വാര്‍ത്താസക്തിയുടെ സത്യാനന്തരകാലം: വാര്‍ത്തയുടെ അപനിര്‍മാണവും… വ്യാജവാര്‍ത്താപ്രളയവും

വാര്‍ത്താസക്തിയുടെ സത്യാനന്തരകാലം: വാര്‍ത്തയുടെ അപനിര്‍മാണവും… വ്യാജവാര്‍ത്താപ്രളയവും


ഫാ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ബ്രസീലിയന്‍ നോവലിസ്റ്റ് പാവ്ലോ കൊയ്ലോയുടെ 'ഇലവന്‍ മിനിറ്റ്സ്' എന്ന നോവല്‍ തുടങ്ങുന്നതു വിചിത്രമായൊരു വാചകത്തോടെയാണ്. Once upon a time their lived a Prostitute namely Maria. അദ്ദേഹം തുടരുന്നു: ഒരിടത്തൊരിടത്ത് (once upon a time) എന്നത് കുട്ടികളുടെ കഥ തുടങ്ങുന്ന വാക്കാണ്. വേശ്യ (prostitute) എന്നതു മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള പദവും. ഈ വൈരുദ്ധ്യത്തെ നമ്മള്‍ എങ്ങനെയാണു പരിഹരിക്കുക. നോവലിസ്റ്റിന്‍റെ പരിഹാരം ശ്രദ്ധിക്കുക: "നമ്മുടെ കാലത്തെ മനുഷ്യരുടെ ഒരു കാല് യക്ഷിക്കഥകളുടെ ലോകത്തും മറ്റേക്കാല് നിലയില്ലാത്ത അഗാധഗര്‍ത്തത്തിലുമായതിനാല്‍ നമുക്ക് ഈ വൈരുദ്ധ്യത്തിനു മാപ്പു കൊടുക്കാം." വാര്‍ത്താസക്തികള്‍ അടയാളപ്പെടുത്തുന്ന സത്യാനന്തര കാലത്തിന് ഇതിലും നല്ല ആമുഖം നല്കാനില്ല.

131 വര്‍ഷത്തെ ചരിത്രമുള്ള ബെല്‍ജിയന്‍ ന്യൂസ് പേപ്പര്‍ Le-Soir 2017-ലെ Word of the Year ആയി തിരഞ്ഞെടുത്തതു "Fake News" എന്നതാണ് (ഡിസംബര്‍ 29, 2017). 2016-ലെ ഒക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ വര്‍ഷത്തിന്‍റെ വാക്കായ "സത്യാനന്തരകാല"(Post-Truth era) ത്തിന് ഉചിതമായൊരു പിന്‍ഗാമി. നുണയുടെ കല (The Art of Lie) എന്ന കവര്‍ സ്റ്റോറിയില്‍ The Economist പറഞ്ഞതും ഇതുതന്നെ; യഥാര്‍ത്ഥ വിവരങ്ങളും സത്യവും പ്രചരിപ്പിക്കപ്പെട്ട അതേ അളവില്‍ തന്നെ വ്യാജവിവരങ്ങളും അസത്യവും ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. സത്യവും നുണയും ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍ത്തികള്‍ മങ്ങുകയും നേര്‍ത്തുവരികയും ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ സത്യാനന്തര മാധ്യമലോകത്തിന്‍റെ നേര്‍ചിത്രം പകര്‍ത്താനാണീ ശ്രമം.

വ്യാജവാര്‍ത്തകളുടെ ചരിത്രപാഠങ്ങള്‍
സത്യാനന്തരകാലം ആരംഭിക്കുന്നതുവരെ ഇവിടത്തെ മാധ്യമങ്ങളില്‍ നിറയെ ഹരിശ്ചന്ദ്രന്മാരായിരുന്നു എന്നു പറയുന്നതു കല്ലുവച്ച നുണയാകും. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ എല്ലാക്കാലത്തുമുണ്ടായിരുന്നു. റോമിലുണ്ടായ അഗ്നിബാധ ക്രൈസ്തവരുടെ തലയില്‍ കെട്ടിവച്ച നീറോയും ജര്‍മനിയുടെ മഹത്ത്വശോഷണ (Lost German Pride) ത്തിനു കാരണക്കാര്‍ യഹൂദരാണെന്ന് ആരോപിച്ച ഹിറ്റ്ലറും കയ്യഫാസിന്‍റെ അരമനകളില്‍ പരിശീലനം സിദ്ധിച്ചവരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭൂതകാലത്തിന്‍റെ ഏടുകളില്‍ ഇത്തരക്കാരുടെ തലതൊട്ടപ്പന്മാരും പിന്‍മുറക്കാരുമുണ്ട്.

1475-ലെ ഈസ്റ്റര്‍ ഞായറാഴ്ച ഇറ്റലിയിലെ ട്രെന്‍റ് നഗരത്തില്‍ രണ്ടു വയസ്സുള്ള ഒരു കുട്ടിയെ കാണാതായി. ജൂതവിരോധം മുഖമുദ്രയാക്കിയ ബെര്‍ണഡീനോ എന്ന മതപ്രഭാഷകന്‍ ഈ സന്ദര്‍ഭം മുതലാക്കി. കുട്ടിയെ ആ പ്രദേശത്തെ യഹൂദര്‍ പെസഹാ ആഘോഷത്തിനിടക്ക് ബലികഴിച്ചെന്നും കുഞ്ഞിന്‍റെ രക്തം അവരുടെ ഭവനത്തിന്‍റെ കട്ടിളപ്പടിയിന്മേല്‍ തളിച്ചെന്നും അദ്ദേഹം പ്രചരിപ്പിച്ചു. അതിശയോക്തി നിറഞ്ഞ പല കഥകളും ഉപോദ്ബലകമായി പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ സംഭവിച്ചതു ക്രൂരമായ യഹൂദവംശഹത്യയും സമാനതകളില്ലാത്ത പീഡനവുമാണ്.

സമാനതന്ത്രങ്ങളുപയോഗിച്ചു നടന്ന നാസി ജൂതവേട്ടയ്ക്കു നേതൃത്വം കൊടുത്തതു ഹിറ്റ്ലറിന്‍റെ പ്രചാരണ കാര്യമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സാണ്. ആയിരം പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ നുണ സത്യമാകുമെന്ന ഗീബല്‍സിയന്‍ തത്ത്വം കാലദേശങ്ങള്‍ക്കതീതമായി മാറ്റൊലികൊണ്ടു. ഇതിനൊരു മറുമരുന്നായി 1941-43 കാലങ്ങളില്‍ ലണ്ടനില്‍നിന്ന് ഒരു വ്യാജ ജര്‍മന്‍ റേഡിയോ നിലയം സംപ്രേക്ഷണം ആരംഭിച്ചു. ബര്‍ലിന്‍ ആക്സന്‍റോടുകൂടി ഒരു ജര്‍മന്‍ രാജ്യസ്നേഹിയായി ചമഞ്ഞ ബ്രിട്ടീഷ് ചാരന്‍ നാസി പാര്‍ട്ടിയുടെ അഴിമതിയും ക്രൂരതകളും പ്രതികരണമുളവാക്കുന്ന രീതിയില്‍ അവതരിപ്പിച്ചു. ഒപ്പം നാസികള്‍ ബയണറ്റില്‍ കുഞ്ഞുങ്ങളെ കോര്‍ത്തു കൊല്ലുന്ന കഥകളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന കാഴ്ച! സ്പാനീഷ്-അമേരിക്കന്‍ യുദ്ധത്തിലും ദേശീയ വികാരം തിളപ്പിക്കാന്‍ വ്യാജവാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടു.

പ്രചാര വര്‍ദ്ധനവിനുവേണ്ടി ഭാവനാത്മകമായ വ്യാജവാര്‍ത്തകള്‍ ആദ്യം നല്കിയതു ന്യൂയോര്‍ക്ക് പത്രമായ The Sun ആണ്. ചന്ദ്രനില്‍ മരങ്ങളും അന്യഗ്രഹജീവികളുമുണ്ടെന്നുള്ള ആറു ലേഖനങ്ങള്‍ അവരുടെ പ്രചാരത്തില്‍ വമ്പന്‍ വര്‍ദ്ധനവാണുണ്ടാക്കിയത്. സോവ്യറ്റ് യൂണിയന്‍റെ ഔദ്യോഗിക പത്രമായിരുന്നു പ്രാവ്ദ. ഈ റഷ്യന്‍ വാക്കിന്‍റെ അര്‍ത്ഥം സത്യം എന്നായിരുന്നു. സോവ്യറ്റ് നാടിന്‍റെ വളര്‍ച്ചയുടെ വ്യാജകണക്കുകളും അതിശയോക്തിപരമായ ഭാവനകളും സത്യമെന്ന മട്ടില്‍ അവതരിപ്പിച്ചെങ്കിലും സോവ്യറ്റ് യൂണിയനിലെ ജനംപോലും അതു വിശ്വസിച്ചിരുന്നില്ല എന്താണു യാഥാര്‍ത്ഥ്യം. പുകയാത്ത അടുപ്പും ഒട്ടിയ വയറും കൂട്ടുകൃഷിയുടെ ദുരിതവും കണ്ടു ശീലിച്ചവര്‍ക്കു പത്രം വായിക്കേണ്ടി വന്നില്ല സോവ്യറ്റ് യൂണിയനെ മനസ്സിലാക്കാന്‍!

കമ്യൂണിസ്റ്റ് പോളണ്ടില്‍ ഭരണകൂടം വ്യാജവാര്‍ത്തകളെ സമര്‍ത്ഥമായി ഉപയോഗിച്ചതെങ്ങനെയെന്നു പോളീഷ് വംശജയായ കേംബ്രിഡ്ജ് പ്രൊഫസര്‍ അന്നാ എബ്രാം വിശദീകരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തിന് ആളെ കൂട്ടാന്‍ മികച്ച കാലാവസ്ഥാ പ്രവചനങ്ങള്‍ അവര്‍ പുറത്തുവിട്ടു. അതിശൈത്യകാലത്തെ വേനലാക്കുന്ന മായക്കാഴ്ചകള്‍! ഒരിക്കലും പോളണ്ട് സന്ദര്‍ശിക്കാത്ത ലെനിന്‍റെ പോളണ്ട് സന്ദര്‍ശനത്തെക്കുറിച്ച് അതിശയോക്തി നിറഞ്ഞതും മഹത്ത്വവത്കരിക്കപ്പെട്ടതുമായ റിപ്പോര്‍ട്ടുകളും കാവ്യങ്ങളുമുണ്ടാക്കി ഭരണകൂടം. ഒപ്പം സത്യത്തെ തമസ്കരിക്കുകയും ചെയ്തു. 22000 പോളീഷ് വംശജരെ കൂട്ടക്കൊല ചെയ്ത ഭരണകൂടം അതിനെക്കുറിച്ചു പാലിച്ച നിഷേധാത്മക നിശ്ശബ്ദത ചരിത്രത്തിന്‍റെ ഇടനാഴിയില്‍ ഇന്നും മാറ്റൊലികൊള്ളുന്നുണ്ട്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കും എന്നതിനു സമകാലിക ഭാരതത്തിലുമുണ്ടല്ലോ "സംഘി" ഉദാഹരണങ്ങള്‍!

സത്യാനന്തരയുഗത്തിന്‍റെ ഉത്തരാധുനിക ബാന്ധവങ്ങള്‍
വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ വൈകാരികവും വൈയക്തികവുമായ കാര്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്ന കാലഘട്ടമായാണു സത്യാനന്തരയുഗം നിര്‍വചിക്കപ്പെടുന്നത്. സത്യത്തിന്‍റെ മരണവും ബൃഹദാഖ്യാനങ്ങ (Grand Narratives)ളുടെ പിന്‍മടക്കങ്ങളും ആഘോഷിച്ച ഉത്തരാധുനിക അരാജക സ്വഭാവം സത്യാനന്തരയുഗത്തിലും നിഴല്‍ വീഴ്ത്തുന്നുണ്ട്. കൃത്യതയും സുനിശ്ചിതത്വവും മുഖമുദ്രയായിട്ടുള്ള ഒരു ജ്ഞാനപദ്ധതിക്കുവേണ്ടിയുള്ള ആധുനികത (modernity) യുടെ അന്വേഷണ ത്വരയ്ക്കു പകരം വന്നതു വസ്തുതകളേക്കാള്‍ വ്യക്തിഗത വിശ്വാസങ്ങളും വൈകാരിക വാചാടോപങ്ങളും പൊതുബോധനിര്‍മിതിയുടെ മാപിനിയാകുന്ന നടുക്കുന്ന കാഴ്ചയാണ്. ആധുനികതയുടെയും ജ്ഞാനോദയത്തിന്‍റെയും (Enlightenment) ശുദ്ധവായു ശ്വസിക്കുന്നെന്ന് അഭിമാനിക്കുന്ന, ശാസ്ത്രബോധത്തിന്‍റെ വാസ്തവികതയില്‍ ജീവിക്കുന്നെന്നു പറയുന്ന, പാശ്ചാത്യ ഗര്‍വാണ്, നുണകളുടെ അടിത്തറയിലാണു തങ്ങളുടെ സമകാലിക സാമൂഹിക സൗധങ്ങളും പൊതുബോധവും നിര്‍മിക്കപ്പെടുന്നതെന്ന തിരിച്ചറിവില്‍ തരിച്ചുനില്ക്കുന്നത്.

നിഹിലിസത്തിന്‍റെ തലതൊട്ടപ്പനായ ഫ്രെഡറിക് നീത്ഷേ തന്‍റെ 'അന്തിക്രിസ്തു' (Anti-Christ) എന്ന ഗ്രന്ഥത്തിലിപ്രകാരമെഴുതി: പുതിയ നിയമത്തില്‍ അര്‍ത്ഥവും പ്രസക്തിയുമുള്ള ഒരേയൊരു വാചകമേയുള്ളൂ; എന്താണു സത്യം? ആ ചോദ്യം തന്നെ അതിന്‍റെ നിഷേധവുമാകുന്നു. ഉത്തരം കേള്‍ക്കാനാഗ്രഹമില്ലാതെ സത്യനിഗ്രഹത്തിന്‍റെ വെള്ളിത്താലത്തില്‍ കൈകഴുകിത്തുടച്ച പീലാത്തോസിന് ഉത്തരം നല്കിയ ഉമ്പര്‍ട്ടോ എക്കോ എഴുതി: വിജയിക്കുന്ന നുണയാണു സത്യം. ഭാവനയുടെയും യാഥാര്‍ത്ഥ്യത്തിന്‍റെയും അതിരുകള്‍ മായുന്ന സത്യാനന്തര മാധ്യമലോകത്തിന് എക്കോയുടെ വാക്കുകള്‍ പ്രമാണവാക്യമാകുന്നു. ഫലമോ? വാര്‍ത്ത ഉണ്ടാവുകയല്ല, ന്യൂസ് റൂമുകളില്‍ ഉണ്ടാക്കപ്പെടുകയാണ്. സത്യം ബോധപൂര്‍വം നിര്‍മിക്കപ്പെടുന്ന ബോധ്യമാകുന്നു (Truth becomes a created conviction). ഉത്തരാധുനികയുഗത്തിന്‍റെ മുഖമുദ്രയായ അയഞ്ഞ ധാര്‍മികബോധവും (flexible code of ethics) ആപേക്ഷികവാദവും (Relativism) വ്യക്തിവാദ(Individualism)ത്തിന്‍റെ തേരോട്ടവും വിജയിക്കുന്ന നുണകളെ സത്യമാക്കി മാറ്റുന്നു.

പരമ്പരാഗത മാധ്യമങ്ങളുടെ വീഴ്ചയും നവമാധ്യമങ്ങളുടെ വാഴ്ചയും: സത്യാനന്തര കാലത്തെ ജനപ്രിയ അരാജകത്വങ്ങള്‍
പരമ്പരാഗത മാധ്യമങ്ങളുടെ, പ്രത്യേകിച്ച് പ്രിന്‍റ് മീഡിയയുടെ ഗ്രഹണകാലത്താണു നവമാധ്യമങ്ങള്‍ രംഗം കീഴടക്കാനാരംഭിച്ചത്. അനുഭവജ്ഞാനവും ക്ഷീരനീരവിവേചന ശക്തിയുമുള്ള എഡിറ്റര്‍മാര്‍ വാര്‍ത്തയുടെ സത്യാവസ്ഥ പലതവണ പരിശോധിച്ചിട്ടാണു തന്‍റെ പത്രത്തിലൂടെ അതു പുറത്തുവിട്ടിരുന്നത്. എന്നാല്‍ മാധ്യമങ്ങളിലെ ജനാധിപത്യവത്കരണ(Democratisation)ത്തിന്‍റെ പിന്‍ബലത്തില്‍ രംഗത്തെത്തിയ നവമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തയെ അരിച്ചുനീക്കാനുള്ള ഇത്തരം എഡിറ്റോറിയല്‍ അരിപ്പകളില്ല. അതുകൊണ്ടുതന്നെ ലഭിക്കുന്ന വാര്‍ത്തകളുടെ ഉറവിടമോ വിശ്വാസ്യതയോ വാസ്തവികതയോ പരിശോധിക്കാതെ നൂറുകണക്കിനാളുകളിലേക്കു പങ്കുവയ്ക്കപ്പെടുകയാണ്. അത്തരം വാര്‍ത്തകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നവരാണധികവും. ഫലമോ? നവമാധ്യമങ്ങള്‍ ആഴം കുറഞ്ഞ അഭിരുചികളുടെ സാംസ്കാരികചന്തയായി മാറുന്നു. സംവാദത്തിനു പകരം വിവാദം, വസ്തുനിഷ്ഠ വിമര്‍ശനങ്ങള്‍ക്കു പകരം വ്യക്തി നിഷ്ഠ അധിക്ഷേപം, മൂര്‍ത്തമായ ജ്ഞാനത്തിനു പകരം വിവരങ്ങളുടെ കേവലമായ ഉപരിപ്ലവത, വൈകാരികമായ സത്യസന്ധതയ്ക്കു പകരം സ്തോഭജനകമായ ഇക്കിളികള്‍; സത്യാനന്തര കാലത്തെ നവമാധ്യമങ്ങളുടെ ഉള്ളടക്കമാണിത്.

ന്യൂയോര്‍ക്ക് ടൈംസിന്‍റെ ആപ്തവാക്യം Everything that Fits to Print (അച്ചടിക്കാന്‍ യോഗ്യമായതെന്തും) എന്നതാണ്. ധാര്‍മ്മികശക്തിയും സാമൂഹ്യബോധവുമുള്ള എഡിറ്റര്‍മാര്‍ പല അരിപ്പകളിലൂടെ കടത്തിവിട്ടാണ് അച്ചടിക്കാന്‍ യോഗ്യമായതെന്തെന്നു വിവേചിച്ചിരുന്നത്. എന്നാല്‍ സ്വയം പ്രഖ്യാപിത എഡിറ്റര്‍മാരും മാധ്യമവിചാരകരും മേല്‍ക്കൈ നേടുന്ന നവമാധ്യമങ്ങളില്‍ എന്തും അനുവദനീയമാണ്. The Guardian-ന്‍റെ ചീഫ് എഡിറ്റര്‍ കാതറിന്‍ വൈനര്‍ 'സാങ്കേതിക വിദ്യ സത്യത്തെ അലങ്കോലപ്പെടുത്തിയതെങ്ങനെ'(How Technology Disrupted the Truth) എന്ന ലേഖനത്തില്‍ എഴുതിയതുപോലെ സെന്‍സേഷണലിസത്തിന്‍റെ കാലത്തു പ്രചാരസാദ്ധ്യതയാണു ഗുണമേന്മയേക്കാളും ധാര്‍മ്മികവശത്തേക്കാളും വാര്‍ത്താ തിരഞ്ഞെടുപ്പിന്‍റെ മാപിനിയായി മാറുന്നത്. ഇതിന്‍റെ ഫലമായി മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും സെന്‍സേഷണല്‍ സ്കൂപ്പുകള്‍ക്കു പുറകെ പോകാന്‍ നിര്‍ബന്ധിതരാകുന്നു. പൊതുഇടങ്ങളിലെ സംവാദങ്ങളാകട്ടെ അതീവ ലളിതവത്കരണം (over simplificaiton) വ്യാജവിവരങ്ങള്‍ (misinformations) ആശയക്കുഴപ്പം, ശുദ്ധനുണകള്‍ എന്നിവയാല്‍ നിയന്ത്രിക്കപ്പെടുന്നു. ബ്രെക്സിറ്റും ട്രംപിന്‍റെ വിജയവും മോദി ഇംപാക്റ്റും സാധ്യമാക്കിയതു സത്യാനന്തരകാലത്തെ ജനപ്രിയ അരാജകത്വങ്ങളാണ്.

മാര്‍ക്കറ്റിന്‍റെ എഴുത്തും എഴുത്തിന്‍റെ മാര്‍ക്കറ്റും; സത്യാനന്തരകാല മാധ്യമ അപചയവും കമ്പോളവും
ആധുനിക ദാര്‍ശനികന്മാര്‍ മുന്നോട്ടുവച്ച ബൗദ്ധിക സ്വയം ശാസിതത്വം (Intellectual Autonomy) കമ്പോള മുതലാളിത്തത്തിന്‍റെ കാലത്തു സാമ്പത്തിക സ്വയം ശാസിതത്വ (Financial Autonomy) മായി മാറിയെന്ന നിരീക്ഷണം സത്യാനന്തരകാലത്തെ മാധ്യമലോകത്തെ മൂല്യശോഷണവുമായി കൂട്ടിവായിക്കേണ്ട ഒന്നാണ്. സത്യാനന്തരകാലത്ത് മാധ്യമങ്ങളിലെ ലാഭനഷ്ടകണക്കുകളുടെ കണക്കപ്പിള്ളമാര്‍, പ്രത്യേകിച്ചു സര്‍ക്കുലേഷന്‍-പരസ്യവിഭാഗങ്ങള്‍, പരിണിതപ്രജ്ഞരായ എഡിറ്റര്‍ക്കു മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ മാര്‍ക്കറ്റിനനുസരിച്ച് എഴുതാനുള്ള പ്രലോഭനം മാധ്യമങ്ങളുടെ പ്രഥമ പരിഗണനയായി മാറി. സത്യം അറിയിക്കാനുള്ള ജിഹ്വ എന്ന നിലയില്‍ നിന്നും മാര്‍ക്കറ്റില്‍ വിറ്റഴിക്കേണ്ട ഉത്പന്നമായി മാധ്യമങ്ങള്‍ മാറിയപ്പോള്‍ കമ്പോള നിലവാരമനുസരിച്ചുള്ള എഴുത്തും വിപണിമൂല്യമുള്ള "സത്യ"ങ്ങളുമുണ്ടായി. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന, ഏറ്റവുമധികം പേര്‍ കാണുന്ന മാധ്യമമാണ് ഏറ്റവും നല്ല മാധ്യമം എന്ന തെറ്റിദ്ധാരണ വഴി കമ്പോള മുതലാളിത്തം മാധ്യമങ്ങളെ പൈങ്കിളിവത്കരിച്ചു. ജനങ്ങള്‍ക്കു താത്പര്യമുള്ള വിഭവങ്ങളാണു ഞങ്ങള്‍ വിളമ്പുന്നതെന്ന ഭാഷ്യംവഴി മുഖ്യധാരാ മാധ്യമപാചകക്കാര്‍ ഈ അധഃപതനത്തെ ന്യായീകരിച്ചു. ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടുമെന്നെഴുതിയത് പ്ലേറ്റോയാണ്. സത്യത്തിനുവേണ്ടിയുള്ള ദാഹം തീര്‍ന്നുപോയ ജനം നുണയുടെ കലക്കവെള്ളം കുടിച്ചു ജീവിക്കേണ്ടി വരും എന്നല്ലേ സത്യാനന്തരകാലത്തെ പ്ലേറ്റോ പറയാതെ പറയുന്നത്?

പത്ര-ചാനല്‍ ഉടമയുടെ വാണിജ്യ-രാഷ്ട്രീയ താത്പര്യങ്ങളും പരസ്യദാതാക്കളുടെ നിക്ഷിപ്തതാത്പര്യങ്ങളുമൊക്കെ ചേര്‍ന്ന സത്യാനന്തരകാലത്തെ വാര്‍ത്ത ന്യൂസ് റൂമിലെ അവിയല്‍ നിര്‍മിതിയാവുകയാണ്. പരസ്യവരുമാനം പത്രത്തിന്‍റെ നിലനില്പിന്‍റെയും അതിജീവനത്തിന്‍റെയും ഒരു പ്രധാന ഘടകമായതോടെ എന്തു മൂല്യവും ബലി കഴിച്ചു പരസ്യദാതാവിന്‍റെ താത്പര്യസംരക്ഷണം മാധ്യമമുതലാളിയുടെയും അണിയറക്കാരുടെയും ദൗത്യമായി മാറി. നിക്ഷിപ്ത താത്പര്യങ്ങള്‍ ലിബറല്‍ മൂല്യങ്ങളുടെ മുഖംമൂടിയണിഞ്ഞു പൊതുജനത്തിന്‍റെ കണ്ണുകെട്ടുമ്പോള്‍ പ്രേക്ഷകര്‍ മുഖ്യധാരാ മാധ്യമങ്ങളില്‍നിന്നു പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയുടെ ജീവകം അവിടെനിന്ന് അപ്രത്യക്ഷമായി. പണം തരുന്നവന്‍ അനര്‍ഹനെങ്കിലും അതിശയോക്തി നിറഞ്ഞ തൊങ്ങലുകള്‍ ചാര്‍ത്തി മഹത്ത്വവത്കരിക്കുന്നതും ധാര്‍മ്മികത ലവലേശം പോലുമില്ലാത്തവനെ ആദര്‍ശധീരനാക്കുന്നതും വര്‍ഗീയതയുടെ കാളകൂടം പേറുന്നവനെ മതേതരനാക്കുന്നതും സത്യാനന്തര മാധ്യമലോകത്തെ സ്ഥിരം കാഴ്ചയാണ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നല്ലൊരു പങ്കും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരുടെയും കൂലിയെഴുത്തുകാരുടെയും ഭാവനാസൃഷ്ടികളാണെന്ന തിരിച്ചറിവ് "നിര്‍മ്മിത മഹാന്മാരുടെ" പൊയ്ക്കാലുകള്‍ വെളിവാക്കുന്ന ഒന്നാണ്. പെയ്ഡ് ന്യൂസും മാധ്യമ സിന്‍ഡിക്കേറ്റുകളും ചേര്‍ന്നു കറുപ്പിനെ വെളുപ്പാക്കുകയാണ്. കള്ളനാണയങ്ങളടിച്ചു വിടുന്ന കമ്മട്ടങ്ങളായി സത്യാനന്തരകാല മാധ്യമങ്ങള്‍ രൂപംമാറുന്നു; നേരിന്‍റെ എതിര്‍ശബ്ദങ്ങളാകട്ടെ ദുര്‍ബലവും ബലഹീനവുമാണ്.

വാര്‍ത്തയും പരസ്യവും തമ്മിലുള്ള വ്യത്യാസത്തെ തിരിച്ചറിയാന്‍ പറ്റാത്ത പെയ്ഡ് ന്യൂസുകളെ അഡ്വട്ടോറിയല്‍, ഫോക്കസ് ഫീച്ചര്‍ എന്നീ ഓമനപ്പേരുകളില്‍ വസ്തുതയായി അവതരിപ്പിക്കുന്നത് വായനക്കാരന്‍റെ കണ്ണുകെട്ടലല്ലാതെ മറ്റെന്താണ്? കൊക്കോക്കോളയില്‍ ആരോഗ്യത്തിനു ഹാനികരമായ പദാര്‍ത്ഥങ്ങളുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നു വില്പന കുറഞ്ഞപ്പോള്‍ കോളക്കമ്പനി ഇറക്കിയ പരസ്യം തന്നെ ഉദാഹരണം: സമീപകാല സദുദ്ദേശ്യ ചിത്രങ്ങളിലൂടെ ഭാരതീയ മദ്ധ്യവര്‍ഗത്തിന്‍റെ മനസ്സിലിടം നേടിയ അമീര്‍ഖാന്‍ കോള ഫാക്ടറി സന്ദര്‍ശിച്ചിട്ടു പറയുന്നു: ഞാന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്; നിങ്ങളും തെറ്റിദ്ധരിക്കരുത്. ഇതു പ്രേക്ഷകന്‍റെ കണ്ണുകെട്ടലല്ലാതെ മറ്റെന്താണ്? വായനക്കാരന്‍റെ പ്രബുദ്ധതയേക്കാള്‍ കോര്‍പ്പറേറ്റ് പരസ്യവരുമാനം ലക്ഷ്യം വയ്ക്കുന്നവര്‍ അവരുടെ അജണ്ടകള്‍ ഒളിച്ചുകടത്താനുള്ള ഇടമാക്കി മാധ്യമങ്ങളെ മാറ്റുമ്പോള്‍ നിഷ്പക്ഷമതികള്‍ തിരിച്ചറിയണം, ഇവരുടെ പ്രതിബദ്ധത പരസ്യദാതാക്കളോടു മാത്രമെന്ന്. "മകളെ വ്യഭിചാരത്തിനു വിടുന്നതിനേക്കാള്‍ ഭയം മകനെ പത്രപ്രവര്‍ത്തനത്തിനു വിടാനാണെന്ന" ഡാനീഷ് തത്ത്വചിന്തകന്‍ സോറന്‍ കീര്‍ക്കഗോറിന്‍റെ പ്രസ്താവന ഒരുപക്ഷേ അകം പഴുത്ത സമകാലിക മാധ്യമങ്ങളെക്കുറിച്ചുള്ള പ്രവചനാത്മകമായ ഒരു താക്കീതായിരുന്നിരിക്കാം! ബിംബവത്കരണത്തിന്‍റെയുംv(Image Building) അതിശയോക്തിപരമായ മഹത്ത്വവത്കരണത്തിന്‍റെയും മാര്‍ഗങ്ങളുപയോഗിച്ച് ഒരാളെ പുണ്യാളനും അപരനെ വെറുക്കപ്പെട്ടവനുമാക്കാനുളള മാധ്യമപ്രവര്‍ത്തന ശൈലികള്‍ പരസ്യത്തിന്‍റെ കാര്യം വരുമ്പോള്‍ ഏതു കാളകൂടത്തെയും അമൃതാക്കി മാറ്റുന്നു. 92% അംഗങ്ങളും കോണ്‍ഗ്രസ്സുകാരായ ആദ്യപാര്‍ലമെന്‍റില്‍ നമുക്കു പ്രതിപക്ഷമാകാമെന്നു മാധ്യമങ്ങളെ ആഹ്വാനം ചെയ്ത ഫ്രാങ്ക് മൊറെയ്സും ദിവാന്‍റെ ദുര്‍ഭരണത്തിനെതിരെ തൂലിക ചലിപ്പിച്ച സ്വദേശാഭിമാനിയും റൂപര്‍ട്ട് മര്‍ഡോക്കിന്‍റെ മാധ്യമലോകത്തില്‍ പ്രവേശനമില്ലാത്തവരാണെന്നതാണു സത്യാനന്തരകാലത്തിലെ ഏറ്റവും വലിയ ദുരന്തം.

സത്യാനന്തര മാധ്യമലോകത്തെ വര്‍ഗീയ അജണ്ടകള്‍
മതേതര സ്വഭാവത്തിന്‍റെ ആട്ടിന്‍തോല്‍ പുറത്തും വര്‍ഗീയതയുടെ ചെന്നായ ക്രൗര്യം അകത്തുമുള്ള മാധ്യമങ്ങളാണു സത്യാനന്തരകാലത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഏകാധിപത്യത്തിന്‍റെ പ്രയോഗവഴികളെപ്പറ്റി ഗ്രീക്ക്-ഫ്രഞ്ച് പശ്ചാത്തലത്തില്‍ നിന്നു വരുന്ന ചിന്തകന്‍ നിക്കോസ് പൗലാന്‍റസ് പറഞ്ഞതു വര്‍ഗീയ അജണ്ടകളുള്ള മാധ്യമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പൗലാന്‍റസ് എഴുതി: "പ്രഥമ ശ്രവണത്തില്‍ തന്നെ വ്യാജമെന്നു തോന്നുന്ന കാര്യമാണെങ്കിലും അതു പറഞ്ഞുകൊണ്ടേയിരിക്കുക; നിഷ്പ്രയാസം അതു ഖണ്ഡിക്കപ്പെട്ടേക്കാം. എന്നാലും ആ ഭോഷത്തം എല്ലാവരും ചേര്‍ന്നു പ്രചരിപ്പിച്ചോളും." അമേരിക്കന്‍ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പു സമയത്ത് എഴുതിത്തള്ളിയ ട്രംപിന്‍റെ വിജയവും ഇസ്ലാമോ ഫോബിയ, കുടിയേറ്റ വിരോധം എന്നിവയുടെ അതിശയോക്തിപരമായ അവതരണം വഴി സംഭവിച്ച ബ്രെക്സിറ്റും, ന്യൂനപക്ഷവിരോധം, ഭൂരിപക്ഷ ഏകീകരണം എന്നീ ചവിട്ടുകല്ലുകളില്‍നിന്ന് അര്‍ണാബ് ഗോസ്വാമിമാരെപ്പോലുള്ളവര്‍ വികസന നായകനാക്കി മിനുക്കിയെടുത്ത നരേന്ദ്രമോദിയുടെ വിജയവും പൗലാന്‍റസിന്‍റെ വാക്കുകളെ ശരിവയ്ക്കുന്നവയാണ്.

മാധ്യമധാര്‍മികത മറന്നു വസ്തുതാവിരുദ്ധവും അമിതഭയം ജനിപ്പിക്കുന്നതുമായ ചിത്രങ്ങളും അതിശയോക്തിപരവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകളും സ്ഥിതിവിവരക്കണക്കുകളും പ്രചരിപ്പിക്കുന്നതു വഴി വെറുപ്പിന്‍റെ സാമൂഹികമതിലുകള്‍ പണിയുന്ന മാധ്യമങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. വാഴുന്ന കൈകള്‍ക്കു വളയിടുന്ന കോര്‍പ്പറേറ്റ് ശൈലികള്‍ മാധ്യമങ്ങള്‍ സ്വീകരിച്ചതോടുകൂടി വര്‍ഗീയ ധ്രുവീകരണം വഴി അധികാരത്തിലേറാന്‍ ശ്രമിക്കുന്നവര്‍ വികസനത്തിന്‍റെ മിശിഹാമാരായി. നട്ടാല്‍ കുരുക്കാത്ത നുണകളെ ചരിത്രസത്യമെന്ന വ്യാജേന അവതരിപ്പിക്കുന്നതുവഴി മറ്റു ചില മാധ്യമങ്ങള്‍ ചെയ്തതു വിഭജനത്തിന്‍റെ മിത്തുകളെ ശാശ്വതീകരിക്കുകയും വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ പോഷിപ്പിക്കുകയുമാണ്. ഫോര്‍ത്ത് എസ്റ്റേറ്റായി ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട മാധ്യമങ്ങള്‍ ചുമതല മറന്നു വിഭജനരാഷ്ട്രീയത്തിനു വെള്ളവും വളവും നല്കുമ്പോള്‍ നിര്‍വീര്യമാക്കപ്പെടുന്നത് തൂലികയ്ക്കു ബയണറ്റിനേക്കാള്‍ പ്രഹരശേഷിയുണ്ടെന്നു പഠിപ്പിച്ച ആത്മവീര്യങ്ങളാണ്. വര്‍ഗീയ രാഷ്ട്രീയക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഇണങ്ങുന്ന രീതിയില്‍ പൊതുബോധത്തെ നിര്‍മിക്കുകയും പൊതുജനാഭിപ്രായത്തെ വിഭജിക്കുകയും ചെയ്യുന്ന സത്യാനന്തരകാല മാധ്യമപ്രവര്‍ത്തകര്‍ക്കു "പ്രെസ്റ്റിറ്റ്യൂട്ട്സ്" (Prestitutes) എന്ന വഷളന്‍ നാമകരണം നടത്തിയതില്‍ അത്ഭുതമെന്ത്?

ഉപസംഹാരം
മാത്യു അര്‍നോഡിന്‍റെ നിര്‍വചനംപോലെ "വേഗത്തില്‍ എഴുതിയുണ്ടാക്കുന്ന സാഹിത്യ"മായി മാധ്യമപ്രവര്‍ത്തനം മാറുമ്പോള്‍ ചവിട്ടിയരയ്ക്കപ്പെടുന്ന സത്യത്തെ വീണ്ടെടുക്കാനും മാധ്യമധാര്‍മികതയെ പുനഃസ്ഥാപിക്കാനുമായി വഴിയെന്താണ്? ഓക്സ് ഫോര്‍ഡിലെ തത്ത്വചിന്തയുടെ പ്രൊഫസ്സറായ ലുട്ടിയാനോ ഫ്ളോറീനി (Lutiano Florini) എഴുതുന്നതുപോലെ "ധാര്‍മ്മികതയുടെ വൈജ്ഞാനിക മണ്ഡല" (Ethical Infosphere) മാക്കി മാധ്യമമേഖലയെ പുനര്‍നിര്‍വചിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും ഒരേപോലെ ചുമതലയുണ്ട്. അരിസ്റ്റോട്ടില്‍ തന്‍റെ 'മെറ്റാഫിസിക്സില്‍' എഴുതിയതുപോലെ അറിയാനുള്ള ആഗ്രഹം (Desire for Knowledge) മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. എന്നാല്‍ ഈ ആഗ്രഹം ആക്ഷേപാര്‍ഹമായ ജിജ്ഞാസ (Scandalous curiosity)യായി മാറാനുള്ള സാദ്ധ്യത തന്‍റെ കുമ്പസാര (confessions) ത്തില്‍ വി. അഗസ്റ്റിന്‍ സൂചിപ്പിക്കുന്നുണ്ട്. മനുഷ്യന്‍റെ ഈ ജിജ്ഞാസയെ വഴിതെറ്റിക്കാനും ചൂഷണം ചെയ്യാനുമാണ് സത്യാനന്തരകാലത്തെ വ്യാജവാര്‍ത്തകളും സ്ഥിതിവിവരക്കണക്കുകളും മുന്‍വിധി കലര്‍ന്ന വിധിതീര്‍പ്പുകളും ശ്രമിക്കുന്നത്. അതു കൊണ്ടുതന്നെ നമ്മുടെ ജ്ഞാനത്തിന്‍റെ (വാര്‍ത്തയുടെ) ഉറവിടങ്ങളെക്കുറിച്ചു നമ്മള്‍ കരുതലുള്ളവരായിരിക്കണം. നൂറ്റാണ്ടുകള്‍ക്കുമുമ്പേ വി. തോമസ് അക്വിനാസ് നിര്‍ദ്ദേശിച്ച പരിഹാരവും ഇതുതന്നെയാണ്. ജിജ്ഞാസയെ (curiosity) അദ്ധ്യയനതത്പരത (studiousness) കൊണ്ടു മറികടന്നാലേ സത്യാനന്തരകാലത്തെ മാധ്യമങ്ങള്‍ നടത്തുന്ന കണ്‍കെട്ടുകള്‍ക്കപ്പുറത്തു സത്യത്തെ തിരിച്ചറിയാന്‍ നമുക്കു സാധിക്കുകയുള്ളൂ. വാര്‍ത്തകളുടെ ഉപരിപ്ലവതകളില്‍ അഭിരമിക്കാതെയും സെന്‍സേഷണലിസം സൃഷ്ടിക്കുന്നവയെ തൊണ്ടതൊടാതെ വിഴുങ്ങാതെയും വിശകലനബുദ്ധിയോടെ വസ്തുതകളെ സമീപിച്ചില്ലെങ്കില്‍ മാധ്യമഭീമന്മാരുടെ അരമനകളില്‍ "സത്യത്തെ ക്രൂശിക്കുക" എന്ന ആക്രോശം ഇനിയും മുഴങ്ങും. ജാഗ്രതൈ!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org