ഭരണഘടനാ സംരക്ഷണവും മാധ്യമങ്ങളും

ഭരണഘടനാ സംരക്ഷണവും മാധ്യമങ്ങളും
Published on
  • ഡോ. കുര്യാസ് കുമ്പളക്കുഴി

ഭരണഘടന ഭീഷണി നേരിടുമ്പോള്‍ മാധ്യമങ്ങള്‍ സംരക്ഷണത്തിനെത്തുമോ? അങ്ങനെയൊരു പങ്ക് മാധ്യമങ്ങള്‍ക്കുള്ളതായി ചരിത്രം പറയുന്നില്ല. മലയാളത്തില്‍ ഇന്നു നിലവിലുള്ള ദിനപത്രങ്ങളില്‍ ഏറ്റവും പ്രായമേറിയതു 'ദീപിക'യാണ്. 1887 ഏപ്രില്‍ 15 നു പ്രസിദ്ധീകരണം ആരംഭിച്ച 'ദീപിക' (അന്നു നസ്രാണി ദീപിക) യുടെ ആദ്യ മുഖപ്രസംഗത്തില്‍ പത്രധര്‍മ്മത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു, ''നീയൊരു വിശ്വസ്ത ദൂതിയായി രാജമന്ദിരങ്ങളിലും മന്ത്രി സത്തമന്മാരുടെ സഭകളിലും ന്യായ കര്‍ത്താക്കന്മാരുടെ സന്നിധാനത്തിലും പോയി നാട്ടില്‍ നടക്കുന്ന അനീതിയായ നടത്തകള്‍, പരജന പീഡകള്‍, സാധുക്കള്‍ക്കുള്ള ആവശ്യങ്ങള്‍ ആദിയായവ അറിയിച്ചു പരജന സങ്കടങ്ങള്‍ക്കു നിവൃത്തി വരുത്തി സകല ഗുണപ്രദ സുമുഖിയായി വിലസി എങ്ങും സഞ്ചരിച്ചു മംഗല്യമോടെ ചിരഞ്ജീവിയായി വാണു കൊണ്ടാലും.''

രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഇതില്‍ സൂചിപ്പിക്കുന്നത്. ഒന്ന്, എല്ലായിടത്തുനിന്നും പ്രത്യേകിച്ച് ഭരണമണ്ഡലത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ജനങ്ങളെ അറിയിക്കണം. രണ്ട്, അധികാരികളുടെ അനീതികള്‍ പ്രത്യേകം ശ്രദ്ധിച്ച് സാധാരണ ജനങ്ങളുടെ സങ്കടങ്ങള്‍ക്കു പരിഹാരം കണ്ടെത്തണം. ഒരു ലിഖിത ഭരണഘടന ഇല്ലാതിരുന്നതുകൊണ്ട്, അധികാരികളുടെ ഭാഗത്തുനിന്നും ജനദ്രോഹപരമായ നടപടികള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അവ ജനങ്ങളെ അറിയിക്കുക എന്നതു പത്രധര്‍മ്മമായി കരുതുന്നു. അപ്പോള്‍ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് അവയ്ക്കു പരിഹാരം ഉണ്ടാക്കിക്കൊള്ളും.

ഭരണാധികാരികളുടെ വീഴ്ചകള്‍ ചൂണ്ടി കാണിക്കുന്നത് ഒരിക്കലും അവര്‍ക്കിഷ്ടപ്പെടുന്ന കാര്യമല്ല. അധികാരികളുടെ അപ്രീതി എന്നും മാധ്യമങ്ങള്‍ക്ക് ഭീഷണിയാണ്.

ജനങ്ങളുടെ കാവല്‍ക്കാരായിരിക്കുക, അധികാര നിര്‍വഹണത്തിലെ തിരുത്തല്‍ ശക്തിയായിരിക്കുക എന്നീ രണ്ടു ധര്‍മ്മങ്ങള്‍ മാധ്യമങ്ങള്‍ക്കുണ്ട് എന്ന് ഒന്നര നൂറ്റാണ്ടു മുമ്പെഴുതിയ ഈ മുഖപ്രസംഗം ഓര്‍മ്മപ്പെടുത്തുന്നു. ഇത് ഇന്നും പ്രസക്തമായ വസ്തുതകള്‍ തന്നെ. അനീതികളെ പ്പറ്റി ജനങ്ങളെ അറിയിക്കുക, അവ പരിഹരിക്കാന്‍ ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയൊക്കെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്.

ഇങ്ങനെ പറയുമ്പോഴും, അത്ര എളുപ്പമുള്ള കാര്യങ്ങളല്ല ഇവയെന്നും ഓര്‍ക്കേണ്ടതുണ്ട്. ഭരണാധികാരികളുടെ വീഴ്ചകള്‍ ചൂണ്ടികാണിക്കുന്നത് ഒരിക്കലും അവര്‍ക്കിഷ്ടപ്പെടുന്ന കാര്യമല്ല. അധികാരികളുടെ അപ്രീതി എന്നും മാധ്യമങ്ങള്‍ക്ക് ഭീഷണിയാണ്. ഇന്ത്യയിലെ ആദ്യ പത്രം ബംഗാള്‍ ഗസറ്റിന്റെ അനുഭവം തന്നെ ഉദാഹരണം.

ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരിയിലാണു ബംഗാള്‍ ഗസറ്റ് ആരംഭിച്ചത്. രണ്ടു വര്‍ഷം തികയും മുമ്പേ പത്രം നിന്നുപോയി. അധികാരികളെ വിമര്‍ശിച്ചതാണു കാരണം. പത്രവും പ്രസും സര്‍ക്കാര്‍ കണ്ടുകെട്ടുകയും വലിയ തുക പിഴശിക്ഷ വിധിക്കുകയും ഹിക്കിയെ അറസ്റ്റ് ചെയ്യുകയും വരെ നീണ്ടു പീഡനങ്ങള്‍.

സ്വതന്ത്രമായ പത്ര പ്രവര്‍ത്തനം, തിരുത്തല്‍ ശക്തി, ഭരണഘടനാസംരക്ഷണം എന്നിവയൊക്കെ പലപ്പോഴും നല്ല ആശയങ്ങളും സ്വപ്നങ്ങളും മാത്രമാണ്. അധികാരികളുടെ അപ്രീതിക്ക് പാത്ര മായാല്‍ ജനാധിപത്യ സംവിധാനത്തില്‍ പോലും പത്രങ്ങളുടെ നിലനില്‍പ്പ് ദുഷ്‌കരമാണ്. പിന്നെ ഏകാധിപത്യ രാജ്യങ്ങളിലെ കാര്യം പറയേണ്ടതുണ്ടോ?

കേരളത്തിലുമുണ്ട് ഇത്തരം അനുഭവങ്ങള്‍. തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന സ്വദേശാഭിമാനി പത്രം അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ പി രാജഗോപാലാചാരിയുടെ ദുഷ്‌ചെയ്തികളെ വിമര്‍ശിച്ചതിന്റെ പേരില്‍ 1910 ല്‍ നിരോധിക്കപ്പെട്ടു. പത്രാധിപര്‍ കെ രാമകൃഷ്ണപിള്ളയെ അറസ്റ്റ് ചെയ്തു തിരുവിതാംകൂറില്‍ നിന്നു നാടുകടത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മാധ്യമ ചരിത്രത്തില്‍ ധാരാളം ഉണ്ട്.

സ്വതന്ത്രമായ പത്രപ്രവര്‍ത്തനം, തിരുത്തല്‍ ശക്തി, ഭരണഘടനാ സംരക്ഷണം എന്നിവയൊക്കെ പലപ്പോഴും നല്ല ആശയങ്ങളും സ്വപ്നങ്ങളും മാത്രമാണ്. അധികാരികളുടെ അപ്രീതിക്ക് പാത്രമായാല്‍ ജനാധിപത്യ സംവിധാനത്തില്‍ പോലും പത്രങ്ങളുടെ നിലനില്‍പ്പ് ദുഷ്‌കരമാണ്. പിന്നെ ഏകാധിപത്യ രാജ്യങ്ങളിലെ കാര്യം പറയേണ്ടതുണ്ടോ?

സോവിയറ്റ് യൂണിയനില്‍ എന്നെങ്കിലും പത്ര സ്വാതന്ത്ര്യമുണ്ടായിരുന്നോ? പൂര്‍വ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുണ്ടായിരുന്നോ? ചൈനയിലും വിയറ്റ്‌നാമിലും കൊറിയയിലും എന്താണ് സ്ഥിതി? അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യമെങ്ങനെയായിരുന്നു? ഇതൊക്കെ പരിഗണിക്കുമ്പോള്‍ പത്രങ്ങളുടെ സ്വാതന്ത്ര്യം വളരെ പരിമിതമാണെന്നും അവയുടെ നിലനില്‍പ്പുപോലും പലപ്പോഴും അപകടാവസ്ഥയിലാണെന്നുമല്ലേ വ്യക്തമാകുന്നത്?

ഇപ്പറഞ്ഞതെല്ലാം ബാഹ്യശക്തികള്‍ സൃഷ്ടിക്കുന്ന അസ്വാതന്ത്ര്യത്തെപ്പറ്റിയാണ്? മാനേജ്‌മെന്റിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചല്ലേ ഏതു പത്രത്തിനും പ്രവര്‍ത്തിക്കാനാകൂ? രാഷ്ട്രീയം, സമുദായം, സാമ്പത്തികം തുടങ്ങിയ ഘടകങ്ങള്‍ പത്രങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് പലപ്പോഴും വിഘാതം സൃഷ്ടിക്കുന്നു. വസ്തുതകള്‍ ഇതാണെന്നിരിക്കെ കേരളത്തിലെ മാത്രം സാഹചര്യം മുന്‍നിര്‍ത്തി, പത്രശക്തിയെക്കുറിച്ച് ഊറ്റം കൊള്ളുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണ്.

നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമുള്ളപ്പോഴും, നിഷ്പക്ഷമായും സത്യസന്ധമായും സ്വധര്‍മ്മം നിര്‍വഹിക്കാന്‍ പലപ്പോഴും പത്രങ്ങള്‍ക്ക് കഴിയാറില്ല എന്നതല്ലേ വാസ്തവം. അടിയന്തരാവസ്ഥയില്‍ പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജന്റെ കഥ പത്രങ്ങള്‍ ധാരാളം എഴുതി. അത് നല്ലതുതന്നെ. പക്ഷേ, അടിയന്തരാവസ്ഥയൊന്നുമില്ലാതിരുന്ന കാലത്ത് ചേര്‍ത്തലയില്‍ പൊലീസ് ലോക്കപ്പില്‍ മരിച്ചു കിടന്ന ഗോപിയെന്ന ചെറുപ്പക്കാരന്റെ കഥയെന്തേ പത്രങ്ങള്‍ മറന്നുകളഞ്ഞു? അതും, സംഭവം തികച്ചും അസാധാരണമായിരുന്നിട്ടുപോലും.

സംഭവം നടന്നത് 1988 ലാണ്. മോഷണക്കുറ്റം ആരോപിച്ചാണു പൊലീസ് ഗോപിയെ പിടികൂടി ലോക്കപ്പിലിട്ടു ക്രൂരമായി മര്‍ദിച്ചത്. പിറ്റേന്ന് അയാളുടെ ജഡമാണ് വീട്ടുകാര്‍ക്ക് കിട്ടിയത്. ദുഃഖവും രോഷവും താങ്ങാനാവാതെ പിതാവ് തങ്കച്ചന്‍ തനിക്ക് നീതി കിട്ടാതെ മകന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നിശ്ചയിച്ചു. വീട്ടുമുറ്റത്ത് ഒരു ടാങ്ക് നിര്‍മ്മിച്ച് അതില്‍ ഫോര്‍മാലിന്‍ നിറച്ച് മകന്റെ മൃതദേഹം അഴിഞ്ഞു പോകാതെ സൂക്ഷിച്ചു. 11 വര്‍ഷം കഴിഞ്ഞ് അദ്ദേഹം മരണമടഞ്ഞശേഷം മാത്രമാണ് ഗോപിയുടെ മൃതശരീരം മറവ് ചെയ്യാന്‍ കഴിഞ്ഞത്. ഇരുപത് വര്‍ഷത്തിനുശേഷം 2008 ലാണ് ഈ കേസില്‍ കുറ്റക്കാര്‍ക്കെതിരെ കോടതി വിധിയുണ്ടായത്. രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും ശിക്ഷ ലഭിച്ചു. അസാധാരണങ്ങളില്‍ അസാധാരണ മായ ഈ സംഭവത്തെക്കുറിച്ച് നമ്മുടെ ഏതെങ്കിലും പത്രം ഫീച്ചര്‍ എഴുതിയതായി കണ്ടില്ല; എന്നല്ല, ജനങ്ങളുടെ ധാര്‍മ്മിക മനസ്സാക്ഷി ഉണര്‍ത്തും വിധം അതു വിശദമായി റിപ്പോര്‍ട്ട് ചെയ്തതായി പോലും കാണുന്നില്ല. ഇത് ബോധപൂര്‍വമായി രുന്നു എന്ന് കരുതാനാവില്ല. എങ്കിലും പത്രധര്‍മ്മനിര്‍വഹണത്തില്‍ വീഴ്ച ഉണ്ടായി എന്ന് പറയാതിരിക്കാനാവില്ല.

ഇതുപോലെതന്നെ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളില്‍ തെറ്റിദ്ധാരണയു ണ്ടാക്കുന്നതും പത്രധര്‍മ്മത്തിനു വിരുദ്ധമാണ്. ഇതിനൊരുദാഹരണമാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം ഭരണഘടന വിരുദ്ധമായിരുന്നു എന്ന ആരോപണം. ഭരണഘടനയുടെ 352 മുതല്‍ 359 വരെയുള്ള അനുച്ഛേദങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്കുള്ള അധികാരത്തെ പ്പറ്റിയാണു സംസാരിക്കുന്നത്. ഇത് മനസ്സിലാക്കാതെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഭരണഘടനാവിരുദ്ധമാണെന്ന് രാഷ്ട്രീയ താല്‍പര്യത്തോടെ നമ്മുടെ മാധ്യമങ്ങള്‍ മത്സരിച്ച് ഫീച്ചറുകള്‍ എഴുതി കൂട്ടുകയായിരുന്നു. ഇപ്പോഴും അത് തുടരുന്നു എന്നതാണ് വിചിത്രം. അടിയന്തരാവസ്ഥക്കാലത്ത് അധികാരികള്‍ ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്തു എന്നതാണ് ദുഃഖകരമായ വസ്തുത.

ഇതുപോലെതന്നെ സമീപകാലത്തുണ്ടായ മറ്റൊരു വിവാദമാണ് ഏകീകൃത സിവില്‍ കോഡ് കാര്യം. ഭരണഘടനയുടെ അനുച്ഛേദം 44 ഇങ്ങനെയാണ്: ''പൗരന്മാര്‍ക്കു ഭാരതത്തിന്റെ ഭൂപ്രദേശം ഒട്ടാകെ ഏക രൂപമായ ഒരു സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ്.'' വസ്തുത ഇതാണെന്നിരിക്കെ, ഏകീകൃത സിവില്‍ കോഡ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഭരണഘടനാവിരുദ്ധം എന്ന് ആക്ഷേപിക്കാനാകുമോ?

എതിരാളിയെ കല്ലെറിഞ്ഞു വീഴ്ത്തുന്ന പ്രാകൃത കര്‍മ്മത്തിന്റെ മഹത്വീകൃത രൂപമായി മാധ്യമ പ്രവര്‍ത്തനം അധഃപതിച്ചു പോയ കെട്ട കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട്, മനുഷ്യാവകാശങ്ങളുടെ പ്രഘോഷണമായും ജനാധിപത്യ മൂല്യങ്ങളുടെ ഉണര്‍ത്തുപാട്ടായും സ്‌നേഹം സംഗീതം പോലെ അനുഭവപ്പെടുന്ന വാഴ്ത്തു ഗീതമായും നമ്മുടെ മാധ്യമ പ്രവര്‍ത്തനം ഒരു സുവര്‍ണ്ണ യുഗത്തിലേക്ക് പ്രവേശിക്കുന്ന നല്ല നാളുകള്‍ പ്രത്യാശാപൂര്‍വം നമുക്കു കാത്തിരിക്കാം.

വാര്‍ത്തകള്‍ എപ്പോഴും സെന്‍സേഷണലായിരിക്കണമെന്ന ശാഠ്യം പലപ്പോഴും പത്രധര്‍മ്മത്തിന് കളങ്കം ചാര്‍ത്തുന്നുണ്ട്. വായനക്കാര്‍ക്കു രസിക്കുമെന്നു കരുതി, യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ച് അവരെ രസിപ്പിക്കുന്ന രീതിയില്‍ പലരും വാര്‍ത്തകള്‍ മെനയാന്‍ ശ്രമിക്കാറുണ്ട്. അത് പലപ്പോഴും സാംസ്‌കാരിക മലിനീകരണത്തിനു തന്നെ കാരണമാകുന്നു. സത്യം മനസ്സിലാക്കുന്നതില്‍ നിന്നും വായനക്കാരെ തടയുന്നു എന്ന ദോഷവും ഈ സമീപനത്തിനുണ്ട്. ഉദാഹരണമായി ഏറെ കോളിളക്കം സൃഷ്ടിച്ച അഭയാകേസ് തന്നെ പരാമര്‍ശിക്കട്ടെ. രണ്ടു വൈദികരും ഒരു സന്യാസിനിയും കൊലപാതകികളാണെന്ന് ആരോപിക്കപ്പെട്ട ആ കേസ് നമ്മുടെ വാര്‍ത്താമാധ്യമങ്ങള്‍ ചില്ലറയൊന്നുമല്ല ആഘോഷിച്ചത്. അവര്‍ കുറ്റക്കാരാണെന്ന് മാധ്യമങ്ങള്‍ തന്നെ സമര്‍ത്ഥിക്കാന്‍ പാടുപെട്ടു. ജഡ്ജിമാര്‍ അതനുസരിച്ച് വിധിയെഴുതിയാല്‍ മാത്രം മതിയെന്നായിരുന്നു അവരുടെ ഭാവം. എന്നാല്‍ അവരുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി സി ബി ഐ അന്വേഷണത്തിനു മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടു 2009 ജനുവരിയില്‍ ജസ്റ്റിസ് ആര്‍ ബസന്ത് എഴുതിയ വിധിയും പ്രതികള്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ട് 2009 ജനുവരിയില്‍ തന്നെ ജസ്റ്റിസ് കെ ഹേമ എഴുതിയ വിധിയും മാധ്യമങ്ങള്‍ക്കു തീരെ ദഹിക്കുന്നതായിരുന്നില്ല. അവര്‍ ജസ്റ്റിസുമാരെ പരിഹസിക്കാനാണു തയ്യാറായത്. തങ്ങളുടെ മുന്‍വിധികള്‍ തെറ്റെന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളെ പുനര്‍വിചിന്തനത്തിന് ഉതകും വിധം അംഗീകരിക്കുന്നതിനു പകരം അവയെ തള്ളിപ്പറയാനും അപഹസിക്കാനും ശ്രമിക്കുന്നത് മാധ്യമ ധര്‍മ്മത്തിന് കളങ്കം ചാര്‍ത്തലല്ലേ? ചിന്താശീലരായ ജനങ്ങള്‍ക്ക് ഇത്തരം കഥകളിലെ നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയും. അതുവഴി നഷ്ടപ്പെടുന്നതു മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. വിശ്വാസ്യത നഷ്ടപ്പെട്ട മാധ്യമങ്ങള്‍ക്കു ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നതെങ്ങനെ?

1994 ലെ ചാരക്കേസ് കൂടി ഇവിടെ ഉദാഹരിക്കട്ടെ. രണ്ടു മാലിദ്വീപ് വനിതകളുടെ ഇടപെടലിലൂടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് ഇന്ധന സാങ്കേതികവിദ്യ രണ്ട് ശാസ്ത്രജ്ഞര്‍ വഴി പാക്കിസ്ഥാന് ചോര്‍ന്നു കിട്ടിയെന്ന ആരോപണമായിരുന്നു കേസിനടിസ്ഥാനം. രണ്ടു സ്ത്രീകളും ഒന്ന് രണ്ട് ശാസ്ത്രജ്ഞന്മാരും ഉള്‍പ്പെട്ട ഈ കേസും പത്രമാധ്യമങ്ങള്‍ ഗംഭീരമായി തന്നെ ആഘോഷിച്ചു. ഒപ്പം കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. അത് രാഷ്ട്രീയത്തിലെ ഗ്രൂപ്പുകളിക്ക് ഇന്ധനമായി. മുഖ്യമന്ത്രിക്കു രാജിവയ്‌ക്കേണ്ടി വന്നു.

പില്‍ക്കാലത്ത് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി സി ബി ഐ കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഇത് ചാരക്കേസല്ല വ്യഭിചാര കേസാണ് എന്ന 'അങ്ങാടിപ്പരസ്യം' അന്ന് തലസ്ഥാന വൃത്തങ്ങളില്‍ ഒഴുകി പടര്‍ന്നിരുന്നിട്ടും സത്യാവസ്ഥ അറിയാന്‍ ശ്രമിക്കാതെ വാര്‍ത്താമാധ്യമങ്ങള്‍ ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുകയായിരുന്നു.

ഇതുപോലെ തന്നെ മറ്റൊരു സംഭവമാണ് 2013 ലെ ബാര്‍കോഴ വിവാദവും. ചാരക്കേസിലെ ഇര മുഖ്യമന്ത്രി കരുണാകരനായിരുന്നെങ്കില്‍ ബാര്‍കോഴയിലെ ഇര ധനമന്ത്രി കെ എം മാണിയായിരുന്നു. കുറ്റക്കാരനാണെന്നു സ്ഥാപിക്കാന്‍ തത്രപ്പെട്ട മാധ്യമങ്ങള്‍ക്കു സമൂഹത്തില്‍ കാതോടുകാതു പകര്‍ന്നു പ്രചരിപ്പിച്ചിരുന്ന പിന്നാമ്പുറ കഥകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആരോപണ വിധേയനു നേരെ വീണ്ടും വീണ്ടും കല്ലെറിയുന്നതിലായിരുന്നു അവര്‍ക്കു കൗതുകം.

വാര്‍ത്തകള്‍ എപ്പോഴും സെന്‍സേഷണലായിരിക്കണമെന്ന ശാഠ്യം പലപ്പോഴും പത്രധര്‍മ്മത്തിന് കളങ്കം ചാര്‍ത്തുന്നുണ്ട്. വായനക്കാര്‍ക്കു രസിക്കുമെന്നു കരുതി, യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ച് അവരെ രസിപ്പിക്കുന്ന രീതിയില്‍ പലരും വാര്‍ത്തകള്‍ മെനയാന്‍ ശ്രമിക്കാറുണ്ട്. അത് പലപ്പോഴും സാംസ്‌കാരിക മലിനീകരണത്തിനു തന്നെ കാരണമാകുന്നു.

ഈ വസ്തുതകള്‍ വ്യക്തമാക്കുന്നത് മാധ്യമങ്ങളുടെ ബലങ്ങളെക്കാള്‍ അവയുടെ ദൗര്‍ബല്യങ്ങളെയാണ്. ദുര്‍ബലമായ മാധ്യമങ്ങള്‍ക്ക് ഒരിക്കലും അവര്‍ക്ക് കല്‍പ്പിച്ചു കിട്ടിയിരിക്കുന്ന 'ഫോര്‍ത്ത് എസ്റ്റേറ്റ്' എന്ന പദവി നിലനിര്‍ത്താനാവില്ല.

എതിരാളിയെ കല്ലെറിഞ്ഞു വീഴ്ത്തുന്ന പ്രാകൃത കര്‍മ്മത്തിന്റെ മഹത്വീകൃത രൂപമായി മാധ്യമപ്രവര്‍ത്തനം അധഃപതിച്ചു പോയ കെട്ട കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട്, മനുഷ്യാവകാശങ്ങളുടെ പ്രഘോഷണമായും ജനാധിപത്യ മൂല്യങ്ങളുടെ ഉണര്‍ത്തുപാട്ടായും സ്‌നേഹം സംഗീതം പോലെ അനുഭവപ്പെടുന്ന വാഴ്ത്തുഗീതമായും നമ്മുടെ മാധ്യമപ്രവര്‍ത്തനം ഒരു സുവര്‍ണ്ണ യുഗത്തിലേക്ക് പ്രവേശിക്കുന്ന നല്ല നാളുകള്‍ പ്രത്യാശാപൂര്‍വം നമുക്കു കാത്തിരിക്കാം. അങ്ങനെയൊരു ശുക്രദശയിലേ ഭരണഘടന സംരക്ഷകരായി നിലകൊള്ളാന്‍ മാധ്യമങ്ങള്‍ക്കു കഴിയൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org