ക്രിസ്തീയത അന്യമാകുന്ന സഭാപ്രതികരണങ്ങള്‍

ക്രിസ്തീയത അന്യമാകുന്ന സഭാപ്രതികരണങ്ങള്‍


ഫാ. ജോഷി പുതുശ്ശേരി

ഓസ്ട്രിയ

ഈയാണ്ടിലെ കാലവര്‍ഷം പോലെ, 'ഒന്നു തോര്‍ന്നു കിട്ടിയിരുന്നെങ്കില്‍' എന്ന് ചങ്കത്തടിച്ചു പ്രാര്‍ത്ഥിച്ചുപോകുംവിധം, പ്രശ്നങ്ങളുടെ തോരാപെരുമഴയില്‍ വിറങ്ങലിച്ചു നില്ക്കുകയാണു കേരള സഭ. രാഷ്ട്രീയമോ സാമുദായികമോ സാമ്പത്തികമോ ആയ താത്പര്യങ്ങളാലോ തെറ്റിദ്ധാരണകളാലോ പുറമേ നിന്നുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളും കയ്യേറ്റശ്രമങ്ങളുമാണ് ഇന്നലെകളില്‍ സഭയ്ക്കധികവും നേരിടേണ്ടി വന്നത്. അവയെ അതിജീവിക്കാന്‍ വിദ്യാഭ്യാസ-ആതുരശുശ്രൂഷാമേഖലകളിലെ സേവന ചരിത്രത്തിന്‍റെയും ഭരണഘടന ഉറപ്പു നല്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെയും പിന്‍ബലം സഭയ്ക്കുണ്ടായിരുന്നു. വിശ്വാസ-ധാര്‍മ്മികവിഷയങ്ങളിലെ സഭാനിലപാടിന്‍റെ തനിമ കൃത്യമായി വിശദീകരിച്ച്, നിഷ്പക്ഷമതികളെയെങ്കിലും കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ സഭയ്ക്ക് അന്നു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതു സഭയ്ക്കുള്ളില്‍ നിന്നുതന്നെയാണ്. ആരോപണവിധേയരായിരിക്കുന്നത് സഭാധികാരത്തിന്‍റെ ഉന്നതശ്രേണിയിലുള്ളവരും ആരോപണവിഷയങ്ങള്‍ ഗൗരവമേറിയ സാമ്പത്തിക-ലൈംഗിക കുറ്റകൃത്യങ്ങളുമാണ്.

കത്തോലിക്കാ നിലപാടുകളുടെ സംരക്ഷകനും സഭാവക്താവുമായി അമേരിക്കന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ലോസ് ആഞ്ചല്‍സ് അതിരൂപതാ സഹായമെത്രാന്‍ ബിഷപ് റോബര്‍ട്ട് ബാരന്‍റെ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്: "അമേരിക്കന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഉണക്കാനാവാത്ത മുറിവായി സമര്‍പ്പിതരുടെ ലൈംഗിക അതിക്രമ കേസുകള്‍ക്കൊപ്പം അവശേഷിക്കുന്ന ഒന്നാണ് അതില്‍ സഭ നടത്തിയ പ്രതികരണങ്ങളിലെ വീഴ്ചയും." നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങളോടു കേരളസഭ എങ്ങനെ പ്രതികരിക്കുന്നുവെന്നതു സഭയുടെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്.

ഇല്ലാതെ പോയ ഔദ്യോഗിക പ്രതികരണങ്ങള്‍
സഭയ്ക്കുള്ളില്‍ ഉരുളുപൊട്ടി പെരുവെള്ളപ്പാച്ചിലായി പുറത്തേയ്ക്കൊഴുകിയ പ്രശ്നങ്ങള്‍ക്കു മുമ്പില്‍, തടയണ തീര്‍ക്കേണ്ടതെങ്ങനെയെന്നറിയാതെ നിശ്ശബ്ദയായി ഔദ്യോഗികസഭ. തെറ്റേത്, ശരിയേത് എന്നു നിശ്ചയിക്കാനെളുപ്പമല്ലാത്ത ആരോപണങ്ങളില്‍, ഏതെങ്കിലുമൊരു പക്ഷം പിടിച്ചു സംസാരിക്കുന്നത് അവിവേകമാണ്. എങ്കിലും, ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാനും നിഷ്പക്ഷമായ അന്വേഷണങ്ങളുണ്ടാകുമെന്ന് ഉറപ്പുകൊടുക്കുവാനും സഭയ്ക്കാകുമായിരുന്നു. കുറ്റം ചെയ്തതാരായിരുന്നാലും അവര്‍ക്കെതിരെ നടപടികളും ഇരകളാക്കപ്പെട്ടവര്‍ക്കു സംരക്ഷണവും സഭയില്‍ നിന്നുണ്ടാകുമെന്നു പ്രഖ്യാപിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലല്ലോ? ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ഇക്കാര്യങ്ങള്‍ ഒന്നുറപ്പിച്ചു പറഞ്ഞിരുന്നെങ്കില്‍, 'ഇരയ്ക്കൊപ്പമെന്ന വെറുംവാക്കുപോലും സഭയില്‍ നിന്നുണ്ടായില്ലല്ലോ' എന്ന പരാതി കേള്‍ക്കില്ലായിരുന്നു. വിശ്വാസവിരുദ്ധമല്ലാത്ത കാര്യങ്ങളില്‍ രാഷ്ട്രനിയമങ്ങളോടും നീതിവ്യവസ്ഥയോടും വിധേയത്വം പുലര്‍ത്തുകയാണു സഭാനയം. ഇതൊന്ന് വ്യക്തമാക്കപ്പെട്ടിരുന്നുവെങ്കില്‍, 'പൊലീസ് നടപടികള്‍ക്കെതിരെ സഭ കലാപമുണ്ടാക്കും' എന്നൊന്നും വിളിച്ചുപറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകില്ലായിരുന്നു. സഭയ്ക്കു പറയാനുള്ളത് ഔദ്യോഗിക വാര്‍ത്താകുറിപ്പുകളായി ഓരോ ദിവസവും പുറത്തിറക്കുന്ന യൂറോപ്യന്‍ സഭാശൈലി, ഗൗരവമേറിയ വിഷയങ്ങളിലെങ്കിലും നമുക്കു പകര്‍ത്താനായിരുന്നെങ്കില്‍! പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഔദ്യോഗിക മറുപടികള്‍ ഇല്ലാതായപ്പോള്‍ സഭ മാറ്റിനിര്‍ത്തപ്പെട്ടതു സംശയങ്ങളുടെ നിഴലിലേക്കാണ്.

അനൗദ്യോഗിക വക്താക്കളും സഭാസംരക്ഷകരും
പ്രതികരിക്കേണ്ടവര്‍ മൗനമെന്ന എളുപ്പവഴി തിരഞ്ഞെടുക്കുകയോ അതിനു നിര്‍ബന്ധിക്കപ്പെടുകയോ ചെയ്തപ്പോള്‍, പകരം അരങ്ങിലെത്തി തകര്‍ത്താടുകയാണു ചില സ്വയംപ്രഖ്യാപിത സഭാവക്താക്കള്‍. ഭൂമിക്കച്ചവട വിവാദത്തിന്‍റെ ഉപോത്പന്നങ്ങളായി വിരുദ്ധ ചേരികളിലായി രൂപംകൊണ്ട സംഘടനകളുടെ പ്രതിനിധികള്‍ ചാനല്‍ചര്‍ച്ചകളിലൂടെയും പത്രപ്രസ്താവനകളിലൂടെയും കളം നിറയുന്നു. നിഷ്പക്ഷതയും പ്രതിപക്ഷ ബഹുമാനവുമില്ലാത്ത പ്രസ്താവനകളിലൂടെയും രാഷ്ട്രീയ-സാമുദായിക വക്താക്കളുടെ ശൈലിയിലുള്ള വെല്ലുവിളികളിലൂടെയും അന്തിചര്‍ച്ചകള്‍ക്കു വീര്യം കൂട്ടുന്ന പലരും സഭയെക്കുറിച്ച് അടിസ്ഥാനപരമായ അറിവുപോലുമില്ലാത്തവരാണ്. ക്രിസ്തീയമല്ലാത്ത ശരീരഭാഷയും പ്രതികരണങ്ങളും വഴി, തങ്ങളിലൂടെ തന്നെ സഭയുടെ മുഖം വികൃതമാക്കപ്പെടുകയാണെന്ന് അവരോ അവര്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നവരോ തിരിച്ചറിയുന്നില്ല.

സവിശേഷ സാഹചര്യത്തില്‍ സഭയെയും സമുദായത്തെയും സംരക്ഷിക്കാനുള്ള വിളി സ്വയമേറ്റെടുത്തവരുടെ ഇഷ്ട കേളീരംഗം നവമാധ്യമങ്ങളാണ്. സാമൂഹ്യമാധ്യമങ്ങള്‍ കൗമാരക്കാരെയും യുവജനങ്ങളെയും വഴി തെറ്റിക്കുകയും കുടുംബങ്ങളെ ശിഥിലീകരിക്കുകയും ചെയ്യുന്നുവെന്നു വിലപിച്ചിരുന്ന വൈദികരും വചനപ്രഘോഷകരുമൊക്കെ, ഇപ്പോള്‍ ഇവയില്‍ സജീവമായി ഇടപെടുന്നതു കൗതുകകരമാണ്. അമ്മയെപ്പോലെ കരുതുന്ന സഭയെ സംരക്ഷിക്കുക എന്ന നിഷ്കളങ്കമായ ലക്ഷ്യം മാത്രമുള്ളവര്‍ക്കൊപ്പം, പേരും പ്രശസ്തിയും അനുയായി വൃന്ദവും സാമ്പത്തികനേട്ടങ്ങളും സ്ഥാനലബ്ധിയുമൊക്കെ മോഹമായിട്ടുള്ളവരും സഭാസംരക്ഷക വേഷം കെട്ടിയിട്ടുണ്ട്. സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് ഇവര്‍ സ്വീകരിക്കുന്ന നിലപാടുകളും അവലംബിക്കുന്ന മാര്‍ഗങ്ങളും ക്രിസ്തീയമല്ലാതാകുമ്പോള്‍ വെളുക്കാന്‍ തേയ്ക്കുന്നതു സഭയ്ക്ക് പാണ്ടാവുകയാണ്.

പ്രതിരോധത്തിലെ ഫാസിസ്റ്റ് ശൈലി
വേണ്ടപ്പെട്ടവരെ ശരിതെറ്റുകള്‍ നോക്കാതെ പിന്തുണയ്ക്കുകയും എതിരുള്ളവരെ ഏതുവിധേനയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി സഭയിലും കടന്നുവരുന്നതു ഭീതിദമാണ്. പ്രാഥമികമായ അന്വേഷണംപോലും കൂടാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും നുണക്കഥകള്‍ ബോധപൂര്‍വം തയ്യാറാക്കി പ്രചരിപ്പിക്കുന്നതും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ സാമൂഹ്യമാധ്യമങ്ങളില്‍ തെറിയഭിഷേകം നടത്തുന്നതും സ്ത്രീകളെ അശ്ലീലപ്രയോഗത്തിലൂടെ നിശ്ശബ്ദരാക്കുന്നതും ക്രിസ്തുസ്നേഹത്തിന്‍റെയും സഭാസ്നേഹത്തിന്‍റെയും പേരിലാകുന്നത് എന്തു വിരോധാഭാസമാണ്! കുമ്പസാരവിവാദത്തിലും കന്യാസ്ത്രീപീഡനക്കേസിലും ബാലപീഡനക്കേസില്‍പോലും ഇരകളെന്നവകാശപ്പെടുന്ന സ്ത്രീകളെ, ഒരു തെളിവിന്‍റെയും പിന്‍ബലം കൂടാതെ സ്വഭാവദൂഷ്യമുള്ളവരെന്നു വിധിയെഴുതുകയും അശ്ലീല കമന്‍റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന വിശ്വാസി, ഏതു ക്രിസ്തീയമൂല്യമാണു സ്വന്തമാക്കിയിട്ടുള്ളത്? യഥാര്‍ത്ഥത്തില്‍ ഈ സ്ത്രീകള്‍ ഇരകളാണെങ്കില്‍ അവര്‍ക്കു നീതി നടത്തിക്കൊടുക്കണമെന്നാവശ്യപ്പെടാന്‍, കൂടെയുണ്ടാകും എന്ന് അവര്‍ക്ക് ഉറപ്പുകൊടുക്കാന്‍, ക്രിസ്തീയ വനിതാസംഘടനകള്‍ക്കുപോലും തോന്നാതിരിക്കെ, നാം ആരോടാണു പക്ഷം ചേരുന്നത്?

സഭാവിവാദങ്ങള്‍ വിഷയമാക്കുന്ന പൊതുമാധ്യമങ്ങളോടുള്ള നമ്മുടെ പ്രതികരണരീതികളും പുനഃവിചിന്തനം ആവശ്യപ്പെടുന്നുണ്ട്. അകിടിലും ചോര തേടുന്ന ഒരു മാധ്യമസംസ്കാരമാണു നമ്മുടെ നാട്ടിലേത് എന്നതു നിസ്തര്‍ക്കമാണ്. പരസ്യദാതാക്കളൊഴികെയുള്ളവരോട് അവയുടെ മനോഭാവം പൊതുവെ സമാനമാണ്. അങ്ങനെയിരിക്കെ, 'നമുക്കെതിരെ മാത്രം അവര്‍ നിലപാടുകള്‍ എടുക്കുന്നു' എന്ന പ്രചാരണം ദുരുദ്ദേശപരമാണ്. അസ്വീകാര്യമായ ഉള്ളടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ കത്തിക്കാനും അപ്രിയചര്‍ച്ചകള്‍ നടത്തുന്ന ചാനലുകള്‍ ബഹിഷ്കരിക്കാനും 'മറ്റുള്ളവരെപ്പോലെ ആക്രമിക്കാത്തതുകൊണ്ടാണു ഞങ്ങളോടു നിങ്ങള്‍ മാപ്പു പറയാത്തതെന്നു ഞങ്ങള്‍ക്കറിയാം' എന്ന് ഓര്‍മ്മിപ്പിക്കാനും നാം മുതിരുമ്പോള്‍ വര്‍ഗീയ ഫാസിസ്റ്റ് സംഘടനകളുടെ പ്രതികരണശൈലിയും നമ്മുടേതും തമ്മിലുള്ള അന്തരം അപകടകരമാംവിധം കുറയുകയാണ്. സംഘശേഷിയും സ്വാധീനവുമുള്ളവന്‍റെ താത്പര്യങ്ങള്‍ക്കനുസരിച്ചു മാത്രം മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയാല്‍ കേള്‍ക്കപ്പെടാതെ പോകുന്ന ആ ദ്യശബ്ദങ്ങളിലൊന്നു ന്യൂനപക്ഷങ്ങളുടേതായിരിക്കും. 'സത്യത്തില്‍ സഭ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും വാര്‍ത്തയാകുന്നില്ല; ഒറ്റപ്പെട്ട പാളിച്ചകളോ പര്‍വതീകരിക്കപ്പെടുന്നു' എന്ന പരാതി മാധ്യമങ്ങളോടുള്ളതു സഭയ്ക്കു മാത്രമല്ല, കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികള്‍ക്കും കൂടെയാണ്. സത്യത്തില്‍ സഭ ചെയ്യുന്ന നന്മകളൊക്കെ വാര്‍ത്താ പ്രാധാന്യം നേടുകയും തിന്മകളൊന്നും വാര്‍ത്തയല്ലാതാവുകയും ചെയ്യുന്ന ഒരു കാലമുണ്ടാകുന്നതിനെയാണല്ലോ നാം ഭയക്കേണ്ടത്. ക്രിയാത്മകമായി മാധ്യമങ്ങളോടും മാധ്യമങ്ങളിലും പ്രതികരിക്കാന്‍ നമുക്കായില്ലെങ്കില്‍, അവനവനെക്കുറിച്ച് അവനവന്‍ എഴുതി അവനവന്‍ തന്നെ വായിച്ച് ആത്മസംതൃപ്തി നേടുന്ന ഇന്നത്തെ അവസ്ഥയില്‍ നാം തുടരേണ്ടി വരും.

തിരുത്തപ്പെടേണ്ട അബദ്ധധാരണകള്‍
സഭയ്ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നത് അഭിലഷണീയമല്ല; എന്നാല്‍, അതു നാശകരവുമല്ല. ദൈവത്തിന്‍റെ പദ്ധതികള്‍ മനുഷ്യരിലൂടെ ഭൂമിയില്‍ നിറവേറ്റപ്പെടുമ്പോള്‍ മാനുഷികബലഹീതകളുടേതായ കുറവുകള്‍ സംഭവിക്കാം എന്നു തിരിച്ചറിയുന്നവളാണ് സഭ. ദൈവത്തിന്‍റെ വചനം മനുഷ്യരിലൂടെ രേഖപ്പെടുത്തപ്പെട്ടതായതിനാല്‍ ബൈബിളില്‍പോലും ചരിത്രപരവും ശാസ്ത്രപരവുമായി തെറ്റുകളുണ്ടെന്ന് അംഗീകരിക്കാന്‍ സഭ തയ്യാറായിട്ടുണ്ട്. പന്ത്രണ്ടിലൊന്നു പതിരായിപോകുന്ന ചരിത്രം ക്രിസ്തുവിന്‍റെ ശിഷ്യതിരഞ്ഞെടുപ്പില്‍ ആരംഭിച്ചതാണ്. വിളയോടൊപ്പം കളയും അന്ത്യകാലംവരെ വളരുന്ന ഗോതമ്പുപാടത്തിന്‍റെ കഥയും വിതച്ച വിത്തുകളില്‍ കുറേ പാഴായിപ്പോകുന്ന വിതക്കാരന്‍റെ ഉപമയും ക്രിസ്തു പറഞ്ഞതു സ്വര്‍ഗരാജ്യത്തിന്‍റെ ഭൂപതിപ്പായ സഭയുടെ സ്വഭാവംകൂടെ വ്യക്തമാക്കാനാണ്. ആത്മാഭിഷേകം സ്വീകരിച്ചിട്ടുള്ളതിനാല്‍ വൈദികരും മെത്രാന്മാരുമൊക്കെ വീഴ്ചകള്‍ക്കതീതരാണെന്ന തെറ്റിദ്ധാരണയൊന്നും സഭയ്ക്കില്ല. നന്മയോ തിന്മയോ സ്വയം തിരഞ്ഞെടുക്കാന്‍ ദൈവം മനുഷ്യനു നല്കിയിരിക്കുന്ന അടിസ്ഥാനപരമായ സ്വാതന്ത്ര്യം ആത്മാവിനെ സ്വീകരിക്കുന്നതിലൂടെ ഇല്ലാതാകുന്നില്ലല്ലോ? മാര്‍പാപ്പയുള്‍പ്പെടെ സഭാംഗങ്ങളെല്ലാവരും ആയുസ്സിലുടനീളം ആവര്‍ത്തിച്ചു സ്വീകരിക്കേണ്ട കൂദാശയായി പാപമോചനകൂദാശ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്, പട്ടസ്വീകരണം പാപത്തിലേക്കുള്ള മനുഷ്യസഹജമായ ചായ്വ് ഇല്ലാതാക്കുന്നില്ല എന്ന തിരിച്ചറിവുകൊണ്ടുതന്നെയാണ്.

ദൈവാത്മാവിനാലാണു സഭ നയിക്കപ്പെടുന്നത് എന്നതിനാല്‍, ഭൂമിയിലെ ഏതു സഭാധികാരിക്കെതിരെയും എത്ര ഗൗരവമേറിയ കുറ്റം തെളിയിക്കപ്പെട്ടാലും അതിനു സഭയെ തകര്‍ക്കാനാവില്ല. നിലവിലെ ആരോപണങ്ങളേക്കാള്‍ വലിയ വീഴ്ചകള്‍ സംഭവിച്ച മാര്‍പാപ്പമാര്‍ ഉള്‍പ്പെടെയുള്ള സഭാധികാരികളുടെ ചരിത്രം പിന്നിട്ടും അതില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടുമാണു തിരുസ്സഭ ഇതുവരെ വളര്‍ന്നെത്തിയത്. ദൈവത്തെയും സഭയെയും നമ്മള്‍ വിചാരിച്ചാലേ രക്ഷപ്പെടുത്താനാവൂ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു മൗഢ്യമാണ്.

അനുവര്‍ത്തിക്കാവുന്ന പാഠങ്ങള്‍
വര്‍ഷങ്ങള്‍ക്കുമുമ്പു പാശ്ചാത്യസഭയെ പിടിച്ചുകുലുക്കിയ ബാലപീഡന വിവാദത്തില്‍ നിന്നു കേരളസഭയ്ക്കു പലതും പഠിക്കാവുന്നതാണ്. ആരോപണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മാധ്യമങ്ങളുടെ ഹിഡന്‍ അജണ്ടകളും റിപ്പോര്‍ട്ടുകളിലെ അതിശയോക്തിയും ചൂണ്ടിക്കാണിച്ചും മറ്റു വിഭാഗങ്ങളേക്കാള്‍ ഭേദമാണു തങ്ങള്‍ എന്നു വാദിച്ചും പ്രതിരോധിക്കാനാണു സഭ ശ്രമിച്ചത്. പിന്നീട്, സ്വതന്ത്രമായ അന്വേഷണങ്ങളോടു സഭ തുറവി കാണിച്ചപ്പോള്‍, ആരോപണങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കപ്പെട്ടു. ഇരകളാക്കപ്പെട്ടവരോടും ലോകത്തോടും മാപ്പപേക്ഷിച്ച മാര്‍പാപ്പ അപരാധികള്‍ക്ക് ശിക്ഷയുറപ്പാക്കാനും സന്നദ്ധനായി. ബാലപീഡനത്തോട് 'സീറോ ടോളറന്‍സ്' പ്രഖ്യാപിച്ച്, മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ആവര്‍ത്തിച്ചാല്‍ കൃത്യമായ നടപടികളുണ്ടാവാനും ആവശ്യമായ നിയമങ്ങളും സംവിധാനങ്ങളും രൂപപ്പെടുത്തുകയും ചെയ്തു. സമര്‍പ്പിതരുടെ ബാലപീഡനങ്ങള്‍ ഗണ്യമായി കുറയ്ക്കാനും ഈ ആരോപണങ്ങളുടെ പേരില്‍ സഭ വിട്ടുപോകുന്ന പ്രവണത അവസാനിപ്പിക്കാനും ഇരകളാക്കപ്പെട്ടവര്‍ക്കു സഭയോടുള്ള വെറുപ്പ് ഇല്ലാതാക്കി ജീവിതത്തോടു പ്രത്യാശയുള്ളവരാക്കി മാററാനും ക്രിയാത്മകമായ സഭയുടെ പ്രതികരണം സഹായിച്ചു.

കേരളസഭ ഇന്നു സഞ്ചരിക്കേണ്ട ശരിയായ പാത ഇതാണെന്നു തോന്നുന്നു. വിശ്വാസികള്‍ക്ക് ഉതപ്പുണ്ടാകാതിരിക്കാന്‍ സമര്‍പ്പിതരുടെ പാപങ്ങള്‍ മറച്ചുപിടിക്കേണ്ട കാലം കഴിഞ്ഞുവെന്ന് അംഗീകരിക്കുക. ഉയരുന്ന ആരോപണങ്ങളില്‍ സഭാനിയമലംഘനങ്ങളില്‍ സഭയ്ക്കുള്ളിലും രാഷ്ട്രനിയമലംഘനങ്ങളില്‍ സെക്കുലര്‍ നിയമവ്യവസ്ഥയനുസരിച്ചും അന്വേഷണങ്ങള്‍ സാദ്ധ്യമാക്കുകയും അതിനോടു സഹകരിക്കുകയും വേണം. അന്വേഷണങ്ങള്‍ ഒഴിവാക്കാനും വഴിവിട്ട സഹായങ്ങള്‍ സ്വീകരിക്കാനുമുള്ള ശ്രമങ്ങള്‍, നിരപരാധിയാണെങ്കിലും ആയുഷ്കാലത്തേയ്ക്ക് അപരാധിയെന്ന മുദ്ര ചാര്‍ത്തിക്കിട്ടാനേ ഇടയാക്കൂ. അന്വേഷണങ്ങളില്‍ തീര്‍പ്പു കല്പിക്കപ്പെടുന്നതുവരെ ക്രിസ്തീയമായ സ്നേഹവും ക്ഷമയും ഇരുപക്ഷത്തോടും കാണിക്കാനുള്ള മനസ്സുണ്ടാകണം. കാരുണ്യവാനായിരിക്കുന്നതിനൊപ്പം നീതിമാനുമായ ദൈവത്തിന്‍റെ മനസ്സോടു ചേര്‍ന്ന് ഇരകളാക്കപ്പെട്ടവര്‍ക്കു നീതിയും സംരക്ഷണവും അപരാധികള്‍ക്കു മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കണം. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ കുറ്റവാളികള്‍ ആരായിരുന്നാലും സഭയ്ക്കു സംഭവിച്ചിരിക്കുന്ന ചില ശൈഥില്യങ്ങളുടെ സൂചനകളാണിവ. വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ കുറവും സഭാ നേതൃത്വത്തിനെതിരെ ശത്രുക്കള്‍ നടത്തുന്ന ആഭിചാരക്രിയകളുടെ ഫലവുമാണ് ഈ വിവാദങ്ങള്‍ എന്ന ആത്മീയവ്യാഖ്യാനത്തില്‍ മാത്രം തൃപ്തരാകാതെ, ഇവയെ ഗൗരവപൂര്‍വം പഠിക്കാനും സഭയില്‍ ആവശ്യമായ മാറ്റങ്ങളും തിരുത്തലുകളും വരുത്താനും തയ്യാറാകണം. എങ്കില്‍, ഈ ചീയല്‍ ഒരു പുതുവളര്‍ച്ചയ്ക്കുള്ള വളമായി മാറും.

കൊടുങ്കാറ്റുകള്‍ വൃക്ഷങ്ങള്‍ക്ക് വേരാഴം ബോദ്ധ്യപ്പെടാനുളള അവസരവും ആഴത്തിലേക്കു വളരാനുള്ള പ്രചോദനവും സമ്മാനിക്കുന്നുണ്ട്. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ പ്രതിയല്ല, അവയോടു തനതായ രീതിയില്‍ പ്രതികരിക്കാനുള്ള ക്രിസ്തീയ പക്വത നമുക്കിനിയും ആര്‍ജ്ജിക്കാനായിട്ടില്ല എന്നതിലാണു നാം വേദനിക്കേണ്ടത്. സഭാസ്നേഹത്തിന്‍റെ പേരില്‍ ക്രിസ്തീയമല്ലാത്ത പ്രതികരണങ്ങള്‍ നടത്തുന്നവരെ തിരുത്താനും തള്ളിപ്പറയാനുമുള്ള ആര്‍ജ്ജവം സഭ കാണിക്കണം. പുരയ്ക്കു മുകളില്‍ ചാഞ്ഞുനില്ക്കുന്ന മരം തണലെന്നു കരുതി കണ്ണടച്ചാല്‍, പുര തന്നെ തകര്‍ക്കപ്പെടുമെന്നുറപ്പാണല്ലോ. ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന്, ഇന്ത്യന്‍ നീതിവ്യവസ്ഥയേക്കാള്‍ നിര്‍ബന്ധബുദ്ധി പുലര്‍ത്തുന്നതുകൊണ്ട്, സഭയുടെ നീതിനിര്‍വഹണ നടപടികള്‍ പലപ്പോഴും നീണ്ടുപോകാം. പക്ഷേ, പറയാവുന്നതെങ്കിലും പറയേണ്ട രീതിയില്‍ പറയാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ധൈര്യം കാണിച്ചാല്‍ ആരോപണങ്ങള്‍ക്കിടയിലും സഭയ്ക്കു തലയുയര്‍ത്തി നില്ക്കാനാകും. വ്യക്തിതാത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങള്‍ക്കും അക്രൈസ്തവ പ്രതികരണങ്ങള്‍ക്കും സഭയ്ക്കുള്ളിലെങ്കിലും തടയിടാനാകും. മറ്റാര്‍ക്കും വേണ്ടിയല്ല, ക്രിസ്തുവിനുവേണ്ടി; മറ്റുള്ളവരെ പോലെയല്ല, ക്രിസ്തീയമായി പ്രതികരിക്കുന്ന ഒരു ശൈലി സഭയില്‍ വളര്‍ന്നുവരട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org