സംഭാഷണത്തിനൊടുവില്‍ സമവായം

സംഭാഷണത്തിനൊടുവില്‍ സമവായം
എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായിരിക്കുകയാണ് ബിഷപ് ബോസ്‌കോ പുത്തൂര്‍. തൃശ്ശൂര്‍ അതിരൂപതാ വികാരി ജനറാള്‍, മംഗലപ്പുഴ സെമിനാരി റെക്ടര്‍, സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ആദ്യത്തെ സഭാ കൂരിയാ മെത്രാന്‍, ആസ്‌ത്രേലിയായിലെ മെല്‍ബോണ്‍ രൂപതയുടെ പ്രഥമമെത്രാന്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ മെല്‍ബോണ്‍ രൂപതയുടെ അധ്യക്ഷപദവിയില്‍ നിന്നു വിരമിച്ചശേഷം ഒഡിഷയില്‍ മിഷണറിയായി സേവനം ചെയ്തു വരികെയാണ് അപ്രതീക്ഷിതമായ ഈ പുതിയ നിയോഗം. ബിഷപ് ബോസ്‌കോ പുത്തൂരുമായി സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്...
Q

തൃശ്ശൂരിലും ആലുവ മേജര്‍ സെമിനാരിയിലും കാക്കനാട് കൂരിയയിലും മെല്‍ബണിലും ഒഡീഷയിലും അങ്ങ് ശുശ്രൂഷാജീവിതം ചെലവഴിച്ചിട്ടുണ്ട്. ഏറ്റവും അവിസ്മരണീയമായ ക്രിസ്മസ് എവിടെയായിരുന്നു?

A

എന്റെ പൗരോഹിത്യജീവിതത്തില്‍ 30 ലധികം വര്‍ഷക്കാലം എറണാകുളം അതിരൂപതയുടെ അകത്താണ് ഞാന്‍ ചെലവഴിച്ചത്. 22 കൊല്ലം മംഗലപ്പുഴ സെമിനാരിയിലും പത്തുകൊല്ലം കാക്കനാട് മൗണ്ട് സെന്റ് തോമസിലും. അങ്ങനെ 32 കൊല്ലം. അതിന്റെ മൂന്നിലൊന്നു പോലും തൃശ്ശൂര്‍ അതിരൂപതയില്‍ ചെലവഴിച്ചിട്ടില്ല.

വളരെ പ്രത്യേകമായ ഒരു ക്രിസ്മസ് അനുഭവം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ വച്ചുണ്ടായതാണ്. ഞാനന്ന് റോമിലെ പ്രൊപ്പഗാന്റ കോളജില്‍ സെമിനാരി വിദ്യാര്‍ഥി ആയിരുന്നു. ഒരു യൂറോപ്യന്‍ കുടുംബത്തോടു കൂടെ വിയന്ന കത്തീഡ്രലില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയി. കുര്‍ബാന കഴിഞ്ഞു, എങ്ങും മഞ്ഞുവീണു കിടക്കുന്നു, നല്ല തണുപ്പുണ്ട്. കത്തീഡ്രലിന്റെ പുറത്തേക്ക് കടന്ന്, എന്നെ കൊണ്ടുപോയ കുടുംബത്തിനുവേണ്ടി കാത്തു നില്‍ക്കുകയാണ്. അപ്പോള്‍ ഒരു ഭാര്യയും ഭര്‍ത്താവും അപരിചിതനായ ഞാന്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നത് കണ്ടു. ഒരു പക്ഷേ, ആ കത്തീഡ്രലില്‍ അന്നുണ്ടായിരുന്നവരില്‍ യൂറോപ്യന്‍ അല്ലാത്ത ഒരാള്‍ ഞാന്‍ മാത്രമായിരിക്കും. അവര്‍ എന്റെ അടുത്തു വന്നിട്ട് പറഞ്ഞു, നിങ്ങള്‍ക്ക് സന്തോഷമാണെങ്കില്‍ ക്രിസ്മസ് ഡിന്നറിന് നിങ്ങളെ ഞങ്ങള്‍ വീട്ടിലേക്ക് ക്ഷണിക്കുന്നു. എനിക്ക് ഏറ്റവും ഹൃദയസ്പര്‍ശിയായി തോന്നിയ ഒരു ക്രിസ്മസ് അനുഭവം അതാണ്. കാരണം, എന്നെ ഒറ്റപ്പെട്ടവനായി കണ്ടിട്ട് യാതൊരു മുന്‍പരിചയവും ഇല്ലാത്ത ഒരു കുടുംബം ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കുന്നു. മറ്റൊരു കുടുംബത്തെ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു. പക്ഷേ അവരുടെ ആ ക്ഷണം അവിസ്മരണീയമാണ്.

മറ്റൊരു വലിയ അനുഭവം തൃശ്ശൂരില്‍ വച്ചുണ്ടായതാണ്. ഞാന്‍ വികാരി ജനറല്‍ ആയിരുന്നപ്പോഴായിരുന്നു അത്. തൃശ്ശൂരില്‍ ഞങ്ങള്‍ക്ക് രണ്ട് വൈദിക മന്ദിരങ്ങള്‍ ഉണ്ടായിരുന്നു. ഒരെണ്ണം മെത്രാസനമന്ദിരത്തോടു ചേര്‍ന്നായിരുന്നു. അവിടെ പാചകമില്ല, ഭക്ഷണം എത്തിച്ചുകൊടുക്കുകയാണ്. ഫാ. മേരി ഫ്രാന്‍സിസ് ചിറമേല്‍ എന്ന വൈദികന്‍ ആ മന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുന്നുണ്ടായിരുന്നു. ക്രിസ്മസ് വിരുന്നിന് അച്ചന്മാരെ ക്ഷണിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഞാന്‍ വൈദിക മന്ദിരത്തിലേക്ക് ചെന്നപ്പോള്‍ ഈ അച്ചന്റെ മുറിയില്‍ ഒരു ഭിക്ഷക്കാരന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു, അച്ചന്‍ വിളമ്പിക്കൊടുക്കുന്നു. ഞാന്‍ വിവരം അന്വേഷി ച്ചു. ക്രിസ്മസായിട്ട് ഇന്ന് ഈശോയെ തന്നെ എനിക്ക് ഉച്ചഭക്ഷണത്തിനു കിട്ടി എന്നായിരുന്നു അച്ചന്റെ മറുപടി. തനിക്കുള്ള ഭക്ഷണം വന്നപ്പോള്‍, അച്ചന്‍ ആ കവലയില്‍ ചെന്ന് ഒരു ഭിക്ഷക്കാരനെ ക്ഷണിച്ചുകൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്ന രംഗമായിരുന്നു അത്. ഞാന്‍ ചോദിച്ചു, അച്ചനുള്ള ഭക്ഷണമോ?

ഈശോ എന്തെങ്കിലും ബാക്കി വയ്ക്കാതിരിക്കില്ല എന്നായിരുന്നു അച്ചന്റെ മറുപടി. ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായിരുന്നു അത്. അദ്ദേഹം പിന്നീട് ഒരു അപകടത്തില്‍ മരിച്ചു. വലിയൊരു സാക്ഷ്യം എനിക്ക് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് കിട്ടി. ഇതു രണ്ടും ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് ക്രിസ്മസ് അനുഭവങ്ങള്‍. എപ്പോഴും മറ്റുള്ളവരെ പരിഗണിക്കുന്ന, അവരോട് ഔദാര്യം കാണിക്കുന്ന, ഈശോയെപ്പോലെ കരുണാപൂര്‍വം അപരനെ ശുശ്രൂഷിക്കുന്ന അനുഭവം. ചിറമേലച്ചന്റെ കാര്യത്തില്‍ അതു വെറുതെ വന്നയാളല്ല, അദ്ദേഹം പോയി ക്ഷണിച്ചു കൊണ്ടുവന്നതാണ്.

മറ്റൊരിക്കല്‍ കോട്ടപ്പടി എന്ന സ്ഥലത്ത് ഇപ്പോള്‍ കല്യാണ്‍ രൂപതയില്‍ ജോലി ചെയ്യുന്ന ഫാ. ജേക്കബ് പൊറത്തൂരിന്റെ തിരുപ്പട്ടത്തിന് പോയി മടങ്ങുകയായിരുന്നു ഞാന്‍. ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു ടാക്‌സിക്കാരന്‍ വന്നു വണ്ടി നിര്‍ത്തി തൃശ്ശൂര്‍ക്കാണെങ്കില്‍ കയറിക്കൊള്ളുക എ ന്നു പറഞ്ഞു. ഞാന്‍ ഒന്നു മടിച്ചപ്പോള്‍, ഒന്നും തരണ്ട അച്ചന്‍ കയറിക്കോളൂ എന്നു നിര്‍ബന്ധിച്ചു. യാത്രയ്ക്കിടയില്‍ അയാള്‍ വളരെ സന്തുഷ്ടനാണ് എന്ന് കണ്ടു. എന്താണ് ഇത്ര സന്തോഷം എന്ന് ഞാന്‍ ചോദിച്ചു. ഒന്നും പറയാന്‍ പറ്റില്ല, പറഞ്ഞാല്‍ അച്ചന്‍ വിശ്വസിക്കില്ല എന്നായിരുന്നു മറുപടി. ഞാന്‍ നിര്‍ബന്ധിച്ചു. അദ്ദേഹം തന്റെ കഥ പറഞ്ഞു: 'ഞാന്‍ ഒരു താന്തോന്നി ആയിരുന്നു. ആറു മക്കളുണ്ട്. തൃശ്ശൂര്‍ റൗണ്ടിലാണ് വണ്ടി ഓടിക്കുന്നത്. ഒരു രാത്രി വണ്ടിയുമായി തിരിച്ചു പോകാന്‍ നേരത്ത് പൂരപ്പറമ്പിലെ ഇരുട്ടത്ത് ഒരു മരത്തിനു ചുവട്ടില്‍ അരണ്ട വെളിച്ചത്തില്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. അടുത്തുചെന്നു നോക്കിയപ്പോള്‍ അവളുടെ കയ്യില്‍ രണ്ട് ചോരക്കുഞ്ഞുങ്ങള്‍. അവിവാഹിതയായ ആ യുവതി, ആശുപത്രിയില്‍ വന്ന് പ്രസവിക്കുകയായിരുന്നു, ഇരട്ട കുഞ്ഞുങ്ങളെ കിട്ടി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എവിടെ പോകണം എന്ന് അറിയില്ല. രാത്രിയില്‍ ആ കുഞ്ഞുങ്ങളെ ആരും അറിയാതെ ഉപേക്ഷിച്ചു പോകാനാണ് ആ യുവതി പൂരപ്പറമ്പില്‍ നിന്നിരുന്നത്. ഞാന്‍ ക്രിസ്ത്യാനി ഒന്നുമല്ല, പക്ഷേ എന്റെ വീടിനടുത്ത് പള്ളി ഉണ്ട്. ഈ കുട്ടികളെ കണ്ടപ്പോള്‍ എനിക്ക് ആ പള്ളിയിലെ പുല്‍ക്കൂട്ടില്‍ കിടക്കുന്ന ഉണ്ണീശോയുടെ ചിത്രമാണ് ഓര്‍മ്മ വന്നത്. ഈ കുട്ടികള്‍ നഷ്ടപ്പെട്ടു പോകരുത് എന്ന് ഞാന്‍ കരുതി. അവള്‍ ഉപേക്ഷിച്ചു പോയി കഴിഞ്ഞാല്‍ പിന്നെ നായ്ക്കള്‍ ആയിരിക്കും ഒരു പക്ഷേ ആ കുട്ടികളെ കാണുക. അതുകൊണ്ട് ഞാന്‍ ആ സ്ത്രീയെയും കുട്ടികളെയും കൊണ്ട് ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെന്നു. ഇന്ന് അവരെ അവിടെ താമസിപ്പിക്കുക നാളെ മറ്റെന്തെങ്കിലും വഴി ഉണ്ടാക്കാം എന്ന് പറഞ്ഞു. വീട്ടില്‍ ചെന്ന് ഈ സംഭവം വിവരിച്ചു. ഭാര്യയും ആറു മക്കളും ഉണ്ട്. അവര്‍ അന്ധാളിച്ചു നില്‍ക്കുകയാണ്. അവരോട് സ്‌നേഹത്തോടുകൂടി ഒന്നും പറഞ്ഞിട്ടില്ലാത്ത ഞാന്‍ വീട്ടുകാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാത്ത ഞാന്‍ ഇതൊക്കെ പറയുന്നതു കേട്ട് അവര്‍ എനിക്ക് വട്ടാണെന്ന് കരുതി. ഞാന്‍ ഭാര്യയോട് പറഞ്ഞു, അതിലൊരു കുട്ടിയെ നമുക്ക് ഇങ്ങോട്ടു കൊണ്ടുവന്നാലോ? അവള്‍ ആകെ ദേഷ്യപ്പെട്ടു. മുതിര്‍ന്ന മക്കള്‍ക്കും ഇഷ്ടപ്പെട്ടില്ല. എങ്കിലും ആ കുട്ടിയെ ഞാന്‍ വീട്ടിലേക്ക് കൊണ്ടുവന്നു. ആ കുഞ്ഞ് വീട്ടില്‍ വന്നശേഷം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. പിന്നെ ഞാന്‍ കുടിച്ചിട്ടില്ല. കുടിക്കാന്‍ ഉപയോഗിച്ചിരുന്ന കാശ് ഈ കുട്ടിക്ക് വേണ്ടി നിക്ഷേപിക്കുകയാണ്. നരകമായിരുന്ന എന്റെ വീട് ആ കുഞ്ഞു വന്നതോടെ സ്വര്‍ഗമായിത്തീര്‍ന്നു.''

രണ്ടാമത്തെ കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് ഞാന്‍ അന്വേഷിച്ചു. ''രണ്ടാമത്തെ കുഞ്ഞിനെ ആ അമ്മ തന്നെ കൊണ്ടുപോയി. പിറ്റേന്നു രാവിലെ ആ കുഞ്ഞുമായി അവള്‍ ബസ് സ്റ്റാന്‍ഡില്‍ ചെന്നു. കുറേ കോളജ് വിദ്യാര്‍ത്ഥിനികള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. ഒന്നു പിടിക്കാമോ എന്നു ചോദിച്ചു കുഞ്ഞിനെ അവള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ ഏല്‍പ്പിച്ചു. പിന്നെ അവിടെ നിന്നും മുങ്ങി. കോളജു കുമാരി കുറെ കഴിഞ്ഞപ്പോള്‍ കരച്ചിലായി, ആളുകള്‍ അന്വേഷിച്ചു, ആശുപത്രിയിലെ സൂപ്രണ്ടിനെ ഏല്‍പ്പിച്ചു, പത്രത്തില്‍ വാര്‍ത്ത വന്നു. അപ്പോള്‍ പലരും ആ രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുക്കാന്‍ തയ്യാറായി. അന്നത്തെ രീതിയനുസരിച്ച്, ഇരുപതിനായിരം രൂപ ഡെപ്പോസിറ്റ് നല്‍കി ഏറ്റവും അര്‍ഹരായ ഒരു കുടുംബം കുട്ടിയെ ദത്തെടുത്തു.'

പത്തു പൈസ കൊടുക്കാതെ തനിക്ക് ഒരു കുഞ്ഞിനെ കിട്ടിയെന്നും ജീവിതത്തില്‍ അതു വലിയൊരു വഴിത്തിരിവായി എന്നും ആ ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. ഹിന്ദുവായ ആ ടാക്‌സി ഡ്രൈവറുടെ ജീവിതകഥയും ക്രിസ്മസുമായി ബന്ധപ്പെട്ട് ഓര്‍മ്മയുള്ള വലിയൊരു ജീവിതാനുഭവമാണ്. നമ്മുടെ ജീവിതത്തില്‍ ക്രിസ്മസ് മാറ്റം വരുത്തണം. ക്രിസ്മസിന്റെ ചൈതന്യം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റുള്ളവരോടുള്ള കരുതലിന്റെയും ചിന്തയാണ്.

മറ്റുള്ളവരില്‍ ഈശോയുടെ മുഖം ദര്‍ശിക്കാന്‍ സാധിക്കുക. അത് നമുക്ക് ശാന്തിയും സമാധാനവും കൈവരിക്കാന്‍ സഹായിക്കുന്നു. ക്രിസ്മസ് നമ്മില്‍ യാതൊരു മാറ്റവും വരുത്തുന്നില്ലെങ്കില്‍ ആഘോഷങ്ങളിലൊന്നും യാതൊരു അര്‍ത്ഥവുമില്ല.

Q

ഈ അനുഭവങ്ങളില്‍ മൂന്ന് കൂട്ടരും തങ്ങളുടേത് അല്ലാത്ത വ്യക്തികളെ, ആശയങ്ങളെ, അന്യമായ ചിന്തകളെ സ്വീകരിക്കുകയാണ്. അപ്പോള്‍ ക്രിസ്മസ് സഹിഷ്ണുതയുടെ ഒരു സന്ദേശം കൂടി മുന്നോട്ടു വയ്ക്കുന്നില്ലേ?

A

അതെ, മറ്റുള്ളവരില്‍ ഈശോയുടെ മുഖം ദര്‍ശിക്കാന്‍ സാധിക്കുക. അത് നമുക്ക് ശാന്തിയും സമാധാനവും കൈവരിക്കാന്‍ സഹായിക്കുന്നു. ക്രിസ്മസ് നമ്മില്‍ യാതൊരു മാറ്റവും വരുത്തുന്നില്ലെങ്കില്‍ ആഘോഷങ്ങളിലൊന്നും യാതൊരു അര്‍ത്ഥവുമില്ല. ആരോ പറഞ്ഞതുപോലെ ആയിരം നക്ഷത്രങ്ങള്‍ ആകാശത്ത് വിരിഞ്ഞാലും എന്റെ മനസ്സില്‍ ഈശോയുടെ ജനനത്തിന്റെ നക്ഷത്രം വിടരുന്നില്ലെങ്കില്‍ എന്ത് കാര്യം? അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് മാലാഖമാര്‍ പാടിയാല്‍ പോരാ. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ ഞാന്‍ പരിശ്രമിക്കണം. ഈശോയുടെ ദാനമായ സമാധാനം സ്വീകരിക്കാനു ള്ള നല്ല മനസ്സ് എനിക്ക് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ആഘോഷങ്ങള്‍ക്ക് അര്‍ത്ഥമില്ല.

Q

അപ്രതീക്ഷിതമായിരിക്കുമല്ലോ ഈ ക്രിസ്മസിന് പുതിയൊരു നിയോഗം അങ്ങേക്ക് ലഭിച്ചത്. ഈയൊരു നിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ അങ്ങയുടെ മനസ്സില്‍ ആദ്യം ഉണ്ടായ തോന്നല്‍ എന്താണ്?

A

മെല്‍ബണ്‍ രൂപതയില്‍ നിന്ന് മെയ് 31-നാണ് ഞാന്‍ വിരമിച്ചത്. അതിനുശേഷം നാട്ടില്‍ വന്നു. നവംബര്‍ ഒന്നാം തീയതി മുതല്‍ ഒഡീഷയിലെ രാംപൂര്‍ എന്ന സ്ഥലത്ത് എം എസ് ടി അച്ചന്മാരുടെ ശുശ്രൂഷയുടെ ഭാഗമായി നില്‍ക്കുകയായിരുന്നു. ഞാന്‍ ഉദ്ദശിച്ചിരുന്നത് ഡിസംബര്‍ 24-ാം തീയതി ആ ഭാഗത്തുള്ള എല്ലാ ഗ്രാമങ്ങളില്‍ നിന്നുമുള്ള പാവപ്പെട്ട ആദിവാസി ക്രൈസ്തവരെ ഒരുമിച്ചു കൂട്ടിയുള്ള ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുക, ഇരുപത്തിയഞ്ചാം തീയതി ഏതെങ്കിലും ഒരു ഗ്രാമത്തില്‍ അവരോടൊപ്പം ക്രിസ്മസ് ആഘോഷിക്കുക എന്നായിരുന്നു. നാട്ടിലേക്ക് ടിക്കറ്റ് എടുത്തുവച്ചിരുന്നത് ഡിസംബര്‍ 26-നായിരുന്നു. അതിനിടയിലാ ണ് ഇങ്ങനെ ഒരു നിയോഗം വന്നത്. ഇത് എന്നോട് ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഞാന്‍ ചിന്തിച്ചത് കുരിശിന്റെ വഴിയിലെ അഞ്ചാം സ്ഥലത്തെക്കുറിച്ചാണ്. ഈശോ കുരിശു ചുമന്നു പോകുമ്പോള്‍ പട്ടണത്തിനു പുറത്തു വയലില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോയിക്കൊണ്ടിരുന്ന ശിമയോ നെ പട്ടാളക്കാര്‍ നിര്‍ബന്ധിച്ചു ഈശോയുടെ കുരിശ് ചുമക്കാന്‍ ഏല്‍പ്പിക്കുകയാണ്. ഞാനും വിരമിച്ച് അല്പം സ്വസ്ഥമായി, ചെറിയ മിഷന്‍ പ്രവര്‍ത്തനമൊക്കെ ചെയ്തുകൊണ്ടിരിക്കാം എന്ന് കരുതിയ സാഹചര്യത്തിലാണ് ഈ നിയോഗം വരുന്നത്. ഈ സമയത്ത് എന്നിലൂടെ കടന്നുപോയ ചിത്രം ഈശോയെ കുരിശെടുക്കാന്‍ സഹായിക്കുന്ന ശിമയോന്റെ ചിത്രമാണ്. അദ്ദേഹം അത് ആഗ്രഹിച്ചില്ലായിരിക്കാം, പക്ഷേ പീഡാനുഭവത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തി ശിമയോനാണ്. ദുര്‍ഘട നിമിഷത്തില്‍ കുരിശെടുക്കാന്‍ അദ്ദേഹം ഈശോയെ സഹായിച്ചു. സഭയുടെ, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഒരു വേദനയുടെ നിമിഷത്തില്‍, കാല്‍വരിയുടെ നിമിഷത്തില്‍ കുറച്ചു നേരമെങ്കിലും ആ വേദനയിലും സഹനത്തിലും പങ്കുചേരാനായി ഉള്ള ഒരു നിയോഗമാണ് എനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.

Q

കഴിഞ്ഞ ആറു വര്‍ഷമായി അതിരൂപത ഒറ്റയ്ക്ക് ചുമക്കുന്ന ഒരു കുരിശാണിത്. നീതിയുടെ ആ സഹനത്തില്‍ പങ്കുചേരാനായി പിതാവ് ഞങ്ങളോടൊപ്പം ചേരുന്നു എന്നത് ആശ്വാസകരമാണ്...

A

എറണാകുളം അതിരൂപത മാത്രമല്ല ഈ സഹനത്തിലൂടെ കടന്നുപോകുന്നത്. സീറോ മലബാര്‍ സഭയും സാര്‍വത്രിക സഭയും കൂടിയാണ്. മാര്‍പാപ്പയുടെ വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ ആ വേദന പങ്കുവയ്ക്കുന്നുണ്ട്. നമ്മുടെ സഭ സാര്‍വത്രിക സഭയില്‍ വലിയ ശുശ്രൂഷ ചെയ്തു. അതിനു നന്ദി പറഞ്ഞുകൊണ്ട് മാര്‍പാപ്പ അടുത്തഘട്ടത്തില്‍ പറയുന്നത് ഈ വേദന അതിരൂപതയുടെയോ സീറോ മലബാര്‍ സഭയുടെയോ വേദന മാത്രമല്ല, കത്തോലിക്കാ സഭയുടെ മുഴുവനുമാണ്. കേരള സമൂഹത്തിന്റെ പൊതുവായ വേദനയുടെ ഭാഗമായി മാറിയിരിക്കുകയാണ് ഇത് എന്നു നമുക്കറിയാം. അതൊക്കെ വളരെയേറെ പ്രാര്‍ത്ഥനയ്ക്കും മാനസാന്തരത്തിനും നമുക്കെല്ലാവര്‍ക്കും കാരണമാകേണ്ടതുണ്ട്. അഞ്ചാം സ്ഥലത്തെ ശിമയോന്റെ ചുമതലയാണ് എനിക്ക് എന്നു തോന്നുന്നു. എത്രയേറെ ബുദ്ധിമുട്ടുണ്ടെങ്കിലും പറ്റാവുന്ന വിധത്തില്‍ ഇതു നിര്‍വഹിക്കുന്നതില്‍ അഭിമാനവും സന്തോഷവും മാത്രമേ എനിക്കുള്ളൂ.

Q

പതിവില്ലാത്ത ഒരു ക്രിസ്മസ് ആണ് അങ്ങേക്കിത്. ഈ ക്രിസ്മസ് മാനസികമായ സന്തോഷത്തിന്റെ ക്രിസ്മസാണോ സംഘര്‍ഷത്തിന്റേതാണോ?

A

എനിക്കങ്ങനെ വലിയ സംഘര്‍ഷം ഇല്ല. ഏറ്റവും വലിയ പ്രതീക്ഷയും ആഗ്രഹവും ഉള്ളത് നമ്മുടെ കത്തീഡ്രല്‍ പള്ളിയില്‍ ക്രിസ്മസ് ദിനത്തില്‍ കുര്‍ബാന ചൊല്ലണം എന്നുള്ളതാണ്. അത് സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. അതിന് എല്ലാവരും മാനസികമായും ആത്മീയമായും സഹകരിക്കും എന്നാണ് എന്റെ പ്രതീക്ഷ. ഇവിടെ നമ്മള്‍ ദൈവാരൂപിയുടെ ശബ്ദം കേള്‍ക്കാനായി തയ്യാറാകണം.

Q

അത്യുന്നതന്റെ പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും അത്യുന്നതന്റെ പുത്രന് നീ ജന്മം കൊടുക്കും എന്നതാണല്ലോ അമ്മയ്ക്ക് കിട്ടുന്ന മംഗളവാര്‍ത്ത. ഇതേ പരിശുദ്ധാത്മാവിനു പ്രഥമമായും സമര്‍പ്പിച്ചു കൊണ്ടും പ്രതിഷ്ഠിച്ചുകൊണ്ടും ആണ് പരിശുദ്ധ പിതാവ് ഒക്‌ടോ ബര്‍ നാലാം തീയതി സാര്‍വത്രിക സിനഡ് ഉദ്ഘാടനം ചെയ്തത്. സംഭാഷണത്തിലൂടെയുള്ള ഒരു സഭാശൈലിക്ക് പ്രധാന നിദര്‍ശകനാകേണ്ടത് പരിശുദ്ധാത്മാവാണ്. ഈ സംഭാഷണങ്ങള്‍ക്കു കുറവു വന്നതുകൊണ്ടാണോ ഇപ്പോള്‍ അതിരൂപതയില്‍, സാര്‍വത്രിക സഭയിലും ദുഃഖപൂരിതമായ അനുഭവങ്ങള്‍ ഉണ്ടാവുന്നത് ?

A

ഒരുപക്ഷേ സംഭാഷണങ്ങളുടെ കുറവുണ്ടായിരിക്കാം. പക്ഷേ മറ്റൊരു കാര്യം കൂടി ഉണ്ട്. ഈ തീരുമാനം 1999-ല്‍ എടുത്തതാണ്. അന്ന് അത് നടപ്പാക്കാതെ വന്നപ്പോള്‍ നമ്മള്‍ പറഞ്ഞിരുന്നത് എത്രയും പെട്ടെന്ന് ആവശ്യമായിരിക്കുന്ന മതബോധനം നടത്തിയിട്ട് ഇത് നടപ്പാക്കാനായി പരിശ്രമിക്കണം എന്നാണ്.

Q

അന്നങ്ങനെ പറഞ്ഞെങ്കിലും അതുപോലൊരു മതബോധനത്തിനുള്ള സംഘാതമായ ഒരു ശ്രമം ഇവിടെ നടന്നതായി കാണുന്നില്ല. ചര്‍ച്ച നടന്നു എന്നു പറയുന്നതല്ലാതെ തീരുമാനത്തില്‍ പറഞ്ഞതുപോലുള്ള ഒരു മതബോധനം ഇവിടെ നടന്നോ?

A

അത് സംബന്ധിച്ച ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് 'ആരാധനക്രമ വിശ്വാസപരിശീലനം.' സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തെ വിശദീകരിച്ച് അതുകൂടി ബന്ധപ്പെടുത്തി എങ്ങനെയാണ് മതബോധനം നടത്തേണ്ടതെന്നു പറയുന്ന ഒരു നല്ല ടെക്സ്റ്റ്. പക്ഷേ എല്ലായിടത്തും അത് പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്‌തോ എന്ന സംശയമാണ് എനിക്കുള്ളത്.

Q

അവിടെയാണ് പ്രശ്‌നം. എന്തുകൊണ്ട് ഔദ്യോഗികമായി അങ്ങനെ ഒരു ശ്രമം നടത്തിയില്ല? പുസ്തകം പ്രസിദ്ധീകരിച്ചതുകൊണ്ടായില്ലല്ലോ...

A

ഔദ്യോഗികമായ ശ്രമം നടത്തേണ്ടത് ഓരോ രൂപതയുടെയും മെത്രാനാണ്.

Q

ആലഞ്ചേരി പിതാവ് വന്നതിനുശേഷം ഓരോ വര്‍ഷവും കൃത്യമായി മീറ്റിംഗുകള്‍ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ അവയിലൊന്നും ഈ പുസ്തകത്തെക്കുറിച്ചോ അത് പഠിപ്പിക്കുന്നതിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല, അത് പഠിപ്പിക്കുന്നുണ്ടോ, ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന് യാതൊരു പരിശോധനയും നടന്നിട്ടില്ല...

A

അതിന്റെ ഒരു കുറവുണ്ട്. പക്ഷേ കഴിഞ്ഞദിവസം സിറില്‍ വാസില്‍ പിതാവ് പറഞ്ഞതുപോലെ കുര്‍ബാനയെപ്പറ്റിയുള്ള മതബോധനം നടക്കേണ്ടത് ദിവ്യബലി അര്‍പ്പണം നടത്തിക്കൊണ്ടാണ്. കാരണം വേറെ വ്യത്യാസങ്ങള്‍ ഒന്നും ഇതില്‍ ഇല്ല. സൈദ്ധാന്തികമായ മതബോധനമല്ല ഇതില്‍ പ്രധാനപ്പെട്ടത്. പരിശീലനമാണ്. അതിനുള്ള അവസരം ഇവിടെയുണ്ടായില്ല എന്നത് ഖേദകരമാണ്. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടെങ്കിലും ഏകീകൃതമായിരിക്കുന്ന രീതിയിലുള്ള കുര്‍ബാന ക്രമം ചൊല്ലി തുടങ്ങുകയാണെങ്കില്‍ ആരംഭത്തില്‍ താല്പര്യക്കുറവ് ഉണ്ടാകുമെങ്കിലും ക്രമേണ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും എന്നാണ് ഞാന്‍ കരുതുന്നത്. സെമിനാരിയില്‍ ചേരുന്നതിനു മുമ്പ് 1962 വരെ അള്‍ത്താരയിലേക്ക് തിരിഞ്ഞുനില്‍ക്കുന്ന സുറിയാനി കുര്‍ബാനയില്‍ പങ്കെടുക്കുകയും സുറിയാനി വാക്കുകള്‍ ചൊല്ലുകയും ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ഈ മാറ്റങ്ങളൊക്കെ ഉള്‍ക്കൊള്ളാന്‍ നമുക്കാകണം. നമ്മള്‍ ജീവിതത്തില്‍ എത്രയോ മാറ്റങ്ങള്‍ക്ക് വിധേയരാകുന്നു. 20 കൊല്ലം മുമ്പ് മൊബൈല്‍ ഫോണ്‍ ആരുടെയും കൈയില്‍ ഉണ്ടായിരുന്നില്ല. ഇന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. 50 വയസ്സുവരെ ഞാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല, ഇനി ഉപയോഗിക്കില്ല എന്ന് പറഞ്ഞ് ആര്‍ക്കെങ്കിലും ജീവിക്കാന്‍ കഴിയുമോ? ഇല്ല.

Q

പുരോഗമനപരമായ ഒരു മാറ്റത്തിന്റെ കാര്യമാണ് മൊബൈല്‍ഫോണ്‍. മനുഷ്യന്‍ മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ഒരു കാര്യമാണ്. മാറ്റം നമ്മളെ ഒരു ചുവട് മുന്നോട്ടു വയ്ക്കാന്‍ സഹായിക്കണമോ അതോ പുറകോട്ടു പോകാന്‍ ഇടയാക്കണോ എന്നുള്ളതാണ് വിഷയം. മാറ്റം അനിവാര്യമാണ്. പക്ഷേ മാറ്റത്തിന്റെ ഫലം നാം മുന്നോട്ട് പോകുക എന്നതായിരിക്കണ്ടേ?

A

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പൗരസ്ത്യ സഭകളെ കുറിച്ചുള്ള പ്രമാണരേഖയില്‍ പറയുന്നു, നിങ്ങളുടെ വേരുകളിലേക്കു നിങ്ങള്‍ മടങ്ങണം. വേരില്ലാതെ ഒരു മരം നില്‍ക്കില്ല. വേരുകളിലേക്കു മടങ്ങുക എന്നത് വളരെ പ്രധാനമാണ്. ആ രീതിയില്‍, നഷ്ടപ്പെട്ട, ഫലദായകമായിരിക്കുന്ന പാരമ്പര്യങ്ങളെ ഉള്‍ക്കൊള്ളാനായി നാം ശ്രമിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖയില്‍ പറഞ്ഞിട്ടുണ്ട്. നമ്മള്‍ എപ്പോഴും ജനതകളുടെ പ്രകാശം ഒക്കെയാണ് ഉദ്ധരിക്കുന്നത്. പൗരസ്ത്യ സഭകള്‍ക്കായുള്ള ദര്‍ശനം നല്‍കുന്ന പ്രമാണരേഖയും പ്രധാനമാണ്. അതില്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ വേരുകള്‍ കണ്ടെത്തുക എന്ന് പറയുന്നത് പുറകോട്ട് പോകലാണോ എന്ന് ചോദിച്ചാല്‍ അല്ല. സ്വത്വബോധമാണ് ഒരു സഭയ്ക്ക് പ്രസക്തി നല്‍കുക, ഒരു വ്യക്തിക്കും. എന്നെ പറ്റി തന്നെയുള്ള സ്വത്വബോധം അഥവാ, ഞാന്‍ ആരാണെന്നുള്ള അവബോധം എനിക്കുണ്ടായിരിക്കണം. എല്ലാവരും കാണിക്കുന്നതുപോലെ ഞാനും കാണിക്കുകയാണെങ്കില്‍ ഞാന്‍ ഞാനല്ല. മറ്റുള്ളവരില്‍ നിന്ന് എന്തൊക്കെ നല്ല കാര്യങ്ങള്‍ ഞാന്‍ ഉള്‍ക്കൊണ്ടാലും എനിക്ക് എന്റേതായ ഐഡന്റിറ്റി ഉണ്ട്. ഇത് സമൂഹത്തിനും ഉണ്ട്, ഉണ്ടായിരിക്കണം. സഭകള്‍ക്കും ഉണ്ടായിരിക്കണം പ്രത്യേകിച്ച് പൗരസ്ത്യസഭയ്ക്ക്.

സഭയെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞിരിക്കുന്നത്, സഭ സഭകളുടെ കൂട്ടായ്മയാണ് എന്നാണ്. ഈ കൂട്ടായ്മയുടെ വളരെ കൃത്യമായ ഒരു പാരമ്പര്യം നമുക്കുണ്ട്. അത് പുറകോട്ടു പോകലാണോ എന്ന് ചോദിച്ചാല്‍ ഒരുപക്ഷേ പ്രത്യക്ഷത്തില്‍ ആയിരിക്കാം. പക്ഷേ ആത്യന്തികമായി അത് പുറകോട്ട് പോകലല്ല. നമ്മുടെ വേരുകളെ കണ്ടെത്തുകയും വളവും വെള്ളവും നല്‍കിക്കൊണ്ട് കൂടുതല്‍ ഫലദായകമാകാന്‍ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. ഓരോ വര്‍ഷവും വേനല്‍ കഴിയുമ്പോള്‍ തെങ്ങുകളുടെ തടമെടുത്ത് വേരുകള്‍ ഉണങ്ങിയത് ചെത്തിക്കളഞ്ഞു വളമിടും, നനയ്ക്കും. വേരുകളിലേക്ക് വളവും വെള്ളവും ചെന്നാലെ ഫലം ഉണ്ടാകൂ. കൊച്ചു കുട്ടികള്‍ക്ക് ചിലപ്പോള്‍ ഈ തടമെടുക്കല്‍ അനാവശ്യമായി തോന്നാറുണ്ട്. കടക്കല്‍ മണ്ണു കൂട്ടുകയല്ലേ വേണ്ടത് എന്ന് അവര്‍ ചിന്തിക്കും. കര്‍ഷകര്‍ മണ്ണു മാറ്റുകയാണ്. പക്ഷേ പിന്നീട് അതിന്റെ അര്‍ത്ഥം മനസ്സിലായി. വെള്ളം കെട്ടി നില്‍ക്കാനും വളമിടാനും വേണ്ടിയാണ് അത്. ആ പ്രക്രിയയുടെ അര്‍ത്ഥം നമുക്ക് മനസ്സിലാകണമെങ്കില്‍ ഉപരിപ്ലവമായിട്ടല്ലാതെ കുറച്ചു കൂടി ആഴമായി ചിന്തിക്കണം. അങ്ങനെയൊരു പ്രക്രിയ നമ്മുടെ സഭയില്‍ കൂട്ടായും വ്യക്തികള്‍ക്കും ഉണ്ടാകണം. നമ്മുടെ മതബോധനം പ്രബോധനപരമായി വളരെ മനോഹരമാണ്. പക്ഷേ പ്രായോഗികതലത്തില്‍ ബോധ്യങ്ങള്‍ കൊടുക്കുന്നതില്‍ നമ്മുടെ മതബോധനം അത്ര വിജയിച്ചിട്ടില്ല. വില്യം ബാര്‍ക്ലേയുടെ ബൈബിള്‍ കമന്ററിയുടെ ആമുഖത്തില്‍ അദ്ദേഹത്തിന്റെ ഉദ്ധരണി ഇങ്ങനെയാണ് ''വായനക്കാര്‍ ഈശോമിശിഹായെ കുറച്ചുകൂടി വ്യക്തമായി കാണുന്നതിനും അങ്ങനെ അവര്‍ ഈശോയെ കുറച്ചുകൂടി പ്രിയത്തോടെ സ്‌നേഹിക്കന്നതിനും കുറച്ചുകൂടി അടുത്ത് അനുഗമിക്കുന്നതിനും വേണ്ടിയാണിത്.''

നമ്മുടെ മതബോധനം പല കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനേക്കാള്‍ ഈശോയുടെ വ്യക്തിത്വത്തെ കൂടുതല്‍ അറിയാനും ഈശോയെ കൂടുതല്‍ സ്‌നേഹിക്കാനും കൂടുതല്‍ അടുത്ത് അനുധാവനം ചെയ്യാനുമുള്ള ഒരു പ്രവര്‍ത്തി പരിചയ അനുഭവമായിരിക്കണം. ഈശോയുടെ വചനത്തെ നന്നായി പഠിപ്പിക്കുക മാത്രമല്ല വേണ്ടത്. രണ്ടാമത്തെ ഘടകം കൂദാശകളാണ്. ഈശോ നമ്മോടൊപ്പം ജീവിക്കുന്ന അനുഭവം ഉണ്ടാവുക വിശുദ്ധ കുര്‍ബാനയിലാണ്. വിശുദ്ധ കുര്‍ബാനയെപ്പറ്റിയുള്ള താത്വിക പഠനം നല്ലത്. അതിനോടൊപ്പം അനുഭവാധിഷ്ഠിതമായിരിക്കുന്ന പഠന കാര്യത്തില്‍ നമ്മള്‍ ഇനിയും വളരെ വളരാന്‍ ഉണ്ട്. മതബോധന വിഷയത്തില്‍ നമുക്ക് പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട് എന്ന കാര്യം ഞാനും സമ്മതിക്കുന്നു. അത് ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

നമ്മള്‍ പറഞ്ഞു തുടങ്ങിയത് സിനഡാലിറ്റിയെ കുറിച്ചാണ്. സിനഡാലിറ്റി എന്നത് എന്റെ ശബ്ദം കേട്ടില്ലെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ കൂടെയില്ല എന്നു പറയുന്നതല്ല. ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത അവസരത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട് കര്‍ത്താവിനോടു കൂടെ കര്‍ത്താവിങ്കലേ ക്ക് ഒരുമിച്ചു നടക്കലാണ് സഭ എന്ന്. മാര്‍പാപ്പ തന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട് കൂട്ടായ്മ എന്നത് ഒരുമിച്ച് നടക്കലാണ് എന്ന്. ഒരുമിച്ച് നടക്കാന്‍ ബോധപൂര്‍വം സമ്മതിക്കാതിരിക്കുന്നത് ഒരു സെക്ടാകലാണ് എന്നും മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്.

ഞാനിവിടെ ചുമതല ഏറ്റത് ഡിസംബര്‍ ഏഴിനാണ്. ഡിസം. 7 വിശുദ്ധ അംബ്രോസിന്റെ തിരുനാള്‍ ദിനമായിരുന്നു. അന്നത്തെ ലേഖനം എനിക്ക് വളരെ ഹൃദയസ്പര്‍ശിയായി തോന്നി. വളരെ സന്ദര്‍ഭോചിതമായി എനിക്കും നമ്മുടെ അതിരൂപതയ്ക്കുമുള്ള ഒരു സന്ദേശമാണത് എന്ന് തോന്നി. 'ദൈവത്തിന്റെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന ഈശോമിശിഹായുടെ മുമ്പാകെയും അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു. വചനം പ്രസംഗിക്കുക. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉത്‌ബോധിപ്പിക്കുകയും ചെയ്യുക, ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്ക് ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരെ ചെവിയടച്ചു കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും. നീയാകട്ടെ എല്ലാ കാര്യങ്ങളിലും സമചിത്തത പാലിക്കുക. കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുക.'

ഇതൊരു വലിയ വെല്ലുവിളി ആണെന്ന് ഞാന്‍ കാണുന്നു.

Q

എറണാകുളം അതിരൂപതയിലെ ദൈവജനത്തെ സംബന്ധിച്ച് കഴിഞ്ഞ 50 വര്‍ഷത്തോളമായി ഹൃദയത്തോടു ചേര്‍ത്തുവച്ച് അവര്‍ സ്വന്തമാക്കിയ ജനാഭിമുഖ കുര്‍ ബാന അവരുടെ കണ്ടുപിടിത്തം അല്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തില്‍ പിതാക്കന്മാര്‍ കൊടുത്തതും അച്ചന്മാര്‍ അനുഷ്ഠിച്ചതും അവര്‍ പരിചയിച്ചതുമാണ്. ഞങ്ങള്‍ അത് അനുഭവിച്ചു വളര്‍ന്നു. ആ അനുഭവം ഒരു സുപ്രഭാതത്തില്‍ തള്ളി പറയപ്പെട്ടതിന്റെ വേദനയുണ്ട്. അത് കുര്‍ബാനയുമായി ബന്ധപ്പെട്ട കാര്യം. അതു കൂടാതെ, നമ്മള്‍ അള്‍ത്താരയില്‍ നിന്ന് പ്രസംഗിക്കുന്നത് നീതി, സത്യസന്ധത, സുതാര്യത എന്നെല്ലാമാണ്. ഈ വിഷയങ്ങള്‍ അള്‍ത്താരപ്രസംഗത്തില്‍ മാത്രം ഒതുക്കുകയും സഭയുടെ ജീവിതത്തില്‍ കാണാതിരിക്കുകയും ചെയ്യുന്നതിന്റെ സംഘര്‍ഷമുണ്ട്. ആ സംഘര്‍ഷത്തില്‍ നിന്നും സങ്കടത്തില്‍ നിന്നുമാണ് വിവാദമുണ്ടായത്. അതൊരു ആള്‍ക്കൂട്ടത്തിന്റെ അക്രമാസക്തമായ ആധിപത്യ സ്വഭാവത്തില്‍ നിന്നും വന്നതല്ല. പതുക്കെ പതുക്കെ ഉണ്ടായതാണ്. ചെറിയ സംസാരങ്ങളില്‍ നിന്ന് ചെറിയ ചര്‍ച്ചകളിലേക്ക് വളര്‍ന്നു തര്‍ക്കങ്ങളിലേക്ക് വഷളായി സംഘര്‍ഷങ്ങളിലൂടെ തെരുവിലേക്ക് എത്തുകയായിരുന്നു. ആറുവര്‍ഷംകൊണ്ട് പുരോഗമിച്ച ഒരു കാര്യമാണ്. ഇതിനിടയില്‍ ഈ വിഷയത്തെ കൃത്യമായി അഭിസംബോധന ചെയ്യാനും ഇതില്‍ ഇടപെടാനും ഉത്തരവാദിത്വപ്പെട്ടവര്‍ കാണിച്ച അലംഭാവവും ഉദാസീനതയും ഒക്കെ ഈ വിഷയത്തെ വഷളാക്കിയില്ലേ?

A

പോരായ്മകള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടാവും. അതി ന് ഉചിതമായ പരിഹാരം കണ്ടെത്തുകയാണ് പ്രധാനം.

Q

റോമില്‍ സാര്‍വത്രിക സിനഡ് പുരോഗമിക്കുമ്പോള്‍ തന്നെ വളരെ ഗൗരവമേറിയ ഒരു ബദല്‍ സിനഡ് ജര്‍മ്മനിയില്‍ നടന്നത് നമുക്കറിയാം...

A

മാര്‍പാപ്പ ശക്തമായി അതിനെ അപലപിച്ചിട്ടുമുണ്ട്.

നമ്മുടെ മതബോധനം പല കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനേക്കാള്‍ ഈശോയുടെ വ്യക്തിത്വത്തെ കൂടുതല്‍ അറിയാനും ഈശോയെ കൂടുതല്‍ സ്‌നേഹിക്കാനും കൂടുതല്‍ അടുത്ത് അനുധാവനം ചെയ്യാനുമുള്ള ഒരു പ്രവര്‍ത്തി പരിചയ അനുഭവമായിരിക്കണം.

Q

അപലപിച്ചെങ്കില്‍ തന്നെയും ഇവിടെ കുര്‍ബാനയിലെ പുരോഹിതന്റെ സ്ഥാനത്തെക്കുറിച്ചു മാത്രമാണ് തര്‍ക്കം. എന്നാല്‍ അവിടെ കൂടുതല്‍ ഗുരുതരമായ വിഷയങ്ങളാണ്...

A

ഇതേ മാര്‍പാപ്പ തന്നെ രണ്ടാഴ്ച മുമ്പ് അമേരിക്കയില്‍ ഒരു ബിഷപ്പിനെ സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹം സഭാകൂട്ടായ്മയില്‍ നിന്ന് മാറി നിന്ന് ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു, പിന്‍വാങ്ങുക, സോറി പറയുക. അദ്ദേഹം ചെയ്തില്ല. വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനയോടൊപ്പം അനുഷ്ഠാനക്രമങ്ങളും പ്രതീകങ്ങളും പ്രധാനപ്പെട്ടതാണ്.

Q

പക്ഷേ ഇതെല്ലാം ഒരേ ഗൗരവമുള്ള കാര്യങ്ങളാണോ? ജര്‍മന്‍സഭ മുന്നോട്ടുവയ്ക്കുന്നത് കത്തോലിക്കാസഭയുടെ അടിവേരറക്കുന്ന കാര്യങ്ങളാണ്. സ്വവര്‍ഗവിവാഹംഅംഗീകരിക്കണം എന്നതുപോലുള്ള കാര്യങ്ങള്‍, ഒരു മെത്രാനല്ല ഒരു മെത്രാന്‍ സമിതി തന്നെ മുന്നോട്ടുവയ്ക്കുമ്പോള്‍ ഈ അതിരൂപതയില്‍ നടക്കുന്ന സംഭവങ്ങളില്‍ മാര്‍പാപ്പ വലിയ കാര്‍ക്കശ്യം കാണിക്കുകയാണോ?

A

അവിടെ മാര്‍പാപ്പ കാര്‍ക്കശ്യം കാണിച്ചില്ല എന്ന് പറയാന്‍ കഴിയില്ല. ജര്‍മ്മന്‍ സഭയുടെ സാഹചര്യം വളരെ സങ്കീര്‍ണ്ണമാണ്. മാര്‍ട്ടിന്‍ ലൂഥറുടെ നവീകരണ വിപ്ലവം ഉണ്ടായ സ്ഥലമാണ്. ആ സങ്കീര്‍ണ്ണത അതിലുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയണം. മലബാര്‍ സഭയെ ജര്‍മ്മന്‍ സഭയോട് താരതമ്യപ്പെടുത്താന്‍ കഴിയില്ല. സാംസ്‌കാരികമായി വളരെ വ്യത്യസ്തമായ ഒരു സ്വഭാവമാണ് അതിനുള്ളത്. രൂക്ഷമായ ഗൗരവം ജര്‍മ്മന്‍ സഭയുടെ കാര്യത്തിലുണ്ട് എന്ന് മാര്‍പാപ്പ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. സെക്രട്ടറി ഓഫ് സ്റ്റേറ്റും പറഞ്ഞിട്ടുണ്ട്. വ്യത്യസ്ത രീതിയില്‍ ആയിരിക്കാം എന്നുമാത്രം. സിനഡാലിറ്റിയെക്കുറിച്ച് പറയുന്ന മാര്‍പാപ്പ തന്നെ ആവശ്യമായിടത്ത് വളരെ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

Q

അതില്‍ ഒരു വൈരുദ്ധ്യമില്ലേ? കാര്യത്തോടടുക്കുമ്പോള്‍ മാര്‍പാപ്പ വിയോജിപ്പുകളെ കേള്‍ക്കാതിരിക്കുന്നുണ്ടോ?

A

അങ്ങനെയല്ല. ചര്‍ച്ചകളെല്ലാം കഴിഞ്ഞ് ദൈവാരൂപിയുടെ സ്വരം ശ്രവിച്ച് നമ്മള്‍ ഒരുമയില്‍ എത്തണം. ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ നീ അത് ചെയ്‌തോ, വേറൊരാള്‍ വേറൊരു കാര്യം പറയുമ്പോള്‍ അതു ചെയ്‌തോ എന്നു പറഞ്ഞാല്‍ സഭ ആകില്ല. അത് ആള്‍ക്കൂട്ടമാണ്. അതാണ് സെക്ട് ആകുമെന്ന് മാര്‍പാപ്പ പറയുന്നത്. നമ്മള്‍ സംസാരിച്ചു കഴിഞ്ഞശേഷം ഒരു സമവായത്തില്‍ എത്തുന്നതാണ് ഒരുമിച്ച് നടക്കല്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org