
ഫാ. മാത്യു മുട്ടംതൊട്ടി
പടിയറ പിതാവ് ചങ്ങനാശ്ശേരിയില്‍ നിന്ന് എറണാകുളത്തേക്കു വന്നു രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴാണ് എന്നെ അതിരൂപതയുടെ പ്രൊക്കുറേറ്ററായി നിയമിച്ചത്. അദ്ദേഹം റിട്ടയര്‍ ചെയത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ സ്ഥാനത്തു നിന്നു മാറി ലിസി ആശുപത്രിയുടെ ഡയറക്ടറായി. പിതാവ് ഇവിടെ വരുമ്പോള്‍ ഒരു പ്രത്യേക അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. അതിരൂപത നിറഞ്ഞുനിന്നിരുന്ന കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ പിതാവിന്റെയും പ്രഗത്ഭനായ ബിഷപ് സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെയും പിന്നാലെ മറ്റൊരു രൂപതയില്‍ നിന്നു വരുന്ന വ്യക്തിക്ക് ഇവിടെ എത്രമാത്രം ശോഭിക്കാനാകുമെന്ന ആശങ്ക പടിയറ പിതാവിനെന്നപ്പോലെ ഇവിടെയുള്ള വൈദികര്‍ക്കും ഉണ്ടായിരുന്നു. സഭയില്‍ ലിറ്റര്‍ജിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയവുമായിരുന്നു അത്. പക്ഷെ വളരെ ചുരുങ്ങിയ കാലം കൊണ്ടു പടിയറ പിതാവ് എറണാകുളം അതിരൂപതയിലെ ഒരംഗമായിത്തീര്‍ന്നു. പാറേക്കാട്ടില്‍ പിതാവിന്റെ രീതികള്‍ പൂര്‍ണമായിത്തന്നെ അദ്ദേഹം പിന്തുടര്‍ന്നു. അതിലൂടെ പിതാവ് വൈദികരടക്കം. എല്ലാവര്‍ക്കും സ്വീകാര്യനായി. അച്ചന്മാരും പിതാവിനെ വിശ്വാസത്തിലെടുത്ത് ഒപ്പം നിന്നു.
പിതാവ് മറ്റൊരു രൂപതയില്‍ നിന്നു വന്ന വ്യക്തിയായതുകൊണ്ട് അദ്ദേഹം നമ്മുടെ അതിരൂപതയ്ക്കു നല്‍കിയ നേട്ടങ്ങളെപ്പറ്റി അച്ചന്മാരടക്കം പലര്‍ക്കും അറിയില്ല. വരന്തരപ്പള്ളിയിലെ 40 ഏക്കര്‍ എസ്റ്റേറ്റ് പിതാവിന്റെ കാലഘട്ടത്തിലാണു വാങ്ങിയത്. അതുപോലെ പൊങ്ങത്ത് ഇന്നു നൈപുണ്യ പ്രവര്‍ത്തിക്കുന്ന എട്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം വാങ്ങി ചുറ്റും മതില്‍ കെട്ടി ഗേറ്റു സ്ഥാപിച്ചു. അതിനു ചെലവായ പണം പിതാവാണ് എടുത്തത്. അതിരൂപതയില്‍നിന്ന് അതിനായി പണം ചെലവാക്കിയിട്ടില്ല. ആലുവ നിവേദിതയ്ക്കു വേണ്ടി മുന്നേക്കര്‍ സ്ഥലം സിഎംഐ സഭയില്‍നിന്നു വാങ്ങിയതും പിതാവിന്റെ കാലത്താണ്. ആലുവയിലെ സെന്റ് മേരീസ് സ്‌കൂളിന്റെ മുന്‍വശത്തുള്ള ഷോപ്പിംഗ് കോപ്ലക്‌സ്, രൂപതകള്‍ക്കു പുറത്തു മിഷനിലും മറ്റും ജോലി ചെയ്തശേഷം റിട്ടയര്‍ ചെയ്തു വരുന്ന വൈദികര്‍ക്കു താമസിക്കാന്‍ വേണ്ടിയുള്ള ദേവഗിരിയിലെ പ്രീസ്റ്റ്‌ഹോം, തൃക്കാക്കര ഭാരതമാതാ കോളജിന്റെ പുതിയ ഓഡിറ്റോറിയം, വൈക്കത്തുള്ള വെല്‍ഫെയര്‍ സെന്ററിന്റെ പുതുക്കിയ മന്ദിരം, കൊതവറ കോളജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, തുടങ്ങിയവ പടിയറ പിതാവിന്റെ കാലത്താണു നിര്‍മ്മിച്ചത്. അക്കാലത്ത് അതിരൂപതയില്‍ പണിത പള്ളികള്‍ക്കും പള്ളിമുറികള്‍ക്കും വേണ്ടി പക്ഷഭേദം കാട്ടാതെ പിതാവ് സഹായം ചെയ്തിട്ടുമുണ്ട്. അതിരൂപതയുടെ സ്വന്തമല്ലെങ്കിലും കാക്കനാടും മൂഴിക്കുളത്തുമുള്ള രണ്ടു പ്രകൃതി ആശുപത്രികള്‍ പിതാവിന്റെ പണംകൊണ്ടു ആരംഭിച്ചതാണ്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിന്റെ സ്ഥലം വാങ്ങിക്കുന്നതും പടിയറ പിതാവിന്റെ കാലഘട്ടത്തിലാണ്.
പടിയറ പിതാവിന്റെ കാലത്ത് അതിരൂപത പല സംഭവങ്ങള്‍ക്കും ചടങ്ങുകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിനൊക്കെ പിതാവിനൊപ്പം നിന്നു നേതൃത്വം നല്‍കാന്‍ എനിക്കു സാധിച്ചു. മനത്തോടത്തു പിതാവിന്റെ മെത്രാഭിഷേകം, കാട്ടുമന പിതാവിന്റെ മരണം, സംയുക്തമായി നടത്തപ്പെട്ട അതിരൂപതയുടെ ശതാബ്ദിയും പടിയറ പിതാവിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും… വിപുലമായ ഈ ആഘോഷത്തില്‍ ഭാരതത്തിലെ തൊണ്ണൂറോളം മെത്രാന്മാര്‍ പങ്കെടുത്തു. പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ സില്‍വസ്ത്രീനി, ബാഗ്ദാദിലെ കല്‍ദായ പാത്രീയാര്‍ക്കീസ് തുടങ്ങിയ പ്രശസ്തരുടെ നിരതന്നെ ഉണ്ടായി. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയായിരുന്നു സമ്മേളനാധ്യക്ഷന്‍.
വിരമിച്ചതിനുശേഷം പടിയറ പിതാവ് കാക്കനാട്ടുള്ള പ്രകൃതി ആശുപത്രിയിലാണു താമസിച്ചത്. ആ സമയത്ത് ഞാന്‍ ലിസി ആശുപത്രിയില്‍ സേവനം ചെയ്യുകയാണ്. സമയം കിട്ടുന്നതനുസരിച്ച് ഞാന്‍ പിതാവിനെ ചെന്നു കാണു മായിരുന്നു. ലിസി ആശുപത്രിയെക്കുറിച്ചു പിതാവിനു കുറേ സ്വപ്നങ്ങളുണ്ടായിരുന്നു. കുറച്ചുകാലം കൂടി പടിയറ പിതാവ് അവിടെ ഉണ്ടായിരുന്നെങ്കില്‍ ലിസി ആശുപത്രി ഇന്നൊരു മെഡിക്കല്‍ കോളജ് ആയിത്തീര്‍ന്നേനെ എന്നാണെന്റെ വിശ്വാസം.
പിതാവിന്റെ കാലത്ത് അദ്ദേഹത്തിനുപിന്നില്‍ നല്ലൊരു ടീം വര്‍ക്കിലൂടെ പ്രവര്‍ത്തിക്കാന്‍ അന്ന് കൂരിയയിലുള്ളവര്‍ക്കു സാധിച്ചു. വ്യക്തിപരമായി ഞാനും പിതാവും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു. അദ്ദേഹത്തിന്റെയടുത്ത് എന്തെങ്കിലും പ്രൊപ്പോസലുമായി ചെന്നാല്‍ അതില്‍ അദ്ദേഹം തത്പരനാണെങ്കില്‍ വലതുകരത്തിലെ ചുണ്ടുവിരല്‍ അനക്കിക്കൊണ്ട് 'യു ഗോ ഫോര്‍വേഡ്' എന്നു പറയും. അതില്‍ അത്ര ബോധ്യമില്ലെങ്കില്‍ എടുത്തടിച്ചു 'നോ' പറയില്ല. മറിച്ച് നമുക്കു വീണ്ടും കൂരിയയില്‍ ആലോചിക്കാം എന്നു പറയും. അതിനര്‍ത്ഥം പിതാവിന് അത് ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ്. ഇത്തരത്തില്‍ വളരെ കുറച്ചു കാര്യങ്ങള്‍ക്കേ അദ്ദേഹം താത്പര്യക്കുറവു പറഞ്ഞിട്ടുള്ളൂ.
അതിരൂപതയിലെ വിവിധ സന്യാസസഭകളോട് ഏറെ വാത്സല്യത്തോടെയാണ് പിതാവ് ഇടപഴകിയിട്ടുള്ളത്. സിസ്റ്റേഴ്‌സൊക്കെ അദ്ദേഹത്തെ സ്വന്തം അപ്പാപ്പനെ പോലെയാണു കണ്ടിരുന്നത്. ആരോടും അദ്ദേഹം ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. ആത്മീയകാര്യങ്ങളില്‍ ഉത്സുകനായിരുന്നു അദ്ദേഹം. എല്ലാദിവസവും കൃത്യസമയത്തു ജപമാലയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും എത്തും. യാത്രയില്‍ വണ്ടിയിലിരുന്നു ജപമാല ചൊല്ലുമായിരുന്നു.
സ്വദേശത്തും വിദേശത്തും വളരെയധികം സുഹൃത്തുക്കളുള്ള വ്യക്തിയായിരുന്നു പടിയറ പിതാവ്. ആ വിധത്തില്‍ ബെനഫാക്‌ടേഴ്‌സില്‍ നിന്നൊക്കെ കിട്ടിയിരുന്ന സഹായമാണ് ഞാനാദ്യം സൂചിപ്പിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ചിലതിനെല്ലാം അദ്ദേഹം ചെലവഴിച്ചത്. പാറേക്കാട്ടില്‍ പിതാവു കഴിഞ്ഞാല്‍ അതിരൂപതയ്ക്കു സാമൂഹിക ബന്ധങ്ങള്‍ കൂടുതല്‍ ഉണ്ടായത് പടിയറ പിതാവിന്റെ കാലത്താണ്. എന്തുകാര്യത്തിനും നമുക്കു ബന്ധപ്പെടാനും ആലോചിക്കാനും പ്രമുഖരായവരുടെ നീണ്ടനിരതന്നെ ഉണ്ടായിരുന്നു. ജസ്റ്റിസുമാര്‍, അഭിഭാഷകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍… ഇവര്‍ക്കു പുറമെ സാംസ്‌ക്കാരിക രംഗത്തെ പ്രശസ്ത വ്യക്തികളുമായും അതിരൂപത വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പടിയറ പിതാവിന്റെ ജന്മദിനം വരുമ്പോള്‍ ഇത്തരത്തില്‍ പ്രധാനപ്പെട്ട വ്യക്തികളെയും സമീപത്തുള്ള വൈദികരെയുമൊക്കെ വിളിച്ചു ഗെറ്റുഗദര്‍ നടത്തിയിരുന്നു. പല ഉന്നതസ്ഥാനീയരും പടിയറ പിതാവിന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ വൈസ് പ്രസിഡന്റായിരുന്നപ്പോഴും പ്രസിഡന്റായിരുന്നപ്പോഴും പിതാവിന്റെ ക്ഷണം സ്വീകരിച്ച് എറണാകുളം അരമനയില്‍ വരികയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാ മതനേതാക്കളുമായും സമുദായങ്ങളുമായും അടുപ്പവും സൗഹാര്‍ദ്ദതയും കാത്തുസൂക്ഷിച്ച വ്യക്തിയുമായിരുന്നു അഭിവന്ദ്യ പിതാവ്. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ അസ്വസ്ഥതകള്‍ ഉണ്ടാകരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് വൈക്കം ടിവി പുരം പള്ളിയിലെ സിമിത്തേരി പ്രശ്‌നം. ആ വിഷയം ആളിക്കത്തി നിന്ന സമയത്ത് പിതാവ് എഴുതിയ സര്‍ക്കുലര്‍ പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രസ്തുത പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് മുഖ്യമന്ത്രി ശ്രീ. ഇ.കെ. നായനാര്‍ ഇരുവിഭാഗങ്ങളെയും ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ അതില്‍ പള്ളിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത മൂന്നുപേരില്‍ ഞാനും ഉണ്ടായിരുന്നു. ശ്രീ. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള എസ്. എന്‍.ഡി.പി. നേതാക്കളും ഞങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത് രാത്രി 11 മണിക്കാണ്. ആ യോഗത്തില്‍ വച്ച് സിമിത്തേരി പ്രശ്‌നം വഷളാകാതിരിക്കാന്‍ വിശ്വാസികള്‍ സംയമനം പാലിക്കണമെന്നും മറ്റുമുള്ള പടിയറ പിതാവിന്റെ ആഹ്വാനവും സമയോചിതമായ ഇടപെടലുകളും ഉപകാരപ്പെട്ടുവെന്ന് നായനാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പിതാവിന്റെ ആ മാതൃക എസ്.എന്‍.ഡി.പി. നേതാക്കളും പിന്തുടരേണ്ടിയിരുന്നുവെന്ന് അല്‍പം കാര്‍ക്കശ്യത്തോടെ അന്നു മുഖ്യമന്ത്രി നായനാര്‍ പറഞ്ഞത് ഇന്നും ഞാനോര്‍ക്കുന്നു.