
2015. സെന്‍ട്രല്‍ ആഫ്രിക്കയില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം നിരന്തരമായ മതാക്രമണങ്ങള്‍ കൊണ്ട് കലുഷമായ പ്രദേശം. വര്‍ഷങ്ങളായി തുടരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരുന്നു. ക്രൈസ്തവരും മുസ്‌ലീംങ്ങളും തമ്മിലായിരുന്നു സംഘര്‍ഷം. അപരന്‍ ശത്രുവാണെന്ന് ഇരുക്കൂട്ടരും ദൃഢമായി വിശ്വസിക്കുന്നതുപോലെ. ഒരാള്‍ ശത്രുവായിത്തീരുന്നതിന്റെ കാരണം അയാളുടെ മതം മാത്രമായിരുന്നു. വ്യക്തിതലത്തില്‍ അയാളെത്ര നല്ലവനായിരുന്നാലും മതം അതാകയാല്‍ അയാള്‍ ശത്രുവാണെന്നും കൊല്ലപ്പെടേണ്ടവനാണെന്നും ഉറപ്പായും ധരിച്ചുവച്ചിരുന്ന സമൂഹം. മോസ്‌ക്കുകളിലും ചര്‍ച്ചുകളിലും ആക്രമവാസനയെ ഊതിക്കത്തിക്കുന്ന വിധമുള്ള പ്രഭാഷണങ്ങള്‍ നടക്കുമായിരുന്നു. അതിനിടയിലാണ് പാപ്പയുടെ സന്ദര്‍ശനം.
അപകടകരമായിരുന്നു അത്. വൈകാരികമായി സ്‌ഫോടനാത്മകമായ അന്തരീക്ഷം. അക്ഷരാഭ്യാസം കുറഞ്ഞ ജനത. വര്‍ഗീയതയെ ജ്വലിപ്പിക്കുന്ന പുരോഹിതര്‍. അതിനിടയില്‍ പാപ്പയുടെ സുരക്ഷിതത്വം ആശങ്കയുളവാക്കുന്നതായിരുന്നു. കടിച്ചുകീറാന്‍ നില്‍ക്കുന്ന രണ്ടു ജനതയില്‍ ഒന്നിനെ പ്രതിനിധീകരിക്കുന്ന ആളായിട്ടാണല്ലോ മറുവിഭാഗം പാപ്പയെ കാണുക. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പാപ്പ പറഞ്ഞത് ''ദൈവം ശാന്തിയാണ്'' എന്നായിരുന്നു.
ഇതൊരു പുതിയ പ്രസ്താവനയൊന്നുമല്ല. പക്ഷേ, ഈ സാഹചര്യത്തില്‍ ആ പ്രസ്താവനയ്ക്കു ചരിത്രപരമായ പ്രാധാന്യമേറെയായിരുന്നു. ഖുര്‍ആനില്‍ ദൈവനാമങ്ങളിലൊന്നായി 'സലാം' എന്ന നാമം പറഞ്ഞിട്ടുണ്ട്. ശാന്തി എന്നാണതിനര്‍ത്ഥം. എല്ലാ നിസ്‌കാരശേഷവും വിശ്വാസികള്‍ ഇങ്ങനെ പറയണം. ''അല്ലാഹുമ്മ അല്‍ത സലാം, വ മിന്‍ക സലാം. ഇലൈക യര്‍ജിഉ സലാം. ഹയ്യിനാ ബി സലാം.'' ദൈവമേ നീ ശാന്തി. നിന്നില്‍ നിന്ന് ശാന്തി, നിന്നിലേക്ക് മടങ്ങുന്നതും ശാന്തി. ശാന്തമായ ജീവിതം നല്കി ഞങ്ങളെ അനുഗ്രഹിക്കേണമേ.
ഇതൊക്കെ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പ്രസ്താവനയായിരുന്നു പാപ്പയുടെ രണ്ടു വാക്കു മാത്രമുള്ള 'ദൈവം ശാന്തി'യാണ് എന്നത്.
പാപ്പ ഏവരെയും ഞെട്ടിച്ചുകൊണ്ട് പികെ-5 എന്ന ജില്ലയിലെ ഗ്രാന്റ് മോസ്‌കിലേക്കാണ് കടന്നുചെന്നത്. അത് അവിടെയുള്ള തീവ്രസ്വഭാവക്കാരുടെ കേന്ദ്രം കൂടിയായിരുന്നു. പാപ്പയെ പലരും വിലക്കാന്‍ ശ്രമിച്ചുവെങ്കിലും അവിടെ സന്ദര്‍ശിക്കുക തന്നെ ചെയ്തു.
തന്റെ സൗമ്യസാന്നിധ്യം കൊണ്ടുതന്നെ അത്ഭുതപ്പെടുത്തിയ പാപ്പ മസ്ജിദില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കു നല്കിയ സന്ദേശം സത്യത്തില്‍ പുതിയൊരനുഭവമായിരുന്നു. 'ക്രൈസ്തവരും മുസ്‌ലീങ്ങളും സഹോദരങ്ങളാണ്. ആര് ആരെയാണ് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇസ്‌ലാം അനുസരിച്ച് ജീവിക്കാന്‍ മുസ്‌ലീങ്ങള്‍ക്ക് അന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ ഓരോ ക്രിസ്ത്യാനിയും ബാധ്യസ്ഥനാണ്. ഇല്ലാതാക്കാനല്ല; സ്‌നേഹിക്കാനാണ് വേദം നിര്‍ദേശിക്കുന്നത്.'
വാളോങ്ങി നില്‍ക്കുന്ന ഇരു വിഭാഗത്തിന്റെയും സര്‍വായുധങ്ങളും അതോടെ നഷ്ടപ്പെട്ടു. ക്രിസ്ത്യന്‍ മിലീഷ്യ പോപ്പിന്റെ ഈ നിലപാടില്‍ അത്ഭുതപ്പെടുക തന്നെയുണ്ടായി. പാപ്പ പക്ഷേ, സ്‌നേഹദര്‍ശനത്തിലും തജന്യമായ സമന്വയ ദര്‍ശനത്തിലും ഉറച്ചുതന്നെ നിന്നു.
അതോടെ ആഫ്രിക്ക ശാന്തമായി. ദൈവം ശാന്തിയാണ് എന്ന പ്രസ്താവനയുടെ ആത്മസൗന്ദര്യം അവിടെ പ്രകടമായി.
ആ സന്ദര്‍ശനത്തിനിടയില്‍ മാര്‍പാപ്പ പുറപ്പെടുവിച്ച വ്യത്യസ്തങ്ങളായ സന്ദേശങ്ങള്‍ ഓരോന്നും പാപ്പയുടെ മതസമന്വയ ദര്‍ശനം ഉള്‍ക്കൊള്ളുന്നതായിരുന്നു. 'ലോകം ഇന്നു തേടുന്നത് വിശാലമായ മാനവികതയാണ്. കക്ഷിവഴക്കുകളും മതസംഘര്‍ഷങ്ങളുമല്ല. അപരനോടുള്ള നമ്മുടെ പെരുമാറ്റമാണ് നമ്മുടെ മതത്തെ അടയാളപ്പെടുത്തുന്നത്. മനുഷ്യനെ ആദരിക്കലാണ് മതം. അപരന്റെ അനിവാര്യതകള്‍ പൂര്‍ത്തീകരിക്കുന്നില്‍ സഹായിക്കലാണ് മതം; ദ്വേഷിക്കലല്ല.' നവംമ്പര്‍ 27-ന് നല്കിയ സന്ദേശം ഇതായിരുന്നു.
അവിടെയുള്ള ക്രൈസ്തവ പുരോഹിതന്മാരെ സംബോധന ചെയ്തു പാപ്പ നടത്തിയ ചെറുഭാഷണത്തിലും ഇതേ സന്ദേശമാണ് ഉള്‍ക്കൊണ്ടിരുന്നത്. ലോകത്ത് സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന ഏതൊരാളിന്റെയും ഉള്ളില്‍ കുളിരനുഭവമായി കിനിഞ്ഞിറങ്ങുന്നതും എന്നാല്‍, ആത്മ വിമര്‍ശനാത്മകവുമായിരുന്നു അത്. ഓരോരുത്തരും താന്‍ എവിടെയാണ് നില്‍ക്കുന്നതെന്നും തന്റെ മതബോധം എപ്രകാരമാണെന്നും പാപ്പയുടെ ഈ പ്രസ്താവന കേള്‍ക്കുന്ന മാത്രയില്‍ ആലോചിക്കാതിരിക്കില്ല.
തങ്ങളുടെ വഴി മാത്രം ശരിയാണെന്നും മറ്റെല്ലാം പിഴച്ചതാണെന്നുമുള്ള ശുദ്ധിവാദത്തിന്റെ അപകടം ദാര്‍ശനികമായിത്തന്നെ തിരിച്ചറിഞ്ഞ പാപ്പ തന്റെ സ്ഥാനാരോഹണത്തിന്റെ ഒന്നാം നാള്‍ മുതല്‍ തന്നെ അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ശുദ്ധിവാദം കലാപാത്മകമാണ്. അപരന്‍ നരകത്തിന്റെയാളാണെന്ന വിചാരമായി അതു മാറും. പാപ്പ മോക്ഷത്തിന്റെ കുത്തക ആരിലും നിക്ഷിപ്തമല്ലെന്നു തുറന്നു പറഞ്ഞു. സഭാചരിത്രത്തില്‍ മുമ്പും ഇത്തരം സന്ദേശങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഇക്കാലത്ത് അതേറെ പ്രസക്തവും അ നിവാര്യവുമാണ്. മാത്രവുമല്ല, മുന്‍പുള്ള ഏത് കാലത്തേക്കാളും വിശാലമാനവികതയെന്ന സന്ദേശം മതവിശ്വാസികള്‍ക്ക് അപ്രിയമാകുന്ന കാലം കൂടിയാണിത്. ശുദ്ധിവാദത്തെയും മേന്മാവാദത്തെയും താലോലിക്കുന്ന നിലപാടാണ് മതവിശ്വാസികളില്‍ അധികപേരും - അതേത് മതമായാലും - ഇഷ്ടപ്പെടുന്നത് എന്നോര്‍ക്കുമ്പോഴാണ് പാപ്പയുടെ നിലപാടിന്റെ ധീരത നാമറിയുന്നത്. നന്മയും സദ്കര്‍മ്മവുമാണ് മോക്ഷത്തിന്റെ മാനദണ്ഡം. ഏത് ഈശ്വരീയ ദര്‍ശനവഴിയും മോക്ഷത്തിന്റേതാണ് എന്ന് വ്യത്യസ്തങ്ങളായ പ്രസ്താവനകളിലൂടെ മാര്‍പാപ്പ ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
മാനവികതയാണ് പുതിയ ലോകത്തിന്റെ മതം. സര്‍വഭേദങ്ങളില്‍ നിന്നുള്ള മോചനം മനുഷ്യകുലം ആഗ്രഹിക്കുന്നു. നിഴല്‍ യുദ്ധവും ശത്രുസങ്കല്പവും ആളുകള്‍ക്ക് മടുത്തിരിക്കുന്നു. ഓക്കാനം വരുന്ന മേന്മാവാദം പുതുതലമുറയ്ക്ക് അസഹ്യമായിത്തീര്‍ന്നിരിക്കുന്നു. മതവും പുരോഹിതരും ഇത് തരിച്ചറിയാതെ വീണ്ടും വീണ്ടും പഴയ പല്ലവി തന്നെ ആ വര്‍ത്തിക്കുന്നു. ഫലമോ, പുതുതലമുറ മതം വലിച്ചെറിഞ്ഞ് സ്വതന്ത്ര ചിന്തയെന്ന വളയമില്ലാ ചാട്ടത്തിലെത്തിച്ചേരുന്നു. അങ്ങനെ, മതം കാലഹരണപ്പെട്ട ആയുധമാണെന്ന ധാരണ പതുക്കെ രൂപപ്പെടുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമന്വയ ദര്‍ശനവും ഉള്‍ക്കൊള്ളല്‍ പ്രത്യയശാസ്ത്രവും ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത് ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ്. മതം സാര്‍വകാലികമാണെന്ന വിശേഷണം അന്വര്‍ത്ഥമാകുന്നത് അതിന്റെ ഉള്‍ക്കൊള്ളല്‍ ശേഷി എത്രത്തോളമാണ് എന്നതിനെ ആശ്രയിച്ചായിരിക്കും. ശുദ്ധിവാദത്തിന്റെയും മേന്മാവാദത്തിന്റെയും കാലം എപ്പോഴേ കഴിഞ്ഞുപോയിരിക്കുന്നു. മതം സ്വയം നവീകരണത്തിന്റെയും ആത്മവിമര്‍ശനത്തിന്റെയും വഴി സ്വീകരിക്കുമ്പോഴാണ് അതിന്റെ കാലാതിവര്‍തിത്വം സാധ്യമാകുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പ ആ വഴിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ചരിത്രത്തിന്റെ ഭാരം പാപ്പയെ ഒട്ടും ഭരിക്കുന്നില്ല. ചരിത്രം പാഠമായിട്ടാണ് അദ്ദേഹം കാണുന്നത്. അന്ധമായ അനുധാവനമല്ല, പാഠമുള്‍ക്കൊണ്ട് പുതിയപാത തെളിക്കുകയാണ് പാപ്പ സ്വയം ഏറ്റെടുത്ത ദൗത്യം.
ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ചിത്രം സമാധാനത്തിന്റേതായി മാറ്റിവരയ്ക്കും. അത് അദ്ദേഹത്തിന് സാധ്യമാണ്. മതാന്തര സംവാദത്തില്‍നിന്ന് മതസമന്വയ ദര്‍ശനത്തിലേക്കുള്ള പാപ്പയുടെ ക്ഷണം വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാതിരിക്കില്ല. 'പല മത സാരവുമേകം' എന്ന ശ്രീനാരായണ ദര്‍ശനത്തിന്റെ അകക്കാമ്പും ഇതുതന്നെ.
''മുസല്‍മാനോ യഹൂദനോ ക്രൈസ്തവനോ പ്രകൃതി ആരാധകനോ ആരുമാകട്ടെ. ദൈവവിശ്വാസമുള്‍ക്കൊണ്ട് പരലോക ബോധത്തോടെ സത്കര്‍മ്മിയായി ജീവിച്ചാല്‍ അവര്‍ക്കൊക്കെയും മോക്ഷമുണ്ട്' (ഖുര്‍ ആന്‍ 2:62, 5:69).
വേദങ്ങളും ജ്ഞാനികളും സര്‍വധര്‍മ്മസത്യത്തിന്റെ നാദം മുഴക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഭേദങ്ങളില്ലാത്ത മാനവികതയുടെ ലോകക്രമം ഉരുത്തിരിഞ്ഞുവരാന്‍ ഇനി അധികമൊന്നും കാത്തിരിക്കേണ്ടതില്ല.