സംഭാഷണ സഭ: അപരന്റെ അധരങ്ങളില്‍ നിന്ന് ആത്മാവിനെ കേള്‍ക്കുമ്പോള്‍

സംഭാഷണ സഭ: അപരന്റെ അധരങ്ങളില്‍ നിന്ന് ആത്മാവിനെ കേള്‍ക്കുമ്പോള്‍

ഫാ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍
വൈസ് പ്രസിഡന്റ്, പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ആലുവ

പതിവില്ലാത്ത ചില കാര്യങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചകളില്‍ കത്തോലിക്കാസഭയില്‍ കണ്ടത്. 2023 ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ ആഗോള സിനഡിന്റെ ഉദ്ഘാടനം 2021 ഒക്‌ടോബര്‍ 10-ന് റോമിലും, ഒരാഴ്ചയ്ക്കു ശേഷം, ഒക്‌ടോബര്‍ 17-ന് ലോകത്തിലെ വിവിധ രൂപതകളിലും നടന്നു. സഭയുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നവരുടെ മനസ്സില്‍ രണ്ടു ചോദ്യങ്ങള്‍ ന്യായമായും ഉയര്‍ന്നിട്ടുണ്ടാകും. ഒന്നോ രണ്ടോ ആഴ്ചകള്‍ മാത്രമെടുക്കാറുള്ള മെത്രാന്മാരുടെ സിനഡിന്റെ നടപടികള്‍ എന്തിനാണ് രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ ഉദ്ഘാടനം ചെയ്തത്? റോമില്‍ നടക്കാനിരിക്കുന്ന ആഗോള സിനഡ് ലോകമെമ്പാടുമുള്ള രൂപതകളില്‍ ഉദ്ഘാടനം ചെയ്യേണ്ടതിന്റെ ആവശ്യമെന്താണ്? സഭാ സംവിധാനങ്ങളെ അടുത്തു പരിചയമില്ലാത്ത സാധാരണക്കാരുടെ മനസ്സില്‍ വേറെയും ചില ചോദ്യങ്ങള്‍ കൂടി ഉയര്‍ന്നിരിക്കാനിടയുണ്ട്. എന്താണ് ഈ സിനഡ്? ആഗോള സിനഡില്‍ മെത്രാന്മാര്‍ എന്താണ് ചെയ്യുന്നത്? രാഷ്ട്രങ്ങളുടെ ഭരണസംവിധാനത്തില്‍ പാര്‍ലമെന്റിനുള്ള സ്ഥാനമാണോ സഭാ ഭരണത്തില്‍ സിനഡിനുള്ളത്? ഇത്തരം ചോദ്യങ്ങളോട് ചുരുക്കമായി പ്രതികരിച്ചതിനു ശേഷം ആഗോള സിനഡിന്റെ വിഷയത്തിലെ "സിനഡല്‍ സഭ" എന്ന പ്രയോഗത്തിന്റെ പ്രായോഗിക അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

എന്താണ് സിനഡ്?

ആണ്ടുവട്ടത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പൗരസ്ത്യ സഭകളിലെ മെത്രാന്മാര്‍ അവരവരുടെ സഭാ ആസ്ഥാനത്തു നടത്തുന്ന ഉന്നതതല ആലോചനായോഗത്തിന്റെ പേര് എന്ന നിലക്കാണ് "സിനഡ്" എന്ന പദം ശരാശരി മലയാളികള്‍ കേട്ടിട്ടുള്ളത്. സിനഡിന്റെ വിജയത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ പങ്കുചേരാറുണ്ടെങ്കിലും മെത്രാന്മാരുടെ സമ്മേളനം എന്നതിനപ്പുറം ദൈവജനം മുഴുവനും പങ്കാളിത്തമുള്ള ഒരു കാര്യമായി സിനഡിനെ കാണാന്‍ കത്തോലിക്കാ സഭയിലെ ഭൂരിപക്ഷം വരുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും കഴിഞ്ഞിട്ടുെണ്ടന്ന് തോന്നുന്നില്ല. വാസ്തവത്തില്‍, സഭയില്‍ അപൂര്‍വ്വമായി നടക്കുന്ന ഒരു സംഭവത്തിന്റെ പേര് എന്നതിനേക്കാള്‍ സഭയെ സഭയാക്കുന്ന അനുദിന പ്രക്രിയയുടെ പേരാണ് സിനഡ്. പ്രാദേശിക തലത്തിലായാലും സാര്‍വ്വത്രിക തലത്തിലായാലും സഭാ ഗാത്രത്തെ ശിരസ്സായ ക്രിസ്തുവിന്റെ ഇച്ഛകള്‍ക്കനുസരണം ചലിപ്പിക്കേണ്ടതെങ്ങനെയെന്ന് അറിയാന്‍ വേണ്ടി സഭാതനയെരെ എല്ലാവരേയും കേള്‍ക്കാനും കേട്ടവയില്‍നിന്ന് ദൈവസ്വരം തിരിച്ചറിയാനും അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ നടത്തുന്ന പരിശ്രമങ്ങളാണ് സിനഡുകള്‍.

"ഒന്നിച്ച് ഒരേ പാതയില്‍" എന്ന് അര്‍ത്ഥം പറയാവുന്ന സിനഡ് എന്ന ഗ്രീക്കു പദം ക്രിസ്തീയ വെളിപാടിന്റെയും വിശ്വാസജീവിതത്തിന്റേയും കേന്ദ്രത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. "മാര്‍ഗ്ഗം" എന്നാണല്ലോ ക്രിസ്തീയത ആദ്യ നൂറ്റാണ്ടുകളില്‍ അറിയപ്പെട്ടിരുന്നത് (അപ്പ. 9:2, 19:9, 23, 22:4, 24:14, 22). ഞാനാണ് വഴിയെന്ന് ഈശോ അസന്നിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട് (യോഹ. 4:6). ഈശോയാണ് പിതാവിലേക്കുള്ള ഏക വഴിയെന്ന് വിശ്വസിച്ച് ആ വഴിയില്‍ നടന്നവരെ മാര്‍ഗ്ഗം സ്വീകരിച്ചവര്‍ എന്നാണ് മറ്റുള്ളവര്‍ വിളിച്ചിരുന്നത്. വഴിയും യാത്രയും ക്രിസ്തീയ തയുടെ ജനിതക മുദ്രകളാണ്. ക്രിസ്തുവില്‍ വിശ്വസിച്ചവരെല്ലാം യഹൂദനായാലും വിജാതീയനായാലും അടിമയായാലും സ്വതന്ത്രനായാലും സ്ത്രീയായാലും പുരുഷനായാലും ഒരേ മാര്‍ഗ്ഗത്തില്‍ ഒന്നിച്ചു നടന്നവരാണ്. അറിവും സമ്പത്തും പങ്കുവച്ചും, പരസ്പരം തിരുത്തിയും പ്രോത്സാഹിപ്പിച്ചും വ്യത്യസ്തതകള്‍ക്ക് സ്പര്‍ശിക്കാനാവാത്ത ഒരു ആത്മീയ ഐക്യത്തില്‍ ക്രിസ്തുവെന്ന ഏകവഴിയിലൂടെ ദൈവത്തിലേക്കും പാവപ്പെട്ടവരിലേക്കും ഒരുമിച്ച് നടന്ന ആദിമ ക്രൈസ്തവരുടെ ജീവിതരീതിയെയാണ് സിനഡ് എന്നതുകൊണ്ട് വിശുദ്ധ പാരമ്പര്യം മനസ്സിലാക്കുന്നത്.

എന്തുകൊണ്ട് ആഗോള സിനഡ്?

കാലക്രമത്തില്‍, സിനഡെന്നാല്‍ സഭ മുഴുവന്റേയും ഒരുമിച്ചുള്ള യാത്ര എന്ന വിശാലമായ അര്‍ത്ഥവും യാഥാര്‍ത്ഥ്യവും സഭയിലെ മെത്രാന്മാരുടെ മാത്രം പ്രാദേശിക സമ്മേളനം എന്ന മട്ടിലേക്ക് ചുരുങ്ങി. എന്നാല്‍ സഭയുടെ സമഗ്ര നവീകരണം ലക്ഷ്യമാക്കി വിളിച്ചു ചേര്‍ക്കപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഗോള സിനഡിന്റെ അനിവാര്യത തിരിച്ചറിഞ്ഞു. നൂറ്റാണ്ടുകളുടെ ഇടവേളകളില്‍ സംഭവിക്കുന്ന എക്യുമെനിക്കല്‍ കൗണ്‍സിലുകളില്‍ മാത്രമല്ല കുറഞ്ഞ ഇടവേളകളിലും ആഗോളതല കൂടിയാലോചനകള്‍ നടക്കണമെന്ന് ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍, സഭയ്ക്കകത്തും പുറത്തും അടിയന്തര ശ്രദ്ധയര്‍ഹിക്കുന്ന വിഷയങ്ങളെക്കുറിച്ച് റോമിലെ മെത്രാനായ മാര്‍പാപ്പയ്ക്ക് ലോകം മുഴുവനുമുള്ള മെത്രാന്മാരോട് ആലോചന ചോദിക്കാനുള്ള സ്ഥിരം വേദിയായി ആഗോള സിനഡ് സ്ഥാപിതമായി.

അടുത്ത ആഗോള സിനഡിന്റെ നടപടികള്‍?

മെത്രാന്മാരോട് മാത്രം കൂടിയാലോചന നടത്തുന്ന സാധാരണ രീതിയില്‍ നിന്നു വ്യത്യസ്തമായി ദൈവജനം മുഴുവനേയും കേള്‍ക്കാന്‍ സാധിക്കുന്ന വിധത്തിലാണ് അടുത്ത ആഗോളസിനഡ് ക്രമീകരിച്ചിരിക്കുന്നത്. വിപ്ലവകരമായ ഈ മാറ്റത്തിന്റെ ദൈവശാസ്ത്രപരമായ കാരണങ്ങള്‍ പിന്നാലെ വ്യക്തമാക്കാം. പ്രാദേശികതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് സിനഡു ചര്‍ച്ചകള്‍ നടക്കുന്നത്. ഇതില്‍ പ്രാദേശികതല നടപടികളാണ് ഒക്‌ടോബര്‍ 17-ന് ആരംഭിച്ചത്. ഓരോ പ്രദേശത്തേയും പരമാവധി ജനങ്ങളെ ഉള്‍പ്പെടുത്തി സിനഡല്‍ ചര്‍ച്ചകള്‍ നടത്താനാണ് രൂപതാദ്ധ്യക്ഷന്മാരോടും വ്യക്തിസഭകളുടെ തലവന്മാരോടും ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രാദേശികതല ചര്‍ച്ചകളുടെ കണ്ടെത്തലുകളാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നത്.

സഭയിലെ പാര്‍ലമെന്റാണോ സിനഡ്?

ജനഹിതമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ ആത്മാവ്; അവിടെ കേവല മൂല്യങ്ങള്‍ക്കും മുകളിലാണ് ഭൂരിപക്ഷത്തിന്റെ ശക്തി. ഭൂരിപക്ഷത്തിന്റെ ഇച്ഛാനുസരണമാണ് ജനാധിപത്യ രാഷ്ട്രത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍, തിരുസഭയില്‍ ഭൂരിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു പാര്‍ലമെന്റില്ല. ദൈവഹിതമനുസരിച്ചാണ് സഭാധികാരികള്‍ സഭയെ നയിക്കേണ്ടത്. അവര്‍ ദൈവഹിതം തേടേണ്ട ഇടങ്ങളാണ് വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യങ്ങളും. വിശ്വാസത്തേയും സന്മാര്‍ഗ്ഗേത്തയും സംബന്ധിച്ചുള്ള പൊതു തത്ത്വങ്ങള്‍ വ്യക്തമാക്കുന്നതില്‍ ഈ രണ്ടു സങ്കേതങ്ങള്‍ക്കു പകരം വയ്ക്കാനാവാത്ത സ്ഥാനമാണുള്ളത്. എന്നാല്‍, വിശ്വാസത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റേയും സാഹചര്യാധിഷ്ഠിത സാക്ഷാത്കാരങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം അതതു കാലത്തെ ദൈവജനത്തിന്റെ വിശുദ്ധ ബോധ്യങ്ങളിലൂടെയും വെളിപ്പെടും. ഭൂരിപക്ഷത്തിന്റെ ശക്തിയല്ല, ബോധ്യങ്ങളില്‍ പ്രകടമാകുന്ന പരിശുദ്ധാത്മ ശക്തിയാണ് ജനഹിതത്തില്‍ വെളിപ്പെട്ടത് ദൈവഹിതമാണൊ എന്നു തിരിച്ചറിയാനുള്ള അടയാളം. ഭൂരിപക്ഷവും ന്യൂനപക്ഷവും ഏറ്റുമുട്ടുന്ന പാര്‍ലമെന്റ് അല്ല സിനഡ്. എത്രപേര്‍ പറഞ്ഞുവെന്നതല്ല, എന്തു പറഞ്ഞുവെന്നതാണ് മുഖ്യം. ആഗോള സിനഡിന്റെ ത്രിതല ചര്‍ച്ചകളില്‍ ന്യൂനപക്ഷങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തണമെന്ന് സിനഡ് സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇക്കാരണത്താലാണ്. ആത്മാവിന്റെ ആദേശങ്ങള്‍ക്ക് ആരാണ് ശബ്ദം നല്കുന്നത് എന്നു കണ്ടെത്താനാണ് സിനഡ് ചര്‍ച്ചകളില്‍ ശ്രമിക്കേണ്ടത്. ശ്രേഷ്ഠരും ന്യായാധിപന്മാരുമായ രണ്ടുേപരുടെ സാക്ഷ്യങ്ങള്‍ മുഖവിലക്കെടുത്ത് സൂസന്നയെന്ന നിഷ്‌കളങ്കയായ യുവതിയെ മരണത്തിനു വിധിച്ച വേളയില്‍, ദാനിയേല്‍ എന്നു പേരുള്ള ഒരു ബാലന്റെ അധരങ്ങളില്‍ നിന്നാണല്ലൊ ദൈവത്തിന്റെ വിധി തീര്‍പ്പ് ജനങ്ങള്‍ കേട്ടത് (ദാനിയേല്‍ 13:28-64). യുവജനങ്ങളുടേയും സ്ത്രീകളുടേയും, സര്‍വോപരി, സാധാരണ ഗതിയില്‍ സഭയില്‍ സംസാരിക്കാത്തവരുടേയും അഭിപ്രായങ്ങള്‍ ആദ്യം കേള്‍ക്കണം, അതീവ ശ്രദ്ധയോടെ കേള്‍ക്കണം.

ആഗോള സിനഡിന്റെ ചര്‍ച്ചാവിഷയം?

ആഗോള സിനഡ് സ്ഥാപിതമായതിന്റെ അമ്പതാം വര്‍ഷം അനുസ്മരിച്ചുകൊണ്ട് 2015 ഒക്‌ടോബര്‍ 17-ന് ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രസംഗം സമകാലീന സഭയ്ക്ക് പുതിയൊരു തിരിച്ചറിവ് നല്കുന്നതായിരുന്നു. മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍നിന്ന് ദൈവം എന്താണോ ആഗ്രഹിക്കുന്നത്, അത് "സിനഡ്" എന്ന പദത്തില്‍ തന്നെ മറഞ്ഞിരിപ്പുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ഒരേ വഴിയില്‍ ഒരുമിച്ചുള്ള യാത്ര എന്നു വ്യാച്യാര്‍ത്ഥം പറയാവുന്ന സിനഡെന്ന ഗ്രീക്കു പദം സഭയുടെ സത്തയേയും ശൈലിയേയുമാണ് സൂചിപ്പിക്കുന്നതെന്ന് മാര്‍പാപ്പ വിശദീകരിച്ചു. വൈദികമേധാവിത്തവും അല്മായരുടെ നിസ്സംഗതയും വഴി സഭയ്ക്കു നഷ്ടമായത് "സിനഡാലിറ്റി" എന്ന സഭയുടെ സത്താപരമായ ശൈലിയാണ്. ഇന്നത്തെ സഭയോട് ആത്മാവു പറയുന്നത് കേള്‍ക്കാനും അതനുസരിച്ച് സഭയെ നവീകരിക്കാനും ആഗ്രഹിച്ചുകൊണ്ട് സമ്മേളിക്കുന്ന ആഗോള സിനഡ് സിനഡാലിറ്റി തന്നെയാണ് ചര്‍ച്ചാ വിഷയമാക്കേണ്ടതെന്ന് മാര്‍പാപ്പയുടെ ഉള്‍ക്കാഴ്ചയാണ് "ഒരു സിനഡല്‍ സഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം" എന്നത് 2023-ലെ ആഗോ സിനഡിന്റെ വിഷയമായി തെരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചത്. അന്തര്‍ദ്ദേശീയ ദൈവശാസ്ത്ര കമ്മീഷന്‍ സിനഡാലിറ്റി എന്ന വിഷയത്തെക്കുറിച്ച് 2014 മുതല്‍ ഗൗരവമായ പഠനം നടത്തുന്നുണ്ടായിരുന്നു. ദൈവശാസ്ത്ര കമ്മീഷന്റെ കണ്ടെത്തലുകള്‍ 2018 മാര്‍ച്ച് 2-ന് "സിനഡാലിറ്റി സഭയുടെ ജീവിതത്തിലും ദൗത്യത്തിലും" എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണ രേഖകളോടും ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളോടുമൊപ്പം, ദൈവശാസ്ത്ര കമ്മീഷന്റെ ഈ പഠനവും ആഗോള സിനഡിന്റെ ഒരുക്ക രേഖയുടെ ഒരു മുഖ്യസ്രോതസ്സാണ്.

ഭൂരിപക്ഷവും ന്യൂനപക്ഷവും ഏറ്റുമുട്ടുന്ന പാര്‍ലമെന്റ് അല്ല സിനഡ്. എത്രപേര്‍ പറഞ്ഞുവെന്നതല്ല, എന്തു പറഞ്ഞുവെന്നതാണ് മുഖ്യം. ആഗോള സിനഡിന്റെ ത്രിതല ചര്‍ച്ചകളില്‍ ന്യൂനപക്ഷങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തണമെന്ന് സിനഡ് സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇക്കാരണത്താലാണ്. ആത്മാവിന്റെ ആദേശങ്ങള്‍ക്ക് ആരാണ് ശബ്ദം നല്കുന്നത് എന്നു കണ്ടെത്താനാണ് സിനഡ് ചര്‍ച്ചകളില്‍ ശ്രമിക്കേണ്ടത്.

ഗ്രീക്ക്, ലത്തീന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലൂടെയാണ് സിനഡ്, സിനഡല്‍, സിനഡാലിറ്റി എന്നീ പദങ്ങള്‍ നമ്മിലേക്കെത്തുന്നത്. അക്ഷരങ്ങള്‍ ആകസ്മികമായി കൂടിച്ചേര്‍ന്നല്ലല്ലൊ ഒരു പദവും ഉണ്ടാകുന്നത്. ഓരോ കാലത്തിന്റേയും ദേശത്തിന്റേയും ഭാഷയില്‍ നിന്നും സംസ്‌ക്കാരത്തില്‍ നിന്നും ഇഴ തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ആശയ പ്രപഞ്ചത്തിലാണ് പദങ്ങള്‍ ജനിക്കുന്നതും അര്‍ത്ഥങ്ങള്‍ നിറഞ്ഞ് വളരുന്നതും. അതുകൊണ്ട് ഒരു ഭാഷയിലും സംസ്‌കാരത്തിലും ജനിച്ച ഒരു പദത്തെ മറ്റൊരു ഭാഷയുടെ ലിപികള്‍ കൊണ്ടെഴുതുമ്പോള്‍ മൂലഭാഷ അറിയാത്തവര്‍ക്കും ആ പദം ഉച്ഛരിക്കാന്‍ കഴിയുമെന്നല്ലാതെ മറ്റൊരു ഉപകാരവും അതുകൊണ്ടില്ല. കേരള ക്രൈസ്തവരുടെ അന്യഭാഷാ പദശേഖരം വര്‍ദ്ധിക്കുമെന്നല്ലാതെ കാര്യമായ അര്‍ത്ഥസംവേദനമൊന്നും സിനഡ് എന്ന പദം പരക്കെ ഉപയോഗിച്ചതുകൊണ്ട് ഉണ്ടാകാന്‍ പോകുന്നില്ല.

സിനഡിനെ ഒരുമിച്ചുള്ള യാത്രയെന്നും സിനഡല്‍ സഭയെ സഹയാത്രിക സഭയെന്നും മൊഴിമാറ്റം നടത്തിയാലൊ? വാച്യാര്‍ത്ഥമെന്ന നിലയ്ക്ക് ശരിയെന്നു തോന്നിയാലും സിനഡെന്ന പ്രക്രിയയുടെ ചലനാത്മകതയെ സംവേദനം ചെയ്യാന്‍ സഹയാത്രയെന്ന പദത്തിന് പൂര്‍ണ്ണമായി കഴിയില്ല. ഒരുമിച്ചുള്ള യാത്രകള്‍ പലതരമുണ്ടല്ലൊ. ആജ്ഞാനുവര്‍ത്തികളായ ഭടന്മാരേയുംകൊണ്ട് സേനാധിപന്‍ യുദ്ധമുഖത്തേക്ക് നടത്തുന്നത് ഒരുമിച്ച് ഒരു ദിശയിലുള്ള യാത്രയാണ്. എന്നാല്‍ ആ യാത്രയില്‍ ഒരാള്‍ മാത്രമെ സംസാരിക്കുകയുള്ളൂ. വിമാന റാഞ്ചികള്‍ ബന്ധികളാക്കിയ യാത്രക്കാരേയും കൊണ്ട് നടത്തുന്നതും ഒരുമിച്ചുള്ള യാത്രയാണ്. വിമാന റാഞ്ചികളും ബന്ധികളും സഹയാത്രികരാണ്. എന്നാല്‍ അവര്‍ക്കിടയില്‍ ചിലര്‍ സംസാരിക്കുകയും ബാക്കിയെല്ലാവരും നിശബ്ദം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ്. ഒരുമിച്ചുള്ളയാത്രയെന്നു പറയുമ്പോള്‍ സഹയാത്ര മാത്രമല്ല കാര്യം എന്നു വെളിവാക്കുന്ന വേറെയും ഉദാഹരണങ്ങള്‍ കണ്ടെത്താനാകും.

ഒരുമിച്ചു കൂടിയതു കൊണ്ടോ ഒന്നിച്ചു യാത്ര ചെയ്തതുകൊണ്ടോ സിനഡുണ്ടാവില്ല. കൂടി വരവിന്റേയും കൂട്ടായ യാത്രയുടേയും കാരണവും ലക്ഷ്യവും ഗതാഗത ഭൂപടവും എല്ലാവരും അറിഞ്ഞും പറഞ്ഞും ബോധ്യപ്പെട്ട് മുന്നേറുമ്പോഴാണ് സിനഡ് സംഭവിക്കുന്നത്. "സിനഡല്‍ സഭയ്ക്കുവേണ്ടി" എന്ന ആഗോള സിനഡിന്റെ മുഖ്യവിഷയം "സഹയാത്രികസഭ" എന്നതിനപ്പുറം "സംഭാഷണ സഭ" എന്നല്ലെ മനസ്സിലാക്കേണ്ടത്? പ്രാദേശികതല സിനഡല്‍ ചര്‍ച്ചകള്‍ക്കായി നല്കിയിട്ടുള്ള ഒരുക്കരേഖയും ചോദ്യങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേങ്ങളും പരിശോധിച്ചാല്‍ സഭയില്‍ നടക്കേണ്ട സംഭാഷണത്തെക്കുറിച്ചാണ് ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാകും.

ജറുസലേം കൗണ്‍സിലിന്റെ തീരുമാനങ്ങളുടെ ദിശയെ നിര്‍ണ്ണയിച്ച സംഭവങ്ങള്‍ വിവരിക്കുന്ന അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലെ പത്താമദ്ധ്യായമാണ് പ്രത്യേക പഠനത്തിനും ധ്യാനത്തിനുമായി ഒരുക്കരേഖ നല്കുന്ന ഒരു സു പ്രധാന വചനഭാഗം. വിജാതീയനായ കൊര്‍ണേലിയൂസിനേയും അവന്‍ അയച്ച ആളുകളേയും ശ്രവിക്കുകയും അവരോട് സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തതു വഴിയാണ് പത്രോസിന് ദര്‍ശനത്തിലൂടെ തന്നോടു സംസാരിച്ച കര്‍ത്താവിന്റെ മനസ്സ് മനസ്സിലായത്. അതുവഴി, ദൈവത്തിനു പക്ഷപാതമില്ലെന്നും ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നവരെല്ലാം ദൈവസന്നിധിയില്‍ സ്വീകാര്യരാണെന്നും പത്രോസ് മനസ്സിലാക്കി (അപ്പ. പ്രവ. 10:34-35). ഇത് സഭയുടെ രൂപഭാവങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തി. സമ്പൂര്‍ണ്ണ വെളിപാടിന്റെ മുഴുവന്‍ ശേഖരവുമുള്ള തിരുസഭ സംഭാഷണത്തിന് തയ്യാറായില്ലെങ്കില്‍, സഭ കാത്തുസൂക്ഷിക്കുന്ന വെളിപാടിന്റെ അര്‍ത്ഥം സഭയ്ക്കുതന്നെ അ വ്യക്തമായി തുടരും. അതു സഭയുടെ ഘടനയേയും ജീവിതത്തേയും സാരമായി ബാധിക്കുകയും ചെയ്യും.

ദൈവരാജ്യത്തിന്റെ നേരനുഭവമുള്ള ഒരു ചെറുസമൂഹത്തെ തനിക്കു ചുറ്റുമായി രൂപപ്പെടുത്താനുള്ള ഈശോയുടെ പരിശ്രമങ്ങളുടെ കേന്ദ്ര ഭാഗം സംഭാഷണമായിരുന്നല്ലൊ. ഈശോ, ശ്ലീഹന്മാര്‍, ജനങ്ങള്‍ – ഈ മൂവര്‍ക്കിടയിലുള്ള സംഭാഷണ വലയത്തിലാണ് ദൈവപിതാവിന്റെ മനസ്സിനിണങ്ങിയ ഒരു ചെറിയ അജഗണം രൂപപ്പെട്ടുവന്നത്. ഈ അജഗണമാണ് സത്യ സഭയായി ഇന്നും തുടരുന്നത്. സഭയുടെ ഘടനാപരമായ സംഭാഷണ വലയത്തിലെ മൂവരില്‍ ആരും കേള്‍ക്കപ്പെടാതെ പോകരുത്. ഈശോയെ നാമിന്നു കേള്‍ക്കുന്നത് ഈശോയുടെ സുവിശേഷത്തിലൂടെയും, അവിടുത്തെ മഹത്വീകരണത്തിനു ശേഷം സഭയുടെ അദൃശ്യനേതൃത്വം ഏറ്റെടുത്ത പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങളിലൂടെയുമാണ്. തിരുവചനത്തേയും പരിശുദ്ധാത്മാവിനേയും ശ്രവിക്കാത്ത സഭ, സഭാ നേതാക്കന്മാരുടേയും ജനക്കൂട്ടത്തിന്റെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു സമുദായമായി അധഃപതിക്കും. ശിരസ്സിലും ഹൃദയത്തിലും വ്യക്തിപരമായ വിളിയുടേയും നിയോഗത്തിന്റെയും മേലൊപ്പുള്ള അപ്പസ്‌േതാലന്മാരെ ശ്രവിക്കാത്ത സഭ, ക്രിസ്തുവിനേയും അവന്റെ സുവിശേഷത്തേയും കുറിച്ച് തങ്ങളുടെ ഭാവനകള്‍ക്കും ബൗദ്ധിക ദര്‍ശനങ്ങള്‍ക്കുമനുസരിച്ച് സംസാരിക്കുന്ന ആള്‍ക്കൂട്ടമായിരിക്കും. ദൈവജനത്തോടു ബന്ധമില്ലാത്തതും പാവങ്ങളും പാപികളുമായ സകലരോടും സംവദിക്കാത്തുമായ സഭയില്‍ ഈശോയും അവിടുത്തെ ശിഷ്യരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവരും തമ്മില്‍ നിലനില്ക്കുന്നുവെന്ന് കരുതുന്ന ബന്ധം തികച്ചും സങ്കുചിതവും മതാത്മകവുമായ ഒരു തരം ആത്മരതിക്കു മാത്രം ഉപകരിക്കുന്നതായിരിക്കും. ഗൗരവതരമായ വീണ്ടുവിചാരങ്ങള്‍ക്ക് വഴി മരുന്നിട്ടുകൊണ്ടാണ് ആഗോള സിനഡിന്റെ ഒരുക്കരേഖ നമ്മുടെ കൈകളിലേക്കെത്തുന്നത്.

ഈശോ തന്റെ ശിഷ്യരോടും ജനങ്ങളോടുമുള്ള നിരന്തരമായ സംഭാഷണത്തില്‍ അടിസ്ഥാനമിട്ടതും പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍കൊണ്ട് പണിതുയര്‍ത്തിയതുമായ സഭയെ ഇടയനടുത്ത കരുതലോടെ നാലാമതൊരുവനില്‍ നിന്ന് എന്നും കാത്തുസൂക്ഷിച്ചിരുന്നു. സഭയുടെ ആത്മാവിലുള്ള ഐക്യത്തേയും ക്രിസ്തുവിന്റേതുപോലുള്ള മഹത്വത്തിലേക്കുള്ള പുരോഗമനത്തേയും എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുന്ന ഈ നാലാമന്‍, ചിലപ്പോള്‍ ശ്ലീഹന്മാരുടേയും, മറ്റു ചിലപ്പോള്‍ ജനത്തിന്റേയും വാക്കുകളിലൂടെയോ പ്രവര്‍ത്തികളിലൂടെയോ ആണ് സംഭാഷണസഭയില്‍ കയറിക്കൂടുന്നത്. അവിശ്വാസമായും അധികാര മോഹമായും കുരിശൊഴിവാക്കാനുള്ള ആഗ്രഹമായും മൂല്യങ്ങള്‍ മുച്ചൂടും നശിപ്പിക്കുന്ന പണക്കൊതിയായും ഈശോയുടെ കാലത്തുതന്നെ തിന്മയുടെ ഈ അജ്ഞാതശക്തി ശ്ലീഹരില്‍ ചിലരുടേയും ചില ജനക്കൂട്ടങ്ങളുടേയും വേഷമണിഞ്ഞ് വന്നിട്ടുണ്ട്. ഇന്നത്തെ സംഭാഷണ സഭയിലും തിന്മയുടെ വേഷപ്പകര്‍ച്ചകള്‍ സ്ഥലം പിടിച്ചിട്ടുണ്ടാകാം. അവയെ തിരിച്ചറിയാനും തിരസ്‌ക്കരിക്കാനും ക്രിസ്തുവിന്റെ കണ്ണുകളിലൂടെ – അതായത്, വചനവും ആത്മാവും നല്കുന്ന ശുദ്ധവെളിച്ചത്തില്‍ – അവനവനേയും മറ്റെല്ലാറ്റിനേയും അനുദിനം പരിശോധിക്കണം. നിരന്തരമായ ഒരു മാനസാന്തരമായാണ് ജീവിതത്തെ മനസ്സിലാക്കേണ്ടതും ആചരിക്കേണ്ടതും.

സഭയെന്ന സംഭാഷണ വലയത്തില്‍ ജനങ്ങള്‍ വേണ്ടത്ര കേള്‍ക്കപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് ആഗോള സിനഡിന്റെ ഭാഗമായി ദൈവജനം മുഴുവനേയും കേള്‍ക്കാന്‍ മാര്‍പാപ്പയേയും മെത്രാന്മാരേയും പ്രേരിപ്പിച്ചത്. അതിനു സമയം കണ്ടെത്താനാണ് ചട്ടപ്രകാരം 2023 ഒക്‌ടോബറില്‍ നടക്കേണ്ട സിനഡ് 2021 ഒക്‌ടോബറില്‍ തന്നെ ആരംഭിച്ചിരിക്കുന്നത്. സഭാ ജീവിതമെന്ന തീര്‍ത്ഥാടനം പ്രാദേശികതലത്തില്‍ എങ്ങനെ നടക്കുന്നു എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. സഭ തന്നെയാണ് സിനഡിന്റെ വിഷയം; സംഭാഷണമാണതിലെ കാര്യം.

കൂടിയാലോചനകള്‍ക്കായി ഒന്നിച്ചു വരുമ്പോള്‍, അടുത്തിരിക്കുന്നവരില്‍ നിന്ന് ആത്മാവിന്റെ സ്വരം കേള്‍ക്കാനാണ് ശ്രമിക്കേണ്ടത്. സഭയില്‍നിന്ന് മുറിവേറ്റതിന്റേയും അവഗണിക്കപ്പെട്ടതിന്റേയും സങ്കടക്കഥകള്‍ പരാതികളുടേയും പ്രതിഷേധത്തിന്റേയും കടുപ്പം കലര്‍ത്തി പറയുന്നവരെ ക്ഷമയോടെ കേള്‍ക്കണം. അര്‍പ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കുമനുസരിച്ചുള്ള ഫലങ്ങള്‍ കാണാത്തതുകൊണ്ട് ശാസനയും വിമര്‍ശനവും ചൊരിയുന്നവരെ സമചിത്തതയോടെ ശ്രദ്ധിക്കണം. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ അദ്ധ്യാപകരെന്ന പോലെ ആദരിക്കണം. സംഭാഷണത്തെ തടസ്സപ്പെടുത്തുന്നവരേയും വേണ്ടെന്നു വാദിക്കുന്നവരേയും ജാഗ്രതയോടെ അവഗണിക്കണം. കാരണം, ക്രിസ്തുവും ശ്ലീഹന്മാരും ജനങ്ങളും ഒത്തുചേരുന്ന സംഭാഷണ സഭയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ക്രിസ്തുതന്നെ വിലക്കിയ നാലാമന്റെ ശബ്ദമാണവര്‍. തുറന്നു പറച്ചിലുകള്‍ സൃഷ്ടിക്കുന്ന കാറ്റും കോളും സാവധാനം ശമിച്ച് ശാന്തത പുലരും. കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ഒരു ഉപമ, സംഭാഷണത്തില്‍ വളരുന്നതിനെക്കുറിച്ചും സത്യമാണ്: വിറകിനു തീ പിടിക്കുമ്പോള്‍ ആദ്യമുണ്ടാകുന്നത് ചെറിയ പൊട്ടിത്തെറി ശബ്ദങ്ങളാണ്; പിന്നാലെ, കറുത്ത പുകയും. വൈകാതെ, എന്തിനേയും നിശബ്ദം രൂപാന്തരപ്പെടുത്തുന്ന താപോര്‍ജ്ജവും സ്വര്‍ണ്ണവെളിച്ചവും വര്‍ദ്ധിച്ചുവരും. പരിശുദ്ധാത്മാവിന്റെ സ്വരവും വെളിച്ചവും നിറഞ്ഞു നില്‍ക്കുന്ന സംഭാഷണ വലയമായി സഭ മാറാന്‍ ആഗോളസിനഡ് വേദിയാകട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org