ഇന്ത്യ എന്ന ആശയം

ഇന്ത്യ എന്ന ആശയം
അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ ജനാധിപത്യ രാജ്യങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കുന്നത് അവ പിറവികൊണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണെങ്കില്‍, ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അത് നടപ്പിലാക്കി ലോകത്തെ അമ്പരപ്പിച്ചു.

ഓരോ വര്‍ഷവും ആഗസ്റ്റ് പതിനഞ്ച് വരികയും, വന്നപോലെ പോവുകയും ചെയ്യുന്നു. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. എന്നത്തേയും പോലെ ആഗസ്റ്റ് പതി നാലിന് ശേഷം ആഗസ്റ്റ് പതിനഞ്ച് എത്തി. പാകിസ്ഥാന്റെ പിറവിക്കു ശേഷം ഇന്ത്യയുടെ പിറവി എന്ന് വിവക്ഷ. ഇവിടെ ഒരു സു പ്രധാന ചോദ്യം ഉയരുന്നു. എന്തിനു വേണ്ടിയാണ് രാജ്യങ്ങള്‍ പിറവിയെടുക്കുന്നത്? സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് ഫ്രാന്‍സ് പിറവികൊണ്ടതെന്നാണ് ഫ്രഞ്ച് വിപ്ലവം ഉദ്‌ഘോഷിക്കുന്നത്. ജീവനും സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും വേണ്ടി അമേരിക്കയും ഭൂമിക്കും സമാധാനത്തിനും വേണ്ടി പഴയ സോവിയറ്റ് യൂണിയനും പിറവികൊണ്ടു. ഇന്ത്യയുടെ പിറവിയോ?

ഈ ചോദ്യത്തിന്റെ ഉത്തരം നല്‍കുന്നതിന് മുന്‍പ് ഒരു കഥ പറയാം. മണിക് ബന്ദ്യോപാദ്ധ്യായയുടെ കഥയാണ് ശില്പി (1946). തൊഴില്‍ രഹിതരായ നെയ്ത്തുകാരുടെയും വട്ടി പലിശക്കാരുടെയും ജന്മിമാരുടെയും ഒരു ബംഗാളി ഗ്രാമം. ക്ഷാമവും യുദ്ധക്കെടുതിയും (രണ്ടാം ലോക മഹായുദ്ധം) തൊഴിലില്ലായ്മയും, പട്ടിണി മരണവും, വര്‍ഗീയ സംഘര്‍ഷങ്ങളുമൊക്കെയാണ് പശ്ചാത്തലത്തില്‍. മനോഹരമായ ബനാറസ് സില്‍ക്ക് സാരി നെയ്യുന്നതില്‍ വിദഗ്ദ്ധനായ മദന്‍ എന്ന നെയ്ത്തുകാരന്‍ മാസങ്ങളോളം തൊഴില്‍ രഹിതനായി കഴിയുന്നു. ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ പോലും നിവര്‍ത്തി ഇല്ലാത്ത അവസ്ഥ. ഒടുവില്‍ അയാള്‍ വട്ടിപ്പലിശക്കാരനോട് കുറച്ചു പണവും നൂലും യാചിക്കുന്നു. എന്നാല്‍ അയാള്‍ തോര്‍ത്ത് നെയ്യാന്‍ പറ്റിയ വിലകുറഞ്ഞ നൂലാണ് നല്‍കാന്‍ തയ്യാറാവുന്നത്. ബനാറസ് സില്‍ക്ക് നെയ്യുന്നവന്റെ കയ്യില്‍ ഈരെഴയന്‍ തോര്‍ത്തിന്റെ നൂല്‍! ഇത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. ഇതോടെ മദന്‍ അത് നിരസിക്കുകയും, രാത്രി മുഴുവന്‍ തന്റെ ഒഴിഞ്ഞ തറി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ശബ്ദം കേട്ട് പുലര്‍ച്ചെ ഓടിയെത്തുന്ന തന്റെ സഹ നെയ്ത്തുകാരോട് അദ്ദേഹം പറയുന്നു, 'ഇനിയും ഒന്നും ചെയ്യാതിരുന്നാല്‍ എന്റെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടും. അതു കൊണ്ട് ഒഴിഞ്ഞ തറി ഞാന്‍ രാത്രി മുഴുവന്‍ ഓടിച്ചു. എനിക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു.' ഇതോടെ കഥ അവസാനിക്കുന്നു.

മദന്റെ ഈ നിലപാട് വട്ടി പലിശക്കാരോടും ജന്മിമാരോടും അവരെ പരിപാലിക്കുന്ന ഭരണവര്‍ ഗത്തോടുമുള്ള പ്രതിഷേധമാണ്. അതുകൊണ്ടു തന്നെ അതൊരു രാഷ്ട്രീയ പ്രവൃത്തിയും സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ്. ഇത്തരം പട്ടിണിക്കാരായ അനേകശതം മനുഷ്യരുടെ പ്രവര്‍ത്തന ഫലത്താലും അവരുടെ രക്തസാക്ഷിത്വത്താലും അവര്‍ക്കു വേണ്ടിയുമാണ് ഇന്ത്യ പിറവി കൊണ്ടത്. ഇതില്‍ ജാതി മത പ്രാദേശിക വ്യത്യാസവുമുണ്ടായിരുന്നില്ല. ഇതു തന്നെയല്ലേ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പൊരുള്‍? മദന്‍ നൂലില്ലാത്ത തറി പ്രവര്‍ത്തിപ്പിച്ച് അ നീതിയെ പ്രതിരോധിച്ചെങ്കില്‍, ഗാന്ധിജി നൂലുള്ള ചര്‍ക്ക പ്രവര്‍ത്തിപ്പിച്ച് ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ തീരത്ത് അടുപ്പിച്ചു. രണ്ടില്‍ നിന്നും ഉയരുന്ന ജനാധിപത്യ ഭാവന ഒന്നുതന്നെയാണ് ചൂഷണരഹിതമായ സമൂഹം, ജനങ്ങളുടെ ക്ഷേമം. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കേണ്ടി വന്നെങ്കിലും, ദേശീയ പ്രസ്ഥാനം ഏതെങ്കിലും ഒരു മതത്തിന്റെയൊ വര്‍ഗത്തിന്റെയൊ രാജാധികാരത്തിനു വേണ്ടിയല്ല നിലകൊണ്ടത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ദാരിദ്ര്യവും ജാതി മത ഉച്ചനീചത്വവും മുതല്‍ സാമ്പത്തിക അരക്ഷിതാവസ്ഥയും വികസന പ്രതിസന്ധിയും വരെയുള്ള കാര്യങ്ങള്‍ അഭിസംബോധന ചെയ്യാനുള്ളൊരു അവസരമായാണ് സ്വാതന്ത്ര്യത്തെ അത് വിക്ഷിച്ചത്.

ഇന്ത്യന്‍ ഭരണഘടന രൂപം കൊള്ളുന്നത് ഇത്തരം ആശങ്കകളില്‍ നിന്നാണ്. ഇതു തന്നെയാണ് ഇന്ത്യ എന്ന ആശയത്തിന് മിഴി വേകുന്നതും, അതിനൊരു ദാര്‍ശനികമായ ഉള്‍ക്കട്ടി നല്‍കുന്നതും. നമ്മുടെ ഭരണഘടനയ്ക്ക്, പലവിധ പോരായ്മകള്‍ ഉണ്ടെങ്കിലും, അത് അതിന്റെ കാലഘട്ടത്തിന് മുന്നേ നടന്ന രേഖയാണെന്ന് സമ്മതിക്കാതെ വയ്യാ. ഒരു ഉദാഹരണം ഇതാ. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ ജനാധിപത്യ രാജ്യങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കുന്നത് അവ പിറവികൊണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണെങ്കില്‍, ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അത് നടപ്പിലാക്കി ലോകത്തെ അമ്പരപ്പിച്ചു. മാത്രമല്ല അത് ഒരു ചുവടുകൂടി മുന്നോട്ടു പോയി, ദുര്‍ബല (ദളിത് ആദിവാസികള്‍ക്ക്) വിഭാഗങ്ങള്‍ക്ക് ജന പ്രതിനിധി സഭകളില്‍ സംവരണവും ഏര്‍പ്പെടുത്തി.

അതുപോലെ തന്നെ പുതിയതും പഴയതുമായ പല ജനാധിപത്യ രാഷ്ട്രങ്ങളും ഔദ്യോഗിക മതവും മതഗ്രന്ഥങ്ങളും തങ്ങളുടെ ഭരണസമ്പ്രദായത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയപ്പോഴും, ഇന്ത്യന്‍ ഭരണഘടന അത്തരം രീതികളില്‍ നിന്ന് വേറിട്ട് നിന്നു. ന്യൂനപക്ഷങ്ങള്‍ക്ക് മതപരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ചില അവകാശങ്ങള്‍ നല്‍കിക്കൊണ്ട്, മതനിരപേക്ഷതയെ ഊട്ടിഉറപ്പിച്ചു.

മറ്റു പല രാജ്യങ്ങളും അവയുടെ മൗലിക ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച സമത്വവും നീതിയും സ്വാതന്ത്ര്യവും സാഹോദര്യവുമൊക്കെ നമ്മുടെ ഭരണഘടനയിലും കടന്നുവരുന്നുണ്ട്. എന്നാല്‍, അവ പറയാതെ പോയ ചില കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. വ്യക്തിയുടെ അന്തസ്സും ലോക സമാധാനവുമാണ് ഇതില്‍ സു പ്രധാനം. ഇതില്‍ വ്യക്തിയുടെ അന്തസ്സിനെക്കുറിച്ചുള്ള പരാമര്‍ശം ഡോ. ബി.ആര്‍. അംബേദ്കറിന്റെ സംഭാവനയാണെന്നത് ഇവിടെ എടുത്ത് പറയേണ്ട വസ്തുതയാണ്.

ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ച സന്ദര്‍ഭത്തില്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ നടന്നൊരു ചര്‍ച്ച ഇത്തരുണത്തില്‍ പരാമര്‍ശമര്‍ഹിക്കുന്നു. അംബേദ്കര്‍ അവതരിപ്പിച്ച കരട് രേഖയില്‍ 'വ്യക്തിയുടെ അന്തസ്സ്' കഴിഞ്ഞാണ് 'രാജ്യത്തിന്റെ ഐക്യം' എന്ന പ്രയോഗം ഉണ്ടായിരുന്നത്. ഇത് തിരിച്ചാക്കണമെന്ന അഭിപ്രായം 'രാജ്യത്തിന്റെ ഐക്യം' കഴിഞ്ഞ് 'വ്യക്തിയുടെ അന്തസ്സ്' സഭയില്‍ ഉയര്‍ന്നു വന്നു. ഇതിനെ തള്ളിക്കളഞ്ഞു കൊണ്ട് അംബേദ്കര്‍ നല്‍കിയ മറുപടി എക്കാലവും പ്രസക്തിയുള്ളതാണ്. 'അന്തസ്സുള്ള പൗരന്മാര്‍ക്കേ രാജ്യത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കാനാവൂ', അദ്ദേഹം പറഞ്ഞു. വ്യക്തിയുടെ അന്തസ്സിനും മഹത്വത്തിനും വിലകല്പിക്കുന്നൊരു ഭരണഘടനയാണ് നമ്മുടേത് എന്ന് സാരം.

ലോക സമാധാനം ഉള്‍പ്പെട്ടിരിക്കുന്നത് നിര്‍ദ്ദേശക തത്വങ്ങളിലാണ് (51-ാം വകുപ്പ്). ഇതിന് രാജ്യാന്തര മാനം മാത്രമല്ല ആഭ്യന്തരമായും വലിയ പ്രസക്തിയുണ്ട്, പ്രത്യേകിച്ച് വൈവിദ്ധ്യമാര്‍ന്ന സമൂഹം നിലനില്ക്കുന്ന ഇന്ത്യന്‍ പശ്ചാത്തലത്തില്‍. ആഭ്യന്തരമായി സമാധാനം നിലനിര്‍ത്താനാവാത്തൊരു രാജ്യത്തിന് ലോക സമാധാനത്തെക്കുറിച്ച് എങ്ങനെ പറയാനാവും? മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ഭീഷ്മര്‍ യുധീഷ്ഠിരന് നല്‍കുന്ന ഉപദേശം ഓര്‍മ്മ ഇല്ലേ? 'രാജാവ് സ്വന്തം പ്രജകളെ പരിപാലിക്കണം. അവരെ ചേര്‍ത്തു നിര്‍ത്തിയും അഹിംസയില്‍ ഊന്നിയും മുന്നോട്ടു പോകണം. അതാണ് രാജധര്‍മ്മം', അദ്ദേഹത്തിന്റെ ഉപദേശം ഇങ്ങനെ പോകുന്നു.

ഇതാണ് ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ഇന്ത്യ. അത് 'നാളത്തെ' ഇന്ത്യയാണ്, ചരിത്രത്തില്‍ കണ്ണുനട്ടു നില്‍ക്കുന്ന ഇന്ത്യയല്ല. എല്ലാ രാജ്യങ്ങള്‍ക്കും ചരിത്രമുണ്ട്. ചരിത്രത്തില്‍ മുറിവുകളും വേദനയുമുണ്ട്. ഇന്ത്യയുടെ കാര്യവും വിഭിന്നമല്ല. എന്നാല്‍, നാം അതില്‍ കുടുങ്ങി കിടക്കാന്‍ പാടില്ല. അത് അപകടകരമാണ്. ഭരണ ഘടനയില്‍ നിന്ന് വായിച്ചെടുക്കണ്ട ഏറ്റവും വലിയ പാഠം ഇതാണ്. അത് ഇന്ത്യയെ ഏകവചനമായിട്ടല്ല, ബഹുവചനമായിട്ടാണ് നിര്‍വചിക്കുന്നത്. ഏകവചനവും ബഹുവചനവും സമരസപ്പെട്ടു നില്‍ക്കുന്ന ഇന്ത്യ.

വൈജാത്യം അഥവാ വ്യത്യാസം വേറിട്ട് പോക്കോ വേറിട്ട് നില്‌പോ അല്ലെന്നും അത് വ്യത്യസ്ത കാഴ്ചപ്പാടും ജീവിത രീതിയും മാത്രമാണെന്നും അത് നമ്മേ ഓര്‍മ്മപ്പെടുത്തുന്നു. പലത് ഉണ്ടായതുകൊണ്ടാണ് ഐക്യം പ്രസക്തവും പ്രധാനവുമാകുന്നത്. ഭിന്നതകളെ സംഗമമാക്കുന്ന, വ്യത്യസ്ത ജനവിഭാഗങ്ങളെ ഒരു പൊതുവായ ഹാരകത്തിലേക്ക് കൊണ്ടുവരുന്നതാണ് ഭരണഘടനയുടെ അഖണ്ഡതാ സങ്കല്പം. ഇതാണ് അത് മുന്നോട്ടുവയ്ക്കുന്ന ഇന്ത്യ എന്ന ആശയം.

സംശയം വേണ്ട, ഇതു തന്നെയാണ് നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങള്‍ കാംക്ഷിക്കുന്ന ഇന്ത്യയും. അമേരിക്കയിലെ പ്യു റിസര്‍ച്ച് സെന്റര്‍ (PEW Research Cetnre) അടുത്ത കാലത്ത് നടത്തിയ സര്‍വ്വെയെ വിശ്വസിക്കാമെങ്കില്‍, നമ്മുടെ രാജ്യത്തെ 90 ശതമാനം ജനങ്ങളും ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയായി കാണുന്നത് മതസഹിഷ്ണുതയെയാണ്. ഇവര്‍, മറ്റ് മതങ്ങളെ ബഹുമാനിക്കുന്നത് തങ്ങളുടെ മതത്തിന്റെ മൗലികഭാവമായി കരുതുന്നു. ഒരുവേള, പാകിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഇത്തരത്തിലുള്ളൊരു പാകിസ്ഥാനാവും. എല്ലാ രാജ്യത്തെ ജനങ്ങളും അങ്ങനെതന്നെ. യുദ്ധവും വെറുപ്പും വര്‍ഗീയതയും വിഭാഗീയതയുമൊക്കെ ഭരണവര്‍ഗത്തിന്റെ സൃഷ്ടികളാണ്. അധികാരം കയ്യാളാനും അത് ആവോളം നില നിര്‍ത്താനുമുള്ള കുറുക്കുവഴി.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യത്തിലേക്ക് വന്നാല്‍, പരസ്പരം സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന ദേശ സങ്കല്പമാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇതിന്റെ പ്രതീകമായി കണക്കാക്കാവുന്നൊരു ചരിത്രസ്മാരകം ഇന്നും പാകിസ്ഥാനിലെ ഫൈസലാബാദില്‍ (പഴയ ലിയാല്‍പ്പൂര്‍) നിലനില്ക്കുന്നുണ്ട്. ഒരു പഴയ ക്ലോക് ടവ്വര്‍. വേദമന്ത്രങ്ങളും കൃഷ്ണനെയും ശിവനെയും ശ്രീരാമനെയും പ്രകീര്‍ത്തിക്കുന്ന പ്രാര്‍ത്ഥനാഗാനങ്ങളും സംസ്‌കൃത ഭാഷയില്‍ കൊത്തി വച്ചിരിക്കുന്നു അതില്‍. ഇത്തരം ചരിത്രാവശിഷ്ടങ്ങള്‍ ഇന്ത്യയിലും ധാരാളമായുണ്ട്. സാധാരണ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം ജാതി മത വൈരത്തിന്റെ കണക്കെടുപ്പിനുള്ള സന്ദര്‍ഭമല്ലെന്ന് അവ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അത് അവര്‍ക്ക് അന്നത്തിനും അത്താണിക്കും സമാധാനത്തിനു മുള്ള അവസരം മാത്രമാണ്. ബന്ദ്യോപാദ്ധ്യായയുടെ കഥയിലെ നെയ്ത്തുകാരന്‍ ഇതിന്റെ പ്രതീകമാണല്ലോ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പക്ഷേ ഈ പാരമ്പര്യവും പ്രതീക്ഷയും നമുക്ക് നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം. യഥാര്‍ത്ഥ ഇന്ത്യയില്‍ നിന്ന് നാം ഡ്യൂപ്ലിക്കേറ്റ് ഇന്ത്യയിലേക്ക് യാത്ര ആരംഭിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org