“അവര്‍ ‘അവനെ’ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്തു”

“അവര്‍ ‘അവനെ’ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്തു”

ഫാ. സുബിന്‍ ജോസ് കിടങ്ങേന്‍
(ഗവേഷകന്‍, സെന്‍റ് തോമസ് കോളേജ്, പാലാ)

മലയാളിയുടെ സാംസ്കാരിക പ്രബുദ്ധതയ്ക്കേറ്റ വലിയ മുറിവായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ മരണം. അവന്‍റെ തലയ്ക്കേറ്റ മുറിവ് നമ്മുടെ മൂല്യബോധത്തിനേറ്റ പ്രഹരമായിരുന്നു. മാരകമായ ഈ ശിക്ഷയ്ക്ക് കാരണമായി ആരോപിക്കപ്പെട്ട കുറ്റം വിശപ്പടക്കാന്‍ കഴിയാതെ സമീപത്തുള്ള കടകളില്‍നിന്ന് അല്‍പ്പം അരി മോഷ്ടിച്ചു എന്നതാണ്.

വിശപ്പടക്കാന്‍ നിവൃത്തിയില്ലാതെ, ജീവിതം ബലികഴിക്കപ്പെടേണ്ട പാവപ്പെട്ട, നിസ്സഹായരായ ആദിവാസികളുടെയെല്ലാം പ്രതീകമാണ് മധു. വളരെ അപരിഷ്കൃതമായ രീതിയില്‍ അവനെ കാട്ടിലെ ഗുഹയില്‍നിന്ന് പിടിച്ചുകൊണ്ടുവന്ന് നിഷ്ഠൂരമായി തല്ലിച്ചതച്ച് അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ഭാരമുള്ള വലിയ ചാക്കുകെട്ട് ചുമലില്‍ വച്ചുകൊടുത്ത് കുടിക്കുവാന്‍ ഒരിറ്റ് വെള്ളംപോലും നല്‍കാതെ അസഭ്യം പറഞ്ഞപ്പോള്‍ അവന്‍ കാല്‍വരികയറിയ ക്രൂശിതനായ ക്രിസ്തുവിനെയാണ് ജീവിതത്തില്‍ ഏറ്റുവാങ്ങിയത്. അവര്‍ അവനെ മരണത്തിന് വിധിക്കുകയും വിജാതിയര്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്തു (മത്താ. 20:19) എന്ന തിരുവെഴുത്ത് ഇന്നും നിസ്സഹായരായ ആദിവാസികളുടെ ജീവിതത്തിലും ശബ്ദിക്കാന്‍ ആരുമില്ലാത്തവരിലും അരങ്ങേറികൊണ്ടിരിക്കുന്നു.

കുറച്ചുനാളുകള്‍ക്കുമുമ്പ് ഇറ്റലിയില്‍ നിന്ന് വിചിത്രമായ ഒരു കോടതിവിധി പുറത്തുവന്നിരുന്നു. കേസിനാസ്പദമായ കാരണം ഒരു ദരിദ്രന്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം മോഷ്ടിച്ചു എന്നതാണ്. ഹോട്ടല്‍ ഉടമ അയാള്‍ക്കെതിരെ കേസുകൊടുത്തു. കേസ് വിചാരണയ്ക്കെത്തി. ജഡ്ജി എല്ലാവരോടുമായി ചോദിച്ചു, ഇവനു വിശന്നപ്പോള്‍ അല്‍പ്പം ഭക്ഷണം നിങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ അവന്‍ മോഷ്ടിക്കുമായിരുന്നോ? വിശക്കുന്ന ദരിദ്രന് ഭക്ഷണം കഴിക്കുവാന്‍ അവകാശമുണ്ട്. ഏറെ മനുഷ്യത്വമുള്ള വിധിയായിരുന്നു അത്.

മധു നമ്മോട് എല്ലാവരോടും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് നിങ്ങളല്ലേ എന്നെ അത്താഴപട്ടിണിക്കാരനാക്കിയത്? എന്‍റെ കാട് കയ്യേറിയത് നിങ്ങളല്ലേ? എന്‍റെ ജീവിതം തല്ലിത്തകര്‍ത്തത് നിങ്ങളല്ലേ? ഇതിന് ഉത്തരം നല്‍കേണ്ടത് സാംസ്കാരിക കേരളത്തിലെ പ്രബുദ്ധരായ മലയാളികളാണ്.

നാളുകള്‍ക്കുമുമ്പ്, അതിര്‍ത്തികള്‍ കല്‍പിക്കാത്ത കാട്ടില്‍ സ്വൈരവിഹാരം നടത്തിയവരായിരുന്നു ആദിവാസികള്‍. കാട്ടിലെ വിഭവങ്ങളായിരുന്നു അവരുടെ ഭക്ഷണം. നാളത്തേയ്ക്കുവേണ്ടി സംഭരിച്ചുവയ്ക്കുന്ന ശൈലി ആദിവാസികള്‍ക്കുണ്ടായിരുന്നില്ല. ആദിവാസികള്‍ക്ക് സ്വന്തമായിരുന്ന ഭൂമി നഷ്ടമായി തുടങ്ങിയത് വരേണ്യവിഭാഗത്തിന്‍റെ കുടിയേറ്റം മുതലാണ്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടു മുമ്പും ശേഷവും മധ്യ തെക്കന്‍ കേരളത്തില്‍നിന്ന് വയനാട്ടിലേക്കായിരുന്നു അധികം കുടിയേറ്റങ്ങള്‍. സാമ്രാജ്യത്വകാലം അവസാനിച്ചതോടെ പൊതുസമൂഹത്തിനു കൈവന്ന സ്വാതന്ത്ര്യം ഗിരിവര്‍ഗ്ഗക്കാര്‍ക്ക് നഷ്ടമായി എന്നു വേണമെങ്കില്‍ പറയാം. ഭരണകൂടങ്ങളുടെ സഹായത്തോടെയും അല്ലാതെയും അനേകം ആളുകള്‍ മലനിരകളിലേക്ക് കുടിയേറിയെത്തി.

കുടിയേറ്റങ്ങള്‍ ശക്തമായതോടെ ആദിവാസികളുടെ അതിജീവനം അസ്തമിക്കുകയും മുഖ്യധാരാ സമൂഹത്തിന്‍റെ ജീവിതരീതികളില്‍ ആകൃഷ്ടരായിത്തീരുകയും ചെയ്തു. മാത്രമല്ല കുടിയിറങ്ങിയ ഗോത്രജനത പുതിയസംസ്ക്കാരവുമായി ഇണങ്ങിചേരുകയും അപരിചിതമായ പല ശീലങ്ങളും പഠിക്കുകയും ചെയ്തു. തത്ഫലമായി സ്വന്തം സംസ്കാരം അപരിഷ്കൃതമായി കണക്കാക്കി. ബ്രട്ടീഷ് ഭരണകാലത്ത് അട്ടപ്പാടിയില്‍ ജന്മാവകാശങ്ങള്‍ക്ക് രൂപംനല്‍കി. മൂന്ന് നായര്‍ മേധാവികള്‍ക്കായിരുന്നു അട്ടപ്പാടിയുടെ ജന്മാവകാശങ്ങള്‍. ഈ നായര്‍ പ്രമാണിമാര്‍ ആദിവാസികളുടെ അനുവാദം ഇല്ലാതെതന്നെ അവരുടെ അധിവാസഭൂമി പലര്‍ക്കും പാട്ടത്തിനുകൊടുത്തു. മണ്ണാര്‍ക്കാട് മൂപ്പില്‍ നായരായിരുന്നു അട്ടപ്പാടിയിലെ 70 ശതമാനം ഭൂമിയും കൈകാര്യം ചെയ്തിരുന്നത്. കുടിയേറ്റങ്ങള്‍ പലതരത്തിലും ആദിവാസികളുടെ സംസ്കാരത്തെയും കലകളെയും വേരോടെ പിഴുതുമാറ്റുവാന്‍ ഇടയാക്കി എന്നതാണ് സത്യം.

ദാരിദ്ര്യത്തിന്‍റെയും പട്ടിണിയുടെയും നിസ്സഹായാവസ്ഥയില്‍ കാടുകയറിവന്ന എല്ലാത്തരം കുടിയേറ്റക്കാരെയും സ്വാഗതം ചെയ്തവരാണ് ആദിവാസികള്‍. പട്ടിണിയില്‍നിന്നും രോഗങ്ങളില്‍നിന്നും അവരെ കരകയറ്റുവാന്‍ സഹായിച്ചവരാണ് അവര്‍. എന്നാല്‍, കാടുകയറി വന്ന വരേണ്യവിഭാഗം ആ ദിവാസികളുടെ ജീവിതത്തെ തല്ലിതകര്‍ത്തതിന്‍റെ കഥ ഒരു ചരിത്രഗ്രന്ഥങ്ങളിലും കണ്ടെത്താനാകില്ല. അതിന് ഉദാഹരണമാണ് വയനാട്ടില്‍ മാത്രം പ്രചാരത്തിലുള്ള ആദിവാസിയായ കരിന്തണ്ടന്‍റെ കഥ. വയനാട്ടിലേക്കുള്ള ഒരു വഴി കണ്ടു പിടിക്കാനായി സായിപ്പിനെ സഹായിച്ചത് കരിന്തണ്ടനാണ്. എന്നാല്‍, വയനാട്ടിലേക്കുള്ള വഴികണ്ടെത്തിയതിന്‍റെ പേര് തനിക്കുതന്നെ ലഭിക്കുവാനായി കരിന്തണ്ടനെ സായിപ്പ് വെടിവച്ചുവന്നു കൊന്നു. ഇതൊന്നും ഒരു ചരിത്ര രേഖകളിലും കാണാനാകില്ല. ഇതെല്ലാം ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന നാടോടിക്കഥകളില്‍ മാത്രമാണ് കാണുകയെന്ന് നോവലിസ്റ്റായ ടി.സി. ജോണ്‍ പറയുന്നു.

ഔദ്യോഗിക ചരിത്രനിര്‍മ്മിതിയില്‍ എക്കാലത്തും നടന്നിട്ടുള്ളത് സമൂഹത്തിലെ വരേണ്യവിഭാഗത്തിന്‍റെ താത്പര്യസംരക്ഷണമായിരുന്നു എന്നത്, നിലവിലുള്ള ചരിത്രപുസ്തകങ്ങളുടെ ഏറ്റവും സ്ഥൂലമായ വായനകളില്‍ നിന്നുപോലും മനസിലാക്കാന്‍ സാധിക്കും. അടിമത്തത്തിനും ചൂഷണങ്ങള്‍ക്കും എതിരായി നടന്ന സ്വാതന്ത്ര്യ-വിമോചന പോരാട്ടങ്ങളില്‍ ബലികഴിക്കപ്പെട്ട കീഴാളജനതയുടെ ചരിത്രം എവിടെയും കാണാന്‍ സാധിക്കില്ല.

ആദിവാസികളുടെ മാത്രമല്ല സമൂഹത്തില്‍ വേതന അനുഭവിക്കുന്ന ഏതൊരുവനോടൊപ്പം നില്‍ക്കുവാനും ഓരോ ക്രൈസ്തവനും കടമയുണ്ട്. സഭയുടെ ശബ്ദംതന്നെ പാവപ്പെട്ടവനോടുള്ള കാരുണ്യത്തിന്‍റെ ശബ്ദമാണ്. സഭയെന്നും നിസ്സഹായരായ ദരിദ്രരുടെ പക്ഷം ചേര്‍ന്നിട്ടുണ്ട്. അത് പണ്ടു മാത്രമല്ല, ഇന്നും നിരവധി വൈദികരും സന്ന്യാസിനി സന്ന്യാസിമാരും അല്മായ പ്രവര്‍ത്തകരും ക്രിസ്തീയമൂല്യങ്ങള്‍ ശിരസിലേറ്റിക്കൊണ്ട് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. വയനാട്ടിലെ തുടിയും മറ്റും അതിന് ഉദാഹരണമാണ്. ആദിവാസികള്‍ കുറച്ചുനാളുകള്‍ക്കുമുമ്പ് നടത്തിയ നില്‍പ്പുസമരം കേരളത്തിലെ സാംസ്കാരിക ജനത ഹൃദയത്തില്‍ ഏറ്റെടുത്തതാണ്.

ഭരണകൂടം മറന്നിടത്ത് കേരളജനത ശാരീരികമായും മാനസികമായും സമരക്കാരോടൊപ്പം നിന്നു. പല വിധത്തിലും പ്രോത്സാഹനം നല്‍കി. നില്‍പ്പുസമരം ഒരു സമൂഹത്തിന്‍റെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടമായി എല്ലാവരും തിരിച്ചറിഞ്ഞു. അന്നും അവരോടൊപ്പം അവരുടെ ആവശ്യങ്ങള്‍ക്കായി നിരവധി വൈദികരും സിസ്റ്റേഴ്സും കൂടെനിന്നു എന്ന് അവര്‍ അനുസ്മരിക്കുന്നണ്ട്. നില്‍പ്പുസമരത്തില്‍ പങ്കെടുത്തവരെക്കുറിച്ച് സി.കെ. ജാനു പറയുന്നത് ഇപ്രകാരമാണ്, "ആദിവാസികളുടെ ചരിത്രപ്രധാനമായ നില്‍പ്പ് സമരം ജനകീയ ഇടപെടലിലൂടെ ഉജ്ജ്വല വിജയമായി. ആദിവാസി ജനതയ്ക്കൊപ്പം വൈദികരും കന്യാസ്ത്രീകളും മാത്രമല്ല സിനിമാപ്രവര്‍ത്തകര്‍വരെ സമരതെരുവിലിറങ്ങി.

നില്‍പുസമരം ആദിവാസികളുടെ മാത്രം സമരമായി കാണാനാവില്ല. ഇതിനുപിന്നില്‍ എല്ലാ ജനവിഭാഗങ്ങളും ഒന്നടങ്കം പങ്കെടുത്തു.

ഓഖി ചുഴലിക്കാറ്റ് നമ്മുടെ നാട്ടില്‍ ആഞ്ഞടിച്ചപ്പോള്‍ മുക്കുവരായ നിസ്സഹായര്‍ക്കുവേണ്ടി ശബ്ദിച്ചതും ആശ്രയമായതും ക്രൈസ്തവ സഭതന്നെയാണ്. അത് ഇന്നും തുടരുന്നു. ആദിവാസികള്‍ക്ക് ആരുടേയും സഹതാപമല്ല ആവശ്യം. കാരുണ്യത്തോടെ അവര്‍ക്ക് അര്‍ഹമായ നീതിയാണ് നല്‍കേണ്ടത്. അതിനുവേണ്ടിയാണ് അവര്‍ മുറവിളികൂട്ടുന്നത്. ബന്ധപ്പെട്ട അധികാരികളും മറ്റും അത് കണ്ടില്ല എന്നു നടിക്കുന്നത് വലിയൊരു അപരാധമായിരിക്കും. ആദിവാസി വിഭാഗത്തിന്‍റെ പ്രതിനിധി പി.കെ. കാളന്‍ പറയുന്നു, "ആദിവാസിക്ക് സൗജന്യമായി ഒന്നും കൊടുക്കരുത്. സൗജന്യമല്ല വേണ്ടത്. സൗജന്യം കൊടുത്തുകൊണ്ട് ഒരു സമൂഹത്തിലും ഒന്നും നിലനിര്‍ത്താന്‍ സാധിക്കില്ല. ആദിവാസിക്ക് വിദ്യാഭ്യാസം കൊടുക്കണം. നിങ്ങള്‍ എന്തു നല്‍കിയാലും അത് ഉപയോഗിക്കാനുള്ള അറിവ് അവന് ഉണ്ടായിരിക്കണം. അവന് തൊഴില്‍ കൊടുക്കണം. തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കണം. ജീവിക്കാനുള്ള സ്ഥലം കൊടുക്കണം. ഈ മൂന്നു കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ ആദിവാസിക്ക് നിങ്ങളുടെ സൗജന്യം വേണ്ട.

"പീഡിപ്പിക്കപ്പെടുന്ന ഏതൊരുവനിലും ക്രിസ്തുവുണ്ട്" എന്ന പെരുമ്പടവം ശ്രീധരന്‍റെ വാക്കുകളെ നമുക്ക് ഇവിടെ ഓര്‍മ്മിക്കാം. പരിഹസിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന, ക്രൂശിക്കപ്പെടുന്ന ആദിവാസികളുടെ വേദന ഓരോ ക്രൈസ്തവന്‍റെയും വേദനയാണ്. ക്രിസ്തുവാണ് അവരിലുള്ളത് എന്ന തിരിച്ചറിവ് നമ്മെ വഴി നടത്തട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org