
നവതി പിന്നിട്ട ഷെവലിയര്‍ സി എല്‍ ജോസ്, 'മഷിയുണങ്ങാത്ത പേനയും മങ്ങാത്ത മനീഷയുമായി' ഇന്നും സാംസ്‌കാരിക കേരളത്തിന് സജീവമായി സംഭാവനകളര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. ജനലക്ഷങ്ങളെ മൂല്യപക്ഷത്തേക്ക് നയിച്ച അനേകം നാടകങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച ഷെവലിയര്‍ സി എല്‍ ജോസ് എഴുതുന്ന പംക്തി, മഷിപ്പേന ഈ ലക്കം സത്യദീപത്തില്‍ പ്രസിദ്ധീകരണമാരംഭിക്കുന്നു...
അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപന ദിനമാണ് 1776 ജൂലൈ 4. സ്വാതന്ത്ര്യത്തിന്റെ രണ്ടാം ശതാബ്ദി (ഇരുന്നൂറാം വാര്‍ഷികം) ആഘോഷത്തിന്റെ ഭാഗമായി 1976 ജൂലൈ 4-ന് പോള്‍ ആറാമന്‍ മാര്‍പാപ്പ അമേരിക്കയിലെ ഫിലഡല്‍ഫിയാ നഗരത്തില്‍ചെന്ന് അമേരിക്കയെ ദിവ്യകാരുണ്യത്തിന് സമര്‍പ്പിച്ചു കൊണ്ട് പ്രസംഗിക്കാനും ദിവ്യ ബലി അര്‍പ്പിക്കാനും തയ്യാറായി. അതിനായി ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു.
ഇതിനിടയില്‍ അപ്രതീക്ഷിതമായി പിതാവിന് ചില അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായി. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് യാത്ര റദ്ദാക്കേണ്ടിവന്നു. അമേരിക്കന്‍ ജനതയ്ക്ക് വല്ലാത്ത നിരാശയായി, അതിലേറെ നിരാശ മാര്‍പാപ്പയ്ക്ക്.
എന്തായാലും ജൂലായ് 4 ആയപ്പോഴേക്കും ആരോഗ്യം അല്പം വീണ്ടെടുത്തതായി തോന്നിയപ്പോള്‍ ഡോക്ടറുടെ നിര്‍ദേശം ലംഘിച്ചുകൊണ്ട്, വത്തിക്കാനില്‍നിന്ന് 100 നാഴിക അകലെയുള്ള വൊള്‍സേന എന്ന ഗ്രാമത്തിലെ ഒരു കൊച്ചുപള്ളിയില്‍ പോയി പരിശുദ്ധ പിതാവ് ദിവ്യബലി അര്‍പ്പിച്ചു. വത്തിക്കാനില്‍ത്തന്നെ വേണ്ട സൗകര്യങ്ങളോടുകൂടിയ വിവിധ അള്‍ത്താരകള്‍ ഉണ്ടായിട്ടും എന്തു കൊണ്ട് ആ ഗ്രാമത്തിലേക്ക് പോയി?
ആ ചെറിയ പള്ളി തിരഞ്ഞെടുക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1262 ചെക്കോസ്ലോവാക്യയുടെ തലസ്ഥാനമായ പ്രേഗിലെ ഒരു വൈദികന്‍. കുറച്ചു കാലമായി അദ്ദേഹം വൈദികനായിട്ട്. ദിവ്യബലിക്കിടയില്‍ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി പരിണമിക്കുന്നു എന്നത് അദ്ദേഹത്തിനു വിശ്വസിക്കാന്‍ തോന്നാത്ത അവസ്ഥ. വിശ്വാസത്തില്‍ ഈയിടെയായി ഒരു മന്ദത - ഒരു ഇടര്‍ച്ച. ദിവ്യബലിക്കിടയില്‍ സത്യമായും അങ്ങനെ സംഭവിക്കുന്നുണ്ടോ? വല്ലാത്ത സംശയം; ആത്മസംഘര്‍ഷം!
ഇതുവരെ പഠിച്ചതും അനുവര്‍ത്തിച്ചതുമായ വിശ്വാസസത്യം ഒരു മിഥ്യയോ? അച്ചന്‍ അതീവ ദുഃഖിതന്‍. മനസ്സിനുള്ളില്‍ തീപ്പൊരി ചിതറിയതുപോലെ. അന്തരംഗം വല്ലാതെ അസ്വസ്ഥം. ഇല്ല, പാടില്ല, ഉറക്കമില്ലാത്ത രാവുകള്‍. ഈ ദുഷിച്ച ചിന്തകള്‍ മനസ്സില്‍ നിന്നകറ്റണം. വിശ്വാസം വീണ്ടെടുക്കണം. ഇടര്‍ച്ച മാറ്റിയെടുക്കണം. അതിനെന്തു വേണം? അദ്ദേഹം ഗാഢമായി ചിന്തിച്ചു. പോംവഴി സ്വയം കണ്ടുപിടിച്ചു.
ക്രിസ്ത്യാനികളായ പരശതം രക്തസാക്ഷികളുടെ ചുടുചോര വറ്റിക്കിടക്കുന്ന റോമിലേക്ക് പ്രേഗില്‍ നിന്നും കാല്‍നടയായിച്ചെന്നു വിശ്വാസം വീണ്ടെടുക്കാന്‍ തീരുമാനിച്ചു. ഉള്ളുചുട്ട ആ പശ്ചാത്താപ തീര്‍ത്ഥാടനം - ആ മഹോന്നത ചിന്ത ഒരു പ്രചോദനമായി. നടത്തം ആരംഭിച്ചു. ക്ലേശങ്ങളും യാത്രാക്ഷീണവും വകവയ്ക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ നടന്നു.
നടന്നു നടന്നു ആ വൈദികന്‍ റോമിന് ഏകദേശം നൂറു മൈല്‍ അകലെവരെ എത്തി. അവിടെവച്ചു തോന്നി തനിക്കു ദിവ്യബലി അര്‍പ്പിക്കണമെന്ന്. വിശ്വാസത്തിന്റെ തീക്ഷ്ണതയില്‍ അദ്ദേഹം ദിവ്യബലിയര്‍പ്പിച്ചു - വൊള്‍സേന ഗ്രാമത്തിലെ ഒരു കൊച്ചുപള്ളിയില്‍.
കുര്‍ബാന മധ്യേ തിരുവോസ്തി മുറിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കരത്തിലെ തിരുവോസ്തിയില്‍ നിന്നും രക്തം ധാരയായി ഒഴുകി. അദ്ദേഹം അമ്പരന്നു. ആ രക്തം അള്‍ത്താരയിലെ വെള്ളവിരിയില്‍ പരന്നു.
വൈദികന്റെ മനസ്സും മിഴികളും നിറഞ്ഞു. അദ്ദേഹം അത്ഭുതപ്പെട്ടു. ഇടര്‍ച്ച മാറി. വിശ്വാസം തിരിച്ചു കിട്ടി. രക്തപങ്കിലമായ ആ വെള്ളവിരി ഇന്നും സൂക്ഷിച്ചിട്ടുണ്ട്. അന്നത്തെ നാലാം ഉര്‍ബന്‍ മാര്‍പാപ്പ ഇതു വിശ്വാസസത്യമായി പ്രഖ്യാപിച്ചു.
ഈ ദിവ്യകാരുണ്യത്തെ - അത്ഭുതസംഭവത്തെ സ്മരിച്ചുകൊണ്ടാണ്, അമേരിക്കയില്‍ പോകാന്‍ കഴിയാതെവന്ന പോള്‍ ആറാമന്‍ മാര്‍പാപ്പ ആ കൊച്ചുപള്ളിയില്‍ ചെന്ന് ദിവ്യബലിയര്‍പ്പിച്ചത്.