രാഷ്ട്രീയ മുറ്റത്തേക്ക് സഭ കാലു കുത്തുമ്പോള്‍

രാഷ്ട്രീയ മുറ്റത്തേക്ക് സഭ കാലു കുത്തുമ്പോള്‍
ഈ അടുത്ത കാലത്ത് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ''രാഷ്ട്രീയം, അതെത്ര മലിനമാണെങ്കില്‍ കൂടിയും, ക്രൈസ്തവര്‍ അതില്‍നിന്ന് പിന്മാറരുത് എന്നാണ്.'

പരിപാവനമായ പള്ളിവിട്ടു സാവകാശം രാഷ്ട്രീയ തിരുമുറ്റത്തേക്കു പുരോഹിതര്‍ കാലെടുത്തു വെക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നാം കാണുന്നത്. വചനപ്രഘോഷണ പീഠങ്ങള്‍ സാമൂഹ്യ സമഞ്ജസം തകര്‍ക്കുന്ന രീതിയിലുള്ള അധിക പ്രസംഗങ്ങള്‍ക്ക് വേദികളാകുന്നു. കരിസ്മാറ്റിക് പ്രചാരകന്മാര്‍ വചനവ്യാഖ്യാനം വിട്ട് വെല്ലുവിളിയുടെ ശബ്ദം ഉയര്‍ത്തുന്നു. സമുദായ സംരക്ഷണത്തിനും സമൂഹത്തില്‍ മേല്‍കൈ ലഭിക്കാനും ക്രൈസ്തവ രാഷ്ട്രീയ പാര്‍ട്ടി വേണം എന്ന ആവശ്യം ഉയരുന്നു. മത പദാവലിയില്‍ ചാലിച്ചെടുത്ത രാഷ്ട്രീയ ഗുളികകള്‍ വൈദികരും അല്മായരും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്നു. നിയമ സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും വേണ്ടി വക്കാലത്തു നടത്തുന്നു. സാമൂഹ്യവിഷയങ്ങളില്‍ രാഷ്ട്രീയ ശൈലിയിലുള്ള പ്രസ്താവനകള്‍, പ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നു.

രാഷ്ട്രീയം: നവ ഭാവനകള്‍

അധികാരത്തിന്റെ പ്രയോഗം ആണ് രാഷ്ട്രീയം എന്നാണ് പാരമ്പര്യമായി നാം ധരിച്ചു വെച്ചിരിക്കുന്നത്. നിക്കോളോ മാക്കിയവെല്ലി, തോമസ് ഹോബ്‌സ്, ഹാരോള്‍ഡ് ലാസ്വെല്‍ എന്നിവരെ പോലുള്ള രാഷ്ട്രീയ യഥാര്‍ത്ഥ വാദികള്‍ (പൊളിറ്റിക്കല്‍ റിയലിസ്റ്റുകള്‍), മുന്നോട്ടു വെക്കുന്ന നിര്‍വചനമാണ് അത്. അതേസമയം രാഷ്ട്രീയത്തെ മനുഷ്യസേവനത്തിനുള്ള ശുശ്രൂഷ ആയി കാണുന്ന മനുഷ്യവാദികളാകട്ടെ ധാര്‍മ്മികതയുമായി (പൊളിറ്റിക്കല്‍ മോറലിസം) ബന്ധപ്പെടുത്തി രാഷ്ട്രീയത്തെ ആദര്‍ശവത്കരിക്കുന്നു. അഹിംസാ മാര്‍ഗങ്ങളായ സംവാദം, പ്രേരണ എന്നിവയിലൂടെ എല്ലാം തീരുമാനിക്കപ്പെടുക എന്ന അരിസ്റ്റോട്ടിലിന്റെ വീക്ഷണം ആണ് അവര്‍ ആധാരമാക്കുന്നത്.

ജനാധിപത്യപരമായും, ധാര്‍മികമായും വികസിച്ച രാജ്യങ്ങള്‍ രാഷ്ട്രീയത്തെ കാണുന്നത് പ്രതിസന്ധി പരിഹാര പ്രക്രിയ ആയിട്ടാണ്. 'ഭരണത്തിനുള്ളിലെ വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ യോജിപ്പിച്ച്, മുഴുവന്‍ സമൂഹത്തിന്റെയും ക്ഷേമത്തിനും നിലനില്‍പ്പിനുമുള്ള അവരുടെ പ്രാധാന്യത്തിന് ആനുപാതികമായി അവര്‍ക്ക് അധികാരത്തില്‍ ഒരു പങ്ക് നല്‍കുന്ന' പ്രക്രിയ എന്നാണ് ബെര്‍ണാഡ് ക്രിക്ക് രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത്. രാഷ്ട്രീയമാണ് ക്രമരാഹിത്യ പ്രശ്‌നത്തിനുള്ള പരിഹാരം, അക്രമത്തിനോ ബലപ്രയോഗത്തിനോ പകരം അനുരഞ്ജനത്തെ ആണ് അത് പരിഹാരമായി തെരഞ്ഞെടുക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പൊതു നന്മയ്ക്കായുള്ള സമൂഹത്തിന്റെ സജീവമായ ഘടന എന്നാണ് സഭ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത്.

സൈദ്ധാന്തികര്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകളെ ബഹുദൂരം മുന്നോട്ട് നയിച്ചിട്ടുണ്ടെങ്കിലും വയലന്‍സിലൂടെ അധികാരം നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നതും, അഴിമതിയിലൂടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതുമായ വിഭിന്ന വിഭാഗങ്ങളുടെ പരവേശപൂര്‍ണ്ണമായ തേരോട്ടമാണ് രാഷ്ട്രീയം എന്ന് മിക്ക രാഷ്ട്രീയക്കാരും ധരിച്ചിരിക്കുന്നതായി നമ്മുടെ സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യനന്മ ആഗ്രഹിക്കുന്ന സുമനസുകള്‍ക്ക് രാഷ്ട്രീയത്തെ മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്റെ സമസ്യകള്‍ സര്‍ഗ്ഗാത്മകമായ രീതിയില്‍ പരിഹരിക്കുന്ന പ്രക്രിയ ആയി മാത്രമേ കാണാനാവൂ.

സഭയുടെ രാഷ്ട്രീയ വിളി

ക്രൈസ്തവനാവുക എന്നാല്‍ പാതി പൗരനായിരിക്കുക എന്ന് സഭ കരുതുന്നില്ല. പൂര്‍ണ്ണ പൗരനായിരുന്നു കൊണ്ട് തങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സഭ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെ നാന്ദിയായ റേരും നോവാരും എന്ന ചാക്രിക ലേഖനത്തില്‍ തുടങ്ങി, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിവിധ പ്രമാണ രേഖകളിലൂടെ വിശ്വാസികള്‍ക്ക് രാഷ്ട്രീയത്തില്‍ ഉണ്ടാ വേണ്ട ഇടപെടലുകളെ കുറിച്ച് സഭ വ്യക്തമായ ദര്‍ശനം നല്‍കുന്നുണ്ട്.

സവിശേഷമായ 'ക്രൈസ്തവ മനഃസാക്ഷിയാല്‍ നയിക്കപ്പെട്ട്' പൗരധര്‍മ്മങ്ങള്‍ നിറവേറ്റുന്നതിലൂടെ ക്രൈസ്തവര്‍ ഭൗതിക ക്രമത്തെ ക്രിസ്തീയ മൂല്യങ്ങളാല്‍ പ്രശോഭിപ്പിക്കണം. സാധാരണ വിശ്വാസികള്‍ പൊതുജീവിതത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടെ പങ്കാളിത്തം നല്‍കി കൊണ്ട് ജൈവീകമായും സ്ഥാപനപരമായും പൊതുനന്മ പ്രോത്സാഹിപ്പിക്കണം (അല്മായര്‍ 7; ജനതകളുടെ പ്രകാശം 36; സഭ ആധുനിക ലോകത്തില്‍ 31, 36, 43, 76). പൊതുക്രമവും സമാധാനവും, സ്വാതന്ത്ര്യവും സമത്വവും, മനുഷ്യജീവനോടും പരിസ്ഥിതിയോടുമുള്ള ആദരവ്, നീതി, ഐക്യദാര്‍ഢ്യം തുടങ്ങിയ വസ്തുക്കളുടെ പ്രോത്സാഹനവും പ്രതിരോധവും ഇതില്‍ ഉള്‍പ്പെടും. ഈ അടുത്ത കാലത്ത് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് 'രാഷ്ട്രീയം, അതെത്ര മലിനമാണെങ്കില്‍ കൂടിയും, ക്രൈസ്തവര്‍ അതില്‍നിന്ന് പിന്മാറരുത് എന്നാണ്.'

വിശ്വാസികളായ അംഗങ്ങള്‍ക്ക് തങ്ങളുടെ പ്രത്യയ ശാസ്ത്രം തിരഞ്ഞെടുക്കാനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇഷ്ടപ്പെട്ട പാര്‍ട്ടിക്ക് വോട്ടു ചെയ്യാനും സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ തങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ ക്രൈസ്തവ മനഃസാക്ഷിക്ക് അനുരൂപപ്പെട്ടതും, വ്യക്തികളുടെ അന്തസും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതും, പൊതു നന്മ ലക്ഷ്യം വെയ്ക്കുന്നതും ആവണം എന്ന് സഭ ഉപദേശിക്കുന്നു. അതെ സമയം കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് സഭ എന്ന സ്ഥാപനവും, വൈദിക നേതൃത്വവും അകന്നു നില്‍ക്കണം എന്ന് സഭയുടെ കാനന്‍ നിയമം അനുശാസിച്ചിട്ടുണ്ട്.

സഭാ സമൂഹത്തിലെ ഐക്യത്തിന്റെ പ്രതീകങ്ങളായിട്ടാണ് വൈദികര്‍ കണക്കാക്കപ്പെടുന്നത്. അവര്‍ വ്യക്തിപരമായോ, സ്ഥാപനപരമായോ കക്ഷിരാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടാല്‍, രാഷ്ട്രീയത്തിലെ ഇടപാടുകളും, വിട്ടുവീഴ്ചകളും, ഏറ്റുമുട്ടലുകളും, ശത്രുതാപരമായി സ്വീകരിക്കേണ്ടി വരുന്ന നിലപാടുകളും, സഭയുടെയും പുരോഹിതരുടെയും ആത്മീയ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തും. ഐക്യത്തിന്റെയും ശുദ്ധീകരണത്തിന്റെയും കൂദാശയായി വിരാജിക്കേണ്ട അവര്‍ തങ്ങള്‍ സംരക്ഷിക്കേണ്ട ഐക്യത്തെ തകര്‍ക്കുകയും സമൂഹത്തിലെ സ്വീകാര്യത നഷ്ടമാക്കുകയും ചെയ്യും. സമീപ കാലത്ത് വൈദിക നേതൃത്വം വിസ്മരിച്ചുപോയി എന്ന് നമ്മെ തോന്നിപ്പിച്ച സംഗതി ആണ് ഇത്.

'ഫ്രത്തെലി തൂത്തി' എന്ന ചാക്രിക ലേഖനത്തില്‍ നല്ല രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കാന്‍ ഒരു അദ്ധ്യായം തന്നെ (#5) ഫ്രാന്‍സിസ് പാപ്പ മാറ്റി വെച്ചിട്ടുണ്ട്. 'പ്രതിസന്ധിയുടെ വ്യത്യസ്ത വശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദീര്‍ഘവീക്ഷണമുള്ളതും പുതിയതും അവിഭാജ്യവും' ആയ 'ആരോഗ്യകരമായ രാഷ്ട്രീയം' ആണ് നമുക്ക് വേണ്ടത് (# 177) എന്ന് പാപ്പ ആവശ്യപ്പെടുന്നു. താത്കാലിക താല്‍പ്പര്യങ്ങളില്‍ ഊന്നല്‍ നല്‍കുന്ന രാഷ്ട്രീയത്തിന്റെ പല നിസ്സാര രൂപങ്ങളുടെയും പശ്ചാത്തലത്തില്‍, 'പ്രതിസന്ധി ഘട്ടങ്ങളില്‍, ഉന്നതമായ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ദീര്‍ഘകാല പൊതുനന്മയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ രാഷ്ട്രതന്ത്രം പ്രകടമാകുന്നത് (# 178).

സമുദായം ഒരു അടഞ്ഞ വ്യവസ്ഥിതിയാണ്. പുറംലോകവുമായി ബന്ധപ്പെടാന്‍ അതിന് ജാലകങ്ങള്‍ ഇല്ല, പുറം ലോകത്തു നിന്നും എന്തെങ്കിലും സ്വീകരിക്കാന്‍ അതിനു വാതായനങ്ങളും ഇല്ല. അതിലുമുപരി ഇതര സമൂഹങ്ങളെ ഒഴിവാക്കുക വഴി, സാര്‍വ്വത്രിക രക്ഷയുടെ കൂദാശയാണ് സഭ എന്ന ദൈവശാസ്ത്ര കാഴ്ചപ്പാടിന് തുരങ്കം വെക്കുകയാണ് സമുദായ വാദികള്‍ ചെയ്തത്.

വികല പ്രവണതകള്‍

അത്യന്തം ബഹുസ്വരമായ സമൂഹമാണ് കേരളത്തിന്റേത്. വിവിധ ജാതികള്‍, മതങ്ങള്‍, രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍, സാമ്പത്തിക നിലവാരങ്ങള്‍, ഭൂമിശാസ്ത്ര വൈവിധ്യങ്ങള്‍ ഒക്കെ പൗരന്മാരുടെ ചിന്തകളെയും സമീപനങ്ങളെയും പ്രതികരണങ്ങളെയും ബാധിക്കും. മതങ്ങളില്‍ തന്നെ എല്ലാ സമൂഹങ്ങളും ഏകശിലാരൂപി അല്ല. എല്ലാ മതവിഭാഗങ്ങളിലും ആചാരങ്ങള്‍, വിശ്വാസങ്ങള്‍, സാമൂഹ്യ ബോധം എന്നീ കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഉപവിഭാഗങ്ങള്‍ ഉണ്ട്.

എല്ലാ വിഭാഗങ്ങളും തങ്ങളുടെ ഉള്ളിലേക്ക് നോക്കുന്നത് പോലെ തന്നെ ഇതര വിഭാഗങ്ങളിലേക്കും ദൃഷ്ടി പായിക്കുന്നുണ്ട്. ഇതര സമൂഹങ്ങളെ ബഹുമാനത്തോടെയോ ശത്രുതയോടെയോ പരിഗണിക്കുന്നവര്‍ ഉണ്ട്; സഹായകര്‍ ആയോ സഹോദരര്‍ ആയോ കാണുന്നവര്‍ ഉണ്ട്. എന്നാല്‍, സമീപകാലത്തു സഭ കേവലം സമുദായമാണ് എന്ന സ്വത്വബോധം വളരുകയും ഇസ്ലാം സമൂഹം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നും, അവരോട് മത്സരിക്കേണ്ട സാഹചര്യം ഉണ്ട് എന്നും വ്യാജം പ്രചരിക്കപ്പെടുകയും ചെയ്തു. ക്രൈസ്തവീകത ഒരു ആത്മീയജീവിത ശൈലിയും മാര്‍ഗവും എന്ന രീതിയില്‍ അനുഭവിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിന് പകരം ഏകതാനമായ തനിമ ഉള്ള ഒരു സമുദായം ആണ് എന്ന് അവതരിപ്പിക്കാന്‍ തുടങ്ങി. സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങളുമായി സംഘര്‍ഷം ഉടലെടുക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ക്രൈസ്തവോചിതമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പകരം രാഷ്ട്രീയ ശൈലിയിലുള്ള കൊമ്പു കോര്‍ക്കലിന് മുതിര്‍ന്നു.

ഈ സാഹചര്യത്തില്‍, സഭ രാഷ്ട്രീയമായി വളരണം എന്ന ചിന്ത സ്വാഭാവികമായും പല കോണുകളില്‍ വികസിച്ചു. എന്നാല്‍ തികച്ചും അസംഘടിതമായും, സഭയുടെ പരമ്പരാഗത അച്ചടക്കത്തിന് വിപരീതമായും വിവിധ സംഘങ്ങള്‍ അവിടവിടെ രൂപപ്പെട്ടു. യുവാക്കളുടെ വിവിധ ഗണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് വിവിധ തരത്തിലുള്ള രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. വൈദികരും വൈദിക നേതൃത്വവും അവരുടേതായ രീതിയില്‍ രാഷ്ര്ട്രീയ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. സഭയെ പ്രതിനിധീകരിക്കുന്നു എന്ന മട്ടില്‍ പല ആളുകള്‍ ദൃശ്യമാധ്യമങ്ങളില്‍ വക്താക്കളായി അവതരിച്ചു. ആത്മീയദൈവശാസ്ത്ര അടിസ്ഥാനമില്ലാത്ത പോപ്പുലിസ്റ്റ് ശൈലിയില്‍ പ്രതികരിച്ചു കൊണ്ടിരുന്ന അവര്‍ സഭയ്ക്ക് ചെറുതല്ലാത്ത പരുക്കുകളാണ് നല്കിയത്. സമുദായ സ്വത്വം അവരുടെ ചിന്തകളില്‍ മുഴച്ചു നിന്നതിനാല്‍ സഭയുടെ അടിസ്ഥാന ദൈവശാസ്ത്രത്തിനും ആത്മീയ ഭാവനയ്ക്കും വിഘാതമായ രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. ആളുകളില്‍ വലിയ തോതില്‍ ആശയക്കുഴപ്പവും ഇതര സമൂഹ വിദ്വേഷവും വളര്‍ത്തി.

സമുദായം ഒരു അടഞ്ഞ വ്യവസ്ഥിതിയാണ്. പുറം ലോകവുമായി ബന്ധപ്പെടാന്‍ അതിന് ജാലകങ്ങള്‍ ഇല്ല, പുറം ലോകത്തു നിന്നും എന്തെങ്കിലും സ്വീകരിക്കാന്‍ അതിനു വാതായനങ്ങളും ഇല്ല. അതിലുമുപരി ഇതര സമൂഹങ്ങളെ ഒഴിവാക്കുക വഴി, സാര്‍വ്വത്രിക രക്ഷയുടെ കൂദാശയാണ് സഭ എന്ന ദൈവശാസ്ത്ര കാഴ്ചപ്പാടിന് തുരങ്കം വെക്കുകയാണ് സമുദായ വാദികള്‍ ചെയ്തത്. സഭയുടെ രാഷ്ട്രീയ ഇടപെടലുകള്‍ തങ്ങളുടെ സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രം എന്ന് കരുതുന്ന രാഷ്ട്രീയ സങ്കുചിതത്വം തികച്ചും അ ക്രൈസ്തവവും, സാമൂഹിക വിരുദ്ധവും ആണ്.

'രാഷ്ട്രീയ ജീവിതത്തില്‍ കത്തോലിക്കരുടെ പങ്കാളിത്തം' എന്ന പേരില്‍ വത്തിക്കാന്റെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ചിട്ടുള്ള രേഖ ഇപ്രകാരം ഉപദേശിക്കുന്നു: 'സമീപ വര്‍ഷങ്ങളില്‍, കത്തോലിക്കാ തത്ത്വങ്ങള്‍ അനുസരിച്ചു സ്ഥാപിതമായ ചില സംഘടനകള്‍, സഭയുടെ ധാര്‍മ്മികവും സാമൂഹികവുമായ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളുള്ള രാഷ്ട്രീയ ശക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പിന്തുണ നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ മനഃസാക്ഷിയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കര്‍ എന്ന് സ്വയം നിര്‍വചിക്കുന്ന സംഘടനകളിലോ അസോസിയേഷനുകളിലോ ഉള്ള അംഗത്വവുമായി പൊരുത്തപ്പെടുന്നില്ല. അതുപോലെ, ചില രാജ്യങ്ങളിലെ ചില കത്തോലിക്കാ ആനുകാലികങ്ങള്‍, കത്തോലിക്കര്‍ ആസ്വദിക്കുന്ന രാഷ്ട്രീയ സ്വയംഭരണത്തെക്കുറിച്ചുള്ള ആശയം തെറ്റായി വ്യാഖ്യാനിച്ചും മുകളില്‍ സൂചിപ്പിച്ച തത്വങ്ങള്‍ കണക്കിലെടുക്കാതെയും അവ്യക്തമോ തെറ്റായതോ ആയ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ചു' (# 7). അത്തരം പ്രവണതകളെ സഭ അപലപിക്കുകയും അതില്‍നിന്ന് വിട്ടു നില്‍ക്കണം എന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.

അതെ സമയം, രാഷ്ട്രീയ അധികാരം പ്രയോഗിക്കാനോ ആകസ്മികമായ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് കത്തോലിക്കരുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനോ സഭ ആഗ്രഹിക്കുന്നില്ല. പകരം, വിശ്വാസികളുടെ, പ്രത്യേകിച്ച് രാഷ്ട്രീയ ജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മനസ്സാക്ഷിയെ ഉപദേശിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുക വഴി അവരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും മനുഷ്യവ്യക്തിയുടെയും പൊതു നന്മയുടെയും സമഗ്രമായ ഉന്നമനത്തിന് സഹായിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് സഭയ്ക്ക് ഉള്ളത്.

മറ്റൊരു പ്രധാന പ്രശ്‌നം സഭയുടെ രാഷ്ട്രീയ ഇടപെടലിന്റെ മുഖം മിക്കവാറും മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ള വൈദിക നേതൃത്വം ആണ് എന്നതാണ്. മെത്രാന്മാര്‍ സഭയുടെ ഔദ്യോഗിക മുഖമാണ് എന്നത് അവര്‍ ഇടപെടുന്ന വിഷയങ്ങളെ ഗൗരവതരമാക്കും എന്നത് സംശയമില്ല. എന്നാല്‍ പരസ്യ പ്രകടനങ്ങളും സാധാരണ രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകളും നടത്താന്‍ അല്‍മായര്‍ക്കുള്ള കഴിവിനെ പ്രോത്സാഹിപ്പിച്ചു, ഭൗതിക മണ്ഡലത്തിലെ ഇടപെടലുകള്‍ നടത്താന്‍ അവരെ പ്രാപ്തരാക്കുകയും അവസരം നല്‍കുകയുമാണ് വേണ്ടത്. രാഷ്ട്രീയം ജനതയുടെ വിഷയമാണ്. പോപ്പുലിസ്റ്റ് നേതാക്കന്മാരെ പോലെ മെത്രാന്മാര്‍ അത് കൈക്കലാക്കുക എന്നത് ശരിയായ നടപടി അല്ല. രാഷ്ട്രീയ വിഷയത്തില്‍ സഭ ജനതയുടെ ഭാഗമാകുക ആണ് വേണ്ടത്. സാമൂഹികവും സാംസ്‌കാരികവുമായ ബന്ധങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന പങ്കാളിത്ത സ്വത്വത്തിന്റെ ഭാഗമാണ് അത്. അപ്പോള്‍ ജാതി മത ഭേദമെന്യേ, കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ സഭയുടെ പിന്നില്‍ അണിനിരക്കും, സഭ എല്ലാവരുടേതുമാണ് എന്ന ധാരണയും ബോധ്യവും സംജാതമാവുകയും ചെയ്യും.

പരസ്യ പ്രകടനങ്ങളും സാധാരണ രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകളും നട ത്താന്‍ അല്‍മായര്‍ക്കുള്ള കഴിവിനെ പ്രോത്സാഹിപ്പിച്ചു, ഭൗതിക മണ്ഡലത്തിലെ ഇടപെടലുകള്‍ നടത്താന്‍ അവരെ പ്രാപ്തരാക്കുകയും അവസരം നല്‍കുകയുമാണ് വേണ്ടത്. രാഷ്ട്രീയം ജനതയുടെ വിഷയമാണ്. പോപ്പുലിസ്റ്റ് നേതാക്കന്മാരെ പോലെ മെത്രാന്മാര്‍ അത് കൈക്കലാക്കുക എന്നത് ശരിയായ നടപടി അല്ല.

സഭയും രാഷ്ട്രീയവും: ആദര്‍ശവീക്ഷണം

സമൂഹത്തിലും രാഷ്ട്രീയത്തിലും സഭയുടെ ഇടപെടല്‍ എങ്ങനെ ആവണം? ഈ ലേഖനത്തില്‍ ചര്‍ച്ചാവിഷയമാക്കിയ ആശയങ്ങളുടെ പശ്ചാത്തലത്തില്‍ ഏതാനും കാര്യങ്ങള്‍ പരിഗണിക്കാം.

ഒരു സമൂഹമെന്ന നിലയില്‍ മാതൃകാപരമായ ജീവിതം - ക്രൈസ്തവസാക്ഷ്യം - നയിച്ചുകൊണ്ട് വിശാലമായ സമൂഹത്തെ സ്വാധീനിക്കാന്‍ സഭയ്ക്ക് കഴിയും. ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പും ആയി വര്‍ത്തിച്ചു കൊണ്ട് ചുറ്റുമുള്ള ലോകത്തെ സ്വാധീനിക്കാന്‍ കഴിയുന്ന പുതിയ ഇസ്രായേല്‍ ആകാനുള്ള വെല്ലുവിളി ആണ് അത്. ലളിതവും, ആസ്വാദ്യകരവും, എന്നാല്‍ അസന്നിഗ്ദ്ധവുമായ രീതിയില്‍ സുവിശേഷ സന്ദേശങ്ങളെയും സാമൂഹ്യ നീതി വിഷയങ്ങളെയും രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ അവതരിപ്പിക്കുക എന്നത് സഭയുടെ അധ്യാപന സ്വഭാവത്തിന്റെ അവിഭാജ്യ ഘടകമാണ്.

രണ്ടാമതായി സഭയുടെ പ്രവാചക സ്വഭാവം വീണ്ടെടുക്കുക എന്നതാണ്. നമുക്ക് ചുറ്റും ദിനാദിനം ഉണ്ടായികൊണ്ടിരിക്കുന്ന സാ മൂഹികരാഷ്ട്രീയ അനീതികളെയും, രാഷ്ട്രീയ അപഭ്രംശങ്ങളെയും അപലപിക്കുകയും, എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്യുന്ന പൊതുനന്മയ്ക്കായി ഭരണകൂടത്തെയും പ്രതിപക്ഷത്തെയും അതിന്റെ ഉത്തരവാദിത്തത്തിലേക്ക് ക്ഷണിക്കുന്ന പ്രവാചക സന്ദേശത്തിലൂടെ സഭയ്ക്ക് അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും. എന്നാല്‍ ഇത് പക്ഷപാത രഹിതമായും എല്ലാ പൗരന്മാരെയും അവരുടെ അവകാശങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടും നിര്‍വഹിക്കാന്‍ സാധിക്കണം.

കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുക വഴി സാമൂഹ്യപ്രശ്‌നങ്ങളില്‍ നിഷ്പക്ഷമായി സുവിശേഷാധിഷ്ഠിതമായ സ്വതന്ത്ര ഇടപെടല്‍ നടത്താന്‍ സാധിക്കും. ഭരണകൂടവുമായോ പ്രതിപക്ഷ പാര്‍ട്ടികളുമായോ താദാത്മ്യപ്പെടാതെ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയും. സഭയെ സംബന്ധിച്ചിടത്തോളം ഭരണകൂടത്തോട് വളരെ അടുക്കുന്നത് വലിയ അപകടം തന്നെയാണ്. സഭ സര്‍ഗ്ഗാത്മകമായും നിര്‍മ്മാണാത്മകമായും രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണെങ്കില്‍ തന്നെയും ഭൗതിക സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും സ്വയംഭരണാത്മകതയും ബഹുമാനിക്കപ്പെടേണ്ടതും നിലനിര്‍ത്തപ്പെടേണ്ടതും അനിവാര്യമാണ്. സഭ സര്‍ക്കാരിന് പകരമോ പ്രതിലോമ ശക്തിയോ അല്ല. രണ്ടു സ്ഥാപനങ്ങളുടെയും ലക്ഷ്യവും ശൈലിയും രണ്ടാണ്. ഈ വ്യതിരിക്തത കാത്തു സൂക്ഷിക്കാന്‍ സഭയ്ക്ക് കക്ഷിരാഷ്ട്രീയത്തില്‍ നിന്നുള്ള അകലം സഹായിക്കും.

മൂന്നാമതായി, ഒരു സ്ഥാപനമെന്ന നിലയില്‍ സഭയ്ക്ക് ഭരണകൂടവുമായുള്ള ബന്ധത്തില്‍ അകലം പാലിക്കേണ്ടി വന്നാലും, വിശ്വാസികള്‍ക്കോ ക്രൈസ്തവ ഗ്രൂപ്പുകള്‍ക്കോ സര്‍ക്കാരിലും വിശാലമായ സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും നേരിട്ട് ഇടപെടാനുള്ള ഇടം ഇല്ലാതാവുന്നില്ല. അതെ സമയം ക്രൈസ്തവന് തന്റെ സ്വത്വം ലഭിക്കുന്നത് യേശു ക്രിസ്തുവില്‍ നിന്നാണ്; അതനുസരിച്ചുള്ള രാഷ്ട്രീയ ഇടപെടല്‍ നടത്താന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് സഭയുടെ കടമ. ക്രൈസ്തവ രാഷ്ട്രീയക്കാരെ ക്രൈസ്തവോചിതമായി പെരുമാറുന്നതിനും നയരൂപീകരണം നടത്തുന്നതിനും പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നതിന്, സഭ അവരെ അജപാലനമായി സഹയാത്ര ചെയ്യേണ്ടതുണ്ട്. അത് എളുപ്പത്തില്‍ നല്‍കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒന്നല്ല. വലിയ ക്ഷമയും ദൃഢതയും വേണ്ടതാണ്. മാത്രമല്ല സഭയുടെ തന്നെ നവീകരണവും ശുദ്ധീകരണവും ആവശ്യപ്പെടുന്ന ഒരു സംഗതി കൂടി ആണിത്. സിനഡാത്മക മനോഭാവത്തോടെ പരസ്പര ശ്രവണത്തിലൂടെ സംജാതമാക്കി എടുക്കേണ്ട ഒന്ന്.

അവസാനമായി, സഭയുടെ സുവിശേഷവത്കരണം തന്നെയാണ് നിര്‍ണായകവും അതുല്യവുമായ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് മനസിലാക്കേണ്ടതുണ്ട്. സുവിശേഷവത്കരണം വഴി ക്രിസ്തുവിന്റെ സാന്നിധ്യം സമൂഹത്തില്‍ സംജാതമാകുമ്പോള്‍ ഭൗതികക്രമം മുഴുവന്‍ പ്രശോഭിക്കപ്പെടും. അതുപോലെ തന്നെ സാമൂഹ്യ നീതിയുടെ വിഷയങ്ങളില്‍ സാധാരണക്കാരന്റെ നാവും ജനതയുടെ മനഃസാക്ഷിയും ആവുക വഴി സഭ രക്ഷയുടെ കൂദാശയാണ് എന്ന വസ്തുത ജീവിക്കുന്ന യാഥാര്‍ത്ഥ്യമായി മാറും. ഓരോ വ്യക്തിയുടെയും, ചെറുവിഭാഗങ്ങളുടെയും നവീകരണത്തിലൂടെ ആണ് സമൂഹത്തില്‍ മാറ്റം ഉണ്ടാകുന്നത്. സഭ ആ വിളി ഏറ്റെടുക്കണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org