മദ്ധ്യവയസ്കരുടെ സുവർണകാലം

മദ്ധ്യവയസ്കരുടെ സുവർണകാലം

ജോസ് വഴുതനപ്പിള്ളി

ആഹ്ലാദത്തിമര്‍പ്പുമായി ആര്‍ത്തുല്ലസിച്ചു നടന്ന യുവത്വകാലം ഓര്‍മ്മയില്‍ താലോലിക്കുന്നവരാണു നാമെല്ലാം. ജിബിക്കും അതുപോലെ ചില നല്ല ഓര്‍മ്മകളുണ്ട്. എന്തിന് അന്നു കോളജില്‍ ചെത്തിനടന്നപ്പോഴത്തെ ഷര്‍ട്ടുകള്‍ പോലും ഇന്നും ഭംഗിയായി തേച്ചു പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഏതാണ്ട് 35 വയസ്സുവരെ ജിബി 35-നു മേലുള്ളവരെയെല്ലാം വയസ്സന്മാരായാണു പരിഗണിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു സംഭവമുണ്ടായി. ഇടപ്പള്ളി പള്ളിയിലെ പെരുന്നാള്‍ കൂടാന്‍ പോയതാണ്. തിരക്കിനിടയിലൂടെ അങ്ങനെ നീങ്ങുമ്പോള്‍ ആരോ പിന്നാമ്പുറത്തു നിന്നു വിളിച്ചു; 'അങ്കിള്‍!'

അന്നു വൈകീട്ട് ജിബി കണ്ണാടിയില്‍ ചെറിയൊരു സ്വയം പരിശോധന നടത്തി. തന്നെ കണ്ടാല്‍ യുവത്വം നഷ്ടപ്പെട്ടെന്നു തോന്നുമോ?

എവിറ്റയുടെ കഥയും ഏതാണ്ട് ഇതുതന്നെയായിരുന്നു. ഒരു ദിവസം അവള്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. കോളജിനു മുമ്പിലെ സ്റ്റോപ്പില്‍ ബസ് നിന്നു. അവളുടെ മനസ്സ് അപ്പോള്‍ തന്‍റെ ഭൂതകാലത്തിലേക്കു പറന്നു. അതേ കോളജിലെ ഓഡിറ്റോറിയത്തില്‍ പണ്ട് അരങ്ങു തകര്‍ത്തു നൃത്തം വച്ചവളായിരുന്നു എവിറ്റ. ഇന്നിതാ വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍മ്മകള്‍ അയവിറക്കി അവള്‍ ഇരിക്കുന്നു. ഇന്നവള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. ബസ്സ്റ്റോപ്പില്‍ പരസ്പരം 'എടാ പോടാ' എന്നൊക്കെ വിളിച്ചുകൊണ്ടു സൗഹൃദം പങ്കുവയ്ക്കുന്ന നാലഞ്ചു യുവതീയുവാക്കന്മാരെ കണ്ടു. അവരുടെയൊക്കെ കൈകളില്‍ മൊബൈലുണ്ട്. അവര്‍ വളരെ 'ഫ്രീ' യായി സംസാരിക്കുന്നുണ്ട്. തന്‍റെ കാലത്തൊന്നും ഇത്തരം സൗഹൃദങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ എന്നവള്‍ ഓര്‍ത്തുപോയി. അവരില്‍ ഒരു പെണ്‍കുട്ടിയെ എവിറ്റ നന്നായി ശ്രദ്ധിച്ചു. എന്തു കൃശഗാത്രിയാണവള്‍! എന്തൊരു ലാവണ്യമാണവള്‍ക്ക്. പ്രായം അറിയിക്കുന്ന ഒന്നുരണ്ടു വെളുത്ത തലമുടി നാരുകള്‍ കഴിഞ്ഞ ദിവസം മോള്‍ കാണിച്ചു തന്നതവള്‍ ഓര്‍ത്തു. തനിക്കു പ്രായമായിരിക്കുന്നു, ഭാരം 80 കിലോ ആയിരിക്കുന്നു.

ഒരു മുപ്പത്തഞ്ചിന്‍റെ കടമ്പ കടന്നു കുടുംബജീവിതത്തിലൊക്കെ എത്തിനില്ക്കുന്ന പുരുഷനും സ്ത്രീക്കുമൊക്കെ തന്നില്‍ത്തന്നെ ഒരു വലിയ മാറ്റം വന്നുചേര്‍ന്നതായി അനുഭവപ്പെടുന്നു. ചില മനോസംഘര്‍ഷങ്ങളിലൂടെ അവര്‍ കടന്നുപോകാന്‍ തുടങ്ങുന്നു

അല്പം മൂട്ടകടി: യുവത്വത്തില്‍ തന്നെക്കുറിച്ചു വേവലാതിപ്പെടാന്‍ അമ്മയും പപ്പയുമുണ്ടായിരുന്നു. ചെറിയൊരു തലവേദന വന്നാല്‍പ്പോലും അമ്മ അടുത്തു വന്നിരുന്നു നെറ്റിയില്‍ 'വിക്സ്' പുരട്ടിത്തരും. ഇന്നിപ്പോള്‍ അപ്പനെയും അമ്മയെയും കുട്ടികളെയുമൊക്കെ പരിരക്ഷിക്കേണ്ട ഉത്തരവാദിത്വം വന്നുചേര്‍ന്നിരിക്കുന്നു. പാതിരാത്രിയില്‍ എന്തെങ്കിലും ഒരു ശബ്ദം കേട്ടാല്‍ ഞെട്ടിയുണര്‍ന്നു ലൈറ്റിട്ടു നോക്കും. കാരണം വീട്ടില്‍ വളരുന്ന കുട്ടികളുണ്ട്. തന്‍റെ പരിരക്ഷ ആവശ്യപ്പെടുന്ന കുറേപ്പേര്‍ ഈ വീടിനുള്ളിലുണ്ട്. കുട്ടികള്‍ക്കു യഥാസമയം ഭക്ഷണം കൊടുക്കണം, സ്കൂളിലയയ്ക്കണം, അമ്മമാര്‍ക്കു മാത്രമല്ല ഉത്തരവാദിത്വങ്ങള്‍. അവര്‍ക്കുള്ള ഫീസ്, അവരുടെ ഭാവി വിദ്യാഭ്യാസം. സ്വന്തം ബിസിനസ്സ് അല്ലെങ്കില്‍ തൊഴില്‍ ഇങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങള്‍ അലട്ടുന്ന ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് ഈ പ്രായത്തിലുള്ള സ്ത്രീകളും പുരുഷന്മാരും കടന്നുപോവുക.

ഏറെ സൗഭാഗ്യങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയുമൊക്കെ കടന്നുപോയി ജീവിതം ഏതാണ്ടൊരു സമതലത്തില്‍ എത്തിയതുപോലെ അനുഭവപ്പെടുന്ന കാലമാണിത്. കഴിഞ്ഞകാല അനുഭവങ്ങള്‍ അവരെ പക്വമതികളാക്കിയിരിക്കുന്നു. ചില കാര്യങ്ങളിലൊക്കെ A++ നേട്ടങ്ങള്‍ കൈവന്നു. എന്നാല്‍ ചില ദുഃഖങ്ങള്‍, തേങ്ങലുകള്‍ ബാക്കിനില്ക്കുന്നു. ചിലര്‍ക്കതു വൈവാഹിക പ്രശ്നങ്ങളോ കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങളോ ആയിരിക്കും.

അനുകൂലങ്ങള്‍: വീട്ടിലെ തലമൂത്തവരുടെ നിയന്ത്രണത്തില്‍ നിന്നൊക്കെ അകന്നു മാറി സ്വന്തം പന്ഥാവ് തുറന്നിരിക്കുന്ന അവസ്ഥയാണ് ഭാവിയെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ വീട്, മക്കളുടെ വിദ്യാഭ്യാസം, ജീവിതനിലവാരം അതിന്‍റെ ഗുണശ്രേഷ്ഠത എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ സ്വയം ദിശകള്‍ കുറിക്കാന്‍ അവര്‍ പ്രാപ്തരാണ്. നേട്ടങ്ങള്‍ കൈവരുമ്പോള്‍ നാം സദാ സര്‍വേശ്വരനോടു കൃതജ്ഞത പ്രകാശിപ്പിക്കണം. വരാനിരിക്കു ന്ന ദിവസങ്ങളില്‍ നന്മയുടെ രശ്മികള്‍ നിറയ്ക്കാന്‍ അവര്‍ പ്രാര്‍ത്ഥിക്കണം.

മദ്ധ്യവയസ്കര്‍ക്കു വന്നുചേരുന്ന ഏറ്റവും വലിയ മേന്മയാണു പക്വത. യുവാക്കളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ അവര്‍ക്കു കാര്യങ്ങള്‍ ഗ്രഹിക്കാം, സാഹചര്യങ്ങള്‍ മനസ്സിലാക്കാം, വികാരങ്ങള്‍ക്കു കടിഞ്ഞാണിടാം, പ്രശ്നങ്ങള്‍ പരിഹരിക്കാം. എഴുത്തുകാരനായ ടി.എച്ച്. വൈറ്റ് ഇതു വളരെ രസകരമായി പറയുന്നുണ്ട്. "ലോകവിജ്ഞാനം എന്നൊരു കാര്യമുണ്ട്. അതു പഠിക്കാന്‍ പ്രായം ഏറണം. ഈ വിജ്ഞാനം യുവാക്കള്‍ക്കു പഠിപ്പിച്ചുകൊടുക്കാനാവില്ല. കാരണം അതു യുക്തിശാസ്ത്രസംബന്ധിയല്ല. തത്ത്വങ്ങളോ നിയമങ്ങളോ അതിനു ബാധകമാവുകയുമില്ല.

മദ്ധ്യവയസ്കര്‍ക്ക് അവര്‍ ശേഖരിക്കുന്ന അറിവുകളെയും വാര്‍ത്തകളെയും എളുപ്പത്തില്‍ പചനം ചെയ്യാനാവും. അവരുടെ ആശയങ്ങള്‍ക്കു കുറേക്കൂടി വ്യക്തതയുണ്ടാകും. സംസാരിക്കുമ്പോള്‍ കൗമാരക്കാരനെപ്പോലെ വാക്കുകള്‍ക്കുവേണ്ടി തപ്പുന്ന അവസ്ഥയുണ്ടാവില്ല. കാര്യകാരണങ്ങള്‍ ഗ്രഹിക്കുവാനുള്ള ശേഷിക്കു പുറമേ മറ്റു ചില മികവുകള്‍ കൂടി അവര്‍ സമ്പാദിക്കുന്നു. ഉദാഹരണത്തിനു മറ്റുള്ളവരോടു കൂടുതല്‍ അനുകമ്പാര്‍ദ്രമായ സമീപനം അവര്‍ക്കുണ്ടാകാം. ഏറിയ ആത്മവിശ്വാസമോ ഏറിയ സങ്കോചങ്ങളോ അവര്‍ക്കില്ല. രണ്ടും തുല്യമാത്രയില്‍ ചേര്‍ത്തുവച്ചാണു കാര്യങ്ങള്‍ നടപ്പാക്കുക. പല തരത്തിലുള്ളവരുമായി ഇടപെടാനും മനുഷ്യരെ കൃത്യമായി മനസ്സിലാക്കാനും അവര്‍ക്കു കഴിവുണ്ടായിരിക്കും.

ബ്രെയിനിലെ മാറ്റങ്ങള്‍: ഈ പ്രായത്തില്‍ ബ്രെയിന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. മദ്യപാനംപോലത്തെ ദുഃസ്വഭാവങ്ങള്‍ ഉണ്ടെങ്കില്‍ ഒരുപക്ഷേ മറിച്ചായിരിക്കാം അവസ്ഥ എന്നു മാത്രം. പ്രായം ചെല്ലുമ്പോള്‍ യുവത്വത്തിലുണ്ടായിരുന്ന മികവുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം ചില പുത്തന്‍ വിശേഷഗുണങ്ങള്‍ അവര്‍ സ്വന്തമാക്കുന്നു. ഒട്ടേറെ വര്‍ഷങ്ങളിലെ അനുഭവസമ്പത്തു തലച്ചോറിനുള്ളില്‍ പുത്തന്‍ പ്രവാഹതന്തുക്കള്‍ സൃഷ്ടിക്കുന്നു. മദ്ധ്യവയസ്കര്‍ പൊതുവേ കൂടുതല്‍ ശാന്തരാകുന്നതിനും ഞരമ്പുരോഗികളെപ്പോലെ വര്‍ത്തിക്കാത്തതിനുമൊക്കെ കാരണമിതുതന്നെ. മെച്ചപ്പെട്ട ധാരണാശേഷിയും അപ്രഗ്രഥനശേഷിയുമൊക്കെ അവര്‍ക്കുണ്ടായിരിക്കും. പ്രായമാകുന്നതോടെ തലച്ചോറിലെ 'അമിഗ്ഡല' നെഗറ്റീവായ സാഹചര്യങ്ങളോടു മൃദുവായി പ്രതികരിക്കാന്‍ തുടങ്ങും. വൈകാരികമായ സന്തുലനം കൈവരുന്നതും നമുക്കനുഭവപ്പെടും. ശാന്തതയോടെ ഏതൊരു സാഹചര്യത്തെയും വിലയിരുത്താനും അനാവശ്യ ഭയങ്ങള്‍ ഒഴിവാക്കി ശരിയായ പോംവഴികള്‍ തേടാനും യുവാക്കളേക്കാളും മെച്ചപ്പെട്ട ശക്തി മദ്ധ്യവയസ്കര്‍ക്കു കൈവരുന്നു.

സൃഷ്ടിപരവും ഫലദായകവും അര്‍ത്ഥപൂര്‍ണവുമായ ഒരു സമൃദ്ധിയുടെ കാലഘട്ടമായിട്ടു വേണം നാം ജീവിതത്തിന്‍റെ ഈ കാലയളവിനെ നോക്കിക്കാണാന്‍. സ്തുത്യര്‍ഹമായ ഏതെങ്കിലുമൊക്കെ മഹത്കാര്യങ്ങള്‍ ചെയ്യാനുള്ള അവസരമാണിത്. ചാരുകസേരയില്‍ വിശ്രമിക്കുന്ന കാലത്ത് നമുക്കു നല്ല ഓര്‍മ്മകള്‍ അയവിറക്കാന്‍ അത് അവസരമൊരുക്കും; ചാരിതാര്‍ത്ഥ്യപ്പെടാനാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org