യുക്തിക്കോടതി

നാല്
യുക്തിക്കോടതി

(കൗതുകവിധികള്‍ തുടര്‍ച്ച)

സുധാകരമേനോന്റെ ഭാര്യ സുഭദ്ര മുമ്പേ മരിച്ചുപോയി. അദ്ദേഹത്തിന് ആകെയുള്ളത് ബാലനായ ഒരു മകന്‍ മാത്രമാണ് അവന്റെ പേര് അരുണ്‍. സ്‌കൂളില്‍ പഠിക്കുന്നു.

അപ്രതീക്ഷിതമായി സുധാകരമേനോന് രോഗം പിടിപ്പെട്ടു. ഡോക്ടറെ കാണിച്ചു ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും ഫലിച്ചില്ല. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. വിശദവും വിദഗ്ധവുമായ പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും ശേഷം ഡോക്ടര്‍മാര്‍ വിധിയെഴുതി - കാന്‍സര്‍.

മാരകമായ രോഗത്തില്‍ നിന്ന് ഒരു തിരിച്ചുവരവില്ലെന്നും മേനോന്‍ മനസ്സിലാക്കി. തനിക്കു സ്വത്തുണ്ടെങ്കിലും താന്‍ മരിച്ചു കഴിഞ്ഞാല്‍ മൈനറായ മകനെ നോക്കാന്‍ ആളില്ല. മേനോന്‍ സ്വത്തെല്ലാം തന്റെ ചിരകാല സുഹൃത്തും വിശ്വസ്തനുമായ കുടുംബവക്കീലിന്റെ പേരിലാക്കി. പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടിയെ വക്കീല്‍ നോക്കുക. അവന്റെ സകല സംരക്ഷണവും ഏറ്റെടുക്കുക. മകന് പ്രായപൂര്‍ത്തിയായാല്‍ വക്കീലിന് ഇഷ്ടമുള്ളത് കുട്ടിക്ക് കൊടുക്കുക. ഇങ്ങനെ നിബന്ധനവച്ചു മരണപത്രവും എഴുതി രജിസ്റ്ററാക്കി.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ രോഗം മൂര്‍ച്ഛിച്ചു മേനോന്‍ കാലഗതി പ്രാപിച്ചു. അരുണ്‍ വക്കീലിന്റെ സംരക്ഷണത്തില്‍ കുറച്ചു കാലം വളര്‍ന്നു. അവന്‍ മുതിര്‍ന്നു. അവന്‍ ഇപ്പോള്‍ കോളേജില്‍ പഠിക്കുന്നു. പ്രായപൂര്‍ത്തിയായ അരുണ്‍ മനസ്സിലാക്കി തന്റെ പിതാവിന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ സ്വത്തുണ്ട്. പക്ഷേ തന്ത്രശാലിയായ വക്കില്‍ അതില്‍നിന്നും അരുണിനെ ഒരു ലക്ഷം രൂപ മാത്രം നല്‍കി.

അരുണ്‍ നടുങ്ങിപ്പോയി. ''ഇതെന്താ ഇങ്ങനെ എന്റെ അച്ഛന് ഇതില്‍ കൂടുതല്‍ സ്വത്തില്ലേ? അത് എനിക്ക് അവകാശപ്പെട്ടതല്ലേ.''

''നിന്റെ അച്ഛന്‍ എഴുതി രജിസ്റ്ററാക്കി വെച്ചിരിക്കുന്ന ഒസ്യത്തു പ്രകാരം ഇതേ നിനക്ക് തരേണ്ടതുള്ളൂ. എനിക്കിഷ്ടമുള്ളതു നിനക്കു തരാനാണ് അച്ഛന്‍ എഴുതിയിരിക്കുന്നത്.'' തുടര്‍ന്ന് ഒസ്യത്തും വക്കീല്‍ അവന് കാണിച്ചുകൊടുത്തു.

അച്ഛന്‍ തന്റെ ഉത്തമ സുഹൃത്താണെന്നു പറഞ്ഞു എല്ലാം വിശ്വസിച്ചു ഏല്‍പ്പിച്ച വക്കീല്‍ ഒരു ചതിയനാണെന്നു മകനു ബോധ്യപ്പെട്ടു. അരുണ്‍ ആകെ ധര്‍മ്മസങ്കടത്തിലായി. ഇനി എന്താണ് ഒരു പോംവഴി? തന്റെ അച്ഛന്‍ സമ്പാദിച്ച സ്വത്തു മുഴുവന്‍ വക്കീല്‍ തട്ടിയെടുക്കുകയോ? ഈ അനീതിയെ ചെറുക്കണം.

കോളജില്‍ തന്റെ സഹപാഠിയായ ഉറ്റസുഹൃത്തിനെ കണ്ട് അരുണ്‍ വിഷമവും സങ്കടവും പങ്കുവെച്ചു. ഇത് കൊടുംചതിയാണെന്ന് സുഹൃത്തും പറഞ്ഞു. ആ സുഹൃത്തിന്റെ പിതാവ് നാട്ടിലെ പേരെടുത്ത പ്രഗല്‍ഭനായ വക്കീലാണ്. സുഹൃത്ത് പറഞ്ഞു: ''എന്റെ പിതാവിനെ കണ്ടു നിന്റെ സങ്കടം അറിയിക്കൂ. ഞാനും പറഞ്ഞോളാം.''

അപ്രകാരം അരുണ്‍ വക്കീലിനെ ചെന്നുകണ്ടു. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചു. അതോടൊപ്പം തന്നെ അച്ഛന്‍ എഴുതിവച്ച വിചിത്രമായ വകുപ്പും ശ്രദ്ധയില്‍പ്പെടുത്തി.

വക്കീല്‍ ഗാഢമായ ചിന്തയില്‍ മുഴുകി. ഒടുവില്‍ അരുണിനോട് പറഞ്ഞു: ''ഞാന്‍ ഒന്ന് ആലോചിക്കട്ടെ. രണ്ടുദിവസം കഴിഞ്ഞു വരൂ.'' അദ്ദേഹം പറഞ്ഞതുപോലെ അരുണ്‍ ചെന്നു. അച്ഛന്റെ വക്കീലിനെതിരെ കേസ് ഫയല്‍ ചെയ്തു. കേസ് കോടതിയില്‍ എത്തി. ഇതിനിടയില്‍, രജിസ്റ്റര്‍ ചെയ്ത മരണപത്രത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പി ലഭിക്കാന്‍ അരുണ്‍ അപേക്ഷ കൊടുത്തു. അങ്ങനെ ലഭിച്ച കോപ്പി വക്കീലിനെ ഏല്‍പ്പിച്ചു. വക്കീല്‍ അതു ഗാഢമായും വിശദമായും പഠിച്ചു. ചില വാദമുഖങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞു.

കേസിന്റെ വിചാരണ ദിവസം അരുണിന്റെ വക്കില്‍ വാദിച്ചു. അത് ഇങ്ങനെ: സുധാകരമേനോന്റെ മരണപത്രപ്രകാരം അദ്ദേഹത്തി ന് ഏകദേശം 50 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നു മനസ്സിലാവുന്നു. സ്വത്തിന്റെ അവകാശിയായി മൈനറായ അരുണ്‍ എന്ന ബാലന്‍ മാത്രമാണുള്ളത്. ഈ കേസിലെ എതിര്‍കക്ഷിയായ വക്കീല്‍ സുധാകരമേനോന്റെ വിശ്വസ്തനായ ഉത്തമ സുഹൃത്താണ്. കുട്ടിയുടെ സംരക്ഷണ ചുമതല സുധാകരമേനോന്‍ വക്കീലിനെ ഏല്‍പ്പിക്കുക മാത്രമല്ല, കുട്ടി മേജര്‍ ആകുമ്പോള്‍ വക്കീലിന് ഇഷ്ടമുള്ളതു കുട്ടിക്ക് കൊടുക്കുക എന്ന് ഒസ്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒസ്യത്തില്‍ ഇങ്ങനെ ഒരു വകുപ്പ് ഉള്‍ക്കൊള്ളിച്ചതുതന്നെ വിചിത്രവും ദുരൂഹവും ആണ്.

അവകാശിയായ എന്റെ കക്ഷിയും സുധാകരമേനോന്റെ ഏക മകനുമായ അരുണ്‍ ഇപ്പോഴും മേജറായ കോളജ് വിദ്യാര്‍ത്ഥിയാണ്. സുധാകരമേനോന്റെ വിശ്വസ്തനായ വക്കീല്‍ അമ്പതു ലക്ഷത്തിന്റെ സ്വത്തില്‍ എന്റെ കക്ഷിയായ അരുണിന് വക്കീല്‍ തനിക്ക് ഇ ഷ്ടമുള്ള സംഖ്യ എന്നു പറഞ്ഞു അരുണിനു കൊടുത്തതു വെറും ഒരു ലക്ഷം മാത്രമാണ്. ഇതു കടുത്ത സ്വാര്‍ത്ഥതയും അനീതിയും ചതിയുമാണ്.

വാദത്തിനിടയില്‍ എതിര്‍ വക്കീല്‍ ഇടയ്ക്കു കയറി ചില തടസ്സങ്ങള്‍ ഉന്നയിക്കാന്‍ തുനിഞ്ഞെങ്കിലും വാദം തുടരാന്‍ തന്നെ ജഡ്ജി അനുവദിച്ചു. വക്കീല്‍ വാദം തുടര്‍ന്നു. അത് ഇങ്ങനെ: ''വക്കീലിന് ഇഷ്ടമുള്ളതു കുട്ടിക്കു കൊടുക്കുക'' എന്നാണ് ഒസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. പിതാവിന്റെ ഒസ്യത്തുപ്രകാരം അമ്പതു ലക്ഷം രൂപയില്‍ 49 ലക്ഷം രൂപ പുത്രന് അവകാശപ്പെട്ടതാണ്. എന്തെന്നാല്‍ 'വക്കീലിന് ഇഷ്ടമു ള്ളത്' ആ 49 ലക്ഷം രൂപയാണ്. 'ഇഷ്ടമില്ലാത്തതായ' ഒരു ലക്ഷം രൂപയാണ് വക്കീല്‍ പുത്രനായ അരുണിന് നല്‍കിയത്. അതുകൊണ്ട് ബഹുമാനപ്പെട്ട കോടതി എന്റെ വാദം ശരിവച്ച് തീര്‍പ്പു കല്‍പ്പിക്കണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എതിര്‍കക്ഷിയായ വക്കീല്‍ ഉശിരോടെ തന്റെ വാദമുഖങ്ങള്‍ നിരത്തി പ്രസംഗിച്ചെങ്കിലും ജഡ്ജിയുടെ അന്തിമവിധി മറിച്ചായിരുന്നു. അരുണ്‍ അങ്ങനെ 49 ലക്ഷത്തിന്റെ അവകാശിയായി. ഈ വക്കീലിന്റെ വാചാലതയും കഴിവും ബുദ്ധിസാമര്‍ത്ഥ്യവും വ്യാഖ്യാന വൈഭവവും എല്ലാം ചേര്‍ന്നപ്പോള്‍ കേസ് അട്ടിമറിഞ്ഞു. വാദഗതിയുടെ മനോഹരമായ മാസ്മരിക പ്രകടനം. അരുണിന് എന്തെന്നില്ലാത്ത ആഹ്ലാദം. വക്കീലിന് തികഞ്ഞ ആത്മസംതൃപ്തി.

നമുക്ക് ഇതിനെ 'യുക്തിക്കോടതി' എന്ന് വിളിക്കാം

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org