മൂല്യങ്ങൾ കൈവിടാതെ, മൂർച്ച കുറയാതെ ഒരു നൂറ്റാണ്ട്

A century without losing its values, without losing its sharpness
Published on
  • ജസ്റ്റിസ് കുര്യൻ ജോസഫ്

ഏഴു വയസ്സുള്ളപ്പോൾ സത്യദീപത്തിന്റെ ബാലപംക്തിയിൽ കുര്യൻ ജോസഫ് എന്ന് പേര് അച്ചടിച്ചു വന്നതിന്റെ സന്തോഷം ഞാൻ ഓർക്കുന്നു. അതിനുശേഷം നാട്ടിൽ സത്യദീപം വിതരണം ചെയ്യാൻ പോയിട്ടുണ്ട്. അതിനുശേഷമാണ് ഞാൻ സത്യദീപത്തിൽ എഴുതാനുള്ള ധൈര്യം കാണിച്ചത്. എഴുതാൻ കഴിയില്ലെങ്കിൽ പറഞ്ഞാൽ മതി, എഴുതിപ്പിച്ചോളാം എന്ന് പറഞ്ഞ് എന്നെ അതിന് നിർബന്ധിച്ചത് തേലക്കാട്ടച്ചനാണ്. അങ്ങനെയാണ് പ്രസംഗകനായ ഞാൻ എഴുത്തുകാരൻ കൂടിയായത്. പ്രസംഗിക്കാൻ എനിക്ക് ദൈവം കഴിവ് തന്നിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ടെങ്കിലും എഴുതാൻ എനിക്ക് അത്ര പറ്റുന്നില്ലായിരുന്നു. സത്യദീപത്തിലെ എന്റെ ലേഖനങ്ങളിൽ 90% വും എഴുതിയത് ഫ്രാങ്ക്ളിൻ എം ആണ്. അതുകൂടാതെ, സത്യദീപത്തിന്റെ ഗവേർണിങ് ബോഡി അംഗമായി ഞാൻ ഒരുപാട് വർഷം പ്രവർത്തിച്ചിട്ടുണ്ട്, ജഡ്ജി ആകുന്നതുവരെ. സത്യദീപത്തിന്റെ നിയമോപദേഷ്ടാവും ആയിരുന്നു. അങ്ങനെ ഒരുപാട് കാലത്തെ ബന്ധം ഈ വാരികയുമായി എനിക്കുണ്ട്.

മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസ സമൂഹം സ്ഥാപിച്ച ധന്യൻ ഫാ. ജോസഫ് പഞ്ഞിക്കാരന് തന്റെ കുടുംബസ്വത്തിൽ നിന്നു കിട്ടിയ വിഹിതമായ പത്രമേനി കൊണ്ട്, പാവപ്പെട്ട ആളുകൾക്ക് കയറുൽപന്നങ്ങൾ എറണാകുളത്ത് കൊണ്ടുപോയി വിൽക്കുന്നതിനുവേണ്ടി രണ്ട് ബോട്ടുകൾ അദ്ദേഹം വാങ്ങിയിരുന്നു, സത്യവും ദീപവും. പഞ്ഞിക്കാരനച്ചന്റെ ദീർഘദർശനമായിരുന്നു മുദ്രാലയ പ്രേഷിത രംഗത്തേക്ക് കടക്കുക എന്നുള്ളത്. പറ്റിയ ഒരു കൂട്ടുകാരനായി അന്ന് മോൺ. നടുവത്തുശേരിയും ഉണ്ടായിരുന്നു. സത്യവും ദീപവും എന്നീ രണ്ടു ബോട്ടുകൾ വിറ്റ് ആ കാശുകൊണ്ടാണ് സത്യദീപം ആരംഭിക്കുന്നത്. സത്യദീപത്തെപ്പറ്റി ഓർക്കുമ്പോൾ പഞ്ഞിക്കാരനച്ചനെ ഓർക്കാതിരിക്കാൻ ആവില്ല.

രണ്ട് ബോട്ടുകൾ വിറ്റ് സത്യദീപം ആരംഭിച്ചപ്പോൾ അതിനു സത്യദീപം എന്ന് പേരു കൊടുത്തത് ദൈവത്തിന്റെ വലിയ പദ്ധതിയുടെ ഭാഗമാണ് എന്ന് ഞാൻ വിചാരിക്കുന്നു. സത്യത്തിന്റെ ദീപവും ദീപത്തിലെ സത്യവും ആണ് നമ്മുടെ സത്യദീപം. രണ്ടു ബോട്ടുകൾ കൂട്ടിക്കെട്ടിയിട്ടാണ് വലിയ വാഹനങ്ങളെ കൊണ്ടു പോകാനുള്ള ചങ്ങാടം ഉണ്ടാക്കിയിരുന്നത്. പഴയ ബോട്ടുകൾക്ക് രണ്ട് ഡ്രൈവർമാർ വേണം. മുകളിൽ ഇരിക്കുന്ന ആൾ മണിയടിക്കുന്നതിനനുസരിച്ച് താഴെയിരിക്കുന്നയാൾ ഗിയർ മാറ്റിയില്ലെങ്കിൽ എത്ര ശ്രമിച്ചാലും ബോട്ട് ചെല്ലേണ്ട സ്ഥലത്ത് എത്തുകയില്ല. 4 ഡ്രൈവർമാരെ വെച്ച് രണ്ട് ബോട്ടുകൾ കൂട്ടിക്കെട്ടി ചങ്ങാടം ആക്കി വണ്ടികൾ കയറ്റി ആളുകളെ അക്കരെ എത്തിക്കുന്നു. ആളുകളെ ഇക്കരെ നിന്ന് അക്കരെ എത്തിക്കുന്ന ഒരു ധർമ്മമാണ് പത്രധർമ്മമായി സത്യദീപം ഏറ്റെടുത്തത്. എന്താണ് ഇക്കരെ, എന്താണ് അക്കരെ, ആരെയാണ് കൊണ്ടുപോയത്? ഇത് മൂന്നുമാണ് ഞാൻ ചിന്തിക്കാൻ ആഗ്രഹിക്കുന്ന വിഷയം.

സത്യം എന്താണ് എന്ന് അറിയാൻ ആഗ്രഹിക്കുന്ന ഒരു സമൂഹത്തെയും സത്യത്തിന്റെ ധർമ്മം എന്താണെന്ന് അറിയുകയും ആ ധർമ്മത്തിന്റെ പാതയിലൂടെ ചരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സമുദായത്തെയും അതിനായി ദൈവം വിളിച്ച് നിയോഗിച്ച ഒരു സഭയെയും തിരുത്തിയും നയിച്ചും കൊണ്ടുപോകുന്ന ഒരു പത്രം ആയിരുന്നു അത്. ആ മൂന്ന് സമൂഹങ്ങളെയാണ് ഇക്കരെ നിന്നും അക്കരെ എത്തിക്കാൻ സത്യദീപം എക്കാലത്തും പരിശ്രമിച്ചിട്ടുള്ളത്. സത്യദീപം എന്നും അതിന്റെ മുഖമുദ്രയായി സൂക്ഷിച്ചിട്ടുള്ളത് യേശുക്രിസ്തുവാകുന്ന സത്യം എന്ന വ്യക്തിയെ ഈ ലോകത്തിന് പരിചയപ്പെടുത്തുക എന്നുള്ളത് തന്നെയാണ്. അത് ഒത്തുതീർപ്പുകൾ ഇല്ലാത്ത ഒരു ദൗത്യമാണ്. അതിൽ മായമില്ല, മായം ചേർക്കേണ്ട കാര്യമില്ല. അതിന് ചിലപ്പോൾ കനൽ വഴികളിലൂടെ നടക്കേണ്ടതായി വരും. സത്യത്തിന്റെ പാതയിലൂടെ മാത്രം നടക്കാൻവേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ച ഒരു മാധ്യമമാണ് സത്യദീപം. സംഭവാമി യുഗേ യുഗേ എന്നു തുടങ്ങുന്ന പഴയ ഒരു ഗാനത്തിൽ സത്യത്തിനെന്നും ശരശയ്യ മാത്രം എന്നൊരു വരിയുണ്ട്. അതിനൊരു രണ്ടാം വരി എഴുതാൻ വയലാർ മറന്നുപോയെന്നാണ് ഞാൻ കരുതുന്നത്. അതറിയണമെങ്കിൽ മഹാഭാരതയുദ്ധത്തിലേക്ക് പോകണം. അതിന്റെ അവസാനഭാഗത്ത്, കൗരവരുടെ അമ്മയായ ഗാന്ധാരി വന്നു. യദുകുലത്തെ മുഴുവൻ ശപിച്ചിട്ട് ശ്രീകൃഷ്ണനോട് ശാപവാക്കുകൾ പറയുന്നു. ആ സമയത്ത് ശ്രീകൃഷ്ണൻ ഗാന്ധാരിയോടു പറയുന്ന ഒരു സന്ദേശമുണ്ട്, “നിന്റെ നൂറു മക്കളും ഇത്രമാത്രം കൊള്ളരുതായ്മകൾ ചെയ്തപ്പോൾ, ഈ നിൽക്കുന്ന പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോൾ, അമ്മ എന്ന നീ എവിടെയായിരുന്നു?” ഇതാണ് ഒന്നാമത്തേത്. ഒരു അമ്മയ്ക്ക് നന്നാക്കാൻ പറ്റാത്ത മക്കളെ ദൈവത്തിനുപോലും നന്നാക്കാൻ പറ്റില്ല എന്നതാണു ശ്രീകൃഷ്ണൻ പറയുന്ന രണ്ടാമത്തെ കാര്യം. മഹാഭാരതത്തിൽ നിന്ന് നാം ശരിക്കും വായിച്ചു ഉൾക്കൊള്ളേണ്ട ഒരു രംഗമാണിത്.

ഇതിൽ അമ്മയുടെ സ്ഥാനത്ത് ഞാൻ അധികാരി എന്നുവച്ച് വായിക്കാൻ താല്പര്യപ്പെടുകയാണ്. ഒരു അധികാരിക്ക് നന്നാക്കാൻ പറ്റാത്ത അനുയായികളെ ദൈവത്തിനുപോലും നന്നാക്കാൻ കഴിയില്ല. അധികാരത്തിന്റെ സ്വരത്തിന്റെ കൃത്യതയും വ്യക്തതയും നഷ്ടപ്പെടാതെ സത്യദീപം എക്കാലവും ഈ സമൂഹത്തെ അറിയിച്ചിരുന്നു. അത് സത്യദീപത്തിന്റെ ഒരു ധർമ്മം ആയിരുന്നു. കാലാകാലങ്ങളിൽ സത്യദീപത്തിന്റെ ഭാഷയുടെ രൂപവും ഭാവവും എല്ലാം മാറിയിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാനതത്വത്തിൽ നിന്നും ഒരിക്കലും സത്യദീപം വ്യതിചലിച്ചിട്ടില്ല. പറയേണ്ടത് പറയേണ്ടിടത്ത്, പറയേണ്ടതുപോലെ, മൂർച്ചയോടുകൂടി പറയാൻ ആവശ്യമായ ശ്രദ്ധ എക്കാലവും പത്രാധിപന്മാർ കാണിച്ചിരുന്നു. അവർ പലരും അതിന്റെ വേദനയിലൂടെ കടന്നു പോയവരാണ്. അതിൽ പല തേങ്ങലുകളുടെയും ഭാഗമാകാൻ എനിക്കും കഴിഞ്ഞിട്ടുണ്ട്.

സത്യദീപത്തിന്റെ ധർമ്മം എന്നത് സത്യം എന്ന വ്യക്തിയെ ഈ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ്. അങ്ങനെ പരിചയപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയ വ്യക്തികളെ, വീഴ്ച പറ്റി എന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് ആ ദൗത്യം. അധികാരികളോട് പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് തന്നെ പറയാനുള്ള, അവരെ സ്വന്തം ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താനുള്ള ദൗത്യം. സഭയിലെ ഒരു തിരുത്തൽ ശക്തി. അതുപോലെ സമൂഹത്തിന്റെ ഒരു നേർക്കാഴ്ച. സമൂഹത്തിന്റെ ഇന്നത്തെ പോക്ക് എങ്ങോട്ടാണ് എന്നത് നാല് സുവിശേഷമൂല്യങ്ങളിൽ അധിഷ്ഠിതമായിട്ടാണ് നോക്കേണ്ടത്. ഒന്ന് ജീവൻ, രണ്ട് സത്യം, മൂന്ന് നീതി, നാല് സ്നേഹം. ഈ സുവിശേഷമൂല്യങ്ങളെ എക്കാലവും മായം ചേർക്കാതെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുത്തു, സത്യദീപം. വാരികയിലെ രണ്ടു വിനോദവിഭവങ്ങൾ നോവലും ചെറുകഥയും ആയിരുന്നു. അവ നോക്കിയാലും ഈ മൂല്യങ്ങളോട് ചേരാത്ത യാതൊന്നും സത്യദീപം ഒരിക്കലും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഈ ജിഹ്വ, ഈ ശബ്ദം എന്തിനുവേണ്ടി എന്ന തിരിച്ചറിവ് ഇതിന്റെ എക്കാലത്തെയും പത്രാധിപന്മാർക്ക് ഉണ്ടായിരുന്നു. അമരക്കാരുടെ ജാഗ്രത അവർക്കെല്ലാം ഉണ്ടായിരുന്നതുകൊണ്ടാണ് ഈ മൂല്യങ്ങളിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെ, എന്നാൽ മൂർച്ച ഒട്ടും കുറയ്ക്കാതെ സത്യദീപം കാര്യങ്ങൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിട്ടുള്ളത്.

പത്രധർമ്മം എന്നത് സത്യത്തിന് സാക്ഷിയാവുക എന്നുള്ളതാണ്. ഈ സുവിശേഷ മൂല്യത്തിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെ ആണ് വാരികയ്ക്ക് നൂറു വയസ്സ് തികയുന്നത്. സത്യം എന്ന വ്യക്തിയെ ഈ ലോകത്തിന് പരിചയപ്പെടുത്താൻ, ആ വ്യക്തിയെ അനുഗമിക്കാനുള്ള ധൈര്യം ആളുകൾക്ക് നൽകാൻ, ഊർജ്ജവും പ്രചോദനവും നൽകാൻ തക്കവണ്ണം സത്യദീപത്തെ ഇത്രകാലവും നയിച്ച എല്ലാ പ്രിയങ്കരരേയും ഓർത്തുകൊണ്ട്, ദിവംഗതരായവരുടെ പാവനസ്മരണയ്ക്ക് മുമ്പിൽ ശിരസ്സ് നമിച്ചുകൊണ്ട്, സത്യദീപത്തിന്റെ ഗുണഭോക്താക്കളും അഭ്യുദയകാംക്ഷികളും വായനക്കാരും വരിക്കാരും എഴുത്തുകാരും ഒക്കെയായി ഇവിടെ വന്നിട്ടുള്ള എല്ലാവരും തുടർന്നും പത്രധർമ്മത്തിൽ പിടിച്ചുനിൽക്കുന്ന ഈ പത്രത്തെ വിട്ടു പോകാതിരിക്കണം എന്നോർമ്മിപ്പിക്കുന്നു.

പുതിയ മാധ്യമരീതികൾ ധാരാളം വന്നിട്ടുണ്ടെങ്കിലും, സത്യദീപം തന്നെ അതൊക്കെ സ്വീകരിച്ചിട്ടുണ്ടെങ്കിലും, അച്ചടിക്ക് ഇന്നും അതിന്റേതായ ഒരു മാധുര്യം ഉണ്ട്. പഴയ ലക്കങ്ങളിലൂടെ കടന്നു പോകുമ്പോൾ സത്യത്തിന്റെ, നീതിയുടെ, കരുണയുടെ മൂല്യങ്ങൾക്ക് എത്രയോ പ്രാധാന്യം സത്യദീപം കൊടുത്തിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാകും. നേരിന്റെ വഴിയിലൂടെ നീങ്ങുവാൻ, കനൽ വഴികളിലൂടെ നടക്കേണ്ടി വന്നാലും, കടന്നാക്രമണങ്ങളെ ചെറുക്കേണ്ടി വന്നാലും, പിടിവിടാതിരിക്കാനും പിടിച്ചുനിൽക്കാനുമുള്ള കരുത്ത് നല്ല തമ്പുരാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org