സമര്‍പ്പിതസമൂഹങ്ങള്‍: അതിരൂപതയുടെ മുഖപ്രസാദം

സമര്‍പ്പിതസമൂഹങ്ങള്‍: അതിരൂപതയുടെ മുഖപ്രസാദം

സന്യാസ സമര്‍പ്പിതസമൂഹങ്ങള്‍ ദൈവത്തോടും ദൈവജനത്തോടും ഒപ്പമുള്ള തങ്ങളുടെ സഹനടത്തത്തിലൂടെ തിരുസഭാഗാത്രത്തെ സമ്പന്ന വും സുന്ദരവുമാക്കുന്നവരാണ്. തിരുസഭാ നിര്‍മ്മിതിയില്‍ കാലോചിതവും നിര്‍ണ്ണായകവുമായ സംഭാവനകള്‍ ചെയ്യാന്‍ എക്കാലത്തും സമര്‍പ്പിത സമൂഹങ്ങള്‍ക്കാവുന്നുണ്ട്. തങ്ങളുടെ സിദ്ധികളുടെ അജപാലനപരവും, സാമൂഹികവുമായ പ്രകാശനം വഴി ഓരോ പ്രദേശത്തും അവര്‍ സഭയുടെ മുഖമാകാറുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയെ സംബന്ധിച്ചിടത്തോളം, അതിന്റെ സമര്‍പ്പിത കൂട്ടായ്മകള്‍. ഒരു നൂറ്റാണ്ടു പിന്നിടുന്ന ഹയരാര്‍ക്കിയില്‍, നൂറിലധികം ചെറു തും വലുതുമായ സന്യാസ സമര്‍പ്പിത സമൂഹങ്ങള്‍, വിവിധ ശുശ്രൂഷാമേഖലകളില്‍ തങ്ങളുടെ സാന്നിധ്യവും സഹകരണവും വഴി ആനന്ദത്തിന്റെ സാക്ഷ്യം നല്കുന്നുണ്ട്. അതിരൂപതയുടെ നാളിതുവരെയുള്ള വളര്‍ച്ചയും സ്‌നേഹസേവനത്തിന്റെ ചരിത്രവും, ഈ സമര്‍പ്പിത സമൂഹങ്ങളുടെ സക്രിയ സമര്‍പ്പണത്തിന്റെ ചരിത്രം കൂടിയാണ്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുരുഷന്മാരുടേതായി 30 ഉം സ്ത്രീകളുടേതായി 81 ഉം സന്യാസ സമര്‍പ്പിത സമൂഹങ്ങളാണുള്ളത്. അവയില്‍ അതിരൂപതയില്‍ തന്നെ ബീജാവാപം ചെയ്യപ്പെട്ടതും ഭാരതത്തിലെ മറ്റു രൂപതകളില്‍ രൂപീകൃതമായവയും, വിദേശത്തു സ്ഥാപിക്കപ്പെട്ടവയും ഉണ്ട്. ഈ സമൂഹങ്ങളില്‍ ഒരു പ്രാദേശിക ഭവനമുള്ളവ മുതല്‍ അറുപതോളം ഭവനങ്ങള്‍ അതിരൂപതയില്‍ ഉള്ളവ വരെയുണ്ട്. പുരുഷന്മാര്‍ക്കുവേണ്ടിയുള്ള സന്യാസ സമൂഹങ്ങളില്‍ പ്രമുഖങ്ങളായ വിന്‍സെന്‍ഷ്യന്‍ കോ ണ്‍ഗ്രിഗേഷന്‍ (വി സി), സി എസ് ടി (വൈദികരും സഹോദരന്മാരും അംഗങ്ങളായുള്ള സഭകള്‍), കാത്തലിക്ക് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് (സി സി ബി) എന്നിവയും, സ്ത്രീകള്‍ ക്കുവേണ്ടിയുള്ളവയില്‍ ഭാരതത്തിലെ പ്രഥമ ഏതദ്ദേശീയ സന്യാസിനീ സമൂഹമായ സി എം സി, സി എസ് എന്‍, എസ് ഡി, എ എസ് എം ഐ, പ്രേഷിതാരാം, സാധുസേവന സഭ (എസ് എസ് എസ്), ദൈവദാന്‍ സിസ്റ്റേഴ്‌സ് എന്നിവയും എറണാകുളം അങ്കമാലി അതിരൂപതയുടെ മണ്ണില്‍ സ്ഥാപിതമായവയാണ് എന്നത് അഭിമാനകരമായ കാര്യമാണ്. സിസ്റ്റേഴ്‌സ് ഓഫ് എന്ന അപ്പസ്‌തോലിക സമൂഹവും ഈ ഗണത്തില്‍പ്പെടുന്നു.

വിശുദ്ധരും കാലത്തിനുമുമ്പേ നടന്നവരും, സന്യാസ സമര്‍പ്പണ ജീവിതത്തിന്റെ മര്‍മ്മമറിഞ്ഞവരുമായ സ്ഥാ പകപിതാക്കന്മാരാലും അവരുടെ സേ വനത്താലും അനുഗ്രഹീതമാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മണ്ണും മനസ്സും. ഭാരതത്തിലെ പ്രഥമ സന്യാസ സമൂഹമായ സി എം ഐ സഭയുടെ സ്ഥാപകരിലൊരാളായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പര്‍ശമേറ്റ മണ്ണാണിത്. അദ്ദേഹം അവസാന കാലങ്ങള്‍ ചെലവഴിച്ചതും, സമാധിയടഞ്ഞതും കൂനമ്മാവിലാണ്, അവിടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള സന്യാസ ഭവനങ്ങളും പ്രേഷിത പ്രവര്‍ത്തനങ്ങളും രൂപമെടുത്തു. സി എം ഐ സഭയുടെ സ്ഥാപകരില്‍ പ്രമുഖരും സന്യാസ സമര്‍പ്പിത ജീവിതം എന്ന ആശയത്തിന് ഭാരതത്തില്‍ വിത്തുപാകുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്കുകയും ചെയ്ത ആചാര്യ ശ്രേഷ്ഠന്‍ പാലയ്ക്കല്‍ തോമ്മാ മല്പാനച്ചന്‍ പള്ളിപ്പുറത്തിന്റെ പുത്രനാണ്. സി എസ് ടി സഭാ സ്ഥാപകനായ ബസിലിയൂസ് പാണാട്ടച്ചനും, ഹോളി ഫാമിലി സഭാ സ്ഥാപകനായ ദൈവദാസന്‍ ജോസഫ് വിതയത്തില്‍ അച്ചനും, എസ് ഡി സഭാ സ്ഥാപകനായ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചനും, എ എസ് എം ഐ സഭാ സ്ഥാ പകനായ ദൈവദാസന്‍ ജോസഫ് കണ്ടത്തിലച്ചനും, എം എസ് ജെ സഭയുടെ സ്ഥാപകനായ ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരനച്ചനും, പ്രേഷിതാരാം സഭയുടെ സ്ഥാപകനായ ജോര്‍ജ് കൊച്ചുപറമ്പിലച്ചനും, നസ്രത്തു സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകനായ മാത്യു മങ്കുഴിക്കരിയച്ചനും, സാധു സേവന സഭയുടെ സ്ഥാപകനായ തോമസ് മാളിയേക്കലച്ചനും ഒന്നിലധികം സഭാ സമൂഹങ്ങള്‍ക്കു നാന്ദി കുറിച്ച അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവുമെല്ലാം അതിരൂപതയില്‍ സന്യാസ സമര്‍പ്പിത ജീവിതത്തനു വേരുപാകാനും വളര്‍ത്താനും ഫലമണിയിക്കാനും ദൈവനിയോഗം ലഭിച്ചവരാണ്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനിച്ചും വളര്‍ന്നും വിശുദ്ധിയുടെ പരിമളം പരത്തുന്ന സമര്‍പ്പിതാത്മാക്കള്‍ നിരവധിയാണ്. ''മുഖമില്ലാത്തവരുടെ മുഖ''മായി വീരരക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട റാണി മരിയയും, ഏകീകൃത സി എം സി സഭയുടെ ആദ്യജനറാളായ ദൈവദാസി മദര്‍ മേരി സെലിനുമെല്ലാം അതിരൂപതയുടെ സമര്‍പ്പിത പുണ്യമാണ്. ഔദ്യോഗികമായി പേര്‍വിളിക്കപ്പെട്ടില്ലെങ്കിലും ആവൃതിക്കകത്തും പുറത്തുമായി സമര്‍പ്പിത ജീവിതത്തിലൂടെ വിശുദ്ധിയുടെ നേര്‍സാക്ഷ്യമായി മാറിയ അതിരൂപത മക്കള്‍ എത്രയോ പേര്‍.

അതിരൂപതയുടെ ചരിത്രവും വളര്‍ ച്ചയുമെല്ലാം സന്യാസ സമൂഹങ്ങളുടേയും വളര്‍ച്ചയുടേയും ഇവ തമ്മിലുള്ള ജൈവികമായ പാരസ്പര്യത്തിന്റേയും ചരിത്രമാണ്. അതിരൂപതയിലെ അജപാലനം, സാമൂഹികപ്രേഷിതത്വം, വിദ്യാഭ്യാസം, ആതുരസേവനം എന്നീ മേഖലകളിലെല്ലാം സമര്‍ പ്പിതര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നല്കിയ സംഭാവനകള്‍ അവര്‍ണ്ണനീയമാണ്. ഇടവക സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമായി ഹയരാര്‍ക്കിയോട് തോളോടു തോള്‍ ചേര്‍ന്നു നിലയുറപ്പിച്ചവരാണ് ഈ സമൂഹങ്ങള്‍. പല ഇടവക ദേവാലയങ്ങളും സന്യസ്ത സമൂഹങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. വിശ്വാസ പരിശീലനരംഗത്തും കുടുംബ പ്രേഷിതരംഗത്തും, യുവജന പ്രേഷിതരംഗത്തുമെല്ലാം സമര്‍പ്പിത സമൂഹങ്ങളുടെ സാന്നിധ്യവും സഹകരണവുമില്ലാത്ത നിമിഷങ്ങളെക്കു റിച്ച് ചിന്തിക്കാനാവില്ല. കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖങ്ങളായ കോളജുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, മുദ്രാലയ പ്രേഷിത കേന്ദ്രങ്ങള്‍, വചന പ്രഘോഷ കേന്ദ്രങ്ങള്‍, മുന്നേറ്റങ്ങള്‍ ഇവയ്‌ക്കെല്ലാം അതിരൂപതയിലെ സ ന്യാസസമൂഹങ്ങള്‍ നേതൃത്വം നല്കുമ്പോള്‍ അവയെല്ലാം അതിരൂപതയുടെ സ്വന്തം സ്ഥാപനങ്ങളെന്ന രീതിയിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. നഗര സുവിശേഷവത്ക്കരണം, ആകാശപ്പറവകള്‍ തുടങ്ങിയ വേറിട്ട വഴികളിലൂടെയുള്ള സുവിശേഷ സാക്ഷ്യത്തിനും ഇവിടത്തെ സമര്‍പ്പിതര്‍ സന്നദ്ധരായി, സഭാ ഗാത്രത്തിന്റെ കാരുണ്യമുഖം പ്രശോഭിതമാക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയും സമര്‍പ്പിതരും തമ്മിലുള്ള ബന്ധം ഏറെ സജീവവും, സക്രിയവുമാണ്. പരസ്പര പോഷണത്തിന്റേയും കരുതലിന്റേയും മാനം ഈ ബന്ധത്തിനുണ്ട്, അതിരൂപതയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്കാന്‍ സമര്‍പ്പിതര്‍ക്കായിട്ടുണ്ട്. അതുപോലെ സന്യാസ സമൂഹങ്ങളെ ഹൃദയത്തോ ടു ചേര്‍ത്തു നിര്‍ത്തി വളര്‍ത്താനും പ്രവര്‍ത്തന സ്വാതന്ത്ര്യവും തനിമയേയും സിദ്ധികളേയും നിലനിര്‍ത്താനുള്ള വിശാല കാഴ്ചപ്പാടും അതിരൂപതയും പുലര്‍ത്തിയിട്ടുണ്ട്. എന്നും അതിരൂപതയോട് ഒപ്പം നടക്കുന്നവരാണ്, അതിരൂപതയുടെ സമര്‍പ്പിത മക്കള്‍. അത്, ക്ഷേമ കാലങ്ങളിലും ക്ഷാമ കാലങ്ങളിലും ഒരുപോലെ. പാരസ്പര്യത്തിന്റെ ഈ ഊഷ്മളത ക്രിസ്തു സാക്ഷ്യത്തിന്റെ നേര്‍ക്കാഴ്ചയായി ഇനിയും തുടരട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org