
ആഗോള കത്തോലിക്കാസഭയില്‍ തുറവിയുടേയും പാരസ്പര്യത്തിന്റേയും സര്‍വ്വാശ്ലേഷിയായ സ്‌നേഹത്തിന്റേയും ചലനാത്മകത സൃഷ്ടിച്ചുകൊണ്ട് മെത്രാന്മാരുടെ ആഗോളസിനഡ് ആരംഭിച്ചിരിക്കുകയാണല്ലോ. പ്രമേയത്തിലും ഉള്ളടക്കത്തിലും നടപടിക്രമങ്ങളിലുമുള്ള വ്യതിരിക്തതകൊണ്ട് ഇതിനോടകം തന്നെ ഈ പതിനാറാമത് സിനഡ് ലോകശ്രദ്ധ നേടിക്കഴിഞ്ഞു. സിനഡിന്റെ മുഖ്യപ്രമേയം തന്നെ സിനഡാത്മകത എന്നതാണ് ഈ സിനഡിന്റെ മുഖ്യാകര്‍ഷണം. ഹൈരാര്‍ക്കിയുടെ അമിതമായ ആധിപത്യങ്ങളില്‍ നിന്നൊഴിഞ്ഞ് ''എല്ലാവരേയും കേള്‍ക്കുക'' എന്ന ഫ്രാന്‍സിസ് പാപ്പയുടെ ധീരവും ഉദാത്തവുമായ ദര്‍ശനത്തെ വിവിധ പ്രാദേശിക സഭാസമൂഹങ്ങള്‍ സര്‍വ്വാത്മനാ സ്വീകരിച്ചിരിക്കുന്ന അനുഭവം ഏറെ ഹൃദ്യമാണ്. ''കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം'' എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ഒരു സിനഡാത്മകസഭയാകാനുള്ള പരിശ്രമം, സഭയിലെ എല്ലാ അംഗങ്ങളേയും, വിവിധ ശുശ്രൂഷകരേയും ആവേശഭരിതരാക്കുന്നുണ്ട്. സഭയില്‍ വലുപ്പചെറുപ്പങ്ങള്‍ക്കതീതമായി ശ്രവിക്കലും വിവേചിച്ചറിയലും നടക്കണമെന്ന സിനഡിന്റെ ആഭിമുഖ്യം തന്നെ, സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ''ഫ്രാന്‍സിസീകരണ''ത്തിന്റെ നേര്‍സാക്ഷ്യമാവുകയാണ്.
''സിനഡ്'' എന്ന പദം തന്നെയും, ഒരുമിച്ചു നടക്കലിനെ - സഹ നടത്തത്തെ - ആണ് ദ്യോതിപ്പിക്കുന്നത്. സിനഡാത്മകത സഹനടത്താനുഭവമാണ്. ''ഒരുമിച്ചു സഞ്ചരിക്കുകയും ഒരു സമ്മേളനം ആയിരിക്കുകയും ചെയ്യുന്ന ദൈവജനമെന്ന നിലയിലുള്ള സഭയുടെ ജീവിതത്തിന്റേയും ദൗത്യത്തിന്റേയും പ്രത്യേകശൈലി''യെയാണ് സിനഡാത്മകതകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സിനഡിന്റെ ഒരുക്കരേഖ വ്യക്തമാക്കുന്നു.
''സഭയും സിനഡും സമാനപദങ്ങളാണെ''ന്ന വി. ജോണ്‍ ക്രിസോസ്റ്റമിന്റെ ദര്‍ശനത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ വിശദീകരണം. ഈയൊരു ഒരുമിച്ചുള്ള സഞ്ചാരത്തില്‍ സഭാഗാത്രത്തിലെ സജീവ അംഗങ്ങളെന്ന നിലയില്‍, ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി സഭയ്ക്ക് രുചിക്കൂട്ടും ദീപക്കാഴ്ചയും ഒരുക്കുന്നവരെന്ന നിലയില്‍, സന്യാസ സമര്‍പ്പിതരുടെ ഭാഗഭാഗിത്വമെന്താണ്?
സഭയും സിനഡും സമാനപദങ്ങളാണെന്ന പേലെ തന്നെ സിനഡും സമര്‍പ്പിതജീവിതവും സമാനപദങ്ങളാണ്. കാരണം, എല്ലാ അര്‍ത്ഥത്തിലും സമര്‍പ്പിതജീവിതം ഒരു സഹനടത്തമാണ്. ക്രിസ്തുവിനോടും സഹയാത്രികരായ സമര്‍പ്പിതരോടും ലോകത്തോടും ചേര്‍ന്നുള്ള സഹനടത്തം. സിനഡാത്മകത - സഹനടത്തം, ഏറ്റവും പ്രകടമാകുന്ന സമൂഹം സമര്‍പ്പിത സമൂഹമാണ്. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ സിനഡാലിറ്റിയുടെ ഏറ്റവും മനോഹരമായ ഉദാഹരണം സമര്‍പ്പിതജീവിതമാണ്. ഒരുമിച്ചു സഞ്ചരിക്കുകയും, പരസ്പരം ശ്രവിക്കുകയും കൂട്ടായി തീരുമാനമെടുക്കുകയും സം ഘാത സാക്ഷ്യം നല്കുകയും ചെയ്യുന്ന സന്യാസ സമൂഹങ്ങള്‍ സഹനടത്തത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌ക്കാരമാണ്.
സുവിശേഷങ്ങള്‍ അടയാളപ്പെടുത്തുന്ന സമര്‍പ്പിതജീവിതം - ശിഷ്യത്വജീവിതം, ഒപ്പം നടക്കലിന്റേതാണ്. 'യാത്രയുടെ സുവിശേഷക'നായ വി. ലൂക്കാ വിവരിക്കുന്ന ജറുസലേം യാത്രയും എമ്മാവൂസ് യാത്രയും ശിഷ്യത്വവും സമര്‍പ്പിതജീവിതവും ലക്ഷ്യം വയ്ക്കുന്ന സഹനടത്തത്തെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. കൂടെ നടത്തിയാണ് ക്രിസ്തു ശിഷ്യരെ രൂപീകരിച്ചതും രൂപാന്തരപ്പെടുത്തിയതും. ലക്ഷ്യവും മാര്‍ഗ്ഗവും മാത്രമല്ല കൂട്ടും യാത്രയില്‍ സുപ്രധാനമാെണന്ന് സഹയാത്രികനായ ക്രിസ്തു പഠിപ്പിച്ചു. വചനം വിളമ്പിയും അപ്പം മുറിച്ചും ഒപ്പം നടക്കലില്‍ അവന്‍ അവരുടെ ഹൃദയം ജ്വലിപ്പിച്ചു, കണ്ണു തുറപ്പിച്ചു. ആള്‍ക്കൂട്ടത്തെ കൂട്ടായ്മയായി രൂപാന്തരപ്പെടുത്തിയത് അവന്റെ സഹനടത്തമാണ്. ആ സഹയാത്ര ഒരു ശ്രവണാനുഭവമായിരുന്നു. 'ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തുതരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?'' എന്നു ചോദിച്ച് ശ്രവിക്കലിന്റെ ശുശ്രൂഷയാണ് സമര്‍പ്പണത്തിന്റെ കാതലെന്ന കാലാതീത സത്യം അവന്‍ പകര്‍ന്നു നല്കി. സഹനടത്തത്തെ സ്‌നേഹനടത്തമായി രൂപാന്തരപ്പെടുത്തലാണ് ശിഷ്യത്വത്തില്‍ സംഭവിക്കേണ്ടതെന്നാണ് സുവിശേഷത്തിലെ സഹയാത്രകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
സഹനടത്തത്തെ സ്‌നേഹനടത്തമായി പകര്‍ത്തലാണ് സന്യാസസമര്‍പ്പണത്തിന്റെ വിളിയും ദൗത്യവും. സമര്‍പ്പിതജീവിതം സ്‌നേഹത്തിന്റെ കൂട്ടായ്മയുടെ പ്രകടമായ ജീവിതമാണ്. അത് സഭയുടെ ജീവിതത്തിലും ചരിത്രത്തിലും രക്ഷാകര ദൗത്യത്തിലുമുള്ള കൂട്ടായ്മയുടെ ഐക്യത്തില്‍ പങ്കുചേരാനുള്ള വിളിയാണ്. ''ആനന്ദത്തിന്റെ സാക്ഷികള്‍'' ആകാനുള്ള വിളിയെന്ന നിലയില്‍ അത് ''സന്തോഷത്തിന്റെ സംസ്‌കാരം'' സൃഷ്ടിക്കാനുള്ള ദൗത്യമാണ് സമര്‍പ്പിതര്‍ക്കു നല്കുന്നത്. സമര്‍പ്പിത ജീവിതത്തിലെ സന്തോഷം ആരും ഒറ്റയ്ക്കു കണ്ടെത്തുന്ന നിധിയല്ല, അതു സ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ വിടരുന്ന പൂവാണ്. നമ്മള്‍ എന്നതിന്റെ സന്തോഷം (The joy of 'we') ആണ്. കാരണം സമര്‍പ്പിതര്‍ ഒരു സ്‌നേഹപദ്ധതിയുടെ (project of love) ഭാഗമാണ്. അതിന്റെ പങ്കാളികളും ഉപഭോക്താക്കളുമാണ്. സഹനടത്തത്തെ ഒരു സ്‌നേഹനടത്തമായി രൂപാന്തരപ്പെടുത്തുമ്പോഴാണ് ഈ ആനന്ദസംസ്‌കാരം സംജാതമാവുന്നത്. ''ഞാന്‍'' എന്നതിന്റെ ആകര്‍ഷകത്വത്തേക്കാള്‍ ''നമ്മള്‍'' എന്നതിന്റെ ബലം അനുഭവിക്കുന്ന സമര്‍പ്പിത സമൂഹങ്ങള്‍ക്കു മാത്രമേ, ഈ ആനന്ദസംസ്‌കാരം പടുത്തുയര്‍ത്താനാകൂ.
സമര്‍പ്പിത ജീവിതത്തിലെ സഹനടത്തം പരസ്പരം ശക്തിപ്പെടുത്തലിന്റെ അനുഭവം പകരലാണ്. അത് ദുര്‍ബ്ബലരായവര്‍ക്ക് ബലം പകരലാണ്. സഹനടത്തത്തിലൂടെ പരസ്പരമുള്ള ശാക്തീകരണമാണ് സമര്‍പ്പിതജീവിതത്തില്‍ സംഭവിക്കുന്നത്. വഴിതെറ്റിപ്പോയവര്‍ക്ക് ശരിയായ ദിശാബോധം നല്കാന്‍ കൂടെ നടപ്പിനു കഴിയും. അതു പിന്നിലായി പോകുന്നവര്‍ക്കുവേണ്ടി കാത്തുനില്‍ക്കാന്‍ പ്രേരിപ്പിക്കും. സഹനടത്തം പൊതുവായ പദ്ധതികള്‍ക്ക് പ്രവര്‍ത്തന സാധ്യതയും ഫലപ്രാപ്തിയും ഉണ്ടാക്കും. സഹനടത്തത്തില്‍ സംഭവിക്കേണ്ട മൂന്നു കാര്യങ്ങളുണ്ടെന്ന് സിനഡിന്റെ ഒരുക്കരേഖ പറയുന്നുണ്ട്. അവ, ശ്രവിക്കല്‍, സംവാദം, വിവേചിച്ചറിയല്‍ എന്നിവയാണ്. സമര്‍പ്പിതജീവിതത്തെ സംബന്ധിച്ചിടത്തോളം ഇവ മൂന്നു വ്രതങ്ങള്‍ തന്നെയാണ്. ബ്രഹ്മചര്യവും, അനുസരണവും, ദാരിദ്ര്യവും പോലെ തന്നെ, ഒരുപക്ഷേ, അവയേക്കാള്‍ ആദ്യവ്രതങ്ങളായിത്തീരേണ്ട കാര്യങ്ങള്‍. സഹയാത്രികരെ, - സ്വന്തം സമൂഹത്തിലേയും, സഭാ സമൂഹത്തിലേയും, ലോകത്തിലേയും - ശ്രവിക്കാനും അവരോടു സംവദിക്കാനും, അതില്‍നിന്നു വിവേചിച്ചറിയാനും കഴിയുമ്പോഴേ, സമര്‍പ്പിതര്‍ക്ക് സഹനടത്തത്തെ സ്‌േനഹ നടത്തമായി രൂപാന്തരപ്പെടുത്താനാകൂ.
സമര്‍പ്പിതജീവിതമെന്ന സഹനടത്തം യഥാര്‍ത്ഥമായ ദൈനിക മാനസാന്തരാനുഭവത്തിലേക്ക് നയിക്കപ്പെടുന്നതാകേണ്ടതുണ്ട്. സമര്‍പ്പിതജീവിതത്തിലെ വ്യക്തിപരവും സംഘാതവുമായ ജീവിതത്തിലും, ഘടനകളിലും ശുശ്രൂഷകളിലും ഈ മാറ്റമുണ്ടാകണം. സന്യാസ സമൂഹങ്ങളിലെ അധികാര ശ്രേണികള്‍ക്കുമപ്പുറത്ത്, തുറവിയുള്ള സമീപനങ്ങളും തുറന്നുള്ള പങ്കുവയ്ക്കലുകളും സംഭവിക്കണം. നന്മകള്‍ ചെയ്യുന്നവരുടെ ഒരു സംഘം എന്നതിലുപരി, സംഘം ചേര്‍ന്നു നന്മകള്‍ പ്രവര്‍ത്തിക്കുന്നവരായി മാറുമ്പോഴാണ് കൂട്ടായ്മയും പങ്കാളിത്തവുമെല്ലാം പ്രേഷിതദൗത്യത്തില്‍ ഉല്‍പ്രേരകങ്ങളാവുകയുള്ളൂ. സഹനടത്തം നടത്തുന്നവരുടെ സംഘബലം സമൂഹത്തില്‍ അപ്പോഴേ, ആനന്ദത്തിന്റെ സക്ഷ്യമാവുകയുള്ളൂ.
സമര്‍പ്പിതര്‍ സഭാസംവിധാനത്തോടൊപ്പം ചേര്‍ന്നും സഹനടത്തം നടത്തുന്നവരാണ്. സഭാ സംവിധാനങ്ങളോട് ചേര്‍ന്നു നടക്കാന്‍ സമര്‍പ്പിതരും സമര്‍പ്പിതരെ ചേര്‍ത്തു നടത്താന്‍ സഭാ നേതൃത്വവും തയ്യാറാകണം. ബഹുശതം സമര്‍പ്പിതരുടെ സര്‍ഗ്ഗശേഷികളെ സഭാഗാത്രത്തിനുപകരിപ്പിക്കുന്ന രീതിയില്‍ ക്രമീകരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം. പ്രാദേശികസഭാ ഭരണസംവിധാനങ്ങളില്‍ അവര്‍ക്കും ഇടമുണ്ടാകണം. പൂവും തിരിയും വിരിയും ഒരുക്കുന്നതില്‍ മാത്രമാകരുത് നമ്മുടെ സമര്‍പ്പിത സാന്നിദ്ധ്യത്തിന്റെ സഭാ പങ്കാളിത്തം. വിവിധ സന്യാസ സമൂഹങ്ങള്‍ക്കും സഹനടത്തത്തിനു കഴിയണം. സിദ്ധിയും സാധനയുമൊക്കെ വ്യത്യാസമുണ്ടെങ്കിലും സഹകരണത്തിന്റെ മേഖലകള്‍ എത്രയോ വിപുലമാണ്. തനിമ തെളിയിക്കാനും ഇടം സ്ഥാപിച്ചെടുക്കാനുമുള്ള മാത്സര്യത്തേക്കാള്‍ സംസ്‌കാര നിര്‍മ്മിതിയിലെ സഹയാത്രികരാണെന്ന തിരിച്ചറിവുണ്ടായാല്‍ സന്യാസ കൂട്ടായ്മകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.
സമര്‍പ്പിതര്‍ ലോകത്തോടു ചേര്‍ന്നും ലോകത്തിലും സഹനടത്തം ചെയ്യേണ്ടവരാണ്. സാധാരണ മനുഷ്യരുടെ വ്യഥകളും വേദനകളും പങ്കിട്ടും അവരെ കേട്ടും സാന്ത്വനിപ്പിച്ചും, അവരുടെ സന്തോഷങ്ങളില്‍ പങ്കുചേര്‍ന്നും സഹയാത്രികരാകാന്‍ വിളിക്കപ്പെട്ടവര്‍. ലോകത്തില്‍നിന്നു മാറാതെ, ലോകത്തെ മാറ്റാനാകണം ഈ സഹനടത്തം സമര്‍പ്പിതരെ പ്രേരിപ്പിക്കേണ്ടത്. നിസ്സംഗതയുടേയും താന്‍പോരിമയുടേയും വൈറസുകള്‍ക്കിടയില്‍ പരിപൂര്‍ണ്ണ സ്‌നേഹത്തിന്റെ (perfectae caritatis) വാക്‌സിന്‍ പകരാനാണ് ഇന്ന് ലോകം സമര്‍പ്പിതരോടാവശ്യപ്പെടുന്നത്. ''ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തുതരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?'' എന്ന ക്രിസ്തുവിന്റെ ചോദ്യം അവന്റെ ഓര്‍മ്മയാചരിക്കുന്നവരെന്ന നിലയില്‍ സമര്‍പ്പിതരിലൂടെ പുനരവതരിപ്പിക്കപ്പെടുമ്പോഴാ ണ് സമര്‍പ്പിതജീവിതം എന്ന സഹനടത്തം ഒരു സ്‌നേഹനടത്തമായി ലോകത്തിന് അനുഭവപ്പെടുകയുള്ളൂ.