നെ തുടര്‍ന്ന്, പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതുമൂലം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേയ്ക്കു നടന്നു പോകു ന്ന സ്ഥിതിയുണ്ടായി. കോടിക്കണക്കിനു കുടിയേറ്റക്കാര്‍ സ്വന്തം സം സ്ഥാനങ്ങളില്‍ മടങ്ങിയെത്തിയ ശേഷം ലോക്ക്ഡൗണില്‍ ഇളവുവരുത്തി. തീവണ്ടികളില്‍ മരണമടഞ്ഞ 85 തൊഴിലാളികളുടെ കാ ര്യത്തില്‍ ആരാണ് ഉത്തരവാദി? എല്ലാവരും തന്നെ പിന്നോക്ക, പട്ടികജാതി വിഭാഗങ്ങളില്‍പ്പെടുന്നവരായിരുന്നു.

മന്ത്രിമാരും പാര്‍ട്ടി നേതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്ന വന്‍ സംഖ്യകളുടെ ഭാരത്തിനു കീഴില്‍ കോവിഡ് ചതഞ്ഞരഞ്ഞുവെന്ന പ്രതീതിയാണ് ബിജെപി നല്‍കി യത്. സാമ്പത്തിക, രാഷ്ട്രീയ, മനശ്ശാസ്ത്ര പാക്കേജിന് 20 ലക്ഷം കോടി രൂപ, 80 കോടി പേര്‍ക്ക് ഭക്ഷ്യധാന്യം, തീവണ്ടി നിരക്കിന്റെ 80 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിച്ചുകൊണ്ട് 1.25 കോടി കുടിയേറ്റതൊഴിലാളികള്‍ക്കു വീടുകളിലേ യ്ക്കു സുരക്ഷിതയാത്ര, വൈറസിനെ പേടിപ്പിച്ചയയ്ക്കാന്‍ 130 കോടി ജനങ്ങുടെ പാത്രം കൊട്ടും കൈയ്യടിയും തുടങ്ങിയ കണക്കുകള്‍. മരണസംഖ്യ 40,000 ആകുമ്പോള്‍ (ഈ ലേഖനം എഴുതുമ്പോള്‍) ഈ ഭീമന്‍ കണക്കുകള്‍ കേട്ടു അമ്പരക്കുകയാണ് സാധാരണ മനുഷ്യര്‍. അനുദിനം ഉണ്ടാകുന്ന പോസിറ്റീവ് കേസുകള്‍ അ മ്പതിനായിരം (ഈ ലേഖനം എഴുതുമ്പോള്‍) ആണ്, വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. തൊഴിലില്ലായ്മ 23 ശതമാനമായി, സാമ്പത്തീകവളര്‍ച്ച പൂജ്യത്തില്‍നിന്നു താഴെയാകുമെന്നാണു പ്രവചനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളിലോ, രാജ്യം സാധാരണ നിലയിലേയ്ക്കു മടങ്ങുകയാണെന്നു സൂചിപ്പിച്ച് വെര്‍ച്വല്‍ റാലികളില്‍ ബിജെപി ഉന്നതനേതാക്കള്‍ നടത്തുന്ന പ്ര സംഗങ്ങളിലോ ഈ കണക്കുകള്‍ എന്തെങ്കിലും നിങ്ങള്‍ കേട്ടോ? ഇല്ല. അതിര്‍ത്തിയിലെ സംഘര്‍ഷം, പൗരത്വഭേദഗതിനിയമം, അയോദ്ധ്യയിലെ രാമക്ഷേത്രം തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് അവയിലുള്ളത്.

എന്താണ് പരാജയകാരണങ്ങള്‍?

നമ്മുടെ കീശയിലെ പണത്തെ ക്കുറിച്ചു നമുക്കു കരുതലുണ്ടെങ്കില്‍, നമ്മുടെ നികുതി വരുമാനം കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാ ങ്ങാന്‍ ഉപയോഗിക്കുമ്പോള്‍, നാ മിതു ചോദിക്കേണ്ടതുണ്ട്: പകര്‍ ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ ഇ ന്ത്യയുടെ കര്‍ക്കശമായ ലോക്ക് ഡൗണ്‍ പരാജയപ്പെട്ടതെന്തുകൊണ്ട്? കാരണങ്ങള്‍ ഇവയാണ്:

ഇന്ത്യ വേണ്ടത്ര നേരത്തെ ആരംഭിച്ചില്ല. കോവിഡ് നിയന്ത്രിക്കുന്നതില്‍ വിജയിച്ച രാജ്യങ്ങള്‍ക്ക് പൊതുവായ ഒരു സംഗതിയുണ്ട്: അവര്‍ നേരത്തെ തുടങ്ങി. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഭൂട്ടാന്‍ എന്നിവയെ സംബന്ധിച്ചെല്ലാം ഇതു ശരിയാണ്. കേന്ദ്രസര്‍ക്കാര്‍ ആ സമയത്തു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ സ്വീകരി ക്കുവാന്‍ വേണ്ടിയും മധ്യപ്രദേ ശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താഴെയിടുവാന്‍ വേണ്ടിയുമുള്ള തിരക്കിലായിരുന്നു. പ്രഖ്യാപനം നടത്തി നാലു മണിക്കൂറിനുള്ളില്‍ കേന്ദ്ര ഗവണ്‍മെന്റ് ലോക്ക്ഡൗണ്‍ നടപ്പാക്കി. ഒരുങ്ങാനുള്ള സമയം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കോ പൊതുജനങ്ങള്‍ക്കോ നല്‍കിയില്ല. നാം ടെസ്റ്റുകള്‍ ബോധപൂര്‍വം വേണ്ടത്ര നടത്തിയില്ല എന്നതാണു മറ്റൊരു കാരണം. ആദ്യദിനം മുതല്‍ തന്നെ ഇന്ത്യ കോവിഡ് ടെ സ്റ്റുകള്‍ വേണ്ടത്ര നടത്തുന്നില്ല. കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കുറച്ചു കാണിക്കു ന്നതിനു വേണ്ടിയാണ് ഇത്. കേന്ദ്രവും സംസ്ഥാന സര്‍ ക്കാരുകളും ഇതില്‍ കൂട്ടു ത്തരവാദികളാണ്. അവര്‍ രാഷ്ട്രീയ തിരിച്ചടിയാണു ഭയപ്പെടുന്നത് – കോവിഡ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നുവെന്നു ജനങ്ങള്‍ പറയുമെന്ന് അവര്‍ ഭയപ്പെടുന്നു. വൈരുദ്ധ്യമെന്നു പറയട്ടെ, പരിശോധനകളുടെ കുറവ് കോവിഡ് വ്യാപനം കൂടുതലാക്കുകയാണു ചെയ്തത്. കാരണം, ആരെയാണ് ചികിത്സിക്കേണ്ടതെന്നു നമുക്കറിയില്ല. ജനങ്ങളിലേറെ പേരുടെ മേല്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാനായില്ല എന്നതാണ് ലോക്ക്ഡൗണ്‍ പരാജയപ്പെടാനുണ്ടായ മറ്റൊരു കാരണം. ആള്‍ത്തിരക്കേറിയ ചേരികളിലും വിദൂരസ്ഥങ്ങളായ ഗ്രാമങ്ങളിലും ജീവിക്കുന്ന ജനങ്ങള്‍, അവശ്യകാര്യങ്ങള്‍ക്കായി അവര്‍ക്കു യാത്ര ചെയ്യേണ്ടി വരുന്നു, വിളവെടുപ്പിനായി പുറത്തു പോകേണ്ടി വരുന്നു – ഇവയെല്ലാം ലോക്ക്ഡൗണ്‍ പാലിക്കാത്തവരുടേയും പരസ്പ രം ഇടപഴകുന്നവരുടേയും എണ്ണം വര്‍ദ്ധിപ്പിച്ചു. ലോകത്തെ ഏറ്റവും കര്‍ക്കശമായ ലോക്ക്ഡൗണ്‍ എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഫലത്തില്‍ ഏറ്റവും അയഞ്ഞ ഒരു ലോക്ക്ഡൗണ്‍ ആയിരുന്നു. എങ്കിലും പാവപ്പെട്ട ഏറ്റവും ഹതഭാഗ്യരായ പൗരന്മാരുടെ മേല്‍ ലോക്ക്ഡൗണിനായി പോലീസ് അതിക്രമം പ്രയോഗി ക്കപ്പെട്ടു. പലയിടത്തും ജനങ്ങള്‍ പോലീസിനു തിരിച്ചടി കൊടുക്കു ന്ന സംഭവങ്ങളും ഉണ്ടായി. ബോ ധവത്കരണത്തിലൂടെയുള്ള ഒരു ലോക്ക്ഡൗണായിരുന്നു ഇതിനു പകരം നമുക്കു വേണ്ടിയിരുന്നത്. ഇത് സ്വമേധയാലുള്ള പങ്കാളിത്തത്തോടെയുള്ള ലോക്ക്ഡൗണ്‍ സാദ്ധ്യമാക്കുമായിരുന്നു. ആരോഗ്യസംവിധാനങ്ങള്‍ ശക്തമാക്കാതേയും കോവിഡ് രോഗികളെ സംബന്ധിച്ചു നിര്‍ണായകമായ വെന്റിലേറ്ററുകള്‍ ഗുണമില്ലാത്തവ വാ ങ്ങിക്കൂട്ടിയും ലോക്ക്ഡൗണ്‍ കാ ലം ഗവണ്‍മെന്റ് പാഴാക്കുകയും ചെയ്തു. കൂടാതെ പിഎം കെ യേഴ്‌സ് ഫണ്ടിലെ സുതാര്യതയില്ലായ്മ ഇന്ത്യന്‍ ജനതയുടെ ജീവിതം അപകടത്തിലാക്കുകയാണ്.

കേളത്തിന്റെ സ്ഥിതി?

കേരളത്തിലേയ്ക്കു വരുമ്പോള്‍, കോവിഡ് പകരുന്നതു തടയാനുള്ള സംസ്ഥാനത്തിന്റെ പരിശ്രമങ്ങള്‍ ലോകം മുഴുവന്‍ പ്രശംസിക്കപ്പെട്ടെങ്കിലും ഇപ്പോഴത് തുറന്നു കാട്ടപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്തും എറണാകുളത്തുമെല്ലാം വലിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത് പ്രാദേശികവ്യാപനത്തിന്റെ സൂചനകളാണെന്നു വിദഗ്ദ്ധര്‍ പറയുന്നു. ഇതെഴു തുമ്പോള്‍ പ്രതിദിനം ആയിരത്തിലേറെ കേസുകള്‍ സംസ്ഥാനത്തു രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ പരിശോധനകള്‍, ലോക്ക്ഡൗണില്‍ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുന്നതിലുണ്ടായ പരാജയം, സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തുന്നതില്‍ തുടക്കത്തിലുണ്ടായ വിമുഖത എന്നിവയെ എല്ലാം വിദഗ്ദ്ധര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നു. ടെസ്റ്റുകള്‍ കുറവായിരുന്നതാണ് കേരളം നേരിടുന്ന തിരിച്ചടിയുടെ പ്രധാനകാരണമെന്നു വിദഗ്ദ്ധര്‍ കരുതുന്നു. അതുകൊണ്ട്, ഒളിഞ്ഞിരുന്ന കേസുകള്‍ യഥാസമയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതാണു സംസ്ഥാനമെമ്പാടും ഇപ്പോള്‍ കേസുകള്‍ കുതിച്ചുയരാന്‍ കാരണം. മാരത്തോണ്‍ ഓടേണ്ട സമയത്ത് ഹ്രസ്വദൂരം കുതിച്ചോടുന്ന തന്ത്രമാണ് കേരള ഗവണ്‍മെന്റ് സ്വീകരിച്ചത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പതിനായിരം സാമ്പിളുകള്‍ പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍ കേരളം മൂവായിരം സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. ഒളിഞ്ഞിരിക്കുന്ന കേസുകള്‍ കണ്ടെത്താനുള്ള വല കേരളം വ്യാപകമായി വിരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ കുതിച്ചുചാട്ടം മുന്‍കൂട്ടി കാണാന്‍ കഴിയുമായിരുന്നു. കേസുകള്‍ വളരെ കുറവായിരുന്നപ്പോള്‍ സമ്പര്‍ക്കം കണ്ടെത്താന്‍ കേരളം ഊര്‍ജം മുഴുവന്‍ ചിലവഴിച്ചു. ഒരു ടെസ്റ്റ് ഡോസ് മാത്രമായിരുന്ന കേ സിനെ നിയന്ത്രിക്കാന്‍ സംസ്ഥാനം അതിന്റെ ആള്‍ശേഷി മുഴുവന്‍ ഉപയോഗിച്ചു. ഇപ്പോള്‍ യഥാര്‍ത്ഥ ആവശ്യം ഉണ്ടായപ്പോള്‍ കഴിഞ്ഞ നാലു മാസങ്ങളിലെ അമിതാദ്ധ്വാനം മൂലം ഊര്‍ജം മുഴുവന്‍ ഉപയോഗിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതി. ലോക്ക്ഡൗണിലും തുടര്‍ ന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ സ ഞ്ചാരസാദ്ധ്യതകള്‍ തിരിച്ചറിയുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. ആന്റിബോഡി ടെസ്റ്റ് നടത്തിയതാണ് മറ്റൊരു തന്ത്രപരമായ പിഴവ്. ഇത് സമയവും പണവും പാഴാക്കുന്ന ഒരു പരിപാടി മാത്രമാണ്. ആന്റിജന്‍ പരിശോധനയാകുമായിരുന്നു കൂടുതല്‍ ഉചിതം. കാരണം, കൂടുതല്‍ കൃത്യത അതിനാണ്.

വേണ്ടത്ര തയ്യാറെടുപ്പ് ഉണ്ടായിരുന്നോ?

ലോക്ക്ഡൗണ്‍ രണ്ടു കാര്യങ്ങള്‍ക്കു വേണ്ടിയാണു ഉപയോഗിക്കാമായിരുന്നത് എന്നു വിദഗ്ദ്ധര്‍ പറയുന്നു – തയ്യാറെടുക്കാ നും വൈറസിനെ നിയന്ത്രിക്കാനും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തുന്ന രോഗികള്‍ക്ക് പരിശോധനയ്ക്കുള്ള സ്രവശേഖരണത്തി നു താലൂക്, ജില്ലാ ആശുപത്രികളിലേയ്ക്കു പോകണം. ഇത്രയധി കം നല്ല അടിസ്ഥാനസൗകര്യമു ള്ള ഒരു സംസ്ഥാനത്തിന് ഇതു കൂടാതെ കഴിക്കാമായിരുന്നു. പ്രാ പ്തി വര്‍ദ്ധിപ്പിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണിത്. മാസങ്ങള്‍ക്കു ശേഷവും തയ്യാറെടുപ്പുകളില്‍ പോരായ്മയുണ്ട്.

ആശുപത്രിക്കിടക്കകള്‍, വെന്റിലേറ്ററുകളുള്ള ഐസിയു കിടക്കകള്‍ എന്നിവയുടെ കാര്യത്തില്‍ ഗവണ്‍മെന്റിന്റെ പ്രാപ്തിയെക്കുറിച്ച് നടത്തിയ ആശയ വിനിമയങ്ങള്‍ സുതാര്യമായിരുന്നില്ല. എല്ലാം നന്നായി പോകുന്നുവെന്നും ലോക്ക്ഡൗണ്‍ കഴിയുന്നതോടെ കേരളം കോവിഡിനെ പരാജയപ്പെടുത്തി പുറത്തു കടക്കുമെന്നും ജനം കരുതി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഇപ്പോഴും പല സ്ഥലങ്ങളിലും തയ്യാറായിട്ടില്ല. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി) എന്നാല്‍ ഒരു വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ അല്ലെങ്കില്‍ കമ്മ്യൂണിറ്റി ഹാള്‍ കോവിഡ് ചികിത്സയ്ക്ക് വേണ്ടി പരിവര്‍ത്തനം ചെയ്ത് ഉപയോഗിക്കുക എന്നതാണ്. വൈകിയാണ് ഇപ്പോള്‍ എല്ലാ പഞ്ചായത്തുകളോടും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉണ്ടാക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും കുറവ് നേരിടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആള്‍ശേഷി കുറവാണ്. മേല്‍ത്തട്ടിലുള്ള ആശുപത്രികളിലെ സേവനം മുടങ്ങാതിരിക്കാന്‍ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളെ അവഗണിക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ഥിതിയുണ്ട്. പരിശോധനയ്ക്കുള്ള സ്രവശേഖരണത്തിനു പോലും നഴ്‌സുമാരേയും പാരാമെഡിക്കല്‍ ജീവനക്കാരേയും പരിശീലനം നല്‍കി സജ്ജരാക്കുന്ന വിധത്തില്‍, നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ക്കു കൂടുതല്‍ പരിശീലനം നല്‍ കുന്നതിനും പരിശ്രമമുണ്ടായില്ല. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നന്നായി ഉണ്ടെങ്കിലും കുറഞ്ഞ ശമ്പളം മൂലം നാഷണല്‍ ഹെല്‍ത്ത് മിഷനിലെ കോണ്‍ട്രാക്ട് തൊഴിലുകള്‍ ഏറ്റെടുക്കാന്‍ ആളില്ല. ആള്‍ശേഷിയുടെ കുറവ് പകര്‍ച്ചവ്യാധി നിയന്ത്രണ കാര്യത്തില്‍ മുന്‍കൂട്ടി കാ ണേണ്ടതായിരുന്നു. എഫ് എല്‍സിടിസികളിലെ മാലിന്യസംസ്‌കരണവും ഗവണ്‍മെന്റിന്റെ മുമ്പിലെ മറ്റൊരു പ്രശ്‌നമാണ്.

സ്വകാര്യമേഖലയെ അകറ്റി നിര്‍ത്തി

സ്വകാര്യ ആശുപത്രികളെ മാറ്റി നിറുത്തിയതാണ് തന്ത്രപരമായ മറ്റൊരു പിഴവെന്നു വിദഗ്ദ്ധര്‍ പറയുന്നു. കേരള ജനസംഖ്യയുടെ 65-70 ശതമാനം ആളുകള്‍ സ്വകാര്യമേഖലയെ ആണ് ആശ്രയിക്കുന്നത്. സ്വകാര്യമേഖലയെ ഇതുവരെ അകറ്റി നിറുത്തിയെങ്കിലും സാഹചര്യത്തിന്റെ അടിയന്തിരസ്വഭാവം മനസ്സിലാക്കി, ഇപ്പോള്‍ സ്വകാര്യ ആശുപത്രികളോടെല്ലാം കോവിഡ് രോഗികള്‍ക്കായി ചുരുങ്ങിയത് 20 കിടക്കകള്‍ വീതമെങ്കിലും നീക്കി വയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രോഗചികിത്സയ്ക്ക് സ്വകാര്യമേഖലയുമായി ഒരു അഭിപ്രായ ഐക്യത്തില്‍ എത്താന്‍ കഴിയേണ്ടതായിരുന്നു. വൈറസ് ഇത്രയും ശക്തിപ്രാപിക്കുമെന്നു സര്‍ക്കാര്‍ ഒരിക്കലും കരുതിയില്ല.

കോവിഡിനെ നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടത് വളരെ സുപ്രധാനമാണ്. കോവിഡിനെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ ഫാക്ടറികള്‍ക്കും ഓഫീസുകള്‍ക്കും വിപണികള്‍ക്കുമൊന്നും ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സാമ്പത്തിക പുനരുജ്ജീവനം സ്വപ്നമായി അവശേഷിക്കും. എങ്ങനെയായാലും, നാം ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്: ആരംഭഘട്ടത്തില്‍ തന്നെ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനെ സംബന്ധിച്ച് ബദല്‍ നിര്‍ദേശങ്ങള്‍ക്കു കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ചെവി കൊടുക്കാതിരുന്നത് എന്തുകൊണ്ട്? പ്രധാനമന്ത്രി രാഷ്ട്രീയനേട്ടത്തിനായി ദേശീയ താത്പര്യം ബലി കഴിച്ചുവോ? പകര്‍ച്ചവ്യാധിയെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ച തന്റെ അനുയായികളെ നരേന്ദ്ര മോദി അപലപിക്കാതിരുന്നത് എന്തുകൊണ്ട്? 'ചങ്ങല തകര്‍ക്കുന്നതിനോ' 'വളവു നികത്തുന്നതിനോ' ലോക്ക്ഡൗണ്‍ കൊണ്ടു കഴിയുന്നില്ലെന്നു വ്യക്തമായിട്ടും ലോക്ക്ഡൗണ്‍ മാത്രമാണ് പരിഹാരമെന്ന നിലപാടില്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉറച്ചു നില്‍ക്കുന്നത് എന്തുകൊണ്ട്? നേതാക്കളുടെ അഹംഭാവത്തെയും പ്രതിച്ഛായയേയും പ്രതി, യുക്തിഭദ്രമായ തിരുത്തല്‍ വരുത്താതിരിക്കുകയായിരുന്നുവോ ഇരു ഗവണ്‍മെന്റുകളും? എളുപ്പത്തില്‍ ഉത്തരങ്ങള്‍ നല്‍കാവുന്നതല്ല ഈ ചോദ്യങ്ങളൊന്നും. തോല്‍വിയടഞ്ഞെങ്കിലും അതു സമ്മതിക്കാനോ സഹായം തേടാനോ അറിയാത്ത ഭരണകൂടമെന്ന പ്രതീതിയാണ് ഇതു കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകളെ കുറിച്ചു നല്‍കുന്നത്.

സാമ്പത്തിക പ്രശ്‌ന പരിഹാര പദ്ധതിയുടെ അപര്യാപ്തത

കാര്യവിവരമുള്ള സാമ്പത്തികവിദഗ്ദ്ധരെല്ലാം ആവശ്യപ്പെട്ടിട്ടും, വിപണിയില്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള യാതൊന്നും മോദി സര്‍ക്കാര്‍ ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെടുത്തി നാം ചോദിക്കേണ്ടതുണ്ട്. 2020 മാര്‍ച്ചില്‍ ലഭ്യമാക്കിയ അധിക ലിക്വിഡിറ്റി ഉപയോഗപ്പെടുത്താന്‍ ബാങ്കുകള്‍ക്കു കഴിഞ്ഞില്ലെന്ന വസ്തുതയിരിക്കെ വീണ്ടും നിരന്തരമായി ലിക്വിഡിറ്റി നല്‍കുന്നതുകൊണ്ടെന്തു കാര്യം? വ്യവസായികളും വ്യാപാരികളും കര്‍ഷകരും തൊഴിലാളികളും യഥാര്‍ ത്ഥത്തില്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യങ്ങളെ ഇന്ത്യാ ഗവണ്‍മെന്റ് പരിശോധിക്കാത്തത് എന്തുകൊണ്ട്? ഈ പ്രതിസന്ധിയെ നേരിടുന്നതിന് അധിക വരുമാനം കണ്ടെത്തുന്നതിന് (നിരവധി നല്ല നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും) സര്‍ക്കാര്‍ യാതൊരു ശ്രമവും നടത്താ ത്തത് എന്തുകൊണ്ട്? തൊഴില്‍ നിയമം, കൃഷി, പരിസ്ഥിതി, നിക്ഷേപം തുടങ്ങിയവ സംബന്ധിച്ച നിരവധി നയംമാറ്റങ്ങള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ നടപ്പാക്കിയത് എന്തുകൊണ്ട്, അവയൊന്നും ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമോ പരിഹാരമോ അല്ലെന്നിരിക്കെ; യഥാര്‍ത്ഥ സാമ്പത്തിക സാഹചര്യം രാജ്യത്തോടു വെളിപ്പെടുത്താത്തത് എന്തുകൊണ്ട്? എങ്ങനെയെങ്കിലും 20 ലക്ഷം കോടിയെന്ന മാന്ത്രിക സംഖ്യയിലെത്തിക്കാന്‍ വേണ്ടിയെന്നോണം, തികച്ചും അവിദഗ്ദ്ധമായ വിധത്തില്‍ "പാക്കേജുകള്‍" അണിയിച്ചൊരുക്കിയത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ നമ്മളെയെത്തിക്കുന്നതു ദുഃഖകരമായ ഒരുത്തരത്തിലേയ്ക്കാണ്. അതിബുദ്ധിക്കാരായ ഏതാനും സാമ്പത്തിക വിദഗ്ദ്ധര്‍ രൂപപ്പെടുത്തുകയും അജ്ഞരും അഹങ്കാരികളുമായ രാഷ്ട്രീയനേതൃത്വം അണിയിച്ചൊരുക്കുകയും ചെയ്ത ഒരു സാമ്പത്തീക പ്രശ്‌നപരിഹാരപദ്ധതിയാണ് ചരിത്രത്തിലെ ഏറ്റവും മോശമായ മാന്ദ്യവും തൊഴിലില്ലായ്മയും നേരിടുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയുടേത്.

എന്തായാലും, ഒരു നിര്‍ണായക ഘട്ടത്തില്‍ നരേന്ദ്രമോദിയുടെ കേന്ദ്ര ഗവണ്‍മെന്റും പിണറായി വിജയന്റെ സംസ്ഥാന ഗവണ്‍മെ ന്റും രാജ്യത്തെയും സംസ്ഥാനത്തെയും പരാജയപ്പെടുത്തിയെ ന്ന നിഗമനം ഒഴിവാക്കാനാകില്ല. ആരോഗ്യ പ്രതിസന്ധി നിയന്ത്രിക്കുന്നതിനെക്കുറിച്ച് ധാരണയില്ലാത്ത, അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പ്രാഗത്ഭ്യമില്ലാത്ത, മാനവീകപ്രതിസന്ധികള്‍ നേരിടുന്നതില്‍ നിര്‍വികാരമായ രണ്ടു ഭരണകൂടങ്ങള്‍ ആയിരിക്കുന്നു ഇവര്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org