ഫാ. ജോസ് വള്ളിക്കാട്ട് എം.എസ്.ടി.
ക്രിസ്തുവിന്റെ ഉപമകളിലും സമ്പര്‍ക്കങ്ങളിലും ആവര്‍ത്തിച്ചു കടന്നുവരുന്ന വിഭാഗമാണ് സമറിയാക്കാര്‍. സുവിശേഷങ്ങളില്‍ ഇത്രമാത്രം അപരവത്കരിക്കപ്പെട്ട മറ്റൊരു സമൂഹം ഉണ്ടായിട്ടില്ല. യാക്കോബ് എന്ന ഒരേ പൂര്‍വപിതാവിന്റെ സന്തതികള്‍ ആയിരുന്നിട്ടു കൂടി തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ഇടയില്‍ അപരസ്വത്വം പേറി നടക്കേണ്ടി വന്ന സമൂഹമാണ് സമരിയക്കാര്‍.
തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ദേശീയബോധ കുതിപ്പില്‍ ഒരു രാഷ്ട്രമായി ഇസ്രായേല്‍ വികസിച്ചെങ്കിലും പിന്നീട് രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. വടക്കന്‍ ഭാഗമായ ഇസ്രായേല്‍ സമരിയ എന്ന മലമ്പ്രദേശ പട്ടണത്തെ തലസ്ഥാനമാക്കിയും (1 രാജാ. 16:24) തെക്കന്‍ ഭാഗമായ യൂദാ ജറുസലേം കേന്ദ്രമാക്കിയും വളര്‍ന്നു. ബി.സി. 722ല്‍ ഇസ്രയേലും 600 ല്‍ യൂദായും പ്രവാസികളാക്കപ്പെട്ടു. പ്രവാസകാലത്ത്വി ജാതീയ ദൈവാരാധന, മിശ്രവിവാഹം എന്നിവ ഉള്‍പ്പെടെയുള്ള തിന്മകള്‍ക്ക് (2 രാജാ. 17:24; എസ്രാ. 9:1-10:44) ഇസ്രായേല്‍ വിധേയപ്പെട്ടതിനാല്‍ വംശശുദ്ധിയും വിശ്വാസ ശുദ്ധിയും അവകാശപ്പെട്ടു യൂദാ അവരെ ആക്ഷേപിച്ചു ഒറ്റപ്പെടുത്തി. ബാബിലോണ്‍ പ്രവാസത്തില്‍ നിന്ന് മടങ്ങിയ ഒരു ചെറിയ വിഭാഗം ജറുസലെം ദേവാലയം പുനരുദ്ധരിക്കാന്‍ തുടങ്ങിയപ്പോള്‍ വടക്കന്‍ ദേശമായ സമരിയാക്കാരും അവരോടു കൈകോര്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും വിശ്വാസഘാതകര്‍ എന്നും, വംശശുദ്ധി ഇല്ലാത്തവര്‍ എന്നും ആരോപിച്ചു യൂദരാജ്യം സമരിയക്കാരെ അകറ്റി നിറുത്തുകയും അവര്‍ക്കിടയില്‍ വെറുപ്പിന്റെ മതിലുകള്‍ പണിയുകയും ചെയ്തു (എസ്രാ 4 കാണുക). ഒരേ പൈതൃകം ഉണ്ടായിട്ടും, വിശ്വാസത്തിലും ആചാരത്തിലും തുടങ്ങിയ വിദ്വേഷം രാഷ്ട്രീയവും സാമൂഹികവുമായ കാലുഷ്യത്തിലേക്കു വളരുന്ന കാഴ്ചയാണ് നാം പിന്നീട് കാണുന്നത്. ആ കാലുഷ്യത്തിന്റെ ഉച്ചകോടി ഗെരിസീം മലയില്‍ സമരിയാക്കാര്‍ പണിതുയര്‍ത്തിയ ദേവാലയം ജറുസലേംകാര്‍ നശിപ്പിച്ചതും, ക്രിസ്തുവിന്റെ ജനനത്തോട് അടുത്ത കാലഘട്ടത്തില്‍ സമരിയക്കാര്‍ ജറുസലേം ദേവാലയം അശുദ്ധമാക്കി എന്നതുമാണ്.
ഏതാണ്ട് 550 വര്‍ഷത്തോളം നീണ്ട അന്യവത്കരണത്തിന്റെയും, അപഹാസങ്ങളുടെയും, വെറുപ്പിന്റെയും ഇരയായി മാറിയ സ മരിയക്കാരെയാണ് തന്റെ ഉപമകളിലെയും ദൃഷ്ടാന്തങ്ങളിലെയും പ്രധാന കഥാപാത്രങ്ങളായി പ്രതിഷ്ഠിച്ചുകൊണ്ട് വിദ്വേഷത്തിന്റെ വേര്‍തിരിവുകള്‍ ഉടയ്ക്കാന്‍ ക്രിസ്തു ശ്രമിക്കുന്നത്. അനുരഞ്ജനത്തിന്റെ ബലിവസ്തുവാകാന്‍ അവതാരം ചെയ്ത ക്രിസ്തു സമരിയാക്കാരെ പലപ്പോഴും സാത്വികരായി അവതരിപ്പിക്കുന്നു (ലൂക്കാ 10:29-37; 17:1119). സാമൂഹികമായ ഭിന്നതകളെ രമ്യതപ്പെടുത്താന്‍ ശ്രമിക്കുന്ന ഈശോ അവരുടെ ഭിന്നതയുടെ കാമ്പിനെ ദൈവശാസ്ത്രപരമായി നേരിടുന്ന മനോഹര മുഹൂര്‍ത്തമാണ് സമരിയക്കാരി സ്ത്രീയുമായി കിണറ്റിന്‍കരയില്‍ നടത്തിയ സംഭാഷണം. അശുദ്ധരെന്നു കരുതപ്പെട്ടിരുന്ന ഒരു സമൂഹത്തിലെ സ്ത്രീയുമായുള്ള അഭിമുഖം വഴി (യോഹ 4:9, 27) ഇരുകൂട്ടരുടെയും ഇടയില്‍ നിന്നിരുന്ന ആത്മീയ, വംശീയ ഭിന്നതകള്‍ക്കു വിരാമമിടുകയാണ് ക്രിസ്തു. സാമുദായികവും ആരാധനാപരവുമായ ഭിന്നതകളെ, ആത്മാവിലും സത്യത്തിലും ഉള്ള ആരാധന കൊണ്ട് അതിശയിപ്പിക്കാന്‍ അവിടുന്ന് പറയുന്നു (യോഹ. 4:21).
ശുദ്ധ യഹൂദര്‍ എന്ന് സ്വയം കരുതിയിരുന്ന തന്റെ ശിഷ്യന്മാര്‍ പോലും സമരിയക്കാരോട് മനസ്സില്‍ കാലുഷ്യം കരുതുകയും, ജറുസലേമിന് പ്രാധാന്യം കൊടുക്കുന്നു എന്ന തോന്നലില്‍ ക്രിസ്തുവിനെ സമരിയക്കാര്‍ തള്ളിക്കളയുകയും ചെയ്യുന്ന ഒരു സാമൂഹ്യ പശ്ചാത്തലത്തിലാണ് ക്രിസ്തു അപരവിദ്വേഷത്തിനു മറു മരുന്നുമായി വരുന്നത്. സമരിയക്കാരെ തീ വച്ച് നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യാക്കോബിനെയും യോഹന്നാനെയും ശാസിച്ച ഈശോയുടെ ആര്‍ജ്ജവത്വം (ലൂക്കാ 9:52-55) വെറുപ്പ് വിളമ്പുന്ന ഇന്നത്തെ ആത്മീയ ഗുരുക്കന്മാര്‍ക്കു മാതൃകയാകുവാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണം? തത്ക്കാലം പിന്‍വാങ്ങുന്ന ക്രിസ്തു സമരിയക്കാര്‍ക്കുള്ള സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ദൗത്യം എന്നേക്കുമായി തുറന്നിടുകയാണ്. നടപടി പുസ്തകം എട്ടാം അദ്ധ്യായം വായിക്കുമ്പോള്‍ ഈ ദൗത്യപൂര്‍ണ്ണതയുടെ സാഫല്യം യാക്കോബും യോഹന്നാനും നേരില്‍ കണ്ടറിയുന്നു (നട. 8:14).
വിശ്വാസവും ആരാധനയും സാമുദായിക അതിരുകള്‍ ഭേദിക്കേണ്ടതാണ് എന്നതായിരുന്നു ക്രിസ്തുവിന്റെ രക്ഷണീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രതത്വം. അതിരുകളെ ഉല്ലംഘിക്കുന്ന ദൈവിക കൃപയുടെ ഉറവിടമായി അവന്‍ മാറി എന്നതിലാണ് ക്രിസ്തുവിന്റെ സര്‍വത്രികത (കാതോലികത) അടങ്ങിയിരിക്കുന്നത്. സഭയുടെ വികാസത്തിന്റെ ആദ്യ ദിനങ്ങളില്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി അപ്പസ്‌തോലന്മാര്‍ ഈ സര്‍വത്രികത്വം പ്രഘോഷിക്കുന്നതു നടപടി പുസ്തകത്തിലും പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലും വ്യക്തമാണ് (എഫേ. 2:13-14; ഗലാ 3:28).
ക്രിസ്തുവും അപ്പസ്‌തോലന്മാരും ഉടച്ചുകളഞ്ഞ സങ്കുചിത സാമുദായിക ബോധം തിരിച്ചു കൊണ്ടുവരാനാണ് കേരള കത്തോലിക്കാ സഭയിലെ നേതൃത്വവും, ധ്യാനഗുരുക്കന്മാരും, ഒരു അല്മായ തത്പര വിഭാഗവും ശ്രമിക്കുന്നതെന്നു ചില സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നു. സഭ കേവലം സമുദായമാണ് എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചു കഴിഞ്ഞു. 'സാമുദായിക ചിന്തയാണ് യഥാര്‍ത്ഥ ക്രൈസ്തവന്റെ ശരീര ഭാഷ' എന്ന് പ്രചരിപ്പിക്കുന്ന ഇക്കൂട്ടര്‍ എവിടെ നിന്നാണോ സഭയുടെ ദൈവശാസ്ത്രം പഠിച്ചത്? ദൈവം വെറുക്കുന്ന ആറു കാര്യങ്ങളുടെ കൂടെ ഏഴാമതൊന്നു ഉണ്ട് എന്ന് പ്രാധാന്യം നല്‍കി സു ഭാഷിതങ്ങളുടെ പുസ്തകം പ്രസ്താവിക്കുന്നത് അപരവിദ്വേഷം ആണ് (സുഭാ 6:19). പൊതു ലക്ഷ്യങ്ങള്‍ ഉള്ള സ്വത്വബോധം പേറുന്ന സമൂഹം മാത്രമാണ് സമുദായം. അംഗങ്ങളുടെ സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുകയും അവരുടെ അവകാശങ്ങള്‍ വിലപേശി നേടുകയുമാണ് സമുദായത്തിന്റെ പ്രഥമമായ ലക്ഷ്യം. എന്നാല്‍ കത്തോലിക്കാ സഭ പോലെ വിസ്തൃതമായ പരിപ്രേക്ഷ്യം ഉള്ള ദൈവിക സ്ഥാപനത്തിന് കേവലം സമുദായം ആയി തരം താഴാന്‍ പറ്റുമോ?
വിശ്വാസസംഹിത, പ്രേഷിത ദൗത്യം, ദൈവശാസ്ത്രം, ആത്മീയചര്യ, ധാര്‍മിക നിലപാടുകള്‍ എന്നിവയുടെ ആകെത്തുകയായ ഒരു മതസംവിധാനം ആണ് ക്രൈസ്തവികത. സഭയ്ക്ക് ശ്രേഷ്ഠമായ ഒരു ദൗത്യം ഉണ്ട്. ദുഃഖിതരും, പീഡിതരും, ആത്മീയ-ഭൗതിക ബന്ധനങ്ങളിലും കഴിയുന്ന ആളുകള്‍ക്ക് പ്രതീക്ഷയും, വിശ്വാസവും, രക്ഷയും നല്‍കുക എന്നതാണ് സഭയുടെ പ്രധാന ദൗത്യം. ക്രിസ്തുവിനെ അറിയുക വഴിയാണ് വ്യക്തികള്‍ക്ക് ഈ വിടുതല്‍ പ്രാപിക്കാന്‍ ആവുന്നത്. അത് വഴി അവര്‍ ആത്മീയ സ്വത്വബോധമുള്ള ഒരു സമൂഹമായി – ക്രിസ്തുവിന്റെ ശരീരമായി – മാറുന്നു. സമുദായത്തിന്റെ സങ്കുചിതങ്ങളിലേക്കു ക്രൈസ്തവികതയെ ചുരുക്കുമ്പോള്‍ ക്രിസ്തുവിന്റെ സര്‍വത്രികതയുടെ പ്രഘോഷണത്തെ ഫലവത്താക്കാന്‍ കഴിയുമോ? സമുദായമാവുക എന്നാല്‍ സ്വത്വബോധത്തിന്റെ മതിലുകള്‍ സൃഷ്ടിച്ച് അതിന്റെ സുരക്ഷിതത്വം അനുഭവിക്കുന്ന ഒരു കണ്ടൈന്‍മെന്റ് മാത്രമായി ചുരുങ്ങുക എന്നാണ്. അവിടെ നമ്മുടേതല്ലാത്തതിനെ ഒന്നും അംഗീകരിക്കുവാന്‍ കഴിയാതെ വരികയും, അപരനോട് തുറക്കേണ്ട സംവാദത്തിന്റെ പാലങ്ങള്‍ അടക്കുകയും ചെയ്യും.
ഒന്നാം പ്രമാണത്തിന്റെ കര്‍ക്കശമായ ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ട് വിശ്വാസികളെ ഇതരമത വിദ്വേഷികളാക്കുന്ന മൗലികവാദപരമായ പ്രസംഗങ്ങള്‍ കത്തോലിക്കാ ധ്യാനപ്പുരകളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അലയടിച്ചിരുന്നു. ആ ഇതരമത വിദ്വേഷമാണ് ഇപ്പോള്‍ സമുദായ വാദമായി പരിണമിച്ചിരിക്കുന്നത്. തീവ്രവാദ ചിന്തകള്‍ ഉള്ളവരും അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരുമായ ഒരു യുവ തലമുറ രൂപപ്പെട്ടു കഴിഞ്ഞു എന്നത് ക്രൈസ്തവരെയും സമാധാന കാംക്ഷികളായ സുമനസുകളെയും തെല്ലൊന്നുമല്ല ദുഃഖിപ്പിക്കുന്നത്. പ്രവൃത്തികളുമായി ബന്ധമില്ലാതെ ക്രിസ്തുവിന്റെ അനന്യതയെ വാചിക പ്രസംഗങ്ങള്‍ വഴി പകരാം എന്ന ചിന്തയുള്ള കരിസ്മാറ്റിക്കുകാര്‍ ഇവഞ്ചേലിക്കല്‍, പെന്തകൊസ്തു സമൂഹങ്ങളുടെ ആലയിലേക്ക് കത്തോലിക്കാ സഭയെ നയിക്കുകയാണ്. സഭയെന്നാല്‍ കേവലം പ്രസംഗമോ പ്രദര്‍ശനമോ അല്ലെന്നും, വിശ്വാസബോധ്യവും, കൂദാശാ ജീവിതവും, ധാര്‍മ്മിക ജീവനവും വഴി രൂപംകൊള്ളുന്ന സമൂഹമാണ് എന്നും ഇവര്‍ എന്ന് തിരിച്ചറിയും? സ്‌നേഹത്തിലും, സമാധാനത്തിലും അടിയുറച്ച ആ വിശ്വാസസമൂഹം ഒരു ശരീരമായി നിര്‍വഹിക്കുന്ന ക്രൈസ്തവ സാ ക്ഷ്യമാണ് സഭയുടെ മുഖ്യ പ്രേ ഷിതലക്ഷ്യം. സമുദായത്തിന്റെ 'ഠ' വട്ടത്തിലേക്കു സഭ ചുരുങ്ങുമ്പോള്‍ അസ്തിത്വപരവും, ദൈവശാസ്ത്രപരവും, ദൗത്യപരവുമായ വെല്ലുവിളികള്‍ ആണ് സഭയ്ക്ക് മുന്നില്‍ ഉയരുന്നത്.
പലവിധ കാരണങ്ങളാല്‍ ലോകത്തിന്റെ മനസ്സാക്ഷി കരാളമാവുകയും, മനുഷ്യജീവിതം ദുസ്സഹമാവുകയും ചെയ്യുന്ന കാല ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭരണകൂടങ്ങളില്‍ നിന്ന് സമൂഹങ്ങള്‍ ഭീകരമായ അവകാശലംഘനങ്ങളും അനീതികളും ഏറ്റുവാങ്ങുന്ന ഇക്കാലത്തു പ്രതിഷേധമര്‍ഹിച്ചിരുന്ന നിരവധിയായ രാഷ്ട്രീയ, സാമ്പത്തിക, ധാര്‍മിക വിഷയങ്ങള്‍ സഭയ്ക്ക് മുന്നില്‍ വന്നിരുന്നു. ദരിദ്രരുടെ ക്ഷേമം, പൊതുവിഭവ വിതരണത്തിലെ അപാകതകള്‍, സാമാന്യനീതിയുടെ ഉല്ലംഘനങ്ങള്‍, മരുന്ന് ഗവേഷണത്തിലെ അധാര്‍മ്മികതകള്‍, ജനാധിപത്യ സംവിധാനത്തിലെ സ്ഥാപനങ്ങളുടെ നാശവും അപചയവും, നീതിന്യായ സംവിധാനത്തിലെ ജീര്‍ണതകള്‍ എന്നിവ അതില്‍ ചിലതു മാത്രമാണ്. ഈ സാമൂഹ്യ പ്രശ്‌നങ്ങളുടെ മറവിലാണ് നമ്മെ ഇപ്പോള്‍ അലോസരപ്പെടുത്തുന്ന തീവ്രവാദ പ്രവണതകള്‍ വളരുന്നത്. എന്നാല്‍, സമൂഹ മനഃസാക്ഷിയുടെ ധാര്‍മ്മിക ശബ്ദമാവുകയും, ക്രിസ്തുവിന്റെ മൂല്യങ്ങള്‍ കൊണ്ട് പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിനും പകരം, അപരവിദ്വേഷം വളര്‍ത്തുന്നതിലും സമുദായ മുദ്രാവാക്യം മുഴക്കുന്നതിലും മുങ്ങിപ്പോയ സഭ ഉത്തമമായ ക്രൈസ്തവ സാക്ഷ്യത്തിനും പ്രേഷിത ദൗത്യത്തിനുമുള്ള വലിയ അവസരങ്ങളാണ് കളഞ്ഞു കുളിച്ചത്.
അതെ സമയം ഇപ്പോള്‍ സഭയിലെ ഒരു ചെറിയ ന്യൂനപക്ഷം മുന്നോട്ടു വയ്ക്കുന്ന സമുദായ ബോധം കാപട്യമാണ് എന്ന് മാത്രമേ വിലയിരുത്താന്‍ ആവൂ. ബാബിലോണ്‍ പ്രവാസത്തിന് ശേഷം സമുദായ പരിഷ്‌കര്‍ത്താക്കളായി ഉദയം ചെയ്ത എസ്രയും നെഹെമിയായും ശുദ്ധവാദത്തിന്റെ വക്താക്കളായി നിന്ന് യഹൂദരും സമറിയാക്കാരും എന്ന സാമുദായിക വേര്‍തിരിവ് സൃഷ്ടിക്കുന്ന വരേണ്യ സംസ്‌കാരം വിരചിച്ചവരാണ്. ക്രിസ്തുവാകട്ടെ പിതാവിന്റെ കരുണയും പരി പൂര്‍ണ്ണതയും ഓരോരുത്തരും അണിയുന്നതിലാണ് ശുദ്ധി അടങ്ങിയിരിക്കുന്നത് എന്ന് മനസ്സിലാക്കിത്തന്നു. അനേകര്‍ അവരുടെ ജാതിസ്വത്വങ്ങള്‍ ഉപേക്ഷിച്ചു ക്രിസ്തുവിന്റെ മാര്‍ഗം തേടി അണഞ്ഞിരിക്കുന്ന സഭയില്‍ ഉയരുന്നത് സവര്‍ണ്ണ വരേണ്യതയുടെ ശബ്ദമാണ്. ക്രൈസ്തവരായ ദളിതര്‍ക്കും, ഇതര സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്ന് വന്നവര്‍ക്കും, ദരിദ്രര്‍ക്കും സ്ഥാനമില്ലാത്ത, ശബ്ദമില്ലാത്ത ഒരു സാമുദായിക സ്വപ്നമാണ് സമുദായ വക്താക്കള്‍ മെനയുന്നത്. സമുദായബോധം ആവശ്യമാണ് എന്ന വസ്തുത തര്‍ക്കത്തിന് വേണ്ടി അംഗീകരിച്ചാല്‍ തന്നെ, ഏതാനും പേര്‍ വേണ്ടത്ര ആലോചന ഇല്ലാതെ സഭാംഗങ്ങളുടെ മുകളിലേക്ക് നിര്‍ബന്ധപൂര്‍വം വച്ച് കൊടുക്കുന്ന വലിയ ഒരു ബാധ്യതയാണ് അത്. ഇവര്‍ സ്വപ്നം കാണുന്ന സമുദായത്തില്‍ സാമാന്യ വിശ്വാസികളുടെ പങ്ക് എന്തായിരിക്കും? ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യവും, പങ്കാളിത്ത പ്രക്രിയകളും അതിലുണ്ടാവുമോ? അതിന്റെ നയ നിര്‍മ്മിതികളില്‍ അംഗങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടുമോ? സാമ്പത്തിക സാമൂഹ്യ ഓഡിറ്റിങ്ങിനു ഈ സമുദായം വിധേയപ്പെടുകയും സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യുമോ?
മതവും, ആത്മീയതയും, സമുദായബോധവും, വര്‍ഗീയതയും ഒക്കെ കൂട്ടിക്കുഴക്കുന്ന മതമൗലിക വാദികളുടെ ശൈലി സഭ മതമൗലികവാദത്തിലേക്കും തീവ്രവാദത്തിലേക്കും തിരിയുന്നു എന്നതിന്റെ സൂചകങ്ങളാണ്. അത് ക്രിസ്തുവിഭാവനം ചെയ്ത, പരിശുദ്ധാത്മാവ് കൃപയാല്‍ പരിപാലിക്കുന്ന സഭയുടെ മുഖമുദ്ര അല്ല. ആത്മീയവും, സാമൂഹ്യവും, സാമ്പത്തികവും, ധാര്‍മികവുമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ മനുഷ്യനും, ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും ഉണ്ടാവുന്ന രക്ഷയെ ഉയര്‍ത്തിപ്പിടിക്കുവാനും അതിലൂടെ പകരപ്പെടുന്ന ക്രൈസ്തവ സാക്ഷ്യത്തിനും സഭയെ ഒരുക്കുന്നതിലല്ലാതെ മറ്റൊന്നിലും സഭാ നേതൃത്വം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ല. അനാവശ്യവും അനാരോഗ്യകരവുമായ ബിന്ദുക്കളില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്കൊത്തു ലോകത്തിന്റെ ദീപമായി പ്രശോഭിക്കുവാന്‍ സഭയ്ക്ക് കഴിയട്ടെ.