
പി എന്‍ ഗോപീകൃഷ്ണന്‍
മതാധിപത്യ ഫാസിസം പകര്‍ച്ചവ്യാധിപോലെ സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്നു. നമ്മുടെ ഉദാസീനതയില്‍ കൂടിയാണ് ഈ ഫാസിസം പടരുകയും വേരുപിടിക്കുകയും ചെയ്യുന്നത്. രാഷ്ട്രീയ പ്രബുദ്ധത ഇല്ലാത്ത ഒരു സമൂഹത്തിലാണ് ഫാസിസം പെട്ടെന്ന് ആധിപത്യം നേടുക. രാഷ്ട്രീയ ജനാധിപത്യം എന്നത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വോട്ടെടുപ്പോ ആ വോട്ടിന്റെ കണക്കില്‍ ലഭിക്കുന്ന അധികാരമോ ഒന്നുമല്ല എന്ന് അംബേദ്കര്‍ അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തില്‍ ഊന്നിപ്പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് പോലുള്ളവ സാങ്കേതിക കാര്യങ്ങള്‍ മാത്രമാണ്. ഈ സാങ്കേതിക കാര്യങ്ങള്‍ ജനാധിപത്യത്തില്‍ അത്യന്താപേക്ഷിതമാണ്.
പക്ഷേ അതിനുവേണ്ടിയുള്ള രാഷ്ട്രീയം അല്ലെങ്കില്‍ അതോടെ തീരുന്ന രാഷ്ട്രീയം യഥാര്‍ഥ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യും. യഥാര്‍ഥ ജനാധിപത്യം എന്നത്, അംബേദ്കര്‍ ഊന്നി പറയുന്നു, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന മൂന്ന് പ്രധാനപ്പെട്ട ആശയങ്ങള്‍ അടങ്ങുന്നതാണ്. ഈ മൂന്ന് മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ നിരന്തരം പുതുക്കിപ്പണിയുന്ന പ്രക്രിയയാണ് യഥാര്‍ഥത്തില്‍ ജനാധിപത്യം. സ്വാതന്ത്ര്യം എവിടെ നഷ്ടപ്പെടുന്നുവോ, സാഹോദര്യത്തിന് എവിടെ തകരാര്‍ പറ്റുന്നുവോ, തുല്യത എന്ന ആശയത്തിന് എവിടെ പരിക്ക് പറ്റുന്നുവോ അവിടെ ജനാധിപത്യത്തിന് ഇടിവ് സംഭവിക്കും.
സ്വാതന്ത്ര്യം എവിടെ നഷ്ടപ്പെടുന്നുവോ, സാഹോദര്യത്തിന് എവിടെ തകരാര്‍ പറ്റുന്നുവോ, തുല്യത എന്ന ആശയത്തിന് എവിടെ പരിക്ക് പറ്റുന്നുവോ അവിടെ ജനാധിപത്യത്തിന് ഇടിവ് സംഭവിക്കും.
അതുകൊണ്ട് അവയ്ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കണം. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ സമൂഹത്തില്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്നവയാണ്. സമൂഹം, പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ ഒരു ഹൈരാര്‍ക്കിക്കല്‍ സമൂഹം ഈ വളര്‍ച്ചയെ നിരന്തരം നോക്കിക്കൊണ്ടിരിക്കുകയും അതില്‍ ഇടപെട്ടു കൊണ്ടിരിക്കുകയും ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ സാമൂഹ്യ ജനാധിപത്യം എന്ന ആശയം നമുക്ക് നഷ്ടമാകും. അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പ് എന്ന സാങ്കേതിക ജനാധിപത്യം പൊള്ളയായ ഒരു ചട്ടക്കൂടായി നിലനില്‍ക്കും. അതിന്റെ ഇടയില്‍ കൂടെ ഫാസിസത്തിന് കയറിയിരിക്കാന്‍ പറ്റും.
മലയാളി സമൂഹത്തിലേക്ക് ഫാസിസത്തിന്റെ ഘടകങ്ങളെ കടത്തിവിടാന്‍ നിരവധി ഏജന്‍സികള്‍ പണിയെടുക്കുന്ന ഒരു കാലമാണിത്. ഈ ഫാസിസത്തെ ശക്തമായി എതിര്‍ക്കുവാന്‍ കേരളത്തിലെ മതേതരസമൂഹത്തിന് ഒരു നിമിഷം പോലും ആലോചിക്കേണ്ട കാര്യമില്ല. എന്നാല്‍ നമ്മള്‍ എതിര്‍ക്കുന്ന ശക്തികള്‍ നിന്നിടത്തു തന്നെ നില്‍ക്കുകയാണെന്നും നമ്മള്‍ മാത്രം മുന്നോട്ടു പോവുകയാണെന്നും ഉള്ള ഒരു ധാരണ നമുക്കുണ്ട്. മനുവാദത്തില്‍ അധിഷ്ഠിതമായ ഒരു കാര്യമാണ് ഇന്ത്യയിലെ ഫാസിസം എന്നാണ് നാം പൊതുവേ വാദിക്കുന്നത്. സ്മൃതിയും പുരാണവും ഒക്കെ തന്നെയാണ് അവരുടെ അടിത്തറ എന്ന കാര്യത്തില്‍ തര്‍ക്കം ഒന്നുമില്ല. പക്ഷേ യാഥാസ്ഥിതികത്വവും ഫാസിസവും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് നാം മനസ്സിലാക്കണം. യാഥാസ്ഥിതികരുടെ പരിപാടികളും ഫാസിസ്റ്റ് പരിപാടികളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മനുവാദത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഒരു സംഗതി അതേപടി പുനഃസൃഷ്ടിക്കുകയല്ല ഫാസിസം ചെയ്യുന്നത്.
ആഗോളവല്‍ക്കരണത്തിന്റെ കാര്യം എടുക്കുക. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചിലിയില്‍ വന്ന് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ചുമതല ഏറ്റെടുത്തു. ചിക്കാഗോ ബോയ്‌സ് എന്ന് അറിയപ്പെട്ട ഇവര്‍ പിനോഷെയുടെ കാലത്ത് ചിലിയെ ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഒരു പരീക്ഷണശാലയാക്കി മാറ്റുകയായിരുന്നു. ഇതുപോലെ ഫാസിസത്തിനും ചില പരീക്ഷണശാലകള്‍ ഉണ്ട്. അത് ആദ്യം നടത്തുന്നത് സവര്‍ക്കര്‍ ആണ്. സവര്‍ക്കര്‍ 1923 ല്‍ മാപ്പ് എഴുതിക്കൊടുത്തു ജയില്‍ മുക്തനാകുന്നു. 1937 വരെ സവര്‍ക്കര്‍ രത്‌നഗിരി ജില്ലയില്‍ താമസിക്കുകയാണ്. സജീവ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടരുത്, ജില്ല വിട്ടു പുറത്തു പോകരുത് എന്ന രണ്ടു വ്യവസ്ഥകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സവര്‍ക്കറുടെ മുമ്പില്‍ വച്ചിരുന്നു. അതിനു വഴങ്ങി, രത്‌നഗിരി ജില്ലയില്‍ താമസിക്കുമ്പോള്‍, ഹിന്ദുത്വയെക്കുറിച്ച് അതിനു മുമ്പേ പുസ്തകം പ്രസിദ്ധീകരിച്ചിരുന്ന സവര്‍ക്കര്‍, അതിനാവശ്യമായ പരീക്ഷണം രത്‌നഗിരി ജില്ലയില്‍ പതിനാല് വര്‍ഷത്തോളം നടത്തുന്നുണ്ട്.
ഫാസിസവും നവോത്ഥാനവും ഒരേ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവ തമ്മിലുള്ള വ്യത്യാസം എപ്രകാരമായിരിക്കും എന്നത് വളരെ സൂക്ഷ്മമായി നാം പഠിക്കേണ്ടതുണ്ട്.
മനുസ്മൃതിയില്‍ എഴുതിയിട്ടുള്ള ബ്രാഹ്മണാധിപത്യത്തെ ഒരു ഹിന്ദു വംശീയതയായി എങ്ങനെ വികസിപ്പിക്കാന്‍ സാധിക്കുമെന്ന പരീക്ഷണമാണ് പ്രധാനമായും സവര്‍ക്കര്‍ നടത്തിയത്. നവോത്ഥാനത്തിന്റെ പല ഘടകങ്ങളും സവര്‍ക്കര്‍ അവിടെ സ്വീകരിക്കുന്നുണ്ട്. ഉദാഹരണത്തിന് പന്തിഭോജനം അദ്ദേഹം നടത്തുന്നു. അന്നത്തെ താഴ്ന്ന ജാതിക്കാരെ വിളിച്ചിരുത്തി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. നവോത്ഥാനത്തിന്റെ ഭാഗമായി നമ്മള്‍ കൊണ്ടാടുന്ന ക്ഷേത്രപ്രവേശനം സവര്‍ക്കര്‍ അവിടെ നടത്തുന്നുണ്ട്. ഫാസിസവും നവോത്ഥാനവും ഒരേ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവ തമ്മിലുള്ള വ്യത്യാസം എപ്രകാരമായിരിക്കും എന്നത് വളരെ സൂക്ഷ്മമായി നാം പഠിക്കേണ്ടതുണ്ട്. താഴ്ന്ന ജാതിക്കാരെ വിളിച്ചിരുത്തി സവര്‍ക്കര്‍ പന്തിഭോജനം നടത്തുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് മനുവാദികള്‍ എന്ന് നാം വിളിക്കുന്ന യാഥാസ്ഥിതികരാണ്.
ക്ഷേത്രപ്രവേശനം സവര്‍ക്കര്‍ നടത്തുമ്പോഴും അതിനെ യാഥാസ്ഥിതികര്‍ എതിര്‍ക്കുന്നുണ്ട്. വരാന്‍ പോകുന്ന ജനാധിപത്യത്തില്‍ വോട്ട് വളരെ പ്രധാനമാണ്, എണ്ണം പ്രധാനമാണ് എന്ന് സവര്‍ക്കര്‍ക്കറിയാം. ബ്രാഹ്മണ്യം ബ്രാഹ്മണരെ മാത്രം ഉള്‍ക്കൊള്ളുന്നതായാല്‍ അത് തീരെ കുറഞ്ഞ എണ്ണമായിരിക്കും എന്നും ഇന്ത്യ പുതിയ ഇന്ത്യ ആകുമ്പോള്‍ അവര്‍ ന്യൂനപക്ഷമാകും എന്നും അദ്ദേഹം മനസ്സിലാക്കി. ബ്രാഹ്മണിസത്തെ പുതിയൊരു പ്രത്യയശാസ്ത്ര രൂപത്തില്‍ വ്യാപിപ്പിക്കണം. ബ്രാഹ്മണര്‍ ശിരസ്സില്‍ നിന്നുണ്ടായതാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ കാര്യം നടക്കില്ല. അതുകൊണ്ട് അതിനെ ആധുനിക പ്രത്യയശാസ്ത്ര രൂപത്തില്‍ ആക്കണം. ഹിന്ദുമതത്തില്‍ ഉടനീളം ആ പ്രത്യയശാസ്ത്രത്തെ വ്യാപിപ്പിക്കണം. അതിനുള്ള പരീക്ഷണമാണ് സവര്‍ക്കര്‍ അവിടെ നടത്തിയത്.
കേരളത്തില്‍ നടന്ന നമ്പൂതിരി നവോത്ഥാനത്തില്‍ വി ടി ഭട്ടതിരിപ്പാട് പറഞ്ഞത് നമ്പൂതിരിയെ മനുഷ്യനാക്കുക എന്നാണ്. നേരെ തിരിച്ച് അധസ്ഥിതരെ കൊണ്ട് പൂണൂല്‍ ധരിപ്പിക്കുക എന്നതായി ഫാസിസ്റ്റ് തന്ത്രം. അപ്പോള്‍ വ്യാജമായ ഒരു സംതൃപ്തി അടിത്തട്ടിലെ മനുഷ്യര്‍ക്ക് ലഭിക്കുന്നു. അന്ന് സവര്‍ക്കറുടെ ഒരു സമ്മേളനത്തില്‍ താഴ്ന്ന ജാതിയായ മഹറില്‍പ്പെട്ട ഒരാള്‍ എഴുന്നേറ്റുനിന്ന് പറയുന്നുണ്ട്, നിങ്ങളെല്ലാവരും ഇസ്ലാം സ്വീകരിച്ചാലും ഞാന്‍ ഹിന്ദു ധര്‍മ്മത്തിനുവേണ്ടി നിലകൊള്ളും എന്ന്. അതായത് ബ്രാഹ്മണിസം പറയുന്ന ഒരു ഹിന്ദു വിനെ ഏറ്റവും താഴെത്തട്ടില്‍ നിന്ന് ഉണ്ടാക്കി തുടങ്ങുകയാണ് അന്ന് സവര്‍ക്കര്‍ ചെയ്തത്. അങ്ങനെ വ്യാജ മായ സംതൃപ്തി കൊടുത്ത് ഉണ്ടാക്കുന്ന ഒരു ഹിന്ദു വംശീയ പ്രസ്ഥാനം ആയിട്ടാണ് 14 വര്‍ഷത്തോളമുള്ള പരീക്ഷണത്തില്‍ നിന്ന് സവര്‍ക്കര്‍ ഹിന്ദുത്വയെ മനസ്സിലാക്കുന്നത്. ആര്‍ എസ് എസ് ഇതാണ് പിന്തുടര്‍ന്നത്.
ഇവിടെ ഹൈപ്പര്‍മാര്‍ക്കറ്റ് പൊളിറ്റിക്‌സ് ഉണ്ട്. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് വന്നാല്‍ സമീപത്തെ കടകളെല്ലാം ഇല്ലാതാകും. കാരണം അവിടെ എല്ലാം കിട്ടും. എതിരെ നില്‍ക്കുന്ന ഓരോ വിഭാഗങ്ങളെയും ഇവര്‍ ഏറ്റെടുക്കുകയും അവരുടേതായി മാറ്റുകയും ചെയ്യുന്നു. ഇന്ത്യയിലെ ദളിത് പാര്‍ട്ടികള്‍ ഇല്ലാതായത് ഒരു ഉദാഹരണം മാത്രം.
ഗാന്ധിജിയെ വധിച്ചശേഷം കോടതിയില്‍ നടത്തുന്ന പ്രസ്താവന യില്‍ ഗോഡ്‌സെ പറയുന്നുണ്ട്, താന്‍ ആര്‍ എസ് എസില്‍ പ്രവര്‍ത്തിച്ചിരുന്നു, ആര്‍ എസ് എസിന്റെ ജാതി വിരുദ്ധ ശാഖയിലാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന്. ഏതുകാലത്തും ജയിക്കാന്‍ കഴിയുന്ന ആധുനികമായ ഒരു ബ്രാഹ്മണ്യ ത്തിലേക്ക് ഈ പഴയ ബ്രാഹ്മണ്യത്തെ മാറ്റുക എന്ന രീതിയാണ് അതിനു പിന്നില്‍. ഇതാണ് ആര്‍ എസ് എസ് ഇപ്പോഴും പിന്തുടരുന്നത്.
ഇന്ത്യയില്‍ അഹിന്ദുക്കള്‍ ഇല്ല എന്ന് രണ്ടു കൊല്ലം മുമ്പ് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പ്രസ്താവിച്ചു. ആര്‍ എസ് എസ് അതിന്റെ ലൈന്‍ മാറ്റുന്നു, ന്യൂനപക്ഷങ്ങളോടുള്ള ശൈലി മാറ്റുന്നു എന്നെല്ലാം അതിനെ ചില പത്രങ്ങള്‍ വ്യാഖ്യാനിച്ചു. പക്ഷേ സൂക്ഷ്മമായി ചിന്തിച്ചാല്‍ പുതിയൊരു ചാതുര്‍വര്‍ണ്യമാണ് അവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാകും. പഴയ ചാതുര്‍വര്‍ണ്യം വിലപ്പോകില്ല. പുതിയ ചാതുര്‍വര്‍ണ്യത്തിന് അനുയോജ്യമായ സാഹചര്യം ഉണ്ടാക്കുകയാണ് ആ പ്രസ്താവനയിലൂടെ ചെയ്തത്. ഭഗവതിന്റെ അഭിപ്രായത്തില്‍, നാലുതരം മനുഷ്യരാണ് ഇന്ത്യയിലുള്ളത്, ഒന്ന് പ്രൗഡ് ഹിന്ദു. അതായത് അഭിമാനമുള്ള ഹിന്ദു. ആര്‍ എസ് എസിലോ ഹിന്ദുമഹാസഭയിലോ വിശ്വഹിന്ദു പരിഷത്തിലോ ബി ജെ പി യിലോ ഒക്കെ പ്രവര്‍ത്തിക്കുന്ന സംഘികളായ ഹിന്ദുക്കള്‍. ഇതാണ് ആദ്യത്തെ ഇനം.
കേരളത്തില്‍ നടന്ന നമ്പൂതിരി നവോത്ഥാനത്തില്‍ വി ടി ഭട്ടതിരിപ്പാട് പറഞ്ഞത് നമ്പൂതിരിയെ മനുഷ്യനാക്കുക എന്നാണ്. നേരെ തിരിച്ച് അധസ്ഥിതരെകൊണ്ട് പൂണൂല്‍ ധരിപ്പിക്കുക എന്നതായി ഫാസിസ്റ്റ് തന്ത്രം.
രണ്ടാമത്തേത് റിലക്റ്റന്റ് ഹിന്ദു. ഔപചാരിക മായി ഹിന്ദുമതത്തില്‍ അംഗമാണെങ്കിലും അതില്‍ പ്രത്യേകിച്ച് അഭിമാനം കൊള്ളാത്ത ആളുകളെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, വിമുഖഹിന്ദു. മൂന്നാമത്തെ ഇനം അണ്‍ഫ്രണ്ടിലി ഹിന്ദുവാണ്. ആദ്യത്തെ ഇനമായ പ്രൗഡ് ഹിന്ദുവിന് എതിരെ നില്‍ക്കുന്നവരാണ് അണ്‍ഫ്രണ്ട്‌ലി ഹിന്ദു. ന്യൂനപക്ഷങ്ങള്‍, വിശേഷിച്ച് മുസ്ലീങ്ങള്‍ ഈ ഇനത്തില്‍പ്പെടുന്നു. ഗോള്‍വാള്‍ക്കറുടെ ഭാഷയില്‍ പറഞ്ഞാല്‍, ഇന്ത്യ പിതൃഭൂമിയും പുണ്യഭൂമിയും അല്ലാത്തവര്‍. ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും എല്ലാം ഈ ഇനത്തില്‍ പെടും. അതായത് ഈ വിഭാഗത്തിലുള്ളവരെ മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിങ്ങനെ പ്രത്യേകം തിരിച്ചു പറയേണ്ടതില്ല. അണ്‍ഫ്രണ്ട്‌ലി ഹിന്ദു എന്നു മാത്രം പറഞ്ഞാല്‍ മതി. എതിര്‍ക്കപ്പെടേണ്ട ആളുകളാണ് അവര്‍ എന്നു വ്യക്തം. നാലാമത്തെ വിഭാഗം ഇഗ്‌നറന്റ് ഹിന്ദുവാണ്. അജ്ഞ ഹിന്ദു. ഇന്ത്യയില്‍ ഹിന്ദുവല്ലാത്ത എല്ലാവരെയും ഇഗ്‌നറന്റ് ഹിന്ദു എന്ന വിഭാഗത്തില്‍ അവര്‍ പെടുത്തുന്നു.
ഭഗവതിന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ എല്ലാവരും ഹിന്ദു എന്ന സംജ്ഞയ്ക്കു കീഴില്‍ വരുന്നവരാണ്. ഏതോ കാലത്ത് മതം മാറിയതു കൊണ്ട് ഹിന്ദുക്കള്‍ അല്ലാതായവര്‍. തങ്ങളുടെ പാരമ്പര്യത്തെപ്പറ്റി അജ്ഞരായതുകൊണ്ടാണ് അവര്‍ മുസ്ലീമായും ക്രിസ്ത്യാനിയായും ഒക്കെ കാണപ്പെടുന്നത്.
വിമുഖ ഹിന്ദുക്കളെ പതുക്കെ അഭിമാന ഹിന്ദുക്കള്‍ ആക്കുക, അണ്‍ഫ്രണ്ടിലി ഹിന്ദുക്കളുടെ എണ്ണം കുറച്ചു കൊണ്ടുവരിക, ഇഗ്‌നറന്റ് ഹിന്ദുവിനെ ഒരു ഘട്ടം വരെ പ്രൗഡ് ഹിന്ദു ആക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുക, പറ്റുന്നില്ലെങ്കില്‍ അണ്‍ഫ്രണ്ട്‌ലി ഹിന്ദുവിന്റെ ഗണത്തില്‍ ഇടുക. വളരെ മൂര്‍ത്തമായ ഒരു പ്രവര്‍ത്തനമാണ് ഇത്. കാരണം അവര്‍ നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. അടുത്ത ഒക്‌ടോബറിലെ വിജയദശമിക്ക് അവര്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫാസിസ്റ്റ് സംഘടനയായി മാറുകയാണ്.
ഭൂതകാലത്തെ അവര്‍ ഇപ്രകാരം പ്രത്യേക രീതിയില്‍ പരിണമിപ്പിക്കുമ്പോള്‍ നമുക്ക് ഭൂതകാലത്തെ വച്ച് എന്ത് ചെയ്യാനാകും എന്നതാണ് ചോദ്യം. അവരുടെ ചരിത്രദര്‍ശനത്തില്‍ സ്വാതന്ത്ര്യലബ്ധിയോ ബ്രിട്ടീഷ് ഭരണമോ ഒന്നും പ്രശ്‌നമല്ല. വടക്ക് സിന്ധു നദി മുതല്‍ തെക്ക് സിന്ധു മഹാസമുദ്രം വരെ പരന്നുകിടക്കുന്ന ഒരു ഹിന്ദുരാഷ്ട്രം ആയിരുന്നു ഇത്. ഇടയ്ക്ക് മറ്റുള്ള മ്ലേച്ഛന്മാര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു. അത് യവനരാകാം, മുഗളരാവാം, ബ്രിട്ടീഷുകാരാകാം, ഹിന്ദുരാഷ്ട്രത്തെ അംഗീകരി ക്കാത്ത ഈ നാട്ടുകാരു മാകാം. അങ്ങനെയുള്ള മ്ലേച്ഛരില്ലാതെ, പൂര്‍ണ്ണ ഹിന്ദുരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുന്ന പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കും. ആ തരത്തിലാണ് അവര്‍ ചരിത്രം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിനെ എതിര്‍ക്കുക എന്നു ള്ളതാണ് നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഇത് ചെയ്യണമെങ്കില്‍, ആര്‍ എസ് എസിനെ കുറിച്ചുള്ള നമ്മുടെ ധാരണ എന്താണ് എന്ന് നാം പരിശോധിക്കണം. ആര്‍ എസ് എസ് എന്നത് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള ഒരു മതഭീകര സംഘടനയാണ് എന്ന് ഈ നൂറാം വര്‍ഷത്തില്‍ എങ്കിലും നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയണം. കാരണം ഹിന്ദു മധ്യവര്‍ഗത്തിനിടയില്‍ അങ്ങനെയൊരു ധാരണ ഇല്ല.
ബീഹാറിന്റെ ഉള്‍ഗ്രാമങ്ങളില്‍ വലിയ മുസ്ലീം പള്ളികള്‍ ഇപ്പോഴും കാണാം. ആളില്ലാത്ത, ആരാധന നടക്കാത്ത പള്ളികള്‍. അവിടെയുള്ള മുസ്ലീങ്ങളെയെല്ലാം ഓടിച്ചതാണ്.
പക്ഷേ, ഭൂതകാലം നാം നോക്കിയാല്‍, 1946 തൊട്ട് ഇവര്‍ ഇന്ത്യയില്‍ വംശഹത്യ നടത്തിയിട്ടുണ്ട്. ആ ചരിത്രം ആരും പറയുന്നില്ല. ഗുജറാത്ത് വംശഹത്യ നമുക്കറിയാം. 2002 ല്‍ ഏതാണ്ട് രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെടുന്നു, ഇഹ്‌സാന്‍ ജഫ്രിപോലെയുള്ളവരെ വെട്ടിക്കൊല്ലുന്ന തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ലോകത്തിലെ എല്ലാവരും അതിനു വംശഹത്യ എന്ന് തന്നെ വിളിക്കുന്നു. പക്ഷേ 1946 ല്‍ ബീഹാറില്‍ നടന്നത് ഇതിനേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ള ഒരു വംശഹത്യ ആയിരുന്നു. മുസ്ലീങ്ങള്‍ ആയ പതിനായിരത്തോളം പേരെയാണ് അന്ന് ബീഹാറില്‍ വെട്ടിക്കൊന്നത്.
അഖണ്ഡഭാരതം എന്നൊക്കെ പറയുമെങ്കിലും ജിന്ന പാക്കിസ്ഥാന് വേണ്ടി നില്‍ക്കുന്നു എന്നതില്‍ ഏറ്റവും അധികം സന്തോഷിച്ച മനുഷ്യര്‍ ഇവര്‍ തന്നെയാണ്. കാരണം ജിന്നയ്ക്ക് ഇസ്ലാം മതത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം കിട്ടിയാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കുക എളുപ്പമാണ് എന്ന് അവര്‍ കരുതി. പക്ഷേ ഇന്ത്യയിലെ മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോയില്ല. കൂടാതെ ഇന്ത്യയിലെ എല്ലാ പ്രധാന നേതാക്കളും ഇന്ത്യ ഒരു മതേതര രാജ്യമായി തുടരണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചു. ജിന്ന പാക്കിസ്ഥാന്‍ ആവശ്യപ്പെടുമ്പോള്‍ കൊല്‍ക്കത്തയില്‍ ഉണ്ടായത് വര്‍ഗീയ ലഹളയാണ്. എന്നാല്‍ ബീഹാറില്‍ ഉണ്ടായത് അതല്ല. പാക്കിസ്ഥാനിലേക്ക് പോകാതെ നില്‍ക്കുന്ന മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തിയും സ്വത്ത് തട്ടിയെടുത്തും പോകാന്‍ നിര്‍ബന്ധിതരാക്കാം എന്നാണ് അവര്‍ കരുതിയത്. 10,000 ഓളം പേരെ കൊല്ലുകയും മൂന്നുലക്ഷത്തോളം പേര്‍ അവിടെ നിന്ന് ഓടിപ്പോവുകയും ചെയ്തു. ബീഹാറിന്റെ ഉള്‍ഗ്രാമങ്ങളില്‍ വലിയ മുസ്ലീം പള്ളികള്‍ ഇപ്പോഴും കാണാം. ആളില്ലാത്ത, ആരാധന നടക്കാത്ത പള്ളികള്‍. അവിടെയുള്ള മുസ്ലീങ്ങളെയെല്ലാം ഓടിച്ചതാണ്.
ആര്‍ക്കൈവ്‌സ് പരിശോധിക്കുമ്പോള്‍, അന്നത്തെ സൈദ് മുഹമ്മദ് എന്ന മന്ത്രി ഗാന്ധിജിക്ക് എഴുതിയ കത്ത് കാണാം. ഗാന്ധി അന്ന് ബംഗാളിലെ നവഖലിയില്‍ ആയിരുന്നു. ബീഹാറിലെ സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണ് എന്നാണ് അക്കാലത്ത് പൊതുവേ പറഞ്ഞിരുന്നത്. കാരണം ബീഹാര്‍ അന്ന് കോണ്‍ഗ്രസ്സാണ് ഭരിച്ചിരുന്നത്. കല്‍ക്കട്ടയിലാകട്ടെ മുസ്ലീം ലീഗും. അതുകൊണ്ട് ബീഹാറിലെ സംഭവങ്ങള്‍ക്ക് വലിയ പ്രചാരം കിട്ടുന്നത് നാണക്കേടായി കോണ്‍ഗ്രസ് കരുതി. സ്വാതന്ത്ര്യത്തിന്റെ സമയത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും ദുരിതം നേരിട്ട സംസ്ഥാനമായി തങ്ങളുടെ ഒരു സംസ്ഥാനം മാറുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഗാന്ധി നിരന്തരം അന്വേഷിച്ചിട്ടും തെറ്റായ വിവരങ്ങളാണ് അദ്ദേഹത്തിന് നല്‍കിക്കൊണ്ടിരുന്നത്.
പക്ഷേ സൈദ് മുഹമ്മദ് എന്ന മന്ത്രി ഗാന്ധിജിക്ക് നേരിട്ട് ഒരു കത്ത് കൊടുത്തയക്കുകയാണ്. അതില്‍ എല്ലാ വിവരങ്ങളും വിശദമായി എഴുതിയിരുന്നു. അന്നത്തെ മുഖ്യമന്ത്രിയുമൊത്ത് താന്‍ കലാപബാധിത പ്രദേശങ്ങളിലേക്ക് ചെന്നപ്പോള്‍ എല്ലുകളും തലയോട്ടികളും നിറഞ്ഞിരുന്നതിനാല്‍ ഇടവഴികളിലൂടെ നടക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതായി അദ്ദേഹം ഗാന്ധിജിയെ അറിയിക്കുന്നുണ്ട്. കരഞ്ഞുകൊണ്ടിരിക്കുന്ന ഒരുകൂട്ടം സ്ത്രീകളെ അവര്‍ കണ്ടു. കുഞ്ഞിനെ തന്റെ മടിയില്‍ നിന്നെടുത്ത് രണ്ട് കഷണം ആക്കി തന്നതായി ഒരു സ്ത്രീ അവരോടു പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായി തന്റെ കയ്യിലെ പണം മുഴുവന്‍ കൊടുത്തപ്പോള്‍ പണം വാങ്ങിയശേഷം രണ്ടു കുഞ്ഞുങ്ങളെയും വെട്ടിക്കൊന്നതായി മറ്റൊരു മുസ്ലീം സ്ത്രീ പറയുന്നുണ്ട്.
നമ്മള്‍ തമ്മില്‍ പല വ്യത്യാസങ്ങളും ഉണ്ടാകും. പക്ഷേ ഫാസിസത്തിനെതിരായ ഒരു മിനിമം സാംസ്‌കാരിക പരിപാടി നമുക്ക് ആവശ്യമാണ്.
ഒരു കാര്യം കൂടി ഓര്‍ക്കണം, അന്നത്തെ ബീഹാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതും ദുരിതമനുഭവിച്ചതുമായ മുസ്ലീങ്ങള്‍ പാവപ്പെട്ടവരായിരുന്നില്ല; ഇടത്തരം മധ്യവര്‍ഗവും ഉയര്‍ന്ന മധ്യവര്‍ഗവും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. തീവണ്ടിയില്‍ കയറി രക്ഷപ്പെടാന്‍ പോയ 200 ഓളം മുസ്ലീങ്ങളെ ഒരു സ്‌റ്റേഷനിലിട്ട് വെട്ടിക്കൊല്ലുന്നുണ്ട്. ഈ കാര്യങ്ങളൊക്കെയാണ് സെയ്ദ് മുഹമ്മദ് എന്ന മന്ത്രി ഗാന്ധിയെ അറിയിക്കാന്‍ ശ്രമിക്കുന്നത്. ഈ വിവരങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് ഗാന്ധി ബീഹാറിലൂടെ നടത്തിയ യാത്രയാണ് വാസ്തവത്തില്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
ബംഗാളില്‍ ഡയറക്ട് ആക്ഷന്‍ ഡേ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ കലാപം ഒരു വര്‍ഗീയ കലാപം തന്നെയായിരുന്നു. എന്നാല്‍ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം 31 ന് ബീഹാറില്‍ ഉണ്ടായ കലാപം അങ്ങനെയൊരു വര്‍ഗീയ കലാപമല്ല. അത് വംശഹത്യ തന്നെ ആയിരുന്നു. അവിടെയും ഗാന്ധി ഇടപെടുന്നുണ്ട്.
ഗാന്ധിജി മുസ്ലീം നേതാവായ, പാകിസ്ഥാനിലേക്ക് മന്ത്രിയാകാന്‍ പോകാനിരിക്കുന്ന ഹുസൈന്‍ സുഹ്രവര്‍ദിയെ വിളിച്ച് ഒരുമിച്ച് താമസിക്കുന്നു. പുറത്ത് ഹിന്ദു മുസ്ലീം കലാപം നടക്കുമ്പോള്‍ ഹിന്ദു എന്നും മുസല്‍മാനെന്നും സ്വയം വിശേഷിപ്പിക്കുന്ന രണ്ടു നേതാക്കള്‍ ഒരുമിച്ച് താമസിക്കുന്നത് പ്രയോജനം ചെയ്യും എന്നായിരുന്നു ഗാന്ധിയുടെ അഭിപ്രായം. ഒരാള്‍ ഹിന്ദു, മറ്റെയാള്‍ മുസല്‍മാന്‍, ഒരാള്‍ അര്‍ദ്ധനഗ്‌നന്‍, മറ്റൊരാള്‍ കോട്ടും സൂട്ടും ധരിക്കുന്നയാള്‍, ഒരാള്‍ സസ്യാഹാരി, ഒരാള്‍ മാംസാഹാരി, ഒരാള്‍ പാക്കിസ്ഥാനിലേക്ക് പോകാനിരിക്കുന്നയാള്‍, ഒരാള്‍ ഇന്ത്യയില്‍ തന്നെ തുടരാന്‍ ഉദേശിക്കുന്നയാള്‍.
ഈ വ്യത്യാസങ്ങള്‍ എല്ലാം നിലനില്‍ക്കുമ്പോഴും അങ്ങനെയുള്ള രണ്ടുപേര്‍ക്കു ഇന്ത്യയില്‍ ഒരു കൂരയ്ക്ക് കീഴില്‍ ഒന്നിച്ചു കഴിയാന്‍ സാധിക്കും എന്ന് തെളിയിക്കുകയായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. അങ്ങനെ 30 ദിവസം അവര്‍ ഒരുമിച്ച് താമസിക്കുന്നു. അങ്ങനെയാണ് ആ കലാപം അവസാനിക്കുന്നത്. അങ്ങനെ അവസാനിക്കുമ്പോഴും ഇരുവരെയും അപായപ്പെടുത്താ നുള്ള ശ്രമമാണ് ആര്‍ എസ് എസ് നടത്തുന്നത്. ആര്‍ എസ് എസ് ഇവര്‍ താമസിക്കുന്ന കെട്ടിടം ആക്രമിക്കുന്നു. ഇഷ്ടികകൊണ്ട് എറിയുന്നത് തലനാരിഴയ്ക്കാണ് ഗാന്ധിയുടെ തലയില്‍ കൊള്ളാതെ പോകുന്നത്.
പിന്നീട് ഗാന്ധി കല്‍ക്കട്ടയില്‍ നിരാഹാര സമരം നടത്തുന്നു. സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയില്‍ ഗാന്ധി ആര്‍ക്കെതിരെയാണ് നിരാഹാരം നടത്തിയത്? അത് ഹിന്ദു വര്‍ഗീയവാദികള്‍ക്കെതിരെ ആയിരുന്നു, അത് നമ്മള്‍ പഠിപ്പിക്കണ്ടേ? ഡല്‍ഹിയിലും ഗാന്ധി ഇവര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. ഗാന്ധി മാത്രമല്ല നെഹ്‌റുവും.
കാശ്മീര്‍ പ്രശ്‌നമുണ്ടാകാന്‍ കാരണമെന്താണ്? ആര്‍ എസ് എസുകാര്‍ ഹരിസിങ് രാജാവിന്റെ കൂടെ ചേര്‍ന്ന് ആയിരക്കണക്കിന് മുസ്ലീങ്ങളെ അവിടെ കൊന്നു. ജമ്മുവില്‍ വംശഹത്യ നടത്തി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജമ്മു കാശ്മീര്‍ പ്രശ്‌നഭരിതമാകുന്നത്. ലക്ഷ്യം ആദ്യത്തെ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പേ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതായിരുന്നു. അതിന് മുസ്ലീങ്ങളെ പരമാവധി അടിച്ചു പാകിസ്ഥാനിലേക്ക് ഓടിക്കണം. എല്ലാവരും പോയി കഴിഞ്ഞാല്‍ ഇവിടെ ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എളുപ്പമാണ്. ഇതിനെയാണ് ഇന്ത്യയിലെ വിവിധ വിഭാഗങ്ങളില്‍ പെട്ട മനുഷ്യര്‍ ഒത്തുചേര്‍ന്ന് തടഞ്ഞുനിര്‍ത്തിയത്.
ഈ ചരിത്രം പഠിച്ചു കഴിഞ്ഞാല്‍ നമുക്ക് മനസ്സിലാകും, ഇന്ത്യയില്‍ ഏറ്റവും തീവ്രവര്‍ഗീയസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം എന്നത് ആര്‍ എസ് എസ് ആണ്. ഗാന്ധിവധത്തിനുശേഷം ഒന്നരവര്‍ഷം ഈ സംഘടനയെ നിരോധിച്ചു. അതിനുശേഷമാണ് അവര്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ആരെങ്കിലും അവര്‍ ഉയര്‍ത്തുന്ന ഭീകരതയെക്കുറിച്ച് പറയുന്നുണ്ടോ? അവര്‍ അന്ന് ത്രിവര്‍ണ പതാകയെ അംഗീകരിച്ചിരുന്നില്ല, ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല.
ഇതു രണ്ടും അംഗീകരിച്ചാലെ സംഘടനയ്ക്ക് അംഗീകാരം കൊടുക്കുകയുള്ളൂ എന്ന് വ്യവസ്ഥ ചെയ്തു. കൂടാതെ നിങ്ങളുടെ സംഘടനയ്ക്ക് ഒരു ഭരണഘടന വേണം, ഭാരവാഹികള്‍ വേണം എന്ന് നിഷ്‌കര്‍ഷിച്ചു. അതുവരെ ഭാരവാഹികള്‍ ആരാണെന്നൊന്നും ആര്‍ക്കും അറിയുമായിരുന്നില്ല. അങ്ങനെയാണ് പിന്നീട് സര്‍സംഘ ചാലകായ ബാലസാഹിബ് ദേവരസ് ആര്‍ എസ് എസിന് ഒരു ഭരണഘടന എഴുതി ഉണ്ടാക്കുന്നത്. ഇതൊക്കെ ചെയ്തിട്ടും നിരോധനം താല്‍ക്കാലികമായാണ് പിന്‍വലിച്ചത്. ഈ ചരിത്രം ഉറക്കെ പറയാന്‍ പറ്റിയില്ലെങ്കില്‍ നമ്മുടെ നവോത്ഥാനത്തിന്റെയും അതിനുശേഷം വന്നിട്ടുള്ള രാഷ്ട്രീയമുന്നേറ്റങ്ങളുടെയും അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ ചെറുത്തുനില്‍പ്പുകളുടെയും ഒക്കെ ചരിത്രം പാഴായി പോകും. ഇതെല്ലാം മായ്ച്ചു കളഞ്ഞിട്ട് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്റെ ചരിത്രം നമ്മുടെ മക്കള്‍ വീട്ടില്‍ നമ്മളോടു വന്നു പറയും. കാരണം സ്‌കൂളുകളില്‍ അതായിരിക്കും പഠിപ്പിക്കുക. ഇതിനെതിരെ വലിയൊരു ഐക്യപ്പെടല്‍ ആവശ്യമായിരിക്കുന്നു.
ഇതിന് രാഷ്ട്രീയപാര്‍ട്ടികളെ മാത്രം ആശ്രയിച്ചിട്ടു കാര്യമില്ല. സാംസ്‌കാരികമായ ഒരു ഐക്യപ്പെടലാണു വേണ്ടത്. നമ്മള്‍ തമ്മില്‍ പല വ്യത്യാസങ്ങളും ഉണ്ടാകും. പക്ഷേ ഫാസിസത്തിനെ തിരായ ഒരു മിനിമം സാംസ്‌കാരിക പരിപാടി നമുക്ക് ആവശ്യമാണ്.
ഇതൊന്നും കേരളത്തില്‍ വരികയില്ല എന്ന മൂഢസ്വര്‍ഗത്തില്‍ കഴിയുന്ന കുറെ ആളുകള്‍ ഇവിടെയുണ്ട്. എ ബിഡ് ഫോര്‍ ബംഗാള്‍ എന്ന ഡോക്യുമെന്ററി കാണുക. ബംഗാളില്‍ ബി ജെ പി ഉണ്ടായിരുന്നില്ല. പൊടുന്നനെ ഒരു തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇങ്ങനെ പൊട്ടി വിടരുകയാണ്. അതിന് കഴിയുന്ന ഒരു സോഷ്യല്‍ എന്‍ജിനീയറിങ് അവര്‍ നടത്തി. അതിവിടെയും നടക്കുന്നുണ്ട്. രണ്ടാം മോദി ഗവണ്‍മെന്റ് വന്ന സമയത്ത്, ഇന്ത്യയില്‍ ഏറ്റവും അധികം ദളിത് എം പി മാര്‍ ഉണ്ടായിരുന്ന പാര്‍ട്ടി ബി ജെ പിയായിരുന്നു. മോദി തന്നെയും ഒരു പിന്നാക്ക സമുദായ ക്കാരനാണ്. ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി ആക്കുന്നു. ധനകാര്യ മന്ത്രി ഒരു സ്ത്രീയാണ്. എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കുന്നു. ഇതിനെ ഹൈപ്പര്‍മാര്‍ക്കറ്റ് പൊളിറ്റിക്‌സ് എന്ന് പറയാം. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് വന്നാല്‍ സമീപത്തെ കടകളെല്ലാം ഇല്ലാതാകും. കാരണം അവിടെ എല്ലാം കിട്ടും. എതിരെ നില്‍ക്കുന്ന ഓരോ വിഭാഗങ്ങളെയും ഇവര്‍ ഏറ്റെടുക്കുകയും അവരുടേതായി മാറ്റുകയും ചെയ്യുന്നു. ഇന്ത്യയിലെ ദളിത് പാര്‍ട്ടികള്‍ ഇല്ലാതായത് ഒരു ഉദാഹരണം മാത്രം. ഫാസിസത്തിന്റെ ഈ കടന്നുവരവിനെതിരെ ജനങ്ങളുടെ അവബോധം ഉണര്‍ത്തുക എന്നതാണ് നാം ഇനി ചെയ്യേണ്ടത്.
(എറണാകുളം അച്യുതമേനോന്‍ ഹാളില്‍ നടത്തിയ ടി കെ രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം)