കടന്നുപോകുന്ന ക്രിസ്തുവിനെ പോലെയാകുക

കടന്നുപോകുന്ന ക്രിസ്തുവിനെ പോലെയാകുക

ദല്‍ഹിയില്‍ അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായി പ്രവര്‍ത്തിക്കുകയാണ് സിസ്റ്റര്‍ സുമ സെബാസ്റ്റ്യന്‍ എസ്.ഡി. സുപ്രീം കോടതിയില്‍ അഭിഭാഷകയായി സേവനമാരംഭിച്ച സിസ്റ്റര്‍ പിന്നീട് തന്‍റെ കര്‍മ്മരംഗം കീഴ്ക്കോടതികളിലേയ്ക്കു മാറ്റുകയും തിഹാര്‍ ഉള്‍പ്പെടെയുള്ള ജയിലുകളില്‍ ശരിയായ നിയമസഹായം ലഭിക്കാതെ കഴിയുന്ന നിര്‍ധനര്‍ക്കായി സേവനം ലഭ്യമാക്കുകയും ചെയ്തു. നിരപരാധികളായ അനേകര്‍ സിസ്റ്ററിന്‍റെ സമയോചിതമായ ഇടപെടലുകള്‍ വഴി മോചനം നേടുകയും കുടുംബത്തിനു തുണയായി തീരുകയും ചെയ്തു. കൂടാതെ, വചനപ്രഘോഷണരംഗത്തും ചേരികളിലും സിസ്റ്റര്‍ പ്രവര്‍ത്തിക്കുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള  സീറോ മലബാര്‍ സിനഡിന്‍റെ അംഗീകാരം നേടിയ സിസ്റ്റര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ കാലടി ഇടവകാംഗവും അഗതികളുടെ സഹോദരിമാര്‍ എന്ന സന്യാസിനീസമൂഹത്തിലെ അംഗവുമാണ്. സിസ്റ്റര്‍ സുമ സെബാസ്റ്റ്യനുമായി സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? കേരളത്തിനു പുറത്ത് മറ്റൊരു ദേശത്ത്, സംസ്കാരത്തില്‍ പോയി സേവനം ചെയ്യാനുള്ള പ്രചോദനം എന്തായിരുന്നു?
പ്രധാന പ്രചോദനം ക്രിസ്തു തന്നെ. ദരിദ്രനായി ജനിച്ച്, ദരിദ്രനായി ജീവിച്ച്, ദരിദ്രരോടൊപ്പം നിന്നതിന്‍റെ പേരില്‍ മരണം വരിക്കേണ്ടി വന്ന ക്രിസ്തുവാണ് എന്‍റെ പ്രചോദനം.

? സിസ്റ്റര്‍ സാമൂഹ്യസേവനം ചെയ്യുന്നുണ്ട്, ഒപ്പം വചനപ്രഘോഷണരംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു രണ്ടും ചേര്‍ത്ത് കൊണ്ടു പോകുന്നതെങ്ങനെ? ഇതു ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനമെന്ത്?

എന്‍റെ ജീവിതത്തില്‍ എനിക്കേറ്റവും വലിയ ആയുധമായി നില്‍ക്കുന്നത് പഠിച്ച നിയമമല്ല, മറിച്ചു ദൈവത്തിന്‍റെ വചനമാണ്. വചനത്തിനു മുമ്പിലിരുന്നുള്ള ആരാധനയാണ് എനിക്കു പ്രചോദനമേകുന്നത്. ദിവ്യകാരുണ്യസന്നിധിയില്‍ നിന്നാണു ഞാന്‍ ശക്തിയാര്‍ജിക്കുന്നത്.

ഞാന്‍ ആയിരിക്കുന്ന സന്യാസസമൂഹത്തിലും വളരെ സജീവമായിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ആ സന്യാസസമൂഹത്തോടുള്ള പ്രതിബദ്ധത നിലനിറുത്താനും അതിന്‍റെ നിയമങ്ങള്‍ പാലിക്കാനും അധികാരികളെ അനുസരിക്കാനും പ്രത്യേക ശ്രദ്ധ പു ലര്‍ത്തുന്നുണ്ട്. അതൊരു വലിയ കൃപയായി ഞാന്‍ ജീവിതത്തില്‍ കാണുന്നു. എല്ലാ കാര്യങ്ങളിലും അധികാരികളോട് ആലോചന ചോദിക്കുന്നു. എന്‍റെ കുറവുകളും ബലഹീനതകളുമെല്ലാം അധികാരികളോട് തുറന്ന് ഏറ്റു പറഞ്ഞു പോകുന്നു. അതൊരു വലിയ അനുഗ്രഹമായി ഞാന്‍ കാണുന്നു. എസ്.ഡി. സന്യാസസമൂഹത്തിന്‍റെ തുറവിയും എനിക്കു നല്‍കുന്ന പിന്‍ബലവും വളരെ സഹായകരമാണ്.

? പരമ്പരാഗതസേവനരംഗങ്ങള്‍ വിട്ടു സമര്‍പ്പിതര്‍ പുതിയ സേവനരംഗങ്ങളിലേയ്ക്കു പോകേണ്ടതിനെ കുറിച്ച് അഭിപ്രായമെന്താണ്?
ഇപ്പോഴായിരിക്കുന്ന രംഗത്ത് പച്ചയായ ജീവിതം കാണുമ്പോള്‍ എന്‍റെ മനസ്സിലുണ്ടാകുന്ന വേദന നിറഞ്ഞ ഒരു ചിന്ത, സഭ ഇനിയും പാവങ്ങളിലേയ്ക്ക് എത്രയോ എത്താനിരിക്കുന്നു എന്നതാണ്. സഭയില്‍ അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു, തിരുസഭയെ സ്വന്തം പോലെ സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ ഇത് എന്‍റെയുള്ളില്‍ ഒരു വേദനയാണ്. തിരുസഭ പാവങ്ങളുടെ ഇടയിലായിരിക്കണം എന്നതാണ് എന്‍റെ സ്വപ്നം. പലപ്പോഴും പാവങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത, അവര്‍ക്കു ചിന്തിക്കാന്‍ പോലുമാകാത്ത വലിയ കെട്ടിടങ്ങളും സ്ഥാപനങ്ങളുമൊക്കെ നമുക്കുണ്ട്. കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലുള്ള ഗ്രാമങ്ങളിലായിരുന്നു ഞാന്‍. ഇരുപതോളം ഗ്രാമങ്ങളില്‍ പോയി. വൈദ്യുതിയെത്താത്ത, വിദ്യാഭ്യാസസൗകര്യങ്ങളില്ലാത്ത, ആശുപത്രികളില്ലാത്ത, പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ഗ്രാമങ്ങള്‍. അവിടെ നിന്നൊക്കെ ഒത്തിരി ദൂരെയാണു നമ്മുടെ സഭ. നമ്മുടെ പല വിദ്യാഭ്യാസസ്ഥാപനങ്ങളിലേയ്ക്കും പണക്കാര്‍ക്കു മാത്രമേ കടന്നുവരാന്‍ കഴിയുന്നുള്ളു. എന്‍റടുത്ത് സഹായം തേടി വരുന്നയാളുകളുടെ വിവരങ്ങള്‍ ഒരു ഫോമില്‍ പൂരിപ്പിച്ചെടുക്കാറുണ്ട്. നിരക്ഷരന്‍ എന്നു മാത്രമേ വിദ്യാഭ്യാസത്തിന്‍റെ കോളം ഇന്നുവരേയും എനിക്കു പൂരിപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂ. സഭ എത്രയോ വളര്‍ന്നിട്ടും ഇത്രയേറെ സ്ഥാപനങ്ങളുണ്ടായിട്ടും ഇന്ത്യയില്‍ ഇന്നും നിരക്ഷരരായ ആളുകള്‍ ഇത്രയധികം ഉണ്ടാകുന്നതെന്തുകൊണ്ട് എന്നു ചിന്തിക്കാറുണ്ട്. നഗരങ്ങളില്‍ നിന്നു പാവങ്ങളുടെ ഗ്രാമങ്ങളിലേയ്ക്കും വിദ്യാരഹിതര്‍ താമസിക്കുന്നയിടങ്ങളിലേയ്ക്കും എത്താന്‍ സാധിച്ചിട്ടുണ്ടോ എന്നു നാം ചിന്തിക്കണം.

? സഭ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പാവങ്ങളെ സഹായിക്കാന്‍ തന്നെയായിരുന്നു. പിന്നീടവ കാലഹരണപ്പെട്ടിട്ടുണ്ടാകാം. അവ കൂടുതല്‍ ഫലപ്രദമാക്കുന്നതിന്, സേവനരംഗങ്ങളില്‍ പുതിയ പൊളിച്ചെഴുത്തുകള്‍ ആവശ്യമുണ്ടോ? മാറിയ സാഹചര്യത്തില്‍ സിസ്റ്റര്‍ക്ക് ഇതേക്കുറിച്ച് പുതിയൊരു മാതൃക അവതരിപ്പിക്കാനുണ്ടോ?
കടന്നുപോകുന്ന ക്രിസ്തുവാണു എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നത്. ഒരു സ്ഥലത്തും നാം സ്ഥിരമായിരിക്കേണ്ടതില്ല. വളരെ വിദൂരസ്ഥമായ ഒരിടത്തുചെന്ന് വചനം പ്രഘോഷിച്ച് അവരെ വളര്‍ത്തുന്നു. ശേഷം അവിടെനിന്നു കടന്നുപോകണം. അടുത്ത സ്ഥലത്തേയ്ക്ക്. ഒരിടത്തു ചെന്ന്, അവിടെ നമ്മുടെ സാമ്രാജ്യം സ്ഥാപിച്ച് അവിടെ തന്നെ ആയിരിക്കുകയല്ല ആവശ്യം. കടന്നുപോകുന്ന സമൂഹങ്ങളായി നാം മാറണം. നമ്മുടെ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ നിന്നു മാറി, കടന്നു പോകുന്ന ക്രിസ്തു നമ്മെ വെല്ലുവിളിക്കണം. അവനു സമാനരാകാനുള്ള സന്നദ്ധതയാണു നാം കാണിക്കേണ്ടത്. ലോകമെമ്പാടുമു ള്ള ദരിദ്രര്‍ക്കു സുവിശേഷം പ്രഘോഷിക്കാനുള്ള മേഖലകള്‍ നാം കണ്ടെത്തണം. അറിവായും ആരോഗ്യമായും ഒക്കെ ക്രിസ്തു അത്തരം ഓരോ സമൂഹങ്ങളിലും അവതരിക്കാനുള്ള അവസരമുണ്ടാക്കണം.

? പാവങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അവിസ്മരണീയമായ അനുഭവങ്ങളെന്തെങ്കിലും പങ്കുവയ്ക്കാനുണ്ടോ?
ചെയ്യാത്ത കുറ്റത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ഏതാണ്ട് 9 വര്‍ഷമായി തടവില്‍ കഴിയുന്ന ബംഗ്ലാദേശുകാരനായ ഒരു യുവാവുണ്ട്. അവന്‍റെ 18-ാം വയസ്സിലാണ് ഞാനവനെ ജയിലില്‍ കണ്ടെത്തുന്നത്. മുഴുവന്‍ സമയവും കരയുന്ന ഒരു കുട്ടിയുണ്ട്, ഒന്നു സഹായിക്കാമോ എന്നു ഒരാള്‍ പറഞ്ഞതനുസരിച്ചാണ് അവനെ കണ്ടത്. അവനു ഭാഷകള്‍ ഒന്നുമറിയില്ല. കരച്ചില്‍ മാത്രം. ഇവനെ പഠിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പുസ്തകങ്ങള്‍ നല്‍കി. അവന്‍ നന്നായി പഠിച്ചു. തടവില്‍ കഴിയുമ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മയ്ക്കു രോഗം ഗുരുതരമായി. വിദേശപൗരനായതിനാല്‍ നിരവധി നൂലാമാലകളുണ്ടായിരുന്നു. ബംഗ്ലാദേശ് എംബസിയില്‍ ഒരുപാടു തവണ പോകേണ്ടി വന്നു. എംബസിക്കാര്‍ ഞാനൊരു കത്തോലിക്കാ മിഷണറിയായിട്ടും വലിയ സഹകരണം നല്‍കി. ബംഗ്ലാദേശ് എംബസിയുമായുള്ള ബന്ധം മറ്റു നിരവധി പേരുടെ കാര്യത്തിലും പ്രയോജനപ്പെടുത്താന്‍ പറ്റി. ഏതായാലും നിരവധി പരിശ്രമങ്ങള്‍ക്കു ശേഷം ഇവനെ ഏതാനും മാസം മുമ്പു നാടുകടത്തല്‍ ചട്ടമുപയോഗപ്പെടുത്തി ബംഗ്ലാദേശ് ജയിലിലേയ്ക്കു മാറ്റാന്‍ സാധിച്ചു. പോകുന്നതിനു മുമ്പ് അവന്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയുണ്ടായി. ക്രിസ്തുവിനെ വളരെ അടുത്ത് അനുഗമിക്കുന്ന ഒരു അനുയായി ആയിട്ടാണ് അവന്‍ ബംഗ്ലാദേശിലേയ്ക്കു പോയിരിക്കുന്നത്. ബംഗ്ലാദേശ് ജയിലില്‍ നിന്നു പിന്നീട് അവന്‍ എനിക്കൊരു കത്തെഴുതുകയുണ്ടായി. സിസ്റ്റര്‍ ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നതു പോലെ താനും ജീവിക്കും എന്നാണ് അവന്‍ അതിലെഴുതിയിരുന്നത്.

? വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണല്ലോ സിസ്റ്ററുടെ കര്‍മ്മരംഗം. അതിലേയ്ക്കിറങ്ങിയപ്പോള്‍ ധൈര്യവും പ്രോത്സാഹനവും നല്‍കിയത് എന്തൊക്കെയാണ്?
സന്യാസസമൂഹത്തിന്‍റെ ഭാഗത്തു നിന്നു വലിയ പിന്തുണയുണ്ട്. മഠങ്ങളിലെ സമയനിഷ്ഠയെല്ലാം ഈ ജോലിയില്‍ പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഞാന്‍ വാസ്തവത്തില്‍ സന്യാസത്തില്‍ ചേരുന്നത് എല്ലാ സന്യാസനിയമങ്ങളും പാലിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ്. ഇപ്പോഴും അതാണ് ആഗ്രഹം. അതുകൊണ്ടു തന്നെ ഈ ജോലിയില്‍ എനിക്കു വ്യക്തിപരമായി വലിയ വെല്ലുവിളികളും ഉണ്ടായിരുന്നു. തടവുകാരെ വിട്ടയച്ച് രാത്രി രണ്ടു മണിക്കൊക്കെ മഠത്തില്‍ മടങ്ങി വന്ന അവസരങ്ങളുണ്ട്. അപ്പോഴൊക്കെ എനിക്കു വേണ്ടി കാത്തിരിക്കാനും എന്നെ മനസ്സിലാക്കാനും ഒരു സന്യാസസമൂഹം ഇവിടെയുണ്ടായിരുന്നു. തടവുപുള്ളികളെ വിട്ടയയ്ക്കുമ്പോള്‍ അവരെ സ്വീകരിക്കാന്‍ പുറത്താരെങ്കിലും വേണം. അവരെ സ്വീകരിച്ച് ചിലപ്പോള്‍ ഈ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കൊണ്ടുവരുമ്പോള്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിന്‍റെ വാതിലുകള്‍ അവര്‍ക്കായി തുറക്കപ്പെട്ടിരുന്നു. ഒരു കുറ്റവാളിയെ ഒരിക്കല്‍ രാത്രി രണ്ടരയ്ക്കു കൊണ്ടു വരുമ്പോള്‍ അയാളെ സ്വീകരിച്ച് അച്ചന്മാര്‍ക്കും മറ്റും കൊടുക്കാറുള്ള ഗസ്റ്റ് റൂമില്‍ താമസസൗകര്യം നല്‍കുകയുണ്ടായി. അത്തരത്തില്‍ എന്നെ പിന്തുണയ്ക്കാന്‍ സന്യാസിനീസമൂഹം തയ്യാറായിരുന്നു. അധികാരികളെയും സ്വസമൂഹത്തിലെ സഹോദരിമാരേയും അറിയിക്കാതെ ഞാന്‍ ഒരു കാര്യവും ചെയ്തിട്ടില്ല. ആ തുറവി മൂലം എന്‍റെ എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അറിയാം. സഭ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. അതു വലിയ ശക്തിയായിരുന്നു.

? വനിതാസന്യാസത്തിലേയ്ക്കു കടന്നുവരുന്നവരുടെ എണ്ണം കുറയുകയാണോ?
സമര്‍പ്പിതരുടെ എണ്ണം കുറയുന്നുണ്ടെന്ന് തോന്നുന്നില്ല. കേരളത്തില്‍നിന്ന് അല്‍പം കുറയുന്നുണ്ടാകാം. പക്ഷേ ഞങ്ങളുടെ സന്യാസസഭയിലൊക്കെ ഇപ്പോഴും ധാരാളം ദൈവവിളികളുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നൊക്കെ കൂടുതല്‍ പേര്‍ വരുന്നുണ്ട്. സ്വന്തം യുക്തിയെയും ചിന്തയെയും ആശ്രയിക്കാനുള്ള ഒരു പ്രലോഭനം ഇന്നത്തെ സന്യസ്തര്‍ക്കുണ്ട്. അതിനെ മറികടന്നുകൊണ്ട് ക്രിസ്തുവിലും വചനത്തിലും ആശ്രയമര്‍പ്പിച്ചു ജീവിക്കാന്‍ സമര്‍പ്പിതര്‍ക്കു സാധിക്കണം. സ്വന്തം അവകാശങ്ങളെ കുറിച്ചൊക്കെ സന്യസ്തര്‍ കൂടുതലായി ചിന്തിക്കുന്നു. വാസ്തവത്തില്‍ നിത്യവ്രതമെടുത്ത് സന്യാസത്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍ അതൊരു തരം മരണമാണ്. അതിനു ശേഷം അവകാശങ്ങളെ കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്തു ലഭിക്കുന്നുവോ അതു ദാനമായി സ്വീകരിക്കുക. എന്‍റെ ജീവിതത്തില്‍ അതാണു ഞാനൊരു നയമായി സ്വീകരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കും. പക്ഷേ വ്യക്തിപരമായി സ്വന്തം അവകാശങ്ങളുടെ കാര്യത്തില്‍ അതെല്ലാം ഞാന്‍ അടിയറവു വച്ചിരിക്കുകയാണ്. കൂടാതെ ഞാനേറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു മൂല്യം ക്ഷമയാണ്. പരിഹാസവും തെറ്റിദ്ധാരണയുമൊക്കെ ക്രിസ്തുവിനു ലഭിച്ച അനുഭവങ്ങളാണ്. ഈ അനുഭവങ്ങളിലൂടെ മാത്രമേ ഒരു സമര്‍പ്പിതയ്ക്കും കടന്നുപോകാന്‍ സാധിക്കുകയുള്ളൂ. അതു സ്വാഭാവികമാണ്. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ക്രിസ്തു ഉപയോഗിച്ച ആയുധം തന്നെയാണ് ഉപയോഗിക്കേണ്ടതും. ക്ഷമയാണ് അത്. ഇത് എല്ലാ സമര്‍പ്പിതര്‍ക്കും ശക്തി പകരും എന്നു ഞാന്‍ കരുതുന്നു.

? ഇത്തരത്തിലുള്ള സമര്‍പ്പിതജീവിതത്തിലേയ്ക്കു കടന്നുവരുന്നവര്‍ക്കു കുടുംബങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ എപ്രകാരമായിരിക്കണം?
നിയമം മൂലം ഭ്രൂണഹത്യ അനുവദനീയമായ ഒരു സാഹചര്യത്തില്‍, ഭ്രൂണഹത്യ നിര്‍ദേശിക്കപ്പെട്ട ഒരു ആരോഗ്യാവസ്ഥയില്‍ എന്‍റെ മമ്മി ഡോക്ടറോടു കരഞ്ഞു പറഞ്ഞിട്ടാണ് എന്‍റെ ജനനം സാദ്ധ്യമാകുന്നത്. സ്ത്രീയുടെ ഒരു ബലമാണിത്. ജീവനു വേണ്ടി ഉറച്ചു നില്‍ക്കാന്‍ ഒരു അമ്മ കാണിച്ച ധൈര്യത്തിന്‍റെ ഉത്തരമാണ് എന്‍റെ ജീവിതം. അങ്ങനെയൊരു മമ്മി എനിക്കുണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഈ ലോകം കാണില്ലായിരുന്നു. അത്തരത്തിലുള്ള അമ്മമാര്‍ ഇനിയും ഉണ്ടാകട്ടെ. ഓരോ ജീവനും ദൈവത്തിന്‍റെ ദാനമാണെന്നു തിരിച്ചറിയാന്‍ കഴിയുന്ന അമ്മമാര്‍. ഓരോ കുഞ്ഞും ഈ ലോകത്തു പിറക്കുന്നത് ദൈവത്തിന്‍റെ സ്വപ്നവുമായിട്ടാണെന്ന് മനസ്സിലാക്കുന്നവര്‍.

എസ്.ഡി. സന്യാസസമൂഹത്തില്‍ ചേരുന്നതിനു മുമ്പു തന്നെ സ്വന്തം വീട്ടില്‍ പാവപ്പെട്ടവരോടുള്ള കരുണയുടെ കാഴ്ചകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വീട്ടിലുണ്ടാക്കുന്ന ഏറ്റവും നല്ല ഭക്ഷണം ആദ്യം തന്നെ എടുത്തു മാറ്റി വച്ചു പാവപ്പെട്ട കുട്ടികളെ വിളിച്ചു കൊടുക്കുന്ന മമ്മിയാണ് പാവങ്ങളുടെ അവകാശങ്ങളെ കുറിച്ച് എന്നെ ആദ്യം പഠിപ്പിച്ചത്. ധാരാളം പാവപ്പെട്ടവരെ ആരുമറിയാതെ മമ്മി സഹായിക്കുമായിരുന്നു. വീട്ടില്‍ വരുന്ന ഭിക്ഷക്കാരുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കാന്‍ മമ്മി എന്നെ അനുവദിക്കുമായിരുന്നു. ഓരോ ദരിദ്രനും ക്രിസ്തുവാണ് എന്ന പാഠം മമ്മി പഠിപ്പിച്ചു. അംഗീകാരങ്ങള്‍ക്കും പ്രശസ്തിക്കും വലിയ വില കൊടുക്കരുതെന്ന് ഡാഡി എന്നെ പഠിപ്പിച്ചു. വിദ്യാഭ്യാസകാലത്ത് ഒരു പാടു സമ്മാനങ്ങള്‍ എനിക്കു കിട്ടുമായിരുന്നു. അതെല്ലാം കൊണ്ടു മേശപ്പുറത്തു വച്ചാലും ഡാഡി കാര്യമായി പ്രതികരിക്കില്ല. അതു ചോദിക്കുമ്പോള്‍ ഡാഡി പറയും, ഇതൊന്നുമല്ല ജീവിതത്തിലെ വലിയ കാര്യങ്ങള്‍. ഒരു കുട്ടിയെന്ന നിലയില്‍ എന്നെ അത് അന്നു വിഷമിപ്പിച്ചിരിക്കാം. പക്ഷേ ലോകം തരുന്ന അംഗീകാരങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും പിന്നാലെ പോകേണ്ടവരല്ല നമ്മളെന്ന പാഠം അതില്‍ നിന്നു പഠിച്ചു. നല്ല കുടുംബങ്ങളില്ലെങ്കില്‍, മാതൃകയായ മാതാപിതാക്കളില്ലെങ്കില്‍ നല്ല വൈദികരെയോ നല്ല സന്യസ്തരെയോ നമുക്കു ലഭിക്കില്ല. അതുകൊണ്ടു കുടുംബത്തിനു തന്നെയാണു നാം പ്രാധാന്യം കൊടുക്കേണ്ടത്.

? കേരളത്തില്‍ നിന്ന് ഒട്ടേറെ മിഷണറിമാര്‍ കേരളത്തിനു പുറത്തും ഭാരതത്തിനു പുറത്തും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. കേരളമിഷണറിമാരുടെ സേവനങ്ങള്‍ ഭാരതസഭയ്ക്ക് എത്രത്തോളം ഗുണകരമായിട്ടുണ്ടെന്നാണ് സിസ്റ്ററുടെ വിലയിരുത്തല്‍?
കേരളത്തിലെ ഒരു ചിത്രമല്ല കേരളത്തിനു പുറത്തെ മിഷനുള്ളത്. വലിയ പള്ളികളും സ്ഥാപനങ്ങളുമാണ് കേരളത്തിലുള്ളത്. കേരളത്തിനു പുറത്ത് അതല്ല സ്ഥിതി. പുറത്ത് ഒരു വൈദികന്‍റെ ജീവിതം വലിയ വെല്ലുവിളികളും വേദനകളും നിറഞ്ഞതാണ്. പല ഉള്‍ ഗ്രാമങ്ങളിലും ഈയടുത്ത കാലങ്ങളില്‍ പോകുകയുണ്ടായി. അവിടെയെല്ലാം വൈദികരും സന്യസ്തരും വളരെ കഷ്ടപ്പെടുന്ന ജീവിതമാണു നയിക്കുന്നത്. അവരുടെ ത്യാഗജീവിതം കാണുമ്പോള്‍ അവരുടെയൊക്കെ പാദങ്ങള്‍ ചുംബിക്കാന്‍ തോന്നും. ലോകം മുഴുവന്‍ നമ്മുടെ മിഷണറിമാര്‍ പോയിട്ടുണ്ട്. മഡഗാസ്കര്‍ മിഷനിലുള്ള ഞങ്ങളുടെയൊരു സിസ്റ്റര്‍ അവിടെ നിന്നു വന്നപ്പോള്‍ പങ്കു വച്ച ഒരു കാര്യമോര്‍ക്കുന്നു. തൃശൂരിലെ വലിയൊരു സമ്പന്നകുടുംബത്തിലെ അംഗമാണ് സിസ്റ്റര്‍. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതകളും ഉണ്ട്. മഡഗാസ്കറില്‍ ഞങ്ങളുടെ അര്‍ത്ഥിനികളുടെ ജീവിതത്തിനായി അവിടെ കോഴി വളര്‍ത്തുകയും മറ്റു ജോലികള്‍ ചെയ്യുകയുമാണു സിസ്റ്റര്‍. കഠിനാദ്ധ്വാനമാണ്. അങ്ങനെ നിരവധി പേരുണ്ട്. നോര്‍ത്തീസ്റ്റില്‍ കഴിയുന്ന മലയാളിയായ ഒരു വൈദികനെ കുറിച്ച് എന്‍റെ ഓഫീസിലെ ഒരു ഹൈന്ദവസഹോദരന്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ആ വൈദികന് എട്ടു തവണയാണു മലമ്പനി വന്നത്. നാലു കോലു കുത്തിയുണ്ടാക്കിയ ഒരു കൂരയിലാണ് അച്ചന്‍ കിടന്നുറങ്ങുന്നത്. ഒരു ഗ്രാമത്തിലെ ജനങ്ങളെ രക്ഷപ്പെടുത്താനുള്ള കഷ്ടപ്പാടിലാണ് അച്ചന്‍.

ബംഗ്ലാദേശ് എംബസിയില്‍ ചെന്നപ്പോള്‍ അവിടത്തെ സ്ഥാനപതി ഒരിക്കല്‍ കേരളത്തില്‍ നിന്നു ബംഗ്ലാദേശില്‍ ചെന്നു സേവനം ചെയ്തിരുന്ന ഒരു മിഷണറിയെ കുറിച്ചു പറഞ്ഞു. വളരെ ദുര്‍ഗമമായ ഒരു ഗ്രാമത്തില്‍ ഒരു മലയാളി സിസ്റ്റര്‍ ചെയ്ത സേവനങ്ങളായിരുന്നു അത്. ആ കന്യാസ്ത്രീ ഈ ഉദ്യോഗസ്ഥനോടു യാത്ര പറയുമ്പോള്‍ ഒരു കുരിശു കൊടുത്തിരുന്നു. തന്‍റെ ഷര്‍ട്ടിന്‍റെ ഉള്ളില്‍ നിന്ന് ആ കുരിശെടുത്ത് അയാള്‍ എന്നെ കാണിച്ചു. അത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും മുസ്ലീമായ ആ ബംഗ്ലാദേശി ഹൈക്കമ്മീഷണര്‍ ആ കുരിശു സൂക്ഷിക്കുന്നു. ആ കന്യാസ്ത്രീയുടെ സേവനത്തെ താന്‍ അത്രമാത്രം ആദരിക്കുന്നു എന്നതാണ് അദ്ദേഹം അതിനു കാരണമായി പറഞ്ഞത്. അത്തരം മിഷണറിമാരൊന്നും മാധ്യമങ്ങളിലോ പൊതുസമൂഹത്തിലോ രംഗത്തു വരുന്നില്ല. അതുകൊണ്ടു കൂടിയാണ് ഞാന്‍ പറഞ്ഞത്, ഈ അവാര്‍ഡിന് യഥാര്‍ത്ഥത്തില്‍ അര്‍ഹയായിരിക്കുന്നത് ഞാനല്ല എന്ന്. ആരാലും അറിയപ്പെടാതെ ഇന്ത്യയുടെ കോണുകളില്‍ സേവനം ചെയ്യുന്ന ധാരാളം മിഷണറിമാരുണ്ട്. അവര്‍ക്ക് ആരും അവാര്‍ഡു കൊടുത്തിട്ടില്ല, ആരും ഇന്‍റര്‍വ്യൂ ചെയ്തിട്ടില്ല. എന്നാല്‍ ദൈവത്തിന്‍റെ രാജ്യത്ത് അവര്‍ക്കു ധാരാളം സമ്മാനങ്ങള്‍ കിട്ടും. ആ മിഷണറിമാര്‍ കേരളത്തിന് എന്നും അഭിമാനമാണ്.

? ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ കേരളസഭയുടെ മിഷന്‍ ആഭിമുഖ്യങ്ങളില്‍ എന്തുമാത്രം പ്രതിഫലിക്കുന്നുണ്ട്?
നാം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഏറെ കാതങ്ങള്‍ നാം സഞ്ചരിക്കാനുണ്ട്. ക്രിസ്തു എന്തായിരുന്നു എന്നതാണ് മാര്‍പാപ്പ വ്യക്തിപരമായി ജീവിക്കുന്നതും പ്രബോധനങ്ങളില്‍ പറയുന്നതും. ഈശോസഭാംഗമാണല്ലോ മാര്‍പാപ്പ. വ്യ ക്തിപരമായി എന്‍റെ സ്വഭാവരൂപീകരണത്തിലും ഈശോസഭാ പരിശീലനം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാലടി സമീക്ഷയിലെ വൈദികരോടും വൈദികവിദ്യാര്‍ത്ഥികളോടും ഒപ്പമാണ് എന്‍റെ വിദ്യാര്‍ത്ഥികാലം ചിലവഴിച്ചത്. അവര്‍ എന്നെ വല്ലാതെ പ്രചോദിപ്പിച്ചിട്ടുണ്ട്. അരികുവത്കരിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കുക എന്ന ചിന്ത അവര്‍ക്കിടയില്‍ പ്രധാനമാണ്. മാര്‍പാപ്പയുടെ പ്രബോധനങ്ങളില്‍ അതു കാണാം. കേരളസഭയില്‍ അതു കൂടുതല്‍ വിചിന്തനത്തിനിടയാക്കുകയും കൂടുതലായി പ്രവര്‍ത്തനപഥത്തിലെത്തുകയും വേണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org