കോവിഡ് പോസിറ്റീവ് മനോഗതങ്ങള്‍

കോവിഡ് പോസിറ്റീവ് മനോഗതങ്ങള്‍
Published on
ഫാ. ജോമോന്‍ പാലിയേക്കര
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഞാന്‍ ഒരു ദിവസം കോവിഡ് പോസിറ്റീവായത്. ഈ മഹാമാരി നമ്മുടെ നാട്ടിലെത്തിയപ്പോള്‍ ഇതെന്നെ പിടികൂടരുതേ എന്നു പ്രാര്‍ത്ഥിച്ചു, കഴിയുന്നത്ര ജാഗ്രത പുലര്‍ത്തിയിരുന്നവനാണ് ഞാന്‍. എന്നാല്‍ എന്റെ എല്ലാ ജാഗ്രതകളും മുന്‍കരുതലുകളും തകര്‍ത്തെറിഞ്ഞ് കോവിഡ് എന്നെ പിടികൂടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എത്രയും പെട്ടെന്ന് നെഗറ്റീവ് ആകണേ എന്നായിരുന്നു അടുത്ത പ്രാര്‍ത്ഥന. പക്ഷേ, എന്റെ പ്രാര്‍ത്ഥനയ്ക്ക് പെട്ടെന്ന് ഉത്തരം ഒന്നുമുണ്ടായില്ല. സാധാരണ ഗതിയില്‍ ഈ രോഗം പിടിപ്പെട്ടവര്‍ രണ്ടാഴ്ചയ്ക്കകം നെഗറ്റീവാകും. എന്റെ കാര്യത്തില്‍ നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. അതങ്ങനെ അനിശ്ചിതമായി നീണ്ടുപോയി. ഈ രോഗവുമായി ബന്ധപ്പട്ട ഗൗരവമായ രോഗലക്ഷണങ്ങളൊന്നും എനിക്കുണ്ടായില്ല. പക്ഷേ, അഞ്ചു പ്രാവശ്യം ടെസ്റ്റ് നടത്തിയിട്ടും ഞാന്‍ നെഗറ്റീവ് ആയില്ല. എന്തുകൊണ്ട് ഞാന്‍ പോസിറ്റീവായി തുടരുന്നു എന്ന ചോദ്യത്തിന് ഡോക്ടര്‍മാരില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചതുമില്ല. അങ്ങനെ നീണ്ട 46 ദിവസങ്ങള്‍ക്കു ശേഷം ആറാമത്തെ ടെസ്റ്റിലാണ് ഞാന്‍ നെഗറ്റീവാകുന്നത്. പിന്നീട് ഏഴു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു. അമ്പത്തി രണ്ടാം ദിവസമാണ് ഞാന്‍ സ്വന്തം ഭവനത്തില്‍ രോഗവിമുക്തനായി തിരിച്ചെത്തുന്നത്. അതുവരെ പറഞ്ഞു കേട്ടിരുന്നത് ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കണം എന്നാണ്. എന്നാല്‍ നെഗറ്റീവാകുന്നതു മോശമായ കാര്യമല്ല എന്നു നമ്മെ ആദ്യമായി പഠിപ്പിച്ചത് കോവിഡാണെന്ന് തോന്നുന്നു. പോസിറ്റീവ് എന്ന വാക്കിന് ഇത്ര വിലയിടിവ് ഉണ്ടായിട്ടുള്ള ഒരു കാലം വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഈ രോഗാവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയെന്ന നിലയില്‍ എന്റെ മനസ്സിലുണ്ടായ ചില ചിന്തകള്‍ ഇവിടെ കുറിക്കട്ടെ.
1)അവ്യക്തത (Lack of Clarity)
പുതിയ രോഗങ്ങള്‍ മനുഷ്യരാശിക്ക് പിടിപ്പെടുമ്പോള്‍ അതേക്കുറിച്ചുള്ള അറിവില്ലായ്മ ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ലോകത്തെ മുഴുവന്‍ ഇതുപോലെ വിറപ്പിച്ച മഹാമാരി ഇതിനു മുമ്പുണ്ടായിട്ടില്ല. ആ രോഗത്തെക്കുറിച്ച് ചോദിച്ചാല്‍ വ്യക്തതയുള്ള ഉത്തരങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്നോ മറ്റ് ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നോ നമുക്ക് ലഭിക്കില്ല. ഇത് ആര്‍ക്കൊക്കെയാണ് ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുക എന്ന് പ്രവചിക്കാനും സാധിക്കില്ല. ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും ഈ രോഗം സങ്കീര്‍ണ്ണാവസ്ഥകള്‍ സൃഷ്ടിക്കാറുണ്ട്. പോസിറ്റീവായതിനു ശേഷം എന്നായിരിക്കും രോഗി നെഗറ്റീവാകുക എന്നു ശാസ്ത്രത്തിനു കൃത്യമായി പറയാനാവാത്തതു അവ്യക്തതയുടെ അന്തരീക്ഷം സംജാതമാക്കുന്നു. കോവിഡിനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതുവരെ ഈ അവ്യക്തത തുടരുമെന്ന് സാരം. ആശുപത്രിയില്‍ വച്ച് ഒരിക്കല്‍ ഒരു നഴ്‌സ് ആകുലചിത്തയായി പറഞ്ഞതോര്‍ക്കുന്നു: "ഈ രോഗത്തെ എന്നു കീഴ്‌പ്പെടുത്താന്‍ പറ്റുമെന്ന് ഒരു എത്തുംപിടിയുമില്ല." ഏതു കാര്യത്തെക്കുറിച്ചുമുള്ള അവ്യക്തത നമ്മില്‍ അനിശ്ചിതാവസ്ഥ ജനിപ്പിക്കും എന്നു പറയേണ്ടതില്ലല്ലോ. അനിശ്ചാതവസ്ഥ ഉത്ക്കണ്ഠയ്ക്ക് കാരണമാകും. അത് പിന്നീട് നമ്മെ ഭയത്തിലേക്ക് നയിക്കും.
2)ഒറ്റപ്പെടല്‍ (Social Isolation)
വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം ഇല്ലാതാകുക എന്നതാണ് ഒറ്റപ്പെടല്‍ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ ഉടനെ നടക്കുന്ന നടപടി Social Isolation ആണ്. ഇതിന് സര്‍ക്കാര്‍ അമിത വ്യഗ്രത കാണിച്ചുവോ എന്ന് എനിക്ക് സംശയമുണ്ട്. വിദേശ രാജ്യങ്ങളില്‍ പലയിടങ്ങളിലും വീട്ടില്‍തന്നെ താമസിച്ച് ചികിത്സ നടത്തുന്ന രീതി തുടക്കം മുതലേയുണ്ട് എന്ന് അറിയുന്നു. ഒറ്റപ്പെടല്‍ അല്ലെങ്കില്‍ വേര്‍തിരിക്കല്‍ ആര്‍ക്കും വേദനാജനകമാണ്. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണല്ലോ. അതുകൊണ്ട് സമൂഹവുമായുള്ള ബന്ധങ്ങളിലൂടെയാണ് മനുഷ്യന്റെ നിലനില്പ് സാധ്യമാവുക. ആശുപത്രിയില്‍ രോഗികളെയും പി.പി.ഇ. കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരേയും മാത്രമേ കാണാനാവൂ. മറ്റു രോഗികളുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ല എന്ന ആശുപത്രിയിലെ നിയമം ഒറ്റപ്പെടലിന്റെ ആക്കം കൂട്ടുന്നു. സാധാരണ ഗതിയില്‍ ഒരു രോഗം വന്നാല്‍ നമ്മുടെ ഉറ്റവരും ഉടയവരുമായി ആരെങ്കിലുമൊക്കെ അടുത്തുണ്ടാകും. അവരുടെ സാമീപ്യം തന്നെ നമുക്ക് ആശ്വാസമാണ്. ഇതിന്റെ അഭാവം കോവിഡ് രോഗിയുടെ വലിയൊരു പ്രശ്‌നം തന്നെയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ നമ്മെ നോക്കാന്‍ ഉണ്ടെന്നു പറയുമെങ്കിലും ഉറ്റവരിലൂടെയും ഉടയവരിലൂടെയും നമുക്ക് ലഭിക്കുന്ന വൈകാരിക സംതൃപ്തി അവര്‍ക്ക് നല്കാനാകില്ലല്ലോ. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍ രോഗിക്ക് ശാരീരികമായും മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ആത്മാഭിമാനം (Self Esteem) കുറവുള്ള ചിന്തിക്കാനുള്ള കഴിവ് കുറയുക, വിഷാദം, ഉറക്കക്കുറവ്, കുറഞ്ഞ ശരീര പ്രതിരോധശേഷി, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഒറ്റപ്പെടല്‍ കാരണമാകാം.
3)തിരസ്‌ക്കരണം (Social Rejection)
സാമൂഹ്യബന്ധങ്ങളില്‍ നിന്നോ ഇടപെടലുകളില്‍ നിന്നോ മനഃപൂര്‍വ്വം ഒഴിവാക്കപ്പെടുന്നതിനെയാണ് തിരസ്‌ക്കരണം എന്നു പറയുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആശുപത്രികളിലെ പലരും മനസ്സിലാ മനസ്സോടെയാണ് ഈ ദൗത്യം ഏറ്റെടുക്കുക. എന്നാല്‍ ഈ വെല്ലുവിളി ധൈര്യപൂര്‍വ്വം സാഹസികമായി ഏറ്റെടുത്തു ചെയ്യുന്നവരുമുണ്ട്. രോഗിയെ കണാന്‍ വരുന്ന ചില ഡോക്ടര്‍മാര്‍ മുറിയില്‍ പ്രവേശിക്കാതെ പുറത്തു നിന്ന് രോഗവിവരങ്ങള്‍ തിരക്കി ഒരു ചടങ്ങിനുവേണ്ടി വന്നു പോകുന്നുണ്ട്. ഇത് രോഗികളില്‍ ഡോക്ടര്‍മാര്‍ പോലും തങ്ങളെ അവഗണിക്കുന്നവരാണോ എന്ന ചിന്ത ഉളവാക്കുന്നുണ്ട്. പി.പി.ഇ കിറ്റ് ഇട്ട് നാലു മണിക്കൂര്‍ സമയം ജോലി ചെയ്യുക എന്നത് ശ്രമകരമാണ്. ഇത് എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടിയാല്‍ മതി എന്ന മനോഭാവം ചില ആരോഗ്യ പ്രവര്‍ത്തകരില്‍ കണ്ടിട്ടുണ്ട്. അത് ചികിത്സയെ ദോഷകരമായി ബാധിക്കും. രോഗബാധയുടെ ആദ്യദിവസങ്ങളില്‍ ഒത്തിരി പേര്‍ ഫോണില്‍ വിളിച്ച് രോഗവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ ക്രമേണ അതില്‍ കുറവു വന്നത് സ്വാഭാവികമാണ്. പക്ഷേ, എന്നെ സ്‌നേഹിക്കുന്നു എന്നു കരുതുന്നവരുടെ അവഗണന വേദന ഉളവാക്കി. ആപത്ഘട്ടങ്ങളില്‍ നമ്മെ എങ്ങനെ കരതുന്നു എന്നതാണല്ലോ ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ ഉരകല്ല്. രോഗാവസ്ഥ നീണ്ടു പോയപ്പോള്‍ ദൈവം പോലും എന്നോടു മുഖം തിരിച്ചുപിടിച്ചുവോ എന്നു തോന്നിപ്പോയി. ആ സമയം കണ്ണില്‍പ്പെട്ട 13-ാം സങ്കീര്‍ത്തനം ജീവിതസ്പര്‍ശിയായി തോന്നി. "കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും?" എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖം എന്നില്‍ നിന്നു മറച്ചു പിടിക്കും?" (സങ്കീ. 13:1).
അതിജീവനം
2018-ലെ മഹാപ്രളയത്തിനു ശേഷം അതിജീവനം എന്ന വാക്കിനു വളരെ പ്രസക്തിയുണ്ടായി. രോഗത്തെ അതിജീവിക്കാന്‍ പല ഘടകങ്ങളും എന്നെ സഹായിച്ചു. സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിരന്തര ജാഗ്രത ആദ്യമേ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു (Immediate support). രോഗാവസ്ഥ എന്നെ വിഷമിപ്പിച്ചപ്പോഴും മനഃസാന്നിധ്യം നഷ്ടപ്പെടാതിരിക്കാനും ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ദിവസവും ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയില്‍ ചെലവിട്ടത്, ദൈവവിചാരം നഷ്ടപ്പെടാതിരിക്കാനും ആത്മീയശക്തി വര്‍ദ്ധി പ്പിക്കാനും കാരണമാക്കി. അനിശ്ചിതാവസ്ഥ തുടരുമ്പോഴും ഒരുനാള്‍ ഞാന്‍ കോവിഡിനെ കീഴടക്കും എന്ന് ഞാന്‍ എന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു (Self Talk). ഇടയ്‌ക്കൊക്കെ മനസ്സ് പതറിയെങ്കിലും അധികം വൈകാതെ സമചിത്തത വീണ്ടെടുക്കുമായിരുന്നു (Resilience). ഫോണില്‍ വിളിച്ച് സ്‌നേഹവും സഹതാപവും കാരുണ്യവും പ്രകടിപ്പിക്കുകയും, മെസേജുകളിലൂടെ ധൈര്യവും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്ത നിരവധി പേരുണ്ട്. അവരുടെ ആത്മാര്‍ത്ഥമായ കരുതല്‍ രോഗത്തെ അതിജീവിക്കുന്നതില്‍ എന്നെ കുറച്ചൊന്നുമല്ല സഹായിച്ചത് (Remote Support). അതുകൊണ്ട് കോവിഡ് അതിജീവനത്തിന് പ്രഥമമായും കൊടുക്കേണ്ടത് കരുതലും (Concern), സാമൂഹ്യപിന്തുണയും (Social Support) ആണ് എന്നെനിക്കു തോന്നുന്നു. എല്ലാറ്റിലും ഉപരിയായി മറ്റുള്ളവരുടെ വിലയേറിയ പ്രാര്‍ത്ഥനകള്‍ എനിക്കു ശക്തിയായി മാറി. സങ്കീ. 116:6 പറയുന്നു: "എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു; ഞാന്‍ നിലം പറ്റിയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു." കോവിഡ് രോഗികള്‍ അവഗണിക്കപ്പെടേണ്ടവരല്ല. പരിഗണിക്കപ്പെടേണ്ടവരാണ് എന്ന മനോഭാവത്തോടെ ഈ മഹാമാരിയെ നമുക്ക് ഒന്നു ചേര്‍ന്നു നേരിടാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org