‘ക്ലിക്കു’കളായ വാര്‍ത്താചിത്രങ്ങള്‍

‘ക്ലിക്കു’കളായ വാര്‍ത്താചിത്രങ്ങള്‍

ജെയിംസ് ആര്‍പ്പൂക്കര

ജെയിംസ് ആര്‍പ്പൂക്കര
ജെയിംസ് ആര്‍പ്പൂക്കര

ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ടാകും ഒരു വാര്‍ത്താ ചിത്രത്തിന്. ഇത്തരത്തില്‍ പതിനായിരക്കണക്കിനു ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത ക്ലിക്കുകളുടെ ഉടമയാണ് ജെയിംസ് ആര്‍പ്പൂക്ക രയെന്ന ഫോട്ടോ ജേണലിസ്റ്റ്. നാലുപതിറ്റാണ്ടോളം മലയാള മനോരമയില്‍ പ്രസ് ഫോട്ടോ ഗ്രാഫറായിരുന്ന ഇദ്ദേഹം വേറിട്ട ചിത്രങ്ങള്‍ ഒപ്പിയെടുത്താണ് ഈ രംഗത്തു ശ്രദ്ധേയനായത്.
പ്രമുഖനായ രാഷ്ട്രീയ നേതാവോ മത സാംസ്‌ക്കാരിക നേതാക്കളോ സിനിമാ താരമോ നിലവിളക്കു തെളിച്ചു ഉദ്ഘാടനം ചെയ്യുന്ന ഒരു പരിപാടി വാര്‍ത്തയാകുമ്പോള്‍ അതിനൊപ്പമുള്ള ചിത്രവും പ്രസിദ്ധീകരിക്കപ്പെടും. അതില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ഈ സമ്മേളനത്തിനിടെ അപൂര്‍വ്വവും അവി ചാരിതവുമായി നടക്കുന്ന സംഭവങ്ങള്‍ പകര്‍ത്തിയെടുത്ത് പ്രസിദ്ധീകരിക്കുമ്പോള്‍ അതിനു വലിയ സ്വീകാര്യതയുണ്ടാകും അതു ചര്‍ച്ച ചെയ്യപ്പെടും. മറ്റാര്‍ക്കും കിട്ടാത്ത ആ ക്ലിക്ക് പത്രത്തില്‍ പ്രസിദ്ധീകരിക്കുക – ഒരു പ്രസ് ഫോട്ടോഗ്രാഫറെ വ്യത്യസ്തനാക്കുന്ന ഈ സിദ്ധി ജെയിംസ് ആര്‍പ്പൂക്കരയ്ക്ക് വേണ്ടുവോളമുണ്ട്. കഠിനാദ്ധ്വാനവും ഈശ്വരാനുഗ്രവും കൊണ്ടു നേടിയെടുക്കുന്നു എന്നു ജെയിംസ് പറയുന്ന ഇത്തരം വാര്‍ത്താ ചിത്രങ്ങളാണ് ഇദ്ദേഹത്തെ മാധ്യമ ലോകത്ത് ശ്രദ്ധേ യനാക്കിയത്.
ഇ.കെ. നായനാര്‍ കേരള മുഖ്യമന്ത്രിയായിരുന്നകാലം. ഉപരാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ കേരളം സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹവും പത്‌നിയും കാലടി ശ്രീശങ്കര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നായനാരും മറ്റു പല കമ്യൂണിസ്റ്റു നേതാക്കളും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നുവെങ്കിലും നായനാര്‍ ഒഴികെ മറ്റാരും ക്ഷേത്രത്തില്‍ കയറിയില്ല. ക്ഷേത്രത്തില്‍ കയറിയ നായനാര്‍ ഉപരാഷ്ട്രപതി ദര്‍ശനം നടത്തി തൊഴുതുനിന്നപ്പോള്‍ അറിയാതെ കൈകൂപ്പിപ്പോയി. ഈ നിമിഷം ജെയിംസ് ആര്‍പ്പൂക്കരയുടെ കാമറയില്‍ ഫ്‌ളാഷ് മിന്നി. മറ്റാര്‍ക്കും കിട്ടാത്ത ഈ ഫോട്ടോ പിറ്റേദിവസത്തെ പത്രത്തില്‍ അച്ചടിച്ചുവന്നു. വലിയ സംവാദവും വന്‍ ചര്‍ച്ചയുമായ ആ ചിത്രത്തിന്റെ അടിക്കുറിപ്പ് ഇതായിരുന്നു: "ഈശ്വരാ അനുഗ്രഹിക്കണേ…."
കേന്ദ്ര വനംവകുപ്പു മന്ത്രിയായിരുന്ന മേനകാ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ പുതു വൈപ്പിലേക്കു പോകാന്‍ അവര്‍ക്കു വാഹനം ലഭിച്ചില്ല. സംസ്ഥാന മന്ത്രിയും ഉദ്യോഗസ്ഥരും മേനകാ ഗാന്ധിയെ ഒരു പൊലീസ് ജീപ്പില്‍ കയറ്റി വൈപ്പിനിലേക്കു പോയി. വഴിക്കു വച്ചു ജീപ്പു കേടായി. പൊലീസുകാരും ഉദ്യോഗസ്ഥരും ജീപ്പുതള്ളുന്നതു നോക്കി നില്‍ക്കുന്ന മേനകാ ഗാന്ധിയുടെ ചിത്രമെടുത്ത് ജെയിംസ് പത്രത്തിനു നല്‍കി. വേറൊരു ഫോട്ടോഗ്രാഫറും മന്ത്രിസംഘ ത്തെ പിന്തുടരാതിരുന്നതിനാല്‍ ജെയിംസിനു മാത്രമാണ് ആ ഫോട്ടോ കിട്ടിയത്. പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ചുവന്ന ആ ചിത്രം മേനകയെ ചൊടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിടി പ്പുകേടിനെതിരെ അവര്‍ പൊട്ടിത്തെറിച്ചുവത്രെ.


അതുപോലെ കൊല്ലത്ത് ടാങ്കര്‍ ലോറിയുടെ ചക്രങ്ങള്‍ ക്കിടയില്‍പ്പെട്ട സ്മിത എന്ന പെണ്‍കുട്ടി മരണത്തിനു മുമ്പ് വെള്ളത്തിനായി കേഴുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. ടാങ്കറിനടിയില്‍ പെട്ട കുട്ടിയെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സും പൊലീസും ശ്രമിക്കുമ്പോഴാണ് ജെയിംസ് ഫോട്ടോ എടുത്തത്. ടാങ്കറിനടി യിലേക്കു നുഴഞ്ഞുകയറി മണിക്കൂറുകളോളം ജെയിംസും അവിടെയിരുന്നു. അപകടം അറിഞ്ഞ് അതിരാവിലെ അവിടെ എത്തിയ ജെയിംസ് ചിത്രമെടുത്ത് പത്രമോഫീസില്‍ എത്തിയത് വൈകീട്ടാണ്.
"ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാലേ നമുക്ക് മികച്ച ചിത്രങ്ങള്‍ കിട്ടൂ. മറ്റാര്‍ക്കും കിട്ടാത്ത ചിത്രങ്ങള്‍ എനിക്കു കിട്ടിയതിനു പിന്നില്‍ ദൈവാനുഗ്രഹം മാത്രമാണുള്ളത്. വളരെ റിസ്‌ക്കുള്ള ജോലിയാണ് ഒരു പ്രസ് ഫോട്ടാഗ്രാഫറുടേത്. കൃത്യസമയത്ത് ക്ലിക്ക് ചെയ്തില്ലെങ്കില്‍ ചിത്രം കിട്ടില്ലല്ലോ. ശ്രദ്ധതെറ്റിയാലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇതു സംഭവിക്കും. അതുകൊണ്ട് എപ്പോഴും പ്രാര്‍ത്ഥനാ നിരതനായിട്ടാണ് ഞാന്‍ നില്‍ക്കാറ്"- ജെയിംസ് പറയുന്നു.
മദര്‍ തെരേസ കേരളത്തില്‍ വന്നപ്പോള്‍ എറണാകുളത്ത് മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ ഹൗസില്‍ വച്ചു മദറിന്റെ ചിത്രമെടുക്കാന്‍ അവസരം കിട്ടിയത് വലിയ അനുഗ്രഹമായി ജെയിംസ് അനുസ്മരിക്കുന്നു. അകത്തേക്കു കടന്നപ്പോള്‍ മദര്‍ മുറിയുടെ തറയിലിരുന്ന് എന്തോ തിരയുന്നു. എപ്പോഴും ഫിലിം ലോഡു ചെയ്ത് റെഡിയായിരിക്കുന്ന ജെയിംസിന്റെ കാമറ മിന്നി… നിലത്തു കിടന്ന ഒരു സേഫ്റ്റി പിന്നെടുത്ത് മദര്‍ ഉയര്‍ത്തിക്കാട്ടി. പിന്നീട് അതു തന്റെ ശിരോവസ്ത്രത്തില്‍ പിന്‍ചെയ്തു… ഈ നിമിഷത്തിലെ മദറിന്റെ വിവിധ ഭാവങ്ങള്‍ പത്രത്തില്‍ അച്ചടിച്ചു വന്നു.
ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങളെടുക്കാന്‍ ജെയിംസ് എന്നും ശുഷ്‌കാന്തി കാണിച്ചിട്ടുണ്ട്. കെ. കരുണാകരന്‍ ഉദ്ഘാടന വേദിയില്‍ കാലുതെന്നി വീഴുന്നതിന്റെയും. സുരക്ഷാ മാനദണ്ഡങ്ങള്‍ മറി കടന്നു സോണിയാ ഗാന്ധി ജന ങ്ങള്‍ക്കിടയിലേക്കു കടന്നു ചെല്ലുന്നതിന്റെയും അബ്ദുള്‍ കലാം ആദിവാസികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വേറിട്ട ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രശസ്തമാണ്.
ഫോട്ടോഗ്രഫി എന്ന കലയും അതിലൂടെ ആ പ്രൊഫഷനും ജെയിംസ് ആര്‍ജ്ജിച്ചെടുത്തതാണ്. ചെറുപ്പം മുതലേ കലയോടും സാഹിത്യത്തോടും വലിയ താത്പര്യമുണ്ടായിരുന്നു. കോട്ടയം ആര്‍പ്പൂക്കര തെക്കേടത്ത് കുഞ്ഞപ്പന്‍ – മറിയാമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ മൂന്നാമനായ ജെയിംസ് കലാരംഗത്തു കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കം. കഥാ രചന, ചിത്രരചന, കഥാപ്രസംഗം, നാടകാഭിനയം, സംവിധാനം… ഇടവകയായ കുടമാളൂര്‍ പള്ളിയില്‍ ഭക്തസംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. "വാസ്തവത്തില്‍ ഭക്തസംഘടനകളിലൂ ടെയാണ് എന്നിലെ കലാവാസനകള്‍ ആദ്യകാലത്തു വികസി പ്പിക്കാനായത്. ആ പരിശീലനം വളരെ തുണച്ചിട്ടുണ്ട്" – ജെയിം സ് അനുസ്മരിക്കുന്നു. സിനിമാ മോഹവുമായി അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുറച്ചുകാലം പോയി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അതുപേക്ഷിച്ചെങ്കിലും നാലഞ്ചു സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ക്ലിക്ക് 3 കാമറയുമായി ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി.


ഇക്കാലയളവില്‍ത്തന്നെ മലയാളത്തിലെ ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുമായിരുന്നു. ആകാശവാണിയിലും കഥകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 1979-1983 കലായളവില്‍ ജെയിംസ് എഴുതിയ ഏതാനും കഥകള്‍ ഉള്‍പ്പെടുത്തി 'ഉറങ്ങാന്‍ കൊതിച്ചവര്‍' എന്ന കഥാസമാഹാരം കോഴിക്കോട് ലിപി പബ്ലി ക്കേഷന്‍സ് പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണിപ്പോള്‍. ന്യൂസിലന്റിലെ യാത്രാനുഭവങ്ങളും പത്രപ്രവര്‍ത്തന രംഗത്തെ അനുഭവങ്ങളും വിവരിക്കുന്ന രണ്ടു പുസ്തകങ്ങളുടെ പണി പ്പുരയിലുമാണ് ജെയിംസ് ആര്‍പ്പൂക്കര.
ഫോട്ടോഗ്രഫിയും നാടകവും സിനിമയും കഥയെഴുത്തും സാഹിത്യവും എല്ലാം കൂടിക്കുഴഞ്ഞ പരുവത്തില്‍ ഏതിലെങ്കി ലും ഒന്നില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന ചിന്തയാണ് പ്രസ് ഫോട്ടാഗ്രഫര്‍ എന്ന പ്രൊഫഷണിലേക്ക് ജെയിംസിനെ എത്തിക്കുന്നത്. ഇന്നത്തെ അപേക്ഷിച്ചു ഏറെ ക്ലേശങ്ങളുള്ള മേഖലയായിരു ന്നു അത്. ഏറെ പണിപ്പെട്ടാണ് വാര്‍ത്താ ചിത്രങ്ങളെടുത്ത് ഓഫീസിലെത്തിച്ചിരുന്നത്. വാഹനസൗകര്യമോ ഫോണ്‍ സൗകര്യമോ ഇന്നത്തേതു പോലെയില്ല. ഇന്നു ഫോട്ടോ എടുത്താല്‍ അതു കിട്ടിയിട്ടുണ്ടോ എന്നു അപ്പോള്‍ തന്നെ അറിയാം, ഉടനടി ഓഫീസിലേക്കു മെയില്‍ ചെയ്യാം. മുന്‍പ് വളരെ പ്രധാനപ്പെട്ടതോ വ്യത്യസ്തമായതോ ആയ ചിത്രങ്ങള്‍ എടുത്തു പത്രം പ്രിന്റ് ചെയ്യുന്നതിനു മുമ്പ് ഓഫീസിലെത്തിക്കാന്‍ ലോറിയിലും ജീപ്പിലുമൊക്കെ കയറി യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നു ജെയിംസ് പറയുന്നു. ചിത്രമെടുത്തു ഓഫീസി ലെത്തി ഡാര്‍ക്കു റൂമില്‍ കയറി അതു കഴുകി പ്രിന്റെടുക്കുന്നതു വരെ ടെന്‍ഷനായിരിക്കും. എന്നാല്‍ ഈ റിസ്‌ക്കും അതി ലൂടെ കിട്ടുന്ന അംഗീകാരവുമൊക്കെയാണ് കരിയറിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന് ജെയിംസ് കരുതുന്നു.


മികച്ച വാര്‍ത്താ ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ കാര്‍ഷിക ഫോട്ടോഗ്രഫി സ്‌പെഷ്യല്‍ അവാര്‍ഡ്, എറണാകുളം പ്രസ് ക്ലബ്ബിന്റെ അഖിലേന്ത്യാ ന്യൂസ് ഫോട്ടോഗ്രഫി സ്‌പെഷ്യല്‍ അവാര്‍ഡ്, ബ്രസീലിലെ സാവോ പോളോയില്‍ നിന്നുള്ള അന്താരാഷ്ട്ര അവാര്‍ഡ്, കോഴി ക്കോട് പള്ളിക്കലത്ത് കുഞ്ഞി ക്കോയ സാഹിബ് സ്മാരക മാധ്യമ അവാര്‍ഡ്, റോട്ടറി ഇന്റര്‍നാഷണലിന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, ലയണ്‍സ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങിയ പതിനഞ്ചോളം പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ജെയിംസ് ആര്‍പ്പൂക്കര ന്യൂസിലന്റ്, സിംഗപ്പൂര്‍, ദുബായ്, ഈജിപ്ത്, ഇസ്രായേല്‍, ജറുസലേം, ദമാസ്‌ക്കസ്, പാലസ്തീന്‍, ജോര്‍ദ്ദാന്‍, തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. എറണാകുളത്ത് വൈറ്റിലയിലെ വീട്ടിലാണു താമസം, ഭാര്യ മേഴ്‌സി. രണ്ടു പെണ്‍മക്കളില്‍ മൂത്തമകളുടെ കുട്ടി ആന്‍ലിന അജു ഫോട്ടോ ഗ്രഫിയില്‍ തത്പരയാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അവള്‍ പുഴ എന്ന പ്രമേയം ആസ്പദമാക്കി എടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം എറണാകു ളത്ത് പ്രസ് അക്കാദമിയില്‍ നടത്തിയിരുന്നു.
നേട്ടങ്ങള്‍ക്കും പ്രൊഫഷനിലെ വിജയങ്ങള്‍ക്കും പിന്നില്‍ ദൈവാനുഗ്രഹം ദര്‍ശിക്കുന്ന ജെയിംസ് ആര്‍പ്പൂക്കര, എഴു ത്തിലും പത്രലോകത്തിലെ ജീവിതത്തിലും പ്രചോദനമായ എല്ലാ സുമനസ്സുകളെയും ആദരവോടെ ഓര്‍ക്കുന്നുമുണ്ട്: "എക്കാലവും എനിക്കു പ്രോത്സാഹനമേകിയ അനേകരുണ്ട്. രാഷ്ട്രീയ നേതാക്കള്‍, സാഹിത്യകാരന്മാര്‍, സാംസ്‌ക്കാരിക നായകര്‍, കലാകാരന്മാര്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, എന്നെ കൈപിടിച്ചുയര്‍ത്തിയ മലയാള മനോരമ… എന്തിനധി കം വാര്‍ത്തയ്ക്കും ചിത്രത്തിനും പറ്റിയ സംഭവങ്ങള്‍ എന്നെ വിളിച്ചു പറയുന്ന സാധാരണക്കാര്‍ വരെ എന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരോടൊക്കെയും ഞാന്‍ കടപ്പെട്ടി രിക്കുന്നു."

തയ്യാറാക്കിയത് : ഫ്രാങ്ക്ളിന്‍ എം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org