
ദൈവത്തെ മറന്നു ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ മനസ്സാക്ഷിയെ മയപ്പെടുത്തിയും മലിനമാക്കിയും മനസ്സാക്ഷിയെ മനപൂര്‍വം ധിക്കരിക്കുന്ന, ദൈവത്തെ നിഷേധിക്കുന്ന തീരുമാനത്തിലേക്ക് മാറും. അങ്ങനെയുള്ള വ്യക്തികള്‍ക്ക് പാപബോധം ഉണ്ടാകില്ല. പാപബോധമില്ലാത്തതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് എന്റെ കാഴ്ചപ്പാട്.
ദിവസത്തിലൊരു പ്രാവശ്യമെങ്കിലും മനസ്സാക്ഷി എന്ന പദം പ്രയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. ഞാനെന്റെ മനസ്സാക്ഷിയനുസരിച്ചു പ്രവര്‍ത്തിച്ചു, മനസ്സാക്ഷിയനുസരിച്ചു ജീവിക്കുന്നു എന്നത് സ്വന്തം നിലപാടുകളെ ന്യായീകരിക്കാനും അവയില്‍ പിടിച്ചുനില്‍ക്കാനും ഉറച്ചുനില്‍ക്കാനും ഉള്ള ഉപാധിയായിട്ടാണ് പലപ്പോഴും കണ്ടിട്ടുള്ളത്. മനസ്സാക്ഷി എന്താണ് എന്നറിയാത്തതുകൊണ്ടാണ് ഇപ്രകാരമൊരു അപക്വമായ നിലപാട് സ്വീകരിക്കുന്നത് എന്നാണ് എന്റെ തോന്നല്‍. വി. ജോണ്‍ ഹെന്റി ന്യൂമാന്‍ മനസ്സാക്ഷിയെ കുറിച്ചു നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. 'മനസ്സാക്ഷി ആത്മീയതയുടെ നിയമമാണ്.' ആത്മീയതയുടെ നിയമമാകുമ്പോഴാണ് അത് രൂപീകരിക്കപ്പെട്ട മനസാക്ഷിയായി മാറുന്നത്. നമ്മള്‍ എന്തു തീരുമാനിക്കണം, എന്ത് തീരുമാനിക്കേണ്ട എന്ന സ്വാതന്ത്ര്യം ദൈവം നമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്ന് പറയുന്നതിന്റെ അര്‍ത്ഥം തന്നെ, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മില്‍ നിക്ഷേപിച്ചു എന്നാണ്. വഴികള്‍ നമ്മുടെ മുമ്പില്‍ വയ്ക്കും അതില്‍ ഏതുവഴി വേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാം. പക്ഷേ നാം തിരഞ്ഞെടുക്കുന്ന വഴി സ്‌നേഹത്തിന്റെയും കരുണയുടെയും ഉത്തരവാദിത്വത്തിന്റെയും ഭയത്തിന്റെയും കടമയുടെയും വഴി ആയിരിക്കണം. എങ്കില്‍ മാത്രമേ നമുക്ക് ജീവിതത്തില്‍, നിത്യതയിലേക്ക് പ്രവേശിക്കാനായി സാധിക്കുകയുള്ളൂ. നമ്മുടെ തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിട്ടാണ് അത് നിലകൊള്ളുന്നത്. അതുകൊണ്ടാണ് നമ്മുടെ ഡിസിപ്ലിന്‍ ആണ് നമ്മുടെ ഡെസ്റ്റിനി നിശ്ചയിക്കുന്നത് എന്നുപറയുന്നത്. 'യുവര്‍ ഡിസിപ്ലിന്‍ ഡിസൈഡ്‌സ് യുവര്‍ ഡെസ്റ്റിനി.' നമ്മുടെ അച്ചടക്കമാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്. നന്മ ചെയ്തവര്‍ ജീവന്റെ ഉയര്‍പ്പിനും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ വിയര്‍പ്പിനുമായി പുറത്തുവരും എന്നുപറയുന്നത് അതുകൊണ്ടാണല്ലോ.
നന്മ ചെയ്യുക എന്നതിന്റെ അര്‍ത്ഥം എന്താണ്? എന്താണ് നന്മ എന്ന് അറിഞ്ഞാല്‍ മാത്രമല്ലേ നന്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ. നന്മ എന്നത് നമ്മുടെ മനസ്സില്‍ രൂപപ്പെടുത്തുന്ന നാം രൂപപ്പെടുത്തിയെടുക്കുന്ന ഒരു ആന്തരിക നിയമമാണ്. ഈ ആന്തരിക നിയമം രൂപപ്പെടുത്തി എടുക്കുന്നതിനാണ് യഥാര്‍ത്ഥത്തില്‍ മനസാക്ഷി രൂപീകരിക്കുക എന്നു പറയുന്നത്. നല്ല രീതിയില്‍ രൂപപ്പെടുത്തിയ മനസ്സാക്ഷി ഇല്ലെങ്കില്‍ ഒരാള്‍ക്കും ഒരിക്കലും നന്മ ചെയ്യാന്‍ സാധിക്കുകയില്ല. നന്മയാണെന്നു താന്‍ കരുതുന്ന പ്രവൃത്തി മറ്റുള്ളവര്‍ക്കു തിന്മയായി ഭവിക്കുന്നത് അതുകൊണ്ടാണ്. ഒരു വിവേകിയായ മനുഷ്യനു തന്റെ മനസ്സാക്ഷി രൂപീകരിച്ചെടുക്കുവാന്‍ തന്റെ പഠനങ്ങളും സഭയുടെ പഠനങ്ങളും ദൈവവചനവും പാരമ്പര്യങ്ങളും സഹായകരമാകും. അടിസ്ഥാനപരമായി ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ദൈവവചനമാണ് അതിനു സഹായകരമാകുന്നത്, ദൈവചനമാണ് അതിന്റെ അടിത്തറയാകേണ്ടതും. അതുപോലെതന്നെ നമ്മുടെ വിശ്വാസവും പ്രാര്‍ത്ഥനയും മനസ്സാക്ഷിരൂപീകരണത്തിനു സഹായകരമാകുന്നുണ്ട്.
ഇവിടെയാണു ക്രൈസ്തവമനസ്സാക്ഷിയുടെ പ്രത്യേകത നാം മനസ്സിലാക്കേണ്ടത്. ക്രൈസ്തവ മനസ്സാക്ഷിയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ധാര്‍മ്മികമായ ഒരു പ്രതിസന്ധി വരുമ്പോള്‍, ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വരുമ്പോള്‍ യുക്തിക്കും ദൈവനിയമത്തിനും ചേര്‍ന്നവിധത്തില്‍ ശരിയായ ഒരു വിധിതീര്‍പ്പ് നടത്താന്‍ മനസ്സാക്ഷിക്ക് സാധിക്കും. തിരിച്ച്, അവയില്‍നിന്ന് വിട്ടകലുന്ന തെറ്റായ വിധിതീര്‍പ്പ് നടത്താനും മനസ്സാക്ഷിക്കു സാധിക്കും. ഇത് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തില്‍ കൃത്യമായി പഠിപ്പിക്കുന്ന ഒന്നാണ്. ദൈവഹിതം അനുസരിച്ചുള്ള നല്ല തിരഞ്ഞെടുപ്പ് നടത്തണമെന്നുണ്ടെങ്കില്‍ എന്താണ് ദൈവഹിതം എന്നറിയാനുള്ള ഒരു മനസ്സാക്ഷി രൂപീകരണം നമ്മുടെ മനസ്സില്‍ ഉണ്ടാവണം. അതിന് പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളില്‍ ഒരു ആന്തരിക ശബ്ദമായി മാറണം.
നന്മതിന്മകളുടെ തിരഞ്ഞെടുപ്പില്‍ നന്മയേത് തിന്മയേത് എന്ന് അറിയാന്‍ തക്കവണ്ണം ഉള്ള ഒരു രൂപീകരണം നമ്മുടെ മനസ്സില്‍ ഉണ്ടാകണം. പഠനങ്ങളും പ്രബോധനങ്ങളും പ്രാര്‍ത്ഥനകളും പരിശീലനങ്ങളും പാരമ്പര്യങ്ങളും വഴിയായി നമ്മുടെ മനസ്സാക്ഷി രൂപീകരിക്കപ്പെടുമ്പോള്‍, ധാര്‍മ്മികമായ ഒരു പ്രതിസന്ധി വരുമ്പോള്‍ നമുക്ക് നല്ല തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും.
നമ്മുടെ നാട്ടില്‍ പണ്ട് കല്ലാശാരിമാര്‍ പണിയെടുക്കുമ്പോള്‍ തങ്ങള്‍ പണിതതു നേരെയാണോ എന്നറിയാന്‍ ഉപയോഗിച്ചിരുന്നത് തൂക്കുകട്ടയാണ്. തൂക്കുകട്ട പിടിച്ചാല്‍ നേരെയാണോ ചരിവുണ്ടോ എന്ന് അറിയാന്‍ സാധിക്കും. അതുപോലെതന്നെയാണ് മനസ്സാക്ഷിയും. പക്ഷേ അതിനെ നമുക്ക്ചരിക്കാന്‍ സാധിക്കും. വളക്കാനും ഒടിക്കാനും മയപ്പെടുത്താനും സാധിക്കും. നിശബ്ദമാക്കാനും കടുപ്പിക്കാനും കഴിയും. അതെല്ലാം നമ്മുടെ ഉള്ളില്‍ നാം രൂപീകരിച്ചെടുത്തിട്ടുള്ള മനസ്സാക്ഷിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നല്ലതായി രൂപീകരിക്കപ്പെട്ട മനസ്സാക്ഷിയാണെന്നുണ്ടെങ്കില്‍ ധാര്‍മ്മികമായ ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ തൂക്കു കട്ട പോലെ മനസ്സാക്ഷിയെ പിടിക്കാന്‍ നമുക്ക് സാധിക്കും. നമ്മുടെ പഠനത്തിന്റെയും അറിവിന്റെയും വെളിച്ചത്തില്‍ ശരിയായി രൂപീകരിക്കപ്പെട്ട മനസ്സാക്ഷി ഒരിക്കലും ഒടിയാനോ വളയാനോ കടുപ്പിക്കാനോ തിരിയാനോ സാധിക്കില്ല. ദൈവത്തെ മറന്നു ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ മനസ്സാക്ഷിയെ മയപ്പെടുത്തിയും മലിനമാക്കിയും മനസ്സാക്ഷിയെ മനപൂര്‍വം ധിക്കരിക്കുന്ന, ദൈവത്തെ നിഷേധിക്കുന്ന തീരുമാനത്തിലേക്ക് മാറും. അങ്ങനെയുള്ള വ്യക്തികള്‍ക്ക് പാപബോധം ഉണ്ടാകില്ല. പാപബോധമില്ലാത്തതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് എന്റെ കാഴ്ചപ്പാട്.
പന്ത്രണ്ടാം പീയുസ് മാര്‍പാപ്പയുടെ വളരെ മഹത്തായിട്ടുള്ള ഒരു നിരീക്ഷണമുണ്ട് ഇക്കാര്യത്തില്‍. 'ജലീുല വമ്‌ല ഹീേെ ലെിലെ ീള ശെി മിറ വേമ േശ െവേല ഴൃലമലേേെ ശെി ീേറമ്യ.' ആളുകള്‍ക്ക് പാപബോധം നഷ്ടപ്പെട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ പാപം. പാപബോധം നഷ്ടപ്പെടുക എന്നാല്‍ ദൈവത്തെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടുക എന്ന് തന്നെയാണ് അര്‍ത്ഥം. എനിക്ക് എന്തും ചെയ്യാന്‍ പറ്റും, ഞാന്‍ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന ചിന്തയിലേക്ക് മനുഷ്യര്‍ അപ്പോള്‍ മാറും. അതാണ് ദൈവത്തെ മറക്കുക എന്ന് പറയുന്നത്. അതുകൊണ്ടാണ് ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ എന്ന് നമ്മളെ ഓര്‍മ്മപ്പെടുത്താന്‍ പലപ്പോഴും കാരണം. ദൈവത്തെ ഓര്‍ത്ത് അങ്ങനെ പറയരുത് എന്നു പറയുന്നതിന്റെയും കാരണമതാണ്. ഇത് രണ്ടും നമ്മുടെ കാരണവന്മാര്‍ ചെറുപ്പത്തിലെ നമുക്ക് പറഞ്ഞു പഠിപ്പിച്ചു തന്നിട്ടുള്ളതാണ്. കാരണം, ദൈവത്തെ ഓര്‍ക്കാതെ നമുക്ക് പാപബോധം ഉണ്ടാവുകയില്ല. ദൈവത്തെ ഓര്‍ക്കുമ്പോഴാണ് എന്താണ് തെറ്റ് എന്താണ് ശരി എന്നും തെറ്റ് എല്ലാം പാപമാണെന്നും ശരി എല്ലാം ദൈവികമാണെന്നുമുള്ള തിരിച്ചറിവ് വരികയുള്ളൂ. അത് ദൈവത്തിനു മാത്രം അവകാശപ്പെട്ട ഒരു തീരുമാനമാണ്. ആ ദൈവമാണ് നമ്മെ പഠിപ്പിക്കുന്നത്, നമുക്ക് വിശുദ്ധ ഗ്രന്ഥങ്ങളും ദൈവവചനവും തന്നിരിക്കുന്നത്. ദൈവവചനവും കൂദാശകളും പാരമ്പര്യവും എന്നീ മൂന്ന് സ്രോതസ്സുകളിലൂടെ നമുക്ക് ശരിയായിട്ടുള്ള ദൈവാവബോധവും പാപബോധവും ലഭിക്കും. ദൈവബോധവും പാപബോധവും ഒരുമിച്ചു പോകേണ്ടതാണ്. പാപബോധം ഇല്ലാതെ വരുമ്പോള്‍ എന്ത് ചെയ്താലും അതിനെ വിശദീകരിച്ച് ശരിയാക്കാന്‍ കഴിയും എന്ന നിലയിലേക്ക് നമ്മള്‍ താഴും. ഇന്ന് നമ്മുടെ സമൂഹത്തില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു തെറ്റ് അതാണ്. തെറ്റു ചെയ്തു കൊണ്ടിരിക്കുന്നവന് അത് തെറ്റാണെന്ന് തോന്നുന്നില്ല. അതിനെ ന്യായീകരിക്കാന്‍ ആവശ്യമായിട്ടുള്ള യുക്തിയും ഒരുതരം ബുദ്ധിയും അവന്‍ പ്രയോഗിക്കുന്നു. അതുകൊണ്ട് ദൈവവചനമോ സഭയുടെ പ്രബോധനങ്ങളോ ഒന്നും ആ വ്യക്തിയുടെ മനസ്സിലേക്കേ വരുന്നില്ല.
ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് നല്ലൊരു ക്രൈസ്തവ മനസ്സാക്ഷി രൂപീകരിച്ചെടുക്കുക എന്നുള്ളത്. ക്രൈസ്തവ മനസ്സാക്ഷി വചനത്തിലും സഭയുടെ പ്രബോധനങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമാണ്; കൂദാശകളാല്‍ പരിപോഷിപ്പിക്കപ്പെടുന്നതാണ്.
സഹോദരങ്ങളോട് രമ്യപ്പെടാതെ നമുക്ക് ബലിയര്‍പ്പിക്കാന്‍ കഴിയില്ല, ബലിയര്‍പ്പിക്കണ്ട എന്ന് വചനത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നുണ്ടെങ്കിലും അനുരഞ്ജിതരായിട്ടാണോ നമ്മള്‍ ഇന്നു ബലി അര്‍പ്പിക്കുന്നത്? അതിനുത്തരം ആര്‍ക്കും പറയാന്‍ കഴിയും, വലിയ പഠനമോ ബുദ്ധിശക്തിയോ അതിനാവശ്യമില്ല, അല്ല എന്നു മാത്രമാണ് അതിനുത്തരം. കാരണം യഥാര്‍ത്ഥത്തില്‍ അനുരഞ്ജനം ഉണ്ടായിരുന്നുവെങ്കില്‍ നാം ഇന്നു കാണുന്ന യാതൊരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇതെല്ലാം പഠനങ്ങളായി അവശേഷിച്ചിരിക്കുന്നു. 'അതങ്ങു പോയി പള്ളിയില്‍ പറഞ്ഞാല്‍ മതി' എന്നാളുകള്‍ പണ്ടു പറഞ്ഞിരുന്നതിന്റെ അര്‍ത്ഥം, ഇതെല്ലാം പള്ളിയില്‍ പ്രസംഗിക്കാനുള്ള തത്വങ്ങളാണ്, ജീവിതത്തില്‍ അനുവര്‍ത്തിക്കാനുള്ള മനസ്സാക്ഷിയുടെ നിയമമല്ല എന്നതാണ് ഇന്നത്തെ പോക്കു കാണുമ്പോള്‍ എനിക്കുതോന്നിയിട്ടുള്ളത്. അനുരഞ്ജനം ഇല്ലാതെ നടത്തുന്ന ആരാധന അസ്വീകാര്യമാണ് എന്നു നമ്മളെ പഠിപ്പിച്ച വചനത്തെ നമ്മള്‍ മറന്നുപോകുന്നു. അതെന്തുകൊണ്ടാണ്?
ദൈവത്തോട് അനുരഞ്ജനപ്പെട്ടിട്ടുണ്ട്, പക്ഷേ തെറ്റ് ചെയ്ത വ്യക്തി ആ തെറ്റ് മനസ്സിലാക്കാത്തിടത്തോളം കാലം അവരോട് അനുരഞ്ജനപ്പെടേണ്ട ആവശ്യമില്ല എന്നുള്ള ന്യായീകരണം വരുന്നു. തെറ്റ് തെറ്റാണെന്ന് അംഗീകരിക്കുന്നവരോട് അനുരഞ്ജനപ്പെടാം. പക്ഷേ തെറ്റ് തെറ്റാണെന്ന് അംഗീകരിക്കണമെന്നുണ്ടെങ്കില്‍ ആ വ്യക്തിയെ തെറ്റിന്റെ ബോധത്തിലേക്ക് കൊണ്ടുവരാന്‍ നമുക്ക് കഴിയണം. തെറ്റിന്റെ ബോധത്തിലേക്ക് കൊണ്ടുവരണമെങ്കില്‍ ദൈവബോധം കൊടുക്കണം. ദൈവബോധം കൊടുക്കണമെങ്കില്‍, ദൈവത്തിലേക്ക് അനുരഞ്ജനപ്പെടാനായിട്ടുള്ള തുറവി നമ്മള്‍ സൃഷ്ടിക്കണം. ആ വ്യക്തിയെ അകറ്റി നിര്‍ത്തിയിട്ട് ഒരിക്കലും നമുക്ക് ദൈവത്തോട് അനുരഞ്ജനപ്പെടാന്‍ സാധിക്കില്ല. നമുക്ക് അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികളോടു ക്ഷമിക്കാതെയും നമ്മെ അഭിമുഖീകരിക്കാനും നമ്മോടു സ്‌നേഹക്കൂട്ടായ്മയിലായിരിക്കാനും ബുദ്ധിമുട്ടുള്ളവരെ കൂട്ടിക്കൊണ്ടു വന്ന് ഒരു കൂട്ടായ്മയാകാതെയും ബലിയര്‍പ്പിക്കരുത് എന്നല്ലേ ദൈവം പറഞ്ഞത്? നിന്നോട് വിരോധമുണ്ടെന്ന് തോന്നുന്നവരെ നീ അങ്ങോട്ടു ചെന്ന് അനുരഞ്ജനപ്പെട്ടിട്ടു വേണം ബലിയര്‍പ്പിക്കാന്‍ എന്നാണ്. അനുരഞ്ജനം എന്നുള്ളത് സ്‌നേഹത്തിന്റെ പ്രമാണത്തിന്റെ അടിസ്ഥാനമാണ്. ഈ സ്‌നേഹപ്രമാണം തെറ്റിക്കുന്നത് എന്തും പാപമാണ്. ആ പാപബോധമാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്‌നേഹപ്രമാണത്തിന് എതിരായിട്ടുള്ള വിഭാഗീയതകളും നിലപാടുകളും നടപടികളും നമ്മളെടുക്കും. അടിസ്ഥാനപരമായി ദൈവത്തിന്റെ സ്‌നേഹത്തിന്റെ നിയമത്തെയാണ് നാം മുമ്പില്‍ കാണുന്നത് എന്നുണ്ടെങ്കില്‍, നമ്മുടെ നിലപാടുകളോ നടപടികളോ തീരുമാനങ്ങളോ ഒരിക്കലും സഹോദരനെ വേദനിപ്പിക്കുന്നതാവില്ല. സഹോദരനുമായിട്ടും സഹോദരനെ ദൈവവുമായിട്ടും രമ്യതപ്പെടുത്തുന്നതായിരിക്കും. അത്തരത്തിലുള്ള ഒരു നിലവാരത്തിലേക്ക് നാം മാറുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരു ക്രൈസ്തവമനസ്സാക്ഷി നമ്മില്‍ ഉണ്ട് എന്നു പറയാന്‍ കഴിയുകയുള്ളൂ.
അതുപോലെ, നമ്മുടെ പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടാണ് അഴിമതി ഒരു തെറ്റാണെന്ന് അവര്‍ക്ക് തോന്നാത്തത് ? കാരണം അവരുടെ മനസ്സാക്ഷിയെ അവര്‍ അങ്ങനെ രൂപീകരിച്ചുവച്ചിരിക്കുകയാണ്. അഴിമതി തെറ്റാകുന്നത് എന്തുകൊണ്ടാണ്? നിയമമനുസരിച്ച് തീരുമാനമെടുക്കേണ്ടവരുടെ വിധിതീര്‍പ്പിനെ അത് സ്വാധീനിക്കുന്നു എന്നുള്ളതുകൊണ്ടാണ്. നിയമം അനുസരിച്ച് തീരുമാനം എടുക്കേണ്ട ഒരു വ്യക്തിയുടെ തീരുമാനത്തെ സ്വാധീനിക്കുന്ന എന്തും തെറ്റ് തന്നെയാണ്. അത് പാപവുമാണ്. അതിനാണ് അഴിമതി എന്ന് പറയുന്നത്.
എനിക്ക് ലാഭം ഉണ്ടാക്കാന്‍ തക്കവണ്ണം എന്ത് തട്ടിപ്പ് നടത്തിയാലും എന്തു വിഷാംശം ചേര്‍ത്താലും എന്നെ സംബന്ധിച്ചിടത്തോളം തെറ്റല്ല എന്ന ചിന്ത ചിലര്‍ക്കു വരുന്നു. അവിടെയും ദൈവബോധത്തിന്റെയും പാപബോധത്തിന്റെയും അഭാവമാണുള്ളത്. എനിക്ക് ജീവിക്കാന്‍ ആവശ്യമായ ധനം സമ്പാദിക്കാന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യും, അത് അതില്‍ തന്നെ ശരിയാണ്, അതില്‍ തെറ്റൊന്നുമില്ല എന്ന വിധത്തിലാണ് ഒരാള്‍ തന്റെ മനസ്സാക്ഷി രൂപീകരിച്ചിരിക്കുന്നത് എങ്കില്‍ അത് ദൈവത്തിന്റെ സ്‌നേഹപ്രമാണത്തിന് എതിരാണ്. നിന്റെ സഹോദരന് ദോഷമായി നീ ചെയ്യുന്നതെന്തും നിന്റെ ദൈവത്തെ വേദനിപ്പിക്കുന്നതാണ് എന്ന ആ പ്രബോധനം നാം മറന്നുകളയുന്നു. കാരണം അതിനെ ന്യായീകരിക്കത്തക്ക ഒരു നിലപാടിലേക്ക് മനസ്സാക്ഷി രൂപീകരിച്ചുവച്ചിരിക്കുകയാണ്. ശരിയായ മനസ്സാക്ഷി നമ്മില്‍ രൂപീകരിക്കപ്പെട്ടിരുന്നു എന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ ശരിയായ മനസ്സാക്ഷി നാം രൂപീകരിച്ചു കൊണ്ടിരിക്കുന്നു എന്നുണ്ടെങ്കില്‍, (അതൊരു നിരന്തരമായ പ്രക്രിയ കൂടിയാണ്) നമുക്ക് അപ്രകാരമുള്ള ഒരു അഴിമതിയിലേക്കോ നടപടിയിലേക്കോ പോകാന്‍ ഒരിക്കലും സാധിക്കില്ല. അതുപോലെ പൊതുസ്വത്ത് നശിപ്പിക്കുന്നതും അന്യായമായി കയ്യടക്കുന്നതും തെറ്റാണ്. പൊതുസ്വത്ത് ദൈവത്തിന്റേതാണ് വ്യക്തിയുടേതല്ലാത്തത് എന്തും ദൈവത്തിന്റേതാണ്. ദൈവത്തിന്റേത് നമ്മള്‍ അടിച്ചെടുക്കുന്നതിന് തുല്യമാണ് പൊതുസ്വത്ത് കയ്യേറുന്നതും നശിപ്പിക്കുന്നതും. അതെല്ലാം തെറ്റു തന്നെയാണ്.
ആത്മാര്‍ത്ഥതയോടെ നമ്മള്‍ തൊഴിലില്‍ ഏര്‍പ്പെടാതിരിക്കുന്നതും നികുതിവെട്ടിപ്പ് നടത്തുന്നതും തെറ്റാണ്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും കൊടുക്കാന്‍ നമ്മെ പറഞ്ഞു പഠിപ്പിച്ച കര്‍ത്താവിന്റെ വചനം നമ്മള്‍ മറന്നുകളയുന്നു. നികുതി രാജ്യത്തിന് അവകാശപ്പെട്ടതാണ്. നികുതി വെട്ടിച്ചെടുത്തിട്ട് അതുകൊണ്ട് എന്ത് സല്‍കര്‍മ്മം ചെയ്താലും അത് ദൈവത്തിന് സ്വീകാര്യമായ ബലിയര്‍പ്പണം ആകില്ല. എല്ലാം ഒരു ബലിയാണല്ലോ. ജീവിതം ഒരു ബലിയാണ്. ജീവിതബലി നമ്മള്‍ അര്‍പ്പിക്കുന്നത് അനുദിനജീവിതത്തിന്റെ അള്‍ത്താരകളിലാണ്. നമ്മുടെ അടുക്കളകള്‍ തുടങ്ങി ജോലി ചെയ്യുന്ന മേശകള്‍, ഇടപെടുന്ന പ്രസ്ഥാനങ്ങള്‍, കണ്ടുമുട്ടുന്ന വ്യക്തികള്‍ എന്നിവയെല്ലാം അനുദിനജീവിതബലി അര്‍പ്പിക്കുന്ന അള്‍ത്താരകളാണ്. ആ അള്‍ത്താരകളില്‍ നമ്മുടെ കൈകള്‍ നിര്‍മ്മലമാക്കുകയും ഹൃദയം വിശുദ്ധമാക്കുകയും ചെയ്യണമെന്നുണ്ടെങ്കില്‍ എടുക്കുന്ന തീരുമാനങ്ങളും സ്വീകരിക്കുന്ന നിലപാടുകളും ഏര്‍പ്പെടുന്ന നടപടികളും സംശുദ്ധമായിരിക്കണം. സംശുദ്ധമായ മനസ്സാക്ഷിയുള്ളവന് മാത്രമേ തൂക്കുകട്ട പോലെ മനസ്സാക്ഷിയെ പിടിച്ചിട്ട് നന്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ. നല്ല കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുകയുള്ളൂ.
അതുപോലെയാണ് ധൂര്‍ത്ത് എന്ന പാപത്തിന്റെ കാര്യവും. പടിവാതിലില്‍ കിടക്കുന്ന ലാസറിനെ നാം മറക്കുന്നതുകൊണ്ടാണ്ധൂര്‍ത്ത് തെറ്റാവുന്നത്. പടിവാതിലില്‍ കിടക്കുന്ന ലാസറിനെ മറന്നിട്ട് ജീവിതം ആസ്വദിക്കുമ്പോള്‍ അത് തെറ്റാണ്. അവനെ പരിഗണിച്ചുകൊണ്ടുള്ള ന്യായമായ ജീവിതത്തെ കര്‍ത്താവ് ധൂര്‍ത്ത് എന്ന് വിളിക്കുന്നില്ല. സന്തോഷിക്കാന്‍ പറഞ്ഞ കര്‍ത്താവ് തന്നെയാണ് ഇത് പറയുന്നത്. ആ പ്രബോധനങ്ങളെ നമ്മുടെ മനസ്സില്‍ ആക്കുകയും അതനുസരിച്ച് മനസ്സാക്ഷി രൂപീകരിക്കുകയും ചെയ്യുകയാണെങ്കില്‍ നല്ല മനസ്സാക്ഷിയോടുകൂടി ജീവിക്കാം. ധാര്‍മ്മിക മനസാക്ഷി നഷ്ടപ്പെടുന്നതാണ്, നഷ്ടപ്പെട്ടതാണ് ഇന്ന് നമ്മുടെ സമൂഹത്തിലുള്ള പ്രശ്‌നം. അതുകൊണ്ട് നമ്മുടെ എല്ലാവരുടെയും ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് നല്ലൊരു ക്രൈസ്തവ മനസ്സാക്ഷി രൂപീകരിച്ചെടുക്കുക എന്നുള്ളത്. ക്രൈസ്തവ മനസ്സാക്ഷി വചനത്തിലലും സഭയുടെ പ്രബോധനങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമാണ്; കൂദാശകളാല്‍ പരിപോഷിപ്പിക്കപ്പെടുന്നതാണ്.
തോമസ് അക്കമ്പിസിന്റെ ക്രിസ്ത്വാനുകരണത്തില്‍ നല്ല മനസ്സാക്ഷി രൂപപ്പെടുത്തുന്നതിനെക്കുറിച്ച് നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ ഉണ്ട്. 'നിന്റെ ഓരോ ചിന്തയും ഓരോ പ്രവര്‍ത്തിയും ദിവസം അവസാനിക്കുന്നതിനു മുന്‍പ് മരിക്കും എന്ന് ചിന്തിക്കുന്ന ഒരാളുടേത് ആയിരിക്കണം. ഒരു നല്ല മനസ്സാക്ഷി നിനക്കുണ്ടെങ്കില്‍ നീ അമിതമായി മരണത്തെ ഭയപ്പെടുകയില്ല. അതിനാല്‍ മരണത്തില്‍ നിന്ന് ഓടുന്നതിനേക്കാള്‍ പാപമില്ലാതെ കഴിയാന്‍ ശ്രദ്ധിക്കുന്നതാണ് ഭേദം. ഇന്ന് മരണത്തെ നേരിടാനുള്ള ഒരുക്കം നിനക്കില്ലെങ്കില്‍ നാളെ അത് നിനക്ക് എങ്ങനെ ഉണ്ടാകും?' ഇവിടെ പാപം, മനസ്സാക്ഷി, മരണം എന്നീ മൂന്നു കാര്യങ്ങളെ സംബന്ധിച്ചാണ് വി. തോമസ് അക്കെമ്പിസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നല്ല മനസ്സാക്ഷി ഇല്ലെങ്കില്‍ നമുക്ക് പാപബോധം ഉണ്ടാകില്ല. പാപബോധം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ നമുക്ക് മരണ ഭീതിയുണ്ടാകും. കാരണം താന്‍ ചെയ്യുന്ന പ്രവൃത്തി ശരിയല്ല എന്ന് നമ്മുടെ ആത്മാവ് എവിടെയോ നിന്നുകൊണ്ട് നമ്മളോട് പറയുന്നുണ്ട്. നമ്മുടെ മനസ്സില്‍ നിക്ഷേപിച്ചിട്ടുള്ള ദൈവികനിയമം നമ്മളെ ഓര്‍മ്മിപ്പിക്കുന്നതാണത്. പക്ഷേ ആ മനസ്സാക്ഷിയെ മരവിപ്പിച്ചു കൊണ്ടോ കടുപ്പിച്ചു കൊണ്ടോ നമുക്ക് തോന്നിയത് പ്രവര്‍ത്തിക്കുന്നു. അതിനെ നമ്മള്‍ ന്യായീകരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. മരണത്തെ ഓര്‍ത്താല്‍ നമുക്ക് അത് ചെയ്യാന്‍ സാധിക്കുകയില്ല. ഒരു നല്ല ജീവിതം ഒരു വ്യക്തിക്ക് ഉണ്ടാകണമെങ്കില്‍ ഒരു നല്ല മനസ്സാക്ഷി ഉണ്ടാകണം. നല്ല മനസ്സാക്ഷി ഉണ്ടെങ്കില്‍ ഒരിക്കല്‍ പോലും മരണഭീതി ഉണ്ടാകുകയില്ല. കാരണം നല്ല മനസ്സാക്ഷിയുള്ളവന് പാപം ചെയ്യുവാനോ പാപത്തില്‍ വസിക്കുവാനോ പാപത്തില്‍ തുടരുവാനോ സാധിക്കുകയില്ല. പാപത്തില്‍ നിന്നും മാറിയുള്ള ഒരു ജീവിതം മാത്രമേ നിത്യജീവിതം സമ്മാനിക്കുകയുള്ളൂ എന്ന ചിന്തയോടു കൂടി നിത്യജീവിതത്തെ മുന്നില്‍ കണ്ടുകൊണ്ട് പാപമുക്തമായ ഒരു ജീവിതത്തിനുവേണ്ടി നമുക്ക് പരിശ്രമിക്കാം. പാപമുക്തമായ ഒരു ജീവിതം നയിക്കണമെന്നുണ്ടെങ്കില്‍ ശരിയായ രീതിയില്‍ രൂപീകരിക്കപ്പെട്ട നല്ലൊരു മനസ്സാക്ഷി നമുക്ക് ഉണ്ടാകണം. ഇത്തരമൊരു മനസ്സാക്ഷി ഉള്ള വ്യക്തിക്ക് തന്റെ പ്രവൃത്തി എവിടെയും ന്യായീകരിക്കുകയോ വിശദീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ന്യായീകരണവും വിശദീകരണവും മൂലം നമ്മുടെ ഒരു പ്രവൃത്തിയെ നമുക്കു മനുഷ്യരുടെ മുമ്പില്‍ തെളിയിക്കേണ്ടി വരുന്നതു തന്നെ നമ്മുടെ മനസ്സാക്ഷി ശരിയല്ല എന്നുള്ളതുകൊണ്ടാണ്. മനസ്സാക്ഷി ശരിയാണെങ്കില്‍ ദൈവത്തിനു നേര്‍ക്ക് കണ്ണാടി പോലെ നിന്നുകൊണ്ട് മനസ്സാക്ഷിയെ പരിശോധിക്കാന്‍ നമുക്കാവും. അങ്ങനെ പരിശോധിക്കപ്പെടുന്ന ഒരു മനസ്സാക്ഷിയിലൂടെ മാത്രമേ നല്ലൊരു ജീവിതത്തെ നമുക്ക് കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ.
നമ്മില്‍ ദൈവം നിക്ഷേപിച്ചിട്ടുള്ള മനസ്സാക്ഷിയെ നമ്മള്‍ ദൈവിക നിയമങ്ങള്‍ക്ക് അനുസരിച്ച് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ നമുക്ക് ഒരിക്കലും നിയമം ലംഘിക്കാന്‍ പറ്റില്ല. ഒരിക്കലും സ്‌നേഹപ്രമാണം ലംഘിക്കാന്‍ പറ്റില്ല. ഒരിക്കലും നന്മ ചെയ്യാതിരിക്കാനും പറ്റില്ല. കാരണം ആ മനസ്സാക്ഷി എപ്പോഴും ദൈവികസ്വരം ശ്രവിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു മനസ്സാക്ഷി ആയിരിക്കും. അപ്രകാരം ദൈവസരം ശ്രവിക്കാന്‍ തക്കവണ്ണം മനസ്സാക്ഷിയെ നിര്‍മലമാക്കിക്കൊണ്ട്, നമുക്ക് ഭക്തിയോടും വിശുദ്ധിയോടും കൂടി ജീവിക്കാന്‍ പരിശ്രമിക്കാം.